Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

കടബാധ്യതയുള്ളവന്റെ ഹജ്ജ് സ്വീകാര്യമോ?

ഇല്‍യാസ് മൗലവി

ടബാധ്യതയുള്ളവന്റെ ഹജ്ജ് സ്വീകാര്യമല്ല എന്ന് കുറിക്കുന്ന ഖുര്‍ആന്‍ സൂക്തമോ നബിവചനമോ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ ഇമാമുകള്‍ അഭിപ്രായപ്പെട്ടതായും അറിയില്ല. എന്നാല്‍ കടവുമായി ബന്ധപ്പെട്ട് വളരെ ഗൗരവമാര്‍ന്ന താക്കീതുകള്‍ പ്രമാണങ്ങളിലും മുന്‍കഴിഞ്ഞ മഹാന്മാരുടെ ഉദ്‌ബോധനങ്ങളിലും ധാരാളമായി കാണാന്‍ കഴിയും. അതില്‍ പെട്ടതാണ്, കൊടുത്തുവീട്ടാനുള്ള കടം ബാക്കി വെച്ച് മരിച്ചുപോവുന്നവര്‍ക്ക് സകല കുറ്റങ്ങളും അല്ലാഹു പൊറുത്തുകൊടുത്താലും പ്രസ്തുത കടം കൊടുത്തുവീട്ടുകയോ ബന്ധപ്പെട്ടവര്‍ വിട്ടുവീഴ്ച ചെയ്തുപൊറുത്തുകൊടുക്കുകയോ ചെയ്യാത്തിടത്തോളം അല്ലാഹു പൊറുത്തുകൊടുക്കുകയില്ല എന്നും, തദ്വാരാ സ്വര്‍ഗപ്രവേശം മുടങ്ങിക്കിടക്കും എന്നും കുറിക്കുന്ന ഹദീസുകള്‍. 'ദൈവമാര്‍ഗത്തില്‍ രക്തസക്ഷ്യം വരിക്കുന്ന ധീരാത്മാക്കള്‍ക്ക് പോലും സകല പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും, കടമൊഴികെ' (മുസ്‌ലിം) എന്ന് വരെ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.
കടബാധ്യതയുള്ളവര്‍ക്ക്, ആ ബാധ്യത തീര്‍ത്ത ശേഷം സാമ്പത്തികമായും ശാരീരികമായും സൗകര്യം ഒത്തുവരുന്നെങ്കില്‍ മാത്രമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ. താന്‍ വാങ്ങിയ കടം വീട്ടുക എന്നതിനാണ് ഹജ്ജ് ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് എന്നര്‍ഥം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടം മേടിച്ച ഒരാള്‍ക്ക് പ്രസ്തുത കടം വീട്ടാനുള്ള വക തന്റെ സമ്പത്തില്‍ ഉണ്ടായിരിക്കുക, കടബാധ്യത തീര്‍ക്കുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തുക, കടം തന്ന് സഹായിച്ചവന് അത് അടിയന്തരമായി കിട്ടണമെന്ന ശാഠ്യമോ നിബന്ധനയോ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ തന്റെയീ കടബാധ്യത ഹജ്ജിന് പോകുന്നതിന് തടസ്സമാവുകയില്ല. ഈ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായവും ഇല്ല. എന്നാല്‍ തന്റെ മേലുള്ള കടബാധ്യത തീര്‍ക്കുന്നതോടെ ഹജ്ജിന് പോകാനുള്ള സാഹചര്യം അടഞ്ഞുപോവുന്ന അവസ്ഥയാണുള്ളതെങ്കില്‍, അപ്പോള്‍ കടം വീട്ടുക തന്നെയാണ് വേണ്ടത്. അത് ബാക്കി വെച്ച് ഹജ്ജിന് പോകാന്‍ പാടില്ല. അതുപോലെ, ഉള്ള സമ്പത്തെടുത്ത് ഹജ്ജിന് പോകുന്ന പക്ഷം കുടുംബം പട്ടിണിയിലാവുകയോ ജീവിതം വഴിമുട്ടുകയോ ചെയ്യുന്ന സാഹചര്യത്തിലും ഹജ്ജ് യാത്ര മാറ്റിവെക്കേണ്ടത് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ഹജ്ജിന്റെ കാര്യത്തില്‍ 'കഴിവുള്ളവര്‍,' 'സാധ്യമാകുന്നവര്‍' എന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത് (ആലുഇംറാന്‍ 97).
