Prabodhanm Weekly

Pages

Search

2013 നവംബര്‍ 01

കഴിയുമോ മോഡിക്ക് ബി.ജെ.പിയെ ജയിപ്പിക്കാന്‍?

കവര്‍‌സ്റ്റോറി / എ. റശീദുദ്ദീന്‍

സെപ്റ്റംബര്‍ 13-ന് വൈകീട്ട് ദല്‍ഹിയിലെ അശോകാറോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയാണ്. നേതൃനിരയിലെ ശക്തമായ അഭിപ്രായ വ്യത്യാസവും അമര്‍ഷവും ഇടിച്ചുനിരത്തി മോഡി എന്ന ബുള്‍ഡോസര്‍ ബി.ജെ.പിയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ പോകുന്നു. അദ്വാനി എന്ന സ്ഥാപക നേതാവ് പൃഥിരാജ് റോഡിലെ വസതിയില്‍ തന്റെ അമര്‍ഷം പുറത്തുപറയാന്‍ രാജ്‌നാഥ് സിംഗ് അനുവദിക്കുന്ന സമയവും കാത്ത് വെറുതെയിരുന്നു. ഒരു ജനാധിപത്യ പാര്‍ട്ടിയുടെ ചരിത്രം ആര്‍.എസ്.എസ് എന്ന ഫാഷിസ്റ്റ് സംഘടനയുടെ വഴിയെ തിരിച്ചു നടക്കുകയാണ് എന്നറിയാതെ പുറത്ത് വലിയൊരു ജനക്കൂട്ടം ആഹ്ലാദ നൃത്തം ചവിട്ടുന്നു. ബി.ജെ.പി ഓഫീസിലെ മീഡിയാ സെന്ററിനകത്ത് തടിച്ചുകൂടിയ വാര്‍ത്താ ലേഖകര്‍ പോലും പരിസരം മറന്ന് ആര്‍ത്തുവിളിക്കുകയും കൈയടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.
സമൂഹത്തിന്റെ മേല്‍തട്ടിലുള്ളവരുടെ ഈ ഉന്മാദം മിക്ക സംസ്ഥാനങ്ങളിലും ഇന്ന് കാണാനുണ്ട്. മോഡിയെ കുറിച്ച് ഇന്ത്യയിലെ ദേശീയ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഗോസിപ്പ് വാര്‍ത്തകളുടെ ഇന്റര്‍നെറ്റ് എഡിഷനു ചുവടെ വായനക്കാര്‍ക്കുള്ള കോളത്തില്‍ എതിരഭിപ്രായം രേഖപ്പെടുത്താന്‍ ശ്രമിച്ചു നോക്കിയാല്‍ ഈ ഉന്മാദത്തിന്റെ 'വോള്‍ട്ടേജ്്' തിരിച്ചറിയാനാവും. മോഡിയെ വിമര്‍ശിച്ചവന്റെ പേരും ജാതിയും മതവും നോക്കി തെറിവിളിക്കുന്ന ആയിരക്കണക്കിന് മെയിലുകളാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ വന്‍ നഗരങ്ങളില്‍ നിന്നും സെക്കന്റുകള്‍ക്കകം വന്ന് നിറയുക. അസഹിഷ്ണുതയുടെ തനിപ്പകര്‍പ്പുകളായ ഈ മോഡിഭക്തരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവര്‍ പ്രതികരിക്കുന്നത് വിമര്‍ശനങ്ങളോടല്ല, മറിച്ച് അതുന്നയിക്കുന്നവരോടു മാത്രമാണെന്ന് കാണാനാവും. ബി.ജെ.പിയുടെ പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്തൊക്കെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച സാമൂഹിക സൂചകങ്ങളാണിത്. കഴിഞ്ഞ ഒന്നര ദശാബ്ദമായി ഇന്ത്യ കടന്നുപോകുന്ന പരിവര്‍ത്തനങ്ങളുടെ പ്രതിഫലനം കൂടിയാണ് നരേന്ദ്ര മോഡി എന്ന ദര്‍പ്പണം. വര്‍ഗീയതയും സ്വാര്‍ഥതയും ആര്‍ത്തിയും അസഹിഷ്ണുതയുമാണ് ഈ സൂചകങ്ങളില്‍ ആര്‍ക്കും കാണാനാവുന്ന വിധം നിറഞ്ഞുനില്‍ക്കുന്നത്. മോഡി എന്ന കണ്ണാടിയില്‍ തെളിയുന്ന ഇന്ത്യക്കാരന്റെ ബിംബങ്ങള്‍ വായിച്ചെടുക്കുകയാണ് ഈ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചേടത്തോളം നിര്‍ണായകം.
