Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

ഹജ്ജെഴുത്ത് മലയാളത്തില്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്‌

കേരളത്തില്‍ നിന്ന് വര്‍ഷം തോറും ആയിരക്കണക്കിനാളുകള്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനായി മക്കയില്‍ എത്താറുണ്ട്. അവരില്‍ എഴുത്തുകാരും ബുദ്ധിജീവികളുമുണ്ട്, പണക്കാരും പണിക്കാരുമുണ്ട്. സാധാരണക്കാരും തൊഴിലാളികളുമുണ്ട്. അവരില്‍ ചിലരെങ്കിലും തങ്ങളുടെ ആഗ്രഹസഫലീകരണം ആത്മാവില്‍ ചാലിച്ച് കടലാസിലേക്ക് പകര്‍ത്താറുമുണ്ട്. അങ്ങനെ രൂപം കൊള്ളുന്ന ഹജ്ജെഴുത്തുകള്‍ ലോക ഇസ്‌ലാമിക സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. കേരളവും ഇതിനപവാദമല്ല. ഇന്ത്യയില്‍ ഷാ വലിയ്യുല്ലാഹി ദ്ദഹ്‌ലവിയുടെ ഹജ്ജനുഭവങ്ങള്‍ മുതല്‍ ഭോപ്പാല്‍ സുല്‍ത്താന ബീഗം സുല്‍ത്താന ജഹാന്‍ (1870) വരെയുള്ളവരുടെ ഹജ്ജെഴുത്തുകളുണ്ട്. പെണ്ണെഴുത്തുകളുടെ കാലമല്ലാതിരുന്നിട്ടും 'ഒരു സുല്‍ത്താനയുടെ ഹജ്ജ്' എന്നാണ് പ്രസ്തുത കൃതിക്ക് പേരിട്ടിരിക്കുന്നത്.
1950-കളിലാണ് മലയാളത്തില്‍ ഹജ്ജ് യാത്രാ വിവരണങ്ങള്‍ പുറത്തുവന്നുതുടങ്ങിയത്. വയനാട് സ്വദേശി പള്ളിയാല്‍ മൊയ്തു ഹാജിയുടെ പുസ്തകം പി.കെ ബ്രദേഴ്‌സ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നാണറിവ്. അമ്പതുകളുടെ പാതിയില്‍ ടി. അബ്ദുല്‍ അസീസ് എഴുതിയ ഹജ്ജ് യാത്രയാണ് മറ്റൊന്ന്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായ ഗ്രന്ഥമാണ് സി.എച്ചിന്റെ എന്റെ ഹജ്ജ് യാത്ര. സി.എച്ച് എന്ന പത്രപ്രവര്‍ത്തകനെയും രാഷ്ട്രീയ നേതാവിനെയും സാമൂഹിക വിമര്‍ശകനെയും ഫലിത സാമ്രാട്ടിനെയും ആ ഗ്രന്ഥത്തില്‍ തെളിഞ്ഞു കാണാം. ഇന്നത്തെപ്പോലെ ഹജ്ജിന് അപേക്ഷിച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതില്ലാത്ത കാലം. പാസ്‌പോര്‍ട്ടും പണവുമായി ബോംബെയില്‍ എത്തിയാല്‍ കടലാസ് ശരിപ്പെടുത്തി ആര്‍ക്കും ഹജ്ജിനു പോകാം. കപ്പല്‍ യാത്ര റമദാനില്‍ തന്നെ. വിശുദ്ധ ഹറമിലെത്തി നാലു മാസത്തിനു ശേഷം മടക്കം. അദ്ദേഹത്തിന്റെ സാമൂഹിക വിമര്‍ശനമിങ്ങനെ: ''ഉത്തര്‍പ്രദേശില്‍ നിന്ന് ഏകനായി വന്ന ഒരു വൃദ്ധന്‍ വുദൂവെടുക്കാന്‍ വേണ്ടി കപ്പലിന്റെ മുകള്‍ തട്ടില്‍ വന്നു. താഴോട്ടുള്ള വഴി മനസ്സിലാക്കാതെ അയാള്‍ 'നടുനിരത്തില്‍ നിന്ന് ചൂട്ട് കെട്ടവനെപ്പോലെ' തെരച്ചിലായി. അന്ന് വൈകുന്നേരം വരെ തെരഞ്ഞിട്ടും സീറ്റ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അത്തും വിത്തുമായ ഈ ഉപ്പയെ ഒറ്റക്ക് ഹജ്ജിനയച്ച ക്രൂരന്മാരാരാണാവോ?''
