Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

ഹജ്ജ് ഉംറ മക്കയും മലയാളിപ്പെരുമയും

ജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഹാജിമാര്‍ക്ക് ഉത്തമ ഗൈഡാണെന്നതില്‍ സംശയമില്ല. പക്ഷേ, ഇവയില്‍ ചിലതെങ്കിലും ലളിതമായ ഹജ്ജ് കര്‍മങ്ങളെ ഫിഖ്ഹീ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴച്ച് നീട്ടിപ്പരത്തി ഹജ്ജിന് തയാറെടുക്കുന്നവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്. വര്‍ഷങ്ങളായി പുണ്യഭൂമിയില്‍ ഹജ്ജ് കര്‍മത്തിന് സാക്ഷ്യം വഹിക്കുകയും ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട ഓരോ സ്ഥലത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുകയും ചെയ്ത ഒരു പത്രപ്രവര്‍ത്തകന്റെ, ഹജ്ജിനെയും ഉംറയെയും കുറിച്ച വിശദമായ വിവരണമാണ് ഹസന്‍ ചെറൂപ്പയുടെ 'ഹജ്ജ് ഉംറ മക്കയും മലയാളിപ്പെരുമയും' എന്ന പുസ്തകം. ഹജ്ജിന്റെ ആത്മീയ ഭാവവും ചൈതന്യവുമെന്ന പോലെ കര്‍മശാസ്ത്രവും ചരിത്രപശ്ചാത്തലവും പുണ്യകേന്ദ്രങ്ങളെക്കുറിച്ച അടിസ്ഥാന വിവരങ്ങളുമെല്ലാം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അനുഷ്ഠാനമുറകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം തന്നെ ഓരോ പുണ്യകര്‍മത്തിന്റെയും ഉള്‍പ്പൊരുളും ചരിത്ര പശ്ചാത്തലവും ലളിതമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നു.
മക്കയും മലയാളിയും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം അടുത്തറിയാന്‍ ശ്രമിക്കുകയും അതിന്റെ ചില മായാത്ത മുദ്രകള്‍ കോറിയിടുകയും ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ചരിത്രത്തിലെ ഏറ്റവും വലിയ വികസനത്തിനുംവിപുലീകരണത്തിനും ഇരു ഹറമുകളും സാക്ഷ്യം വഹിക്കെ, അതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ''ഒരു തീര്‍ഥാടകനെ ഹജ്ജിന്റെ രൂപങ്ങള്‍ പരിചയപ്പെടുത്തുന്നതോടു കൂടിത്തന്നെ പുണ്യഭൂമിയുടെ ചരിത്രം അവനില്‍ സന്നിവേശിപ്പിക്കുംവിധമുള്ള ഗ്രന്ഥകര്‍ത്താവിന്റെ നൈപുണ്യമാണ് ഈ പുസ്തകത്തെ വേറിട്ട് നിര്‍ത്തുന്നത്'' എന്ന് അവതാരികയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രേഖപ്പെടുത്തുന്നു. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പുണ്യഭൂമിയുടെ ചരിത്രമന്വേഷിക്കുന്നവര്‍ക്കും നല്ലൊരു മുതല്‍ക്കൂട്ടും ഗൈഡുമാണ് ഈ പുസ്തകം. പ്രസാധനം: വചനം ബുക്‌സ്, പേജ് 288, വില 230.

ഇസ് ലാമിന്റെ രാഷ്ട്രീയം

വിഖ്യാത പണ്ഡിതനും ലോക മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുദ്ദൗല എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് 'ഇസ്‌ലാമിന്റെ രാഷ്ട്രീയം' എന്ന പേരില്‍ വിചാരം ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കര്‍മശാസ്ത്ര രചനക്ക് നൂതന പരിപ്രേക്ഷ്യം നല്‍കിയ ഖറദാവി ഫിഖ്ഹിനെ  ജനകീയമാക്കിയ വിപ്ലവകാരിയാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രസക്തി, നിയമനിര്‍മാണത്തിന്റെ പരമാധികാരം, ഭരണപങ്കാളിത്തം, വനിതാ പ്രാതിനിധ്യം, ബഹുകക്ഷി സമ്പ്രദായം, ഇസ്‌ലാമിക ജനാധിപത്യം തുടങ്ങി സുപ്രധാന വിഷയങ്ങള്‍ പ്രാമാണികമായി ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നുണ്ട്. നിയമ നിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ ഇസ്‌ലാം ആധുനിക ജനാധിപത്യത്തോട് ഒട്ടിനില്‍ക്കുന്നുണ്ടെന്ന് ഖറദാവി സമര്‍ഥിക്കുന്നു. ഇന്ത്യ പോലുള്ള ബഹുസ്വര, മതേതര, ജനാധിപത്യ രാജ്യത്ത് ഇസ്‌ലാമിക ആദര്‍ശവും മൂല്യങ്ങളും ബലികഴിക്കാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും ഭരണപങ്കാളിത്തം പറ്റുന്നതും മുസ്‌ലിം സമൂഹത്തിന് ഗുണകരമാകുമെന്ന് പുസ്തകത്തിലെ വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.
പുസ്തകത്തെക്കുറിച്ച് ഖറദാവി ആമുഖത്തില്‍ ഇങ്ങനെ വ്യക്തമാക്കുന്നു: ''ഈ ഗ്രന്ഥം ഇസ്‌ലാമിലെ രാഷ്ട്ര സങ്കല്‍പവുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര മേഖല അനാവരണം ചെയ്യുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സ്ഥാനം, അത് സംസ്ഥാപിക്കേണ്ടതിന്റെ വിധി, അത് വ്യതിരിക്തമായിരിക്കേണ്ടതെങ്ങനെ, അതിന്റെ പ്രകൃതിയെന്ത്, അത് ഇസ്‌ലാമിനെ മുറുകെപ്പിടിക്കുന്ന ജനായത്ത രാഷ്ട്രമാണോ, അതോ പൗരോഹിത്യ തിയോക്രാറ്റിക് രാഷ്ട്രമോ, അത് ദൈവദത്തമായ അധികാരത്തിന്റെ പേരില്‍ ഭരിക്കുന്ന മതരാഷ്ട്രമാണെന്ന് വാദിക്കുന്നവര്‍ക്ക് എങ്ങനെ മറുപടി കൊടുക്കും, ബഹുകക്ഷി സമ്പ്രദായത്തോടും ജനാധിപത്യത്തോടും സ്ത്രീകളോടും അമുസ്‌ലിംകളോടുമുള്ള അതിന്റെ രാഷ്ട്രീയ നിലപാടെന്താണ്, ഒരു മതേതര രാഷ്ട്രത്തില്‍ ഇസ്‌ലാമിക സംഘടനക്ക് ഭരണപങ്കാളിത്തം ആവാമോ? ഇത്തരത്തിലുള്ള സുപ്രധാന പ്രശ്‌നങ്ങളാണീ ഗ്രന്ഥത്തില്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നത്.''

പ്രസാധനം: വിചാരം ബുക്‌സ്, വിവര്‍ത്തനം: സുബൈര്‍ കുന്ദമംഗലം, പേജ് 290, വില 220



Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