കേരളീയ നവോത്ഥാനത്തിന്റെ അന്തക്കേടുകള്‍
'ഹിന്ദുമത നവീകരണവും കേരളവും' എന്ന പേരില്‍ ഫൈസല്‍ കൊച്ചി എഴുതിയ ലേഖനത്തോടു (ലക്കം: 2814) ചില മറുധാരണകള്‍ പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഒന്നാമത്തെ വാചകം മുതല്‍ ലേഖനം മുന്നോട്ടു വെക്കുന്നത് ആശങ്കപ്പെടുത്തുന്ന വിധമുള്ള വീക്ഷണപ്പിശകുകളാണ്. കേരളത്തിലെ കീഴാള-പിന്നാക്ക രാഷ്ട്രീയം ഇതിനകം മറികടന്നു കഴിഞ്ഞ തീര്‍ത്തും പഴകിയതും സവര്‍ണവുമായ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്രത്തെ അല്‍പ്പം ഭംഗിയില്‍ വിവരിച്ചു എന്നതാണ് ലേഖനത്തിന്റെ ആകെ പ്രത്യേകത. ഇന്ത്യയെ മുച്ചൂടും ഭരിച്ചിരുന്ന സംസ്‌കാരത്തെയും വ്യവഹാരങ്ങളെയും നിര്‍ണയിച്ച ജാതീയ അധികാരവ്യവസ്ഥയെ ആധ്യാത്മിക പശ്ചാത്തലത്തിലേക്ക് പ്രതിഷ്ഠിച്ചു കൊണ്ടുള്ള 'ഹിന്ദുമതം' എന്ന പ്രയോഗത്തിലൂന്നിയാണ് ലേഖനം വികസിക്കുന്നത്. ജ്യോതിബ ഫുലെയും അംബേദ്കറും വിശദീകരിച്ച ജാതിവിരുദ്ധ രാഷ്ട്രീയ സങ്കല്‍പ്പങ്ങളെ പച്ചക്കു നിഷേധിച്ചുകൊണ്ടേ മതം എന്ന് ഹിന്ദുമതത്തെ ആധ്യാത്മികവല്‍ക്കരിക്കാനാവൂ. 'ഹിന്ദു മതപുരാണ പാഠങ്ങളെ' തല്ലിത്തകര്‍ക്കലാണ് ജാതി നിര്‍മൂലനത്തിന്റെ മൗലിക മാര്‍ഗം എന്നതാണ് അംബേദ്കര്‍ മുന്നോട്ടുവെച്ചത് (Annihilation of Caste). എന്നാല്‍ അതേ ഹൈന്ദവ പുരാണ പാഠങ്ങളില്‍ നിന്നുകൊണ്ട് ജാതിവിരുദ്ധമാകാം എന്ന ആലോചനയിലെ വിഡ്ഢിത്തമാണ് അയ്യന്‍ങ്കാളിയെ 'ഹിന്ദുമത പരിഷ്‌കര്‍ത്താവ്' എന്ന് വിശേഷിപ്പിക്കുന്നതിലൂടെ പുറത്തുവന്നത്. 'ജാതിനിര്‍മൂലനം' എന്നതിന്റെ അര്‍ഥം ഹിന്ദുമത പരിഷ്‌കരണം ആണ് എന്ന കുറ്റകരമായ വിവരക്കേട്, കേരളത്തിലെ സാമൂഹിക വിശകലനത്തിന്റെ ഉപാധിയാണ് എന്നുവരുന്നതിലെ അപകടം ഭീകരം തന്നെയാണ്. ഹിന്ദുമത നവീകരണത്തില്‍ പരിഹരിക്കാവുന്നതാണ് ജാതി വ്യവസ്ഥയെങ്കില്‍ ഈ ജാതിവ്യവസ്ഥ എവിടുന്നു വന്നു, എന്തിന്റെ ഉല്‍പന്നമാണ്, എന്തുകൊണ്ട് ഇപ്പോഴും നിലനില്‍ക്കുന്നു എന്ന ഏറ്റവും പ്രാഥമികമായ കാര്യങ്ങളെങ്കിലും ഫൈസല്‍ കൊച്ചി വിശദീകരിക്കണമായിരുന്നു. വേദത്തിന്റെ തെറ്റായ വ്യാഖ്യാനമാണ് ജാതീയതക്ക് കാരണമെങ്കില്‍ ആരാണ് വേദത്തെ അങ്ങനെ വ്യാഖ്യാനിച്ചത്? 'വേദം' എന്ന് മനസ്സിലാക്കപ്പെടുന്ന അല്ലെങ്കില്‍ ലേഖകന്‍ 'വേദം' എന്ന് വിശദീകരിച്ചവ 'ആര്‍ക്കാണ്' വേദം? ആരുടെ 'വേദം'? കാലങ്ങളായി ജാതീയ അധികാരം നിലനിര്‍ത്തിപ്പോരുന്ന ബ്രാഹ്മണ വ്യവസ്ഥ ഉല്‍പാദിപ്പിച്ച സാമാന്യ ബോധങ്ങളെ ഇത്ര മഹത്വപൂര്‍ണമായി വിശദീകരിക്കാനുള്ള സാഹചര്യം പോലും വ്യക്തമാകുന്നില്ല.
