ശ്രദ്ധേയമായ ഒരു കോടതി വിധി
ദല്ഹിയിലെ ഒരു സെഷന്‍ കോടതി ഈയിടെ ഒരു ഭീകര പ്രവര്‍ത്തന കേസില്‍ പൊതു പ്രവണതയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. സമകാലീന ഇന്ത്യന്‍ സാഹചര്യത്തിന്റെ താല്‍പര്യവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ പ്രശംസനീയമാണീ വിധി. ഭീകര പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജാവേദ് അഹ്മദ്, ആശിഖ് അലി എന്നീ മുസ്‌ലിം യുവാക്കളായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തുവെന്നും ഇവര്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്നുമാണ് പോലീസ് ചുമത്തിയ കുറ്റം. പക്ഷേ, വിചാരണയില്‍ ഇതൊന്നും തെളിയിക്കാന്‍ പോലീസിനായില്ല. സാക്ഷികളെ ഹാജരാക്കാനും കഴിഞ്ഞില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ട കോടതി രണ്ട് യുവാക്കളെയും കുറ്റവിമുക്തരാക്കി. ഇത്തരം കേസുകളില്‍ സാധാരണ കണ്ടുവരാറുള്ളതുപോലെ, കുറ്റം തെളിയിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് വിധിച്ച് പ്രതികളെ വിട്ടയക്കുക മാത്രമല്ല സെഷന്‍സ് കോടതി ചെയ്തത്. ചെയ്യാത്ത കുറ്റം ചുമത്തി നിരപരാധികളെ പിടികൂടി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും സെഷന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുമവസാനിപ്പിക്കാതെ ഈ നടപടി ഉറപ്പുവരുത്താന്‍, ഒരു മാസത്തിനകം അതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസ് കമീഷണറോട് കല്‍പിച്ചിട്ടുമുണ്ട്. സെഷന്‍സ് കോടതി അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചിരിക്കുകയാണിവിടെ. കോടതി വിധി വിശ്വസ്തയോടെ നടപ്പാക്കുക പോലീസ് കമീഷണറുടെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്വമാണ്. അവരത് നിര്‍വഹിക്കുമോ? അതോ മേല്‍കോടതിയില്‍ അപ്പീല്‍ പോയി വിഷയം മുക്കിക്കളയുമോ? കാത്തിരുന്നു കാണാം. മുസ്‌ലിം യുവാക്കളെ കൃത്രിമ കേസുകളില്‍ പെടുത്തി തടവിലിട്ടു പീഡിപ്പിക്കുന്നതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തെഴുതിയ കാര്യം ഇത്തരുണത്തില്‍ അനുസ്മരണീയമാകുന്നു.
ഭീകരതാ കുറ്റം ചുമത്തി ജയിലിലിട്ട് ദ്രോഹിച്ച നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ ആന്ധ്രാ ഹൈക്കോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമായിരുന്നു. ഇതിനകം നല്‍കിയ നഷ്ടപരിഹാരത്തുക തിരിച്ചുപിടിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റിന് ഒരു പ്രശ്‌നമായിത്തീര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ആശ്വാസദായകമാണ് ദല്‍ഹി സെഷന്‍സ് കോടതിയുടെ വിധി. അത് ദൂരവ്യാപകമായ പ്രതികരണം സൃഷ്ടിച്ചേക്കും. നീതിക്കായി കേണുകൊണ്ടിരിക്കുന്നവര്‍ക്ക് അത് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ സമ്മാനിക്കുന്നു. പൗരസഞ്ചയത്തിന് നിയമവാഴ്ചയുടെ ശരിയായ സങ്കല്‍പം തെളിയിച്ചുകൊടുക്കുന്നു.
വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും മുദ്ര ചാര്‍ത്തി ഏതു മുസ്‌ലിമിനെയും ജയിലില്‍ പിടിച്ചിട്ട് യഥേഷ്ടം മര്‍ദിക്കാമെന്നതാണ് ഇന്നത്തെ അവസ്ഥ. പോലീസ് സേനയില്‍ പിടിമുറുക്കിയ വര്‍ഗീയത ഈ സാഹചര്യം നന്നായി മുതലെടുക്കുന്നു. തീവ്രവാദമാരോപിച്ച് നിരപരാധികളെ ജയിലിലടക്കുന്നു. നിഷ്ഠുരമായ മൂന്നാംമുറയിലൂടെ അവരെക്കൊണ്ട് കുറ്റങ്ങളേറ്റെടുപ്പിക്കുന്നു. മുമ്പുണ്ടായതും പിന്നീടുണ്ടാകുന്നതുമായ തീവ്രവാദ കേസുകളിലെല്ലാം അവരെ പ്രതിചേര്‍ക്കുന്നു. അതെല്ലാം മാധ്യമങ്ങളിലൂടെ വിപുലമായി പ്രചരിപ്പിച്ച് അവരെ രാജ്യത്തിനു മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ശത്രുക്കളായി കണക്കാക്കപ്പെടുന്നു. അങ്ങനെ സാമൂഹികമായും സാമ്പത്തികമായും തൊഴില്‍പരമായും അവര്‍ വീണ്ടെടുക്കാനാവാത്തവിധം തകര്‍ന്നുപോകുന്നു. കേസില്‍ പ്രതികളായവര്‍ മാത്രമല്ല, അവരുള്‍പ്പെട്ട കുടുംബങ്ങള്‍ അപമാനിതരും നികൃഷ്ടരുമായി ഒറ്റപ്പെടുന്നു. ഭീകരതാ മുദ്രയുടെ തണലില്‍ ആരോടെന്തു ചെയ്താലും ചോദ്യം ചെയ്യപ്പെടാത്ത സാഹചര്യമാണ് പോലീസിനെ മനുഷ്യത്വരഹിതമായ ഈ നെറികെട്ട നടപടിക്ക് ധൃഷ്ടരാക്കുന്നത്.
