പ്രവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്
ഇനി നാം മുഹമ്മദീയ പ്രവാചകത്വത്തിന്റെ ആദ്യ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. പില്‍ക്കാലത്ത് ആരൊക്കെ അദ്ദേഹത്തില്‍ വിശ്വസിക്കുമെന്ന് ആര്‍ക്കും ഊഹിക്കാന്‍പോലും സാധ്യമല്ലാത്ത സാമൂഹിക ചുറ്റുപാടാണ് നാം അവിടെ കാണുന്നത്. ചരിത്രം തെളിയിച്ചതും അങ്ങനെ തന്നെ. അദ്ദേഹത്തെ വധിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ഉമറും ഉഹുദു യുദ്ധത്തില്‍ അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഹംസ(റ)യുടെ ചേതനയറ്റ ശരീരത്തെ അംഗഛേദം ചെയ്ത് കരള് ചവച്ച്തുപ്പി ഈര്‍ഷ്യയും രോഷവും പ്രകടിപ്പിച്ച ഹിന്ദും, ബദറിലും ഉഹുദിലും ഖന്ദക്കിലുമൊക്കെ നബിക്കെതിരെ തേര് തെളിച്ച അബൂസുഫ്‌യാനും അദ്ദേഹത്തിന്റെ മക്കളും പ്രവാചകന്ന് ഉഹദില്‍ വിജയം നിഷേധിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഖാലിദ് ബ്‌നുല്‍ വലീദും നബി(സ)യുടെ ബദ്ധശത്രുവായിരുന്ന അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമയും ഒക്കെ പില്‍ക്കാലത്ത് പ്രവാചകന്റെ അനുയായികളായി മാറിയിട്ടുണ്ട്. അങ്ങനെ മാതാപിതാക്കള്‍ മുസ്‌ലിംകളായിട്ടു മക്കള്‍ മുസ്‌ലിംകളാവാത്തതിന്നും, മക്കള്‍ മുസ്‌ലിംകളായിട്ടു മാതാപിതാക്കള്‍ ഒന്നായോ, മാതാവോ പിതാവോ മുസ്‌ലിംകളാവാത്തതിന്നും, ഭാര്യ മുസ്‌ലിം ആയിട്ടും ഭര്‍ത്താവ് മുസ്‌ലിമാവാത്തതിന്നും ഭര്‍ത്താവ് മുസ്‌ലിമായിട്ടും ഭാര്യ മുസ്‌ലിം ആവാത്തതിന്നും സഹോദരന്‍ മുസ്‌ലിമായിട്ടും സഹോദരി ആവാതിരുന്നതിന്നും, സഹോദരി മുസ്‌ലിമായിട്ടും സഹോദരന്‍ ആവാതിരുന്നതിന്നുമൊക്കെ ധാരാളം ഉദാഹരണങ്ങളുള്ള ഒരു സമൂഹമായിരുന്നു അത്. എന്തിനേറെ പറയുന്നു, അബൂലഹബിന്റെ തന്നെ രണ്ടു കുട്ടികളായ ഉത്ബയും മുഅത്തബയും പോലും പില്‍ക്കാലത്ത് മുസ്‌ലിംകളായിട്ടുണ്ടായിരുന്നു. അബൂലഹബിന്റെ ചരിത്രം ആകട്ടെ മുഹമ്മദിന്റെ പ്രവാചകത്വത്തിന്നുമുമ്പ് അദ്ദേഹത്തിനു മറ്റാരെക്കാളുമായുള്ളതിനേക്കാള്‍ നല്ല ബന്ധം തന്റെ സഹോദരപുത്രനായ മുഹമ്മദുമായി ഉണ്ടായിരുന്നതായും പറയുന്നു. ആമിനക്ക് ഒരു പുത്രന്‍ ജനിച്ചു എന്ന് തന്റെ അടിമസ്ത്രീയായ സുവയ്ബ അറിയിച്ചപ്പോള്‍ അബൂലഹബ് സന്തോഷാതിരേകത്താല്‍ അവളെ സ്വതന്ത്രയാക്കുകയുണ്ടായി. പിന്നീട് മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ വിശ്വസിച്ച ഈ സുവൈബയായിരുന്നു ആദ്യമായി മുഹമ്മദിനെ മുലയൂട്ടിയിരുന്നത്. മുഹമ്മദിന്റെ രണ്ടു പെണ്‍കുട്ടികളെ (റുഖിയ്യയെയും ഉമ്മുകുല്‍സൂമിനെയും) വിവാഹം കഴിച്ചിരുന്നത് അബൂലഹ്ബിന്റെ മക്കളായ ഉത്ബയും ഉതൈബയുമായിരുന്നു. പിന്നീടു മുഹമ്മദീയ പ്രവാചകത്വത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായി അബൂലഹബിന്റെ തന്നെ പ്രേരണക്ക് വഴങ്ങി അവര്‍ രണ്ടുപേരും നബിപുത്രിമാരെ വിവാഹമോചനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുജമീലാകട്ടെ അബൂസുഫ്‌യാന്റെ സഹോദരിയുമായിരുന്നു. ഇവര്‍ രണ്ടുപേരും മുഹമ്മദിന്റെ പ്രവാചകത്വത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്നത് ശരിയാണ്. പക്ഷേ, മറ്റുള്ളവരെപോലെ ഇവരും പില്‍ക്കാലത്ത് മുസ്‌ലിംകളാവില്ലെന്നു സാധാരണഗതിയില്‍ ആരും പ്രവചിക്കുവാന്‍ തയാറാകില്ല. പ്രത്യേകിച്ചും കാരിരുമ്പിന്റെ കട്ടിയോടുകൂടിയ ശിലാഹൃദയനായ ഫറോവയെ പോലുള്ളവരുടെ അടുക്കല്‍ പോലും മുന്‍വിധിക്കടിപ്പെടാതെ പ്രതീക്ഷയോടും ശുഭാപ്തിവിശ്വാസത്തോടും കൂടി പോയി പ്രബോധനം നടത്തുവാന്‍ ആവശ്യപ്പെടുന്ന വേദത്തിന്റെ അനുയായികള്‍; അതും അവരുടെ പ്രബോധന പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ. അങ്ങനെ ഒരു അസന്ദിഗ്ധ പ്രവചനം വേദവാക്യമായി അവതരിക്കുന്നതാവട്ടെ, വേദം തെറ്റെന്നും മുഹമ്മദ് പ്രവാചകന്‍ അല്ലെന്നും തെളിയിക്കുവാനുള്ള സുവര്‍ണാവസരം ആജന്മശത്രുക്കളെപോലെ പെരുമാറുന്ന ഈ രണ്ടു പ്രതിയോഗികള്‍ക്കും താലത്തില്‍ വെച്ചുകൊടുക്കുന്നതിന്നു തുല്യവുമായിരിക്കും. എന്നിട്ടും ഖുര്‍ആന്‍ അസന്ദിഗ്ധമായിതന്നെ പറഞ്ഞു, അതും മുഹമ്മദീയ പ്രവാചകത്വത്തിന്റെ ആദ്യകാലഘട്ടത്തില്‍ തന്നെ; അബൂലഹബ് നശിച്ചിരിക്കുന്നുവെന്ന്!! ഇഹത്തില്‍ മാത്രമല്ല പരത്തിലും. അഥവാ അവന്‍ മുസ്‌ലിം ആവില്ലെന്ന്! അവന്‍ മാത്രമല്ല അവന്റെ ഭാര്യയും മുസ്‌ലിം ആവില്ലെന്ന്!
