Prabodhanm Weekly

Pages

Search

2013 നവംബര്‍ 01

മക്കയിലേക്കുള്ള ആയിരം വഴികള്‍

ഉബൈദുര്‍റഹ്മാന്‍ / പുസ്തകം

രു വിശ്വാസിയുടെ ആത്മീയ ജീവിതത്തിലെ സുപ്രധാന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന അനുഷ്ഠാനമാണ് ഹജ്ജ്. സാമ്പത്തികമായും ആരോഗ്യപരമായും കഴിവുള്ള വിശ്വാസി നിര്‍ബന്ധമായും ഹജ്ജ് അനുഷ്ഠിക്കണമെന്ന് മതം അനുശാസിക്കുന്നു. അതിനാല്‍ 'രിഹ്‌ല' എന്ന് അറബിയിലും 'സഫര്‍നാമ' എന്ന് പേര്‍ഷ്യനിലും വിളിക്കുന്ന ഇസ്‌ലാമിക യാത്രാ സാഹിത്യങ്ങളില്‍ മക്കയിലേക്കുള്ള യാത്ര മുഖ്യഘടകമാണ്. ശാരീരികമായി അനുഭവപ്പെടുന്ന സ്ഥല, കാല വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആത്മീയമായി നടത്തുന്ന യാത്രയാണ് ഹജ്ജ്.
പതിനൊന്നാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 ഹജ്ജനുഭവങ്ങളാണ് മൈക്കിള്‍ വൂള്‍ഫ് എഡിറ്റ് ചെയ്ത One Thousand Roads to Mecca:Ten Centuries of Travellers Writing about the Muslim Pilgrimage. വിഭിന്നങ്ങളായ ജീവിത പരിസരങ്ങളില്‍ നിന്നും ആത്മീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും മക്കയിലെത്തിയ ഇവരുടെ ലക്ഷ്യങ്ങളും വിഭിന്നങ്ങളായിരുന്നു. ആധുനിക ഗതാഗതസൗകര്യങ്ങള്‍ വരുന്നതിന് മുമ്പ് മാസങ്ങളും വര്‍ഷങ്ങളുമെടുക്കുമായിരുന്നു മക്കയിലെത്തിച്ചേരാന്‍. അതുകൊണ്ട് തന്നെ ഇതിലെ ഭൂരിപക്ഷം രചനകളും പോക്ക് വരവുകളെക്കുറിച്ചാണ്. വലിയ പട്ടണങ്ങള്‍, വിചിത്രമായ സ്ഥലങ്ങള്‍, പ്രാദേശിക നാട്ടാചാരങ്ങള്‍, അപരിചിതരായ മനുഷ്യര്‍, അസാധാരണമായ വഴികള്‍, പുണ്യസ്ഥലങ്ങള്‍, സൂഫികള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ കടന്നുവരുന്നു.
ഹാജിമാര്‍ അപകടങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തരായിരുന്നില്ല; പ്രകൃതി ദുരന്തങ്ങള്‍, കൊള്ളസംഘങ്ങള്‍, അടിമക്കച്ചവടക്കാര്‍, രോഗങ്ങള്‍, കാരാഗൃഹ വാസം, യുദ്ധങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എല്ലാ അഭിമുഖീകരിക്കേണ്ടിവരുന്ന യാത്രകള്‍. 1350ല്‍ ഇബ്‌നുബത്തൂത്ത നാട്ടില്‍ തിരിച്ചെത്തുന്നത് പ്ലേഗ് പിടിപെട്ടാണെങ്കില്‍ ജോസഫ് പിറ്റ്‌സിന്(1685) പതിനഞ്ച് വര്‍ഷം അടിമയായി ജീവിക്കേണ്ടി വന്നു. ജോണ്‍ ലൂയിസ് ബര്‍ക്ക്ഹാര്‍ട്ട് (1814) ഹജ്ജ് സമയത്ത് പിടിപെട്ട അസുഖത്താലാണ് കയ്‌റോവില്‍ വെച്ച് മരണമടഞ്ഞത്. കൊള്ളസംഘങ്ങളും അടിമത്തവുമൊന്നും മധ്യകാലഘട്ടത്തിലെ മാത്രം പ്രത്യേകതയായിരുന്നില്ല. 1930കള്‍ വരെ ഹജ്ജ് യാത്ര അത്ര സുഖകരമായ അനുഭവമായിരുന്നില്ല. ബനൂ ഹര്‍ബ്, ബനൂ ഉതൈബ ഗോത്രങ്ങളുടെ അപ്രതീക്ഷിത അക്രമണങ്ങള്‍ ഹിജാസിലേക്കുള്ള തീര്‍ഥാടക സംഘങ്ങളുടെ യാത്ര നരകതുല്യമാക്കി.
