ഇസ്സത്ത് ബെഗോവിച്ച് വിമോചന രാഷ്ട്രീയത്തിന്റെ രാജശില്‍പി
''ജീവിക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഞാന്‍ മരിക്കും'' (When I lose the reasons to live, I shall die). 14 വര്‍ഷം യൂഗോസ്ലാവ്യന്‍ ഇടതുപക്ഷ ഭരണകൂടത്തിന്റെ തടവറയില്‍ കഴിഞ്ഞ വിപ്ലവകാരിയായ ബെഗോവിച്ച് തന്റെ 'ജയില്‍കുറിപ്പു'കളിലെഴുതിയ വാക്കുകളാണിവ. കീഴടങ്ങലാണ് സ്വാതന്ത്ര്യമെന്ന് കരുതി നിസ്സംഗരായി നിന്ന ഒരു ജനതക്ക് ഇസ്‌ലാമിന്റെ ചൈതന്യം ആവാഹിച്ച് രാഷ്ട്രീയാധികാരം നേടിക്കൊടുത്ത ഒരാള്‍ ആധുനിക യൂറോപ്പിലുണ്ടെന്ന് പറയുമ്പോള്‍ ആര്‍ക്കാണ് വിശ്വാസം വരിക? ചരിത്രത്തോടു സന്ധി ചെയ്യലല്ല, പുതിയ ചരിത്രം സൃഷ്ടിക്കലാണ് വിപ്ലവത്തിന്റെ വഴിയെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ആ ധിഷണാശാലിയുടെ സ്മരണകള്‍ക്ക് എന്തുകൊണ്ടോ ആധുനിക ഇസ്‌ലാമിക വായനയില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി.
ചരിത്രം സഞ്ചരിച്ച വഴികളിലൂടെയെല്ലാം 'ഇസ്‌ലാമിന്റെ വിളക്കു'മായി ബെഗോവിച്ച് നടന്നു. ചിത്രകല, സാഹിത്യം, ദര്‍ശനം, രാഷ്ട്രമീമാംസ, തത്ത്വചിന്ത, മതം തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ സൗന്ദര്യശാസ്ത്രങ്ങളെയും അദ്ദേഹം പഠനവിധേയമാക്കി. പശ്ചിമ പൂര്‍വദേശങ്ങളുടെ പ്രത്യയശാസ്ത്ര സമസ്യകളെ അവധാനതയോടെ അദ്ദേഹം പഠിച്ചു. നാഗരിക സംഘട്ടനങ്ങള്‍ക്കും അതിജീവനങ്ങള്‍ക്കുമിടയില്‍ ഒരു 'മൂന്നാംവഴി'യായിട്ടാണ് ഇസ്‌ലാമിന്റെ സ്ഥാനം അദ്ദേഹം നിര്‍ണയിച്ചത്. നൂറ്റാണ്ടുകളായി യൂറോപ്പ് അനുവര്‍ത്തിച്ചുപോരുന്ന വഞ്ചനയുടെ കഥകള്‍, ഒരു യൂറോപ്യനായി കൊണ്ടുതന്നെ അദ്ദേഹം അവതരിപ്പിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെയും വൈജ്ഞാനിക മേല്‍വിലാസത്തിന്റെയും മൂല സ്രോതസ്സ് ഇസ്‌ലാമായിരുന്നിട്ടും, മാന്യമായ പരിഗണന നല്‍കാതെയോ, പകരമെന്തെങ്കിലും സംഭാവന ചെയ്യാതെയോ ഇസ്‌ലാമിക സമൂഹത്തോട് കാട്ടുന്ന കൊടുംചതിയെ മൂര്‍ച്ചയുള്ള തന്റെ വിശകലനങ്ങളിലൂടെ അദ്ദേഹം വിമര്‍ശിച്ചു. വൈജ്ഞാനികമായ സകല ഉറവകളും ചോര്‍ത്തിയെടുത്ത് ഇസ്‌ലാമിനുമേല്‍ പകരം വെച്ചതാകട്ടെ, മതമൗലികവാദത്തിന്റെ ചാപ്പ കുത്തും! ഈ നൊമ്പരങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുവെക്കുകയാണ് 'ഇസ്‌ലാം രാജമാര്‍ഗ'ത്തിലൂടെ (Islam