Prabodhanm Weekly

Pages

Search

2013 നവംബര്‍ 01

പി.കെ അബ്ദുല്ല മൗലവി പണ്ഡിത സഹസ്രത്തിന്റെ ഗുരുവര്യന്‍

ഹൈദരലി ശാന്തപുരം / സ്മരണ

വിവിധ തലമുറകളിലായി ആയിരക്കണക്കില്‍ ശിഷ്യന്മാര്‍ക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുകൊടുക്കുകയും ജീവിത യാത്രയില്‍ ദിശാബോധം നല്‍കുകയും ചെയ്ത പണ്ഡിതനായിരുന്നു 2013 ഒക്‌ടോബര്‍ 9-ന് ഇഹലോകവാസം വെടിഞ്ഞ ശാന്തപുരത്തെ പി.കെ അബ്ദുല്ല മൗലവി. 1953 മുതല്‍ 2000 വരെ നീണ്ട അദ്ദേഹത്തിന്റെ ഔദ്യോഗിക അധ്യാപന ജീവിതം, സമകാലിക ലോകവുമായി സംവദിക്കാന്‍ കരുത്തുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതില്‍ മഹത്തായ പങ്കാണ് വഹിച്ചത്. ആത്മീയ-ഭൗതിക വിദ്യാഭ്യാസ ക്രമങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ആധുനിക ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ പരീക്ഷണശാലയായി മാറിയ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ സന്തതികള്‍ ജീവിതത്തിന്റെ നാനാ മേഖലകളില്‍ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് പി.കെ അബ്ദുല്ല മൗലവിയടക്കമുള്ള ഗുരുനാഥന്മാര്‍ക്കാണ്. ശാന്തപുരം സ്ഥാപനത്തെ വിശ്വോത്തര ഇസ്‌ലാമിക കലാലയമായി ഉയര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, ടി. ഇസ്ഹാഖലി മൗലവി, എന്‍.കെ അബൂബക്കര്‍ മൗലവി, എന്‍. മുഹമ്മദ് ശരീഫ് മൗലവി, എം. മുഹമ്മദ് മൗലവി, കെ. അബ്ദുല്‍ ഖാദിര്‍ മൗലവി, എന്‍.കെ അബ്ദുല്‍ ഖാദിര്‍ മൗലവി, ടി. മുഹമ്മദ് മൗലവി, പി. മുഹമ്മദ് മൗലവി മുതലായ ആദ്യകാല ഗുരുവര്യന്മാരുടെ വിയോഗ ശേഷം അവശേഷിക്കുന്ന കണ്ണിയായിരുന്നു പി.കെ അബ്ദുല്ല മൗലവി.
ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, ഉലൂമുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അറബി ഭാഷ, വ്യാകരണ ശാസ്ത്രം, അലങ്കാര ശാസ്ത്രം, ഇസ്‌ലാമിക ചരിത്രം മുതലായ വിഷയങ്ങളെല്ലാം പി.കെ പഠിപ്പിച്ചിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ലിഷ്ടമായ ശൈലിയിലെഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അപഗ്രഥിച്ച് പഠിപ്പിക്കുക ഏറെ ശ്രമകരമായിരുന്നു. വ്യാഖ്യാന ഗ്രന്ഥങ്ങളുടെയും നിഘണ്ടുക്കളുടെയും സഹായത്തോടെ തീവ്രയത്‌നം നടത്തിയാണ് അവ വിദ്യാര്‍ഥികള്‍ക്ക് സുഗ്രാഹ്യമാക്കിക്കൊടുത്തിരുന്നത്. ഗുരുമുഖത്ത് നിന്ന് ലഭിച്ച വിജ്ഞാനം അതേപടി നുകരാന്‍ ശിഷ്യന്മാരും ശ്രദ്ധവെച്ചിരുന്നു. ശാന്തപുരത്തിന്റെ ആദ്യകാല സന്തതികള്‍ പല കാര്യങ്ങളിലും മികവ് പുലര്‍ത്തിയതില്‍ അധ്യാപകരുടെ കഠിനാധ്വാനത്തിനും വിദ്യാര്‍ഥികളുടെ പഠനോത്സുകതക്കും അനല്‍പമായ പങ്കുണ്ട്.
