Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

ജഅ്ബരി പോരാട്ടത്തിന്റെ പേര്‌

സി. ദാവൂദ്‌

ലാല്‍ ആണ് ഈ കഥ പറഞ്ഞു തന്നത്. 2011-ലെ അറബ് വസന്ത വിപ്ലവത്തിന് ശേഷം, ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡ് കയ്‌റോ നഗരത്തിലെ മുഖത്തമില്‍ അതിന്റെ പുതിയ ആസ്ഥാനം പണിത ശേഷം, ഹമാസ് അധ്യക്ഷന്‍ ഖാലിദ് മിശ്അല്‍ അവിടെ സന്ദര്‍ശിക്കുകയാണ്. ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇന്റെ (ഇപ്പോള്‍ ജയിലില്‍) നേതൃത്വത്തില്‍ അദ്ദേഹത്തിന് അവിടെ ഉശിരന്‍ സ്വീകരണം നല്‍കി. സംസാര മധ്യേ, കൂടെയുള്ള ആളെക്കുറിച്ച് ബദീഅ് മിശ്അലിനോട് തിരക്കി. 'ഇതാണ് അഹ്മദ് ജഅ്ബരി'-മിശ്അല്‍ പറഞ്ഞു. അഹ്മദ് ജഅ്ബരി എന്നു പേര് കേള്‍ക്കേണ്ട മാത്രയില്‍ ബദീഅ് കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. ജഅ്ബരിയുടെ അടുത്തേക്ക് നീങ്ങി. അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് ചുംബിക്കാനൊരുങ്ങവെ ജഅ്ബരി പറഞ്ഞു-'അങ്ങ് ഇത് ചെയ്യുകയാണെങ്കില്‍ ഞാന്‍ ഇറങ്ങിപ്പോകും.' ഒന്നിച്ചിരുന്ന് ഒരു പടമെടുക്കാന്‍ പോലും ജഅ്ബരി സമ്മതിച്ചില്ല.
അതാണ് അഹ്മദ് ജഅ്ബരി. ജഅ്ബരിയെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അദ്ദേഹത്തെ ആര്‍ക്കുമറിയില്ല. ഹമാസിന്റെ തുരുപ്പ് ചീട്ട് എന്നു വിളിക്കാവുന്ന, പ്രതിരോധത്തിന്റെ കുന്തമുനയായിട്ടുള്ള ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ തലവനാണ് ജഅ്ബരി. ഖസ്സാം ബ്രിഗേഡിന്റെ തലവന്‍ എന്ന നിലക്ക് പ്രസ്ഥാന വൃത്തങ്ങളില്‍ സുപരിചിതമാണ് ആ പേര്. എന്നാല്‍, ജഅ്ബരിയെ ആരും നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പടം പോലും പലര്‍ക്കും അത്ര സുപരിചിതമല്ല. അദ്ദേഹത്തിന്റേതായി ഒന്നോ രണ്ടോ ചിത്രങ്ങളേ ലഭ്യമായിട്ടുള്ളൂ. ജഅ്ബരി അങ്ങനെയാണ്. ആള്‍ക്കൂട്ടത്തില്‍ അദ്ദേഹത്തെ കാണാന്‍ കഴിയില്ല. റാലികളിലും പ്രഭാഷണ വേദികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറേ ഇല്ല. ജഅ്ബരിയുടെ മുഖം കണ്ടവര്‍ വളരെ അപൂര്‍വം. എന്നാല്‍, ജഅ്ബരിയില്ലാതെ ഫലസ്ത്വീന്‍ പ്രതിരോധ പ്രസ്ഥാനമില്ല. ഖസ്സാം ബ്രിഗേഡിന്റെ ആത്മാവും ശരീരവുമാണ്; കരുത്തും