Between East and West) അദ്ദേഹം ചെയ്യുന്നത്. ഇതില്‍ സാധാരണക്കാരന് എളുപ്പത്തില്‍ വായിച്ചുപോകാവുന്ന വിവരണമില്ല. ഒരു പുതിയ അറിവ് തേടി സമീപിക്കാനും പറ്റില്ല. സംസ്‌കാരത്തെയും സാഹിത്യത്തെയും നാഗരികതകളുടെ ഉത്ഥാനപതനങ്ങളെയും ശരാശരിയെങ്കിലും മനസ്സിലാക്കിയ ഒരാള്‍ക്കു മാത്രമേ 'ഇസ്‌ലാം രാജമാര്‍ഗ'ത്തിന്റെ ഉള്ളടക്കം വഴങ്ങുകയുള്ളൂ. ഇത്രമേല്‍ പ്രതിഭാശേഷിയുള്ള മറ്റൊരാളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രാഷ്ട്രീയദര്‍ശനത്തില്‍ കണ്ടെത്താനായി എന്നു വരില്ല.
പൗരസ്ത്യദേശങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളോ രാഷ്ട്രവാദികളോ ചെയ്യുന്നതുപോലെ, ഒരു പ്രത്യേക രാഷ്ട്രീയ സമൂഹത്തിന്റെ സൃഷ്ടിപ്പ് എന്ന വിഡ്ഢിത്തത്തിനു മുതിര്‍ന്നില്ല എന്നതാണ് ബെഗോവിച്ചിനെ അസാധാരണ പ്രതിഭയായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ആധുനിക ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമിടയില്‍ നിന്ന് ഇസ്‌ലാമിന്റേതു മാത്രമായ ഒരു സാംസ്‌കാരിക സ്വത്വം സാധിച്ചെടുക്കുകയാണദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ ഭീകരവാദത്തിന്റെയോ തീവ്രവാദത്തിന്റെയോ മുദ്രണങ്ങള്‍ ബെഗോവിച്ചിനുമേല്‍ ചാര്‍ത്താന്‍ ആരും ധൈര്യപ്പെട്ടില്ല. പകരം ആധുനിക രാഷ്ട്രീയ വ്യവസ്ഥയില്‍ 'ഇസ്‌ലാമിന്റെ ഇടം' നിര്‍ണയിച്ച ഇതിഹാസ പുരുഷനായി അദ്ദേഹം അംഗീകരിക്കപ്പെടുകയും ചെയ്തു.
യൂഗോസ്ലാവ്യയിലെ ഭൂരിപക്ഷ രാഷ്ട്രീയധാര എന്ന നിലയില്‍ ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ കാള്‍ മാര്‍ക്‌സിനോളം ദാര്‍ശനിക പരിവേഷം ആധുനിക ലോകത്ത് ബെഗോവിച്ചിനു ലഭിക്കുമായിരുന്നു. ഇസ്‌ലാമിക അവബോധമുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ ദൗത്യം വിശദീകരിച്ചതിങ്ങനെ: ''ഇസ്‌ലാമിന്റെ ആത്മാവ് നഷ്ടപ്പെട്ട മുസ്‌ലിംകളെ വിശ്വാസികളും പോരാളികളുമാക്കുകയാണ് എന്റെ ലക്ഷ്യം'' (Our Goal: Islamization of Muslims. Our Motto: Believe and Struggle- Islamic Declaration- 1970). മൊറോക്കോ മുതല്‍ ഇന്തോനേഷ്യ വരെ ഒരൊറ്റ നാഗരിക രാഷ്ട്രീയ സമൂഹമായി ഇസ്‌ലാമിന് വളരാന്‍ പറ്റിയ കാലാവസ്ഥ സാധിച്ചെടുക്കലാണ് ഏറ്റവും മുഖ്യമായ രാഷ്ട്രീയ അജണ്ടയെന്ന് 'ഇസ്‌ലാമിക പ്രഖ്യാപന'ത്തിലൂടെ അദ്ദേഹം വാദിച്ചു.
സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത്രയധികം വാചാലനായ ഒരൊറ്റ ഇസ്‌ലാമിസ്റ്റിനെയും ആധുനിക ചരിത്രത്തിന്റെ വായനയില്‍ നമുക്കു കണ്ടെത്താനാവില്ല. അറബ് ജനതയുടെ രാഷ്ട്രീയവും ബൗദ്ധികവുമായ അടിമത്തം തന്നെ അത്ഭുതപ്പെടുത്തുകയും രോഷാകുലനാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പല തവണ എഴുതുകയുണ്ടായി. സ്വാതന്ത്ര്യമെന്നാല്‍ അടങ്ങിയിരിക്കലല്ല, പോരാട്ടമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ''ഒരു ജനത തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാം. അതവരുടെ രാഷ്ട്രീയ നിലപാടുകളുടെ ശരിതെറ്റുകള്‍ക്കനുസരിച്ചിരിക്കും. പക്ഷേ നിരന്തരം വേട്ടയാടപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്ന ദാരുണമായ ഒരവസ്ഥയില്‍ പോരാളിയാവുക എന്നതാണ് സ്വാതന്ത്ര്യം കൊണ്ട് ഞാനുദ്ദേശിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ മേന്മകള്‍ സ്വാതന്ത്ര്യത്തിന്റെ പുറത്തുള്ള എന്തെങ്കിലും കൊണ്ട് തെളിയിക്കപ്പെടേണ്ടതല്ല. അതു തന്നെയാണ് അതിന്റെ വിധികര്‍ത്താവ്'' (ജയില്‍കുറിപ്പുകള്‍).
ബോസ്‌നിയന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുമ്പോള്‍ ബെഗോവിച്ചിനു മുമ്പില്‍ കടമ്പകളേറെയായിരുന്നു. സെര്‍ബ്-ക്രോട്ട് വംശജരായ ക്രിസ്തീയ സമൂഹം വെച്ചുപുലര്‍ത്തുന്ന വംശവെറിയുടെയും കൂട്ടക്കശാപ്പിന്റെയും ഭീകര ചിത്രങ്ങളായിരുന്നു ബെഗോവിച്ചിനു മുന്നില്‍. കൂട്ട ബലാത്സംഗത്തിനിരയായ അരലക്ഷത്തോളം മുസ്‌ലിം വനിതകള്‍, കശാപ്പു ചെയ്യപ്പെട്ട ഒന്നര ലക്ഷത്തിലധികം വരുന്ന പുരുഷന്മാര്‍, അനാഥമാക്കപ്പെട്ട പതിനായിരക്കണക്കിന് ബാല്യങ്ങള്‍... തന്റെ തുല്യതയില്ലാത്ത ഇഛാശക്തികൊണ്ടു മാത്രമാണ് അദ്ദേഹത്തിന് മുന്നേറാനായത്. കലാലയങ്ങളില്‍നിന്നും ചരിത്രപാഠങ്ങളില്‍ നിന്നും ഇസ്‌ലാമിനെകുറിച്ച ഭാഗങ്ങള്‍ ബോധപൂര്‍വ്വം നീക്കം ചെയ്യപ്പെട്ടിരുന്നു. പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം പോലും ഭാഗികമായി നിഷേധിച്ച കമ്യൂണിസ്റ്റ് ഭരണകൂടം, ബോസ്‌നിയന്‍ ഭാഷയെ സമ്പന്നമാക്കിയ അറബ്-തുര്‍ക് പദാവലികളെ 'അണ്‍ കള്‍ച്ചേര്‍ഡ്' എന്ന് മുദ്രകുത്തി മാറ്റിനിര്‍ത്തി. പക്ഷേ, അതിശയം എന്നേ പറയേണ്ടൂ, ബെഗോവിച്ചിന് കീഴില്‍ ബോസ്‌നിയ ഹെര്‍സഗോവിന ഒരു മുസ്‌ലിം രാഷ്ട്രമായി പന്തലിക്കാന്‍ കാലമേറെ വേണ്ടിവന്നില്ല.
