എസ്.ടി കുഞ്ഞിമുഹമ്മദ്
പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ എസ്.ടി എന്ന് വിളിച്ചിരുന്ന എസ്.ടി കുഞ്ഞിമുഹമ്മദ് സാഹിബ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിന് അല്ലാഹുവിലേക്ക് യാത്രയായി. പട്ടാമ്പി കൊടിക്കുന്ന് സ്വദേശിയായിരുന്നു. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി രണ്ട് വര്‍ഷം മുമ്പാണ് എസ്.ടി നാട്ടില്‍ എത്തിയത്.
പ്രവാസ ജീവിതത്തിനിടയിലാണ് എസ്.ടി പ്രസ്ഥാനത്തെ അടുത്തറിയുന്നത്. പിന്നീട് എസ്.ടി സ്വയം ഒരു പ്രസ്ഥാനമായി മാറി. ഇസ്‌ലാമിക ജീവിതത്തെ കുറിച്ച് പൂര്‍ണ ബോധമില്ലാത്ത ആദ്യ കാലവും പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നതിന്ന് ശേഷമുള്ള ജീവിതവും എസ്.ടി കൃത്യമായി വിലയിരുത്തിയിരുന്നു. പ്രവാസ ജീവിതത്തിനിടക്ക് അനുഭവപ്പെട്ട നിസ്സാരമല്ലാത്ത നെഞ്ചുവേദനക്കുള്ള ആശുപത്രി ചികിത്സ കഴിഞ്ഞ് വന്നതിന്‌ശേഷം എസ്.ടി പറഞ്ഞു. ''ജീവിതം അവസാനിക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കി ഞാനെന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് ഒരു കണക്കെടുപ്പ് നടത്തി. അല്ലാഹുവിന്റെ കാരുണ്യം കൂടി ഉണ്ടങ്കില്‍ സ്വര്‍ഗം കിട്ടുമെന്ന് മനസ്സ് പറയുന്നു.'' സ്വന്തത്തെ വിലയിരുത്തി ഇങ്ങനെ ആശ്വസിക്കാന്‍ കഴിയുന്നവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍ അങ്ങനെ ആശ്വസിക്കാന്‍ കഴിയും വിധമായിരുന്നു എസ്.ടിയുടെ ജീവിതമെന്നതാണ് സത്യം.
പ്രാസ്ഥാനിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു. കെ.ഐ.ജി ജിദ്ദ നോര്‍ത്ത് സോണിന്റെയും അല്‍കോബാര്‍ സോണിന്റെയും പ്രസിഡന്റായിരുന്നു. പ്രവര്‍ത്തകരുടെ തര്‍ബിയത്തിലായിരുന്നു എസ്.ടി പ്രധാനമായും ശ്രദ്ധിച്ചത്. സ്വന്തം ജീവിതം പ്രവര്‍ത്തകര്‍ക്ക് മാതൃകയാവണമെന്ന് എസ്.ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ കണ്ടറിയുകയും അവരറിയാതെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രസ്ഥാന മാര്‍ഗത്തിലെ പ്രതിസന്ധികള്‍ എസ്.ടി ക്ഷമയോടെ നേരിട്ടു. ഉറക്കം നഷ്ട്ടപ്പെട്ട എത്രയോ രാത്രികള്‍ കഴിഞ്ഞ് പോയിട്ടുണ്ട്. ആക്ഷേപങ്ങളും അവഹേളനങ്ങളും നേരിടുമ്പോള്‍ എല്ലാ വേദനകളും കടിച്ചിറക്കി മറുത്തൊന്നും പറയാതെ തിരിഞ്ഞ് പോരുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയാതെ 'എന്തിനാണ് എസ്.ടി ഇത്രത്തോളം' എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയായിരിക്കും മറുപടി.
ലളിത ജീവിതമായിരുന്നു എസ്.ടിയുടേത്. കീറിയ ഷൂ തുന്നി വീണ്ടും ഉപയോഗിക്കുന്ന അപൂര്‍വം പ്രവാസികളില്‍ ഒരാളായിരുന്നു എസ്.ടി. ടെലഫോണ്‍ ഉപയോഗിക്കുന്നതിലുള്ള അമിത സൂക്ഷ്മത പ്രവര്‍ത്തകര്‍ക്ക് പോലും ഉള്‍ക്കൊള്ളാനായിരുന്നില്ല.
