കോര്‍പ്പറേറ്റ് കാലത്തെ ഫാഷിസ്റ്റ് വളണ്ടിയറാണ് മോഡി
കോര്‍പ്പറേറ്റുകളാണ് ഇന്ന് ലോകം ഭരിക്കുന്നത്. ജനാധിപത്യ പ്രക്രിയകളുടെ എത്ര കണക്കുകള്‍ നിരത്തിയാലും കമ്പനികളാണ് അവസാന ബെല്ല് മുഴക്കുന്നത്. വന്‍ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയെ നിയന്ത്രിക്കുന്നതും ആ രാജ്യത്തിന്റെ നയരൂപീകരണം നടത്തുന്നും കമ്പനികളാണ്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്, ലാദന്‍ കമ്പനിയിലടക്കം പങ്കാളിയായിരുന്നു. സി.ഐ.എ-എഫ്.ബി.ഐ മുന്‍ മേധാവികളും നിലവിലെ തലവന്മാരുമെല്ലാം കോര്‍പ്പറേറ്റ് കമ്പനികളുടെ തലപ്പത്തിരിക്കുന്നവരാണ്. 2005-ല്‍ സി.ഐ.എയുടെ ഡയറക്ടര്‍ സ്ഥാനം നിരസിക്കപ്പെട്ട് ജോണ്‍ ബ്രണ്ണന്‍ ഔദ്യോഗിക ജീവിത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചേക്കേറിയത് ദി അനാലിസ്റ്റ് കോര്‍പ്പറേഷന്‍ (ടി.എ.സി) എന്ന ഡിഫന്‍സ് കോണ്‍ട്രാക്ട് കമ്പനിയുടെ സി.ഇ.ഒ പദവിയിലേക്കാണ്. തീവ്രവാദത്തെ നേരിടാനും അമേരിക്കയുടെ ദേശീയ സുരക്ഷിതത്വം ഉറപ്പുവരുത്താനും കഴിയുന്ന ഇന്റലിജന്‍സ് വ്യവസ്ഥകളും സൈനിക സാങ്കേതിക വിദ്യകളും കരാറെടുത്ത് ചെയ്തുകൊടുക്കുന്ന കമ്പനിയാണ് ഇത്. 1990-ല്‍ നിലവില്‍ വന്ന കമ്പനി ഡിഫന്‍സ് സൊല്യൂഷന്‍സ് എന്ന പേരിലേക്ക് കൂടുമാറി. എഫ്.ബി.ഐ അടക്കമുള്ള വ്യത്യസ്ത ഏജന്‍സികളുമായി ബന്ധപ്പെട്ട് പലതരം രഹസ്യാന്വേഷണ കരാറുകള്‍ ഏറ്റെടുത്തു. 2009-ലാണ് ജോണ്‍ ബ്രണ്ണന്‍ തിരിച്ച് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായി മാറിയത്. സി.ഐ.എയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. സ്വകാര്യ കമ്പനികള്‍ അമേരിക്കയുടെ വിദേശ നയങ്ങളെയും ആഭ്യന്തര സുരക്ഷയെയും എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ കാര്യങ്ങള്‍.
അമേരിക്ക നടത്തുന്ന യുദ്ധങ്ങള്‍ കരാറടിസ്ഥാനത്തിലാണ്. സെപ്റ്റംബര്‍ 11-ന് ശേഷം നടന്ന എല്ലാ 'ഭീകരവിരുദ്ധ'യുദ്ധങ്ങളും ബ്ലാക് വാട്ടര്‍ എന്ന കോര്‍പ്പറേറ്റ് കമ്പനിക്കാണ് അമേരിക്ക കരാര്‍ കൊടുത്തത്. രഹസ്യാന്വേഷണ കരാറുകളും യുദ്ധ കരാറുകളും മാത്രമല്ല, ഒരു രാജ്യത്തെ ഭരണാധികാരിയെ അട്ടിമറിക്കാനും അമേരിക്ക ആശ്രയിക്കുന്നത് കമ്പനികളെയാണ്. ലോകത്തിന്റെ ഏതു കോണിലുമുള്ള ശത്രുക്കളെ വകവരുത്തുന്ന ആളില്ലാ വിമാനങ്ങളെ (ഡ്രോണ്‍) വികസിപ്പിച്ചത് ഈ കമ്പനിയാണ്. ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ അമേരിക്കയിലെ കൗണ്ടര്‍ ടെററിസം സെന്ററിലിരുന്നാണ് ഈ ഉന്മൂലനം നടപ്പിലാക്കുന്നത്. 2002-ല്‍ യമനിലെ ഖാഇദ് സിന്‍യാന്‍ അല്‍ഹാരിസിയെ യമനിലെ മആരിബ് പ്രവിശ്യയില്‍ വെച്ച് ഈ രീതിയില്‍ വധിച്ചുകൊണ്ടാണ് ഈ പരീക്ഷണം ആരംഭിച്ചത്. അല്‍ ഹരീരിയുടെ മൊബൈല്‍ പിന്തുടര്‍ന്ന് വന്ന എം.ക്യു.ഐ- പ്രെഡറ്റര്‍ എന്ന വിമാനമാണ് ഇത് നിര്‍വഹിച്ചത്.