പൗരസ്ത്യ മുസ്‌ലിം പണ്ഡിതന്മാര്‍ക്കും നവ ഇസ്‌ലാമിസ്റ്റുകള്‍ക്കും പാശ്ചാത്യരോ പൗരസ്ത്യരോ ആയ രാഷ്ട്രീയ ബുദ്ധിജീവികള്‍ക്കും അപ്രാപ്യമായ വിശകലനപാടവമാണ് ബെഗോവിച്ചിന്റെ ദര്‍ശനങ്ങളുടെ കാതല്‍. അതുകൊണ്ടു തന്നെ സമകാലിക പഠനങ്ങളിലൊരിടത്തും ബെഗോവിച്ചിനെ ഉള്‍ക്കൊള്ളിക്കാന്‍ ഭയം മൂലമോ അറിവില്ലായ്മ മൂലമോ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ഒരര്‍ഥത്തില്‍, അദ്ദേഹം നിരീക്ഷിക്കുന്നതെന്താണെന്ന് അവര്‍ക്കു മനസ്സിലായതുമില്ല. വംശീയമോ ദേശീയമോ ആയ നിര്‍ണിത വലയത്തിനകത്തുനിന്ന് ഇസ്‌ലാമിന്റെ വെളിച്ചം പ്രസരിപ്പിക്കാന്‍ കഴിയില്ലെന്ന്, ഇസ്‌ലാമേതരമായ ഒരു സംസ്‌കൃതിയുടെ പശ്ചാത്തലത്തില്‍ ജീവിച്ചുകൊണ്ട് തെളിയിക്കാനായി എന്നതാവും അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവന. 'അനിവാര്യമായ ചോദ്യങ്ങള്‍' (Inescapable questions) എന്ന തന്റെ ആത്മകഥാംശമുള്ള ഗ്രന്ഥത്തില്‍, ബോസ്‌നിയന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇസ്‌ലാമിന്റെ സാധ്യതകളെ അന്വേഷിക്കുകയാണ് അദ്ദേഹം. ആദിമ നാഗരികതകളുടെ ഉദയാസ്തമയങ്ങള്‍ തൊട്ട് ആധുനിക ലോകത്തിന്റെ അരക്ഷിതാവസ്ഥകള്‍ വരെ ചരിത്രത്തിന്റെയും ബുദ്ധിപരമായ തെളിവുകളുടെയും പിന്‍ബലത്തില്‍ അദ്ദേഹം ഗവേഷണം ചെയ്യുന്നു. അര നൂറ്റാണ്ടുകാലത്തെ ത്യാഗപൂര്‍ണമായ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കദനകഥ, ഒരു ജനതയെ മുന്‍നിര്‍ത്തി അദ്ദേഹം വിശദീകരിക്കുകയാണിതില്‍.
