Prabodhanm Weekly

Pages

Search

2013 നവംബര്‍ 01

നമ്മുടെ മതേതരത്വമിന്ന് മതവര്‍ഗീയതയുടെ കാല്‍പാദങ്ങള്‍ക്ക് കീഴെ

മുഹമ്മദ് ബിലാല്‍

ന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാ മതങ്ങളും രാജ്യത്തിന്റെ മതേതര ഘടനക്കുള്ളിലാണ്. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും എല്ലാ മതങ്ങള്‍ക്കും തുല്യ സ്വാതന്ത്ര്യവും പരിഗണനയും നല്‍കുന്നു എന്നത് ഇന്ത്യന്‍ സെക്യുലരിസത്തിന്റെ മേന്മയാണ്. എല്ലാ മതാനുയായികള്‍ക്കും  മതപ്രബോധനം നടത്താനുള്ള സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ആരാധനാലയം പണിയാനുള്ള സ്വാതന്ത്ര്യം തുടങ്ങി ഒട്ടേറെ മേന്മകള്‍ ഇന്ത്യന്‍ മതേതരത്വ കിരീടത്തിന്റെ യശസ്സുയര്‍ത്തുന്നു. ഇത്തരമൊരു രാഷ്ട്രത്തില്‍ ഫെനാറ്റിസിസം എന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിന് പ്രസക്തിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മതേതരത്വം ഇന്ന് മതവര്‍ഗീയതയുടെ കാല്‍പാദങ്ങള്‍ക്കടിയിലാണ്. ജനാധിപത്യം, മതസമത്വം, മനുഷ്യാവകാശങ്ങള്‍ എന്നിവയോട് മതവര്‍ഗീയതക്ക് പുഛമാണ്. മതസമത്വ സിദ്ധാന്തമല്ല,  ഏകാത്മക മതാധിഷ്ഠിത ഭാരതമാണ് അത് സ്വപ്നം കാണുന്നത്. മതേതരത്വ ദര്‍ശനത്തെ വര്‍ഗീയ ധാര്‍ഷ്ട്യത്തോടെ ചവിട്ടി താഴ്ത്തുകയാണ് അത്. തീവ്ര ഹൈന്ദവ ദേശീയതയാണ് ആര്‍.എസ്.എസ്സിന്റെയും സംഘ്പരിവാറിന്റെയും പ്രവര്‍ത്തന വീര്യം. ആര്യ-ബ്രാഹ്മണിക വംശീയതയാണ് അവയുടെ പ്രത്യയശാസ്ത്ര ഉള്ളടക്കം. രക്തരാക്ഷസന്മാരെ സൃഷ്ടിക്കുന്നത് അധികാരമാണെന്ന തിരിച്ചറിവില്‍ വനവാസം തെരഞ്ഞെടുത്ത വീര നായകന്റെ അനുയായികള്‍ അധികാര പട്ടത്തിന് വേണ്ടി വര്‍ഗീയതയുടെയും വിവേചനത്തിന്റെയും രക്തം പുരണ്ട ശൂലം കൈയേന്തുന്ന കാഴ്ച അതിദയനീയമാണ്. ഒഡിഷയും ഗുജറാത്തും മുസഫര്‍ നഗറും ഇതിന് ഉദാഹരണങ്ങള്‍ തരുന്നു. 2002-ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ തീര്‍ഥാടകരെ ചുട്ടുകൊന്നെന്ന പേരില്‍ നടന്ന ന്യൂനപക്ഷ നരഹത്യക്ക് പച്ചക്കൊടി കാണിച്ച നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഇന്ത്യ എന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദവി സ്വപ്നം കാണുന്നത് തന്നെ ഇന്ത്യന്‍ മതേതരത്വത്തിനു നേരെയുള്ള കനത്ത വെല്ലുവിളിയാണ്. ഹിന്ദുത്വ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മോഡിക്ക് വഴികാട്ടി ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഈറ്റില്ലമായിരുന്ന ജര്‍മനിയും ഇറ്റലിയുമാണ്. ഹൈന്ദവ സമുദായം എന്നും ചെളിക്കുണ്ടിലെ ചൊറിതവളയാണെന്ന് അലറി വിളിച്ച് അവരുടെ ഉന്നമനത്തിനു വേണ്ടി മുസോളിനിയന്‍ പാത അനുധാവനം ചെയ്യുന്ന തീവ്ര ഹൈന്ദവ സാമുദായിക സംഘടനകള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന തീരാ യാതനകള്‍ക്ക് നേരെ കണ്ണടക്കുന്നു എന്നത് വിസ്മയാവഹം തന്നെ.