ടെക്‌നോളജി ഹജ്ജിന്റെ രൂപഭാവങ്ങളെയാണ് മാറ്റിമറിച്ചതെങ്കില്‍ ആധുനികത അതിന്റെ സാഹിത്യത്തെയും ബൗദ്ധിക വ്യവഹാരങ്ങളെയുമാണ് സ്വാധീനിച്ചത്. ഇസ്‌ലാമിക ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ ഹജ്ജ് യാത്രയെയും സ്വാധീനിക്കുന്നുണ്ട്.
അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തില്‍ ആദ്യ ഭാഗത്ത് മധ്യകാലത്തെ ഇസ്‌ലാമിക ലോകത്ത് നിന്നുള്ള മൂന്ന് ക്ലാസിക്കുകളാണുള്ളത്. അക്കാലം മുസ്‌ലിം ലോകത്തിന്റെ സുവര്‍ണകാലമായിരുന്നെങ്കിലും മക്കയിലായിരുന്നില്ല അതിന്റെ രാഷ്ട്രീയ കേന്ദ്രം. വൈജ്ഞാനിക, കലാ-സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ ദമാസ്‌കസിലും ബഗ്ദാദിലും കൈറോവിലുമായിരുന്നെങ്കില്‍ ഹിജാസിന് പുണ്യസ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമെന്ന പരിഗണനയാണ് ലഭിച്ചത്. പേര്‍ഷ്യന്‍ കവിയും സൂഫിയുമായിരുന്ന നാസിര്‍ ഖുസ്രു മക്കയിലേക്ക് നടത്തിയ കാല്‍നടയാത്രയുടെ വിവരണത്തോടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. 12-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇബ്‌നു ജുബൈര്‍ സ്‌പെയിനില്‍ നിന്നും, ഇസ്‌ലാമിക ലോകത്തെ ഏറ്റവും പ്രശസ്ത യാത്രാവിവരണ ഗ്രന്ഥകാരന്‍ ഇബ്‌നു ബത്തൂത്ത മൊറോക്കോയില്‍ നിന്നും നടത്തുന്ന ഹജ്ജ് യാത്രകള്‍ തുടര്‍ന്നു വരുന്നു. ദമാസ്‌കസും കയ്‌റോയുമായിരുന്നു ഇക്കാലഘട്ടത്തില്‍ ഹജ്ജിന് പ്രധാനമായും പണം മുടക്കിയിരുന്നത്. കുരിശുയുദ്ധങ്ങളും ഹിജാസിലും മക്കയിലും പുതിയ ഗവര്‍ണര്‍മാര്‍ ഉണ്ടാകുന്നതും ഈയെഴുത്തുകളില്‍ കടന്നു വരുന്നു. അജ്ഞാതമായ നഗരത്തിലേക്കുള്ള സാഹസിക യാത്രയെക്കുറിച്ച വിവരങ്ങളായിരുന്നില്ല ഇവരുടെ രചനകള്‍. ലക്ഷ്യത്തെക്കുറിച്ചും അതിലേക്കുള്ള മാര്‍ഗ്ഗത്തെപ്പറ്റിയും തികഞ്ഞ ധാരണയുണ്ടായിരുന്ന ഇവരുടെ ഉദ്ദേശ്യം തികച്ചും ആത്മീയമായിരുന്നു. മാര്‍ക്കോപോളോയുടെയും ഇബ്‌നുബത്തൂത്തയുടെയും രചനകള്‍ തമ്മിലുള്ള അടിസ്ഥാനപരമായി വ്യത്യാസവും അതായിരുന്നു.