സംഘ്പരിവാറിന്റെ സവിശേഷ വോട്ടുബാങ്കിനെ ഉറപ്പിച്ചു നിര്‍ത്തുക എന്നതിലപ്പുറം മോഡിക്ക് എന്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെയ്യാനാവുക എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രീയ സംഘടനകളെ വ്യക്തിപ്രഭാവം കൊണ്ട് മോഡി മറികടക്കണമെങ്കില്‍ ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ സ്വഭാവം അടിസ്ഥാനപരമായി തന്നെ മാറണം. മുസ്‌ലിം വോട്ടുബാങ്കിനെ അമിതമായി ആശ്രയിക്കുന്ന സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പ്രധാന ജാതി സംഘടനകളുടെ കാര്യത്തില്‍ ഇതത്ര എളുപ്പമല്ല. അതേസമയം കോണ്‍ഗ്രസ്സിന്റെ ഹിന്ദു വോട്ടുബാങ്കില്‍ കടന്നുകയറാന്‍ മോഡിക്ക് കഴിയേണ്ടതുമാണ്. എങ്കില്‍ പോലും അദ്ദേഹത്തിന് ബി.ജെ.പിയെ ജയിപ്പിക്കാനാവില്ലെന്ന് മാധ്യമങ്ങള്‍ തുറന്നെഴുതാന്‍ ആരംഭിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വളരെ ലളിതമാണ്. കേന്ദ്രത്തില്‍ ഭരണം കൈപ്പിടിയിലൊതുക്കണമെങ്കില്‍ ബി.ജെ.പിയെ അല്ല എന്‍.ഡി.എയെ ആണ് യഥാര്‍ഥത്തില്‍ മോഡി ശക്തമാക്കേണ്ടത്. അങ്ങനെയൊരു വികാസക്ഷമത പാര്‍ട്ടിക്കകത്തും പുറത്തും 'വെട്ടൊന്ന്, മുറി രണ്ട്' എന്ന പ്രമാണക്കാരനായ മോഡിയുടെ നേതൃത്വത്തിനു കീഴില്‍ എന്‍.ഡി.എക്ക് ഒരിക്കലും സ്വപ്നം കാണാനാവില്ല. എങ്കിലും ചില പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കാണാതിരുന്നുകൂടാ. ബി.ജെ.പി നേര്‍ക്കുനേരെ ജയിക്കില്ലെങ്കിലും കോണ്‍ഗ്രസ് വിരുദ്ധത കൊണ്ടുമാത്രം ഭാവിയില്‍ എന്‍.ഡി.എയില്‍ എത്തിപ്പെടാനിടയുള്ള ചില ഘടകങ്ങള്‍ ആന്ധ്രയില്‍ വിജയം കണ്ടേക്കും. ഒറീസയില്‍ ബിജു ജനതാദളും തമിഴ്‌നാട്ടില്‍ ജയലളിതയും വിജയിച്ചാലും മോഡിക്ക് കരുത്താവുമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഇതെല്ലാം ചേര്‍ന്നാലും മോഡിക്ക് 272-ല്‍ കൈയെത്തിപ്പിടിക്കാനാവുമോ എന്നാണ് മാധ്യമങ്ങള്‍ ഒടുവില്‍ ഉയര്‍ത്തുന്ന ചോദ്യം.  
ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഇനി എത്രത്തോളം വളരാനാവും എന്ന ചോദ്യവും ഇക്കൂട്ടത്തില്‍ പ്രധാനമാണ്. പാര്‍ട്ടിയുടെ വളര്‍ച്ച ഏകദേശം പൂര്‍ണതയിലെത്തിയ ചിത്രമാണ് നിലവില്‍ അവരുടെ ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനങ്ങളില്‍ കാണാനാവുക. മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി നേര്‍ക്കു നേരെ ഭരണം കൈയാളുന്നത്. ഇവിടങ്ങളിലെല്ലാം പാര്‍ട്ടിയുടെ മൊത്തം വോട്ടുശതമാനം കഴിഞ്ഞ ഓരോ തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടുമുണ്ട്. ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ മോഡിയുടെ വ്യക്തിപ്രഭാവത്തിന് പ്രത്യേകിച്ച് ഇനിയൊന്നും ചെയ്യാനില്ലെന്നാണ് വിലയിരുത്തല്‍. എന്നല്ല മധ്യപ്രദേശിലും ഗുജറാത്തിലും പാര്‍ട്ടിക്കകത്തു നിന്ന് നടക്കാനിടയുള്ള പാലംവലി ഒതുക്കാന്‍ ആവശ്യമായ നയചാതുരി  മോഡിക്കില്ലെന്നും വ്യക്തമാണ്. മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെ സീറ്റെണ്ണം കൂടിയാലും കുറഞ്ഞാലും അതിന്റെ പ്രത്യാഘാതം മോഡിക്ക് എതിരെയാവും. സീറ്റെണ്ണം കൂടിയാല്‍ അനിവാര്യമായ ഒരു സമവായ ഘട്ടത്തില്‍ ചൗഹാനെ ബി.ജെ.പി മുന്നോട്ടു വെക്കേണ്ടതായി വരും. അസംബ്ലിയില്‍ സീറ്റ് കുറഞ്ഞാല്‍ മോഡിയുടെ നേതൃത്വത്തിന് തിരിച്ചടിയേല്‍ക്കും എന്നു മാത്രമല്ല ശിവ്‌രാജ് സിംഗ് ചൗഹാന്‍ നിഷ്‌ക്രിയനാവുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വയം ജയിപ്പിക്കേണ്ട ബാധ്യത മോഡിയുടേതു മാത്രമായി മധ്യപ്രദേശില്‍ മാറുകയും ചെയ്യും. മോഡി ഇപ്പോഴും ഒറ്റക്കാണ് സ്വയം ഉയര്‍ത്തിക്കാട്ടുന്നത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്ന ചൗഹാന്റെ ജന ആശീര്‍വാദ് യാത്രയില്‍ അദ്വാനിയും വാജ്‌പേയിയും രാജ്‌നാഥ് സിംഗും നിറയുമ്പോഴും മോഡിയുടെ ഫോട്ടോ ഉപയോഗിച്ചിരുന്നില്ല എന്നത് ശ്രദ്ധിക്കുക. മധ്യപ്രദേശില്‍ ചൗഹാന്റെ റാലിക്കെത്തിയ അദ്വാനി പാറ്റ്‌നയിലും ദല്‍ഹിയിലും വിട്ടു നിന്നു എന്നതും കാണാതിരുന്നു കൂടാ.
വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പി മാറുന്നു എന്നതാണ് ആ പാര്‍ട്ടിയെ ഇത്തവണ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന രീതിയില്‍ റിസള്‍ട്ട് മാത്രം ലക്ഷ്യം വെച്ച് മോഡിയെ മാര്‍ക്കറ്റിലിറക്കുമ്പോള്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്ന സംഘടനയുടേത് വെറുമൊരു ഏക നേതാവിന്റെ പ്രകടനമായി ചുരുങ്ങുകയാണ്. അദ്വാനിയും വാജ്‌പേയിയും മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷന്മാരും സുഷ്മയും ജയ്റ്റ്‌ലിയുമൊക്കെ നേതൃനിരയില്‍ നിറഞ്ഞുനിന്ന ബി.ജെ.പിയെ കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏതാണ്ട് പൂര്‍ണമായും മോഡി കേന്ദ്രീകൃതമാണ്. മോഡിയെ അനുകൂലിച്ച് പുറത്തിറക്കിയ പ്രസ്താവനകളിലല്ലാതെ വളരെ അപൂര്‍വമായാണ് അദ്വാനി കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്തകളില്‍ ഇടം പടിച്ചത്. സുഷ്മ, ശിവ്‌രാജ് സിംഗ് ചൗഹാന്‍ എന്നിവരുടെ കാര്യത്തിലും ബി.ജെ.പി അനുകൂല മീഡിയ ഒരുതരം അപ്രഖ്യാപിത സെന്‍സറിംഗ് ഏര്‍പ്പെടുത്തിയതായാണ് കാണാനാവുക. മോഡിയുടെ വിജയത്തിന് തടസ്സമായേക്കുമെന്ന് ഭയക്കുന്ന ഏതൊരു നേതാവിനെയും നിഷ്‌കരുണം വെട്ടിനിരത്തുന്നതും കാണാനാവും. മോഡിയെ കാണുമ്പോള്‍ പ്രധാനമന്ത്രിയെ കാണുന്നതു പോലെയുണ്ടെന്ന് ഗോവയിലെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പരസ്യമായി സ്തുതി പാടിയ ദല്‍ഹി നേതാവ് വിജയ് ഗോയലിന്റെ അനുഭവം ഉദാഹരണം. ജനങ്ങള്‍ക്കിടയില്‍ ഒട്ടും പ്രതിഛായ ഇല്ലെങ്കില്‍ പോലും ഗോയലിനെയാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. ഇയാള്‍ തന്റെ 'നേതൃപാടവ'ത്തിന് പാരയാവുമോ എന്ന് ഭയന്ന മോഡിയുടെ ഇടപെടലാണ് അവസാന നിമിഷം ഗോയലിന്റെ കസേര തെറിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദല്‍ഹിയില്‍ ബി.ജെ.പി തോല്‍ക്കുകയാണെങ്കില്‍ വന്‍നഗരങ്ങളിലെ മധ്യവര്‍ഗ, സോഷ്യല്‍ മീഡിയ വോട്ടുബാങ്ക് മോഡിയെ കൈവിട്ടു എന്നല്ലേ വരിക? എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു ഒറ്റയാന്‍ നേതാവ് കാലാളുകളെ തലങ്ങും വിലങ്ങും ഉപയോഗപ്പെടുത്തി സ്വയം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന് തുല്യമാണിത്. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് ബി.ജെ.പിക്ക് ഒന്നും മിണ്ടാനാവാത്ത ചിത്രമാണ് രൂപപ്പെടുന്നത്.   