ആജന്മശത്രുക്കളെപോലെ പെരുമാറുന്ന രണ്ടു പ്രതിയോഗികളെക്കുറിച്ച ധീരവേദ പ്രഖ്യാപനം! അത് തെറ്റിയാല്‍, ജീവിതത്തിന്റെ അവശേഷിക്കുന്ന കാലത്തില്‍ ഇവരിരുവരുമോ ഇവരിലാരെങ്കിലുമോ മാറിയാല്‍, മാറിയതായി അഭിനയിച്ചാല്‍ എന്തെല്ലാം ദാര്‍ശനിക സമസ്യകള്‍ക്കാണ് അത് വാതില്‍ തുറക്കുക! ഖുര്‍ആനിന്റെ ദൈവികതയെ സംബന്ധിച്ച ചോദ്യങ്ങള്‍... മുഹമ്മദിന്റെ പ്രവാചകത്വത്തെകുറിച്ച തീരാത്ത സംശയങ്ങള്‍.... ദൈവിക ജ്ഞാനത്തെ സംബന്ധിച്ച സംശയങ്ങള്‍... തീര്‍ച്ചയായും കള്ളപ്രവാചകര്‍ ഇത്തരം പ്രവചനങ്ങള്‍ നടത്തി സ്വയം പരാജയപ്പെടാന്‍ ഇടവരുത്തില്ല. അങ്ങനെ വല്ല പ്രവചനവും നടത്തിയാല്‍ തന്നെ, പിന്നെ പ്രവചിക്കപ്പെട്ടവനില്‍ മാറ്റമുണ്ടാവുന്നതിനെകുറിച്ച ഭയാശങ്കകള്‍ നിഴലിക്കുന്നതായിരിക്കും അത്തരം പ്രവചനങ്ങള്‍ നടത്തിയ ശേഷമുള്ള കള്ളപ്രവാചകന്റെ ജീവിതം. പിന്നെ, പ്രവചിക്കപ്പെട്ടവനില്‍ മാറ്റമുണ്ടാവുന്നതിനെകുറിച്ച ഈ ഭയാശങ്കകള്‍, തന്റെ പ്രവചനത്തിന്റെ സാധുത സ്ഥാപിക്കുന്നതിനുവേണ്ടി പ്രവചിക്കപ്പെട്ടവനില്‍ അതിന്നു വിപരീതമായ മാറ്റം ഉണ്ടാവുന്നതിനു മുമ്പുതന്നെ അവനെ ഗൂഢാലോചനയിലൂടെ വകവരുത്തുവാനുള്ള ശ്രമങ്ങളായി പരിണമിക്കും. അബൂലഹബിന്റെയും ഉമ്മുജമീലിന്റെയും വിഷയത്തില്‍ അസന്ദിഗ്ധ പ്രവചനം ഉണ്ടായ ശേഷവും പ്രവാചകന്‍ മുഹമ്മദിന് എന്തെങ്കിലും ഭയാശങ്കകള്‍ ഉണ്ടായിരുന്നതായി കാണുവാനേ സാധിക്കുന്നില്ല. അവര്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍ വകവരുത്തുവാനുള്ള ശ്രമവും അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ നടത്തിയതായും കാണുന്നില്ല. അവര്‍ രണ്ടു പേരും മരിച്ചത് യുദ്ധത്തില്‍പോലും അല്ല. ഒരുപക്ഷേ, ഈ പ്രവചന സ്വഭാവം കൂടി ഉള്‍ക്കൊള്ളുന്ന സൂക്തം ഇറങ്ങിയശേഷം ഇബ്‌ലീസ് ഖുര്‍ആന്‍ ദൈവത്തില്‍നിന്നല്ലെന്നും മുഹമ്മദ് പ്രവാചകനല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കിട്ടിയ ഏറ്റവും നല്ല അവസരത്തെ കുറിച്ചോര്‍ത്തു വളരെയധികം സന്തോഷിച്ചു കാണണം. ഇനി ഒരൊറ്റകാര്യം മാത്രംമതി. അബൂലഹബിനെയും ഉമ്മുജമീലിനെയും മുസ്‌ലിമാക്കുവാന്‍ ശ്രമിക്കുക. ഇല്ലെങ്കില്‍ ഒരു കപടവിശ്വാസിയെങ്കിലും ആക്കുക. രണ്ടാളെയും അങ്ങനെയാക്കുവാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല. ചുരുങ്ങിയത് രണ്ടില്‍ ഒരാളെയെങ്കിലും മാറ്റിയാല്‍ മതി. അത് മാത്രം മതി ഈ ആത്യന്തിക സത്യത്തെ പരാജയപ്പെടുത്താന്‍. ഈ സൂക്തം അവതരിച്ചു 10 വര്‍ഷക്കാലത്തോളം അബൂലഹബ് ജീവിച്ചിരുന്നു. അതിലേറെ കാലം അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുജമീലും ജീവിച്ചിരുന്നു. എല്ലാ കാര്യങ്ങളിലും നബിയെയും ഖുര്‍ആനിനെയും എതിര്‍ത്തിരുന്ന ഇവര്‍, അതിന്നു വിരുദ്ധമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന ഇവര്‍, ഈ വേദപ്രഖ്യാപനത്തിന്നു വിരുദ്ധമായി മാത്രം ഒന്നും ചെയ്തില്ല..!! അത് ചെയ്യണമോ വേണ്ടേ എന്ന് തീരുമാനിക്കുവാനുള്ള ഇഛാസ്വാതന്ത്ര്യവും ആ കര്‍മത്തിന്റെ നിയന്ത്രണാധികാരവും അവര്‍ക്ക് ഉണ്ടായിട്ടും!! ഈ അസന്ദിഗ്ധ പ്രവചനത്തിന്നു മുമ്പില്‍ ഒരു സത്യാന്വേഷകന് അത്ഭുതാദരവോടു കൂടി തലകുനിക്കുവാന്‍ മാത്രമേ സാധിക്കൂ.