''കപ്പലില്‍ ധാരാളം കുളിമുറികളും കക്കൂസുകളുമുണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമീണര്‍ക്ക് കക്കൂസ് ഉപയോഗിക്കാനറിയില്ല. അവര്‍ അതാകമാനം വൃത്തികേടാക്കും. അതിനാല്‍ മലയാളി സ്ത്രീകള്‍ക്ക് ആദ്യം കുറെ അറപ്പു തോന്നി. പക്ഷേ, ആവശ്യം അവരെയും ചുറ്റുപാടിനോടിണങ്ങിച്ചേരാന്‍ പഠിപ്പിച്ചു. ഹിന്ദുസ്ഥാനിക്കാരായ സ്ത്രീകള്‍ തൊട്ടിയുമായി വന്ന് വെള്ളം പിടിച്ച് കുളിമുറിയില്‍ കൊണ്ടുപോയി കുളിക്കുകയും വീണ്ടും പാന നിറച്ച് ആണുങ്ങള്‍ക്ക് വെള്ളമെത്തിക്കുകയും ചെയ്തിരുന്നു. മലയാളികളായ ചില 'ധീരവനിതകള്‍' ആണുങ്ങള്‍ വെള്ളം പിടിച്ച് കുളിപ്പുരയില്‍ വെച്ച് കൊടുത്താല്‍ കുളിക്കാന്‍ സമ്മതിച്ചാലായി.''
''മുമ്പ് കഅ്ബത്തിനു ചുറ്റും നാല് മദ്ഹബുകാര്‍ക്ക് നാല് കെട്ടിടങ്ങളുണ്ടായിരുന്നുവത്രെ. ഓരോ കെട്ടിടത്തിന്റെയും പിന്നില്‍ നിന്നാണ് അതത് മദ്ഹബുകാര്‍ നമസ്‌കരിച്ചിരുന്നത്. ആ കെട്ടിടങ്ങളില്‍ ശാഫിഈ മുസല്ലയൊഴിച്ച് ബാക്കിയെല്ലാം നശിപ്പിച്ച് കഅ്ബത്തിന്റെ പ്രദക്ഷിണ സ്ഥലം വിപുലമാക്കിയിരിക്കുകയാണ്. ശാഫിഈ മുസല്ല സംസമിന്റെ മുകളിലായതുകൊണ്ടായിരിക്കാം പൊളിക്കാത്തത്. ഇസ്‌ലാമിക ഐക്യത്തെ പ്രഖ്യാപിക്കുന്ന കഅ്ബയില്‍ ശാഫിഈ മുസല്ലയും ഹനഫി മുസല്ലയും ഹമ്പലി മുസല്ലയും മാലികി മുസല്ലയും ഒരു വിരോധാഭാസമാണ് എന്ന് തോന്നിയതുകൊണ്ടാകം സുഊദി രാജാവ് അവ പൊളിച്ചുമാറ്റാന്‍ കല്‍പിച്ചത്.''
മറ്റൊരു വിമര്‍ശനം ഇങ്ങനെ: ''അതല്ല തമാശ. ഹറം ശരീഫിന്റെ മുകളില്‍ നിന്ന് മഴയത്ത് ഒലിച്ചുവന്ന വെള്ളം ചില ബംഗാളികളും മറ്റും വായ കാട്ടി കുടിക്കുകയും തലയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. 'പ്രാവിന്‍ കാഷ്ഠത്തിന്റെ ഒരു രസായന'മായിത്തീര്‍ന്ന ആ വെള്ളത്തിന് ആ പാവങ്ങള്‍ അനിസ്‌ലാമികമായ പുണ്യം കണ്ടു. വിവരക്കേടുതന്നെ.''