രണ്ടാമത്തെ ഭാഗത്ത്(1503-1814) ഇറ്റലി, സ്‌പെയിന്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്റ് എന്നീ പാശ്ചാത്യരാജ്യങ്ങളിലെ പൗരന്മാര്‍ നടത്തിയ ഹജ്ജ് യാത്രകളാണ്. പാശ്ചാത്യ നവോത്ഥാനം, ജ്ഞാനോദയം, റൊമാന്റിക് കാലത്തിന്റെ ആരംഭം എന്നിവയുടെ സ്വാധീനം ഈ രചനകളുടെ പ്രത്യേകതയാണ്. 1503ല്‍ ഇറ്റലിയില്‍ നിന്ന് തീര്‍ഥാടക സംഘത്തിന്റെ അംഗരക്ഷക വേഷത്തില്‍ പുണ്യഭൂമിയിലെത്തിയ ലുഡാവികോ ദി വാര്‍ത്തെമ ലാറ്റിന്‍ ഭാഷയിലെഴുതിയ അസാധാരണ രചനയിലൂടെയാണ് ഈ ഭാഗം തുടങ്ങുന്നത്. തുടര്‍ന്ന് വരുന്ന കുറിപ്പ് ജോസഫ് പിറ്റ്‌സിന്റേതാണ്. പതിനാലാം വയസ്സുമുതല്‍ പതിനഞ്ച് വര്‍ഷം അടിമയാകേണ്ടി വന്ന പിറ്റ്‌സിന് മൂന്ന് യജമാനന്മാരാണ് ഉണ്ടായിരുന്നത്. ക്രൂരനായിരുന്ന  ആദ്യ യജമാനന്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍പ്പിച്ചെങ്കില്‍ രണ്ടാമത്തെയാള്‍ ഇസ്‌ലാമിലേക്ക് നിര്‍ബന്ധപൂര്‍വ്വം മതംമാറ്റി. എന്നാല്‍ മൂന്നാമത്തെ യജമാനന്‍ തന്റെ സ്വത്ത് മുഴുവന്‍ പിറ്റ്‌സിന് നല്‍കുകയും ഹജ്ജ് യാത്രയില്‍ കൂടെ കൊണ്ട് പോകുകയും ചെയ്തു. യജമാനനൊപ്പം നടത്തിയ ആ ഹജ്ജാണ് പിറ്റ്‌സിന്റെ രചനക്കാധാരം. മുസ്‌ലിം സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍, വസ്ത്രധാരണം തുടങ്ങിയവയെക്കുറിച്ചെല്ലാം സൂക്ഷ്മമായും വിശദമായും എഴുതിയ ആദ്യത്തെ ഇംഗ്ലീഷുകാരനാണ് പിറ്റ്‌സ്. അടിമത്തത്തിന്റെ പീഡാനുഭവങ്ങള്‍ പേറുന്ന ഒരാള്‍ക്ക് ഹജ്ജ് എങ്ങനെയാണ് അനുഭവപ്പെടുക എന്ന് കൂടി പിറ്റ്‌സിന്റെ രചനയിലുണ്ട്.