അറബിക്കു പുറമെ ഉര്‍ദു ഭാഷയിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു മൗലവിക്ക്. വിദ്യാര്‍ഥികളെ ഭാഷ അഭ്യസിപ്പിക്കുന്നത് കൂടാതെ പല സമ്മേളനങ്ങളിലും പ്രമുഖ വ്യക്തികളുടെ ഉര്‍ദു പ്രഭാഷണങ്ങള്‍ ഭാഷാന്തരം ചെയ്തിട്ടുമുണ്ട്.

ജനനം, വിദ്യാഭ്യാസം
1931 ജൂണ്‍ മൂന്നിന് കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ ജനനം. പിതാവ് പീറ്റക്കണ്ടി പക്കര്‍മാര്‍ മുസ്‌ലിയാര്‍ പള്ളിയില്‍ ഇമാമായിരുന്നു. മാതാവ് ഉമ്മത്തൂര്‍ കോമത്ത് ആമിന ഉമ്മ.
സ്‌കൂള്‍ വിദ്യാഭ്യാസം കുനിപ്പറമ്പ് മാപ്പിള സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ. പ്രാഥമിക തല സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മതപഠന രംഗത്തേക്ക് തിരിഞ്ഞു. കടമേരി സ്വദേശിയായ കുട്ട്യാലി മുസ്‌ലിയാര്‍ കടവത്തൂരിനടുത്ത പുല്ലൂക്കര ജുമുഅ മസ്ജിദില്‍ നടത്തിയിരുന്ന ദര്‍സിലായിരുന്നു തുടക്കം. ഒരു വര്‍ഷം കഴിഞ്ഞ് കുട്ട്യാലി മുസ്‌ലിയാര്‍ സ്വദേശത്തേക്ക് തിരിച്ചുപോയപ്പോള്‍ കനിയാട്ടുകുളങ്ങരയിലെ ദര്‍സിലേക്ക് മാറി. പിന്നീട് എടപ്പറ്റ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ കടവത്തൂരില്‍ നുസ്‌റത്തുല്‍ ഇസ്‌ലാം എന്ന പേരില്‍ പുരോഗമനോന്മുഖമായ ദര്‍സ് ആരംഭിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. രണ്ടു വര്‍ഷം അവിടെ പഠിച്ചു. അനന്തരം ഇസ്വ്‌ലാഹി പണ്ഡിതനായ ഇ.കെ മൗലവിയുടെ നിര്‍ദേശാനുസാരം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ ചേര്‍ന്നു. ടി.കെ അബ്ദുല്ല സാഹിബ്, ടി. ഇസ്ഹാഖലി മൗലവി തുടങ്ങിയവര്‍ അന്നവിടെ വിദ്യാര്‍ഥികളായിരുന്നു. പ്രസിദ്ധ പണ്ഡിതന്‍ എം.സി.സി ഹസന്‍ മൗലവിയായിരുന്നു പ്രധാനാധ്യാപകന്‍. ഹസന്‍ മൗലവി മരണപ്പെട്ടപ്പോള്‍ പുളിക്കല്‍ കോളേജ് വിട്ട് തിരൂരങ്ങാടിയിലേക്ക് പോയി കെ.എം മൗലവി, എ.കെ അബ്ദുല്ലത്വീഫ് മൗലവി തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ചു. ടി.കെ അബ്ദുല്ല സാഹിബും സഹപാഠിയായി ഉണ്ടായിരുന്നു.
തിരൂരങ്ങാടിയില്‍ ഒരു വര്‍ഷം പഠിച്ച ശേഷം ഹാജി വി.പി മുഹമ്മദലി സാഹിബിന്റെ ഉപദേശ പ്രകാരം ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍ ചേര്‍ന്നു. ഇപ്പോഴത്തെ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി അവിടെ സഹപാഠിയും റൂംമേറ്റുമായിരുന്നു. രണ്ട് വര്‍ഷത്തെ പഠനം കഴിഞ്ഞ് 1953-ല്‍ ഉമറാബാദില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ഫദീല ബിരുദം കരസ്ഥമാക്കി.

