Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

പട്ടാള അട്ടിമറിക്കെതിരെയുള്ള ചെറുത്ത് നില്‍പ്പ് അറബ് വസന്തത്തെ പുനരുജ്ജീവിപ്പിച്ചു.

ട്ടാള അട്ടിമറിക്കെതിരെയുള്ള ഈജിപ്ഷ്യന്‍ ജനതയുടെ ധീരമായ ചെറുത്ത് നില്‍പ്പ് അറബ് വസന്തത്തിന്റെ ആത്മാവിന് പുതുജീവന്‍ പകര്‍ന്നുവെന്ന് പ്രശസ്ത അമേരിക്കന്‍ ചിന്തകന്‍ നോം ചോംസ്‌കി അഭിപ്രായപ്പെട്ടു. ഈജിപ്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് ഒരു തുര്‍ക്കി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കിയ പട്ടാള നടപടിക്കെതിരെ രൂക്ഷമായാണ് ചോംസ്‌കി പ്രതികരിച്ചത്.
ഈജിപ്ഷ്യന്‍ ജനതയെ ക്രൂരമായി കൊന്നൊടുക്കാനുള്ള പട്ടാളത്തിന്റെ പ്രചോദനം അവരുടെ സാമ്പത്തികവും മറ്റുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണെന്നും ചോംസ്‌കി പറഞ്ഞു. ഇസ്രയേലടക്കമുള്ള രാഷ്ട്രങ്ങളുടെ സഹായത്തോടെയാണ് പട്ടാളം കരുക്കള്‍ നീക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാനമായ പട്ടാള അട്ടിമറി നടന്ന രാജ്യങ്ങളില്‍നിന്ന് ഈജിപ്ത് വേറിട്ടുനില്‍ക്കുന്നത് രക്തച്ചൊരിച്ചിലിലൂടെ ഈജിപ്ഷ്യന്‍ ജനതയെ കീഴ്‌പ്പെടുത്താന്‍ പട്ടാളത്തിന് കഴിയുന്നില്ല എന്നിടത്താണ്. പട്ടാളത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കുന്ന ഈജിപ്ഷ്യന്‍ ജനതയുടെ ധീരത സൈന്യത്തെയും പാശ്ചാത്യ രാജ്യങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചതായും ചോംസ്‌കി പറഞ്ഞു.

ശൈഖുല്‍ അസ്ഹറിന്റെ പ്രതികരണം നിരാശാജനകമെന്ന്.

ജിപ്തിലെ പട്ടാള ഇടപെടല്‍ 'ജനാധിപത്യ പ്രക്രിയ' ആണെന്ന വിലയിരുത്തല്‍ അസംബന്ധമാണെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പട്ടാള നടപടിയെ ന്യായീകരിച്ച ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉര്‍ദുഗാന്‍, ശൈഖുല്‍ അസ്ഹര്‍ പട്ടാള പക്ഷത്ത് ചേര്‍ന്നത് നിരാശാജനകമാണെന്ന് പറഞ്ഞു. 'ജനാധിപത്യ പട്ടാള അട്ടിമറി' എന്നൊന്നില്ലെന്നും പട്ടാള അട്ടിമറിയെ അട്ടിമറിയായി തന്നെ കാണണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഈജിപ്തിലെ പട്ടാള അട്ടിമറിയെ തുടക്കം മുതല്‍തന്നെ നിശിതമായി വിമര്‍ശിച്ചുവന്ന തുര്‍ക്കി പ്രധാനമന്ത്രി, ഇത്തരം കൃത്യങ്ങള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും യാതൊരുവിധ ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ഉര്‍ദുഗാന്റെ, ശൈഖുല്‍ അസ്ഹര്‍ വിമര്‍ശനത്തിനെതിരെ ഈജിപ്ഷ്യന്‍ പട്ടാളം രംഗത്ത്‌വന്നിട്ടുണ്ട്.

സൗന്ദര്യ മത്സരത്തിനെതിരെ ഇന്തോനേഷ്യന്‍ മുസ്‌ലിം പണ്ഡിത സഭ

ന്തോനേഷ്യയില്‍ അടുത്ത മാസം നടക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മിസ് വേള്‍ഡ്' സൗന്ദര്യ മത്സരത്തിനെതിരെ മുസ്‌ലിം പണ്ഡിതര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. സൗന്ദര്യ മത്സരത്തെ എതിര്‍ക്കുന്ന ഇസ്‌ലാമിക പണ്ഡിതന്മാരോട് ഇന്തോനേഷ്യന്‍ ഇസ്‌ലാമിക ഉന്നതാധികാര സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ ഇന്തോനേഷ്യന്‍ സമൂഹത്തിന്റെ എതിര്‍പ്പിന് ശക്തി കൂടിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീ ശരീരം പരസ്യമായി പ്രദര്‍ശനത്തിന് വെക്കുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും സൗന്ദര്യ മത്സരത്തിന്റെ പേരില്‍ ഇത്തരം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഇന്തോനേഷ്യന്‍ ഉലമാ കൗണ്‍സില്‍ വക്താവ് മുഹ്‌യുദ്ദീന്‍ ജുനൈദി പറഞ്ഞു.
സൗന്ദര്യ മത്സരത്തിന്റെ പേരില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നത് സാംസ്‌കാരിക ജീര്‍ണതയാണ്. മിസ് വേള്‍ഡ് മത്സരത്തെ ശക്തിയായി തടയുമെന്ന ഇസ്‌ലാമിക പണ്ഡിത സഭയുടെ മുന്നറിയിപ്പ് അവഗണിച്ച് മത്സരം നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമെന്നും പണ്ഡിത സഭ മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് ബിന്‍ കീറാന്‍

