ചരിത്രത്തില്‍നിന്ന് പാഠം പഠിക്കാത്ത ഇന്ത്യന്‍ റുപ്പി
രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് വന്‍ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഡോളര്‍ ഒന്നിന് 65 രൂപയും കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 20 രൂപയിലേറെ മൂല്യത്തകര്‍ച്ചയുണ്ടായി. അതില്‍ തന്നെ അവസാന മൂന്ന് മാസമാണ് 10 രൂപയോളം തകര്‍ന്നത്. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് കാര്യമായ പ്രതിസന്ധികള്‍ക്ക് ഇടവരുത്തും. ഇറക്കുമതിയിലും കയറ്റുമതിയിലും അനിശ്ചിതത്വം വരുത്തിവെക്കും. പ്രധാനമായും വ്യാപാര, നിക്ഷേപ രംഗങ്ങളില്‍ നിന്ന് പിന്മാറ്റങ്ങളുണ്ടാകും. ഇന്ത്യയുടെ വിദേശ നയത്തെയും ഇത് ബാധിക്കും. സ്വാഭാവികമായും രാജ്യത്തിന്റെ സാമ്പത്തിക മുരടിപ്പിന് ഇത് വഴിയൊരുക്കും. എന്നാല്‍ ധനകാര്യ മന്ത്രാലയവും ആര്‍ ബി ഐയും നോക്കുകുത്തിയുടെ റോളിലാണ്. പൊതുജനത്തെ സമാധാനിപ്പിക്കാന്‍ ചില പ്രസ്താവനകള്‍ ഇടക്കിടെ ഇറക്കുന്നുണ്ടെന്നു മാത്രം. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും രൂപ 'Undervalue' ചെയ്യപ്പെട്ടതാണെന്നുമാണ് അമിതാത്മവിശ്വാസത്തോടെ ധനമന്ത്രി പി. ചിദംബരം പറഞ്ഞത്.
ഇപ്പോള്‍ ഓരോ ദിവസവും 'രൂപ' ഒരു വാര്‍ത്തയാണ്. മിക്ക ദിവസങ്ങളിലും മൂല്യശോഷണമാണ് വാര്‍ത്ത. ഇടക്ക് തിരിച്ചു വരവും കാണാം. എന്നാല്‍, അഞ്ച് രൂപ ഇടിയുമ്പോള്‍ ഒന്നോ രണ്ടോ രൂപയുടെ തിരിച്ചുവരവുണ്ടാകുന്നത് രൂപയുടെ മികവ് കൊണ്ടോ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉല്‍പാദനം വര്‍ധിച്ചതു കൊണ്ടോ ഒന്നുമല്ല. കറന്‍സികളും സ്വര്‍ണവും കൊണ്ട് ചൂതുകളിക്കുന്ന ദല്ലാളന്മാരുണ്ടാക്കിത്തീര്‍ക്കുന്ന തമാശകള്‍ മാത്രമാണത്. ഇത് കണ്ട് രൂപയുടെ മൂല്യം തിരിച്ചുവരുന്നു എന്ന് പ്രതീക്ഷിക്കാവതല്ല. ചുരുങ്ങിയത് ഒരു മാസമെങ്കിലും നിലനിന്നാലേ മൂല്യ വര്‍ദ്ധനയോ തകര്‍ച്ചയോ എന്ന് നിര്‍ണയിക്കുക സാധ്യമാകൂ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1947-ല്‍ മൂന്ന് ഇന്ത്യന്‍ രൂപ നല്‍കിയാല്‍ ഒരു ഡോളര്‍ കിട്ടുമായിരുന്നു. 66 വര്‍ഷം കൊണ്ട് ഏതാണ്ട് 22 മടങ്ങ് മൂല്യത്തകര്‍ച്ച. വ്യത്യസ്തമായ ഒരുപാട് കാരണങ്ങള്‍ രൂപയുടെ തകര്‍ച്ചക്ക് കാരണമായി വിലയിരുത്തപ്പെടുന്നു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് NDTV പത്ത് കാരണങ്ങളാണ് നിരത്തുന്നത്.
