Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

കഅ്ബ കാണാന്‍ കൊതിക്കുന്ന ഖല്‍ബകം

മൗലവി ജമാലുദ്ദീന്‍ മങ്കട

എന്റെ ഹജ്ജ് വലിയൊരു സ്വപ്നത്തിന്റെ സാഫല്യമുഹൂര്‍ത്തമായിരുന്നു. ഇബ്‌റാഹിം(അ) നടന്നുപോയ ആ പ്രദേശം നഗ്നനേത്രങ്ങളാല്‍ കാണാനുള്ള ഏറെക്കാലത്തെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അല്ലാഹു നല്‍കിയ അവസരമായിരുന്നു അത്. 1999-ല്‍ കേരള ഹജ്ജ് ഗ്രൂപ്പിന്റെ അമീറായിരുന്ന കെ.കെ മമ്മുണ്ണി മൗലവിയെ സഹായിച്ചു കൊണ്ടായിരുന്നു എന്റെ ആദ്യ ഹജ്ജ് യാത്ര. ഖുത്വ്ബകളിലൂടെയും വായനാ പഠനങ്ങളിലൂടെയും ഞാന്‍ മനസ്സിലാക്കിയ ഹജ്ജ് അനുഭവവേദ്യമാകുമ്പോള്‍ അതിന്റെ ഓരോ അനക്കവും വല്ലാത്ത ആത്മീയോല്‍ക്കര്‍ഷത്തിന്റെ നിമിഷങ്ങളായിരുന്നു.
ജീവിതത്തില്‍ കൈവന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ്, വന്നുകിട്ടിയ ഹജ്ജിനെ ഞാന്‍ നോക്കിക്കണ്ടത്. അത് വെറുമൊരു യാത്രയല്ലല്ലോ. അല്ലാഹു തെരഞ്ഞെടുത്തവര്‍ക്ക് മാത്രം കരഗതമാകുന്ന അസുലഭ യാത്ര. ഭൗതിക വ്യവഹാരങ്ങളില്‍ നിന്ന് മനസ്സിനെ ഊരിയെടുത്ത് മക്കാമണലാരണ്യത്തില്‍ കേന്ദ്രീകരിക്കാനുള്ള അലൗകികമായ ഉള്‍വിളി. വീട്, ബന്ധുമിത്രാദികള്‍, കച്ചവടം, നാട്, പ്രസ്ഥാനം തുടങ്ങി നമ്മുടെ ചുറ്റുപാടുകളില്‍ നിന്നുള്ള ഒരുതരം പറിച്ചു നടല്‍.
അങ്ങനെ നാം നമ്മില്‍ നിന്നും അകലം പാലിച്ച് റബ്ബിലേക്ക് നടത്തുന്ന യാത്ര. അങ്ങനെയാണ് ഹജ്ജിനെ ഞാന്‍ വിശേഷിപ്പിക്കുക. ഹജ്ജ് കര്‍മം മക്കയിലാണെങ്കിലും അതിനുള്ള യോഗ്യത നേടിയെടുക്കാനുള്ള ചിട്ടയായ മുന്നൊരുക്കം നാട്ടില്‍ നിന്നു തന്നെ വേണം തുടങ്ങാന്‍. പലപ്പോഴും നമ്മുടെ തയാറെടുപ്പുകള്‍ ഹജ്ജിന്റെ കര്‍മശാസ്ത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന ആശങ്ക എനിക്കുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട് ആദ്യമായി എന്നെ അലട്ടിയ വിഷയം 'എങ്ങനെയാണതിനെ അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യമായ ഒരു കര്‍മമാക്കുക' എന്നതായിരുന്നു. അതിന്, സുബദ്ധവും നിഷ്‌കളങ്കവുമായ നിയ്യത്താണ് ആദ്യം ഉണ്ടാകേണ്ടത്. 'നീ എന്തിനാണ് ഹജ്ജിന് പോകുന്നത്? ഇതിനു പിന്നിലെ സാക്ഷാല്‍ പ്രചോദനമെന്ത്?' ഇതായിരുന്നു ഞാന്‍ എന്നോട് ചോദിച്ച ചോദ്യം. എന്റെ ഹജ്ജ് മനസ്സിന് കരുത്ത് പകരുന്ന വലിയൊരു അനുഭവമായിത്തീരണം, ജീവിതത്തില്‍ വന്നുപോയ പാകപ്പിഴവുകള്‍ ഈ അനുഷ്ഠാനത്തിലൂടെ ഒലിച്ചുപോകണം, വിശ്വാസപരവും കര്‍മപരവുമായ മുഴുവന്‍ മേഖലകള്‍ക്കും വെളിച്ചവും തെളിച്ചവുമായി വര്‍ത്തിക്കണം, ഈ ഹജ്ജ് ജീവിതത്തില്‍ അങ്ങോളമിങ്ങോളം എന്നെ ദൈവപന്ഥാവില്‍ നിന്ന് ദിശതെറ്റാതെ സംരക്ഷിച്ചുനിര്‍ത്തണം. 'ഹജ്ജും ഉംറയും അല്ലാഹുവിനു വേണ്ടിയുള്ളതാണ്' എന്ന വിശുദ്ധ വചനത്തിന്റെ പ്രചോദനത്താല്‍ ഞാനെടുത്ത തീരുമാനമായിരുന്നു അത്.
ഞാന്‍ പ്രാര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുപോലെ ഹജ്ജ് ജീവിതത്തിന്റെ വഴിത്തിരിവ് തന്നെയായി വര്‍ത്തിച്ചു. യാത്രക്ക് മുമ്പ് തന്നെ അതിന്റെ സ്വാധീനം കണ്ടുതുടങ്ങി. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളെ ഉപേക്ഷിച്ച പിതാവിനെ പോയി കണ്ട് ആലിംഗനം ചെയ്തുകൊണ്ടാണ് യാത്ര പറച്ചില്‍ തുടങ്ങിയത്. ആരോടും ഒരകല്‍ച്ചയുമില്ല എന്ന ബോധം ആ യാത്രക്ക് കൂടുതല്‍ നിറം പകര്‍ന്നു. അങ്ങനെ ജീവിതത്തിന്റെ ആലസ്യത്തില്‍ നിന്ന് ആത്മീയതയുടെ അനുഗൃഹീത വിതാനത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയായിരുന്നു എന്റെ ഹജ്ജ്.