ലേഖനത്തിന്റെ രണ്ടാമത്തെ മര്‍മം എന്നത് കേരളീയ നവോത്ഥാനത്തെയും ആധുനികതയെയും സംബന്ധിച്ച അധീശ വായനയാണ്. നവോത്ഥാനം എന്നത് ആരുടെ/ആര്‍ക്ക് വേണ്ടിയുള്ള ചരിത്രപ്രക്രിയയാണ്? കേരളത്തിലെ നവോത്ഥാന സംരംഭങ്ങളെ പറ്റി ആഴത്തിലുള്ള പുനര്‍വായനകള്‍ നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തികച്ചും അധീശപരവും വികൃതമാംവണ്ണം സവര്‍ണവുമായ വിശകലനങ്ങള്‍ ആരെയാണ് സഹായിക്കുക? നവോത്ഥാനം എന്ന കേരളത്തിലെ മതേതരവല്‍ക്കരണ പ്രക്രിയ അടിസ്ഥാനപരമായി ജാതിവിരുദ്ധതയെ ത്വരിപ്പിച്ചു എന്നും നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും പറയുന്നത് കേരളത്തില്‍ വികസിച്ചു വരുന്ന കീഴാള രാഷ്ട്രീയത്തെ കൊഞ്ഞനം കുത്തലാണ്. കുമാരനാശാന്‍ അടക്കമുള്ള നവോത്ഥാന കാലത്തെ സാഹിത്യകാരന്മാരിലൂടെ സവിശേഷമായി രൂപപ്പെട്ടുവന്ന സാമൂഹിക പ്രക്രിയ ജാതീയതയെ ആന്തരവല്‍ക്കരിച്ച ഹിന്ദുമത പുനരാഗമനം മാത്രമാണ് (കെ.കെ കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009). ഞാന്‍ ഹിന്ദുവല്ല എന്നു പ്രഖ്യാപിക്കുന്ന 'ഹിന്ദു മത' തിരസ്‌കാരമാണ് ദലിത്/കീഴാള സ്വത്വത്തിന്റെ കാതല്‍ (കാഞ്ചഐലയ്യ). അസംഘടിതമായ ദലിത് ആത്മീയത (എ.എസ് അജിത് കുമാര്‍) ബ്രാഹ്മണ ആത്മീയതയെയും അതിന്റെ ഏകശിലാത്മകതയെയും വെല്ലുവിളിച്ചുകൊണ്ട് രൂപപ്പെടുന്നതും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ്. യഥാര്‍ഥത്തില്‍ വളരെ പുരോഗമനമെന്ന് തോന്നിക്കുന്ന, ലേഖകന്‍ ഉദ്ധരിച്ച പ്രകാരമുള്ള വേദ, ശ്ലോക വ്യാഖ്യാനങ്ങളിലൂടെയാണ് ബ്രാഹ്മണ മേല്‍ജാതി സ്വത്വം അതിജീവിക്കുന്നത് എന്നുകാണാം (ജെ. രഘു). വിവേകാനന്ദന്‍ അടക്കമുള്ള വ്യക്തികളെ 'തിരിച്ചു പിടിക്കുകയല്ല' വേണ്ടത്, അവരുമായി ബന്ധപ്പെട്ട് ജാതിവിശകലനങ്ങള്‍ രൂപപ്പെടുത്തുകയാണ്. ജാതി എന്നത് കീഴാളരുടെ സാമൂഹിക ഉത്തരവാദിത്തമാണ് എന്ന അക്രമപരമായ ധാരണയില്‍ നിന്നാണ് സ്വന്തം ജാതീയ സാമൂഹിക സ്ഥാനത്തിന് ഒരു ഉലച്ചിലും തട്ടിക്കാതെ ജാതിവിരുദ്ധത പറയാന്‍ വിവേകാനന്ദന് സാധിക്കുന്നത്. നവോത്ഥാനം