Prabodhanm Weekly

Pages

Search

2013 നവംബര്‍ 01

പട നയിച്ച് കുളമാക്കുന്നു

പി.വി സഈദ് മുഹമ്മദ് / യാത്ര

ഇന്റര്‍സ്‌റ്റെയ്റ്റ് ഹൈവേ എന്ന് അമേരിക്കയില്‍ വിളിക്കപ്പെടുന്ന ദേശീയ (അന്തര്‍-സംസ്ഥാന) റോഡുകളിലൂടെ ദീര്‍ഘമായി യാത്ര ചെയ്യാന്‍ അവസരമുണ്ടായി. വീതി കൂടിയ പാതകള്‍, നിയമങ്ങള്‍ വേണ്ടവിധം പാലിക്കുന്ന വാഹനമോടിക്കല്‍ ശീലങ്ങള്‍. അപൂര്‍വമായി മാത്രമേ റോഡ് പണി കൊണ്ട് ട്രാഫിക് മുടങ്ങിക്കിടക്കുന്നുള്ളൂ.  എന്നാല്‍ അവിടവിടെയായി റോഡുകളില്‍ പഴക്കത്തിന്റെ ലക്ഷണങ്ങളും കാണാമായിരുന്നു. അടുത്തൊന്നും അറ്റകുറ്റപ്പണിക്കാര്‍ വന്ന മട്ടില്ല.  അപ്പോഴാണ് ഈയിടെ വായിച്ച ഒരു നിരീക്ഷണം പ്രസക്തമായി തോന്നിയത്. അമേരിക്കയില്‍ അന്തര്‍ സംസ്ഥാന റോഡ് വികസന വിഷയത്തില്‍  കാര്യമായ നിക്ഷേപങ്ങള്‍ ദേശീയ തലത്തില്‍ കുറേ ദശകങ്ങളായി നടക്കുന്നില്ലത്രെ. മുന്നറിയിപ്പെന്നോണം ഒരു സാമ്പത്തിക ആസൂത്രണ വിദഗ്ധന്‍ എഴുതിയ ലേഖനത്തില്‍ എഴുതിയതാണത്. ശ്രദ്ധിച്ചില്ലെങ്കില്‍ നാട്ടിന്റെ സാമ്പത്തിക ത്രസിപ്പിന്റെ ഈ നട്ടെല്ല് പോകും എന്ന ദീര്‍ഘകാല മുന്നറിയിപ്പ്.
അതെന്തായാലും അമേരിക്കയുടെ ഒരു ആസ്തി തന്നെയാണ് നിലവിലുള്ള ഹൈവേ ശൃംഖല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവും. ആളുകളധികവും സ്വകാര്യ വാഹനങ്ങളില്‍ തന്നെയാണ് ദൂരയാത്രകള്‍ നടത്തുന്നത് (കാറുകളുടെ ഈ ആധിക്യം തന്നെയാണ് എണ്ണ വില കുറഞ്ഞ് ലഭിക്കുക തങ്ങളുടെ ഒരു ജന്മാവകാശമെന്നോണം മധ്യ പൗരസ്ത്യ ദേശത്തെ എണ്ണയില്‍ അമേരിക്ക സ്വതന്ത്രമായ പ്രവേശാവകാശം വേണം എന്ന് വാദിക്കാന്‍ നിമിത്തവും). അത്‌കൊണ്ട് തന്നെ ടെക്‌സസ് മുതല്‍ ഫ്‌ളോറിഡ വരെയുള്ള നീണ്ട പാതകളില്‍ അപൂര്‍വമായേ വിനോദ സഞ്ചാരികളുടേതായി സാധാരണ യൂറോപ്പിലോ ചൈനയിലോ, ഈജിപ്തിലോ ദക്ഷിണ പൂര്‍വേഷ്യന്‍ സഞ്ചാരി പറുദീസകളിലോ കാണാറുള്ള ലക്ഷ്വറി ബസ്സുകള്‍ കാണാന്‍ കഴിഞ്ഞുള്ളൂ. ആഭ്യന്തര യാത്രികരുടെയത്ര വിദേശ സഞ്ചാരികള്‍ അവിടെയെങ്ങുമില്ല എന്നതും ഒരു കാരണമാവാം. ഉള്ള വിദേശ സഞ്ചാരികള്‍ തെക്കന്‍ അയല്‍ രാജ്യങ്ങളായ മെക്‌സികോ, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, ഹോണ്ടുറസ്, കോസ്റ്റാറിക്ക, അല്ലെങ്കില്‍ തെക്കേ അമേരിക്കയിലെ വെനീസ്വല, ഗയാന, കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരോ ആവും. കൊച്ചു കൊച്ചു അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ അവിടവിടെയായി കാണാനും കഴിഞ്ഞു. പൊതുവെ ആഭ്യന്തര വിമാനത്താവളങ്ങളുടെ വലുപ്പം പോലും പല അന്തര്‍ദേശീയ താവളങ്ങള്‍ക്കുമില്ല.  ലാഹോര്‍-അമൃത്‌സര്‍  അന്തര്‍ദേശീയന് ജെറ്റ് വിമാനം തന്നെ വേണമെന്നില്ലല്ലോ.  