കാതലുമാണ് അദ്ദേഹം. അതിനാല്‍ തന്നെ ഇസ്രയേലിന്റെ ഹിറ്റ്‌ലിസ്റ്റിലെ മുന്‍നിര പേരുകാരന്‍. അതുകൊണ്ട് തന്നെയാണ് 2012 നവംബര്‍ 14-ന് മിസൈല്‍ അയച്ച് ഇസ്രയേല്‍ അദ്ദേഹത്തെ നേരിട്ട് വകവരുത്തിയത്. ഗസ്സയിലെ ഉമര്‍ മുഖ്താര്‍ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന ജഅ്ബരിയുടെ കാറിന് നേര്‍ക്ക് ഇസ്രയേലി ഡ്രോണ്‍ മിസൈല്‍ അയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമാണ് രണ്ടാം ഗസ്സ യുദ്ധത്തിന് തുടക്കം കുറിച്ചത്. ജഅ്ബരിയെ കൊന്നതോടെ തിരിച്ചടിക്കാതെ തരമില്ലെന്ന് ഹമാസ് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ നായകനെ പച്ചക്ക് കൊന്നവര്‍ സമാധാനത്തോടെ ഉറങ്ങരുതെന്ന് ഹമാസ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് സെദ്‌റോത്തിനെയും അശ്കലോണിനെയും ബീര്‍ഷേബയെയും ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റുകള്‍ കുതിച്ചത്. ചരിത്രത്തിലാദ്യമായി തെല്‍അവീവിലും ജറൂസലമിലും റോക്കറ്റുകള്‍ എത്തിക്കാന്‍ ഹമാസിനായ യുദ്ധമായിരുന്നു അത്. തങ്ങള്‍ക്ക് മികച്ച മുന്‍കൈ ലഭിച്ച വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രയേലിനെ എത്തിക്കാന്‍ ഈ യുദ്ധത്തിലൂടെ ഹമാസിന് സാധിച്ചു. ജഅ്ബരിയുടെ രക്തസാക്ഷിത്വം വെറുതെയായില്ല എന്നര്‍ഥം.
1964-ല്‍ ജനിച്ച ജഅ്ബരി ഫതഹ് പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. അന്ന് സായുധ സമരത്തിന്റെ വഴി സ്വീകരിച്ചിരുന്ന ഫതഹ് ജഅ്ബരിയെ ആകര്‍ഷിച്ചു. ഫതഹിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1982-ല്‍ ജഅ്ബരി അറസ്റ്റ് ചെയ്യപ്പെട്ടു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്. ദീര്‍ഘ കാലത്തെ ജയില്‍ ജീവിതം ജഅ്ബരിയെ മാറ്റിമറിച്ചു. ഡോ. അബ്ദുല്‍ അസീസ് റന്‍തീസി, സ്വലാഹ് ശഹാദ, നിസാര്‍ റയ്യാന്‍ തുടങ്ങിയ സമുന്നത ഹമാസ് നേതാക്കളെ ജയിലില്‍ വെച്ച് പരിചയപ്പെടാനിടയായ ജഅ്ബരി അവരുടെ സ്വാധീനത്താല്‍ ഹമാസ് പ്രസ്ഥാനത്തിലേക്ക് കടന്നുവരികയായിരുന്നു. ജയില്‍ മോചിതനായ ശേഷം ഹമാസിന്റെ സൈനിക വിംഗില്‍ സജീവ സാന്നിധ്യമായി. ആയുധങ്ങള്‍ സംഘടിപ്പിക്കുന്നതിലും സൈനിക പരിശീലനം നല്‍കുന്നതിലുമായിരുന്നു ജഅ്ബരിയുടെ മിടുക്ക്. സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡിന്റെ നേതൃസ്ഥാനത്തേക്ക് പടിപടിയായി ഉയര്‍ന്ന ജഅ്ബരി അതിന്റെ ഉപതലവനായി. 