അതിനാല്‍ ചോദ്യകര്‍ത്താവിനോട് പറയാനുള്ളത്:
1. താങ്കളുടെ മേലുള്ള കടം എത്രയാണെന്നും തിരിച്ചുകൊടുക്കേണ്ടത് ആര്‍ക്കൊക്കെയാണെന്നും എപ്പോഴാണവ തിരിച്ചു നല്‍കേണ്ടതെന്നും വ്യക്തമായി രേഖപ്പെടുത്തിവെക്കുക.

2. തനിക്ക് തിരിച്ചുവരാന്‍ പറ്റിയില്ലെങ്കില്‍ (നാളെയെന്തു സംഭവിക്കുമെന്ന് നമുക്കാര്‍ക്കും നിശ്ചയമില്ലല്ലോ) കടബാധ്യത തീര്‍ക്കാന്‍ മുന്‍ഗണനാ ക്രമത്തില്‍ സംവിധാനമുണ്ടാക്കുക. അക്കാര്യം മക്കളെയോ മാതാപിതാക്കളെയോ വിശ്വസ്തനും സത്യസന്ധനുമായ മറ്റൊരാളെയോ ചുമതലപ്പെടുത്തുക. ബന്ധപ്പെട്ട കക്ഷികളെ ആ വിവരം അറിയിക്കുകയും രണ്ടാളുകളെ സാക്ഷി നിര്‍ത്തുകയും വേണം. ഇതൊക്കെ വളരെ ഉത്തരവാദിത്വബോധത്തോടെ ചെയ്തുവെച്ച ശേഷമാണെങ്കില്‍ താങ്കള്‍ക്ക് ഹജ്ജിന് പോകുന്നതിന് യാതൊരു തടസ്സവും ഇസ്‌ലാമിക ദൃഷ്ട്യാ ഇല്ല. താങ്കളുടെ ഹജ്ജ് പുണ്യകരവും സ്വീകാര്യവുമായിത്തീരാന്‍ ആവശ്യമായിട്ടുള്ള ഇതര കാര്യങ്ങളില്‍ കൂടി ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുക.

ഹജ്ജിലെ ദിക്‌റുകളും പ്രാര്‍ഥനകളും

താങ്കള്‍ വിചാരിക്കുംപോലെ സങ്കീര്‍ണമായ ഒരു ഇബാദത്തല്ല ഹജ്ജും ഉംറയും. പുസ്തകങ്ങളുടെ ആധിക്യവും വലുപ്പവുമൊന്നും കണ്ട് ബേജാറാവേണ്ട കാര്യമില്ല. ഏതാനും മണിക്കൂറുകള്‍ കൊണ്ട് നിര്‍വഹിക്കാവുന്ന കര്‍മമാണ് ഉംറ. ഇഹ്‌റാം ചെയ്തു കഴിഞ്ഞാല്‍ ത്വവാഫ് (ഏഴു പ്രാവശ്യം കഅ്ബാ പ്രദക്ഷിണം), ശേഷം സഅ്‌യ് (സ്വഫയില്‍നിന്ന് മര്‍വയിലേക്കും തിരിച്ചുമുള്ള നടത്തം), ശേഷം മുടി കളയുക. ഇത്രയും കാര്യങ്ങള്‍ മാത്രമുള്ള ലളിതമായ ചടങ്ങുകള്‍. ഇതാണ് ഉംറ.