* * *
യാത്ര വീണ്ടും ചിന്തകള്‍ ഉണര്‍ത്തുന്നു. ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ വിശേഷിച്ചും  കേള്‍ക്കുന്നതാണല്ലോ ദേശീയ പാതകളും പുതിയ എക്‌സ്പ്രസ് ഹൈവേകളും അവക്ക് മേല്‍ ചുമത്തുന്ന ടോളും ബി.ഒ.ടി തുടങ്ങിയ നിര്‍മാണ-നിക്ഷേപ മാതൃകകളുമൊക്കെ. കൂട്ടത്തില്‍  മുതലാളിത്ത രാജ്യങ്ങളില്‍ ഇത് സര്‍വസാധാരണമാണെന്നും എങ്കിലേ വികസനം സാധ്യമാവൂ എന്നും ഒരു പൊതുവല്‍ക്കരണമെന്നോണം കടന്നുവരികയും ചെയ്യും. പക്ഷേ ഒന്നാലോചിച്ചു പോയി.  ഡാള്ളാസില്‍ നിന്ന് കിഴക്കോട്ട് ജോര്‍ജിയയിലെ അറ്റ്‌ലാന്റ വരെ ഏതാണ്ട് 1200 കിലോമീറ്റര്‍ താണ്ടുന്നതിനിടയില്‍ ഒരൊറ്റ ടോള്‍ ബൂത്തും ഇല്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, എല്ലാ സ്ഥലങ്ങളിലും അങ്ങനെയല്ല എന്നും സര്‍ക്കാര്‍ ചെലവില്‍ തന്നെ റോഡുകള്‍ പണി കഴിപ്പിച്ച് അതിന്റെ നോക്കി നടത്തിപ്പ് അതത് സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാക്കിയിരിക്കയാണെന്നുമാണ്. ഒരര്‍ഥത്തില്‍ ഒരു രാജ്യത്തിന്റെ വികസനത്തിന്റെ സുപ്രധാന ഘടകം തന്നെയാണ് ഈ ഫ്രീവേകള്‍. ജര്‍മനിയില്‍ വീതികൂടിയ ഓട്ടോ ബാന്‍ (ഔറ്റൊബാന്‍....) എന്ന ശൃംഖല ആണുള്ളത്. സ്പീഡിനു ഒരു ലിമിറ്റുമില്ല.  മറ്റെന്തൊക്കെ കുറ്റം പറയാനുണ്ടെങ്കിലും, ഹിറ്റ്‌ലര്‍ എന്ന ഏകാധിപതിയുടെ സംഭാവനയായി വരവ് ചേര്‍ക്കപ്പെടുന്നു ആ യാത്രാനുഭവം.  അമേരിക്കയിലെത്തുമ്പോള്‍ ഒരാളില്‍ അത് ചാര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് പ്രസിഡന്റ് ഐസനോവറിലാണ്. അദ്ദേഹമാണത്രെ അമ്പതുകളില്‍ നാഷണല്‍ ഇന്റര്‍സ്‌റ്റെയ്റ്റ് ഹൈവേ സിസ്റ്റം എന്ന നിലയില്‍ ഇതിനുള്ള മുന്‍കൈ എടുത്തത്. ഇത് ക്രമേണയായി വികസിപ്പിച്ചെടുത്തതാണ്.  