കഴിഞ്ഞ് നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഒരു തവണയെങ്കിലും വിജയിച്ച 286 സീറ്റുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഈ സീറ്റുകളെ ലക്ഷ്യം വെച്ചായിരിക്കും നരേന്ദ്ര മോഡി നീങ്ങുക എന്നാണ് ബി.ജെ.പിക്കകത്തെ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന സീറ്റുകളില്‍ വെറും 3 ശതമാനം വോട്ടിന്റെ കളംമാറ്റം കൊണ്ടുതന്നെ ബി.ജെ.പിക്ക് ഈ നിര്‍ണായക വിജയം കൈപ്പിടിയിലൊതുക്കാമെന്നും ഇവര്‍ പറയുന്നു. മന്‍മോഹന്‍ സര്‍ക്കാറിനെതിരെയുള്ള ജനരോഷം ഈ മൂന്ന് ശതമാനത്തിലും എത്രയോ ഇരട്ടി അധികമുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നിലവില്‍ ബി.ജെ.പിക്ക് പാര്‍ലമെന്റിലുള്ള 116 സീറ്റുകള്‍ 272 ആക്കി മാറ്റണമെങ്കില്‍ 156 സീറ്റുകളാണ് മോഡി ഇനിയും നേടേണ്ടത്. എന്നാല്‍ അത് സാധ്യമാണെന്നു തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മോഡി കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത്. മൊത്തത്തില്‍ 210 ലോക്‌സഭാ സീറ്റുകളുള്ള ഈ സംസ്ഥാനങ്ങളില്‍ ആന്ധ്രപ്രദേശിലെയും മഹാരാഷ്ട്രയിലെയും ചിത്രം ഒരല്‍പ്പം ബി.ജെ.പിക്ക് അനുകൂലമായിട്ടുണ്ടെന്ന് പറയാതെ വയ്യ. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്ന ഘടകങ്ങള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും കരുത്താര്‍ജിച്ചിട്ടുണ്ട്. ശിവസേന മോഡിയെ അംഗീകരിച്ചതാണ് മഹാരാഷ്ട്രയിലെ അനുകൂല ഘടകമെങ്കില്‍ തെലുങ്കാന പ്രശ്‌നം സംസ്ഥാനത്ത് ഉയര്‍ത്തിയ അസ്വസ്ഥതകളാണ് കോണ്‍ഗ്രസിന് ആന്ധ്രയില്‍ പ്രതിസന്ധി സൃഷ്ടിക്കുക.  
മറുഭാഗത്ത് ബി.ജെ.പിയെ സ്വന്തം സംസ്ഥാനത്ത് ചുവടുറപ്പിച്ചു നിര്‍ത്താന്‍ മോഡി വിയര്‍ക്കുമെന്നതും കാണാതിരിക്കാനാവില്ല. ഗുജറാത്തില്‍ മോഡിക്ക് ജനപിന്തുണ കുറഞ്ഞുവരുന്നതാണ് ഒടുവിലത്തെ കാഴ്ച. ബി.ജെ.പിയുടെ ശക്തിദുര്‍ഗങ്ങളായ മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പാര്‍ട്ടി നേടാവുന്നതിന്റെ പാരമ്യത്തിലാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശകര്‍ നിരീക്ഷിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുന്ന സാഹചര്യമാണ് ഏറ്റവുമൊടുവില്‍ രൂപപ്പെടുന്നത് എന്നിരിക്കെയാണ് ഈ പ്രതീക്ഷ മോഡി ഏറ്റെടുക്കുന്നത്. മധ്യപ്രദേശിലെ ദത്തിയ ക്ഷേത്രത്തില്‍ നടന്ന ദുരന്തം ഭരണനേട്ടത്തെ കുറിച്ച് ബി.ജെ.പിയുടെ കഴിഞ്ഞ ആറ് മാസക്കാലത്തെ പ്രചാരണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ട്.