ശാന്തപുരത്തേക്ക്
1953-ലെ ഒരു തെളിഞ്ഞ ദിവസം. മുള്ള്യാകുര്‍ശി-പള്ളിക്കുത്ത് പുത്തന്‍ പള്ളി നിവാസികള്‍ക്ക് ഒരുത്സവമായിരുന്നു അന്ന്. ശാന്തപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ ഉദ്ഘാടന ദിനം. നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി നിര്‍മിക്കപ്പെട്ട മദ്‌റസാ കെട്ടിടം ഉദ്ഘാടനം ചെയ്തത് കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഥമ സാരഥി ഹാജി വി.പി മുഹമ്മദലി സാഹിബായിരുന്നു. വി.കെ.എം ഇസ്സുദ്ദീന്‍ മൗലവിയടക്കം അന്നത്തെ ജമാഅത്ത് നേതാക്കളില്‍ അധികപേരും ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
മദ്‌റസാ ഉദ്ഘാടന ദിനത്തിലാണ് പി.കെ അബ്ദുല്ല മൗലവി ആദ്യമായി ശാന്തപുരത്ത് വരുന്നത്. ഉദ്ഘാടന പിറ്റേന്നു തന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു. രണ്ടു വര്‍ഷമായി ശാന്തപുരം പള്ളിയിലെ ഖത്വീബും മുദര്‍രിസുമായിരുന്ന എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു പ്രധാനാധ്യാപകന്‍. പി.കെ അബ്ദുല്ല മൗലവി സഹാധ്യാപകനും. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയെ പള്ളിയില്‍ ഖത്വീബും മുദര്‍രിസുമായി നിശ്ചയിച്ചതും പി.കെ അബ്ദുല്ല മൗലവിയെ മദ്‌റസാ അധ്യാപകനായി കൊണ്ടുവന്നതും ഹാജി സാഹിബായിരുന്നു.
മുള്ള്യാകുര്‍ശി എ.എം.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികളായിരിക്കെ തന്നെ ഈയുള്ളവനും കെ.കെ മമ്മുണ്ണി മൗലവിയടക്കമുള്ളവരും മദ്‌റസയിലെ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. ഞങ്ങളുടെ അറബി ഭാഷാ പരിജ്ഞാനം പരിശോധിച്ചത് പി.കെ അബ്ദുല്ല മൗലവിയായിരുന്നു. മദ്‌റസാ ടൈംടേബ്ള്‍ നിലവില്‍ വന്നതു മുതല്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, എ.കെ എന്നും അബ്ദുല്ല മൗലവി, പി.കെ എന്നുമുള്ള ദ്വയാക്ഷരങ്ങളില്‍ അറിയപ്പെടാന്‍ തുടങ്ങി.
പി.കെ ശാന്തപുരത്ത് വരുമ്പോള്‍ ഇരുപത്തി രണ്ട് വയസ്സായിരുന്നു. നാല് വര്‍ഷം കഴിഞ്ഞ് 1959 ആഗസ്റ്റിലാണ് വിവാഹിതനായത്.
1954-ല്‍ മലപ്പുറത്ത് നടന്ന ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തില്‍ പാസ്സാക്കിയ പ്രമേയമനുസരിച്ച് 1955-ല്‍ ശാന്തപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ, ഇസ്‌ലാമിയാ കോളേജായി ഉയര്‍ത്തപ്പെട്ട ശേഷവും എ.കെയും പി.കെയും അവിടെത്തന്നെ തുടര്‍ന്നു. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി പ്രിന്‍സിപ്പലും പി.കെ അബ്ദുല്ല മൗലവി അസിസ്റ്റന്റുമായിരുന്നു ആദ്യ ഘട്ടത്തില്‍. 2000 ഏപ്രില്‍ വരെ പി.കെ ശാന്തപുരത്ത് അധ്യാപകനായി ജോലി ചെയ്തു. ദീര്‍ഘകാലം വൈസ് പ്രിന്‍സിപ്പലായും എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവി ജമാഅത്തെ ഇസ്‌ലാമി കേരള ആക്ടിംഗ് അമീറായ രണ്ട് വര്‍ഷം പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാഠ്യവിഷയങ്ങള്‍ ചട്ടപ്പടി പഠിപ്പിക്കുന്ന ഒരധ്യാപകനായിരുന്നില്ല പി.