ഉസാമാ ബിന്‍ലാദനെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്റ്റാര്‍' ഏറ്റെടുത്തത് ബ്ലാക് വാട്ടര്‍ യു.എസ്.എ എന്ന കോര്‍പ്പറേറ്റ് കമ്പനിയാണ്. അമേരിക്കന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന എറിക് പ്രിന്‍സും അല്‍ക്ലാര്‍ക്കും ചേര്‍ന്ന് രൂപം കൊടുത്ത സ്വകാര്യ മിലിറ്ററി കമ്പനിയാണ് ബ്ലാക് വാട്ടര്‍ യു.എസ്.എ. ബുഷ് ഭരണകൂടത്തില്‍ ഇറാഖ് വാര്‍ നടത്തിയത് ബ്ലാക് വാട്ടര്‍ കമ്പനിയാണ്. ലോകത്ത് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നിഴല്‍ യുദ്ധങ്ങള്‍ക്ക് ഒബാമയുടെ ഭരണകൂടം ആശ്രയിക്കുന്നത് ഇപ്പോള്‍ 'അക്കാദമി' എന്ന പേരിലേക്ക് കൂടുമാറിയ ബ്ലാക് വാട്ടര്‍ കമ്പനിയെ തന്നെയാണ്. ഉസാമ ബിന്‍ലാദനെ അബട്ടാബാദില്‍ കൊലപ്പെടുത്തിയത് ഈ കമ്പനിയുടെ ഏറ്റവും വലിയ ഒരു പ്രോജക്ടിന്റെ ഭാഗമായിരുന്നു. ഷക്കീല്‍ അഫ്‌രീദി എന്ന പാകിസ്താനി ഡോക്ടര്‍ക്ക് വലിയ തുകക്കാണ് ഈ പ്രോജക്ട് കമ്പനി ഏല്‍പിച്ചുകൊടുത്തത്. അബട്ടാബാദില്‍ വലിയ തോതില്‍ പ്രചാരണം നടത്തി വീടുവീടാന്തരം കയറിയിറങ്ങി വാക്‌സിനുകള്‍ നല്‍കുകയും രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ പ്രോജക്ട്. ഈ രക്തസാമ്പിളില്‍ നിന്ന് 2010-ല്‍ ബോസ്റ്റണില്‍ വെച്ച് മരിച്ച, ബിന്‍ലാദന്റെ സഹോദരിയുടെ ഡി.എന്‍.എ താരതമ്യം വഴി ഉറപ്പിച്ചായിരുന്നു ഉസാമയെ കണ്ടെത്തിയത്. ബ്ലാക് വാട്ടര്‍ കമ്പനിയുടെ ഏറ്റവും വലിയ നേട്ടമായി ഇത് വിലയിരുത്തപ്പെട്ടു. ഈജിപ്തിലെ പട്ടാള അട്ടിമറിക്ക് മുമ്പ് തഹ്‌രീര്‍ ചത്വരത്തില്‍ ആളുകളെ ഒരുമിച്ചുകൂട്ടി മുര്‍സി വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതും അമേരിക്കയിലെ പ്രസിദ്ധമായ രണ്ട് നിര്‍മാണ കമ്പനികളായിരുന്നു.
ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. റിലയന്‍സ്, ടാറ്റാ, ബിര്‍ള എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികള്‍. ആന്ധ്ര-ഗോദാവരി വാതകപ്പാടങ്ങള്‍ പ്രകൃതിവാതക ഉല്‍പാദനത്തിനു വേണ്ടി ഭരണകൂടം റിലയന്‍സിനു നല്‍കിയതാണ്. പ്രകൃതി വാതകം 8.40 ഡോളറിന് (ഒരു യൂനിറ്റിന്) നല്‍കുമെന്നാണ് റിലയന്‍സിന്റെ വാദം. രംഗരാജന്‍ കമീഷന്‍ ഇതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. റിലയന്‍സിന്റെ ആവശ്യങ്ങളാണ് ഒരു രാജ്യത്തിന്റെ ആവശ്യമായി മാറുന്നത്. ഇന്ധന വില വര്‍ധനയും മറ്റും ഇതില്‍ നിന്നാണ് രൂപപ്പെടുന്നത്. ഇപ്പോള്‍ വിദേശ കടത്തിന്റെ 20 ശതമാനമേ സര്‍ക്കാറിന്റെ സംഭാവനയായുള്ളൂ. ഇന്ത്യയുടെ മൊത്തം കടത്തിന്റെ 45 ശതമാനം കോര്‍പ്പറേറ്റ് കമ്പനികളുടെയും ഉഭയകക്ഷി ഏജന്‍സികളുടെയും വിനിമയത്തെത്തുടര്‍ന്നുള്ളതാണ്. ഈ വര്‍ഷം മാര്‍ച്ച് അവസാനിക്കുമ്പോള്‍ 4.78 ശതമാനമായിരുന്നു ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ 4.7 ശതമാനമായി അത് കുറഞ്ഞു. ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ കുറവാണിത്. രാജ്യത്തെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ ഒരു കോര്‍പ്പറേറ്റ്കാരനും പ്രശ്‌ന പരിഹാരം നിര്‍ദേശിച്ചില്ല. പതിവു രീതികളില്‍ നിന്ന് മാറി ചിന്തിക്കണമെന്നാണ് റിലയന്‍സ് ഇതിനോട് പ്രതികരിച്ചത്. സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായും റിലയന്‍സ് മാറി ചിന്തിച്ചു തുടങ്ങി. തങ്ങളുടെ ഓഹരി പങ്കാളിത്തമുള്ള ചാനലുകളില്‍ (ഐ.എന്‍.എന്‍, ഐ.ബി.എന്‍) രത്തന്‍ ടാറ്റയുടെ അഭിമുഖം സംഘടിപ്പിച്ചു. മോഡിയുടെ ബോഡിഗാര്‍ഡായി മാറിയ രത്തന്‍ ടാറ്റയുടെ അഭിമുഖത്തിലൂടെ റിലയന്‍സ് അവരുടെ രാഷ്ട്രീയം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ഗുജറാത്ത് പാരമ്പര്യവും ഇതിനു വേണ്ടി അവര്‍ ഉപയോഗിച്ചു തുടങ്ങി.
രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് റിലയന്‍സായിരുന്നു. രാഹുലിന്റെ പൊളിറ്റിക്കല്‍ ഷോ വര്‍ക്ക് പോലും റിലയന്‍സ് തിരക്കഥയിലാണ് നിറഞ്ഞാടുന്നത്. ഹെലികോപ്റ്ററടക്കമുള്ള വാഹന സൗകര്യങ്ങള്‍ സൗജന്യമായി രാഹുലിന് നല്‍കിയതും അംബാനിമാരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ധന ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ചുമതല വഹിക്കുന്നത്. രൂപയുടെ തകര്‍ച്ചയും നിക്ഷേപകമ്മിയുമെല്ലാമാണ് അംബാനിമാരെ കോര്‍പ്പറേറ്റുകളുടെ കളിത്തോഴനായ മോഡിയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ ടുഡേയും അവരുടെ കീഴിലുള്ള ഹെഡ്‌ലൈന്‍സ് ടുഡേയും മോഡിലോബിയിലേക്ക് പരസ്യമായി കൂടുമാറിയിരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസെന്ന പത്ര കോര്‍പ്പറേറ്റ് സ്ഥാപനം നേരത്തെ തന്നെ മോഡിയുടെ കൈയിലാണ്. ഗുജറാത്തിലെ വനഭൂമിയും മലയോരവും ടാറ്റക്ക് പതിച്ചു നല്‍കിയിരിക്കുന്നു. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും തോറ്റോടിയ ടാറ്റ മുതലാളിക്ക് നരേന്ദ്രമോഡി ആദ്യം പതിച്ച് നല്‍കിയത് വംശഹത്യയിലൂടെ പിടിച്ചെടുത്ത സ്ഥലമായിരുന്നു. വളര്‍ന്നുവരുന്ന നഗരങ്ങളിലെല്ലാം കോര്‍പ്പറേറ്റ് കമ്പനികളാണ് പിടിമുറുക്കിയിരിക്കുന്നത്. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവും അതിന്റെ ശരീരഭാഷയും സ്വീകരിച്ച വ്യക്തിയാണ് നരേന്ദ്ര മോഡി. നരേന്ദ്രമോഡിയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്ന സമീപനങ്ങളാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ സ്വീകരിച്ചിട്ടുള്ളത്. ഒരേസമയം ഹിന്ദുത്വ ഭീകരരെയും കോര്‍പ്പറേറ്റുകളെയും തൃപ്തിപ്പെടുത്തുന്ന മെയ് വഴക്കമാണ് മോഡി ആര്‍ജിച്ചെടുത്തിട്ടുള്ളത്.
ഹിന്ദുത്വ അജണ്ടയേക്കാള്‍ നശീകരണ ശേഷിയുള്ള മോഡിത്വമാണ് നരേന്ദ്ര മോഡിയുടെ പ്രത്യയശാസ്ത്രം. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നയങ്ങളും ഭാവങ്ങളും പയറ്റിത്തെളിഞ്ഞ ഹിന്ദുത്വവാദി. ഗുജറാത്ത് വംശഹത്യയില്‍ തന്നെ തെളിഞ്ഞുവന്നത് ഹിന്ദുത്വഭീകരരുടെ പ്രത്യയശാസ്ത്രവും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുമായിരുന്നു. ഗുജറാത്ത് വംശഹത്യയില്‍ ഉപയോഗിച്ചത് ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് കമ്പനി പ്രത്യേകം വികസിപ്പിച്ച രാസവസ്തുക്കളായിരുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. എഴുപത് മുതല്‍ എണ്‍പത് ദിവസങ്ങള്‍ വരെ നീണ്ടുനിന്ന ഒരു പ്രക്രിയയായിരുന്നു ഇത്. ഈ കാലദൈര്‍ഘ്യമാണ് ഗുജറാത്ത് വംശഹത്യയുടെ സവിശേഷത. രണ്ട് മാസത്തിലധികം നീണ്ടുനിന്ന ഇന്ത്യയിലെ ആദ്യത്തെ വംശഹത്യയായിരുന്നു ഇത്. കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട് ആക്രമിക്കാന്‍ ഹിന്ദുത്വ കാപാലികര്‍ ഉപയോഗിച്ചത് ഈ രാസവസ്തുവായിരുന്നു. ലോകത്തിന്റെ യുദ്ധ ചരിത്രത്തില്‍ ഇസ്രയേല്‍ മാത്രമാണ് ഇത്തരം രാസവസ്തു ഉപയോഗിച്ചിട്ടുള്ളത്. മനുഷ്യന്റെ ശരീരത്തിലെ അസ്ഥികള്‍ പോലും ദ്രവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ഇത് സപ്ലൈ ചെയ്ത കമ്പനിക്ക് അഹ്മദാബാദിലെ കണ്ണായ സ്ഥലം പതിച്ചു നല്‍കിയാണ് മോഡി നന്ദി രേഖപ്പെടുത്തിയത്.