നിയമപാലകര്‍ക്ക് ആയുധങ്ങളും അധികാരങ്ങളും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആരെയും എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നല്ല അതിനര്‍ഥം. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെട്ടുകൂടാ എന്നുമല്ല. പരിധി ലംഘിച്ചാല്‍, അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്താല്‍, പൗരന്മാരെ ദ്രോഹിച്ചാല്‍ അവരും വിചാരണാ വിധേയരാവുകയും ശിക്ഷിക്കപ്പെടുകയും വേണം. പൗരന്മാരെ രക്ഷിക്കുകയാണ് പോലീസിന്റെ ജോലി. അവര്‍ പൗരദണ്ഡകരാകുന്നത് തികഞ്ഞ ഉത്തരവാദിത്വ ലംഘനവും വിശ്വാസ വഞ്ചനയുമാണ്. പോലീസ് ഒരേതരം കുറ്റത്തില്‍ ആവര്‍ത്തിച്ച് ഏര്‍പ്പെടുകയും അതിനെതിരെ നടപടിയില്ലാതിരിക്കുകയും ചെയ്യുന്നത് സംസ്‌കാരമുള്ള ഏതു സമൂഹത്തിനും സങ്കല്‍പിക്കാനാവാത്തതാണ്. അധിക്ഷേപം കൊണ്ടും ശാസനകൊണ്ടും ഇനി കാര്യമില്ല. കര്‍ശനമായ നടപടി തന്നെയാണ് വേണ്ടത്.
പോലീസ് സേനയുടെ പരിഷ്‌കരണത്തെക്കുറിച്ച് സര്‍ക്കാര്‍ ഇടക്കിടെ വാചാലമാകാറുണ്ട്. മര്‍ദിതരെ അടക്കിനിര്‍ത്താനുള്ള തന്ത്രം മാത്രമാണത്. ചോദ്യം ചെയ്യപ്പെടേണ്ട സന്ദര്‍ഭം വരുമ്പോള്‍ പോലീസിന്റെ വീര്യം ചോരുമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്. നിരപരാധികളെ ഭേദ്യം ചെയ്യാനുള്ള വീര്യം ചോര്‍ത്തിക്കളയുക തന്നെ വേണം. തീവ്രവാദത്തിന്റെ പേരില്‍ പുതിയ പുതിയ കരിനിയമങ്ങള്‍ സൃഷ്ടിച്ച് കൊടും ക്രൂരതകള്‍ക്കുള്ള പോലീസ് വീര്യം വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ദല്‍ഹി സെഷന്‍സ് കോടതിയുടെ നീക്കം വളരെ അര്‍ഥവത്താണ്. മറ്റു നീതിപീഠങ്ങളില്‍നിന്നും ഈദൃശ വിധികളുണ്ടാകേണ്ടതുണ്ട്. സര്‍ക്കാര്‍ അത് ആത്മാര്‍ഥമായി നടപ്പിലാക്കുകയും വേണം. എങ്കില്‍ നിരപരാധികള്‍ അന്യായമായി തടവിലിട്ട് പീഡിപ്പിക്കപ്പെടുന്നത് വലിയൊരളവോളം തടയപ്പെടും. പിന്നെ മുസ്‌ലിംകള്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കേണ്ട ആവശ്യം വരില്ല. മുസ്‌ലിംകളെ സമാധാനിപ്പിക്കാന്‍ മന്ത്രി സുശീല്‍ കുമാര്‍ മുന്നോട്ടുവെച്ച മറ്റൊരു വാഗ്ദാനമാണല്ലോ അത്. തെറ്റായി തീവ്രവാദം ആരോപിച്ച് അന്യായമായി തടവിലിട്ട ഒരാള്‍ ദീര്‍ഘകാലത്തെ നിയമയുദ്ധത്തിനു ശേഷം നിരപരാധിയെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെടുന്നുവെങ്കില്‍ അതിനു മുമ്പ് ജയില്‍വാസകാലത്ത് അയാളും കുടുംബവും അനുഭവിച്ച യാതനകളും വേദനകളും എങ്ങനെയാണ് നീതീകരിക്കപ്പെടുക? ആ വേദനകള്‍ക്കും യാതനകള്‍ക്കും ഉത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ വിചാരണ ചെയ്യപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും ഇരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ദല്‍ഹി സെഷന്‍സ് കോടതി അതിന്റെ വിധിന്യായത്തിലൂടെ.
Comments