ജനറല്‍ സീസിയുടെ ഭീകരവാഴ്ചയും ഫാഷിസ്റ്റ് പ്രചാരവേലയും
ഈജിപ്തില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ദൃഢനിശ്ചയത്തോടെ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ അതിഭീകരമായി കൊന്നൊടുക്കിയ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ സൈനിക ഭരണകൂടത്തിന്റെ മേല്‍ പതിഞ്ഞ രക്തക്കറകള്‍ കഴുകിക്കളയാന്‍ എത്ര മഴക്കാലങ്ങള്‍ വേണ്ടിവരും?
റിപ്പബ്ലിക്കന്‍ ഗാര്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്ന അമ്പതില്‍പരം ജനാധിപത്യവാദികളെ കൂട്ടക്കുരുതി നടത്തി ജൂലൈ എട്ടിനാണ് സൈന്യം രക്തപ്പുഴയൊഴുക്കാന്‍ തുടങ്ങിയത്.
ജൂലൈ 27-ന് ചുരുങ്ങിയത് 80 പേരെങ്കിലും കയ്‌റോയിലെ പ്രസിദ്ധമായ റാബിഅ അല്‍ അദവിയ്യയില്‍ കൊല്ലപ്പെട്ടു. ആഗസ്റ്റ് 14-ന് സൈനിക അട്ടിമറിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന നൂറുകണക്കിന് ജനാധിപത്യവാദികളെ കൊന്നൊടുക്കി സൈന്യം പ്രക്ഷോഭം അടിച്ചമര്‍ത്തുന്നത് കൂടുതല്‍ ശക്തമാക്കി. ഇതില്‍ പ്രതിഷേധിക്കാന്‍ വെള്ളിയാഴ്ച തെരുവിലിറങ്ങിയ പ്രക്ഷോഭകരെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് സൈന്യം ഉരുക്കുമുഷ്ടിയുടെ ശക്തി വീണ്ടും തെളിയിച്ചത്.
യൂനിഫോം ധരിച്ച സൈനികര്‍ അട്ടിമറിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച മുഴുവന്‍ പേരെയും സ്വര്‍ഗലോകത്തേക്ക് അയക്കാന്‍ തീരുമാനിച്ച പോലെയായിരുന്നു. തെരുവുകളിലും താല്‍കാലികമായി നിര്‍മിച്ച ക്യാമ്പുകളിലും പള്ളികളിലും പോലീസ് കസ്റ്റഡിയിലും സര്‍ക്കാര്‍ വാനുകളിലും അവര്‍ വേട്ടയാടപ്പെട്ടു. കൊല്ലപ്പെടുന്നവര്‍ വെറും അക്കങ്ങളായി മാറുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ജീവന്‍ ചോര്‍ന്നുപോയ വെറും മരണങ്ങള്‍.
സൈന്യത്തിന്റെ കൂട്ടക്കുരുതിയെ അഴകൊഴമ്പന്‍ ഭാഷയില്‍ വിമര്‍ശിച്ച അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ - അന്താരാഷ്ട്ര സമൂഹം- ഇടപെടല്‍ വെള്ളത്തില്‍ വരച്ച വരയായി മാറി.
ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ താഴെയിറക്കിയ സീസിയുടെ നടപടിയെ അട്ടിമറി എന്ന് പോലും വിശേഷിപ്പിക്കാതെ മാറിനിന്നതിലൂടെ സൈനിക ഭരണകൂടത്തിന് നിയമസാധുതയുടെ പരിവേഷം അവര്‍ നല്‍കിയിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അത്തരമൊരു പരോക്ഷ നിയമസാധുത നല്‍കിയില്ലായിരുന്നെങ്കില്‍ ജനാധിപത്യ പ്രക്ഷോഭകരെ സൈന്യം വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്നു എന്ന് കരുതുന്നത് തീര്‍ത്തും ന്യായമാണ്.
