ചോദ്യോത്തരം
''തീവ്രവാദ മുദ്രകുത്തി മുസ്‌ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ഷിന്‍ഡെ വ്യക്തമാക്കി. തീവ്രവാദികളെന്ന് ആരോപിച്ച് മുസ്‌ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുക്കുന്നുവെന്ന പരാതി പതിവായി കേന്ദ്രത്തിന് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കത്തയച്ചതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു'' (മാധ്യമം 01-10-2013). തെരഞ്ഞെടുപ്പ് കണ്‍മുന്നില്‍ എത്തിനില്‍ക്കെ ആഭ്യന്തരമന്ത്രിക്കുണ്ടായ ഈ ബോധോദയത്തെക്കുറിച്ച് മുജീബിന്റെ പ്രതികരണം?
-വെറും സംശയത്തിന്റെയും ഇന്റലിജന്‍സിന്റെ തെറ്റായ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം എത്രയോ മുസ്‌ലിം യുവാക്കള്‍ അന്യായമായി ജയിലിലടക്കപ്പെടുകയും, കരിനിയമമായ യു.എ.പി.എ പ്രയോഗിക്കപ്പെട്ടതിനാല്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ടു അനിശ്ചിതമായി വര്‍ഷങ്ങളോളം കാരാഗൃഹ ജീവിതം നയിക്കേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്തിരിക്കുന്നത് മുസ്‌ലിം സംഘടനകളുടെ മാത്രമല്ല മനുഷ്യാവകാശ ഏജന്‍സികളുടെയും മതേതര കൂട്ടായ്മകളുടെയും ഉത്കണ്ഠക്കിടയാക്കിയ സംഭവമാണ്. അവരുടെ മാനുഷിക പ്രശ്‌നങ്ങളിലേക്ക് രാഷ്ട്രപതിയടക്കമുള്ള ഭരണാധികാരികളുടെ ശ്രദ്ധ പലരും ഇതിനകം ക്ഷണിച്ചിട്ടുമുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംഘവും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കു വേണ്ടി മറ്റുള്ളവര്‍ക്ക് പുറമെ മുസ്‌ലിം ലീഗും ചില കോണ്‍ഗ്രസ് നേതാക്കളും ശബ്ദമുയര്‍ത്തിയിരുന്നു. പക്ഷേ, എല്ലാം വനരോദനമായി കലാശിച്ചതല്ലാതെ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ചോദ്യത്തില്‍ ചൂണ്ടിക്കാട്ടിയ പോലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമിട്ട് ചില പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് അധര സേവ ഇപ്പോള്‍ വീണ്ടും ഉണ്ടാവുന്നുണ്ട്. അക്കൂട്ടത്തില്‍ പെടുത്തേണ്ടതാണ്, താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് തെല്ലെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ വേണ്ടത്, മുന്‍വിധികളും സംഘ്പരിവാറിനോടുള്ള വിധേയത്വവും സാമ്രാജ്യത്വത്തിന്റെ മുസ്‌ലിംവിരുദ്ധ പ്രോപഗണ്ടയും മാറ്റിവെച്ച് നിഷ്പക്ഷവും സൂക്ഷ്മവുമായ അന്വേഷണത്തിന് ഇന്റലിജന്‍സിനെ നിര്‍ബന്ധിക്കുകയാണ്. അതുപോലെ മൂന്നു മാസത്തിലധികം ആരെയും ജാമ്യമില്ലാതെ തടവിലിടാന്‍ അനുവദിക്കുന്ന കരിനിയമം ഭേദഗതി ചെയ്യുകയും വേണം. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, സാമാന്യ നീതിയുടെ താല്‍പര്യമാണ്. എന്നോ റദ്ദായ ടാഡയും പോട്ടയും പ്രയോഗിച്ച് ജയിലിലടച്ചവരെ ഇപ്പോഴും അതേ നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിലെ കൊടിയ അനീതിയും കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം. ആ വഴിക്ക് ചിന്തിക്കാന്‍ പോലും ആഭ്യന്തരമന്ത്രി തയാറില്ലെന്ന് മാത്രമല്ല, സംഘ്പരിവാറിന്റെ പ്രതിഷേധത്തിന്റെ മുമ്പില്‍ ചൂളി തന്റെ കത്ത് തിരുത്താനും ഒടുവില്‍ സന്നദ്ധനായിരിക്കുന്നു. അനിശ്ചിതമായി തടവില്‍ പാര്‍പ്പിച്ച എല്ലാവരുടെയും കാര്യം പരിഗണിക്കണമെന്നാണ് പുതിയ ആവശ്യം. ആദ്യമേ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ, അന്യായമായി ജയിലിലടക്കപ്പെട്ട എല്ലാവര്‍ക്കും നീതി ലഭിക്കാനായിരുന്നു ഷിന്‍ഡെ ആവശ്യപ്പെടേണ്ടിയിരുന്നത് എന്നത് ശരിയായിരിക്കെ, ഇപ്പോഴത്തെ മുട്ടുമടക്കല്‍ മതേതര സര്‍ക്കാര്‍ എന്തുമാത്രം ചകിതമാണ് എന്നതിന്റെ പ്രത്യക്ഷ സൂചനയായി കണക്കാക്കണം.
മുഹമ്മദ് അബ്ദുല്ല കണ്ണൂര്‍''ഇഖ്‌വാനികള്‍ക്ക് ലോകത്തിന് മുന്നില്‍ തങ്ങളുടെ പ്രായോഗിക രാഷ്ട്രീയം എന്തെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമായിരുന്നു മുര്‍സി ഭരണം... ഈജിപ്തിന്റെ നവനിര്‍മിതിക്കായി പണിയെടുക്കുകയെന്ന വ്യാജേന ഇഖ്‌വാനിവത്കരണം അതിവേഗം നടപ്പാക്കിയതും മുര്‍സിക്ക് വിനയായി... അസ്ഹര്‍ സമൂഹവും അന്നൂര്‍ പാര്‍ട്ടിയും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കക്ഷി ചേരുന്നില്ല. തങ്ങളുടെ കൂടി പിന്തുണയോടെ അധികാരത്തിലെത്തിയ മുര്‍സിയുടെ ഇഖ്‌വാനിവത്കരണം ഇവരെയെല്ലാം വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു.... വിപ്ലവത്തിന്റെ തുടക്കത്തില്‍ കാണികളായി നിന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അവരുടെ തെരുവ് പരിചയം കൊണ്ട് വിപ്ലവം മനോഹരമായി തട്ടിയെടുക്കുകയായിരുന്നു. സൈന്യത്തിന്റെ തെറ്റുകള്‍ കാണുന്നതോടൊപ്പം ഇക്കാര്യങ്ങള്‍ കൂടി വിലയിരുത്തുമ്പോഴേ അത് നിഷ്പക്ഷമാകൂ.''മുജാഹിദ് മുഖപത്രമായ അല്‍മനാറില്‍ (ആഗസ്റ്റ് ലക്കം, ഡോ. എം.ഐ. അബ്ദുല്‍ മജീദ് സ്വലാഹി) വന്ന ഉപര്യുക്ത വിലയിരുത്തലുകളെ പറ്റി എന്തു പറയുന്നു? വിപ്ലവത്തിന്റെ തുടക്കത്തില്‍ തന്നെ തെരുവിലിറങ്ങാതിരുന്നതും അധികാരം കിട്ടിയപ്പോള്‍ ഇസ്‌ലാമിന്റെ പ്രായോഗിക രാഷ്ട്രീയം ലോകത്തിന് മുന്നില്‍ കാഴ്ചവെക്കുന്നതിനു പകരം ഇഖ്‌വാനിവത്കരണം നടപ്പാക്കിയതും ശരിയോ?