എന്നും പരിഷ്‌കരണം എന്നും വ്യവഹിക്കപ്പെടുന്നത് കൊളോണിയല്‍വല്‍കൃത സാംസ്‌കാരികത്തുടര്‍ച്ചയെയാണ് ത്വരിപ്പിക്കുന്നത്. കേരളം എന്ന ദേശഭാവനയെത്തന്നെ പുതിയ രൂപത്തിലൂടെ പുനര്‍കൊളോണിയല്‍വല്‍ക്കരിച്ച് മതേതര ആധുനികതയുടെ ജ്ഞാനമണ്ഡലത്തിലൂടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയ തന്നെയാണ് നവോത്ഥാനം/പരിഷ്‌കരണം. അയ്യങ്കാളിയെ ആധുനികന്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഡോ. ബാബാ സാഹിബ് അംബേദ്കറിനെക്കുറിച്ചും ഇതേ അബദ്ധം പലരും പങ്കുവെക്കാറുണ്ട്. യഥാര്‍ഥത്തില്‍ അയ്യങ്കാളിയും അംബേദ്കറും വികസിപ്പിച്ച, മതേതര ആധുനികതക്ക് പുറത്തുനില്‍ക്കുന്ന സവിശേഷ കീഴാള കര്‍തൃത്വത്തെ രൂക്ഷമായി നിഷേധിച്ചുകൊണ്ടു മാത്രമേ അവരെ നിങ്ങള്‍ക്ക് 'പരിഷ്‌കര്‍ത്താക്കള്‍' ആക്കാന്‍ പറ്റൂ. എന്നാല്‍ വളരെ കൃത്യമായി ആധുനികതയോട് നിലപാടെടുത്തവരായിരുന്നു രണ്ടുപേരും. പരിഷ്‌കര്‍ത്താവ് ആയിരുന്നുവെങ്കില്‍ അംബേദ്കറിന് ബുദ്ധമതം സ്വീകരിക്കേണ്ടി വരുമായിരുന്നില്ല. അയ്യങ്കാളിയാകട്ടെ പിന്നാക്ക കീഴാള വിഭാഗത്തിന്റെ രാഷ്ട്രീയ ഉന്നമനം ലക്ഷ്യംവെച്ച് വളരെ തന്ത്രപരമായ നിലപാട് ആണ് ആധുനികതയോട് സ്വീകരിച്ചത്. വേദഉപനിഷത് കാലഘട്ടം എന്ന് ലേഖകന്‍ ഇടക്കിടെ ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എന്താണീ വേദഉപനിഷത് കാലഘട്ടം? ലേഖകന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്ന 'ജാതി വിരുദ്ധ ഹിന്ദു ഭൂതകാലം' എന്നത് വ്യാജമാണെന്ന് തിരിച്ചറിയപ്പെട്ടിട്ട് കാലം കുറേ ആയിട്ടുണ്ട്. വളരെ കൃത്യമായിത്തന്നെ, ബ്രാഹ്മണ ആഖ്യാനങ്ങളിലൂടെയാണ് ഇപ്പറഞ്ഞ വേദങ്ങള്‍ നിലനില്‍ക്കുന്നത്. ബ്രാഹ്മണത്വം സൂക്ഷ്മമായി സ്വയം ആധുനികവല്‍ക്കരിക്കുന്ന പ്രക്രിയയുടെ പേരാണ് കേരള നവോത്ഥാനം എന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം എത്രമേല്‍ ജാതീയമായിരുന്നു എന്നതിന് ഗോഖലെ അടക്കമുള്ളവരുടെ ചരിത്രം പഠിച്ചാല്‍ മതി. മതത്തിന്റെ ആത്മീയ മൂല്യത്തിലൂന്നി