ഇന്ന് ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് മൈല്‍ നീളത്തില്‍ തെക്ക്-വടക്കായും കിഴക്ക്-പടിഞ്ഞാറായും കിടക്കുന്നു ആ ശൃംഖല. വളവുകള്‍ കുറഞ്ഞ ഈ പാതകളില്‍ ചരക്ക് ഗതാഗതം പൊടിപൊടിക്കുന്നത് പതിനെട്ട് ചക്രമുള്ള ഭീമന്‍ ട്രെയിലറുകളില്‍. അവയാണെങ്കില്‍ ചെറുവാഹനങ്ങളെ പലപ്പോഴും മറികടന്ന് മുന്നിലെത്തുന്നതും കാണാം. നമുക്ക് പരിചയമുള്ള ലോഡഡ് ട്രക്കുകളുടെ മന്ദ ചലനം അവിടെയില്ല. ഇടത്തരം ലോറികള്‍ ചരക്ക് ഗതാഗതത്തിനു പൊതുവെ ഇല്ല. ഉള്ളവ നിര്‍മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ മാത്രമുള്ളവയാണ്. പറഞ്ഞ് വന്നത് ടോളിനെക്കുറിച്ചാണല്ലോ. രാജ്യത്താകെ ഉള്ള അമ്പതിനായിരത്തോളം മൈല്‍ പാതകളില്‍ വെറും മൂവായിരത്തിനടുത്ത് മൈല്‍ മാത്രമാണ് ടോള്‍ നിരത്തുകള്‍-ടേണ്‍പൈക് എന്ന് വിളിക്കപ്പെടുന്ന ബൈപാസ് മാതൃകയിലുള്ള റോഡുകള്‍. കൃത്യമായും ടോള്‍ 'അനുഭവിക്കാന്‍' കഴിഞ്ഞത് ഒര്‍ലാന്റോ നഗരം (ഡൗണ്‍റ്റൗണ്‍ ഒര്‍ലാന്റോ എന്ന് അമേരിക്കന്‍ ആംഗലം) മുതല്‍ ബാഹ്യാകാശഗവേഷണ വിക്ഷേപണ കേന്ദ്രമായ നാസ വരെയുള്ള അതിവേഗ പാതയിലായിരുന്നു. ഒരു മണിക്കൂര്‍ ഓട്ടത്തിന്നിടയില്‍ നാലിടങ്ങളില്‍ ടോള്‍; അതും ഒരു ഡോളര്‍ ഇരുപത്തഞ്ച് സെന്റ് തുടങ്ങിയ 'ചില്ലറ' ഏര്‍പ്പാട് ഉള്‍പ്പെടെ. ചില്ലറ ഇല്ലാതാവുന്ന പതിവ് എവിടെയും കണ്ടില്ല; പെട്ടിയിലുള്ളത് തീര്‍ന്നെങ്കില്‍ ക്വാര്‍ട്ടര്‍ (25 സെന്റ്) നാണ്യങ്ങളുടെ പെപ്പെര്‍മിന്റ് നിറച്ച കുറ്റി പോലുള്ള ഒരു കെട്ട് പൊട്ടിച്ച് വേണ്ട നാണയമിങ്ങെടുത്തു തരും. കൂട്ടത്തില്‍ ഒരു ടോള്‍ ഗെയ്റ്റിലെത്തിയപ്പോള്‍, വാഹനത്തില്‍ ഇരിക്കുന്നവരുടെ വേഷം കണ്ടിട്ടാവണം, 'അസ്സലാമു അലൈകും' എന്ന അഭിവാദ്യത്തോടെയായിരുന്നു ഇടപാട്; നോക്കിയപ്പോള്‍  ഉപഭൂണ്ഡത്തില്‍നിന്നും കുടിയേറിയ പൗരന്‍ തന്നെ എന്ന് വ്യക്തം. അല്ലെങ്കിലും, ടോള്‍ ഗെയ്റ്റിലും അത് പോലുള്ള 'സ്വീകരി'ക്കേണ്ട ഇടങ്ങളിലും അഭിവാദ്യങ്ങള്‍ ഉള്‍പ്പെട്ട ഉപചാരങ്ങളോടെയേ ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂ. മെറി ക്രിസ്മസ്, പുതുവത്സരാശംസകള്‍ തുടങ്ങിയവയും വേണ്ടത്ര കേള്‍ക്കാന്‍ കഴിയും അധികാരം കൈയാളുന്ന സര്‍ക്കാര്‍ ഇടങ്ങളില്‍നിന്ന്. കൂട്ടത്തില്‍ രണ്ട് എയര്‍പോര്‍ട്ട് പരിശോധനകള്‍ക്കിടയില്‍ ജനന തീയതി ഒത്തുവന്നത് കണ്ടപ്പോള്‍ ജന്മദിനാശംസകള്‍ എന്ന ഉപചാരത്തോടെയായിരുന്നു സംഭാഷണം തന്നെ.