1856ലെ റിച്ചാര്‍ഡ് ബര്‍ട്ടന്റെ പ്രശസ്തമായ കുറിപ്പും ഈ ഭാഗത്താണ്. മികച്ച പര്യവേക്ഷകനെന്ന പേരെടുത്ത ബര്‍ട്ടന്റെ, നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനും പ്രാദേശിക ജനങ്ങളുമായി ഇടപെടാനുള്ള കഴിവുകള്‍ ചാരവൃത്തിക്ക് ഉപയോഗിച്ചിരുന്നു. ബര്‍ട്ടന്റെ നിരവധി ജീവചരിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മക്കയിലേക്ക് ബര്‍ട്ടന്‍ നടത്തിയ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവയെല്ലാം മൗനം പാലിക്കുന്നു. 'രിഹ്‌ല'യുടെ മാറിവരുന്ന പ്രവണതകള്‍ രേഖപ്പെടുത്തുന്നുണ്ട് പേര്‍ഷ്യന്‍ നയതന്ത്രജ്ഞനായ മുഹമ്മദ് ഫറഹാനി(1885)യുടെ കുറിപ്പില്‍. ആത്മീയമായ യാത്ര എന്നതിനപ്പുറം കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍, ശാസ്ത്രീയ സമീപനങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന മുസ്‌ലിംകളുടെ യാത്രാവിവരണങ്ങള്‍ കടന്നുവരാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്. 1908ലെ ആര്‍തര്‍ വേവലിന്റെ വിവരണം ഈ പുസ്തകത്തിലെ അമുസ്‌ലിമായ ഒരാളുടെ അവസാന കുറിപ്പാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ പല കാരണങ്ങള്‍ തീര്‍ഥാടകനായുള്ള വേഷപ്പകര്‍ച്ചയിലേക്ക് ഇവരെ നയിച്ചിട്ടുണ്ടാകാം. യൂറോപ്പിന്റെ കാലങ്ങളായുള്ള സാംസ്‌കാരിക പദ്ധതിയുടെ ഭാഗമായും, വ്യാപാരം ലക്ഷ്യവെച്ചും, ഭാഗ്യം തേടിയും പ്രശസ്തിക്ക് വേണ്ടിയും അവര്‍ യാത്ര തുടങ്ങിയിട്ടുണ്ടാകാം, യൂലിസിസ്സിനെപ്പോലെ  വീരസാഹസിക പ്രവൃത്തികളും ചിലരുടെ ലക്ഷ്യമാകാം. വൈജ്ഞാനികാവശ്യത്തിനും ഇവര്‍ മക്കയിലെത്തിച്ചേര്‍ന്നു. അല്ലാഹുവിന്റെയടുത്ത് ഇവരുടെ ഹജ്ജിന്റെ സ്വീകാര്യത മാറ്റി നിര്‍ത്തിയാല്‍ വായനക്കാരെ സംബന്ധിച്ചേടത്തോളം തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ ഈ കുറിപ്പുകള്‍ പ്രദാനം ചെയ്യുന്നുണ്ട്. അതുവരെ മുസ്‌ലിംകളെക്കുറിച്ച് യൂറോപ്പിനുണ്ടായിരുന്ന ചില ധാരണകളെക്കുറിച്ച പുനരാലോചനക്കും ഇവരുടെ രചനകള്‍ വഴിതെളിയിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
നാലാമത്തെ ഭാഗം ഇസ്‌ലാം സ്വീകരിച്ച അഞ്ച് പേരുടെ മക്കയിലേക്കുള്ള തീര്‍ഥാടനമാണ്. യൂറോപ്പില്‍ ഉരുണ്ടു കൂടിയ യുദ്ധമേഘങ്ങളും  അബ്ദുല്‍ അസീസ് ഇബ്‌നു സുഊദ് മക്ക കീഴടക്കി(1924) സുഊദി അറേബ്യ എന്ന രാജ്യം(1932) സ്ഥാപിച്ചതും ഉസ്മാനി സാമ്രാജ്യത്തിന്റെ അവസാനവും ഈയെഴുത്തുകളില്‍ പ്രതിഫലിക്കുന്നു. ഒട്ടകപ്പുറത്ത് ഹജ്ജിന് പോയ അവസാന ദശകത്തിന്റെ ഓര്‍മ്മ കൂടിയാണ് 1925ലെ ബ്രിട്ടീഷുകാരനായ എല്‍ഡന്‍ റട്ടേഴ്‌സിന്റെ കുറിപ്പ്. രണ്ട് സ്ത്രീകളുടെ ഹജ്ജ് അനുഭവങ്ങള്‍ ഈ ഭാഗത്തുണ്ട്; 1927ല്‍ വിനിഫ്രെഡ് സ്റ്റെഗാര്‍ കുടുംബത്തോടൊപ്പം ആസ്‌ട്രേലിയയില്‍നിന്ന് ഹജ്ജില്‍ പങ്കെടുത്തതും ലേഡി ഇവെലിന്‍ കൊബോള്‍ഡിന്റെ ഹജ്ജ് യാത്രയും. മുഹമ്മദ് അസദിന്റെ പ്രസിദ്ധമായ ഹജ്ജനുഭവവും ഈ ഭാഗത്താണ്.