അക്കാലത്ത് ഇവിടെ നിന്ന് സുഊദിയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍ ഹാജിമാര്‍ മദ്രാസില്‍ സംഗമിച്ച് അവിടെ നിന്ന് നാനൂറോളം പേര്‍ ഒരുമിച്ചായിരുന്നു യാത്ര. പ്രത്യേകമൊരുക്കിയ ഒരു ഹാളില്‍ നിന്നായിരുന്നു ഇഹ്‌റാം കെട്ടല്‍. ഇഹ്‌റാമിനായുള്ള കുളി, ഒരേസമയം മെയ്യും മനസ്സും സംശുദ്ധീകരിക്കപ്പെടുന്നതിന്റെ അനുഭൂതിയാണുണ്ടാക്കിയത്. കാത്തുസൂക്ഷിച്ച് കൊണ്ടുപോയ ഇഹ്‌റാം വസ്ത്രമണിഞ്ഞതോടെ മനസ്സ് നാടുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചു. ഉടുക്കാന്‍ ഒരു തുണിയും പുതക്കാന്‍ ഒരു മേല്‍മുണ്ടും. ജീവിതത്തിലാദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു പുതുവസ്ത്രം ധരിക്കുന്നത്. എല്ലാ അഹങ്കാരങ്ങളും അലങ്കാരങ്ങളും അഴിച്ചുവെച്ച് ഈ വസ്ത്രമണിയുന്നതോടെ മനുഷ്യന്‍ മാലാഖയുടെ സ്വഭാവം കാണിച്ചുതുടങ്ങുന്നു. സാധാരണ ജനം ചെയ്യുന്ന പല കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടുനില്‍ക്കുകയായി. വളണ്ടിയര്‍ എന്ന നിലയില്‍, ഇഹ്‌റാം വസ്ത്രം ധരിക്കേണ്ട രീതി കാണിച്ചു കൊടുക്കുമ്പോള്‍ കഫന്‍ പുടവ സ്വയം എടുത്തണിയുന്ന പ്രതീതി. അക്കാര്യം ഞാനവരെ ഉണര്‍ത്തുക കൂടിചെയ്തു. നിറകണ്ണുകളോടെ നില്‍ക്കുമ്പോള്‍ ഉള്ളില്‍ നിന്നാരോ മന്ത്രിക്കുന്നു. ഒരുപക്ഷേ ഇതൊരു കഫന്‍ പുടവ തന്നെയായേക്കാം. എങ്കില്‍ അതല്ലേ കൂടുതല്‍ ഉത്തമം.
ലബ്ബൈക്ക് എന്ന ദിക്ര്‍ സവിശേഷമായ പ്രാര്‍ഥനയാണ്. വികാര നിര്‍ഭരമായി മാത്രം ഉരുവിടാന്‍ കഴിയുന്ന വാചകം. ഇന്നല്‍ ഹംദ... വന്നിഅ്മത... നാമിതാ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുകയാണ്. അതിലെ ഓരോ വാക്കിന്റെയും അര്‍ഥവും ആശയവും ടീമംഗങ്ങളുമായി പങ്കുവെച്ചതോടെ ആ ദിക്‌റിന്റെ ശബ്ദവും വികാര തീവ്രതയും വര്‍ധിച്ചു.
ഇഹ്‌റാം കെട്ടിയതോടെ മനസ്സാണ് നാടുമായി അകന്നതെങ്കില്‍, വിമാനം ആകാശത്തേക്കുയര്‍ന്നതോടെ ശരീരവും നാടുമായുള്ള ബന്ധം പൂര്‍ണമായും വിഛേദിച്ചു. വായനയിലൂടെ മാത്രം അറിഞ്ഞ കാര്യങ്ങള്‍ ഒരു നിര്‍ണായക ഘട്ടത്തില്‍ അനുഭവവേദ്യമാകുമ്പോള്‍ അത് നമ്മിലുണ്ടാക്കുന്ന ഇഫക്ട് വളരെ വലുതാണ്. വായിച്ചറിഞ്ഞ കഅ്ബയും മക്കയും മഖാമു ഇ്ബറാഹീമും ഹിറാഗുഹയുമെല്ലാം നേരില്‍ കണ്ടനുഭവിക്കാന്‍ പോകുകയാണ്.
സാഹോദര്യം, കാരുണ്യം, ഗുണകാംക്ഷ, പരക്ഷേമ തല്‍പരത എന്നീ വേദഗ്രന്ഥത്തിന്റെ നാല് മാനുഷിക ഭാഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് ത്യാഗനിര്‍ഭരമായ ഒരു യാത്രയായിരുന്നു അത്. വിമാനമിറങ്ങിയ ഉടനെ മുസ്ദലിഫയിലേക്കുള്ള യാത്ര ഒരു ബസ്സിലായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും എത്തിയ ഹാജിമാരുടെ തിക്കും തിരക്കും കാരണം വണ്ടിയുടെ ചലനം വളരെ സാവധാനത്തിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പ്രയാസപ്പെട്ട സന്ദര്‍ഭം. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുകയായിരുന്നു. ക്ഷമ എല്ലാ പൂന്തോട്ടങ്ങളിലും വളരുന്ന പുഷ്പമല്ലല്ലോ. 'യാസിര്‍ കുടുംബമേ ക്ഷമിക്കൂ' എന്ന പ്രവാചക വചനത്തിന്റെ ആഴമറിഞ്ഞത് അന്നായിരുന്നു. ക്ഷമ കൈവിട്ടുപോകാതിരിക്കാനായി ഞാനെന്റെ സഹ ഹാജിമാര്‍ക്ക് ഹദീസും ഖുര്‍ആനുമെല്ലാം ഉദ്ധരിച്ച് ഒരു കൊച്ചു ഉദ്‌ബോധനവും നല്‍കി. എങ്കിലും പഴയ തലമുറ ഹജ്ജ് വേളയില്‍ അനുഭവിച്ച ത്യാഗങ്ങളൊന്നും നമുക്ക് അനുഭവിക്കേണ്ടിവരുന്നില്ല. ഞങ്ങള്‍ അന്ന് അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികളും ഇന്ന് ഹജ്ജിനു പോകുന്നവരും അനുഭവിക്കേണ്ടി വരുന്നില്ല.