അത്തരം മദ്യാദകളുടെ കാര്യത്തില്‍ ഹൃദ്യമായ അനുഭവങ്ങളാണെങ്ങും. ഒരു കാര്യത്തിന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ കാത്ത് നില്‍ക്കുന്ന എവിടെയും ഒരു ക്യൂ രൂപം പ്രാപിക്കും. മുമ്പിലുള്ളവന്റെ ദേശീയത, വസ്ത്രം, മതം, സ്ഥാനം ഒന്നും നോക്കില്ല. രണ്ടാമത്തെ ആള്‍ ഇടപാട് നടത്തുന്ന ഒന്നാമനില്‍ നിന്ന് അല്‍പം പിന്നിലായേ നില്‍ക്കൂ. രണ്ട് മുഖങ്ങള്‍ അഭിമുഖമായി വന്നാല്‍ തനിയെ വരും ഒരു ചെറുപുഞ്ചിരി. വാതില്‍ തുറന്ന് കടന്നാല്‍ പിന്നില്‍ ഒരാള്‍ വരുന്നുണ്ടെങ്കില്‍  ആരായാലും തുറന്നുപിടിച്ച് നില്‍ക്കും. ഒരു നിമിഷം ഒന്നിച്ച് നിന്നാല്‍ അല്‍പം സരസമായി എന്തെങ്കിലും ഒന്ന് മിണ്ടും. കൗണ്ടറുകളില്‍ കണ്ടാലും വല്ല സഹായവും വേണോ എന്ന് ചോദിച്ച് വരും ജീവനക്കാരന്‍.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റനില കെട്ടിടം ഏതാണ്? അത് കാണണമെങ്കില്‍ ഒര്‍ലാന്റോയില്‍ നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ പോകണം. വി.എ.ബി എന്ന് വിളിക്കപ്പെടുന്ന (വീയിക്ക്ള്‍-പിന്നീട് വേട്ടിക്കല്‍ ആയി -അസംബ്ലി ബില്‍ഡിംഗ്) എന്നത് പേര് സൂചിപ്പിക്കും പോലെ തന്നെ ബാഹ്യാകാശ പേടകം അസംബ്ലി നടത്തുന്ന കെട്ടിടമാണ്. ഉയരം 526 അടി; 718 അടി നീളവും 518 അടി വീതിയും.  പതിനായിരം ടണ്‍ എയര്‍കണ്ടീഷനിംഗ് യന്ത്രങ്ങള്‍, തദനുബന്ധമായി 125 വെന്റിലേറ്ററുകള്‍ എല്ലാമായി അതിനുള്ളിലെ അന്തരീക്ഷവും കാലാവസ്ഥയും തന്നെ ഒന്നു വേറെ. ഓരോ മണിക്കൂറും അകത്തെ വായു മുഴുവനും മാറ്റി പകരം വെക്കാന്‍ കഴിയുമത്രെ. അറ്റ്‌ലാന്റിക് തീരത്തെ ഈ ഫ്‌ളോറിഡ ഭീമാകാരനെ തീരദേശ കൊടുങ്കാറ്റില്‍നിന്ന് സുരക്ഷിതമാക്കാന്‍ മാത്രമുള്ള അടിത്തറയും അതില്‍ സ്റ്റീല്‍ കമ്പികള്‍ ഭൂമിയില്‍ ആഴത്തില്‍ ഉറപ്പിച്ച ഭൂഗര്‍ഭതലവും. പക്ഷേ, കാണാനുദ്ദേശിച്ചതൊന്നും അകത്ത് കയറിക്കാണാന്‍ പറ്റില്ല. ഒരകലത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള ബസ് എവിടെ നിര്‍ത്തി കാണിച്ചു തരുന്നുവോ അവിടെ ഇരുന്നു കാണാമെന്നു മാത്രം. എങ്കിലും കാണലും ചിന്തയും ഒന്നിച്ച് നടക്കും. അതിന്നിടയില്‍ ഡ്രൈവര്‍ കം ഗൈഡിന്റെ ഡയലോഗ്: നാസ ഇല്ലായിരുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറയുമായിരുന്നില്ല; കാരണം നാസ ഇല്ലായിരുന്നെങ്കില്‍ നമുക്കു മൊബൈല്‍ ടെക്‌നോളജി കിട്ടുമായിരുന്നില്ല; ഫോട്ടോ ക്‌ളിക് ചെയ്തുകൊണ്ടേയിരിക്കാന്‍ ഞാന്‍ പറയുമായിരുന്നില്ല, കാരണം നിങ്ങളുടെ ഡിജിറ്റല്‍ കാമറയുടെ പിന്നില്‍ നാസ ഉണ്ട്.  ഈ യാങ്കീ നാസയെപ്പറ്റി, ബഡായി ഒന്ന് മാറ്റി നിര്‍ത്തി ആലോചിച്ചു: മൗലിക ശാസ്ര്ത ഗവേഷണം (ഫണ്ടമെന്റല്‍ റിസര്‍ച്ച്) എന്ന ഒന്ന് ഇല്ലായിരുന്നെങ്കില്‍ പ്രയുക്ത സാങ്കേതിക വിദ്യ എന്ന അതിന്റെ ശേഷോല്‍പ്പന്നം ഉണ്ടാകുമായിരുന്നില്ലല്ലോ.
ഇന്ന് പൊതുവെ വിദ്യാര്‍ഥികള്‍ക്കിടയിലും അതിലുപരി രക്ഷിതാക്കള്‍ക്കിടയിലും മൗലിക വിഷയങ്ങളോട് വിരക്തിയാണ്. ഇന്നാര്‍ക്കും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും എടുത്ത് ബി. എസ്.സി ഡിഗ്രിക്ക് പോവണ്ട; അതൊക്കെ പ്രയോജനരഹിതമായ ഏര്‍പ്പാടാണ്; അത് കഴിഞ്ഞ് ബിരുദാനന്തരപഠനവും പിന്നെ ഗവേഷണവും കഴിഞ്ഞല്ലേ എന്തെങ്കിലുമൊക്കെയാവൂ എന്നൊക്കെയാണല്ലോ അഭിരുചിയും ഐ.ക്യൂവുമുള്ള വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ തന്നെ ചിന്തിക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന ഏതാണ്ടെല്ലാ സാങ്കേതികവിദ്യകള്‍ക്കും വൈദ്യശാസ്ര്തത്തിലെ ഒട്ടനവധി നവസിദ്ധാന്തങ്ങള്‍ക്കും ചികിത്സാരീതികള്‍ക്കും അടിത്തറയായി ഉള്ളത് ഇത്തരം മൗലിക ഗവേഷണമാണ്. നാഗരികതയുടെ വളര്‍ച്ചയില്‍ നാസ പോലുള്ള സ്ഥാപനങ്ങള്‍ മൗലിക ഗവേഷണത്തിലൂടെ നടത്തുന്ന സംഭാവനകള്‍ മാനിക്കുന്നതില്‍ അത് കിടക്കുന്ന രാജ്യങ്ങളിലെ നേതൃത്വത്തിന്റെ പിഴച്ച രാഷ്ട്രീയമോ, അതിന്റെ ചില ദുഷ്ടപ്രയോഗങ്ങളോ തടസ്സമാവേണ്ട കാര്യമില്ല.  