കെ. പാഠ പുസ്തകങ്ങളിലെ ഓരോ വാക്കും വാക്യവും അതിസൂക്ഷ്മമായി പഠിച്ച ശേഷമേ വിദ്യാര്‍ഥികളെ അഭിമുഖീകരിച്ചിരുന്നുള്ളൂ. പല ആവൃത്തി പഠിപ്പിച്ച ഭാഗങ്ങള്‍ പോലും വീണ്ടും റഫര്‍ ചെയ്ത ശേഷമായിരിക്കും പഠിപ്പിക്കുക. കുട്ടികളുടെ തര്‍ബിയത്ത് കാര്യത്തിലും കലാ-വൈജ്ഞാനിക വളര്‍ച്ചയിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ശാന്തപുരത്തെ വിദ്യാര്‍ഥി ജീവിതകാലത്ത് നടന്ന ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവം 1964-ല്‍ സംഘടിപ്പിക്കപ്പെട്ട കോളേജ് വാര്‍ഷികമാണ്. അതില്‍ ഏറ്റവും ആകര്‍ഷകമായ പരിപാടിയായിരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മോഡല്‍ പാര്‍ലമെന്റ്. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, പി.കെ അബ്ദുല്ല മൗലവി, കെ.എം അബ്ദുര്‍റഹീം സാഹിബ്  (പെരിങ്ങാടി) തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ തയാറാക്കപ്പെട്ടത്.
ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് യാഥാസ്ഥിതിക വിഭാഗം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പണ്ഡിതോചിതമായി മറുപടി നല്‍കുക എന്നതായിരുന്നു മോഡല്‍ പാര്‍ലമെന്റില്‍ ഈ ലേഖകന് നിശ്ചയിക്കപ്പെട്ട പരിപാടി. മൗലാനാ മൗദൂദിയുടെ തഫ്ഹീമാത്ത്, തന്‍ഖീഹാത്ത് മുതലായ ഗ്രന്ഥങ്ങളില്‍ നിന്ന് വാക്കുകളും വാചകങ്ങളും സന്ദര്‍ത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി തയാറാക്കി അവതരിപ്പിക്കുന്നതില്‍ ഉസ്താദ് പി.കെ കാണിച്ച ഔത്സുക്യവും താല്‍പര്യവും പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഓര്‍മയിലുണ്ട്.
വിദ്യാര്‍ഥികളെ പ്രസ്ഥാന ബോധമുള്ളവരാക്കുന്നതിലും പ്രസ്ഥാന പ്രവര്‍ത്തനത്തിന് പരിശീലനം നല്‍കുന്നതിലും പി.കെ അബ്ദുല്ല മൗലവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശാന്തപുരത്തും പരിസര പ്രദേശങ്ങളിലും സ്റ്റഡി ക്ലാസ് നടത്തിയും സാഹിത്യ പ്രചാരണ സ്‌ക്വാഡ് സംഘടിപ്പിച്ചും ജമാഅത്ത് പരിപാടികളില്‍ സംബന്ധിച്ചും വിദ്യാര്‍ഥികള്‍ പ്രാസ്ഥാനിക ബോധവും പരിചയവും നേടി. മൗലവി തന്നെ പല പ്രാസ്ഥാനിക പരിപാടികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. വിദ്യാര്‍ഥികളെ പ്രസ്ഥാനവുമായി അടുപ്പിക്കാന്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പി. അഹ്മദ് കുട്ടി (മൗലവി) നാസിമും ഈ ലേഖകന്‍ സെക്രട്ടറിയുമായി പ്രഥമ വിദ്യാര്‍ഥി ഹല്‍ഖക്ക് തുടക്കം കുറിച്ചതും ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചതും പി.കെ അബ്ദുല്ല മൗലവിയായിരുന്നു.

പ്രസ്ഥാന ബന്ധം
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് പി.കെ ജമാഅത്തുമായി ബന്ധപ്പെടുന്നത്. ടി.കെ അബ്ദുല്ല സാഹിബുമായുള്ള സഹവാസവും സമ്പര്‍ക്കവും ആ ബന്ധം ശക്തമാകുന്നതിന് നിമിത്തമായി. ടി.കെ കടവത്തൂര്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ മുമ്പേ പി.കെയെ കാണാറുമുണ്ടായിരുന്നു. ഹാജി സാഹിബുമായുണ്ടായ പരിചയം പ്രസ്ഥാന പഥത്തിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ സഹായകമായി.
