Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

പട്ടാള അട്ടിമറിക്ക് ന്യായങ്ങള്‍ ചമക്കുന്നവരോട്

അഹ്മദ് റയ്‌സൂനി

ജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെതിരെ പട്ടാള അട്ടിമറി നടത്തിയവരും അവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായവരും അവരെ അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചവരും ആവര്‍ത്തിക്കുന്ന ചില ന്യായവാദങ്ങളുണ്ട്.
ഒന്നാമത്തെ ന്യായം: ജനകീയ വിപ്ലവം ഭരണകൂടത്തിന്റെ നിയമസാധുതയെ ഇല്ലാതാക്കിയിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിച്ചതിനെ പിന്തുണക്കുന്ന സാധാരണക്കാര്‍ക്കും സൈനികര്‍ക്കും ഏറ്റവും സ്വീകാര്യമായ വാദമാണിത്. അതിന്റെ ചുരുക്കമിതാണ്: പരമാധികാരം ജനങ്ങള്‍ക്കാണ്. അവരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും അധികാരം നല്‍കുകയും ചെയ്തത്. അതിനാല്‍ ഈ നല്‍കിയ അധികാരം അവര്‍ ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അത് തന്നെയാണ് അവര്‍ ചെയ്തതും. ആയതിനാല്‍ മുഹമ്മദ് മുര്‍സിയുടെ നിയമസാധുത നഷ്ടപ്പെട്ടിരിക്കുന്നു.
പിന്നീട് സൈന്യം ഇടപെടുകയും ജനങ്ങളുടെ അഭിലാഷം/ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. വളരെ മനോഹരമായ വാദം. ഇനി അവരോട് ചോദിക്കാം: മുര്‍സിയെ നീക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു എന്ന് എങ്ങനെയാണ് നിങ്ങള്‍ നിയമപരമായും സത്യസന്ധമായും തെളിയിക്കുക? അവര്‍ പറയും: ജൂണ്‍ 30ന് 30 മില്യന്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തെരുവിലിറങ്ങി. അത് പ്രസിഡന്റിനെ ജനകീയമായി നീക്കം ചെയ്യല്‍ ആണ്.
എന്റെ വാദമിതാണ്: ഇതിന് രണ്ട് കാര്യങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. ഒന്ന്, എണ്ണത്തെക്കുറിച്ച ഈ അവകാശവാദം സംശയലേശമന്യേ തെളിയിക്കേണ്ടതുണ്ട്. രണ്ട്, ജൂണ്‍ 30ന് തെരുവിലിറങ്ങിയവര്‍ മുഴുവന്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കാനും അദ്ദേഹത്തിന്റെ നിയമസാധുത നീക്കം ചെയ്യാനുമാണ് ഇറങ്ങിയതെന്നും തെളിയിക്കേണ്ടതുണ്ട്.
മുപ്പത് മില്യന്‍ പ്രകടനക്കാര്‍ ഉണ്ട് എന്നതിന് നീതിമാന്മാരും വിശ്വസ്തരുമായ ആളുകളുടെ ആധികാരികമായ സാക്ഷ്യങ്ങള്‍ അനിവാര്യമാണ്. ഏതറ്റം വരെ പോകാനും മടിക്കാത്ത പ്രതിയോഗികളുടെ വായ്ത്താരികളല്ല അതിന് അവലംബമാക്കേണ്ടത്. നിഷ്പക്ഷരായ ന്യായാധിപരുടെ ഒരു സംഘം മുന്നോട്ട് വന്ന് പറയട്ടെ, മുര്‍സിയെ നിരാകരിക്കുന്ന ഇത്ര ഇത്ര എണ്ണം ആളുകള്‍ തെരുവിലിറങ്ങി എന്ന്. ഞാന്‍ മനസ്സിലാക്കിയടത്തോളം നിഷ്പക്ഷമായ കണക്ക് പ്രകാരം ജൂണ്‍ 30ന് പ്രസിഡന്റിനെതിരെ പുറപ്പെട്ട പ്രകടനക്കാരുടെ എണ്ണം മൂന്ന് മില്യനും നാല് മില്യനും ഇടയിലാണ് എന്നതാണ്. ഒരിക്കലും അതില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