നാസയിലെ ഐ-മാക്‌സ് തിയേറ്ററില്‍ കാണിച്ച ത്രിമാനചലച്ചിത്രത്തില്‍ നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്നത് പോലെ കാണാവുന്ന ബാഹ്യാകാശ യാത്രകളുടെ ആകര്‍ഷകമായ ചിത്രീകരണമുണ്ട്; ജോണ്‍ എഫ്. കെന്നഡി ചെയ്ത പ്രസംഗത്തില്‍ ചന്ദ്രനില്‍ കാല്‍ കുത്തുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചത് പോലുള്ള യു.എസ് ദേശീയ അഭിമാനത്തിന്റെ ബഹിസ്ഫുരണം ഉള്ളതോടൊപ്പം തന്നെ റഷ്യയുടെ യൂറിഗഗാറിന്‍ നടത്തിയ കന്നി ശൂന്യാകാശ സഞ്ചാരത്തിന്റെയും ശേഷമുള്ള റഷ്യന്‍ സംഭാവനകളുടെയും നേര്‍ക്കുനേരെയുള്ള പരാമര്‍ശങ്ങളും ശാക്തിക മത്സരങ്ങള്‍ക്കതീതമായുള്ള പരസ്പര അംഗീകാരമായി തോന്നി (ഇത് തുടങ്ങിയത് ബെര്‍ലിന്‍ മതില്‍ തകര്‍ന്ന ശേഷമാണോ എന്ന ഗേവഷണത്തിന് ഏതായാലും നിര്‍വാഹമില്ല). എന്തായാലും, മൗലിക ഗവേഷണങ്ങള്‍ മാനുഷ്യകത്തിന്റെ പൊതുവായ പൈതൃകമായി തന്നെ കാണാമല്ലോ.
* * *
ആകെക്കൂടി ഒരു കണ്‍ഫ്യൂഷന്‍. എന്തുകൊണ്ടാണ് ഇത്ര നല്ല നാടും വിഭവങ്ങളും കൈയിലിരിക്കുന്ന യു.എസ് രാഷ്ട്രീയ 'നേതൃത്വം' (ആ വാക്ക് ഉപയോഗിക്കുന്നതില്‍ മാറിമാറി വരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് സവിശേഷമായ ഒരാവേശമാണ്, ലോക നേതൃത്വം തങ്ങളുടെ കൈയിലാണെന്ന് ആണയിടുന്നതിന്റെ ഒരാവേശം) തങ്ങളുടെ നാട്ടില്‍ തന്നെ ഒരു നല്ല രാജ്യഭരണം നടത്തി നേതൃത്വബോധം കാണിക്കാത്തത്? ഒന്ന് കണ്ണു തുറന്നു നോക്കിയാല്‍ ഒരയല്‍പക്ക രാജ്യത്തിന്റെയും ഭീഷണി ഇല്ലാത്ത ലോകത്തെ അപൂര്‍വം രാഷ്ട്രങ്ങളില്‍ ഒന്നാണ് യു.എസ്.എ.  കാര്‍ഷികവിഭവങ്ങള്‍ വേണ്ടത്ര. ഫലഭൂയിഷ്ഠമായ ഭൂമിക്കാണെങ്കില്‍ ഒരു കുറവുമില്ല.  ജനസാന്ദ്രതയുടെ കാര്യത്തില്‍ വളരെ താഴ്ന്ന അനുപാതമുള്ള ഒരു രാജ്യം. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏതാണ്ട് 32 പേര്‍ മാത്രം (ഇന്ത്യയുടേത് ഇത് ഏതാണ്ട് നാനൂറാണെന്നോര്‍ക്കണം).