രാഷ്ട്രീയം, വിശേഷിച്ചും പടിഞ്ഞാറന്‍ പ്ലൂട്ടോക്രസിയില്‍ കണക്കുകളുടെ കളിയാണ്. രാഷ്ട്രീയക്കാര്‍ക്ക് മാര്‍ക്കിടുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ ബജറ്റിലെ നീക്കിവെയ്പുകളെ വരെ സ്വാധീനിക്കുന്നുണ്ട്. ഈജിപ്തിലാകട്ടെ ജനങ്ങള്‍ മൊത്തം കണക്കുകളായി മാറുകയായിരുന്നു. ജൂലൈ 26-ന് ഭീകരവാദികളെ പരാജയപ്പെടുത്തുന്നതിനായി അട്ടിമറിയെ അനുകൂലിക്കുന്നവരോട് തെരുവിലിറങ്ങാന്‍ ഉത്തരവിട്ട ജനറല്‍ സീസിയും കണക്കിന്റെ പിന്തുണയാണ് തേടിയത്. അട്ടിമറിയെ എതിര്‍ക്കുന്നവര്‍ സൈന്യത്തിന്റെ കണക്കിനെ ധാര്‍മികതയുടെ ചോദ്യമുയര്‍ത്തിയാണ് നേരിടുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയല്ലേ പുറത്താക്കേണ്ടത്? അട്ടിമറി എങ്ങനെയാണ് ജനാധിപത്യത്തില്‍ നിയമവിധേയമാവുക?
ഭീകരവാദവും ഫാഷിസവും ചുട്ടെടുക്കുന്ന വിധം
ആഗസ്റ്റ് 17-ന്, പ്രസിഡന്റ് അദ്‌ലി മന്‍സ്വൂറിന്റെ ഉപദേശകനായ മുസ്ത്വഫാ ഹിജാസിയാണ് പത്രസമ്മേളനത്തില്‍ 'ഭീകരവാദം തലപൊക്കാനുള്ള സാധ്യത' ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തങ്ങള്‍ നിലകൊള്ളുന്ന ന്യായമായ ആവശ്യത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ വഴിതെറ്റിക്കുന്നതായിരുന്നു 'മുര്‍സി അനുകൂല പ്രക്ഷോഭകര്‍' എന്ന വിശേഷണം തന്നെ. ഇത് വിഷയത്തെ വ്യക്തിയിലേക്ക് ചുരുക്കി. കുത്തിയിരിപ്പ് സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുര്‍സി അനുകൂലികള്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യത്തെ അത് സമര്‍ഥമായി മറച്ചുപിടിച്ചു. ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത ജനാധിപത്യവാദികളും അവിടെ സജീവമായുണ്ടായിരുന്നു.
സൈന്യം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാരംഭിച്ച ദിവസം ആഇശാ ജാദ എനിക്കയച്ച ഈമെയില്‍ സന്ദേശം ഇപ്രകാരമാണ്: ''റാബിഅ അദവിയ്യയില്‍ തടിച്ചു കൂടിയ ജനങ്ങള്‍ മുര്‍സി അനുകൂലികളും മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും മാത്രമാണ് എന്ന പല്ലവി കേട്ടുകേട്ട് എനിക്ക് മടുത്തു. അത് ശരിയല്ല. ഇതു രണ്ടുമല്ലാത്ത എന്റെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജനാധിപത്യത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.'' പ്രക്ഷോഭകരെ എഫ്.ജെ.പി പ്രവര്‍ത്തകര്‍ എന്നു പോലും വിളിക്കാതെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായി ചുരുക്കുന്ന ബി.ബി.സി, ജാദയെപ്പോലുള്ളവരുടെ സന്ദേശങ്ങള്‍ക്ക് ഒരിക്കലും ചെവി കൊടുത്തില്ല.
എഫ്.ജെ.പിക്ക് പകരമായി ബ്രദര്‍ഹുഡ് എന്ന പദത്തിന്റെ നിരന്തരമായ ഉപയോഗം ഫ്രീഡം, ജസ്റ്റിസ് തുടങ്ങിയ മൂല്യങ്ങളുടെ കുത്തക അല്‍ബറാദഇയെയും മുഹമ്മദ് അബുല്‍ഗാറിനെയും പോലുള്ള ലിബറല്‍ സെക്യുലറിസ്റ്റുകളുടെ കുത്തകയാണ് എന്ന ധാരണയെ അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയായിരുന്നു.