ഒരു സത്യാന്വേഷകനെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവഗണിക്കുവാന്‍ സാധിക്കാത്ത മറ്റൊരു അവകാശവാദം കൂടി മുഹമ്മദും അദ്ദേഹത്തിനു നല്‍കപ്പെട്ട തെളിവും ചരിത്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് നടത്തുന്നുണ്ട്. ആ അവകാശവാദത്തിന്റെ ശരി തെറ്റ് കൂടി ചരിത്രത്തിന്റെയും അതില്‍ പരാമര്‍ശവിധേയമാകുന്ന ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല. തന്റെ ആഗമനം പൂര്‍വവേദങ്ങള്‍ പ്രവചിച്ചിരിക്കുന്നുവെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണത്. പുതിയ നിയമത്തിലും (ഇന്‍ജീല്‍) പഴയ നിയമത്തിലും (തോറ) മുഹമ്മദിന്റെ ആഗമനം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നു അസന്ദിഗ്ധമായി തന്നെ പറയുന്ന ഖുര്‍ആന്‍(7:157), അവിടെയും അവസാനിപ്പിക്കാതെ ലോകത്ത് പ്രവാചകന്മാര്‍ കടന്നുപോയിട്ടില്ലാത്ത ഒരു ജനതതിയും ഇല്ലെന്നും (35:24) അങ്ങനെ ഏതേതു പ്രദേശങ്ങളില്‍ പ്രവാചകന്മാര്‍ ആഗതരായിട്ടുണ്ടോ അവരൊക്കെയും ശേഷം വരാനിരിക്കുന്ന പ്രവാചകനെ കുറിച്ച് അറിയിച്ചിരുന്നുവെന്നും അങ്ങനെ ആഗതനാവുന്ന ആ പ്രവാചകനില്‍ വിശ്വസിക്കുവാന്‍ ദൈവത്തോടെടുത്ത കരാറെന്നവണ്ണം ആവശ്യപ്പെട്ടിരുന്നുവെന്നും കൃത്യമായും വ്യക്തമായും അവകാശപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ''പൂര്‍വ പ്രവാചകരില്‍നിന്നും അല്ലാഹു ഇപ്രകാരം പ്രതിജ്ഞ വാങ്ങിയത് ഓര്‍ക്കുവിന്‍: 'ഞാന്‍ നിങ്ങള്‍ക്ക് അരുളിയ വേദവും ജ്ഞാനവും ഉണ്ടല്ലോ, പിന്നീട് നിങ്ങളുടെ കൂടെയുള്ളതിനെ സാക്ഷാല്‍ക്കരിക്കുന്ന ഒരു ദൈവദൂതന്‍ വന്നാല്‍ തീര്‍ച്ചയായും നിങ്ങളദ്ദേഹത്തെ വിശ്വസിക്കേണ്ടതും പിന്തുണക്കേണ്ടതുമാകുന്നു.' അപ്പോള്‍ അവനാരാഞ്ഞിരുന്നു: 'നിങ്ങളിത് സമ്മതിക്കുകയും എന്നോട് ചെയ്ത പ്രതിജ്ഞയുടെ ഉത്തരവാദിത്വഭാരം ഏറ്റെടുക്കുകയും ചെയ്തുവോ?' അവര്‍ പറഞ്ഞു: 'ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.' അല്ലാഹു ആവശ്യപ്പെട്ടു: എങ്കില്‍ സാക്ഷ്യം വഹിക്കുവിന്‍. നിങ്ങളോടൊപ്പം സാക്ഷിയായി ഞാനുമുണ്ട്. സുദൃഢമായ ഈ പ്രതിജ്ഞക്ക്‌ശേഷം അതില്‍നിന്നും പിന്മാറിപ്പോയവര്‍ പാപികള്‍ തന്നെയാവുന്നു''(3:81). ഇത് കൃത്യമായും നേര്‍ക്കുനേരെ അവകാശപ്പെടുന്നതും സൂചിപ്പിക്കുന്നതും ലോകത്തിന്റെ ഭിന്നഭാഗങ്ങളില്‍ മുഹമ്മദിന്റെ ആഗമനത്തിനുമുമ്പ് ആഗതരായ പ്രവാചകന്മാര്‍ എല്ലാവരും ലോകര്‍ക്കാകമാനമായി വരാനിരിക്കുന്ന ഈ പ്രവാചകനെ സംബന്ധിച്ച് കൃത്യമായും വ്യക്തമായും പ്രവചിച്ചിരുന്നുവെന്നാണ്.
വിശുദ്ധ മതഗ്രന്ഥങ്ങളെന്ന നിലയിലും വേദങ്ങളെന്ന നിലയിലും ഇന്ത്യയിലും ചൈനയിലും പേര്‍ഷ്യയിലും ഗ്രീസിലും മറ്റു നാടുകളിലുമൊക്കെയുണ്ടായിരുന്ന ഗ്രന്ഥങ്ങളെയും മെന്‍ഷ്യസ്, സോക്രട്ടീസ് പോലുള്ളവരുടെയും അവര്‍ക്ക് മുമ്പുള്ളവരുടെയും അധ്യാപനങ്ങളെയും, അമേരിക്ക പോലുള്ള പ്രദേശത്തു ഉണ്ടായിരുന്ന മായന്‍ - ഇന്‍കാ വിശ്വാസാചാരങ്ങളെയും പരിശോധിച്ച് വിലയിരുത്തേണ്ട ഒരു പ്രമേയമാണിത്. അതിന്, ലോകര്‍ക്കാകമാനം അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്ന് ആഗോളീയ തലത്തില്‍നിന്ന് കൊണ്ടുള്ള ഒരു വ്യാഖ്യാന വിശദീകരണ ഗ്രന്ഥം ഉണ്ടാവേണ്ടിയിരിക്കുന്നു. ലോകര്‍ക്കാകമാനമായി ആഗതനായ പ്രവാചകന്‍ മുഹമ്മദിന്റെ അനുയായികള്‍, ലോകത്തിന്റെ ഭിന്നഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ ആഗമനത്തെ കുറിച്ച് പ്രവചിക്കുക കൂടി ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ തൊട്ടുമുമ്പ് വന്നിരുന്ന പ്രവാചകരുടെ അനുയായികളെ ആ പൊതുതലത്തില്‍ നിന്നുകൊണ്ട് അഭിസംബോധന ചെയ്യേണ്ടതായിട്ടുണ്ട്. ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും നടത്തപ്പെട്ടതായി ഖുര്‍ആന്‍ തന്നെ ആരോപിക്കുന്ന തമസ്‌കരണങ്ങള്‍ക്കും മാറ്റത്തിരുത്തലുകള്‍ക്കും ശേഷവും ഒരു സത്യാന്വേഷിക്ക് ഇപ്പോഴും പഴയ നിയമത്തിലും പുതിയ നിയമത്തിലും മുഹമ്മദില്‍ മാത്രം ചേരുന്ന നിരവധി പ്രവചനങ്ങള്‍ കാണുവാന്‍ സാധിക്കുന്നുവെന്നത് ഈ അവകാശവാദത്തിന്റെ ചരിത്രപരവും പ്രാമാണികവുമായ സാധുതയെ കുറിക്കുന്നു. പുതിയ നിയമത്തില്‍ നിന്ന് മാര്‍കോസും(12:112), മത്തായിയും (21:3345), ലൂക്കോസും(20:918) ഏറെക്കുറെ സമാന സ്വഭാവത്തില്‍ ഉദ്ധരിച്ച ഒരൊറ്റ ഉപമയും, അതിനോട് ചേര്‍ന്നുനില്‍ക്കുന്ന മുഹമ്മദ് നബിയില്‍നിന്നുള്ള ഒരു വചനവും മാത്രം സൂചിപ്പിക്കുകയാണ്.