കൊളോണിയല്‍ വിരുദ്ധ സമരം നടത്തിയ ഇന്ത്യയിലെ ഒരേ ഒരു വിഭാഗമാണ് മുസ്‌ലിം സമുദായം. മുസ്‌ലിം സമുദായത്തിന്റെ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തെ ആരുടെ വ്യവഹാര നിര്‍മിതിയിലൂടെയാണ് വീക്ഷിക്കേണ്ടത്? കേരളീയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ലേഖകന്‍ വര്‍ത്തമാനകാല ദലിത് മുന്നേറ്റങ്ങള്‍ക്ക് ആ തുടര്‍ച്ച ഉണ്ടാക്കാന്‍ സാധിക്കുന്നില്ല എന്ന് സങ്കടപ്പെടുന്നു. കേരളീയ നവോത്ഥാനത്തെ നിഷേധിച്ചുകൊണ്ടാണ് ദലിത് രാഷ്ട്രീയം സൈദ്ധാന്തികമായിത്തന്നെ വികസിക്കുന്നത് എന്നതാണ് ലേഖകന്‍ മനസ്സിലാക്കേണ്ടിയിരുന്ന അടിസ്ഥാനപാഠം. കേരളത്തിലെ അനേകം ദലിത് സംഘടനകളില്‍ കൂടുതല്‍ 'റാഡിക്കല്‍' എന്ന് തിരിച്ചറിയപ്പെടുന്ന ഡി.എച്ച്.ആര്‍.എം കീഴാള രാഷ്ട്രീയ ചരിത്രത്തില്‍ പ്രമുഖ സ്ഥാനം അര്‍ഹിക്കുന്നു. 'ദലിത് തീവ്രവാദികള്‍' എന്നാരോപിക്കപ്പെട്ട് രൂക്ഷമായി വേട്ടയാടപ്പെട്ടവരാണ് ഡി.എച്ച്.ആര്‍.എം. തീര്‍ത്തും അക്കാദമികമല്ലാത്ത, നേര്‍ക്കുനേര്‍ രാഷ്ട്രീയപരമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിരിക്കെ, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സോളിഡാരിറ്റിയെ തമസ്‌കരിക്കുന്ന അതേ സ്വഭാവത്തില്‍ ലേഖകനും അവരെ തമസ്‌കരിക്കുന്നില്ലേ എന്ന് ആശങ്കപ്പെടേണ്ടി വരികയാണ്. 'അന്ധവിശ്വാസങ്ങള്‍ക്കും' 'അനാചാരങ്ങള്‍ക്കും' എതിരെ എന്ന ഭാവത്തില്‍ കേരളീയ നവോത്ഥാന മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായിരിക്കും സവര്‍ണതയെ കൂടുതല്‍ ശക്തിയില്‍ പുനഃപ്രതിഷ്ഠിക്കുക. നവോത്ഥാനം എന്നത് സവര്‍ണ സാമൂഹിക ഘടനക്കകത്തെ ആശയ, പരിഷ്‌കരണ സംരംഭങ്ങളാണ് എന്നിരിക്കെ കൃത്യമായും ധൈര്യപൂര്‍വവും നവോത്ഥാന വിരുദ്ധമായി, എന്നാല്‍ പരമ്പരാഗത ബൈനറികള്‍ക്ക് പുറത്ത് രൂപപ്പെടുന്ന മുസ്‌ലിം-ദലിത്-കീഴാള രാഷ്ട്രീയ ഐക്യത്തിനു മാത്രമേ സാമൂഹിക-രാഷ്ട്രീയ അധികാരങ്ങളെ അട്ടിമറിക്കാന്‍ സാധിക്കൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്.
Comments