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ കീഴില്‍ മോഡിയുടെ പ്രചാരണ ചുമതല വഹിക്കുന്ന കോര്‍പ്പറേറ്റുകള്‍ നടത്തിയ സര്‍വേയായിരുന്നു ഈയടുത്ത് പുറത്ത് വന്നത്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നാണ് ഇതിലെ കണ്ടെത്തല്‍. സര്‍വേകള്‍ എല്ലാ കാലത്തും ഏതെങ്കിലും കമ്പനികളാണ് നടത്താറുള്ളത്. ബിര്‍ള കമ്പനി മുതല്‍മുടക്കി കോണ്‍ഗ്രസ് അനുകൂല സര്‍വേകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ധാരാളം നടത്തിയിരുന്നു. സര്‍വേകളിലൂടെ ഒരു മനഃശാസ്ത്രയുദ്ധമാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിലെ സാമൂഹിക ശല്യമായ (social disturbance) മായവര്‍ക്കെതിരെ കരുത്ത് തെളിയിക്കുന്ന അധികാരിയായിട്ടാണ് മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. മുസ്്‌ലിംകളാണ് ഇന്ത്യയിലെ സാമൂഹിക ശല്യമായി സംഘ്പരിവാര്‍ വിലയിരുത്തുന്നത്. സംഘ്പരിവാറിന്റെ പദാവലികള്‍ തന്നെയാണ് മീഡിയയും സര്‍വേക്ക് ഉപയോഗിക്കുന്നതെന്നത് കോര്‍പ്പറേറ്റ് മീഡിയയുടെ കൂറിനെയാണ് വെളിപ്പെടുത്തുന്നത്. നാഗ്പൂരില്‍ നിന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞത് 'ഗുജറാത്തില്‍ ഒറ്റ മുസ്‌ലിം എം.എല്‍.എയുമില്ല, അങ്ങനെയാണ് നരേന്ദ്ര മോഡി ഇന്ത്യയിലെ വ്യവസ്ഥ മാറ്റിയെടുക്കുക' എന്നാണ്. ന്യൂനപക്ഷ ഉന്മൂലനത്തിന് പേരുകേട്ട ഒരു ഫാഷിസ്റ്റ് വളണ്ടിയറെ ദല്‍ഹിയിലേക്ക് കുടിയിരുത്തുന്നതിലൂടെ ഏതുതരത്തിലുള്ള വ്യവസ്ഥാ മാറ്റമാണ് സംഘ്പരിവാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. പ്രതിമാസം വന്‍ തുക ചെലവഴിച്ചുകൊണ്ടാണ് മോഡി തന്റെ പ്രചാരണ ചുമതല ഒരു കോര്‍പ്പറേറ്റ് കമ്പനിയെ ഏല്‍പിച്ചിട്ടുള്ളത്. രജീന്ദര്‍ കുമാറിനെ പോലുള്ള ഐ.ബി ഓഫീസര്‍മാരും ടാറ്റയുടെയും റിലയന്‍സിന്റെയും പ്രത്യേക പ്രചാരണ വിഭാഗങ്ങളും കൂടിച്ചേര്‍ന്നാണ് മോഡിയുടെ മോടി കൂട്ടുന്നത്. ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും ലക്ഷ്യ കേന്ദ്രമായി മോഡിയെ ഉയര്‍ത്തിക്കാട്ടി വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ച് ഇശ്‌റത്ത് ജഹാനടക്കമുള്ളവരെ കൊലപ്പെടുത്തിയതും മോഡിയെ ഉരുക്കു മനുഷ്യനായി സ്ഥാപിക്കാനാണ്. മോഡിയുടെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ഇടയിലെ കണ്ണിയാവുന്നത് അമിത് ഷായാണ്. 'മുസ്‌ലിംകളെ കൊല ചെയ്യുമ്പോഴാണ് എന്നില്‍ ദേശവികാരം ശക്തിപ്പെടുന്നത്' എന്ന് പ്രസ്താവിച്ച ക്രൂരനാണ് അമിത് ഷാ. യു.പി പിടിക്കാന്‍ മോഡി അദ്ദേഹത്തെ നേരിട്ട് നിയോഗിച്ചിരിക്കുകയാണ്. യു.പിയില്‍ കാലുകുത്തിയ ഉടനെ മുസഫര്‍ നഗര്‍ സംഭവിക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, സി.എന്‍.എന്‍, എന്‍.ഡി.ടിവിയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ മുസഫര്‍ നഗറിനെ മോഡിയുടെ തിരിച്ചുവരവായിട്ടാണ് ആഘോഷിച്ചത്. യു.പി.എയുടെ സാമ്പത്തിക നയം നേരിട്ട തകര്‍ച്ച ഒരു തവണ കൂടി തിരിച്ചുവരാന്‍ അവരെ അയോഗ്യരാക്കിയിരിക്കുന്നു. ഇത് നേരത്തെ തന്നെ അറിഞ്ഞ ടാറ്റയും റിലയന്‍സും ഇന്റലിജന്‍സും കോര്‍പ്പറേറ്റ് മീഡിയയും ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തുന്ന ഫാഷിസ്റ്റാണ് നരേന്ദ്ര മോഡി.