ഇത്രയും കര്‍മങ്ങള്‍ക്ക് പുറമെ ദുല്‍ഹജ്ജ് 9-ന് അറഫയില്‍ ഉച്ച തിരിഞ്ഞത് മുതല്‍ മഗ്‌രിബ് വരെ തങ്ങുക, ശേഷം അവിടെ നിന്നും പുറപ്പെട്ട്, മിനായില്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള മുസ്ദലിഫ എന്ന സ്ഥലത്ത് ആ രാത്രിയില്‍ തങ്ങുക, പ്രഭാതത്തിന് ശേഷം (ദുല്‍ഹജ്ജ് 10-ന്) മിനായിലെ മൂന്ന് സ്തംഭങ്ങളില്‍, മക്കയോട് അടുത്തു നില്‍ക്കുന്ന സ്തംഭമായ ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക. അതും കഴിഞ്ഞ് ബലിയറുക്കുക (ഇപ്പോഴത് എളുപ്പമല്ലാത്തതിനാല്‍ ഏജന്റുമാരെ ഏല്‍പിക്കുകയാണ് മിക്കവരും. അങ്ങനെ ചെയ്യലാണ് സൗകര്യവും. അതാകട്ടെ അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യവുമാണ്). അതുകഴിഞ്ഞ് മുടികളഞ്ഞ ശേഷം നേരെ മക്കയിലെത്തി ത്വവാഫും പിന്നെ സഅ്‌യും ചെയ്യുന്നതോടെ ഏതാണ്ട് ഹജ്ജ് അവസാനിച്ചെന്ന് പറയാം. ഇനി, മുടികളയുന്നത് ത്വവാഫിനും സഅ്‌യിനും ശേഷമായാലും വിരോധമൊന്നുമില്ല. പിന്നെ ആകെ കൂടിയുള്ളത് ദുല്‍ഹജ്ജ് 11, 12 ദിവസങ്ങളില്‍, (വേണമെങ്കില്‍ 13-ന് കൂടി) മിനായില്‍ സാധാരണ വസ്ത്രമണിഞ്ഞ് കഴിച്ചുകൂട്ടുക എന്നതാണ്. ഇങ്ങനെ മിനായില്‍ കഴിച്ചുകൂട്ടുന്ന പകലുകളില്‍ അവിടെയുള്ള മൂന്ന് ജംറകളില്‍ ഓരോന്നിന് നേരെയും ഏഴു വീതം കല്ലുകള്‍ എറിയണം. മക്ക വിടുന്നതിന് തൊട്ടുമുമ്പായി അവസാന കര്‍മമായി ഒരു ത്വവാഫും ചെയ്യണം. ഇതോടെ ഹജ്ജ് പൂര്‍ത്തിയായി. അതായത് ദിവസത്തില്‍ ഏതെങ്കിലുമൊരു സമയത്ത്-അത് രാവോ പകലോ ആകാം-ചെയ്യാവുന്ന ഉംറയും, ദുല്‍ഹജ്ജ് 9 മുതല്‍ തുടങ്ങി പരമാവധി ദുല്‍ഹജ്ജ് 13-ഓടെ അഞ്ചു ദിവസം കൊണ്ട് പര്യവസാനിക്കുന്ന ഹജ്ജും യാതൊരു സങ്കീര്‍ണതകളുമില്ലാതെ ചെയ്യാവുന്ന ലളിതമായ കര്‍മങ്ങളാണ്.