അതിര്‍ത്തിയായുള്ളത് രണ്ടേ രണ്ട് രാജ്യങ്ങള്‍. വടക്ക് വലുതെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്ത കാനഡയും തെക്ക് താരതമ്യേന ചെറിയ മെക്‌സിക്കോയും. പിന്നെ അതിലും തെക്കുള്ള കൊച്ചു കൊച്ചു മധ്യ-അമേരിക്കന്‍ രാജ്യങ്ങളൊക്കെ അമേരിക്കക്ക് മൂക്കില്‍ വലിക്കാന്‍ പോലും തികയാത്തവയുമാണ്. എന്നാല്‍ ഇന്ന് ലോകത്ത് എവിടെയൊക്കെയാണ് അമേരിക്കയുമായി ബന്ധപ്പെട്ട് എതിര്‍പ്പും പ്രതിസന്ധികളും ഉള്ളത് എന്ന് ചോദിക്കുന്നതിനേക്കാള്‍ എവിടെയാണ് ഇല്ലാത്തത് എന്ന് ചോദിക്കുന്നതായിരിക്കും എളുപ്പം. സ്വന്തം രാജ്യത്തിനു പുറത്ത് സഞ്ചരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ തോന്നുന്ന ദേശീയത ഏതെന്ന് ചോദിച്ചാല്‍ യു.എസ്.എ എന്ന് ഏത് കുട്ടിക്കും മറുപടി പറയാവുന്ന പരുവമാണ്. വന്ന് വന്ന് തങ്ങളുടെ സര്‍ക്കാര്‍ എവിടെയൊക്കെയോ പോയി ആര്‍ക്കൊക്കെയോ വേണ്ടി യുദ്ധം ചെയ്തു സ്വന്തം ആഭ്യന്തര സമ്പദ്‌വ്യവസ്ഥ തുലച്ചു എന്നു കരുതാവുന്ന നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. അമേരിക്കയെ വിലവെക്കാത്ത രാജ്യങ്ങളെക്കുറിച്ച് പൊതുവിലും, മുസ്‌ലിം ലോകത്തെക്കുറിച്ച് വിശേഷിച്ചും അവിടത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ശരിയായ പിടിയുണ്ടെന്നോ ആശങ്കകള്‍ ഇല്ലെന്നോ അല്ല. പക്ഷേ ഉള്ളതില്‍ അധികവും തങ്ങളുടെ നേതാക്കള്‍ വരച്ച് കാട്ടുന്ന ഭീതിപ്പെടുത്തുന്ന ഒരു ഭാഷ്യത്തിന്റെയും ഫോക്‌സ് ചാനല്‍ പോലെയുള്ള ജനപ്രീതിയുള്ള ദൃശ്യമാധ്യമങ്ങള്‍ ഫീഡ് ചെയ്യുന്ന മുന്‍ധാരണകളുടെയും ഫലമാണ്. പിന്നെ മുസ്‌ലിം രാജ്യങ്ങളിലേക്ക് അയക്കപ്പെടുന്ന സൈനികരുടെ മനഃശ്ശാസ്ര്തത്തില്‍ വരുന്ന ശാത്രവജന്യമായ റെജിമെന്റേഷന്റെ ഉപോല്‍പ്പന്നവും.  
ഒന്നു തിരിഞ്ഞു നോക്കിയാല്‍ ആഗോള തലത്തില്‍ സ്വന്തം കാര്യവുമായി ഒതുങ്ങിക്കൂടുന്ന ഒരു അമേരിക്ക അമേരിക്കയാവുമായിരുന്നോ? സമ്പദ്‌വ്യവസ്ഥയുടെ തന്നെ ഒരുനല്ല ഭാഗം, ആഗോളതലത്തിലെ ശാക്തിക സമവാക്യങ്ങളുമായി ബന്ധപ്പെട്ട ആയുധ വ്യവസായത്തിന്റെയും, സൈനിക ശക്തിയിലൂടെ രൂപപ്പെടുത്തിയ വ്യാപാര-വ്യവസായ പങ്കാളിത്തത്തിന്റെയും പാര്‍ശ്വബന്ധിത പ്രതിഭാസങ്ങളാണ്. ഇറാനിലും അഫ്ഗാനിസ്താനിലും ഇടപെടുന്നതിനു മുമ്പുതന്നെ മധ്യപൗരസ്ത്യദേശത്തെ  എണ്ണവ്യവസായത്തിലെ ഭീമന്‍ അമേരിക്കന്‍ സ്വകാര്യ കോര്‍പറേറ്റ് സാന്നിധ്യം ഉദാഹരണം. ആഭ്യന്തരമായ ഉപഭോഗം കൊണ്ടും ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കും. യു.എസ്.എയുടെ ജി.ഡി.പി അതിനുമാത്രം ഉയര്‍ന്നതുമാണ്. പക്ഷേ ഇന്ന് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിപണി പരിശോധിക്കുകയാണെങ്കില്‍, സാങ്കേതികവിദ്യയുടെ മികവില്‍ മാത്രം  നിലനില്‍ക്കുന്ന പേരുകള്‍ ഒഴിച്ചാല്‍ ചൈനയുടെയും ജപ്പാന്റെയും മുമ്പില്‍ അതിനു അത്രയൊന്നും ഇടം ആഗോള വിപണിയില്‍ ഇല്ല. നാല് അമേരിക്കന്‍ നഗരങ്ങളിലിറങ്ങി ഏതാനും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കയറി സാധനങ്ങള്‍ പരിശോധിച്ചാലറിയാം അമേരിക്കന്‍ ബ്രാന്റ് വസ്തുക്കള്‍ തന്നെ ചൈനയിലോ, നിക്കരാഗ്വയിലോ ബംഗ്ലാദേശിലോ നിര്‍മിക്കപ്പെട്ടവ.  