സൗകര്യങ്ങള്‍ വര്‍ധിക്കുന്തോറും ഹജ്ജിന്റെ ചില ആത്മീയ അംശങ്ങള്‍ ചോര്‍ന്നുപോകുന്നുണ്ടോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. കാലാനുസൃത സൗകര്യങ്ങള്‍ അനിവാര്യമാണെങ്കിലും സൗകര്യങ്ങളുടെ നടുവില്‍ ഹജ്ജിനെ അതിന്റെ ചൈതന്യത്തോടെ എങ്ങനെ അനുഭവിക്കാം എന്ന് പുതിയ കാലത്ത് നിന്നുകൊണ്ട് നാം ആലോചിക്കുന്നത് നന്നായിരിക്കും. ക്ഷമയുടെ പുതിയ പാഠങ്ങള്‍ നല്‍കി ഞങ്ങളുടെ ബസ്സ് വളരെ പ്രയാസപ്പെട്ട് മുമ്പോട്ട് പോയിത്തുടങ്ങി. ബസ്സിലെ എ.സി പോലും പ്രായം കൂടിയ ഉപ്പമാര്‍ക്കും ഉമ്മമാര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്കിലും താമസ സ്ഥലത്തെത്തി വുദൂ എടുത്ത് ഉംറക്ക് തയാറായതോടെ യാത്രയുടെ എല്ലാ ക്ലേശങ്ങളും മറന്ന് എല്ലാവരും പ്രസന്നവദനരായി. ഹജ്ജ് ഗ്രൂപ്പിന്റെ വലിയ കുട അടയാളമായി പിടിച്ച് ഞാന്‍ ഈ സാര്‍ഥവാഹക സംഘവുമായി മുന്നോട്ട് നീങ്ങി. മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ണില്‍ പെട്ടപ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ വിപ്ലവ കേന്ദ്രമായ കഅ്ബാലയം കാണാന്‍ മനസ്സ് തിടുക്കം കൂട്ടി. ബാബുസ്സലാം കടന്ന് ഹറമിലേക്ക് പ്രവേശിച്ചപ്പോള്‍ കണ്ണ് പാഞ്ഞുചെന്നത് മക്തബ മക്കയിലേക്കാണ്. പ്രവാചകന്റെ വീട് നിന്നിരുന്ന ആ സ്ഥലവും പ്രവാചകന്‍ നടന്നു നീങ്ങിയ ആ മണ്ണും മനസ്സു നിറയെ നോക്കിനിന്നപ്പോള്‍ കൂട്ടത്തില്‍ നനയാത്ത കണ്ണുകളുണ്ടായിരുന്നില്ല. നിമിഷങ്ങള്‍ കൊണ്ട് വൈകാരികമായ ഒരുപാട് ചരിത്രമുഹൂര്‍ത്തങ്ങള്‍ മനസ്സിലേക്ക് ഓടിയെത്തി.
ശേഷം, ഇതുവരെ മനസ്സില്‍ താലോലിച്ചുപോന്ന ആ കഅ്ബാലയം നേരില്‍ കാണാനുള്ള ആവേശത്തില്‍ പലരും പള്ളിക്കകത്തുള്ള സ്റ്റപ്പുകള്‍ പോലും കാണാതെ പോയി. പരിസരം മറന്നുകൊണ്ട് കഅ്ബയെ തൊടുകയായിരുന്നു അവര്‍. അതിനിടയില്‍ പള്ളിക്കകത്തെ അതിമനോഹരമായ ചിത്രപ്പണികള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനസ്സു നിറയെ കഅ്ബാലയം മാത്രം. ചിത്രത്തില്‍ മാത്രം കണ്ട് പരിചയമുള്ള കഅ്ബാലയമിതാ ഞങ്ങളുടെ കണ്‍മുമ്പില്‍. ഞങ്ങളെ പോലെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നു വന്ന പലരും ആ പുണ്യഗേഹത്തെ കണ്ണിലും മനസ്സിലും നിറക്കുന്നുണ്ട്.