മുഹമ്മദ് അബ്ദുല്ല കണ്ണൂര്‍
-പക്ഷപാതം മുഖമുദ്രയായ മാധ്യമങ്ങളുടെ ഏകപക്ഷീയമായ പ്രചാരണങ്ങളില്‍ കണ്ണും പൂട്ടി അഭിരമിക്കുന്നതിന് മുമ്പ് വസ്തുസ്ഥിതി അറിയാന്‍ നേരിയ ശ്രമമെങ്കിലും നമ്മുടെ മത സംഘടനകളും അവയുടെ ജിഹ്വകളും നടത്താതെ പോവുന്നത് ഖേദകരമാണ്. ഒന്നാമത്, അറബ് വസന്തത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും ഇസ്‌ലാമിസ്റ്റുകള്‍ക്കും ഒരു പങ്കും ഇല്ലായിരുന്നു എന്ന വാദം തന്നെ തെറ്റാണ്. അവര്‍ സ്വന്തം ബാനറില്‍ തഹ്‌രീര്‍ ചത്വരത്തില്‍ രംഗപ്രവേശം ചെയ്തില്ലെങ്കിലും അവിടെ ഒത്തുചേര്‍ന്ന പതിനായിരങ്ങളില്‍ തീര്‍ച്ചയായും അവരും സജീവമായിരുന്നു. രണ്ടാമത്, ജനാധിപത്യം പുനഃസ്ഥാപിതമായി പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്പഷ്ടമായ മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലാണ് ഇഖ്‌വാന്റെ രാഷ്ട്രീയ വേദിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി മത്സരിച്ചതും ജയിച്ചതും. മുര്‍സി പ്രസിഡന്റായി അധികാരമേറ്റപ്പോഴാകട്ടെ, ബ്രദര്‍ ഹുഡ് ലൈനിലേക്ക് രാജ്യത്തെ കൊണ്ടുപോവാന്‍ ഒരു ശ്രമവും നടത്തിയില്ല എന്നതിന്റെ നേര്‍ സാക്ഷ്യമാണ് എല്ലാ പാര്‍ട്ടികളെയും മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ചതും ക്ഷണം സ്വീകരിച്ചവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും. അവരില്‍ ഒരാളായ പ്രതിരോധമന്ത്രി അബ്ദുല്‍ ഫത്താഹ് സീസി തികഞ്ഞ വഞ്ചനയിലൂടെ സൈനിക അട്ടിമറിക്ക് ധൃഷ്ടനായതും നാം കണ്ടു. ആഭ്യന്തരമന്ത്രിയും മുര്‍സി വിരുദ്ധ പ്രക്ഷോഭകരെ പ്രത്യക്ഷത്തില്‍ തന്നെ പിന്തുണച്ചയാളാണ്. ഇഖ്‌വാന്റെ ഓഫീസ് പ്രക്ഷോഭകാരികള്‍ വ്യാപകമായി തീയിടുന്നത് പോലും പോലീസ് നോക്കി നില്‍ക്കുകയായിരുന്നല്ലോ.പിന്നെ മറ്റൊരു ചോദ്യം, എന്താണ് ഈ ഇഖ്‌വാന്‍വത്കണം എന്നാണ്. ഇസ്‌ലാമിന്റെ പേരില്‍ ജനങ്ങള്‍ അധികാരത്തിലേറ്റിയവര്‍ മുന്‍ സര്‍ക്കാറുകള്‍ നടപ്പാക്കിയ കടുത്ത അധാര്‍മികതയെ നിരുത്സാഹപ്പെടുത്തുന്നതാണോ ഇഖ്‌വാന്‍വത്കരണം? (ശരീഅത്ത് ഉടന്‍ നടപ്പാക്കാത്തതിലായിരുന്നു സലഫികളായ അന്നൂര്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് എന്ന വൈരുധ്യം ഇവിടെ ഓര്‍ക്കുക). എല്ലാറ്റിനും പുറമെ ഹുസ്‌നി മുബാറകിന്റെ സൈന്യവും പോലീസും ബ്യൂറോക്രസിയും ജുഡീഷ്യറിയും അപ്പടി നിലനില്‍ക്കെ കേവലം ഒരേയൊരു വര്‍ഷത്തിനുള്ളില്‍ പരിവര്‍ത്തനത്തിന്റെ എന്തൊരു