ഈ അഞ്ചു ദിവസങ്ങളില്‍ നമസ്‌കരിക്കേണ്ടതെങ്ങനെയെന്ന് കൂടി പറയാം. അറഫയില്‍ ദുല്‍ഹജ്ജ് 9-ന് ദുഹ്‌റും അസ്വറും ദുഹ്‌റിന്റെ സമയത്ത് ജംഉം ഖസ്‌റുമായി ഈരണ്ട് റക്അത്ത് വീതം നാല് റക്അത്ത് നമസ്‌കാരം മാത്രമേയുള്ളൂ. മഗ്‌രിബ് കഴിഞ്ഞ ശേഷമേ അറഫയില്‍ നിന്ന് തിരിക്കുകയുള്ളൂവെങ്കിലും മഗ്‌രിബ് അവിടെ വെച്ച് നമസ്‌കരിക്കാതെ മുസ്ദലിഫയില്‍ വെച്ച് ഇശാ നമസ്‌കാരത്തോടൊന്നിച്ചു ജംഉം ഖസ്‌റുമായാണ് നമസ്‌കരിക്കേണ്ടത്. മഗ്‌രിബ് ആദ്യം മൂന്ന് റക്അത്തും ശേഷം ഇശാ രണ്ട് റക്അത്തും. ദുല്‍ഹജ്ജ് പത്തിന് എവിടെയാണോ ഉള്ളത് അവിടെവെച്ച് നമസ്‌കരിക്കാം. 11,12,13 ദിവസങ്ങളില്‍ മിനായില്‍ താമസിക്കുന്ന അത്രയും ദിവസങ്ങളില്‍ ഓരോ നമസ്‌കാരവും അതതിന്റെ സമയത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്. എങ്കിലും നാല് റക്അത്തുള്ള നമസ്‌കാരങ്ങളായ ദുഹ്ര്‍, അസ്വര്‍, ഇശാ എന്നിവ ഖസ്വ്‌റാക്കി രണ്ട് റക്അത്തായിട്ടാണ് നമസ്‌കരിക്കേണ്ടത്. യാത്രക്കാരല്ലെങ്കില്‍പോലും മിനായില്‍ മാത്രമുള്ള പ്രത്യേകതയാണിത്.
ഇനി പ്രാര്‍ഥനകളുടെ കാര്യം: ഹജ്ജിന് പോകാനുദ്ദേശിക്കുന്നവര്‍ തത്സംബന്ധമായ പുസ്തകങ്ങള്‍ മുഴുവന്‍ വാങ്ങിക്കൂട്ടുക ഒരു സാര്‍വത്രികമായ പ്രവണതയാണ്. പല ഗ്രന്ഥങ്ങളിലും പ്രാര്‍ഥനകളുടെ ഒരു പ്രളയം തന്നെയായിരിക്കും. എത്രയധികം പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ അത്രമേല്‍ ആധികാരികത ആളുകള്‍ അതിന് കല്‍പിക്കുന്നു. നന്നായി അറബി അറിയുന്നവര്‍ക്ക് തന്നെ ഹൃദിസ്ഥമാക്കാന്‍ കഴിയാത്തത്രയും കൂടുതലാവും പലപ്പോഴും അത്തരം പ്രാര്‍ഥനകള്‍. അറബി അറിയാത്ത സാധാരണക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ?
എന്നാല്‍, ഹജ്ജ് ശരിയാവാന്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരൊറ്റ പ്രാര്‍ഥന പോലും ഇല്ല എന്നതാണ് വാസ്തവം. ഫാതിഹ, തശഹ്ഹുദ് പോലെ നമസ്‌കാരം സാധുവാകാന്‍ ചൊല്ലല്‍ അനിവാര്യമായ ഒരു പ്രാര്‍ഥന പോലും നബി(സ) ഹജ്ജില്‍ പഠിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ അങ്ങനെയുള്ള പ്രാര്‍ഥനകള്‍ മദ്ഹബുകളുടെ ഇമാമുകള്‍ ഉള്‍പ്പെടെ ആരും നിഷ്‌കര്‍ഷിച്ചിട്ടുമില്ല. അതിനാല്‍ പ്രാര്‍ഥനകള്‍ ഹൃദിസ്ഥമാക്കിയില്ലെന്ന് വെച്ച് ആരും ഉത്കണ്ഠരാവേണ്ടതില്ല. എന്നല്ല, അര്‍ഥമറിയാതെയും ഹൃദയ സാന്നിധ്യമില്ലാതെയും ഉരുവിടുന്ന അത്തരം പ്രാര്‍ഥനകളേക്കാള്‍, ഹൃദയ സാന്നിധ്യത്തോടെ അവനവന്‍ തനിക്കറിയാവുന്ന ഭാഷയില്‍ പ്രാര്‍ഥിക്കുന്നതാണ് ഏറെ ഫലപ്രദവും ഉത്തമവും.