1. വര്‍ധിച്ചുകൊണ്ടിരിക്കുന്ന കറണ്ട് എക്കൗണ്ട് കമ്മി
2. ആര്‍.ബി.ഐയുടെ പോളിസികളിലെ ഉദാസീനത
3. ഫോറെക്‌സ് റിസര്‍വിന്റെ കുറവ്
4. ജി.ഡി.പി നിരക്ക് പതിറ്റാണ്ടിലെ താഴ്ച്ചയിലെത്തിയത് 5 ശതമാനം
5. കമ്മി നികത്താന്‍ വിദേശ കടത്തെ ആശ്രയിക്കുന്നത്
6. അമേരിക്ക പ്രതിസന്ധിയില്‍ നിന്ന് കരകയറിയത്
7. അമേരിക്കയുടെ ഉത്തേജക പാക്കേജുകള്‍ പിന്‍വലിക്കാനുള്ള സാധ്യത
8. ആര്‍.ബി.ഐയുടെ കാപ്പിറ്റല്‍ നിയന്ത്രണങ്ങള്‍
9. ബ്രസീല്‍, ഇന്തോനേഷ്യ, റഷ്യ, സൗത്താഫ്രിക്ക തുടങ്ങിയ മാര്‍ക്കറ്റുകളിലെ പ്രവണതകള്‍
10. കറന്‍സി മാര്‍ക്കറ്റിലെ ഊഹക്കച്ചവടം.
ഈ വിശകലനം ഏതാണ്ടെല്ലാ ഭാഗങ്ങളും സ്പര്‍ശിക്കുന്നുണ്ട്. എങ്കിലും പ്രധാനമായും അഭിമുഖീകരിക്കുന്നത് നിലവിലെ പ്രതിസന്ധിയെയാണ്. താല്‍ക്കാലികമായി രൂപയുടെ നിലവാരം ഇടിയാതെ പിടിച്ചു നിര്‍ത്താനുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഗവണ്‍മെന്റും നടത്തുന്നത്. നിരന്തരം തകര്‍ന്നുകൊണ്ടിരിക്കുന്ന രൂപയുടെ തകര്‍ച്ച ഇപ്പോള്‍ രൂക്ഷമായി എന്നേ ഉള്ളൂ. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം പല ഘട്ടങ്ങളിലായി രൂപ തകര്‍ച്ചയെ നേരിട്ടിട്ടുണ്ട്. അത് വിശകലനം ചെയ്താല്‍ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കുക സാധ്യമാകൂ.
1947-ല്‍ ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് രൂപ ബ്രിട്ടീഷ് പൗണ്ടിന് തുല്യമായിരുന്നു. പൗണ്ട് ഡോളറിന് തുല്യവും. അഥവാ ഒരു ഡോളര്‍ സമം ഒരു രൂപ. പക്ഷേ സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തില്‍ അതിനെ ഏതാണ്ട് മൂന്ന് രൂപക്ക് തുല്യമായാണ് കണക്കാക്കി വരുന്നത്. അന്ന് ഇന്ത്യക്ക് പൊതുകടം ഇല്ലായിരുന്നു. 1949-ല്‍ 4.79 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. 1951-ല്‍ ഇന്ത്യ പഞ്ചവത്സര പദ്ധതിക്ക് തുടക്കമിട്ടതോടെ ഗവണ്‍മെന്റ് വിദേശ കടം വാങ്ങിത്തുടങ്ങി. ഇത് രൂപയുടെ നിലവാരത്തില്‍ വീണ്ടും ഇടിവിന് വഴിവെച്ചു. ഇതിന് പുറമെ 1962-ല്‍ ചൈനയോടും 1965-ല്‍ പാകിസ്താനോടും ഇന്ത്യ ഏറ്റുമുട്ടിയത് ഇന്ത്യന്‍ ബജറ്റില്‍ വന്‍ ഇടിവിന് കാരണമായി. ഇന്ത്യയുടെ മൊത്തം ചെലവിന്റെ 24.06 ശതമാനം പ്രതിരോധാവശ്യങ്ങള്‍ക്ക് മാറ്റിവെച്ചു. ഇതോടെ 1966-ല്‍ പുതുക്കി നിശ്ചയിച്ചപ്പോള്‍ മൂല്യം 7.57-ലേക്കെത്തി.
1971-ല്‍ ബ്രിട്ടീഷ് കറന്‍സിയുമായുള്ള ബന്ധം വിഛേദിച്ച് രൂപ നേരിട്ട് ഡോളറുമായി ചേര്‍ത്തു. 1975-ല്‍ ഡോളറിനൊപ്പം ജാപ്പനീസ് യന്നുമായും ഗ്രീക്ക് മാര്‍ക്കുമായും കൂടെ ബന്ധിപ്പിച്ചു. 1985-ല്‍ 12 രൂപക്ക് സമാനമായി ഒരു ഡോളര്‍. 1991-ലെ അടവ് ബാക്കി പ്രതിസന്ധിയെത്തുടര്‍ന്ന് 17-ലെത്തി.