'മറ്റൊരു ഉപമ കേള്‍പ്പിന്‍. ഗൃഹസ്ഥനായൊരു മനുഷ്യന്‍ ഒരു മുന്തിരി തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിനു ഏല്‍പിച്ചിട്ട് പരദേശത്തു പോയി. ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു. കുടിയാന്മാരോ ദാസന്മാരെ പിടിച്ചു, ഒരുവനെ തള്ളി തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നെ ചെയ്തു. ഒടുവില്‍ അവന്‍: എന്റെ മകനെ അവര്‍ ശങ്കിക്കും എന്ന് പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു. മകനെ കണ്ടിട്ട് കുടിയാന്മാര്‍: ഇവന്‍ അവകാശി; വരുവിന്‍, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്ന് തമ്മില്‍ പറഞ്ഞു, അവനെ പിടിച്ചു തോട്ടത്തില്‍നിന്നും പുറത്താക്കി കൊന്നുകളഞ്ഞു. ആകയാല്‍ മുന്തിരി തോട്ടത്തിന്റെ ഉടമ വരുമ്പോള്‍ ആ കുടിയാന്മാരോട് എന്ത് ചെയ്യും? അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്ക സമയത്ത് അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാര്‍ക്ക് തോട്ടം ഏല്‍പിക്കും എന്ന് അവര്‍ അവനോടു പറഞ്ഞു. യേശു അവരോടു: 'വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇത് കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്ന് നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. ഈ കല്ലിന്മേല്‍ വീഴുന്നവര്‍ തകര്‍ന്നുപോകും. അത് ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്ന് പറഞ്ഞു' (മത്തായി 21:3345).
ഈ ഉപമയില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ സുതരാം വ്യക്തമാകുന്നു. മുന്തിരി തോട്ടം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ദൈവരാജ്യമാകുന്നുവെന്നത് 'അതുകൊണ്ട് ദൈവ രാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും' എന്ന് പറഞ്ഞതില്‍നിന്നും വ്യക്തമാണ്.
അനുഭവം അഥവാ കൂലി വാങ്ങുന്നതിനുവേണ്ടി അയക്കപ്പെട്ട ദാസന്മാരെ കൊണ്ട് ഉദ്ദേശിക്കുന്നത് യേശു ഉള്‍പ്പെടെയുള്ള ഇസ്‌റാഈല്‍ സമൂഹത്തില്‍ അയക്കപ്പെട്ട പ്രവാചകന്മാരാണ്.
കുടിയാന്മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്‌റാഈലി സമൂഹമാണ്.
പിടിച്ചും തല്ലിയും കൊന്നും കല്ലെറിഞ്ഞും പെരുമാറിയതിനെ സൂചിപ്പിക്കുന്നത് ഇസ്‌റാഈല്യര്‍ പ്രവാചകന്മാരോട് കാണിച്ച ധിക്കാരപൂര്‍ണമായ സമീപനത്തെയാണ്.
'കുടിയാന്മാരെ മാറ്റി ജാതികളെ ദൈവരാജ്യം എല്‍പ്പിക്കുമെന്നതു' ഇസ്‌റാഈല്യരില്‍നിന്നും മറ്റൊരു ജനതയിലേക്ക് ഉത്തരവാദിത്വം മാറുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്നു.