സൈന്യം പ്രക്ഷോഭകരെ അടിച്ചമര്‍ത്താനാരംഭിച്ചതിന് ശേഷം മുസ്‌ലിം ബ്രദര്‍ഹുഡ് വക്താവ് വലീദ് ഹദ്ദാദിനെ ബി.ബി.സി ഇന്റര്‍വ്യൂ ചെയ്തിരുന്നു.
ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ജനാധിപത്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടിയാണ് പോരാടുന്നതെന്ന് വലീദ് ഹദ്ദാദ് ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും ഒരിക്കല്‍ പോലും ഈജിപ്ത് പ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചയിലോ റിപ്പോര്‍ട്ടുകളിലോ 'ജനാധിപത്യം' കേന്ദ്ര സ്ഥാനത്തു വരാതിരിക്കാന്‍ ബി.ബി.സി പ്രത്യേകം ശ്രദ്ധിച്ചു.
കയ്‌റോ നിവാസിയായ ഒരു സ്ത്രീയെ ഇന്റര്‍വ്യൂ ചെയ്ത ബി.ബി.സി 'സമ്പൂര്‍ണ ഭീകരതയാണ് ഇവിടെ നടമാടുന്നതെന്ന' അവരുടെ വാചകത്തിലെ 'സമ്പൂര്‍ണ ഭീകരതാ' പ്രയോഗത്തില്‍ കടിച്ചു തൂങ്ങുകയും ചെയ്തു.
രക്തപ്പുഴയൊഴുകിയതിന് ആഴ്ചകള്‍ക്കു മുമ്പ് തന്നെ ജൂലൈ 9-ന് ബി.ബി.സിയുടെ സെക്യൂരിറ്റി കറസ്‌പോണ്ടന്റ് ഫ്രാങ്ക് ഗാര്‍ഡനര്‍ 'ഈജിപ്ത് വിശുദ്ധയുദ്ധത്തിലേക്ക് നീങ്ങുകയാണോ' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തെളിവുകളും കൃത്യമായ നിരീക്ഷണങ്ങളുമില്ലാത്ത ലേഖനം സംഭവവിവരണവും ഭാവിയിലേക്കുള്ള നിര്‍ദേശങ്ങളുമടങ്ങുന്നതായിരുന്നു. തന്റെ റിപ്പോര്‍ട്ടില്‍ അങ്ങോളമിങ്ങോളം ജിഹാദിസ്റ്റ്, വിശുദ്ധയുദ്ധം, മതാത്മകമായ ആക്രമണം തുടങ്ങിയ പദപ്രയോഗങ്ങള്‍ വാരിവിതറിയ ഗാര്‍ഡ്‌നര്‍ പക്ഷേ അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ ജനാധിപത്യത്തിനു വേണ്ടിയാണ് പൊരുതുന്നതെന്നത് സൗകര്യപൂര്‍വം വിസ്മരിച്ചു. ഈജിപ്തിലെ 'വിശുദ്ധയുദ്ധ'ത്തെ ലിബിയയിലെയും യമനിലെയും ഇറാഖിലെയും വിശുദ്ധയുദ്ധങ്ങളോട് ബന്ധപ്പെടുത്താനും ഗാര്‍ഡ്‌നര്‍ മറന്നില്ല.
ആഗോള ഭീകരതയുടെ പരിധിയില്‍ ഈജിപ്തിനെ കൂടി ഉള്‍പ്പെടുത്താനാണ് ഈ മാധ്യമ ശ്രമങ്ങളെല്ലാം. ഈ ഭീകരത ഇസ്‌ലാമികമാണെന്ന് വിശേഷിച്ച് പറയേണ്ട കാര്യമില്ല. മീഡിയയും ആയുധ വ്യവസായങ്ങളുമെല്ലാം ഭീകരതയുടെ അടിക്കുറിപ്പായി ഇസ്‌ലാമികം എന്ന് ചേര്‍ത്തിട്ടുണ്ട്.
19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രബലരായ സാമ്രാജ്യത്വ ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും തങ്ങളുടെ മര്‍ദകഭരണത്തിനെതിരെ ഉയരുന്ന ഏത് പ്രതിരോധങ്ങളെയും ചാപ്പയടിക്കാന്‍ ഉരുവപ്പെടുത്തിയെടുത്ത 'പാന്‍ ഇസ്‌ലാമിക് വഹാബിസം' എന്ന ആഖ്യാനത്തോട് സാമ്യത പുലര്‍ത്തുന്നുണ്ട് ഈ ഭീകരത എന്ന പുത്തന്‍ ആഖ്യാനം.