1991-ല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായി ചുമതലയേറ്റ ഉടനെ ഇന്ത്യ ലിബറലിസത്തിന് തുടക്കമിട്ടു. ഇത് രൂപയുടെ മൂല്യത്തില്‍ കാര്യമായ മാറ്റം വരുത്തി. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട വര്‍ഷമാണ് 1993. മാര്‍ക്കറ്റ് വ്യതിയാനങ്ങള്‍ക്കനുസരിച്ച് മൂല്യം സ്വതന്ത്രമായി വ്യതിയാനപ്പെടാന്‍ രൂപയെ വിട്ടുകൊടുത്തു. ഇതോടെ ഇന്ത്യന്‍ രൂപയുടെ നിലവാരം കുത്തനെ താഴ്ന്നു. 1995 ആകുമ്പോഴേക്ക് നാല് വര്‍ഷം കൊണ്ട് മൂല്യം പകുതിയോളം കുറഞ്ഞ് കൂപ്പുകുത്തി 32-ലെത്തി. 2000-ല്‍ ഇത് 45-ല്‍ എത്തി. ലിബറലിസത്തിന്റെ ആദ്യ പത്ത് വര്‍ഷങ്ങള്‍ രൂപയെ തകര്‍ത്തു എന്നതില്‍ സംശയമില്ല.
2000 മുതല്‍ 2006 വരെ കാര്യമായ തകര്‍ച്ച പറയാനില്ല. എന്നാല്‍, 2006-ല്‍ 48-ല്‍ എത്തിയ രൂപ വന്‍ വീണ്ടെടുപ്പ് കൈവരിച്ച വര്‍ഷമാണ് 2007. ഒറ്റ വര്‍ഷം കൊണ്ട് 10 രൂപയുടെ മൂല്യ വര്‍ധന നേടി 38-ല്‍ എത്തി. ഇന്ത്യന്‍ ഇക്കണോമിയുടെ സുവര്‍ണ വര്‍ഷമാണ് 2007. ഏഉജ 9 ശതമാനം വര്‍ധന നേടി ഏറ്റവും വേഗത്തില്‍ വളരുന്ന ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രമായി ഇന്ത്യ മാറി. രാഷ്ട്രത്തിലെ ഉല്‍പാദന രംഗത്തെ വര്‍ധന കൊണ്ട് മാത്രമേ രൂപക്ക് തിരിച്ചുവരവ് സാധ്യമാകൂ എന്ന യാഥാര്‍ഥ്യം കൂടി അത് പഠിപ്പിച്ചുതന്നു.
പാഠം പഠിച്ചത് മറക്കും മുമ്പ് തന്നെ ഒറ്റ വര്‍ഷം കൊണ്ട് രൂപ 48-ല്‍ കൂപ്പുകുത്തി. എന്നാല്‍, 2011 സെപ്റ്റംബര്‍ വരെ കാര്യമായ മാറ്റം വന്നില്ല. കാരണം മറ്റൊന്നുമല്ല. അമേരിക്കയില്‍ 2008 സെപ്റ്റംബര്‍ മുതല്‍ നേരിട്ട സബ് െ്രെപം മോര്‍ട്‌ഗേജ് പ്രതിസന്ധിയെത്തുടര്‍ന്ന് ഡോളറിലുണ്ടായ വിലയിടിവായിരുന്നു. എന്നാല്‍, അമേരിക്കന്‍ സാമ്പത്തിക രംഗം തിരിച്ചുവരവ് നടത്തിയതോടെ രൂപ വീണ്ടും പിടിവിട്ടു. 2 വര്‍ഷം കൊണ്ട് 48-ല്‍ നിന്ന് 65-ലെത്തിയിരിക്കുന്നു.