ഈ വരാന്‍ പോകുന്ന മാറ്റത്തിനു പിന്‍ബലമെന്നോണം യേശു തിരുവെഴുത്തുകളില്‍ നിന്നും (ചില വിവര്‍ത്തനങ്ങളില്‍ 'പുരാവൃത്താന്തങ്ങള്‍' എന്നാണ് പറഞ്ഞിട്ടുള്ളത്) ഉദ്ധരിക്കുന്ന ഉപമ പ്രവാചകന്മാരെ ഒരു സൗധത്തോട് അഥവാ മന്ദിരത്തോടു ഉപമിക്കുന്നു. കല്ലിനെ കുറിച്ചും മൂലക്കല്ലിനെ കുറിച്ചുമുള്ള പരാമാര്‍ശം അതാണ് വ്യക്തമാക്കുന്നത്.
'അതുകൊണ്ട് ദൈവരാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും' എന്ന് പറഞ്ഞതില്‍നിന്ന് ഇത് യേശുവിന്നുശേഷം നടക്കുവാന്‍ പോകുന്ന കാര്യമാണെന്നും' വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇത് കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു' എന്നതിലെ ഭൂതകാലക്രിയ അത് ഭാവിയില്‍ നടക്കുമെന്നതിലെ സുനിശ്ചിതത്വത്തെയും തീര്‍പ്പിനെയുമാണ് കുറിക്കുന്നത് എന്നും വ്യക്തമാക്കുന്നു. യേശുവിന്നുശേഷം ഇങ്ങനെ ഒരു ദൈവരാജ്യം സ്ഥാപിതമായതാവട്ടെ മുഹമ്മദ്‌നബിയുടെയും ഖലീഫമാരുടെയും കാലത്ത് മാത്രവുമായിരുന്നു.
ആ ഒരു കല്ല് തള്ളപ്പെട്ടതാണെന്നും അത് മൂലക്കല്ലാണെന്നും യേശു പറയുന്നത് യേശുവിനെ കുറിച്ചല്ല. അങ്ങനെ യേശു അവകാശപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഇസ്‌റാഈല്യരില്‍ അയക്കപ്പെട്ട പ്രവാചകരില്‍ മുന്തിരിത്തോട്ടത്തിന്റെ ഉപമ വ്യക്തമാക്കുന്നത്‌പോലെ തള്ളപ്പെട്ടതും, തല്ലപ്പെട്ടതും, പിടിച്ചുവെക്കപ്പെട്ടതും, കല്ലെറിയപ്പെട്ടതും, കൊല്ലപ്പെട്ടതും വെറും യേശുവോ, യോഹന്നാനോ, സക്കരിയാവോ മാത്രമല്ല. അനേകമാണ്.
ഇസ്‌റാഈല്യര്‍ എന്നാല്‍ ഇബ്‌റാഹീമിന്റെ മകന്‍ ഇസ്ഹാഖിന്റെ മകന്‍ യാഖൂബിന്റെ പരമ്പരയില്‍ പെട്ടവരാണ്. ഇസ്‌റാഈല്‍ പ്രവാചകര്‍ മുഴുവന്‍ ആഗതരായത് ഈ പരമ്പരയില്‍ നിന്നായിരുന്നു. അപ്പോള്‍ തള്ളപ്പെട്ട കല്ല് ഇബ്‌റാഹീമി പരമ്പരയില്‍ ഇസ്മാഈലിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു പ്രവാചകനും ആഗതമായിട്ടില്ലാത്ത ഇസ്മാഈലി വംശത്തെയാണ് സൂചിപ്പിക്കുന്നത്. ഇനി പ്രവാചക സമൂഹത്തെ സൗധമായും അതിലെ മൂലക്കല്ലാണ് താനെന്നു അവകാശപ്പെട്ടുകൊണ്ടുള്ള മുഹമ്മദു നബിയുടെ ഒരു ഉപമ ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് യേശു അവസാനം ഉദ്ധരിച്ച തിരുവെഴുത്തുകളിലെ ഉപമയും ഇസ്‌റാഈല്യരില്‍നിന്നും ജാതികളിലേക്ക് ഉത്തരവാദിത്വം നീങ്ങിയത് എങ്ങനെയെന്നും മനസ്സിലാക്കുവാന്‍ സാധിക്കുക.
