തെരഞ്ഞെടുപ്പിനു മുന്നോടിയായി സാമുദായിക കലാപങ്ങള്‍
അടുത്ത മൂന്നു മാസത്തിനകം ഏതാനും സംസ്ഥാനങ്ങളില്‍ അസംബ്ലി ഇലക്ഷന്‍ നടക്കുകയാണ്. തുടര്‍ന്ന് അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും വരുന്നു. ഏതു പാര്‍ട്ടിക്കും അധികാരത്തിലെത്താന്‍ വര്‍ധിച്ച ജനസമ്മതി വേണം. അതിന് വിഹിതവും അവിഹിതവുമായ തന്ത്രങ്ങള്‍ പയറ്റാന്‍ എല്ലാ പാര്‍ട്ടികളും തയാറാണ്. രാജ്യത്ത് സാമുദായിക വിദ്വേഷം ജ്വലിപ്പിച്ച് രക്തരൂഷിതമായ കലാപങ്ങള്‍ സൃഷ്ടിച്ച് വോട്ടു ബാങ്ക് സ്വരൂപിക്കുക എന്ന ബി.ജെ.പിയുടെ തന്ത്രം ഉത്കണ്ഠാജനകമാകുന്നു. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവര്‍ ഈ തന്ത്രം നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. യു.പിയിലും ബിഹാറിലുമായി 120 ലോക്‌സഭാ സീറ്റുകളുണ്ട്. ഈ സംസ്ഥാനങ്ങള്‍ ജയിച്ചടക്കാതെ നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്വപ്നം പൂവണിയുകയില്ല. ബിഹാറിലെ നവോദ, ബത്‌യാ പട്ടണങ്ങളിലും രാജ്സ്ഥാനിലെ ടോങ്കിലും കശ്മീരിലെ കിഷ്തറിലും ഇതിനകം സാമുദായിക സംഘട്ടനങ്ങളരങ്ങേറിക്കഴിഞ്ഞു. ഇത് തുടക്കം മാത്രമാണ്. ബന്ധപ്പെട്ട ഗവണ്‍മെന്റുകള്‍ കര്‍ശനമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ ഉത്തരേന്ത്യയിലാകെ വര്‍ഗീയത്തീയെരിയുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന്റെ ദേശീയ അധ്യക്ഷനായ ശേഷം ആറാഴ്ചക്കകം 24 സാമുദായിക സംഘട്ടനങ്ങളാണ് ബിഹാറില്‍ നടന്നത്. തങ്ങളുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിനെ പാഠംപഠിപ്പിക്കാന്‍ മോഡി ബിഹാറിലെ ബി.ജെ.പി പ്രവര്‍ത്തകരോടാഹ്വാനം ചെയ്തതിന്റെ പിറ്റേന്നായിരുന്നു ബുദ്ധഗയയിലെ സ്‌ഫോടനങ്ങള്‍. തെളിവൊന്നുമില്ലെങ്കിലും അന്വേഷണ ഏജന്‍സികള്‍ അത് മുസ്‌ലിംകളുടെ തലയില്‍ വെച്ചുകെട്ടിയത് ബി.ജെ.പിക്ക് നേട്ടമായി. നരേന്ദ്രമോഡി തന്റെ വിശ്വസ്തനായ, ഗുജറാത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയും 2002-ലെ വംശഹത്യയില്‍ പ്രതിയായി ജയിലില്‍ കിടക്കേണ്ടിവന്നയാളുമായ അമിത്ഷായെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പിച്ചിരിക്കുന്നത് ആ സംസ്ഥാനത്ത് മതേതരത്വവും സാമുദായിക സൗഹാര്‍ദവും വളര്‍ത്താനല്ലെന്ന കാര്യം വ്യക്തമാണ്. വര്‍ഗീയ സംഘര്‍ഷം വളര്‍ത്തി സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കുകയാണ് അദ്ദേഹത്തിന്റെ ദൗത്യം. വി.എച്ച്.പി പദ്ധതിയിട്ട അയോധ്യാ യാത്ര സംസ്ഥാനത്ത് ഒരു കലാപ പരമ്പരക്ക് തന്നെ തിരി കൊളുത്താന്‍ പര്യാപ്തമായിരുന്നു. ആപത്തു മണത്ത യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് വി.എച്ച്.പി നേതാക്കളെ അറസ്റ്റ് ചെയ്ത് യാത്ര നിരോധിച്ചു. എങ്കിലും സാമുദായിക വിദ്വേഷം വളര്‍ത്തി ഹിന്ദുക്കളെ ബി.ജെ.പിക്കനുകൂലമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് അവര്‍ പിന്മാറാന്‍ പോവുന്നില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് തുറന്നടിക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരം ഉണ്ടായ 37000 വര്‍ഗീയ കലാപങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ഭരണകാലത്തായിരുന്നുവെന്നാണ് ബി.ജെ.പി ഉപാധ്യക്ഷന്‍ അബ്ബാസ് നഖ്‌വിയുടെ തിരിച്ചടി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം ഓരോ പാര്‍ട്ടിയും ഇതര പാര്‍ട്ടികളില്‍ ചുമത്തുന്ന സമ്പ്രദായം പണ്ടു മുതലേയുള്ളതാണ്. വര്‍ഗീയ സാമുദായിക സ്പര്‍ധകളെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താന്‍ അവസരം കിട്ടുമ്പോഴൊക്കെ എല്ലാ പാര്‍ട്ടികളും അതിനു തയാറാകുന്നു എന്നതാണ് സത്യം. ഇപ്പോള്‍ കലാപമുണ്ടായ ബിഹാറിലെ നവോദയിലും ബത്‌യായിലും രാജസ്ഥാനിലെ ടോങ്കയിലും കശ്മീരിലെ കിഷ്തറിലും, സ്വത്തു നാശവും ജീവഹാനിയുമുണ്ടായിട്ടുണ്ട്. ഇതില്‍ കിഷ്തര്‍ കലാപത്തെച്ചൊല്ലി പാര്‍ലമെന്റിനകത്തും പുറത്തും വലിയ ബഹളം നടന്നു. മറ്റു മൂന്നു കലാപങ്ങളെക്കുറിച്ച് അതൊന്നുമുണ്ടായില്ല. അവ ദേശീയതലത്തില്‍ അറിയപ്പെടുക പോലും ചെയ്തില്ല. കിഷ്തര്‍ സംഭവത്തെച്ചൊല്ലി വലിയ വായില്‍ വിലപിക്കുന്ന ബി.ജെ.പി മറ്റു മൂന്നു സംഭവങ്ങളെക്കുറിച്ച് മിണ്ടിയതേയില്ല. കലാപങ്ങളോട് പ്രതികരിക്കുന്നതില്‍ പോലും രാഷ്ട്രീയ കക്ഷികള്‍ നഗ്നമായ വിവേചനം പുലര്‍ത്തുന്നുവെന്നാണിത് ചൂണ്ടിക്കാണിക്കുന്നത്.