 കുടിയേറ്റങ്ങള്‍ യൂറോപ്പിലേക്ക് ഇസ്‌ലാമിന്റെ വ്യാപനം എളുപ്പമാക്കിയ, ആഗോള മൊഡേണിറ്റി അറേബ്യയെ സ്വാധീനിച്ചു തുടങ്ങിയ, ഒട്ടകങ്ങള്‍ക്കും കാറുകള്‍ക്കും പകരം വിമാനങ്ങള്‍ സഞ്ചാരസൗകര്യമൊരുക്കിയ കൊളോണിയലാനന്തര ജെറ്റ് കാലത്തെ കുറിപ്പുകളാണ് അഞ്ചാം ഭാഗത്തിലുള്ളത്. ദൂരങ്ങളെ ആഴ്ചകളും മാസങ്ങളും കൊണ്ട് അളന്നിരുന്നത് മണിക്കൂറുകളിലേക്ക് ചുരുങ്ങുകയായിരുന്നു.
1964ലെ ആഫ്രോ-അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സിന്റെയും ഇറാന്‍ നോവലിസ്റ്റ് ജലാല്‍ അല്‍-ഇ അഹമ്മദിന്റെയും ഹജ്ജ് കുറിപ്പുകളില്‍ അവരുടെ രാഷ്ട്രീയം അന്തര്‍ധാരയായി വരുന്നുണ്ട്. മരണത്തിന് ഒരു വര്‍ഷം മുമ്പാണ് മാല്‍ക്കം എക്‌സ് ഹജ്ജ് നിര്‍വ്വഹിക്കുന്നത്. എലിജാ മുഹമ്മദിന്റെ (നാഷന്‍സ് ഓഫ് ഇസ്‌ലാം) വികല ഇസ്‌ലാമിന്റെ തടവറയില്‍ നിന്ന് മോചിതനാവാന്‍ ഈ ഹജ്ജ് മാല്‍ക്കം എക്‌സിനെ സഹായിച്ചിട്ടുണ്ട്. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് രണ്ട് തവണ കൂടി മാല്‍ക്കം എക്‌സ് മക്ക സന്ദര്‍ശിക്കുന്നുണ്ട്. ഇറാനില്‍ മുഹമ്മദ് രിസാ പഹ്‌ലവിയുടെ മര്‍ദക ഭരണകൂടത്തിന്റെ സമയത്താണ് ജലാല്‍ അല്‍-ഇ അഹമ്മദ് തന്റെ സഹോദരിയോടൊപ്പം ഹജ്ജ് നിര്‍വ്വഹിക്കുന്നത്.
അതതു കാലത്തെ ഹജ്ജ് യാത്രയുടെ ഭൂപടം കൊടുത്തിരിക്കുന്നത് ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ അക്കാലത്തെ യാത്രാവഴികളെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മെ ഈ പുസ്തകം സഹായിക്കും. വിവിധ കാലങ്ങളില്‍ ജീവിച്ച തീര്‍ഥാടകരുടെ മാനസിക വ്യാപാരങ്ങളോടൊപ്പം വായനക്കാരനെ വഴി നടത്തുന്ന ഈ ഗ്രന്ഥം ഇസ്‌ലാമിക ലോകത്ത് സംഭവിച്ച മാറ്റങ്ങളുടെ ചരിത്രരേഖ കൂടിയായി മാറുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/48-50
എ.വൈ.ആര്‍