ഇന്ത്യയിലും വടക്കന്‍ ആഫ്രിക്കയിലും പടിഞ്ഞാറന്‍ ആഫിക്കയിലും സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതിരോധശ്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ സ്വയം വഹാബികള്‍ എന്ന് വിശേഷിപ്പിച്ചില്ലെങ്കിലും അധീശ ആഖ്യാനങ്ങള്‍ അവരെ വഹാബികളാക്കി. ആദ്യം അവ്യക്തമായ ആഖ്യാനം ചമച്ച്, പിന്നീട് അതിന് നിര്‍വചനം നല്‍കി അവസാനം ശത്രുവിനെ അടിച്ചൊതുക്കുന്ന സാമ്രാജ്യത്വ രീതിയാണിത്.
സൈനിക ഭരണകൂടം അഴിച്ചു വിടുന്ന ഭീകരത
എഫ്.ജെ.പിയുടെ ഭീകരതയെ കുറിച്ച് ഭാവനാവിലാസങ്ങള്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്യ, ഈജിപ്ഷ്യന്‍ മീഡിയയും സൈനിക ഉദ്യോഗസ്ഥരും സീസിയുടെ സൈനിക ഭരണകൂടം അഴിച്ചുവിടുന്ന ഭീകരതയെ കുറിച്ച് കുറ്റകരമായ നിശ്ശബ്ദതയാണ് പുലര്‍ത്തുന്നത്. ചിലിയില്‍ പിനോഷെ, ഇന്തോനേഷ്യയില്‍ സുഹാര്‍ത്തോ, കംമ്പോഡിയയില്‍ പോള്‍ പോട്ട് തുടങ്ങി പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ ഭീകരത അഴിച്ചുവിട്ടിട്ടുണ്ടെന്നത് നമ്മള്‍ മറക്കരുത്. പഴയ സാമ്രാജ്യത്വ ഭരണകൂടങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.
ഭരണകൂട ഭീകരത എന്ന പദം കൊണ്ട് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ കൂട്ടക്കുരുതിയെ മാത്രമല്ല ഞാനര്‍ഥമാക്കുന്നത്. മറിച്ച്, രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടയിട്ട അതിഭീകരതയെയാണ്. പത്രസമ്മേളനത്തില്‍ ഈജിപ്തിലെ പ്രതിസന്ധി രാഷ്ട്രീയപരമാണെന്നത് ഹിജാസി നിഷേധിച്ചു. അദ്ദേഹം പറഞ്ഞു; ''ഭീകരതക്കെതിരെയുള്ള യുദ്ധമുഖത്താണ് നമ്മള്‍.'' ഇരുട്ടിന്റെയും ഭീകരതയുടെയും ശക്തികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ജനത ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഭീകരതയെ അടിച്ചമര്‍ത്തുന്നതിന് ചിലപ്പോള്‍ ഈജിപ്ഷ്യന്‍ ജനതയെ തന്നെ നിരോധിക്കേണ്ടിവരുമെന്ന നിലക്കുള്ള മറുപടിയാണ് ഹിജാസി നല്‍കിയത്. വാക്കുകള്‍ മയപ്പെടുത്താതെ തന്നെ പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു വക്താവ് കാര്യം പറഞ്ഞു: ''നമ്മള്‍ ഭീകരതക്കെതിരെ പോരാടുകയാണ്. ഈ പോരാട്ടത്തില്‍ പൗരാവകാശങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല.''
എഫ്.ജെ.പിയുടെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും നേതാക്കളുടെ അറസ്റ്റ് തുടരുമ്പോഴും ഈജിപ്തിനകത്ത് നിന്നോ അതിന് പുറത്തു നിന്നോ അതിനെതിരെ ഫലപ്രദമായ ശബ്ദങ്ങള്‍ ഉയരുന്നില്ല. ഭരണകൂടഭീകരത അതിന്റെ ഉച്ചിയിലെത്തി നില്‍ക്കുന്നു.