വര്‍ഗീയ കലാപങ്ങള്‍ എവിടെ നടന്നാലും ഖേദകരവും അപലപനീയവുമാണ്. പക്ഷേ, വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞെട്ടിത്തെറിച്ചതുകൊണ്ടും രൂക്ഷമായി അപലപിച്ചതുകൊണ്ടും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അതിന്റെ തുടര്‍ച്ചയായി പ്രായോഗിക നടപടികളുണ്ടാവണം. അതുണ്ടാകുന്നില്ലെങ്കില്‍ ഖേദ പ്രകടനവും അപലപനവുമൊക്കെ കേവലം കാപട്യമാണെന്നാണര്‍ഥം. സ്വതന്ത്ര ഭാരതത്തില്‍ ഇതഃപര്യന്തം നാല്‍പതിനായിരത്തോളം വര്‍ഗീയ കലാപങ്ങളുണ്ടായതായി എല്ലാവരും സമ്മതിക്കുന്നു. എന്നിട്ടെന്തേ ഒരു വര്‍ഗീയ കലാപ നിവാരണ നിയമം ഇതുവരെ നമുക്കുണ്ടായില്ല? നിയമം ഉണ്ടായാല്‍ മാത്രം പോരാ. അത് ഇഛാശക്തിയോടെ കര്‍ശനമായി നടപ്പാക്കപ്പെടുകയും വേണം. ഇന്ത്യയിലാകട്ടെ ഉള്ള നിയമങ്ങള്‍ തന്നെ, ഭരിക്കുന്ന കക്ഷിയുടെ താല്‍പര്യങ്ങളും നിലപാടുകളുമനുസരിച്ചേ നടപ്പിലാകുന്നുള്ളൂ.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ പലയിടങ്ങളിലും സാമുദായിക സംഘര്‍ഷങ്ങള്‍ തലപൊക്കുന്നു. വര്‍ഗീയ, സാമുദായിക വികാരങ്ങള്‍ ചൂഷണം ചെയ്ത് വോട്ടു നേടാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമമാണിതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ കക്ഷിയും അത് പറഞ്ഞ് മറുകക്ഷികളെ കുറ്റപ്പെടുത്തുകയും ചെയ്യും. കലാപത്തിന്റെ രാഷ്ട്രീയത്തിലാണ് എല്ലാവരുടെയും കണ്ണ്. ഇരകളാകുന്നവരുടെ യാതനകളും വേദനകളും ആരും മനസ്സിലാക്കുന്നില്ല. 2009-ല്‍ യു.പി.എ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച 'വര്‍ഗീയ കലാപ നിവാരണ ബില്ലി'ന്റെ ഗതി സൂചിപ്പിക്കുന്നത് അതാണ്. വിവരാവകാശ നിയമത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കുന്നത് മുതല്‍ ഭക്ഷ്യ സുരക്ഷ വരെ, ഭരിക്കുന്നവരുടെയും ഭരണത്തിലേറാന്‍ ശ്രമിക്കുന്നവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന എത്രയോ ബില്ലുകള്‍ അതിനു ശേഷം പാര്‍ലമെന്റ് പാസ്സാക്കി. വര്‍ഗീയ കലാപ നിവാരണ ബില്‍ ഇനിയും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സാമുദായിക വിദ്വേഷത്തിന്റെ ഗുണഭോക്താക്കളായ ചില കക്ഷികള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ആ ബില്‍ കോള്‍ഡ് സ്റ്റോറേജിലേക്ക് പോവുകയായിരുന്നു. ആ എതിര്‍പ്പിനോടൊപ്പം വിഷയത്തില്‍ യു.പി.എയുടെ, വിശേഷിച്ചും കോണ്‍ഗ്രസ്സിന്റെ ആര്‍ജവമില്ലായ്മ കൂടിയാണതിനു കാരണം. സ്വന്തം വോട്ടു ബാങ്കിനപ്പുറം കലാപങ്ങള്‍ക്കിരയാകുന്ന നിസ്സഹായരായ നിരപരാധികളുടെ വേദന മനസ്സിലാക്കാന്‍ പാര്‍ട്ടികള്‍ക്ക് സന്മനസ്സുണ്ടായിരുന്നുവെങ്കില്‍ ഫലപ്രദമായ ഒരു വര്‍ഗീയ കലാപ നിവാരണ ബില്‍ ഇതിനകം പാര്‍ലമെന്റ് പാസ്സാക്കുകയും സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടാകുമായിരുന്നു.
Comments