ഇതൊന്നുമില്ലെങ്കിലും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് കോട്ടമൊന്നും തട്ടാതെ കഴിയാം. പക്ഷേ കൂടിയ ഉപഭോഗമാണവിടത്തുകാര്‍ക്ക്. ഭക്ഷ്യം അതില്‍ മുഖ്യം. അത് കൊണ്ട്തന്നെ പൊണ്ണത്തടിയന്മാരെ എമ്പാടും കാണാം എവിടെയും. ഈ നിരീക്ഷണം പങ്കുവെച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഉദ്ധരിച്ച ഒരു സ്ഥിതിവിവരം അല്‍പം അമ്പരപ്പിക്കുന്നതായിരുന്നു. പൊണ്ണത്തടിയന്മാര്‍ ജനസംഖ്യയുടെ ഇരുപത് ശതമാനം വരുമത്രെ. എവിടെയും വസ്തുക്കള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുന്നു. യൂറോപ്പില്‍ കാണുന്നതുപോലുള്ള പരിസര ദൂഷണത്തെക്കുറിച്ച ശ്രദ്ധയോ മാലിന്യ ലഘൂകരണത്തെക്കുറിച്ച അവബോധമോ അവരില്‍ കാണാനേ പറ്റുന്നില്ല (ഇപ്പറഞ്ഞതിനര്‍ഥം ശുചിത്വമില്ലെന്നല്ല. പ്ലാസ്റ്റിക് ഉപയോഗം പോലുള്ള അന്തരീക്ഷമലിനീകരണ വിഷയങ്ങളില്‍ ജനങ്ങളില്‍ അത്ര നല്ല ബോധവും ശീലങ്ങളും കാണാനില്ല എന്നാണ്).
ഇതെല്ലാം ഒരുവശത്ത് നില്‍ക്കുമ്പോള്‍തന്നെ, അമേരിക്കന്‍ ബ്രാന്റുകളുടെ ഒരു കടന്നുകയറ്റം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്റെ സര്‍വതലങ്ങളിലും കാണാം. എല്ലാറ്റിലും അമേരിക്കന്‍ നാമങ്ങള്‍. അതുകൊണ്ടൊന്നും യു.എസ്.എക്ക് ആഭ്യന്തരമായ ഭദ്രത എന്ന ഒന്ന് കൈവരുന്നില്ല. സാമ്പത്തികമായ ആര്‍ത്തിയുടെ പ്രതീകങ്ങളായ ഭവനനിര്‍മാണ ക്രെഡിറ്റ് പ്രതിസന്ധികളുടെയും, ഋണബന്ധിതമായ ഉപഭോഗ ശീലങ്ങളുടെയും അടിമകളാവുന്ന ജനതക്ക് യഥാര്‍ഥ സമ്പത്ത് വരവില്‍ക്കവിഞ്ഞ ചെലവുകളില്‍ എത്തുമ്പോള്‍ സ്ഥിതി ശുഭമാവില്ല. അതിനുപുറമെയാണ് പോയ ഒരിടത്തും തദ്ദേശീയ ജനത സ്വീകരിക്കാത്ത തരം പട്ടാളവുമായി പരമ്പരയായി യു.എസ് ഭരണകൂടങ്ങള്‍ ലോകത്തെല്ലായിടത്തും ജനാധിപത്യവും മതേതരത്വവും മനുഷ്യാവാകാശങ്ങളും സ്ര്തീവിമോചനവും സ്ഥാപിക്കാന്‍ ഒരു ദൈവനിയുക്ത ദൗത്യെമന്നോണം പടനയിച്ച് കുളമാക്കുന്നത്.
എന്റെ യാത്ര അവസാനിച്ചിട്ടും മിശ്രവിചാരങ്ങള്‍ ബാക്കി.
                
(അവസാനിച്ചു)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/48-50
എ.വൈ.ആര്‍