ഹജ്ജുമായി ബന്ധപ്പെട്ട ഓരോ സന്ദര്‍ഭങ്ങളിലും ഉരുവിടേണ്ട ദിക്‌റുകളും ദുആകളും പല സ്ഥലങ്ങളിലും കാണാമെങ്കിലും അവയില്‍ വളരെ തുഛം ചിലതൊഴിച്ച് ബാക്കിയുള്ളവക്കൊന്നും പ്രമാണങ്ങളുടെ പിന്‍ബലമില്ല. സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെട്ടവയുമല്ല അത്തരം പ്രാര്‍ഥനകള്‍.
വസ്തുത ഇതായിരിക്കെ താങ്കളെപ്പോലുള്ളവര്‍ ഇപ്പോള്‍ തന്നെ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. മനസ്സമാധാനത്തോടെയിരിക്കുക. പടച്ചവന്‍ പുണ്യകരമായ ഹജ്ജ് നിര്‍വഹിക്കാനുള്ള തൗഫീഖ് താങ്കള്‍ക്ക് നല്‍കുമാറാകട്ടെ.
ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ:
ഒന്ന്, പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ഒരുപാട് സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ മുമ്പില്‍ ഉണ്ടായിരിക്കും. അത്തരം സന്ദര്‍ഭങ്ങള്‍ പാഴായിപ്പോകാതിരിക്കാനുള്ള മുന്‍കരുതലുകളും തയാറെടുപ്പകളും കാലേക്കൂട്ടി ചെയ്തുവെക്കുക.
രണ്ട്, പ്രാര്‍ഥനകള്‍ തടയപ്പെടാന്‍ ഇടയാക്കുന്ന പല ഘടകങ്ങളുമുണ്ട്. അവ ഖുര്‍ആനും സുന്നത്തും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഘടകങ്ങള്‍ വന്നുചേരാതെ സൂക്ഷിക്കുകയും അതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.
മൂന്ന്, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടാന്‍ ഏറെ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി അവിടങ്ങളില്‍ എന്തു പ്രാര്‍ഥിക്കണമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരിക്കുക.
നാല്, പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠവും ഏറ്റവും സാരസമ്പൂര്‍ണവും ആശയസമ്പുഷ്ടവും സമഗ്രവും എന്നാല്‍ സംക്ഷിപ്തവുമായവ ഖുര്‍ആനിലും ഹദീസുകളിലും വന്നവ തന്നെയാണ്. മറ്റേതൊരു പ്രാര്‍ഥനയും അതിന്റെ നാലയലത്ത് എത്തുകയില്ല. അതിനാല്‍ അത്തരം പ്രാര്‍ഥനകള്‍ പരമാവധി അര്‍ഥം ഗ്രഹിച്ച് ഹൃദിസ്ഥമാക്കാന്‍, ഹജ്ജിന് പോകുന്നവര്‍ മാത്രമല്ല ഓരോ മുസ്‌ലിമും ശ്രമിക്കേണ്ടതാണ്. ചില പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവിങ്കല്‍ പ്രത്യേക പരിഗണനയുണ്ടായിരിക്കുമെന്ന് അറിയിച്ചിരിക്കെ വിശേഷിച്ചും. ഉദ്ദേശ്യ ശുദ്ധിയോടെയും ഇഛാശക്തിയോടെയും അതിനായി മിനക്കെട്ടാല്‍ ഏതൊരാള്‍ക്കും അവ ഹൃദിസ്ഥമാക്കാം. അതിനാകട്ടെ ഹജ്ജിന് പോകുന്നത് വരെ കാത്തിരിക്കേണ്ടതുമില്ല. വ്യത്യസ്ത സന്ദര്‍ഭങ്ങളിലെ പ്രാര്‍ഥനകള്‍ പതിവായി ശീലിക്കേണ്ട ഉത്തമ സ്വഭാവമാകണം. ന്യായമായ തടസ്സങ്ങളാല്‍ അതിന് കഴിയാത്തവര്‍ തങ്ങളെ കൊണ്ടാവുംവിധം ശ്രമിക്കുക. അല്ലാഹു ആ ശ്രമം പാഴാക്കുകയില്ല.