മായാജാലമാണ് മുഹമ്മദ് മുര്‍സിക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുക? എന്നിട്ടും അദ്ദേഹം ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരത്തിന് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ കാല്‍വെപ്പുകള്‍ നടത്തി. അയല്‍രാജ്യമായ സുഡാനുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തി. ഒരു ജനാധിപത്യ ഭരണഘടന അത്ഭുതകരമായ വേഗത്തില്‍ രാജ്യത്ത് നടപ്പാക്കുകയും ചെയ്തു.സത്യത്തില്‍ നടന്നതെന്താണെന്ന് നിഷ്പക്ഷരായ നിരീക്ഷകരും ആര്‍ജവമുള്ള മീഡിയയും അനാവരണം ചെയ്തിട്ടുണ്ട്. ഹമാസിനെതിരായ ഉപരോധത്തില്‍ അയവുവരുത്തി ഗസ്സയിലേക്കുള്ള കവാടങ്ങള്‍ തുറന്നുകൊടുത്ത മുര്‍സിയുടെ നടപടി അങ്ങേയറ്റം അപകടകരമായി കണ്ട ഇസ്രയേല്‍ രചിച്ച തിരക്കഥയുടെ അടിസ്ഥാനത്തില്‍, അമേരിക്കയുടെ പിന്തുണയും അറബി എണ്ണ പ്രഭുക്കള്‍ നിര്‍ലോഭമായി നല്‍കിയ പണവും ഉപയോഗിച്ചു പട്ടാളം ജനാധിപത്യ ഭരണകൂടത്തെ കശാപ്പ് ചെയ്യുകയായിരുന്നു. ഇത് തുറന്നു സമ്മതിക്കാന്‍ തയാറില്ലാത്ത ഒരു വിഭാഗം സലഫികള്‍ ഇഖ്‌വാനെ പ്രതിക്കൂട്ടില്‍ കയറ്റുമ്പോള്‍ അഴിഞ്ഞുവീഴുന്നത് സ്വന്തം മുഖം മൂടിയാണ്.
മുസ്‌ലിം സ്ത്രീകളുടെ വിവാഹ പരിധിയും, അതിനെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചു ചേര്‍ത്ത മുസ്‌ലിം സമുദായ സംഘടനകളുടെ യോഗ തീരുമാനങ്ങളും വിവാദത്തില്‍ കലാശിച്ചിരിക്കുകയാണല്ലോ. യഥാര്‍ഥത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വൈകാരിക വശമായ വ്യക്തിനിയമത്തെ മറയാക്കി, വരാനിരിക്കുന്ന ഇലക്ഷന്‍ മുമ്പില്‍ കണ്ട്, സാമുദായിക വോട്ടുകള്‍ ഏകീകരിക്കുന്നതിന് വേണ്ടി മുസ്‌ലിം ലീഗ് അണിയറയില്‍ രചിച്ച തിരക്കഥയനുസരിച്ചുള്ള സമര്‍ഥമായ കരുനീക്കമല്ലേ ഇത്? ഈ കെണിയില്‍ അറിയാതെ തലവെച്ച് കൊടുക്കുകയല്ലേ ജമാഅത്തെ ഇസ്‌ലാമി ചെയ്തത്? യോഗത്തില്‍ ഐകകണ്‌ഠ്യേനയുള്ള തീരുമാനത്തില്‍ നിന്ന് സംഘടന പിന്‍മാറിയത് പൊതുസമൂഹത്തില്‍ അതിന്റെ ക്രെഡിബിലിറ്റിയെ പ്രതികൂലമായി ബാധിച്ചില്ലേ? ശരിയായ ധാരണയും ഹോംവര്‍ക്കും ഇല്ലാതെയാണ് സംഘടന യോഗത്തില്‍ പങ്കെടുത്തതെന്നല്ലേ പീന്നീടുള്ള പ്രസ്ഥാനത്തിന്റെയും പോഷക സംഘടനകളുടെയും പ്രസ്താവനകളും പ്രമേയങ്ങളും സൂചിപ്പിക്കുന്നത്? വര്‍ഷങ്ങളോളം നിലനിന്നിരുന്ന വിവാഹ പ്രായ പരിധി നിയമം ഇപ്പോള്‍ വ്യക്തിനിയമത്തിന് എതിരാണെന്ന ബോധം ഉടലെടുക്കാനുള്ള കാരണങ്ങളും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്ന 'പ്രത്യേക സാഹചര്യങ്ങളും' എന്താണ്?
വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി
-വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിത്തുടങ്ങിയപ്പോള്‍ പതിനെട്ട് വയസ്സാവുന്നതിന് മുമ്പേ വിവാഹിതരായ പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷന് തടസ്സം നേരിട്ടു, വിവാഹങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ചില പ്രവാസികളുടെ കുടുംബ വിസയും പ്രയാസത്തിലായി. മാത്രമല്ല, പഴയതുപോലെ 18 വയസ്സ് പൂര്‍ത്തിയാകാത്തവരുടെ നികാഹ് നടത്തിക്കൊടുക്കാന്‍ മഹല്ല് ഖാദിമാരും വൈമനസ്യം കാണിച്ചു. കോഴിക്കോട്ടെ ഒരനാഥാലയത്തില്‍ നടന്ന 'അറബി കല്യാണം' വന്‍ വിവാദത്തിനും തുടര്‍ന്ന് കേസ്സുകള്‍ക്കും വഴിവെച്ച സംഭവമുണ്ടായി. ഈ സാഹചര്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് വേണ്ടി കോട്ടുമല ബാപ്പു മുസ്‌ലിയാരും സഹപ്രവര്‍ത്തകരും മുസ്‌ലിം ലീഗ് സെക്രട്ടറി മായിന്‍ ഹാജിയും ചേര്‍ന്ന് കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തത്. സമുദായത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആലോചിക്കാന്‍ ചേരുന്ന യോഗങ്ങളില്‍ സംഘാടകര്‍ ആരായിരുന്നാലും പങ്കെടുക്കുക എന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ചിരകാല നയമനുസരിച്ച് അസി. അമീര്‍ എം.കെ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ജമാഅത്തിന്റെ ഒരു പ്രതിനിധി സംഘവും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. അത് തെറ്റായിപ്പോയെന്ന് സംഘടനക്ക് ഇപ്പോഴും തോന്നിയിട്ടില്ല. 18 വയസ്സിന് മുമ്പെ പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിനെതിരെ സമുദായത്തെ ബോധവത്കരിക്കുകയാണ് ചെയ്യേണ്ടതെന്നും കഴിഞ്ഞേടത്തോളമുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ നിയമപരിഹാരം തേടാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നുമാണ് യോഗത്തില്‍ എം.കെ മുഹമ്മദലി നിര്‍ദേശിച്ചത്. മറ്റു ചിലരും അതേ അഭിപ്രായം പ്രകടിപ്പിച്ചു. ഒടുവില്‍ അങ്ങനെയൊരു ധാരണയിലെത്തിയാണ് യോഗം പിരിഞ്ഞതും. പിറ്റേന്ന് സമസ്തയും എം.