പ്രവര്‍ത്തകരെ വളര്‍ത്തിക്കൊണ്ട് വരുന്നതിന് എസ്.ടി പ്രത്യേകം ശ്രദ്ധിച്ചു. അവരെ വിശ്വാസത്തിലെടുത്ത് ഉത്തരവാദിത്വങ്ങള്‍ നല്‍കി. എസ്.ടിയുടെ ഇഷ്ട വിനോദം വായനയായിരുന്നു. ഇസ്‌ലാമിക സാഹിത്യങ്ങളും മറ്റ് ആനുകാലികങ്ങളും ധാരാളം വായിച്ചു. എസ്.ടിയുടെ വായനയില്‍ കടന്ന് വന്ന ഒരു പുസ്തകമാണ് സ്റ്റീഫന്‍ കോവെയുടെ Seven Habits of Highly Effective People. ഇതിലെ വിഷയങ്ങള്‍ ഖുര്‍ആനും ഹദീസുമായി കോര്‍ത്തിണക്കി പ്രവര്‍ത്തകര്‍ക്കായി നടത്തിയിരുന്ന എസ്.ടിയുടെ ക്ലാസുകള്‍ ഹൃദ്യവും ഉപകാരപ്രദവുമായിരുന്നു. ഈ പുസ്തകത്തിന്റെ ആഴത്തിലുള്ള പഠനം ജോലിയില്‍ ഉയര്‍ന്ന സ്ഥാനത്തിന് കാരണമായപ്പോള്‍ എസ്.ടി പറഞ്ഞു. ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് അവന്‍ ദുന്‍യാവിലും അനുഗ്രഹം നല്‍കും.''
പ്രസ്ഥാന പ്രവര്‍ത്തനത്തിലും ജോലിയിലും തികഞ്ഞ പെര്‍ഫെക്ഷന്‍ എസ്.ടിയുടെ സ്വഭാവമായിരുന്നു. മകള്‍ക്ക് പഠനാവശ്യാര്‍ഥം മുസ്‌ലിം മൈനോരിറ്റി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാന്‍ പറഞ്ഞ സഹോദരനോട് എസ്.ടി പറഞ്ഞു. ''നിയമപരമായി നമുക്കതിന് അര്‍ഹതയുണ്ടാവാം. എന്നാല്‍ ഇസ്‌ലാമികമായി നമുക്കതിന് അര്‍ഹതയില്ല.''
എസ്.ടി ജമാഅത്ത് അംഗമായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ എസ്.ടിക്ക് ഏറ്റെടുക്കേണ്ടിവന്നത് ഐ.പി.എച്ച് മാനേജര്‍ എന്ന വലിയ ഉത്തരവാദിത്വമായിരുന്നു. പള്ളിപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ദിവസ യാത്ര പ്രയാസകരമായിരുന്നെങ്കിലും ഒന്നര വര്‍ഷം എല്ലാം സഹിച്ച് എസ്.ടി ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി. അപ്പോഴേക്കും എസ്.ടി രോഗത്തിനടിപ്പെട്ട് തുടങ്ങിയിരുന്നു. ചികിത്സ തുടങ്ങുമ്പോള്‍ തന്റെ കരളും ഹൃദയവും രോഗബാധിതമാണെന്ന് എസ്.ടി തിരിച്ചറിഞ്ഞു.
മരിക്കുന്നതിന്റെ ഒരു മാസം മുമ്പ് സലീം മാഹിയുടെ കൂടെ എസ്.ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ സംസാരത്തിനിടയില്‍ എസ്.ടി പറഞ്ഞു. ''ഗള്‍ഫില്‍നിന്ന് തിരിച്ചുവരുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമാകണമെന്നായിരുന്നു. നാമൊന്ന് ആസൂത്രണം ചെയ്യും, എന്നാല്‍ പടച്ചവന്റെ തീരുമാനം മറ്റൊന്നായിരിക്കും.'' മരണത്തിന്റെ രണ്ട് ദിവസം മുമ്പ് തന്റെ സഹധര്‍മിണിയോട് പറഞ്ഞു. ''ജനങ്ങള്‍ക്ക് ഉപകാരപ്പെടാതെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?'' അല്ലാഹുവിലേക്കുള്ള തിരിച്ച് പോക്കിന് എസ്.ടി മാനസികമായി തയാറായിരുന്ന പോലെ. അറുപത്തി മൂന്ന് വര്‍ഷത്ത ആ ജീവിതത്തിന് അന്ത്യം കുറിച്ച് എസ്.ടി തന്റെ കര്‍മങ്ങളുമായി അല്ലാഹുവിലേക്ക് തിരിച്ച് പോയി. നാഥാ നീ എസ്.ടിക്ക് സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കേണമേ.
Comments