തുന്നിയ വസ്ത്രങ്ങള്‍ ധരിക്കാമോ?

തുന്നിയത് ധരിക്കാന്‍ പാടില്ല എന്ന് വ്യക്തമായി പരാമര്‍ശിക്കുന്ന ആയത്തോ ഹദീസോ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എന്നു വെച്ച് തുന്നിയത് ധരിക്കാമെന്നല്ല. മറിച്ച്, ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്‌റാം ചെയ്യുന്നവര്‍ ധരിക്കാന്‍ പാടില്ലാത്തതെന്തെല്ലാമാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഉദാഹരണമായി, നബി(സ) പറഞ്ഞു: ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ കുപ്പായമോ തലപ്പാവോ തൊപ്പി പോലുള്ള ശിരോ വസ്ത്രമോ നീളന്‍ കുപ്പായമോ കുങ്കുമപ്പൂ പോലെ സുഗന്ധമുള്ളവ കൊണ്ട് ചായം മുക്കിയ വസ്ത്രമോ ബൂട്ടുകളോ ധരിക്കരുത്, ബൂട്ടുകള്‍ക്കു പകരം ചെരിപ്പുകള്‍ കിട്ടിയില്ലെങ്കില്‍ നെരിയാണിക്ക് താഴെയായി നില്‍ക്കുന്ന വിധത്തില്‍ അതവന്‍ മുറിച്ചു കളയട്ടെ (ബുഖാരി, മുസ്‌ലിം).
ഇതുപോലുള്ള ഹദീസുകള്‍ വെച്ചുകൊണ്ട് ഇങ്ങനെയുള്ളവ ധരിക്കുന്നത് വിലക്കിയതിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് മഹാന്മാരായ ഇമാമുമാര്‍ അന്വേഷിച്ചു. അങ്ങനെ അവര്‍ എത്തിച്ചേര്‍ന്ന നിഗമനമാണ്. ശരീരത്തെ മൊത്തം ആവരണം ചെയ്യുന്നതോ അതുപോലെ ഏതെങ്കിലും അവയവങ്ങളെ ആവരണം ചെയ്യുന്നതോ, അവയുടെ ആകൃതിയില്‍ തയാറാക്കിയതോ ആയ ഒന്നും തന്നെ ഇഹ്‌റാം ചെയ്തവര്‍ അണിയാന്‍ പാടില്ല എന്നത്. തുന്നുക എന്നതല്ല കാരണമെന്നര്‍ഥം. ഇക്കാലത്ത് തുന്നലില്ലാതെ നൂലിന്റെ ഒരു സ്പര്‍ശം പോലുമില്ലാതെ തയാറാക്കപ്പെടുന്ന വസ്ത്രങ്ങളും സ്യൂട്ടുകളും തുന്നലില്ല എന്ന് വെച്ച് ധരിക്കാന്‍ പാടില്ല. അതുപോലെ തന്നെ ശരീരാകൃതിയിലോ അവയവങ്ങളുടെ ആകൃതിയിലോ തുന്നപ്പെട്ടതല്ലാത്ത ചെരിപ്പ്, ബെല്‍റ്റ്, അരഞ്ഞാണം, നാട, വക്ക് തുന്നിയ മുണ്ട്, ഷാള്‍ തുടങ്ങിയവയൊന്നും, അവയില്‍ തുന്നിയതിന്റെ പാടോ നൂലോ ഉണ്ടായിപ്പോയെന്ന് വെച്ച് അവ ഒഴിവാക്കേണ്ടതുമില്ല. അതുപോലെ സാധാരണഗതിയില്‍ അണിയുന്ന കുപ്പായം, പാന്റ്‌സ്, അടിവസ്ത്രം, ബനിയന്‍, ട്രൗസര്‍ തുടങ്ങിയവയൊന്നും ധരിക്കാന്‍ പാടില്ല. ഇപ്പറഞ്ഞതൊക്കെ പുരുഷന്മാര്‍ക്ക് മാത്രം ബാധകവുമാണ്.