നബിയരുളി: ''എന്റെയും എനിക്ക് മുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭഗവുമാക്കി. പക്ഷേ ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കി വെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗി കണ്ടു വിസ്മയപരതന്ത്രരാവുകയും ചെയ്തു. 'എന്തുകൊണ്ട് ഈ മൂലക്കല്ലുകൂടി വെച്ചില്ല' എന്ന് അവര്‍ പറയുകയുണ്ടായി. ഞാനത്രെ ആ മൂലക്കല്ല്. ഞാനത്രെ അന്ത്യപ്രവാചകന്‍'' (ബുഖാരി).
'ഈ കല്ലിന്മേല്‍ വീഴുന്നവര്‍ തകര്‍ന്നുപോകും. അത് ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും' എന്ന് യേശു പറഞ്ഞത് ചരിത്രപരമായി ചിന്തിച്ചാല്‍ ഇസ്‌ലാമിലും മുഹമ്മദ് നബിയിലുമാണ് ചേരുക. പ്രവാചകന്റെ കാലത്തെ റോമ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ചയും അതിന്നു ശേഷം ഇസ്‌ലാമുമായും പ്രവാചകചര്യയുമായും ഏറ്റുമുട്ടിയ ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രസമൂഹങ്ങളും ധൂളിയായിപ്പോയതും കൃത്യമായും വിരല്‍ചൂണ്ടുന്നതും ഇതേ വസ്തുതയിലേക്ക് തന്നെ.
ചരിത്രം എങ്ങനെയാണ് ഈ അവകാശവാദത്തോട് പ്രതികരിച്ചത് എന്നുകൂടി പരിശോധിച്ചാല്‍ കാര്യം കുറച്ചു കൂടി വ്യക്തമാകും. മുഹമ്മദ് നബി(സ)യില്‍ ആദ്യമായി വിശ്വസിച്ചവന്‍ ഒരു ക്രിസ്ത്യന്‍ പണ്ഡിതനായ വറഖതു ബിനു നൗഫലായതും അദ്ദേഹത്തിന്റെ അനുയായികളില്‍ റോമാക്കാരന്‍ സുഹൈബും, പേര്‍ഷ്യക്കാരന്‍ സല്‍മാനും, എത്യോപ്യക്കാരന്‍ ബിലാലും ഉണ്ടായതും യാദൃഛികമല്ല. എന്തിനേറെ പറയുന്നു, ബൈബിളിന്റെ പശ്ചാത്തല ഭൂമിയായ മധ്യപൗരസ്ത്യ അബ്രഹാമീ പാരമ്പര്യം അവകാശപ്പെടുന്ന ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും പൈതൃകം അവകാശപ്പെടുന്ന അവരുടെ പിന്മുറക്കാരായ ജനതതികളില്‍ ബഹുഭൂരിപക്ഷവും മുഹമ്മദിന്റെ അന്ത്യപ്രവാചകത്വത്തില്‍ വിശ്വസിക്കുന്നവരായി മാറുകയാണുണ്ടായത്. യൂഫ്രട്ടീസ്, ടൈഗ്രീസ്, നൈല്‍, സിന്ധു തുടങ്ങിയ പുരാതന നദീ തടങ്ങളിലെ പില്‍ക്കാല ജനതതികളിലെ മഹാഭൂരിപക്ഷവും മുഹമ്മദിന്റെ അന്ത്യപ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഏകദൈവ വിശ്വാസികള്‍ ആയതും യാദൃഛികമാകാനിടയില്ല. തെളിവുകള്‍ക്കുള്ളിലെ തെളിവുകളിലൂടെയുള്ള ഈ തീര്‍ഥയാത്ര സത്യത്തെ അനുഭവം മാത്രമാക്കുകയല്ല, അനുഭവത്തിന്നുള്ളിലെ അനുഭവങ്ങളും അനുഭവത്തിന്റെ തിരയടങ്ങാത്തതും അറ്റമില്ലാത്തതുമായ തുടര്‍ച്ചയുമാക്കി മാറ്റുന്നു. (തുടരും)
Comments