ഈജിപ്തിലെ ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് കൊന്ന സ്വേഛാധിപതിയായ ഹുസ്‌നി മുബാറക് തടവറയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുര്‍സി സൈനിക കസ്റ്റഡിയില്‍ തുടരുന്നു. ഈയവസ്ഥ നിയമവിരുദ്ധമാണെന്ന് ഉച്ചത്തില്‍ പറയാന്‍ ആരും തയാറാവുന്നില്ലെന്നത് ജനാധിപത്യത്തോട് മിനിമം ബഹുമാനമുള്ള ആര്‍ക്കും അപമാനകരമാണ്.
സൈനിക ഭരണകൂടത്തിന്റെ ഭീകരതയും ഒരര്‍ഥത്തില്‍ പ്രതീകാത്മകമാണ്. ആഗസ്റ്റ് 14-ലെ കൂട്ടക്കൊലയെ ന്യായീകരിച്ച ഹിജാസി, ഭീകരവാദത്തിന് പുറമെ ഫാഷിസവും പ്രക്ഷോഭകരുടെ തലയില്‍ വെച്ചുകെട്ടി. ഫാഷിസമെന്ന പദപ്രയോഗം ഈജിപ്തിന്റെ ചരിത്രത്തിന് പുതുമയൊന്നുമല്ല. 1956-ല്‍ പ്രസിഡന്റ് നാസര്‍ സൂയസ് കനാല്‍ ദേശസാത്കരിച്ചപ്പോള്‍ നാസര്‍ അഭിനവ ഹിറ്റ്‌ലറാണെന്ന് ഫ്രഞ്ച് പ്രസ് വിളിച്ചു കൂവി. ബ്രിട്ടീഷ് ഭാഷ്യമനുസരിച്ച് അദ്ദേഹം മറ്റൊരു മുസോളിനിയും ഭ്രാന്തന്‍ നായയുമായിരുന്നു. 1939-ല്‍ തന്നെ കാള്‍ ബാഥ് നിരീക്ഷിച്ചിരുന്നു: ''ദേശീയ സോഷ്യലിസത്തെ ഒരു പുതിയ ഇസ്‌ലാമായി കാണാതെ നമുക്ക് അതിനെ മനസ്സിലാക്കാന്‍ പറ്റില്ല. ഒരു പുതിയ അല്ലാഹു. അയാളുടെ പ്രവാചകനായി ഹിറ്റ്‌ലറും.''
ഫാഷിസത്തെ സംബന്ധിച്ചുള്ള ഹിജാസിയുടെ ധാരണയില്‍ നിറഞ്ഞിരിക്കുന്ന ചരിത്രബോധത്തിന്റെ അഭാവത്തെ പരിഹരിച്ചത് അതില്‍ നിബിഡമായിരിക്കുന്ന ഇസ്‌ലാമോഫോബിയയാണ്. ഈജിപ്തിലെ ലിബറല്‍ സെക്യുലര്‍ ഉപരിവര്‍ഗവുമായി ഹിജാസി പങ്കിടുന്ന ഇസ്‌ലാമോഫോബിയയാകട്ടെ പടിഞ്ഞാറില്‍ നിന്ന് അതേപടി സ്വീകരിച്ചതും.