സി മായിന്‍ ഹാജിയും വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിവാഹ പ്രായം കുറക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. വാര്‍ത്ത വന്ന ഉടനെത്തന്നെ യഥാര്‍ഥ വസ്തുത വ്യക്തമാക്കിക്കൊണ്ട് ജമാഅത്ത് പത്രക്കുറിപ്പിറക്കുകയും ചെയ്തു. യോഗത്തില്‍ പങ്കെടുത്ത ഒരു സംഘടനയും അത് നിഷേധിച്ചിട്ടില്ലെന്നിരിക്കെ 'കെണിയില്‍ തലവെച്ചുകൊടുക്കുന്ന' പ്രശ്‌നമൊന്നും ഉത്ഭവിച്ചിട്ടില്ല. പ്രായം ഇളവിന് സുപ്രീം കോടതിയെ സമീപിക്കണമെന്ന തീരുമാനം സമസ്തയുടേത് മാത്രമാണ്. മുസ്‌ലിം ലീഗിന്റെ കെണിയാണിതെന്നത് ഊഹാപോഹവും വ്യാഖ്യാനവുമാണ്. എം.എസ്.എഫും യൂത്ത് ലീഗും സമസ്തയുടെ നീക്കത്തെ തുറന്നെതിര്‍ത്തിട്ടുമുണ്ട്.അതേയവസരത്തില്‍ പ്രത്യേക സാഹചര്യങ്ങളില്‍, പതിനെട്ട് വയസ്സാവുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കേണ്ടിവരുന്ന രക്ഷിതാക്കള്‍ക്ക് നിയമ പരിരക്ഷ ലഭിക്കണമെന്ന സമസ്തയുടെ ആവശ്യം ജനാധിപത്യവിരുദ്ധമോ രാജ്യദ്രോഹമോ ആയി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല. ജുഡീഷ്യറിയെ ഇടപെടീക്കുന്നത് എങ്ങനെയാണ് പ്രതിഷേധാര്‍നഹമായ കുറ്റമാവുന്നത്? വിവാഹ പ്രായം പതിനെട്ടായി നിലവിലെ നിയമം വ്യവസ്ഥ ചെയ്തത് ഭേദഗതി ചെയ്യേണ്ട ആവശ്യമോ സാഹചര്യമോ ഇപ്പോള്‍ ഇല്ലെന്നത് ശരി. പക്ഷേ, ലോകത്തിലെ എഴുപതോളം രാജ്യങ്ങളില്‍ വിവാഹത്തിന് പ്രായപരിധിയേ നിശ്ചയിച്ചിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ നിരവധി നാടുകളില്‍ മിനിമം വിവാഹ പ്രായം പതിനാറാണ് താനും. ഏറ്റവും ഒടുവില്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശൈശവവിവാഹം തടയാനുള്ള പ്രമേയത്തെ 107 രാജ്യങ്ങള്‍ പിന്താങ്ങിയപ്പോള്‍ ഇന്ത്യ അതിന് തയാറാവാതിരുന്നത് സമസ്തയെയോ മുസ്‌ലിം ലീഗിനെയോ ഭയന്നിട്ടാണോ? ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ പെണ്‍കുട്ടികളുടെ വിവാഹ പ്രായം കുറക്കണമെന്ന് അഭിപ്രായപ്പെട്ടത് സമസ്ത പറഞ്ഞിട്ടാണോ? അതായത് പ്രായപ്രശ്‌നം മതപരമോ സാമുദായികമോ അല്ല; പൊതുസമൂഹത്തില്‍ സ്ത്രീകളുടെ സുരക്ഷയുമായും സദാചാര ഭദ്രതയുമായും മറ്റു പലതുമായും ബന്ധപ്പെട്ടാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നര്‍ഥം. ശരീഅത്ത് വിവാഹ പ്രായത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്നിരിക്കെ 18 വയസ്സ് പരിധി മുസ്‌ലിം വ്യക്തിനിയവുമായി ഏറ്റുമുട്ടുന്നതായ പ്രചാരണത്തിന് അടിസ്ഥാനമില്ല.
Comments