'കുഞ്ഞിന്റെ ബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത പുനര്‍വിവാഹങ്ങള്‍' (ലക്കം 2821) എന്ന ബഷീര്‍ തൃപ്പനച്ചിയുടെ ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ കണ്ണില്‍ നനവ് പടര്‍ന്നിരുന്നു.
ശൈശവം പിന്നിടാത്ത കുഞ്ഞിനെ മറന്നും ഉപേക്ഷിച്ചും മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട വിധവയായ ഉമ്മ. പിതാവ് നഷ്ടപ്പെട്ട് ഏക അവലംബമായ മാതാവിനെക്കൂടി പറിച്ചെടുത്ത് കുഞ്ഞിന്റെ അനാഥത്വം പൂര്‍ണമാക്കുന്ന പുരുഷ ഭാവം. പുനര്‍വിവാഹം കഴിക്കുന്ന പുരുഷന്റെ നേരത്തെയുള്ള ഭാര്യയിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ പുതിയ 'മണവാട്ടി' പരിചരിക്കണമെന്ന നിബന്ധന വെക്കാന്‍ ജാഗ്രത കാണിക്കുന്ന വൈരുധ്യം. പുരുഷനും സമൂഹവും ഉണ്ടാക്കിത്തീര്‍ത്ത നിയമങ്ങളില്‍ എത്ര സ്ത്രീജന്മങ്ങളാണ് ഉരുകിത്തീരുന്നത്!
ജബ്ബാര്‍ പെരിന്തല്‍മണ്ണ

ബാലറ്റില്‍ നിഷേധ വോട്ടിനു കൂടി ജനങ്ങള്‍ക്ക് അവസരം നല്‍കുക വഴി കോടതിയും തെരഞ്ഞെടുപ്പ് കമീഷനും ജനാധിപത്യ വഴിയില്‍ പുതിയൊരു പാത കൂടി വെട്ടിത്തെളിയിച്ചിരിക്കുകയാണ്. നിഷേധ വോട്ടിന് ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതോടെ കൂടുതല്‍ ക്രിയാത്മകമായും ഉത്തരവാദിത്വബോധത്തോടെയും പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ നിര്‍ബന്ധിതമാകും.
അബ്ദുല്‍ മലിക് മുടിക്കല്‍

വാചാലമാകുന്ന തക്ബീറുകള്‍

'തക്ബീറുകള്‍ മുഴക്കുമ്പോള്‍ നാം ഓര്‍മിക്കുന്നത്' (ലക്കം 2821) ലേഖനം വായിച്ചു. മുസ്‌ലിംകള്‍ ഉയര്‍ത്തുന്ന ഓരോ തക്ബീര്‍ ധ്വനിയും സമൂഹത്തില്‍ സമൂല പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പോന്നതായിരിക്കണം. സര്‍വലോക നിയന്താവായ ദൈവമാണ് വലിയവന്‍ എന്നും ആ പരാശക്തിയുടെ വിനീത അടിമകളാണ് എല്ലാ മനുഷ്യരുമെന്നും അതിനാല്‍ മനുഷ്യര്‍ക്കിടയില്‍ വര്‍ണത്തിന്റെയും വംശത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും പേരില്‍ ചേരിതിരിവോ തൊട്ടുകൂടായ്മയോ അനുവദിക്കരുതെന്നും ഓരോ തക്ബീറും സമൂഹത്തെ പഠിപ്പിക്കുന്നു.

സാലിം ചോലയില്‍, ചെര്‍പ്പുളശ്ശേരി


വിവാഹപ്രായം പതിനെട്ടായി
നിശ്ചയിക്കുന്നതില്‍ എന്താണ് തെറ്റ്?

മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹത്തിന് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായവും പക്വതയുമെത്തിയാല്‍ ഏത് ഘട്ടത്തിലും അവളെ കല്യാണം കഴിച്ചുകൊടുക്കാമെന്നതാണ് വ്യവസ്ഥ. ഇന്ത്യന്‍ നിയമപ്രകാരം പതിനെട്ട് വയസ്സായിക്കഴിഞ്ഞാല്‍ മാത്രമേ സ്ത്രീയുടെ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നുള്ളൂ. ജാതിമത ഭേദമന്യേ ഏത് വിഭാഗത്തിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുസ്‌ലിം സമുദായത്തില്‍ ബാല്യവിവാഹങ്ങളുടെ തോത് താരതമ്യേന കൂടുതലാണ്. അതുകൊണ്ടുതന്നെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സജീവ സാന്നിധ്യമാവുന്ന മുസ്‌ലിം പെണ്‍കുട്ടികളെ ഒരു പ്രായത്തിന് ശേഷം മുഖ്യധാരാ സമൂഹത്തില്‍നിന്ന് കാണാതാവുന്നു.
ഒരു വ്യക്തി എന്ന നിലക്ക് പെണ്‍കുട്ടിക്ക് വകവെച്ചുകൊടുക്കേണ്ട ഒരുപാട് അവകാശങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. സമൂഹത്തില്‍ നിന്ന് അവളേല്‍ക്കേണ്ടിവരുന്ന ചൂഷണങ്ങളെയും പ്രയാസങ്ങളെയും ഫലപ്രദമായി മറികടക്കാന്‍ അവളെ വൈജ്ഞാനികമായി ഉയര്‍ത്തിയേ തീരൂ. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീ പലപ്പോഴും തഴയപ്പെടുന്നു. അവള്‍ക്ക് ഇതര സമുദായ അംഗങ്ങളെപ്പോലെ സാമൂഹിക പങ്കാളിത്തമോ അംഗീകാരമോ ലഭിക്കുന്നില്ല. അങ്ങനെ സ്വന്തം കഴിവ് തിരിച്ചറിയപ്പെടാതിരിക്കുകയും സാമൂഹിക പദവികളില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്യുന്നു. അപകര്‍ഷ ബോധത്തിന്റെ പടുകുഴിയില്‍ സ്ത്രീകള്‍ കൂപ്പുകുത്തുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം. ധൈഷണികവും ചിന്താപരവുമായ വളര്‍ച്ച മുരടിച്ച്, സിനിമാ-സീരിയലുകള്‍ക്കു മുന്നിലും കല്യാണ-സല്‍ക്കാര വീടുകളിലും ഷോപ്പിംഗ് കോപ്ലക്‌സുകളിലുമായി പാഴാക്കിക്കളയേണ്ടതല്ല മുസ്‌ലിം പെണ്ണിന്റെ ജീവിതം. ഇസ്‌ലാമില്‍ ആഇശ(റ)യെ പോലുള്ള സ്വഹാബി വനിതകള്‍ പാണ്ഡിത്യത്തില്‍ വളരെ മുന്‍പന്തിയിലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ പിന്‍ഗാമികളായ മുസ്‌ലിം പെണ്‍കൊടികളും വിദ്യാഭ്യാസപരമായി ഉയര്‍ന്ന നില കൈവരിക്കണമെന്നത് കാലഘട്ടത്തിന്റെ തേട്ടമാണ്.
വിവാഹം കഴിഞ്ഞാലും പഠിക്കാമല്ലോ, പഠിക്കുന്നവര്‍ എങ്ങനെയായാലും പഠിക്കുമല്ലോ എന്നൊക്കെ ചിലര്‍ വീറുറ്റ ശബ്ദത്തില്‍ വാദിക്കുന്നുണ്ടാവും. എന്നാല്‍ ചെറുപ്രായത്തിലേ വിവാഹം കഴിപ്പിച്ചയക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കാനോ പ്രതിബന്ധങ്ങളെ മറികടക്കാനോ പ്രയാസമായിരിക്കും. മാനസിക സംഘര്‍ഷങ്ങളില്‍ പെട്ടുഴറുമ്പോള്‍ പഠനം നിര്‍ത്താനേ നിര്‍വാഹമുണ്ടാവൂ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടായിരിക്കണം വിവാഹത്തിലേക്ക് പ്രവേശിക്കേണ്ടത്. വിവാഹം കഴിഞ്ഞാലും പഠനം തുടരാനുള്ള സാഹചര്യവും പ്രോത്സാഹനവും ഭര്‍ത്താവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കേണ്ടതുമുണ്ട്.
കെ.ജി ഫിദാ ലുലു കാരക്കുന്ന്, അല്‍ജാമിഅ ശാന്തപുരം
 