ജനാധിപത്യത്തിന്റെ ചര്‍ച്ചുകളും മസ്ജിദുകളും തകര്‍ക്കപ്പെടുമ്പോള്‍
ഫാഷിസ്റ്റ് ഭീഷണി ഒരു യാഥാര്‍ഥ്യമാണെന്നും സൈനിക അട്ടിമറി അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിക്കാന്‍ സീസി ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ഒരായുധം ന്യൂനപക്ഷങ്ങളായ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന അരക്ഷിതാവസ്ഥയാണ്. അട്ടിമറിക്ക് ശേഷം അരങ്ങേറിയ അരാജകത്വത്തില്‍ നിരവധി ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. പക്ഷേ ഉത്തരം ലഭിക്കാത്ത പ്രസക്തമായ മറ്റൊരു ചോദ്യം അവശേഷിക്കുന്നു. ഒന്നും രണ്ടുമല്ല ഡസന്‍ കണക്കിന് ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ സൈന്യവും പോലീസും എന്ത് നടപടിയാണ് സ്വീകരിച്ചത്? പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തിയുടെ പകുതിയെങ്കിലും കാണിച്ചിരുന്നെങ്കില്‍ നിരവധി ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുന്നത് തടയാമായിരുന്നില്ലേ? ചര്‍ച്ചുകള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച മൈക്കല്‍ കസ്തൂറിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും സഹായാഭ്യര്‍ഥനയോട് സൈന്യവും പോലീസും എന്തുകൊണ്ട് പ്രതികരിച്ചില്ല? ഭീകരതക്ക് തെളിവുണ്ടാക്കാന്‍ സൈന്യം ചര്‍ച്ചുകള്‍ കൊള്ളയടിക്കാന്‍ അനുവദിക്കുകയായിരുന്നെന്ന് കസ്തൂര്‍ പറയുമ്പോള്‍ അതില്‍ സത്യത്തിന്റെ അംശമില്ലേ? ഹിജാസിയുടെ പത്രസമ്മേളനം കസ്തൂറിന്റെ ആരോപണത്തെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ചര്‍ച്ചുകള്‍ കത്തിച്ചതിനെതിരെ പ്രസ്താവന നടത്തുന്നതിന് പകരം അട്ടിമറിയെ ന്യായീകരിക്കാനുള്ള തെളിവായി അതിനെ ഉയര്‍ത്തിക്കാണിക്കാനാണ് അദ്ദേഹം ധൃതികാണിച്ചത്.
ചര്‍ച്ചുകള്‍ അഗ്‌നിക്കിരയാക്കിയത് മാത്രമല്ല ഇപ്പോഴത്തെ കാലാവസ്ഥയിലെ പ്രസക്തമായ വിഷയം, അട്ടിമറിക്ക് കോപ്റ്റിക് ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കാനായി ഗുണ്ടകളെ വിട്ട് അവര്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്ന സൈന്യത്തിന്റെ നടപടി കൂടിയാണ്.
പോളണ്ടിലും നിരവധി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ചര്‍ച്ചുകള്‍ ജനാധിപത്യത്തിന്റെയും നവ രാഷ്ട്രീയ ഊര്‍ജങ്ങളുടെയും വിമോചന ദൈവശാസ്ത്രത്തിന്റെയും കേന്ദ്രങ്ങളായാണ് ചരിത്രപരമായ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചത്. എന്നാല്‍, ഈജിപ്തില്‍ പോപ്പ് തവാദ്രോസ് രണ്ടാമനെ അട്ടിമറിയെ പിന്തുണക്കാനായി പ്രേരിപ്പിച്ച 'കൃത്രിമസാഹചര്യ'മേതായിരുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്.
പടിഞ്ഞാറന്‍ പ്രൊട്ടസ്റ്റന്റുകാരെ പോലെയല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ജനാധിപത്യത്തോട് അനുഭാവമുള്ളവരല്ലെന്ന് വിലയിരുത്തുന്നത് പക്ഷപാതപരമാവും. മാര്‍ട്ടിന്‍ ലൂതര്‍കിംഗിന് പൗരാവകാശങ്ങള്‍ക്കും വര്‍ണ വിവേചനത്തിനുമെതിരെ പോരാടാന്‍ ക്രിസ്റ്റ്യാനിറ്റി പ്രചോദനം നല്‍കിയെങ്കില്‍ കോപ്റ്റിക് ചര്‍ച്ച് അത്തരമൊരു ഉണര്‍ച്ചയിലേക്കെത്താതിരിക്കുന്നതിനുള്ള കാരണമെന്താണെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്.