1956-'57 കാലത്ത് പി.കെ ഒരു വര്‍ഷം ഹാജി സാഹിബിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എടയൂരിലായിരുന്നു അന്ന് ജമാഅത്തിന്റെ സംസ്ഥാന ഓഫീസ്. ആലുവായിലെ തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാര്‍ അണ്ടിക്കളത്തില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനത്തില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചത് പി.കെ അബ്ദുല്ല മൗലവിയായിരുന്നു. 1957 ജൂണ്‍ ഒന്നിന് ജമാഅത്തില്‍ അംഗത്വം ലഭിച്ചു. കേരളത്തിലെ 52-ാമത്തെ അംഗമായിരുന്നു പി.കെ.
മൗലവിയുടെ ജീവിതത്തില്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഒരിക്കല്‍ വിവരിക്കുകയുണ്ടായി. അതിലൊന്ന്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും പരിസരത്ത് 'ജമാഅത്തെ ഇസ്‌ലാമി ബുക്സ്റ്റാള്‍' സംഘടിപ്പിക്കുമായിരുന്നു. ഒരിക്കല്‍ കോളേജ് അധികൃതര്‍ അത് തടയാന്‍ ശ്രമിക്കുകയും അവര്‍ പരാതിപ്പെട്ടതനുസരിച്ച് ബുക് സ്റ്റാള്‍ നടത്തിയിരുന്ന പി.കെയെയും എ. കുഞ്ഞാണി ഹാജിയെയും മറ്റും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു: ''ഞങ്ങള്‍ ആരെയും ആക്ഷേപിക്കുകയോ കുറ്റം പറയുകയോ ചെയ്യാറില്ല. ആളുകള്‍ കൂടുന്നേടത്തെല്ലാം ഞങ്ങള്‍ ബുക് സ്റ്റാള്‍ നടത്താറുണ്ട്. അത് ഞങ്ങളുടെ പരിപാടിയില്‍ പെട്ടതാണ്. അതല്ലാതെ അനാവശ്യമൊന്നും ഞങ്ങള്‍ ചെയ്യാറില്ല'' എന്ന് മൗലവിയും കൂട്ടുകാരും ബോധിപ്പിച്ചു. ജമാഅത്തുകാര്‍ കുഴപ്പക്കാരല്ലെന്ന് പോലീസ് അധികാരികള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ ബുക് സ്റ്റാള്‍ അടച്ചുപൂട്ടുന്നതിനു പകരം അതിന് പോലീസ് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. പിന്നീട് നാളിതുവരെ ബുക് സ്റ്റാള്‍ തടയാനുള്ള ശ്രമമൊന്നുമുണ്ടായിട്ടില്ല.
വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പട്ടിക്കാട് മദ്‌റസയില്‍ വന്ന് ജമാഅത്തിനെ വിമര്‍ശിച്ച് പ്രസംഗിച്ചതും അതിനെ ചോദ്യം ചെയ്യാന്‍ പോയതുമാണ് മറ്റൊരു സംഭവം. സുന്നീ നേതാവായിരുന്ന വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കേരളത്തിലുടനീളം ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ച് നടക്കുന്ന കാലം. ഒരിക്കലദ്ദേഹം പട്ടിക്കാട് കണ്ണമ്പള്ളി ബാപ്പു ഹാജിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന മദ്‌റസയില്‍ വഅ്‌ള് പറയാന്‍ വന്നു. ജമാഅത്തിനെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പി.കെ മുഹമ്മദ് അബുല്‍ ഹസന്‍ എന്ന ചേകനൂര്‍ മൗലവി അന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പി.കെ അബ്ദുല്ല മൗലവിയും നാട്ടുകാരനായ കെ.