കഅ്ബ കാണുമ്പോഴുളള പ്രാര്‍ഥന സഹ ഹാജിമാരെ ഉണര്‍ത്തി. ''നാഥാ.... ഈ ഭവനത്തിന്റെ ബഹുമതിയും മഹത്വവും ആദരവും ഗാംഭീര്യവും നീ വര്‍ധിപ്പിക്കേണമേ. ഇവിടെ വന്ന് ഹജ്ജോ ഉംറയോ ചെയ്ത് ഇതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് ബഹുമാനവും ആദരവും മഹത്വവും പുണ്യവും അധികരിപ്പിക്കേണമേ. അല്ലാഹുവേ, നീയാണ് സമാധാനം. നിന്നില്‍ നിന്നാണ് സമാധാനം. അതിനാല്‍ സമാധാനം കൊണ്ട് നീ ഞങ്ങളെ സ്വാഗതം ചെയ്യേണമേ...'' അടക്കിപ്പിടിച്ച കരച്ചിലോടെയാണ് കൂടെയുള്ളവര്‍ പ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. കഅ്ബാലയത്തെ കണ്ടമാത്രയില്‍ തന്നെ മനസ്സ് അതിലേക്ക് മാത്രം ചുരുങ്ങിയ പോലെ തോന്നി. വലിയ തിരക്കുകളില്ലാതിരുന്നതിനാല്‍ ധാരാളം സമയം നിറമിഴികളോടെ കഅ്ബയെ നോക്കി പ്രാര്‍ഥിക്കാന്‍ കഴിഞ്ഞു. ശേഷം ത്വവാഫിന് വേണ്ടി മത്വാഫിലേക്കിറങ്ങുകയാണ്. ലോകത്ത് എല്ലായിടങ്ങളിലും അല്ലാഹുവിന്റെ സാമീപ്യമുണ്ടെങ്കിലും, അവന്റെ നോട്ടമുണ്ടെങ്കിലും മത്വാഫിലേക്കിറങ്ങിയതോടെ ദൈവസന്നിധിയിലേക്കെത്തിയപോലെ. ഇപ്പോള്‍ പടച്ചവന്‍ നേര്‍ക്കുനേരെ നമ്മെ നോക്കി നില്‍ക്കുന്നു. ഒരു ജലപ്രവാഹം പോലെ വിശ്വാസികള്‍ കഅ്ബക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ കറങ്ങുന്ന പോലെ. ഞങ്ങള്‍ ഹജറുല്‍ അസ്‌വദ് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് നീങ്ങി. തിരക്കു കാരണം ഹജറുല്‍ അസ്‌വദിനെ മുത്തംവെക്കാന്‍ ഞങ്ങള്‍ക്കായില്ല.
കഅ്ബയുടെ വാതിലിനരികില്‍ നിന്ന് സങ്കടം പറയുന്നവരുണ്ട്. മഖാമു ഇബ്‌റാഹീമിനരികില്‍ നമസ്‌കരിക്കുന്നവരുണ്ട്. ആരും ആരെയും ഗൗനിക്കുന്നില്ല. റബ്ബിനെ നേര്‍ക്കുനേരെ വിളിച്ചു സങ്കടങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണവര്‍. കൂട്ടമായ പ്രാര്‍ഥനയല്ലത്. കൂട്ടമായ പ്രാര്‍ഥനയാകുമ്പോള്‍ നമുക്കൊരേ സ്വരവും ഒരേ താളവുമായിരിക്കും. എന്നാല്‍, ഇവിടെ എല്ലാവരും ഒരേ മാനസികാവസ്ഥയിലാണ്. സങ്കടം പറച്ചിലും കരച്ചിലും കേണപക്ഷയും അര്‍ഥനയും. അവരുടെയൊക്കെ മുഖത്തു കാണുന്ന പ്രാര്‍ഥനയുടെ വൈകാരിക തീവ്രതയാണ് എന്നെ വല്ലാതെ സ്വാധീനിച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഓരോരുത്തരും തങ്ങളുടെ സങ്കടങ്ങളും പ്രയാസങ്ങളും പടച്ചവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഖുര്‍ആനിലും ഹദീസിലും വന്ന പ്രാര്‍ഥനകളും ഉരുവിട്ടുകൊണ്ടിരുന്നു. അന്ന് മത്വാഫിന്റെ അടിയിലാണ് സംസം കുടിക്കാനുള്ള സംവിധാനമുണ്ടായിരുന്നത്. ഇന്ന് ആ സംവിധാനമില്ല. താഴെ ഇറങ്ങി അല്‍പം നടന്ന് ആ ചില്ലിന്‍കൂട്ടിലൂടെ നോക്കിയാല്‍ സംസമിന്റെ ഉറവ ചെറുതായി കാണാമായിരുന്നു. സംസം ഞങ്ങളെ ഇസ്മാഈലിന്റെയും ഹാജറയുടെയും ത്യാഗനിര്‍ഭരമായ ഓര്‍മകളിലേക്ക് കൊണ്ടുപോയി.
സംസമിന്റെ ആവേശവുമായി ഞങ്ങളുടെ കൂട്ടം സഫയിലേക്ക് നീങ്ങി. സ്വഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണെന്ന ഖുര്‍ആനിക വാക്യം ഉറക്കെ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു ആ ചെറിയ കുന്നു കയറിയത്. അന്ന് കെട്ടിടങ്ങളുടെ മറവുകള്‍ ഇല്ലാത്തതിനാല്‍ സ്വഫയുടെ മുകളില്‍ നിന്ന് കഅ്ബയെ നേരില്‍ കാണാമായിരുന്നു. ''അല്ലാഹു തന്റെ കരാര്‍ പാലിച്ചിരിക്കുന്നു. തന്റെ ദാസനെ സഹായിച്ചു. വിജയിപ്പിച്ചു. സഖ്യസേനയെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.'' സ്വഫയുടെ മുകളില്‍ നിന്ന് ഈ പ്രഖ്യാപനവുമായിട്ടാണ് സഅ്‌യ് തുടങ്ങുന്നത്. സഅ്‌യ് ശരിക്കും ഹാജറയുടെ, ദൈവസഹായം തേടിയുള്ള അന്വേഷണമായിരുന്നു. ദൈവ സ്‌നേഹം കൊണ്ട് ജലം കണ്ടെത്തിയ മഹനീയമായ ചരിത്രത്തിന്റെ ഓര്‍മ പുതുക്കലാണ് സഅ്‌യ്. ഈ ഓട്ടത്തിലൂടെ നമുക്ക് ആത്മീയ ധീരത നേടിയെടുക്കാന്‍ കഴിയും. അല്ലാഹുവിനെ സ്‌നേഹിക്കുന്നവന് ഏത് പ്രതിസന്ധി ഘട്ടത്തിലും അവന്റെ സഹായമെത്തുമെന്ന ആത്മധൈര്യം. സഅ്‌യിന് ശേഷം തലമുടി നീക്കം ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ റൂമിലേക്ക് ചെന്നു. ഇതാണ് എന്റെ ആദ്യത്തെ ഉംറാനുഭവം.