സൈനിക'ഭരണകൂടത്തിന്റെ ആളുകള്‍ പള്ളികളും അഗ്‌നിക്കിരയാക്കിയെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. പള്ളികളില്‍ ഭീകരവാദികളും ഫാഷിസ്റ്റുകളുമാണ് നിറഞ്ഞിരിക്കുന്നത് എന്നാണ് സൈനികയുക്തി. ഈ യുക്തി ഒറ്റ നോട്ടത്തില്‍ തന്നെ അബദ്ധജഡിലമാണെന്ന് മനസ്സിലാക്കാനാവും. ലിബറല്‍ സൈക്യുലറിസ്റ്റുകള്‍ മനപ്പൂര്‍വം അവഗണിക്കുന്നതോ അല്ലെങ്കില്‍ അവര്‍ക്ക് കൃത്യമായ ധാരണയില്ലാത്തതോ ആയ ജനാധിപത്യം, സ്വാതന്ത്ര്യം, പൗരവാകാശങ്ങള്‍, നീതി തുടങ്ങിയ ആശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രചോദനമാണ് ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇസ്‌ലാം. ജനാധിപത്യ ശബ്ദങ്ങളായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയെ പോലുള്ളവരോട് സര്‍ഗാത്മകമായ സഖ്യത്തിന് ശ്രമിക്കാതെ അവരെ പൈശാചികവത്കരിക്കുകയാണ് ലിബറല്‍ സെക്യുലറിസ്റ്റുകള്‍ ചെയ്യുന്നത്. ലിബറല്‍ സെക്യുലറിസ്റ്റുകള്‍ ആരോപിക്കുന്നതു പോലെ എഫ്.ജെ.പി മതാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല. മധ്യകാല ചര്‍ച്ചിലേതു പോലെ ഇസ്‌ലാമില്‍ ഒരു കേന്ദ്രീകൃത അധികാര വ്യവസ്ഥയില്ല. എന്നിട്ടും സൈനിക അട്ടിമറി നടന്ന ഉടന്‍ തന്നെ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ അലോന്‍ ബെന്‍മെയ്ര്‍ അടിമുടി വിരസമായ ആ പഴയ നെടുങ്കന്‍ ഓറിയന്റലിസ്റ്റ് ക്ലീഷേ എടുത്തിട്ടു- ഇസ്‌ലാമും ജനാധിപത്യവും തമ്മില്‍ ചേരുമോ? സാമുവല്‍ ഹണ്ടിംഗ്ടന്റെ പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ നിന്ന് തന്നെയാണ് ബെന്‍മേയര്‍ വിളമ്പിയത്. ''ചര്‍ച്ചും സ്റ്റേറ്റും തമ്മിലുള്ള വേര്‍തിരിവിന് ആശയപരമായി തന്നെ എതിരാണ് ഇസ്‌ലാം.'' മതത്തെ ചര്‍ച്ചില്‍ നിന്ന് വേര്‍പ്പെടുത്താന്‍ മുസ്‌ലിംകളെ പഠിപ്പിക്കുന്നത് യുക്തിരാഹിത്യമല്ലാതെ മറ്റെന്താണ്. അങ്ങനെയൊന്ന് ഇസ്‌ലാമിലില്ലെന്ന് മദ്‌റസാ കുട്ടികള്‍ക്ക് വരെ അറിയുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.
ബെന്‍മെയറിന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാണ്. ഈജിപ്തിലും മുസ്‌ലിമേതര രാജ്യങ്ങളുള്‍പ്പെടെ ലോകത്തെല്ലായിടത്തും ജനാധിപത്യം ഇല്ലായ്മ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സൈന്യത്തിന്റെ ഭരണത്തിന് നിയമസാധുത ചാര്‍ത്തുക. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടായിരമാണ്ടില്‍, കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ ആല്‍ഫ്രഡ് സ്‌റ്റെപാന്‍ (Alfred C. Stepan- ലോകത്തെല്ലായിടത്തുമുള്ള ജനാധിപത്യവത്കരണ പ്രക്രിയയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ ആള്‍) നടത്തിയ നിരീക്ഷണം ഈജിപ്തിനെ സംബന്ധിച്ച് തീര്‍ത്തും പ്രസക്തമാണ്. ''ജനാധിപത്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ തടസ്സം ഇസ്‌ലാമല്ല, മറിച്ച് ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കാത്ത സൈന്യവും രഹസ്യാന്വേഷണ സംഘടനകളുമാണ്.''
ജനാധിപത്യം പുലരുന്ന ഒരു ലോകത്തിന്റെ പുലര്‍ച്ചയെക്കുറിച്ച് ലിബറല്‍ സെക്യുലറിസ്റ്റുകള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്‌റ്റെപാന്റെ അര്‍ഥപൂര്‍ണമായ നിരീക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചു പഠിക്കേണ്ടതുണ്ട്.