മൊറോക്കോയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ ഇസ്‌ലാംവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കാനിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ മൊറോക്കന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ചു. തന്റെ സര്‍ക്കാര്‍ രാജ്യത്തോടുള്ള ബാധ്യത നിര്‍വഹിക്കുന്നില്ലെന്നാണ് പ്രതിപക്ഷം കരുതുന്നതെങ്കില്‍ കാലാവധി തീരുന്നതിനുമുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രതിപക്ഷം തയാറുണ്ടോ എന്ന് ബിന്‍ കീറാന്‍ ചോദിച്ചു. ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ തന്റെ സര്‍ക്കാറിന് താല്‍പര്യമില്ല. മൊറോക്കന്‍ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന Justice and Development Party (Morocco) യുടെ യുവജന വിഭാഗം കാസബ്ലാങ്കയില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പ്രതിപക്ഷ ഗൂഢാലോചനക്കെതിരെ ബിന്‍ കീറാന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
അറബ് വസന്തത്തിലൂടെ അധികാരത്തില്‍വന്ന മൊറോക്കോയിലെ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബിന്‍കീറാന്‍ നിഷേധിച്ചു. 2011-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ശാന്തിയും സമാധാനവും സമൃദ്ധിയും ദൃശ്യമാണെന്നത് തന്നെ സര്‍ക്കാറിന്റെ വിജയമാണ് വ്യക്തമാക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കും തന്റെ പാര്‍ട്ടി തയാറാണെന്നും അദ്ദേഹം പറഞ്ഞു.

അതിക്രമങ്ങള്‍ക്ക് ശക്തികൂട്ടുന്നു

ജിപ്തിലെ അനുകൂല സാഹചര്യവും സിറിയന്‍ പ്രതിസന്ധിയുമെല്ലാം മുതലെടുത്ത് ഇസ്രയേല്‍ ഫലസ്ത്വീനില്‍ ആക്രമണം അഴിച്ചുവിടുന്ന തിരക്കിലാണ്. ഇത്തരം സാഹചര്യങ്ങള്‍ 'ഫലപ്രദമായി' ഉപയോഗപ്പെടുത്തുക ജൂത രാഷ്ട്രത്തിന്റെ സ്ഥിരം തന്ത്രമാണ്. കഴിഞ്ഞ ആഴ്ച അധിനിവേശ ഭൂമിയില്‍ ഫലസ്ത്വീനികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഏതാനും ഫലസ്ത്വീനികള്‍ രക്ത സാക്ഷികളായി. ഖുദ്‌സിലെ ഖലന്തിയ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്ത്വീനികള്‍ കൊല്ലപ്പെടുകയും 15-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിലൊരാളും പിന്നീട് മരണപ്പെട്ടു. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യുദ്ധ മുറകളോ മര്യാദകളോ ജൂത രാഷ്ട്രത്തിന് ബാധകമല്ല. വെടിയേറ്റവരിലധികം പേരുടെയും മുറിവുകള്‍ അരക്ക് മുകളിലായിരുന്നുവെന്ന് മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വ്യക്തമാക്കി.

രാഷ്ട്രീയശക്തി വര്‍ധിപ്പിക്കണമെന്ന് മാലാവി മുസ്‌ലിംകള്‍

ഫ്രിക്കന്‍ രാജ്യമായ മാലാവിയില്‍ മുസ്‌ലിംകള്‍ കാലങ്ങളായി കടുത്ത അവഗണനയാണ് നേരിടുന്നത്. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളില്‍നിന്ന് മാലാവി മുസ്‌ലിംകള്‍ പാടെ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. രാജ്യത്ത് മുഖ്യമായും ക്രിസ്ത്യന്‍ മിഷനറികള്‍ നടത്തിവരുന്ന സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ അടുത്ത കാലംവരെ ക്രിസ്തുമതം സ്വീകരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നതായി മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു. ഇക്കാരണത്താല്‍ മുസ്‌ലിംകള്‍ സ്‌കൂളുകളില്‍നിന്ന് വിട്ടുനില്‍ക്കുകയും വിദ്യാഭ്യാസപരമായി പിന്നാക്കം പോവുകയും ചെയ്തു.
എന്നാല്‍, വരാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിച്ച് രാഷ്ട്രീയ മുഖ്യധാരയില്‍ ഇടം പിടിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ മാലാവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. 1964-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം മാലാവി മുസ്‌ലിംകള്‍ രാഷ്ട്രീയ രംഗത്ത്‌നിന്ന് തഴയപ്പെട്ടതോടെ ഇതര വിഭാഗങ്ങള്‍ അധികാര പദവികള്‍ കൈയടക്കുകയാണുണ്ടായതെന്ന് മുസ്‌ലിം സംഘടനാ നേതാവ് അല്‍ഹാജ് ശൈഖ് ജാഫരി പറഞ്ഞു.
സാംബിയ, തന്‍സാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ ആഫ്രിക്കന്‍ രാജ്യമാണ് മാലാവി റിപ്പബ്ലിക്. ഒന്നര കോടിയോളം വരുന്ന ജനസംഖ്യയുടെ 12 ശതമാനം മുസ്‌ലിംകളാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, മുസ്‌ലിം ജനസംഖ്യ 36 ശതമാനം വരുമെന്ന് രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ അവകാശപ്പെടുന്നു.




Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