അപ്പോള്‍ നിങ്ങള്‍ പറയും അത് കളവാണ്, അസംബന്ധമാണെന്ന്. ശരിയാണ്, ചിലപ്പോള്‍ അങ്ങനെയാകാം. പക്ഷേ, 30 മില്യന്‍ എന്ന കണക്കിനെക്കുറിച്ചും ഇതുതന്നെ പറയാമല്ലോ. രണ്ടു വാദവും തുല്യം തന്നെ. അപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം: ജനങ്ങള്‍ പ്രസിഡന്റിന്റെ നിയമസാധുത പിന്‍വലിച്ചതിനും അദ്ദേഹത്തെ നീക്കം ചെയ്തതിനും ഞങ്ങളുടെ അടുക്കല്‍ ലിഖിതമായ തെളിവുണ്ട്. 22 മില്യന്‍ ഒപ്പുകള്‍ അതിനായി ശേഖരിക്കപ്പെട്ടിരിക്കുന്നു. എങ്കില്‍, നിങ്ങള്‍ ശേഖരിച്ച ഒപ്പുകള്‍ ഒരു ജുഡീഷ്യല്‍ അതോറിറ്റിയെ ഏല്‍പിക്കുക. അല്ലെങ്കില്‍ നിഷ്പക്ഷവും ആധികാരികവുമയ ഏതെങ്കിലും ഒരു സമിതിയെ. അവര്‍ ആ പട്ടിക പരിശോധിച്ച് അത് എത്രത്തോളം സത്യമാണെന്നും ആ എണ്ണം എത്രത്തോളം പ്രാമാണികമാണെന്നും വിധിക്കട്ടെ.
ആദ്യത്തേതും (30 മില്യന്‍ പ്രകടനക്കാര്‍) രണ്ടാമത്തേതും (22 മില്യന്‍ ഒപ്പുകള്‍) ശരിയെന്ന് തെളിയിച്ചാല്‍ എണ്ണം 52 മില്യന്‍ ആകും. രേഖയില്‍ ഒപ്പുവെച്ചവര്‍ക്ക് പ്രകടനത്തിനിറങ്ങേണ്ട ആവശ്യമില്ലല്ലോ. പ്രകടനത്തിനിറങ്ങിയവര്‍ രേഖയില്‍ ഒപ്പുവെക്കാത്തവരുമാണെന്നും ധരിക്കാം. പ്രസിഡന്റിനെ ജനങ്ങള്‍ നീക്കം ചെയ്തു എന്ന് വാദിക്കുന്നവര്‍ തെളിയിക്കേണ്ട രണ്ടാമത്തെ സംഗതി, പ്രസിഡന്റിനെതിരെ ജൂണ്‍ 30ന് തെരുവിലിറങ്ങിയവര്‍ (അവരുടെ എണ്ണം 30 മില്യനോ 4 മില്യനോ അല്ലെങ്കില്‍ 30+22 മില്യനോ ആകട്ടെ) അവരെല്ലാം തെരുവിലിറങ്ങിയത് പ്രസിഡന്റിനെ നീക്കം ചെയ്യാനും അദ്ദേഹത്തിന്റെ നിയമസാധുത പിന്‍വലിക്കാനുമാണ്, മറ്റൊന്നിനുമല്ല എന്നതാണ്.
അവരില്‍ ചിലര്‍ തെരുവിലിറങ്ങിയത് പ്രസിഡന്റിനെ നീക്കം ചെയ്യാന്‍ തന്നെ എന്നതില്‍ സംശയമില്ല. എന്നാല്‍ അവരില്‍ ചിലര്‍ തെരുവിലിറങ്ങിയത് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്താനും അപകീര്‍ത്തിപ്പെടുത്താനും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാനും, രാഷ്ട്രീയവും സാമൂഹികവുമായ ചില ആവശ്യങ്ങള്‍ ഉന്നയിക്കാനും ഒക്കെയായിരുന്നു. വേറെ ചിലര്‍ ഇറങ്ങിയത് പണത്തിനു വേണ്ടിയും. ഇങ്ങനെ വിവിധ ഉദ്ദേശ്യങ്ങളോടെയാണ് അവര്‍ തെരുവിലിറങ്ങിയത് എന്ന് വ്യക്തമായി തെളിഞ്ഞിരിക്കെ, ജനങ്ങള്‍ പ്രസിഡന്റിനെ നീക്കി എന്ന വാദം നിലനില്‍ക്കത്തക്കതല്ല.
ഇനി നമുക്ക് നോക്കാനുള്ളത്, എപ്പോഴാണ് രാഷ്ട്രത്തലവന്മാര്‍ പ്രകടനങ്ങളുടെ പേരില്‍ നീക്കം ചെയ്യപ്പെട്ടിരുന്നത് എന്നതാണ്. പ്രത്യേകിച്ച് ആ പ്രകടനങ്ങള്‍ സംശയാസ്പദമാണെങ്കില്‍. ചരിത്രത്തില്‍ ഏത് പ്രസിഡന്റാണ് ഇപ്രകാരം നീക്കം ചെയ്യപ്പെട്ടത്?
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഒറ്റ ദിവസത്തെ പ്രകടനങ്ങളുടെ പേരില്‍ നീക്കം ചെയ്യപ്പെട്ടതിന് ചരിത്രത്തില്‍ ഒരിക്കലും നിങ്ങള്‍ക്ക് തെളിവ് ലഭിക്കില്ല. ഇനി, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിക്കാന്‍ നിങ്ങള്‍ സ്വീകരിച്ച മാര്‍ഗം ശരിയും നിയമാനുസൃതവുമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ തയാറാക്കുന്ന ഭരണഘടനയില്‍ അത് എഴുതിവെക്കുക. എങ്കില്‍ മുന്‍ മാതൃകയില്ലാത്ത, അതിനൂതന ഭരണഘടനയുടെ ഉപജ്ഞാതാക്കള്‍ എന്ന ക്രെഡിറ്റ് നിങ്ങള്‍ക്ക് ലഭിക്കും. ഇതൊന്നും ഇതുവരെയും തലയില്‍ കയറിയിട്ടില്ലാത്ത ലോകജനതകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഒരു മഹാ പാരിതോഷികമായിരിക്കും അത്!