*****
ഹജ്ജിലൂടെ നാം നല്ലൊരു കുടുംബത്തെ പരിചയപ്പെടുകയാണ്. നല്ലൊരു പിതാവും ഭര്‍ത്താവുമായ ഇബ്‌റാഹീമിനെ, ലക്ഷണമൊത്ത ഭാര്യയും മാതാവുമായ ഹാജറയെ, അനുസരണയുള്ള മകനായ ഇസ്മാഈലിനെ. ഈ കുടുംബത്തെ മുമ്പില്‍ വെച്ച് കൊണ്ടാണ് കഅ്ബയെയും പരിസരത്തെയും അതിന്റെ ചൈതന്യത്തെയും അവിടെ നടക്കുന്ന കര്‍മങ്ങളിലൂടെ ഉണ്ടായി വരേണ്ട ആത്മീയതയെയും അല്ലാഹു പഠിപ്പിച്ചു തരുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ക്ലാസ്സുകളിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഈ ലക്ഷണമൊത്ത കുടുംബം. ഉറച്ച വിശ്വാസം, കലര്‍പ്പില്ലാത്ത സ്‌നേഹം, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാത്ത തവക്കുല്‍ ഇതൊക്കെയായിരുന്നു ഈ കുടുംബത്തിന്റെ മേന്മ. ഈ പാഠങ്ങള്‍ പകര്‍ന്നു തരാനായിരുന്നു ഞങ്ങളുടെ ക്യാമ്പില്‍ ക്ലാസ്സെടുക്കാന്‍ വന്ന പടിഞ്ഞാറ്റുമുറി സ്വദേശിയായ വി.കെ ജലീല്‍ സാഹിബും മര്‍ഹും ജമാല്‍ മലപ്പുറവും മറ്റെല്ലാ പണ്ഡിതന്മാരും ശ്രമിച്ചിരുന്നത്. മകനെ ചോദിക്കുമ്പോള്‍ മകനെ നല്‍കാന്‍ ഉറച്ച തീരുമാനമെടുത്ത ഇബ്‌റാഹീമിനെയും ഹാജറയെയും അവതരിപ്പിച്ചപ്പോഴൊക്കെ കണ്ണീരോടെയായിരുന്നു കൂടെയുള്ളവര്‍ അതുള്‍ക്കൊണ്ടിരുന്നത്. അങ്ങനെ ക്ലാസ്സുകളിലൂടെയും അനുഭവങ്ങളിലൂടെയും, ഖുര്‍ആന്‍ വരച്ചുകാട്ടിയ വ്യക്തമായ അടയാളങ്ങളെ മനസ്സിലാക്കാനാണ് ഞങ്ങള്‍ ഹജ്ജുവരെയുള്ള സമയം ഉപയോഗിച്ചത്. അതിന് വേണ്ടി ഹറമിന്റെ പരിസരത്തുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. കഅ്ബയുടെ നിര്‍മാണത്തിന് കല്ലുകളെടുത്തിരുന്ന ജബലു കഅ്ബ, ജബലു ഉമര്‍ (രണ്ടും ഇന്നില്ല), ഉപരോധത്തിന്റെ കൊടുംകെടുതികള്‍ പേറിയ ശിഅബ് അബീത്വാലിബ്, ഇതെല്ലാം ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞ വലിയ അടയാളങ്ങളായിരുന്നു.
ഹജ്ജിനു മുമ്പു തന്നെ മിനയും അറഫയും ഹിറാഗുഹയും സൗര്‍ഗുഹയുമെല്ലാം കാണാന്‍ വേണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ജബലുന്നൂറിന്റെ താഴ്‌വരയില്‍ ഗ്രൂപ്പംഗങ്ങളെ നിര്‍ത്തി ആ നാട്ടില്‍ തന്നെ ജീവിക്കുന്ന അബൂബക്കര്‍ കരുളായിയെപ്പോലുള്ള പണ്ഡിതര്‍ വളരെ വൈകാരികമായി ആ മണ്ണിന്റെ ചരിത്രം പറഞ്ഞുതന്നത് ഞങ്ങളുടെ കൂട്ടത്തിലെ സാധാരണക്കാരെല്ലാം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടായിരിക്കും.
ആദ്യ വഹ്‌യിനു ശേഷം റസൂല്‍ ഒരിക്കല്‍ പോലും ഒന്ന് ഒഴിഞ്ഞിരുന്ന് പ്രാര്‍ഥിക്കാന്‍ ജബലുന്നൂര്‍ താണ്ടി ഹിറയിലെത്തിയിട്ടില്ല. പിന്നീട് മനുഷ്യരുടെ കൂടെ അവരെ സ്‌നേഹിച്ചു കഴിയുകയായിരുന്നു പ്രവാചകനെന്ന് കൂടെയുള്ളവരെ ഓര്‍മപ്പെടുത്തുകയായിരുന്നു ഞാന്‍. 1999-ല്‍ ഞങ്ങള്‍ എട്ടുപേര്‍ ജബലുന്നൂര്‍ കയറുമ്പോള്‍, ഇതിന് മുമ്പ് പലരും കയറിയ വഴികളും അടയാളങ്ങളും ഉണ്ടായിരുന്നു. ആ നിമിഷം ഞാന്‍ ഓര്‍ത്തത്, ഇത്രയൊന്നും വഴിയടയാളങ്ങളില്ലാത്ത നാളുകളിലായിരുന്നല്ലോ റസൂലുല്ലാഹി ഈ മല കയറി വന്നത്. പ്രായം ചെന്ന ഖദീജ ബീവി, വെള്ളവും ഈത്തപ്പഴവും, മാറിയുടുക്കാനുള്ള വസ്ത്രവുമായിട്ട് ദൂരെയുള്ള വീട്ടില്‍ നിന്ന് കയറിവന്നിരുന്നുവെന്നത് അതിലേറെ അത്ഭുതകരമായിരുന്നു. ഒരാള്‍ക്ക് മാത്രം കടക്കാന്‍ വീതിയുള്ള ഹിറാഗുഹക്കകത്ത് കയറിയിരുന്നപ്പോള്‍ ഇഖ്‌റഅ് എന്ന ശബ്ദം അവിടെ മുഴങ്ങിയത് പോലെ തോന്നി. അവിടെയാണല്ലോ ആ ശബ്ദം ആദ്യമായി മുഴങ്ങിയത്.