പി ഹൈദറലി എന്ന കുഞ്ഞു സാഹിബും കൂടി വാണിയമ്പലം മുസ്‌ലിയാരെ നേരില്‍ കണ്ട് സംസാരിക്കാന്‍ താമസസ്ഥലത്ത് ചെന്നു. കുഞ്ഞു സാഹിബ് ആദ്യം ഒറ്റക്ക് ചെന്നു പറഞ്ഞു: ''നിങ്ങള്‍ ഇന്നലെത്തെ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചതായി കേട്ടു. ഞാന്‍ ജമാഅത്തിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരനാണ്. ഞാന്‍ പഠിച്ചേടത്തോളം ഇസ്‌ലാമിന് വിരുദ്ധമായ ഒന്നും ജമാഅത്തില്‍ കണ്ടിട്ടില്ല. ജമാഅത്തുകാരായ രണ്ട് പണ്ഡിതന്മാര്‍ ഇവിടെ വന്നിട്ടുണ്ട്. നിങ്ങളും അവരും തമ്മില്‍ സംസാരിക്കുകയാണെങ്കില്‍ എനിക്ക് കാര്യം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.'' മുസ്‌ലിയാര്‍ കിടക്കുകയായിരുന്നു. ഇത് കേട്ടപ്പോള്‍ ഒന്നുകൂടി ചുരുണ്ട് കിടന്നുകൊണ്ട് പറഞ്ഞു: ''ഞാന്‍ സമസ്തയുടെ മുശാവറ അംഗവും നെടും തൂണുമാണ്. അങ്ങനെയും ഇങ്ങനെയുമൊന്നും എനിക്ക് സംസാരിക്കാന്‍ പറ്റുകയില്ല. സമസ്തയുടെ നേതാവായതിനാല്‍ നിങ്ങളുടെ അമീര്‍ കെ.സി അബ്ദുല്ല മൗലവി വന്നാലേ ഞാന്‍ സംസാരിക്കൂ.''
''കാര്യം പറയാനെന്തിനാണ് അമീര്‍?'' കുഞ്ഞു സാഹിബ് ചോദിച്ചു.
മുസ്‌ലിയാരെ കൊണ്ടുവന്ന കണ്ണമ്പള്ളി ബാപ്പു ഹാജി ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. മുസ്‌ലിയാര്‍ പരുങ്ങുന്നത് കണ്ട അദ്ദേഹം കുഞ്ഞു സാഹിബിനോട് പറഞ്ഞു: ''നിങ്ങള്‍ അദ്ദേഹത്തെ എടങ്ങേറാക്കണ്ട...'' വാണിയമ്പലം മുസ്‌ലിയാര്‍ സംസാരിക്കാന്‍ തയാറാവാതിരുന്നതിനാല്‍ പി.കെ അടങ്ങുന്ന സംഘം തിരിച്ചുപോന്നു.
** ** **
രണ്ട് വര്‍ഷം മുമ്പ് ശാരീരികമായി ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ഈയുള്ളവനെ വിളിച്ച് തന്റെ ഹ്രസ്വമായ ജീവചരിത്രം കുറിച്ച ഒരു കടലാസ്സും ഒരു പഴയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അദ്ദേഹം തരികയുണ്ടായി. തന്റെ ജീവിതകഥ അന്വേഷിച്ച് ആരും വിഷമിക്കേണ്ടതില്ല എന്ന് ചിന്തിച്ചിരിക്കാം മൗലവി.
പി.കെയുടെ അയല്‍വാസിയും ശാന്തപുരം മഹല്ല് സെക്രട്ടറിയുമായ എം.ടി അബ്ദുര്‍റഹ്മാന്‍ എന്ന കുഞ്ഞിപ്പു മാസ്റ്റര്‍ അനുസ്മരിക്കുന്നു: ''മൂന്ന് കാര്യങ്ങളാണ് പി.കെയുടെ സവിശേഷതയായി എനിക്ക് തോന്നുന്നത്. ഇബാദത്തുകളുടെ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അതിരറ്റ ശ്രദ്ധയാണ് അതിലൊന്ന്. മൗലവി മഹല്ല് ഖാദിസ്ഥാനം വഹിച്ച കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങി ജനങ്ങളെ ബോധവത്കരിക്കാനും യുവാക്കളെ പള്ളിയോട് ബന്ധിപ്പിക്കാനും നടത്തിയ ശ്രമങ്ങളായിരുന്നു മറ്റൊന്ന്. അത് ഏറെ ഫലദായകമായിരുന്നു. തന്നെ പോലെയുള്ള യുവാക്കള്‍ നമസ്‌കാരാദി കാര്യങ്ങളില്‍ ശ്രദ്ധാലുക്കളായത് മൗലവിയുടെ ശ്രമഫലമായിട്ടാണ്. പി.കെയുടെ മൂന്നാമത്തെ സവിശേഷത, താന്‍ ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും എന്നതാണ്. അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുമോ എന്ന വിഷയത്തിലുള്ള മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ അഭിപ്രായത്തോട് പി.കെക്കുണ്ടായിരുന്ന ഭിന്നത ഒരു ഉദാഹരണം. യുക്തിയിലധിഷ്ഠിതമായ കെ.ടിയുടെ വാദമുഖങ്ങളെ താന്‍ പഠിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ശക്തിയുക്തം എതിര്‍ക്കുകയും അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു അദ്ദേഹം.''