ഇമാം നനവി പറയുന്നു: ''ആകെ മൂടുന്നതോ, സമാനാര്‍ഥത്തിലുള്ളതോ ആയവ ധരിക്കുന്നതാണ് ഇഹ്‌റാമില്‍ പ്രവേശിച്ചവര്‍ക്ക് നിഷിദ്ധമാവുകയുള്ളൂ. അതിനാല്‍ ശരീരത്തെ ആകെ മൂടുന്നതോ അല്ലെങ്കില്‍ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെ ആവരണം ചെയ്യുന്നതോ ആയവയെല്ലാം നിഷിദ്ധമാകുന്നു, അവ തുന്നിയതാവട്ടെ അല്ലാത്തതാവട്ടെ, എല്ലാം ഒരു പോലെയാണ്.'' (മജ്മൂഅ് 7/246).
ഇനി ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കി കേവലം ഒരു മുണ്ട് ഉടുക്കാനും മറ്റൊന്ന് പുതക്കാനും മാത്രം നിര്‍ദേശിച്ചതിന്റെ പിന്നില്‍ പ്രധാനമായും മൂന്ന് യുക്തികള്‍ ഉള്ളതായി പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു.
ഒന്ന്, എല്ലാതരം അലങ്കാരങ്ങളും അണിഞ്ഞൊരുങ്ങലുകളും ഉടയാടകളും വെടിഞ്ഞ് തികഞ്ഞ വിരക്തിയിലധിഷ്ഠിതമായ രൂപമാണ് അല്ലാഹുവിന്റെ മുമ്പില്‍ ഒരാളെ കൂടുതല്‍ വിനയാന്വിതനും വിധേയനുമാക്കുക. വശ്യമനോഹരമായ ഉടയാടകളണിയുമ്പോഴുണ്ടാകുന്നതിനേക്കാള്‍ ആധ്യാത്മിക അനുഭൂതി ഈ രണ്ട് വസ്ത്രങ്ങള്‍ മാത്രം അണിയുമ്പോള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
രണ്ട്, മനുഷ്യരെല്ലാവരും സമന്മാരാണെന്ന ബോധം കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്നു. ജീവിതകാലം മുഴുക്കെ വര്‍ണശബളവും നയന മനോഹരവുമായ ഉടയാടകളണിഞ്ഞ് ശീലിച്ച രാജാക്കന്മാരും സമ്പന്നരും വളരെ താണ നിലവാരത്തിലുള്ള വസ്ത്രം ധരിക്കാന്‍ വിധിക്കപ്പെട്ട പാവങ്ങളും ഒരേ വസ്ത്രം ധരിക്കുമ്പോള്‍ രാജാധിരാജനായ സ്രഷ്ടാവിന്റെ മുമ്പില്‍ തങ്ങള്‍ സമന്മാരായ അടിമകളാണെന്ന് പ്രായോഗികമായി തെളിയിക്കുകയാണ്.
മൂന്ന്, ഉടുതുണിയില്ലാതെ ഈ ലോകത്തേക്ക് വന്ന മനുഷ്യന്‍ അവന്‍ എത്ര ആഡംബര ജീവിതം നയിച്ചാലും മരിച്ചുകഴിഞ്ഞാല്‍ തന്റെ മൃതദേഹം ഇതുപോലുള്ള കേവലം മൂന്ന് തുണികളില്‍ പൊതിഞ്ഞാണല്ലോ മറവു ചെയ്യുക എന്ന ബോധം അങ്കുരിപ്പിക്കാന്‍ സഹായകമാകുന്നു. തദ്വാര കൂടുതല്‍ ദൈവഭക്തിയും വിനയവുമുള്ളവരാകാന്‍ ഹാജിമാര്‍ക്ക് കഴിയുന്നു.

 




Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