സൗര്‍ ഗുഹയിലേക്ക് പോകുമ്പോഴും നമ്മെ മാനസികമായി സ്വാധീനിക്കുന്ന ചരിത്ര സംഭവങ്ങളുണ്ടായിരുന്നു മനസ്സില്‍. വലിയ വലിയ മണിമാളികകളില്‍ താമസിച്ചിട്ടും നമുക്ക് പലര്‍ക്കും മനസ്സമാധാനം കിട്ടുന്നില്ല. പക്ഷേ, ഹിജ്‌റ വേളയില്‍ സൗര്‍ ഗുഹക്കകത്ത് ഇരിക്കുന്നവരെ കുറിച്ച് അല്ലാഹു പറയുന്നത്, 'അവര്‍ക്ക് ഞാന്‍ സമാധാനം ഇറക്കി കൊടുത്തു' എന്നാണ്. അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്നതാണ് ഏറ്റവും വലിയ സമാധാനം. ഇതാണ് സൗര്‍ നമ്മെ പഠിപ്പിക്കുന്ന പാഠം. സൗര്‍ ഗുഹയില്‍ നിന്നിറങ്ങിയ ശേഷം മദീനയിലേക്കായിരുന്നു യാത്ര. ഈ യാത്രക്ക് മുമ്പ്, പ്രവാചകന്റെ പട്ടണത്തെക്കുറിച്ച് മനസ്സില്‍ തറഞ്ഞു നില്‍ക്കുന്ന പഠനാര്‍ഹമായ ഒരു ക്ലാസ് കേള്‍ക്കാന്‍ കഴിഞ്ഞു. എല്ലാ ത്യാഗവും സഹിച്ച് പ്രവാചകനും അനുയായികളും മദീനയിലേക്ക് ഹിജ്‌റ പോയതിന്റെ ഓര്‍മകളായിരുന്നു യാത്രയിലുടനീളം. എല്ലാം ഉപേക്ഷിച്ച് പോകുമ്പോഴും റസൂലിന്റെ മനസ്സിലെ പ്രതീക്ഷ വളരെ വലുതായിരുന്നു. അതുകൊണ്ടാണ്, ഖിസ്‌റയുടെ വളകള്‍ അണിയിച്ചു തരാമെന്ന പ്രതീക്ഷയുടെ വാഗ്ദാനം സുറാഖക്ക് നല്‍കാന്‍ കഴിഞ്ഞത്. ഇത് അല്ലാഹുവിന്റെ ദീനാണ്. അത് വളര്‍ന്നുകൊണ്ടിരിക്കും, വിജയിക്കുകയും ചെയ്യും. ഖിസറയും കൈസറും തോറ്റോടേണ്ടി വരും എന്ന റസൂലിന്റെ പ്രവചനമാണ് ഹിജ്‌റയില്‍ നമ്മുക്കാവേശമേകുന്നത്. ഈ ആവേശം കൂടെയുള്ള ഗ്രൂപ്പംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയപ്പോള്‍ മദീനയിലേക്കുള്ള യാത്ര ആത്മീയാനുഭൂതിയുള്ളതായി.
ബസ്സ് മദീനയിലെത്തിയതോടെ, റസൂലി(സ)നെ വരവേറ്റ് മദീനാ നിവാസികള്‍ പാടിയ പാട്ട് ഞങ്ങളും ഒരുപാടാവൃത്തി ഈണത്തില്‍ പാടിക്കൊണ്ടിരുന്നു. പലതവണ നാം ആ പാട്ട് കേട്ടിട്ടുണ്ട്. എങ്കിലും അന്നത് കേട്ടപ്പോള്‍ മനസ്സിന് കൂടുതല്‍ ഹൃദ്യമായതു പോലെ. മദീനയിലെത്തിയ ഉടനെ പ്രവാചകന്റെ ഭരണ സിരാ കേന്ദ്രമായിരുന്ന മസ്ജിദുന്നബവി കാണാനും പ്രവാചകന്റെ റൗളയിലെത്താനും മനസ്സ് ധൃതികൂട്ടി. കാരണം റൗള സ്വര്‍ഗത്തിലെ ഒരു പൂന്തോപ്പാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. റൗളയിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ ശാശ്വതമായ സ്വര്‍ഗ തോപ്പുകളെക്കുറിച്ച ചിന്തകളായിരുന്നു മനസ്സു മുഴുവന്‍. പ്രവാചകന്റെ കൂടെ ഫിര്‍ദൗസില്‍ ഇരിക്കുന്ന പോലെ. പ്രാര്‍ഥനയും അതിനു വേണ്ടി തന്നെ. അവിടെ രണ്ട് റക്അത്ത് നമസ്‌കരിച്ചപ്പോള്‍ അത് തികഞ്ഞ മനസ്സാന്നിധ്യത്തോടെയാവാന്‍ ശ്രദ്ധിച്ചു.