അഡോള്‍ഫ് ഹിറ്റ്‌ലറെ ജര്‍മനിയില്‍ ഭരണാധികാരിയാക്കി വളര്‍ത്തിയത് ക്യു.എം.എന്‍, ജി.ടി.എസ് എന്നീ രണ്ട് നിര്‍മാണ കമ്പനികളായിരുന്നു. ഹോളോകാസ്റ്റിനു വേണ്ടി ഗ്യാസ് ചേംബര്‍ നിര്‍മിച്ചുകൊടുത്തതും ഈ കമ്പനികളാണ്. ഹിറ്റ്‌ലറുടെ ശരീരഭാഷ വികസിപ്പിച്ചെടുത്തത് ഇവര്‍ ട്രെയ്‌നിംഗ് കൊടുത്തിട്ടാണ്. ഈ സമാനത മോഡിയിലുണ്ടെന്നത് നമ്മെ അമ്പരിപ്പിക്കുന്നു. മോഡിയുടെ പട്ടിക്കുട്ടി പ്രയോഗത്തിന് സമാനമായ സംഭവങ്ങള്‍ ഹിറ്റ്‌ലറുടെ ജീവിതത്തിലുമുണ്ട്. 1933-ല്‍ ഹിറ്റ്‌ലര്‍ സമഗ്രമായ മൃഗസംരക്ഷണ നിയമം കൊണ്ടുവന്നപ്പോള്‍ ലോകം അത്ഭുതപ്പെട്ടു. മത്സ്യം മുറിച്ച് കഷ്ണമാക്കുന്നതിന് മുമ്പ് അവയെ ബോധം കെടുത്തണമെന്നായിരുന്നു ഒരു വ്യവസ്ഥ! മൃഗങ്ങളെ വേദനിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം വരെയുള്ള ശിക്ഷകള്‍ വിധിച്ചിരുന്നു. അതേ ഹിറ്റ്‌ലറാണ്, ഒന്ന് ബോധം പോലും കെടുത്താതെ ദശലക്ഷക്കണക്കിന് മനുഷ്യരെ ഇഞ്ചിഞ്ചിയായി കൊലചെയ്തത്. ആക്രമണോത്സുകമായ ഒരു പ്രത്യയശാസ്ത്രം സ്വീകരിച്ച കോര്‍പ്പറേറ്റുകാലത്തെ ഫാഷിസ്റ്റാണ് നരേന്ദ്ര മോഡി. ഒരു പ്രതിഷേധം പോലും ഉയര്‍ത്താതെ മോഡിയുടെ അധികാരത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതില്‍ ഇവര്‍ എല്ലാവരും പങ്കാളിയാവുന്നു. കേരളത്തിലെ പ്രമുഖനായ ഒരു മുസ്‌ലിം മത പുരോഹിതന്‍ വരെ മോഡിയെ അംഗീകരിക്കാന്‍ തയാറായിരിക്കുന്നു. വന്‍ മുതല്‍മുടക്കുകള്‍ നടത്തി ആള്‍ദൈവങ്ങളെയും പുരോഹിതന്മാരെയും സൈബര്‍ മേഖലകളെയും തനിക്കനുകൂലമാക്കാന്‍ മോഡിയും പരിവാരങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മറ്റാരേക്കാളും സൈബര്‍ മേഖലയില്‍ വന്‍ പിന്തുണയാര്‍ജിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മോഡി. നരേന്ദ്ര മോഡിയെന്താണെന്ന് ഗുജറാത്തിലൂടെ മുഴുവനാളുകളും കണ്ടതാണ്. അധികാരത്തിലേക്കുള്ള ആ വഴിയില്‍ ചെറുവിരലനക്കി പ്രതിഷേധിക്കാന്‍ പോലും ആളില്ലാത്ത വിലാപമായി ജനാധിപത്യ ചേരി മാറിയിരിക്കുന്നു.
Comments