ജീവിത സായാഹ്നത്തിലെ നൊമ്പരങ്ങള്‍ കുടുംബം
കോമയും കുത്തുമില്ലാതെ ലോകത്ത് വൃദ്ധജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം 60 വയസ്സിന് മേല്‍ പ്രായമുള്ള ഏകദേശം 60 കോടി ആളുകളാണുള്ളത്. 2025-ല്‍ അത് ഇരട്ടിയാകും. 2050-ല്‍ ലോകത്താകെ 200 കോടി വയോജനങ്ങളുണ്ടാകും. അതായത് കുട്ടികളേക്കാള്‍ കൂടുതല്‍ വയോജനങ്ങളുള്ള ഒരു ലോകമാണ് സമീപ ഭാവിയില്‍ വരാനിരിക്കുന്നത് എന്നര്‍ഥം. ലോകം വാര്‍ധക്യത്തിലേക്ക് നീങ്ങുകയാണ്.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്, വയോജനങ്ങളെ പീഡിപ്പിക്കുന്നതും അവരോടുള്ള ക്രൂരതകളും. പണ്ടത്തെപ്പോലെ വൃദ്ധജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും ഇന്ന് കിട്ടുന്നില്ല. അതിനാല്‍ വയോധികരുടെ ആത്മഹത്യാ നിരക്ക് കൂടിയിട്ടുണ്ട്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയതോടെ ജീവിത സായാഹ്‌നത്തില്‍ വൃദ്ധമാതാപിതാക്കള്‍ ഒറ്റപ്പെടുകയാണ്. അവരുടെ നൊമ്പരങ്ങള്‍ മക്കള്‍ കേള്‍ക്കുന്നില്ല.
രോഗങ്ങള്‍, ഏകാന്തത, ഒറ്റപ്പെടല്‍, അവഗണന, വിഷാദചിന്ത തുടങ്ങിയ പ്രശ്‌നങ്ങളാണ് വീട്ടിലും പുറത്തും വയോജനങ്ങളെ അലട്ടുന്നത്. അതുകൊണ്ട് ആത്മാര്‍ഥമായി അവര്‍ക്ക് ബഹുമാനവും സ്‌നേഹവും നല്‍കാന്‍ മക്കള്‍ തയാറാവണം.
വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ പുത്തന്‍ തലമുറ കാട്ടുന്ന വൈമുഖ്യം നിര്‍ഭാഗ്യകരമാണ്. ഒരു മനുഷ്യായുസ് മുഴുവന്‍ മക്കള്‍ക്കായി ചെലവഴിച്ച അവരെ, ഉപയോഗം കഴിഞ്ഞ വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് പോലെ പുറന്തള്ളരുത്; വൃദ്ധസദനങ്ങളിലെ അന്തേവാസികളാക്കി ഒറ്റപ്പെടുത്തരുത്.
ആരോഗ്യം ക്ഷയിക്കുകയും മനസ് ദുര്‍ബലമാവുകയും ചെയ്യുന്ന ജീവിത സായാഹ്‌നത്തില്‍ മക്കളുടെ സ്‌നേഹമസൃണമായ പെരുമാറ്റവും ഊഷ്മളമായ സാമീപ്യവുമാണ് ഏതൊരാളും കൊതിക്കുന്നത്. ഒരു പുഞ്ചിരി, ഒരു തലോടല്‍, വാത്സല്യം കിനിയുന്ന ഒരന്വേഷണം-ഇത് അവര്‍ക്ക് നല്‍കിയോ എന്ന് ഓരോ ദിവസവും മക്കള്‍ ചിന്തിക്കണം.
അല്ലാഹുവിന് ശേഷം ഓരോ മനുഷ്യനും ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് അവന്റെ മാതാപിതാക്കളോടാണ്. അല്ലാഹുവിനോട് ചേര്‍ത്തുകൊണ്ട് മാതാപിതാക്കളോടുള്ള കടപ്പാടിനെ വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിച്ചത് ശ്രദ്ധേയമത്രെ.
എല്ലാ സമൂഹങ്ങളിലും വയോജനങ്ങളെ ബഹുമാനിക്കുന്ന സംസ്‌കാരമുണ്ട്. ഇസ്‌ലാം ഈ കാര്യത്തില്‍ വളരെ മുന്നിലാണ്. മതാഭിമുഖ്യമുള്ള വീടുകളില്‍ പ്രായം ചെന്നവര്‍ ഒരിക്കലും ഭാരമോ, ശാപമോ ആവുകയില്ല. അപവാദങ്ങള്‍ ഇല്ലാതില്ല.
വയോധികരായ മാതാപിതാക്കളെ പീഡിപ്പിക്കുന്നത് ഇസ്‌ലാം, പൊറുക്കപ്പെടാത്ത പാപങ്ങളിലാണ് പെടുത്തിയത്. സ്വന്തം ഇഷ്ടവും സുഖവും വിശ്രമവും മക്കള്‍ക്ക് വേണ്ടി ത്യജിച്ചവരാണവര്‍. അവരോട് പരുഷമായി പെരുമാറുന്നതും അവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും വന്‍കുറ്റമല്ലാതെ മറ്റെന്താണ്?
~ഒരു സ്വഹാബി പ്രവാചക സന്നിധിയില്‍ വന്നു പറഞ്ഞു: ''ഞാന്‍ നോമ്പ് നോല്‍ക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന ആളാണ്. എനിക്ക് സ്വര്‍ഗം കിട്ടുമോ?'' നബി(സ) പറഞ്ഞു: ''അതെ, പക്ഷേ മാതാപിതാക്കളെ നല്ലനിലയില്‍ പരിചരിക്കണം. അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും.'' വൃദ്ധമാതാപിതാക്കളുടെ വെറുപ്പിന് വിധേയരാകുന്ന മക്കള്‍, എത്ര സല്‍കര്‍മങ്ങള്‍ ചെയ്തവരായാലും സ്വര്‍ഗപ്രവേശം അകലെയാണെന്ന് സാരം.
'മാതാപിതാക്കളുടെ തൃപ്തിയാണ് അല്ലാഹുവിന്റെ തൃപ്തി. അവരുടെ ക്രോധമാണ് അല്ലാഹുവിന്റെ ക്രോധം' എന്നും, 'മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം' എന്നുമുള്ള പ്രവാചക വചനങ്ങള്‍ നമ്മെ ഉണര്‍ത്തുന്നതും അത് തന്നെ.
ഈ നബിവചനങ്ങള്‍ ഓര്‍ക്കുന്നവര്‍ ജീവിത സായാഹ്‌നത്തിലെ വൃദ്ധ നൊമ്പരങ്ങള്‍ക്ക് ആശ്വാസം പകരാന്‍ തീര്‍ച്ചയായും തയാറാവും. കൊഴിഞ്ഞു വീഴുന്ന പഴുത്തിലകളെ നോക്കി പരിഹസിക്കുന്ന പച്ചിലകളാവാന്‍ പച്ചക്കരളുള്ള മക്കള്‍ക്ക് പിന്നെ എങ്ങനെ കഴിയും?
Comments