ശേഷം പ്രവാചകന്റെയും അബൂബക്‌റിന്റെയും ഉമറിന്റെയും മഖ്ബറകളിലേക്ക് നോക്കി സലാം പറഞ്ഞു. ഖബ്‌റിനുള്ളിലുള്ളവരോടുള്ള സ്‌നേഹ പ്രകടനം അതിരു കടക്കുന്നത് തടയാന്‍ കാവല്‍ക്കാര്‍ കര്‍ക്കശമായി ശ്രദ്ധിക്കുന്നു. അതുതന്നെയാണ് ശരിയെന്ന് തോന്നി. കാരണം, അവിടെയെത്തുന്ന പലരും ബഹുദൈവാരാധനയില്‍ നിന്ന് ഇസ്‌ലാമിലെത്തിയവരാണ്. അതുകൊണ്ട് തന്നെ കാണുന്നതൊക്കെ മുത്താനും സ്പര്‍ശിക്കാനും വെമ്പുന്ന മനസ്സാണ് പലര്‍ക്കും. കാവല്‍ക്കാര്‍ അവരെ യഥാര്‍ഥ വഴികളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ആത്മീയത എന്നത് ഇങ്ങനെ എന്തെങ്കിലും അന്ധമായി ചെയ്തുകൂട്ടുന്നതല്ല എന്ന് പഠിപ്പിക്കുകയാണവര്‍. തുടര്‍ന്ന് മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കാണാനുള്ള യാത്രയായിരുന്നു. ഉഹ്ദിന്റെ അരികിലെത്തി. ധീരനായ ഹംസ(റ)യുടെ ഖബ്‌റിടം നോക്കിനിന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒറ്റക്കിരുന്ന് കരയുന്ന ഒരുപാട് പേരെ കണ്ടു. ഇസ്‌ലാമിന്റെ കാര്യം അത്ഭുതകരമാണ്. ഇസ്‌ലാം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചരിത്രമാണ്. ഹംസ(റ)യെ അതിക്രൂരമായി കൊന്നുകളഞ്ഞ ഹിന്ദ് ഇസ്‌ലാം സ്വീകരിക്കുന്നതോടെ നമ്മുടെ മനസ്സിലെ കെട്ടുകളെല്ലാം അഴിഞ്ഞുപോകുന്നു. ഹിന്ദിന്റെ പേര് കേള്‍ക്കുമ്പോള്‍ 'റളിയല്ലാഹു അന്‍ഹ' എന്നു പറയാന്‍ പഠിപ്പിക്കുന്ന മഹാവിശാലതയാണ് ഇസ്‌ലാം നമുക്ക് പകര്‍ന്നുതന്നത്. നമുക്ക് സ്ഥായിയായ ശത്രുക്കളില്ല. ആകെയുള്ള ഒരേയൊരു ശത്രു പിശാച് മാത്രമാണ്. അല്ലാത്തവരൊക്കെ സാഹചര്യം കൊണ്ട് ശത്രുക്കളായിപ്പോയവരാണ്. യാഥാര്‍ഥ്യങ്ങള്‍ അറിയുകയും അല്ലാഹു അവരുടെ മനസ്സില്‍ വെളിച്ചമിട്ടുകൊടുക്കുകയും ചെയ്യുന്നതോടെ അവര്‍ നമ്മുടെ മിത്രങ്ങളായി മാറും. നമ്മള്‍ ശത്രുക്കളായി കാണുന്ന പലരും നമ്മുടെ മിത്രങ്ങളാവേണ്ടവരാണ്.
നമ്മുടെ യഥാര്‍ഥ ശത്രു പിശാച് മാത്രമാണെന്നതാണ് ഉഹ്ദിന്റെ മണ്ണ് നമ്മെ പഠിപ്പിച്ചത്. കാരണം, മക്കം ഫത്ഹിന്റെ സമയത്ത് പ്രവാചകന്റെ അടുത്തേക്ക് കടന്നുവരുന്ന വഹ്ശിയെ, ഉമറി(റ)നെ പോലുള്ളവര്‍ കൈകാര്യം ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ റസൂല്‍(സ) അത് തടയുകയും, വഹ്ശിയെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ച് 'വഹ്ശിക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു' എന്ന് പറയുകയും ചെയ്ത രംഗം മനസ്സിലുണ്ട്.
മദീനയോട് വിടപറഞ്ഞ് മക്കയില്‍ ചെന്ന് ഒരു ഉംറ കൂടി ചെയ്തു. ആ ഉംറക്ക് ചൈതന്യം കൂടുകയായിരുന്നു. ആരുടെയും സഹായമില്ലാതെ എല്ലാവരും ഒറ്റക്ക് ചെയ്ത ഉംറയായത് കൊണ്ട് വല്ലാതെ ആത്മീയ നിര്‍വൃതി ഉണ്ടായിരുന്നു അതിന്. ശേഷം ഹജ്ജിന്റെ ദിനങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഹറമില്‍ തിരക്കു വര്‍ധിച്ചുകൊണ്ടിരുന്നു. ഹജ്ജിന്റെ ദിവസങ്ങളെത്തി. ഇഹ്‌റാം കെട്ടി തല്‍ബിയത്ത് ചൊല്ലി ആളുകള്‍ നിറഞ്ഞിരിക്കുന്ന മിനയിലേക്ക് ഞങ്ങളും നീങ്ങി. രണ്ടു മലകള്‍ക്കിടയില്‍ എന്റെ സഹോദരങ്ങള്‍ ഒരേ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ കാഴ്ച. ഇവിടെ നമുക്ക് നമ്മുടെ സഹോദരങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളാനും പരിഗണിക്കാനും കഴിയണം എന്നതായിരുന്നു മിന എന്നെ പഠിപ്പിച്ചത്. അവിടെ അവശരായവരെ സഹായിക്കുന്നതിലൂടെയും പരിഗണിക്കുന്നതിലൂടെയും വല്ലാത്തൊരു ആത്മീയാനുഭൂതി നേടിയെടുക്കാന്‍ കഴിഞ്ഞു. ഹജ്ജ് സേവനത്തിന്റേത് കൂടിയാണ് എന്ന് ബോധ്യപ്പെട്ടു. എല്ലാ റോഡുകളും അടഞ്ഞത് കാരണം ഞങ്ങളുടെ കൂട്ടുകാര്‍ തലച്ചുമടുകളിലായാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഭക്ഷണം ക്രമീകരിക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു. പ്രായം ചെന്ന രക്ഷിതാക്കള്‍ വരെ പറഞ്ഞു, മനസ്സ് നിറയുമ്പോള്‍ വയറു നിറയാത്തത് വിഷയമാകുന്നില്ല.