1925 ആഗസ്റ്റ് 28-ന് സെര്‍ബ് വംശാധിപത്യമുള്ള ബോസ്‌നിയയിലെ 'ബൊസന്‍സ് സകാമില്‍' ഇസ്‌ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 16-ാം വയസ്സിലാരംഭിച്ച പൊതുജീവിതം നിരവധി പോരാട്ടങ്ങളിലൂടെയും തടങ്കല്‍വാസങ്ങളിലൂടെയും കടന്ന് ഒരു രാഷ്ട്രത്തിന്റെ നായകസ്ഥാനം വഹിക്കുന്നിടംവരെയെത്തി. 'രാഷ്ട്രീയത്തിലെ ദാര്‍ശനികന്‍' എന്ന നിലയില്‍ ലോകത്തെങ്ങും, പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കന്‍ ഭരണകൂടത്തില്‍ പോലും അദ്ദേഹത്തിനു അംഗീകാരമുണ്ടായി. 1970-ല്‍ പ്രസിദ്ധീകരിച്ച 'ഇസ്‌ലാമിക പ്രഖ്യാപനം' (Islamic Declaration) എന്ന ഗ്രന്ഥം രാഷ്ട്രീയ അട്ടിമറിക്ക് പ്രേരിപ്പിക്കുന്നുവെന്നും മതമൗലികമാണെന്നും ആരോപിച്ച് 14 വര്‍ഷം ജയില്‍ശിക്ഷക്കു വിധിക്കപ്പെട്ടു. 1983-ലാണ്, ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അദ്ദേഹത്തിന്റെ 'ഇസ്‌ലാം രാജമാര്‍ഗം' പ്രസിദ്ധീകരിച്ചത്. 1988-ല്‍ ജയില്‍ മോചിതനായ അദ്ദേഹം 1990-ല്‍ ബോസ്‌നിയ ഹെര്‍സഗോവിനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ഫോര്‍ ഡെമോക്രാറ്റിക് ആക്ഷന്‍ (പി.ഡി.എ) എന്ന സംഘടനയിലൂടെയാണ് അദ്ദേഹം ജനകീയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ക്കപ്പുറം സെര്‍ബ്-ക്രോട്ട് വംശജരുടെ നിരന്തരായ നിസ്സഹകരണത്തില്‍ മനംനൊന്ത് 2000 ഒക്‌ടോബറില്‍ അദ്ദേഹം പ്രസിഡന്റ് പദവി ഒഴിഞ്ഞുകൊണ്ടെഴുതി: ''മുസ്‌ലിംകളുടെ പേരുപറഞ്ഞ് അന്താരാഷ്ട്ര ഏജന്‍സികള്‍ ബോസ്‌നിയയില്‍ ഇടപെടുകയാണ്. ഈ അനീതിക്കു കാരണക്കാരനായി തുടരാന്‍ എനിക്കു സമ്മതമില്ല.'' ഇസ്‌ലാമിക പ്രവര്‍ത്തനത്തിനുള്ള ഫൈസല്‍ അവാര്‍ഡും, ദുബൈ ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡും നേടിയ അദ്ദേഹം 2003 ഒക്‌ടോബര്‍ 19-ന് സരയാവോയിലെ വസതിയില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു.
ബോസ്‌നിയന്‍ സ്വാതന്ത്ര്യദാഹികളുടെ പ്രിയപ്പെട്ട ദീദോ (അവരങ്ങനെ വിളിക്കുന്നു), ധിഷണ കൊണ്ട് യുദ്ധം ചെയ്യാമെന്നും വിപ്ലവമെന്നാല്‍ കലാപം കൂട്ടലല്ലെന്നും ആധുനിക മനുഷ്യനെ പഠിപ്പിച്ച ഈ നൂറ്റാണ്ടിന്റെ വരദാനമായിരുന്നല്ലോ അങ്ങ്... നാഗരികതകളുടെ അന്തച്ചോദനകളെ കണിശമായി വിശദീകരിച്ച ഒരു നവോത്ഥാന നായകനും നമുക്കിടയില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പാരതന്ത്ര്യത്തിന്റെ ചടുലനൃത്തങ്ങള്‍ അരങ്ങുവാഴുന്ന ഓരോ രാഷ്ട്രീയ സന്ധിയിലും ഒരു വസന്തത്തിന്റെ കുളിര്‍മയോടെ അങ്ങയെ കുറിച്ചുള്ള സ്മരണകള്‍ ഞങ്ങള്‍ പങ്കുവെക്കും. സാമ്രാജ്യത്വത്തിനു അടിമവേല ചെയ്യുന്നവരും അവരുടെ നേതൃത്വവും അങ്ങയെ ബോധപൂര്‍വം മറന്നേക്കാം. ജനാധിപത്യത്തിന്റെ വിശാലഭൂമികയില്‍ നിന്നുകൊണ്ട് എങ്ങനെ അധികാരം നേടാമെന്നും സ്വാതന്ത്ര്യം കൈവരിക്കാമെന്നും പറഞ്ഞുതരാന്‍ അങ്ങയെപ്പോലെ മറ്റൊരു ബെഗോവിച്ച് പിറക്കുമോ?
Comments