രൂപ ഡോളര്‍ അനുപാതം സ്വാതന്ത്ര്യത്തിനു ശേഷം
Year Exchange rate (INR per USD)
1947 3.30
1949 4.76
1966 7.50
1975 10.41
1980 7.88
1985 12.36
1990 17.50
1995 32.42
2000 45.00
2006 48.33
2007 (Oct) 38.48
2008 (June) 42.51
2008 (October) 48.88
2009 (October) 46.37
2010 (January 22) 46.21
2013 (Aug 22) 65.13
2011 (September 21) 48.24
2011 (November 17) 55.39
2012 (May 23) 56.25
2012 (June 22) 57.15
2013 (May 15) 54.73
2013 (June 12) 58.50
2013 (June 27) 60.73
2013 (Jul 08) 61.21
2011 (April) 44.17
രൂപയുടെ കാര്യത്തില്‍ ഈ അയഞ്ഞ നിലപാട് തുടരുകയാണെങ്കില്‍ ഒരു ഡോളറിന് 100 രൂപ കൊടുക്കേണ്ടി വരുന്ന കാലം വിദൂരത്തായിരിക്കില്ല. ചരിത്രം കൃത്യമായി വിശകലനം ചെയ്താല്‍ പ്രധാനമായും രണ്ട് മൂന്ന് കാര്യങ്ങള്‍ രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി കാണാം. രൂപയുടെ നിലവാരം നിശ്ചയിക്കാനുള്ള അധികാരം കൈവിട്ടുകൊടുത്തത് ഒരു പ്രധാന കാരണമാണ്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ മൂല്യത്തകര്‍ച്ച സംഭവിക്കുന്നതാണെങ്കിലും തടയിടാനാകുമായിരുന്നു. രൂപയുടെ മൂല്യം കുറഞ്ഞതല്ല, Undervalue ചെയ്യപ്പെട്ടതാണെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയിലും ഒരു യാഥാര്‍ഥ്യമുണ്ട്. രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗത്ത് യാതൊരു വ്യതിയാനവുമില്ലാതെ തന്നെ രൂപയുടെ മൂല്യം കുറയുന്നത് രൂപയുടെ യഥാര്‍ഥ മൂല്യത്തിലും കുറച്ച് കാണിക്കല്‍ തന്നെയാണ്. പക്ഷേ ഊഹത്തിനനുസരിച്ച് രൂപ തകരുമ്പോഴും പിടിച്ചു നിര്‍ത്താന്‍ രൂപ അടിച്ചിറക്കുന്ന ആര്‍.ബി.ഐക്ക് പോലും കഴിയാത്ത വിധം മാര്‍ക്കറ്റിന് വിട്ടുകൊടുത്തത് കാരണമാണത്.
വിദേശ കടത്തെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതിനാല്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ക്ക് അവസരമൊരുക്കുന്നു. IMF-ല്‍ നിന്നും ലോക ബാങ്കില്‍ നിന്നുമൊക്കെ നമ്മളെടുക്കുന്ന കടം യഥാര്‍ഥത്തില്‍ പലിശക്ക് പുറമെ രൂപയുടെ മൂല്യശോഷണത്തിന്റെ നഷ്ടവും നമ്മള്‍ നല്‍കേണ്ടിവരുന്നു. 1991-ല്‍ ഒരു ലക്ഷം ഡോളര്‍ കടം വാങ്ങിയാല്‍ നമുക്ക് കിട്ടുന്നത് 17 ലക്ഷം രൂപയാണ്. എന്നാല്‍, ഇപ്പോഴാണ് നാം തിരിച്ചടക്കുന്നതെങ്കില്‍ പലിശ കൂടാതെ തന്നെ ഏതാണ്ട് 65 ലക്ഷം രൂപ തിരിച്ചടക്കേണ്ടി വരും. സാമ്രാജ്യത്വ ശക്തികള്‍ക്ക് രാഷ്ട്രീയാധികാരം നഷ്ടമായതോടെ അവര്‍ സാമ്പത്തികാധികാരം കൈക്കലാക്കാനാണ് ശ്രമം നടത്തിയത്. അത് മേല്‍ സൂചിപ്പിക്കപ്പെട്ട രീതിയിലൊക്കെ അവര്‍ നേടിയെടുക്കുകയും ചെയ്തു.
GDP വെറും 5 ശതമാനത്തിലെത്തിയ അവസ്ഥയിലാണ് ഇന്ത്യ ഇപ്പോള്‍. ഇത് രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. രാജ്യത്തിന്റെ കാര്‍ഷിക, വ്യാപാര, വ്യവസായ ഉല്‍പാദന രംഗങ്ങളില്‍ വളര്‍ച്ച കൈവരിക്കാനുള്ള ശ്രമം ശക്തമാക്കുകയാണ് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള മറ്റൊരു പ്രധാന മാര്‍ഗം. രാഷ്ട്രത്തിന്റെ അനാവശ്യ ചെലവുകള്‍ പരമാവധി നിയന്ത്രിച്ച് ബജറ്റില്‍ കാര്യമായ വിഹിതം ഉല്‍പാദന രംഗങ്ങളിലെ വികസനത്തിനു മാറ്റിവെക്കേണ്ടിവരും. രാജ്യത്തിനകത്ത് ഉല്‍പാദനം വര്‍ധിപ്പിക്കുകയല്ലാതെ മറ്റു കുറുക്കു വഴികള്‍ നമ്മുടെ മുമ്പിലില്ല.
Comments