ദുല്‍ഹജ്ജ് ഒമ്പത് പുലര്‍ച്ചെ അറഫയിലേക്ക് നീങ്ങി. ളുഹ്‌റും അസ്വ്‌റും നമസ്‌കരിച്ച നമിറാ പള്ളിയില്‍ നിന്ന് കേട്ട ഖുത്വ്ബയുടെ ആശയം ഉള്‍ക്കൊള്ളുന്ന ഒരു ഖുത്വ്ബയായിരുന്നു ഞങ്ങളുടെ ക്യാമ്പിലുണ്ടായിരുന്നത്. ശേഷം അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തി കൂട്ടത്തോടെ ഒരു പ്രാര്‍ഥനയായിരുന്നു. അറഫയില്‍ നിന്ന് അല്ലാഹുവിനോട് ചോദിക്കുന്നവര്‍ക്ക് അല്ലാഹു കൊടുക്കും എന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അതുകൊണ്ട് തന്നെ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. നമുക്ക് വേണ്ടി ത്യാഗം ചെയ്ത മാതാപിതാക്കള്‍ക്ക്, ഗുരുനാഥന്മാര്‍ക്ക്, ലോകത്ത് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിം സഹോദരങ്ങള്‍ക്ക്..... ഇടറുന്ന ശബ്ദത്തോടെ, കരച്ചിലിന്റെ അകമ്പടിയോടെ തള്ളിവന്നുകൊണ്ടിരുന്ന പ്രാര്‍ഥന ഒന്നര മണിക്കൂര്‍ ഒരേ നില്‍പ്പില്‍ നിന്നുകൊണ്ടായിരുന്നു. ശേഷം മുസ്ദലിഫയിലേക്കുള്ള യാത്രയാണ്. മുസ്ദലിഫയില്‍ രാത്രി വളരെ ശാന്തമായി കിടന്നുറങ്ങിയപ്പോള്‍ മനസ്സിന് വളരെ വലിയ നിര്‍ഭയത്വം തോന്നി. നമ്മള്‍ വലിയ അഹങ്കാരത്തോടെ നിര്‍മിച്ച പടുകൂറ്റന്‍ വീടുകളില്‍ കിട്ടാത്ത ഒരു മനശ്ശാന്തി അനുഭവിക്കാന്‍ കഴിഞ്ഞു അവിടെ. പിറ്റേന്ന് മിനായിലെ ജംറത്തുല്‍ അഖബയില്‍ കല്ലേറായിരുന്നു. തക്ബീര്‍ മുഴക്കി കല്ലെറിഞ്ഞു തുടങ്ങിയപ്പോള്‍ നമ്മളൊരു സമര മുഖത്തേക്ക് ഇറങ്ങിച്ചെന്ന പോലെയുള്ള ആവേശം. അധാര്‍മികതയിലൂടെ നമ്മെ സ്വാധീനിച്ച ശത്രുവിന്റെ മര്‍മം നോക്കി എറിയാനുള്ള കല്ലുകളാണ് കൈയിലുള്ളത്. ഭൗതിക ത്വര മാത്രം നമ്മിലുണ്ടാക്കിയ നമ്മുടെ യഥാര്‍ഥ ശത്രുവിന് നേരെയുള്ള യുദ്ധമായിരുന്നു അത്. സുഖലോലുപതയും ആനന്ദവും ആസ്വാദനവുമാണ് അവന്‍ നമ്മെ പഠിപ്പിച്ചത്. ഇവക്കെതിരിലുള്ള പൊരുതലാണ് ജംറയിലെ ഈ കല്ലേറ്.
ശേഷം ബലി കര്‍മമാണ്. ഇബ്‌റാഹീം ഇസ്മാഈലിനെയുമായി പോയപോലെ നാം മക്കളെയും കൊണ്ടല്ല ബലി സ്ഥലത്തേക്ക് പോകുന്നത്. നാം നമ്മുടെ താല്‍പര്യങ്ങളെയാണ് ബലിയറുക്കുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് നമ്മെ തടയുന്ന എല്ലാ ഭൗതിക മോഹങ്ങളെയും അവിടെ നാം ബലികഴിക്കുന്നു. ശേഷം അഭിമാനത്തോടെ കൊണ്ടുനടന്നിരുന്ന തലമുടി ഒഴിവാക്കുമ്പോള്‍ ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ തലമുടി ഒഴിവാക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ഹജ്ജ് നമ്മെ പൂര്‍ണമായും ഇന്ന് ജനിച്ച കുഞ്ഞിനെ പോലെയാക്കിത്തീര്‍ക്കുന്നു. അതിനു ശേഷം ഇഹ്‌റാമിന്റെ വേഷമഴിച്ച് കുളിക്കുന്നതോടെ നാം ശരിക്കും പുതിയ മനുഷ്യരായി മാറുകയാണ്. ഇനി എന്നില്‍ പാപങ്ങളില്ല, ഇനി ജീവിതത്തില്‍ പാപങ്ങള്‍ വരാതെ സൂക്ഷിച്ചാല്‍ മതി, അതിന് തൗഫീഖ് നല്‍കേണമേ എന്ന പ്രാര്‍ഥനാ മനസ്സോടെ ത്വവാഫുല്‍ ഇഫാദയും നിര്‍വഹിച്ചു.
അവസാന കല്ലേറും കഴിഞ്ഞ് ഹറമില്‍ ചെന്ന് ത്വവാഫുല്‍ വിദാഅ് നിര്‍വഹിച്ച് കഅ്ബയുടെ കില്ല പിടിച്ച് പ്രാര്‍ഥിച്ച് ആ പുണ്യഭൂമിയോട് വിടചൊല്ലുമ്പോള്‍ മനസ്സു മന്ത്രിച്ചുകൊണ്ടേയിരുന്നു. റഹ്മാനേ... എന്നെ ഒരുവട്ടം കൂടി ഈ പുണ്യഭൂമിയിലെത്തിക്കേണമേ...

തയാറാക്കിയത്: ശമീം ചൂനൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