രണ്ടാമത്തെ ന്യായം: രാഷ്ട്രത്തിന്റെ ഇഖ്‌വാന്‍വത്കരണം

ഇതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാഷ്ട്രത്തിലെ പദവികളിലും അധികാര സ്ഥാനങ്ങളിലും തന്റെ പാര്‍ട്ടിക്കാരെ നിശ്ചയിച്ചു എന്നാണ്. മുമ്പത്തേത് പോലെ തന്നെ വിചിത്രമായ ഒരു വാദമാണ് ഇത്. ഒന്നാമതായി, രാഷ്ട്രങ്ങളില്‍ പൊതുവെ പരിചിതമായ കീഴ്‌വഴക്കം പ്രസിഡന്റുമാര്‍ അവരുടെ അധികാരപദവി ഉപയോഗിച്ച് തങ്ങള്‍ പ്രാപ്തരെന്നും യോഗ്യരെന്നും മനസ്സിലാക്കിയവരെ പദവികളില്‍ നിയോഗിക്കുക എന്നതാണ്. ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്/പ്രധാനമന്ത്രി തന്റെ പാര്‍ട്ടി അംഗങ്ങളെ അവലംബിക്കാന്‍ ബാധ്യസ്ഥനാണ്. പരാജയത്തിലും വീഴ്ചയിലും അയാള്‍ക്ക് ഒരു ഒഴികഴിവുമുണ്ടാകില്ല. പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യുകയും വളര്‍ത്തുകയും പിന്തുണക്കുകയും ചെയ്ത അയാളുടെ പാര്‍ട്ടി അയാളുടെ വിജയത്തിലും പരാജയത്തിലും പങ്കാളിയുമായിരിക്കും.