കുടുംബം
ആലുവ കുഞ്ഞുബ്ദുല്ല മുസ്‌ലിയാരുടെയും ഉമ്മു ഹാനിയുടെയും മകളും മര്‍ഹൂം വി.എം അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ സഹോദരീ പുത്രിയുമായ മര്‍യം ആണ് മൗലവിയുടെ ഭാര്യ. അബ്ദുല്‍ ജലീല്‍, മുഹമ്മദ് ഫാറൂഖ്, മുനീര്‍ അഹ്മദ്, ത്വാഹിറ, ബുശ്‌റ എന്നിവര്‍ മക്കള്‍. ത്വാഹിറ ജമാഅത്തെ ഇസ്‌ലാമി അംഗവും മറ്റുള്ളവര്‍ കാര്‍ക്കുനുകളുമാണ്. പ്രസ്ഥാന പ്രവര്‍ത്തനരംഗത്ത് എല്ലാവരും സജീവമാണ്.
മൗലവിയുടെ ഭൗതിക ജീവിതത്തിന് അന്ത്യം കുറിച്ചുവെങ്കിലും പരസഹസ്രം ശിഷ്യന്മാര്‍ക്ക് പകര്‍ന്നു നല്‍കിയ വിജ്ഞാനത്തിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും. മരണശേഷവും അവശേഷിക്കുന്ന സദ്കര്‍മങ്ങളുടെ ഉടമയാണ് പി.കെ.
അല്ലാഹു അദ്ദേഹത്തെ പാപമുക്തിയും കാരുണ്യവും നല്‍കി അനുഗ്രഹിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം അദ്ദേഹത്തിന് നല്‍കുകയും ചെയ്യുമാറാകട്ടെ.

 

മര്‍മമറിഞ്ഞ അധ്യാപകന്‍


പി.കെ അബ്ദുല്ല മൗലവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍, ഞാന്‍ എന്റെ മാതൃസ്ഥാപനമായി കണക്കാക്കുന്ന ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥി ജീവിതകാലം ഓര്‍ത്തുപോയി. ഞാന്‍ ശാന്തപുരത്ത് എത്തുന്നത് പത്താം വയസ്സിലാണ്. അവിടെനിന്ന് ബിരുദമെടുത്ത് പുറത്തുവരുമ്പോള്‍ ഒമ്പത് വര്‍ഷം പിന്നിട്ടിരുന്നു.
ഈ ദീര്‍ഘമായ കാലയളവില്‍ കോളേജിലെ സ്ഥിര സാന്നിധ്യം അബ്ദുല്ല മൗലവി തന്നെയായിരുന്നു. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ശരീഫ് മൗലവി തുടങ്ങിയ അക്കാലത്തെ ഗുരുക്കന്മാരെല്ലാം ഇടക്കിടെ താല്‍ക്കാലികമായിട്ടെങ്കിലും പുറത്ത് മറ്റേതെങ്കിലും ചുമതലകളില്‍ നിയോഗിക്കപ്പെടാറുണ്ടായിരുന്നു. കുറച്ച് കാലത്തിന്‌ശേഷം അവര്‍ തിരിച്ചെത്തുകയും ചെയ്യും. പക്ഷേ അബ്ദുല്ല മൗലവി അപ്പോഴെല്ലാം മറ്റെങ്ങും പോവാതെ ശാന്തപുരത്ത് തന്നെ തുടര്‍ന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്ന മഹത്തായ സ്ഥാപനത്തെ അധ്യാപകന്‍, വാര്‍ഡന്‍, മഹല്ല് ഖാദി, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം സേവിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ശാന്തപുരത്ത് തിരിച്ചെത്തുമ്പോഴെല്ലാം നിറസാന്നിദ്ധ്യമായി മൗലവി അവിടെ ഉണ്ടാകുമായിരുന്നു.