2006-ല്‍ നടന്ന ഇസ്രയേലി ബോംബാക്രമണത്തില്‍ ഖസ്സാം ബ്രിഗേഡിന്റെ തലവന്‍ മുഹമ്മദ് ദൈഫ് നട്ടെല്ലിന് മാരകമായ ക്ഷതമേറ്റ് കിടപ്പിലായത് മുതല്‍ ഫലത്തില്‍ ജഅ്ബരിയായിരുന്നു ബ്രിഗേഡിനെ നയിച്ചിരുന്നത്. ഖസ്സാം ബ്രിഗേഡിനെ ഒരു ഗറില്ലാ സംഘം എന്നതില്‍ നിന്ന് ഒരു പ്രഫഷണല്‍ സൈനിക സംഘമായി വികസിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ജഅ്ബരിയാണ്. 2012 ഏപ്രിലില്‍ ഹമാസിന്റെ രാഷ്ട്രീയ കാര്യ സമിതിയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലിന് ഏറ്റവും വലിയ സൈനിക പ്രഹരമേല്‍പിച്ച ഗിലാദ് ഷാലിതിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത് ജഅ്ബരിയാണെന്ന് പറയപ്പെടുന്നു. കൃെമലഹ' െീtuഴവലേെ ലിലാ്യ എന്നാണ് പല പടിഞ്ഞാറന്‍ മാധ്യമങ്ങളും ജഅ്ബരിയെ വിശേഷിപ്പിച്ചത്. റഫാ ക്രോസിംഗ് വഴി ഗസ്സയിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ തന്നെ അഹ്മദ് ജഅ്ബരിയുടെ തകര്‍ക്കപ്പെട്ട കാറും തകര്‍ക്കാനുപയോഗിച്ച മിസൈലും ഹമാസ് സര്‍ക്കാര്‍ പ്രദര്‍ശനത്തിന് വെച്ചതും വെറുതെയല്ല. ജഅ്ബരിയെക്കുറിച്ച് ഓരോ ഓര്‍മകളും അവര്‍ അങ്ങേയറ്റം ആദരിക്കുന്നു.
ഇസ്രയേലിന്റെ ഏറ്റവും പ്രധാനപ്പെട്ട നോട്ടപ്പുള്ളിയായതിനാല്‍ അങ്ങേയറ്റം ജാഗ്രതയോടെയായിരുന്നു ജഅ്ബരിയുടെ നീക്കങ്ങള്‍. സ്വന്തമായ മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. മുമ്പ് നാല് തവണ അദ്ദേഹത്തിനെതിരെ ഇസ്രയേലി ആക്രമണമുണ്ടായിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ അദ്ദേഹത്തിന്റെ വീട് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. 2004 ആഗസ്റ്റ് 18-ന് നടന്ന ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് തുടക്കത്തില്‍ വിചാരിച്ചിരുന്നത്. എന്നാല്‍, തന്റെ സഹോദരനെയും മൂത്ത മകന്‍ മുഹമ്മദിനെയും മൂന്ന് ബന്ധുക്കളെയും ഈ ആക്രമണത്തില്‍ ജഅ്ബരിക്ക് നഷ്ടപ്പെട്ടു (ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകനേതാവായിരുന്ന സ്വലാഹ് ശഹാദയുടെ മകളെയാണ് മുഹമ്മദ് വിവാഹം കഴിച്ചത്) .