രാമജന്മഭൂമി തര്‍ക്കം ഉയര്‍ത്തിയ കാലത്ത് ബി.ജെ.പിക്ക് ഇന്ത്യന്‍ വോട്ടര്‍മാരില്‍ സൃഷ്ടിക്കാനായ ധ്രുവീകരണത്തിന് സമാനമായ മറ്റൊന്ന് നരേന്ദ്ര മോഡി എന്ന വ്യക്തിക്ക് ഇന്ത്യയില്‍ സൃഷ്ടിക്കാനാവുമോ എന്ന ആര്‍.എസ്.എസ് പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തവണയല്ല അടുത്ത തെരഞ്ഞെടുപ്പിലാണ് ഈ ലക്ഷ്യം പൂര്‍ണത കൈവരിക്കുക എന്നും വിലയിരുത്തപ്പെടുന്നു. വികസനത്തെ കുറിച്ച കാഴ്ചപ്പാടുകളാണ് നവലിബറല്‍ സമൂഹത്തിന് മോഡിയെ മിശിഹ ആക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നിയേക്കാം. പക്ഷേ അതല്ല വസ്തുത. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യം മുതലായ അടിസ്ഥാന വികസന സൂചകങ്ങളില്‍ ഇന്ത്യയിലെ ഏതു സംസ്ഥാനത്തിനും എത്തിപ്പിടിക്കാനായ നേട്ടങ്ങളോ അതിന്റെ ശരാശരിയോ മാത്രമേ ഗുജറാത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. കോര്‍പറേറ്റുകളും മള്‍ട്ടിനാഷ്‌നലുകളുമാണ് യഥാര്‍ഥത്തില്‍ ഗുജറാത്തില്‍ വികസിച്ചതെന്നും ഈ സംസ്ഥാനത്തെ സാധാരണക്കാരന്റെ ജീവിതം മുമ്പെന്നെത്തേക്കാളും ദുരിതമയമാവുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ അതേക്കുറിച്ച് മോഡി പറയുന്ന ഊതിപ്പെരുപ്പിച്ച കണക്കുകള്‍ മാത്രം വിശ്വസിക്കുകയും സോഷ്യല്‍ മീഡിയയില്‍ തന്നെ ലഭ്യമായ മറുവശം ഒച്ചവെച്ച് കേള്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ചര്‍ച്ചയുടെ വിഷയം വികസനം മാത്രമല്ല എന്നതു വ്യക്തം.
ഇന്ദിരക്കു ശേഷം വ്യക്തിരാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസും രാജ്യവും കരകയറിയപ്പോള്‍ ബി.ജെ.പി തിരിച്ചു നടക്കുകയാണ് ചെയ്യുന്നത്. മോഡിയോട് ആരാധന മൂത്ത് അദ്ദേഹത്തിന്റെ മുഴുവന്‍ തിന്മകള്‍ക്കും നേരെ കണ്ണടക്കാന്‍ പോലും ഒരു രാജ്യത്തെ അവര്‍ പരിശീലിപ്പിക്കുകയാണ്. മുസഫര്‍ നഗര്‍ കലാപം ഗുജറാത്തിന്റെ തനിപ്പകര്‍പ്പാണെന്നും അമിത് ഷായും കൂട്ടരും ഈ കലാപത്തിന്റെ എഞ്ചിനീയര്‍മാരാണെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയയോടെ അതേകുറിച്ച വാര്‍ത്തകള്‍ എത്ര വേഗത്തിലാണ് മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമാവാന്‍ തുടങ്ങിയത്! കലാപങ്ങള്‍ ധ്രുവീകരണം ഉറപ്പ് വരുത്തുമ്പോഴും അന്തിമമായി ബി.ജെ.പി 2014-ല്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ആത്മവിശ്വാസത്തോടെ ഉത്തരം പറയാന്‍ ആര്‍ക്കും കഴിയുന്നില്ല.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/48-50
എ.വൈ.ആര്‍