മറ്റൊരു നിലക്ക് കൂടി എനിക്ക് അബ്ദുല്ല മൗലവിയെ മറക്കാനാവില്ല. അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരു നീക്കുപോക്കുമില്ലാത്ത കണിശക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 'അച്ചടക്ക ശുണ്ഠി'യുടെ ഇര കൂടിയായിരുന്നു ഞാന്‍. അന്നതിന്റെ ന്യായം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായിരുന്നില്ല. എനിക്ക് ക്ഷോഭം അടക്കാനായില്ല. കോളേജ് വിട്ടുപോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഒളിച്ചോടി. അപ്പോഴേക്കും ഓട്ടത്തില്‍ എന്നെക്കാള്‍ കേമന്മാരായ ഏതാനും വിദ്യാര്‍ഥികളെ എന്നെ പിടിച്ചുകൊണ്ട് വരാനായി പറഞ്ഞുവിട്ടിരുന്നു. അര മണിക്കൂറിനകം അവര്‍ എന്നെ കോളേജിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. ആ സമയത്ത് എന്നെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചത് അബുല്‍ ജലാല്‍ മൗലവിയായിരുന്നു. ഇങ്ങനെ അനിഷ്ടകരമായ ഒരു സംഭവം ഉണ്ടായെങ്കിലും, തികഞ്ഞ സാത്വികനും ഭയഭക്തനുമായ ആ ഗുരുവര്യനോട് എന്നും ആഴത്തിലുള്ള ആദരം ഞാന്‍ കാത്തുസൂക്ഷിച്ചിരുന്നു.
അബ്ദുല്ല മൗലവി ഞങ്ങളെ പല വിഷയങ്ങളും പഠിപ്പിച്ചിരുന്നു; പ്രത്യേകിച്ച് ഫിഖ്ഹിന്റെ കിതാബുകളായ മഹല്ലി, ജംഉല്‍ ജവാമിഅ് പോലുള്ളവ. വിഷയത്തിന്റെ മര്‍മങ്ങള്‍ സ്പര്‍ശിക്കുന്നവയായിരുന്നു ഓരോ ക്ലാസും. ദിനപത്രങ്ങളും ആനുകാലികങ്ങളും അരിച്ചുപെറുക്കി വായിക്കുന്ന ശീലവും ഉണ്ടായിരുന്നു. ഏത് സംഭവത്തെക്കുറിച്ച് ചോദിച്ചാലും അതിന്റെ സൂക്ഷ്മ വിവരങ്ങള്‍ അദ്ദേഹം പറഞ്ഞുതരും.
മഹല്ല് ഖാദിയായിരിക്കെ അദ്ദേഹമാണ് എന്റെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. അദ്ദേഹം ഒപ്പിട്ട വിവാഹ സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഇന്നും സൂക്ഷിക്കുന്നു.
ഇന്ത്യക്കകത്തും പുറത്തും വിലപ്പെട്ട സേവനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പണ്ഡിതന്മാരുടെയും പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും നേതാക്കളുടെയും വലിയൊരു നിരയെ ബാക്കിവെച്ചുകൊണ്ടാണ് അബ്ദുല്ല മൗലവി വിടവാങ്ങിയിരിക്കുന്നത്. ഈ ശിഷ്യനിരയാണല്ലോ അദ്ദേഹത്തിന്റെ യഥാര്‍ഥ പൈതൃകവും. ശാന്തപുരത്ത് സ്ഥിരതാമസമാക്കുകയും ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്ത പണ്ഡിതന്‍ എന്ന നിലക്ക് ഇസ്‌ലാമിയാ കോളേജിന്റെ ചരിത്രം വളരെ ആധികാരികമായി എഴുതാന്‍ കഴിയുക ഒരുപക്ഷേ പി.കെക്ക് മാത്രമായിരുന്നു.

വി.പി അഹ്മദ് കുട്ടി ടൊറണ്ടോ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/48-50
എ.വൈ.ആര്‍