'മതേതര പടിഞ്ഞാറ്' എന്ന തെറ്റായ ആഖ്യാനത്തോട് നിരൂപണബുദ്ധി തെല്ലുമില്ലാതെ വിധേയത്വം വെച്ചുപുലര്‍ത്തുന്ന ഈജിപ്ഷ്യന്‍ ലിബറലുകള്‍ ഒരുകാര്യമോര്‍ക്കുന്നത് നന്ന്. ശീതയുദ്ധകാലത്ത് പടിഞ്ഞാറ്, വിശേഷിച്ചും അമേരിക്ക, തങ്ങളെ 'സെക്യുലര്‍' എന്ന് വിശേഷിപ്പിച്ചിരുന്നില്ല. മതരഹിതമായ കമ്യൂണിസ്റ്റ് ബ്ലോക്ക് മുതലാളിത്ത 'സ്വതന്ത്രലോക'ത്തിന് മാത്രമല്ല പടിഞ്ഞാറന്‍ ബ്ലോക്കിലുള്‍പെട്ട ജനാധിപത്യ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ സമൂഹത്തിനു കൂടി ഭീഷണിയായിരുന്നു. യഥാര്‍ഥത്തില്‍ സ്വതന്ത്ര ലോകവും െ്രെകസ്തവ സംസ്‌കാരവും ഏകദേശം ഒന്നു തന്നെയാണ്. ഈ ദിശയില്‍ ഹോസെ കാസനോവ (José Casanova) നടത്തുന്ന നിരീക്ഷണം വളരെ പ്രസക്തമാണ്: ''വത്തിക്കാന്റെ ആശീര്‍വാദത്തോടെയുള്ള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പ്രോജക്റ്റായാണ് യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയം ആദ്യം ചര്‍ച്ചക്ക് വരുന്നത്.'' തിയോക്രാറ്റിക് മുസ്‌ലിം ബ്രദര്‍ഹുഡ് എന്നതുപോലെ തന്നെ വിവരദോഷം നിറഞ്ഞ തെറ്റായ കാഴ്ചപ്പാടാണ് സെക്യുലര്‍ വെസ്റ്റും എന്നതാണ് ഞാന്‍ ഊന്നിപ്പറയാനാഗ്രഹിക്കുന്ന കാര്യം.
പഴയ കാലത്ത് സ്റ്റേറ്റിന്റെ അനിയന്ത്രിതമായ അധികാരത്തിന് തടയിട്ട് പൗരന്മാരുടെ രാഷ്ട്രീയ അവകാശങ്ങള്‍ വിപുലമാക്കലായിരുന്നു ലിബറലിസത്തിന്റെ കാതലായി ലിബറലുകള്‍ കണ്ടിരുന്നത്. ഈജിപ്തിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെയുമടക്കമുള്ള സമകാലീന ലിബറല്‍ സെക്യുലറിസ്റ്റുകള്‍ പക്ഷേ, സ്റ്റേറ്റിന്റെ അനിയന്ത്രിതമായ അധികാരം വര്‍ധിപ്പിക്കാനും പൗരന്മാരുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാനും അലറി വിളിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജനാധിപത്യത്തിനായി ശബ്ദമുയര്‍ത്തുന്ന ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയെ പോലുള്ള കക്ഷികളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിലൂടെ മനപ്പൂര്‍വമല്ലെങ്കില്‍ പോലും ലിബറല്‍ സെക്യുലറിസ്റ്റുകള്‍ വെളിവാക്കുന്നത് സമഗ്രാധിപത്യത്തോടും, നവ സാമ്രാജ്യാധിപത്യത്തോടും തങ്ങളുടെ ഉള്ളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള അനുഭാവമാണ്.
(Islamism and Democracy in India: The Transformation of Jamaat-E-Islami എന്ന പുസ്തകത്തിന്റെ രചയിതാവായ ഇര്‍ഫാന്‍ അഹ്മദ് ആസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ രാഷ്ട്രീയ നരവംശശാസ്ത്രത്തില്‍ ലക്ചററാണ്).
വിവര്‍ത്തനം: ബിശ്ര്‍ മുഹമ്മദ്
Comments