കെ.സി വര്‍ഗീസ് എഴുതിയ വിശകലനം (ലക്കം 2821) ഒരപൂര്‍വ വായനാനുഭവമായിരുന്നു. പഴയ മിസ്വ്‌റിന്റെയും പുതിയ മിസ്വ്‌റിന്റെയും ചരിത്രം ബൈബിള്‍ മുതല്‍ മുര്‍സി വരെ പരതിയാണദ്ദേഹം വിശകലനം നടത്തിയിട്ടുള്ളത്. പശ്ചിമേഷ്യയെ കാതോര്‍ക്കുന്നവര്‍ക്കതൊരു നല്ല വിരുന്നായി. ലേഖനത്തിലൊരിടത്ത് ഇങ്ങനെ കുറിച്ചത് ശ്രദ്ധേയമായി തോന്നി: ''പടിഞ്ഞാറ് അസ്തമന ദിക്കാണ്. മനുഷ്യന്റെ എല്ലാ ആത്മീയ സത്തകളുടെയും അസ്തമന ദിക്കായി യൂറോപ്പും അമേരിക്കയും മാറിയിരിക്കുന്നു.''
മമ്മൂട്ടി കവിയൂര്‍

മുസഫര്‍ നഗറില്‍ കെട്ടുകഥകള്‍ പകര്‍ത്തിയെഴുതി തിരിച്ചുപോയ ജേര്‍ണലിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി സംഭവത്തിന്റെ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് രാംപുനിയാനി, എ. റശീദുദ്ദീന്‍, എ.കെ ഹാരിസ് എന്നിവരുടെ ലേഖനങ്ങള്‍ സഹായിച്ചു (ലക്കം 2820). മൂന്ന് ആണ്‍കുട്ടികളുടെ കൊലപാതകത്തില്‍നിന്ന് ചിതറിത്തെറിച്ച വര്‍ഗീയ തീപൊരി മഹാപഞ്ചായത്തിലൂടെ ആളിക്കത്തുന്നത് വരെ ഒന്നും ചെയ്യാതെ നിന്ന അഖിലേഷ് യാദവിന്റെ ഭരണകൂടം തന്നെയാണ് ഇവിടെ ഒന്നാം പ്രതി. നരേന്ദ്രമോഡിയുടെ വലംകൈയായ അമിത്ഷായുടെ 84-ാമത് പരിക്രമ യാത്ര തടഞ്ഞതുമൂലമുണ്ടായ ചില വിഭാഗങ്ങളുടെ അതൃപ്തി ഭൂരിപക്ഷത്തിന്റെ പ്രീതി സമ്പാദിച്ചുകൊണ്ട് ബാലന്‍സ് ചെയ്യിക്കുന്നതിനുള്ള നികൃഷ്ടമായ മൗനമായിരുന്നു അഖിലേഷ് യാദവിന്റേത്. തൊണ്ണൂറുകളില്‍ രഥയാത്ര തടയാനുള്ള ശ്രമത്തില്‍നിന്ന് മെല്ലെ ഉള്‍വലിഞ്ഞ് ലാലു പ്രസാദ് യാദവിന്റെ കോര്‍ട്ടിലേക്ക് ഗോളടിച്ച മുലായം സിംഗിന്റെ തന്ത്രം ആവര്‍ത്തിച്ചതും ആവാം. ഗുജറാത്ത് കലാപത്തിന് തുടക്കം ഒരു തീവണ്ടി കത്തിക്കലാണെങ്കില്‍, മുസഫര്‍ നഗര്‍ കലാപത്തെ ആളിക്കത്തിച്ചത് പത്തൊമ്പതോളം ട്രാക്ടറുകള്‍ നിറയെ ആളുകളോടൊപ്പം നദിയിലേക്ക് തള്ളിയിട്ട് ഇരുന്നൂറോളം ജാട്ടുകളെ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്തു എന്ന കള്ളപ്രചാരണമാണ് എന്ന് വരുമ്പോള്‍ രണ്ട് കലാപങ്ങളുടെയും സൂത്രധാരന്‍ ഒരാളാണെന്നത് പകല്‍പോലെ വ്യക്തമാണ്. അന്ന് ഗുജറാത്ത് പിടിക്കാനാണെങ്കില്‍ ഇന്ന് ഇന്ത്യാ മഹാരാജ്യം പിടിക്കാനാണ് ഒരുക്കം. ഈ സന്ദര്‍ഭത്തില്‍ ഭൂരിപക്ഷത്തെ രക്ഷിക്കാന്‍ മോഡി മാത്രമാണെന്ന വ്യാജ ധാരണ തിരുത്താന്‍ കെല്‍പ്പുള്ള ശക്തികളെ ഉയര്‍ത്തിക്കൊണ്ട് വരികയാണ് മതേതര വിശ്വാസികളുടെ കര്‍ത്തവ്യം.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/48-50
എ.വൈ.ആര്‍