രണ്ടാമതായി, എത്രയാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ഈ ഇഖ്‌വാന്‍വത്കരണത്തിന്റെ അളവ്? മുര്‍സി വിരുദ്ധരേ, നിങ്ങള്‍ക്കിപ്പോള്‍ അധികാരമുണ്ടല്ലോ. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് തന്റെ പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന സ്ഥാനങ്ങളില്‍ നിയമിച്ചവരുടെ ഒരു പൂര്‍ണ ലിസ്റ്റ് നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുക. എന്നിട്ട് പദവികളിലും സ്ഥാനങ്ങളിലും അവരുടെ ശതമാനം ഇത്ര, മറ്റുള്ളവരുടെ അനുപാതം ഇത്ര എന്ന് വ്യക്തമാക്കുക. അപ്പോള്‍ വ്യക്തമാവും, രാഷ്ട്രത്തിന്റെ ഇഖ്‌വാന്‍വത്കരണം വെറും കെട്ടുകഥയായിരുന്നുവെന്ന്. പ്രകോപനമുണ്ടാക്കാനുള്ള കേവലം പബ്ലിസിറ്റി സ്റ്റണ്ട്. ഇനി ഈ ആരോപണം ശരിയാണെന്നു തന്നെ വെക്കുക. എങ്കില്‍ 'ജനാധിപത്യ'വാദികളേ, നിങ്ങള്‍ എന്തുകൊണ്ട് ബറാക് ഒബാമയുടെ മേല്‍ രാഷ്ട്രത്തിന്റെ 'ഡമോക്രാറ്റ്‌വത്കരണം' ആരോപിക്കുന്നില്ല? മന്ത്രിമാരെയും തന്റെ സഹായികളെയും രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥരെയുമെല്ലാം ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നാണല്ലോ അദ്ദേഹം നിയോഗിച്ചത്. മുമ്പ് ജോര്‍ജ് ബുഷിനെതിരെ രാഷ്ട്രത്തിന്റെ 'റിപ്പബ്ലിക്കന്‍വത്കരണം' എന്ന കുറ്റം എന്തുകൊണ്ട് നിങ്ങള്‍ ചുമത്തിയില്ല? അദ്ദേഹം നിയമിച്ചവരില്‍ ഭൂരിപക്ഷവും സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ളവരായിരുന്നില്ലേ?
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രസിഡന്റുമാരും ചെയ്യുന്ന ആദ്യ സംഗതി രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും 'ഇഖ്‌വാന്‍ വത്കരണം' തന്നെയാണ്. എങ്കില്‍ മാത്രമേ അവരുടെ ഉത്തരവാദിത്വങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിക്കൂ. ഈ കീഴ്‌വഴക്കത്തിന് ഒരു അപവാദമുള്ളത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി മാത്രമാണ്. അദ്ദേഹം ഇഖ്‌വാന്‍വത്കരണം വളരെ നേരിയ അനുപാതത്തിലല്ലാതെ നടപ്പില്‍ വരുത്തിയില്ല. 'ഇഖ്‌വാന്‍വത്കരണം' എന്ന സംശയം പൊറുക്കപ്പെടാത്ത കുറ്റമായി ചാര്‍ത്തപ്പെട്ട ഏക വ്യക്തിയും അദ്ദേഹമാണെന്നതാണ് ഇതിലെ തമാശ. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത 'ഇഖ്‌വാന്‍വത്കരണ'ത്തിന്റെ പേരില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഏക പ്രസിഡന്റും അദ്ദേഹമായിരിക്കും.

 

മൂന്നാമത്തെ ന്യായം: രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായത് സ്വീകരിക്കല്‍ (അഖഫ്ഫുദ്ദററൈന്‍)

ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ് പട്ടാള അട്ടിമറിയെ ന്യായീകരിച്ചത് അങ്ങനെയാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ നീക്കം ചെയ്തത്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്, ജനങ്ങള്‍ അംഗീകരിച്ച ഭരണഘടന റദ്ദ് ചെയ്തത്, തെരഞ്ഞെടുക്കപ്പെട്ട കൂടിയാലോചനാ സമിതി (മജ്‌ലിസ് ശൂറാ) പിരിച്ചുവിട്ടത്, സൈനിക മേധാവി രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്, രാഷ്ട്രത്തെ സൈനികവത്കരിച്ചത്, ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തത്, ഇസ്‌ലാമിക ചാനലുകള്‍ അടച്ചുപൂട്ടിയത്, ശേഷം ഭീതിജനകമായ അതിക്രമങ്ങള്‍ അരങ്ങേറിയത് ഇതൊക്കെയാണ് ശൈഖുല്‍ അസ്ഹറിന്റെ അടുത്ത്, രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായത്! അപ്പോള്‍ അദ്ദേഹം തടുത്തുനിര്‍ത്തി എന്ന് പറയുന്ന ആ ഗുരുതരമായ ഉപദ്രവം എന്താണാവോ. നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഈ ദോഷത്തേക്കാള്‍ വലിയ ദോഷം വേറെ ഏതാണാവോ?
ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യമിതാണ്: എങ്ങനെയാണ് ശൈഖുല്‍ അസ്ഹര്‍ രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായതിനെ നിര്‍ണയിച്ചത്? പ്രത്യേകിച്ച് അത് രാഷ്ട്രവുമായും ജനതയുമായും, സമീപവും വിദൂരവുമായ തലമുറകളുമായും രാജ്യസുരക്ഷയുമായും രാജ്യത്തിന്റെ സ്ഥിരതയും ഭരണത്തിന്റെ നിയമസാധുത്വവുമായും സാമ്പത്തിക വ്യവസ്ഥയുമായും മതവുമായും ധാര്‍മികതയുമായുമൊക്കെ ബന്ധപ്പെട്ടതായിരിക്കെ? കാര്യങ്ങള്‍ വ്യക്തിപരമായിരുന്നെങ്കില്‍ തന്റെ പദവിയും ഭൗതിക നേട്ടങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളുമൊക്കെ മുമ്പില്‍ വെച്ച് രണ്ട് ഉപദ്രവങ്ങളില്‍ ഏറ്റവും ലഘുവായതിനെ എളുപ്പത്തില്‍ നിര്‍ണയിക്കാന്‍ ശൈഖുല്‍ അസ്ഹറിന് സാധിക്കുമായിരുന്നു. ഇങ്ങനെ നോക്കിയാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ 'ഏറ്റവും ലഘുവായ ഉപദ്രവം' പ്രസിഡന്റ് മുര്‍സിയെ നിരാകരിക്കലും ജനറല്‍ സീസിക്ക് ബൈഅത്ത് ചെയ്യലുമായിരിക്കും എന്നതില്‍ സംശയമില്ല!
രാഷ്ട്രവുമായും ജനതയുമായും ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യോഗ്യതയോ പ്രാപ്തിയോ ഉള്ള ആളല്ല ഇപ്പോഴത്തെ ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ്. നിയമജ്ഞനായിരുന്നെങ്കില്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് പെട്ടെന്നു മനസ്സിലാകുമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ദൈവശാസ്ത്രത്തില്‍ (ഇല്‍മുല്‍ കലാം) ആണ്. അതിന്റെ പഠനമേഖല അതിഭൗതികവും പ്രകൃത്യാതീതവും ഉപരിലോകവുമായി ബന്ധപ്പെട്ടതും ഒക്കെയാണല്ലോ. ഈ ലോകവുമായും അതിലെ പ്രശ്‌നങ്ങളുമായും അതിനെന്ത് ബന്ധം!
രണ്ട് സംഗതികളിലെ ഏറ്റവും ലഘുവായ ഉപദ്രവത്തെ നിര്‍ണയിക്കാന്‍ ആത്മാര്‍ഥമായും ശൈഖുല്‍ അസ്ഹറിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ ബന്ധപ്പെട്ടവരുമായി അദ്ദേഹം കൂടിയാലോചന നടത്തുമായിരുന്നു. അതിനായി ഉന്നത പണ്ഡിതസഭയോ ഇസ്‌ലാമിക ഗവേഷണ സമിതിയോ അസ്ഹര്‍ പണ്ഡിത സമിതിയോ (ജബ്ഹതു ഉലമാഇല്‍ അസ്ഹര്‍) അസ്ഹര്‍ പൂര്‍വവിദ്യാര്‍ഥി സമിതിയോ വിളിച്ചു കൂട്ടുമായിരുന്നു. അതല്ലാതെ, ഓടിവന്ന് ഈ ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ രക്തപങ്കിലമായ തമോഗര്‍ത്തത്തിലേക്ക് രാജ്യത്തെയും ജനങ്ങളെയും തള്ളിവിടുകയോ ചെയ്യുമായിരുന്നില്ല.

വിവ: സാബിര്‍ നദ്‌വി
(മൊറോക്കോയിലെ തൗഹീദ് ആന്റ് ഇസ്വ്‌ലാഹ് പ്രസ്ഥാനത്തിന്റെ മുന്‍ അധ്യക്ഷനും പ്രശസ്ത ഫഖീഹുമാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