ഒരു സന്ധ്യാ നേരത്താണ് ഞങ്ങള്‍ തെക്കന്‍ ഗസ്സയിലെ ശുജാഇയ്യയിലെത്തിയത്. ഇസ്രയേലി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അല്‍പം ഉയര്‍ന്ന ദേശമാണ് ശുജാഇയ്യ. അവിടെ, ഇടുങ്ങിയ ഒരു തെരുവിലാണ് വരാന്തയോ മുറ്റമോ ഒന്നുമില്ലാത്ത ജഅ്ബരിയുടെ കൊച്ചുവീട്. ദരിദ്ര പ്രദേശമാണ് ശുജാഇയ്യ. ഗല്ലികള്‍ക്കിടയില്‍ വഴികള്‍ ടാര്‍ ചെയ്യുകയോ സിമന്റിടുകയോ ചെയ്തിട്ടില്ല. തലേ ദിവസം മഴപെയ്തത് കാരണം വഴികളില്‍ ചെളി കെട്ടിനില്‍ക്കുന്നു. കഴുതച്ചാണകത്തിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം. ഞങ്ങളെത്തുമ്പോള്‍ പവര്‍ കട്ട് ആയതിനാല്‍ വേണ്ടത്ര വെളിച്ചവുമില്ല. ചെളിനിറഞ്ഞ ആ വഴിയിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ ആ വീട്ടിലെത്തി. രണ്ട് തവണ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത് ഈ വീടിനു നേര്‍ക്കാണ്. പുറത്ത് വഴിയില്‍, അതിഥികള്‍ക്കായി കസേരകള്‍ നിരത്തിയിട്ടിരിക്കുന്നു. അഹ്മദ് ജഅ്ബരിയുടെ രണ്ടാമത്തെ സഹോദരന്‍ ഞങ്ങളെ സ്വീകരിക്കാന്‍ അവിടെയുണ്ട്. അദ്ദേഹവും ഒരു ഖസ്സാം പോരാളിയാണ്. മുമ്പൊരു ഓപ്പറേഷനിടെ വലതു കൈപ്പത്തി നഷ്ടപ്പെട്ടിട്ടുണ്ട്. അഹ്മദ് ജഅ്ബരിയുടെ അതേ മുഖഭാവം. അനുജന്റെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നു അദ്ദേഹം. അഹ്മദ് ജഅ്ബരിയുടെ രണ്ടാമത്തെ മകന്‍ ഹയര്‍സെക്കന്ററിക്ക് പഠിക്കുന്ന മഹ്മൂദും അവിടെയുണ്ടായിരുന്നു. മരണവീട്ടിലാണല്ലോ എത്തിയത്; ബന്ധുക്കളെയും മക്കളെയും എങ്ങനെ സമാധാനിപ്പിക്കും എന്നൊന്നും ആലോചിച്ച് നിങ്ങള്‍ കുഴയേണ്ടതില്ല. ജ്യേഷ്ഠനോ മകനോ അഹ്മദ് ജഅ്ബരിയുടെ മരണം ഒരു ആഘാതമായി തോന്നുന്നേയില്ല. അദ്ദേഹം രക്തസാക്ഷിയായതിലെ അഭിമാനമാണ് അവര്‍ക്ക് പങ്കുവെക്കാനുള്ളത്. അനുജന്റെ പോരാട്ടവീര്യത്തെയും സമര്‍പ്പണത്തെയും കുറിച്ച് മാത്രമാണ് ജ്യേഷ്ഠന് പറയാനുള്ളത്. അധിനിവേശത്തെ ചെറുക്കുകയെന്നതാണ് ജീവിത ലക്ഷ്യം. അതിന് നാം പലതും ത്യജിക്കേണ്ടി വരും. കൂടുതല്‍ ത്യജിക്കാന്‍ കഴിയുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍-ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശീതള പാനീയം കുടിച്ച് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി. ഇരുട്ട് പരന്ന ആ തെരുവില്‍ നിന്ന് തെക്കോട്ട് നോക്കുമ്പോള്‍ അങ്ങ് ദൂരത്ത് വൈദ്യുത പ്രഭയില്‍ കുളിച്ച് നില്‍ക്കുന്ന ഒരു നഗരം കാണാം. അതാണ് അഷ്‌കലോന്‍. തെല്‍അവീവിനും ഹൈഫക്കും ശേഷം ഇസ്രയേലിലെ പ്രധാന നഗരം. ദിവസവും ആര്‍ഭാടപൂര്‍ണമായ ഈ നഗരം കണ്ടുകൊണ്ടാണ് ജഅ്ബരിയുടെ കുട്ടികളും ആ തെരുവിലുള്ളവരും വളരുന്നത്. അവരെങ്ങനെ പോരാളികളായി മാറാതിരിക്കും? തങ്ങളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട, തങ്ങളുടെ പിതാക്കള്‍ ആട്ടിയോടിക്കപ്പെട്ട ആ ദേശങ്ങള്‍ അവരെ പോരാട്ടത്തിലേക്ക് മാടിവിളിച്ചുകൊണ്ടേയിരിക്കും.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