1959-ല്‍ ഹജ്ജിനു പോയ സി.എച്ച് അക്കാലത്ത് തുടര്‍ച്ചയായി ചന്ദ്രികയിലെഴുതിയ ലേഖനം അറുപതുകളില്‍ പുസ്തകരൂപത്തിലാക്കുകയാണ് ചെയ്തത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം 1979-ല്‍ മാക് മില്ലന്‍ പബ്ലിഷിംഗ് ഹൗസും 1997-ല്‍ കറന്റ് ബുക്‌സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.എം സീതി സാഹിബിന്റെ അവതാരികയോടും വക്കം അബ്ദുല്‍ ഖാദറിന്റെ പഠനത്തോടും കൂടിയാണ് ഒന്നാം പതിപ്പ് പുറത്തിറങ്ങിയത്. 2011-ല്‍ സി.എച്ചിന്റെ എല്ലാ യാത്രാവിവരണ ഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തി 'യാത്ര' എന്ന പേരില്‍ ഒലീവ് പുനഃപ്രസിദ്ധീകരിച്ചു.
നീലാമ്പ്ര മരക്കാര്‍ ഹാജി എഴുതി 1972-ല്‍ ചന്ദ്രിക പ്രസിദ്ധീകരണ വിഭാഗം അവരുടെ പത്താമത്തെ ഗ്രന്ഥമായി പ്രസിദ്ധീകരിച്ച ഹജ്ജ് യാത്രയാണ് മറ്റൊരു ഗ്രന്ഥം. കപ്പല്‍ യാത്ര ചെയ്ത് നാലു മാസക്കാലം അവിടെ കഴിച്ചുകൂട്ടി മക്കയിലും മദീനയിലുമുള്ള ഓരോ പുതിയ ചലനവും കൂടി സൂക്ഷ്മമായി രേഖപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സി.എച്ചിന്റെ യാത്രക്കു ശേഷമുള്ള പത്ത് വര്‍ഷത്തിനിടയില്‍ സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളും മറ്റും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് പ്രസ്തുത കൃതിയില്‍.
അഡ്വക്കറ്റ് വി.എം.എ കരീമിന്റെ അതുല്യ തീര്‍ഥാടനം, പ്രഫ. കെ.എ റഹ്മാന്റെ ധന്യ തീര്‍ഥാടനം (1992 അല്‍ഹുദ ബുക്സ്റ്റാള്‍), ടി.പി കുട്ട്യാമു സാഹിബിന്റെ ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകള്‍ എന്നിവയും ഈ വിഷയത്തിലുള്ള ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങളാണ്. ഭാഷയുടെ ലാളിത്യവും അവതരണത്തിന്റെ വശ്യതയും കൊണ്ട് വേറിട്ടു നില്‍ക്കുന്നതാണ് ധന്യ തീര്‍ഥാടനം. അലി ശരീഅത്തി, മുഹമ്മദ് അസദ്, മുഹമ്മദലി അല്‍ബര്‍റ് തുടങ്ങിയവരുടെ ഉദ്ധരണികള്‍ ചേര്‍ത്ത് അദ്ദേഹം പുസ്തകം മിഴിവുറ്റതാക്കുന്നു.
ത്വവാഫിനെക്കുറിച്ചുള്ള ഭാഗത്ത് നിന്ന്: ''പരമാണുവിലെ (ആറ്റം) ഇലക്‌ട്രോണുകള്‍ അതിന്റെ ന്യൂക്ലിയസിനു ചുറ്റും ചലിക്കുന്നതും തീര്‍ഥാടകര്‍ ത്വവാഫ് ചെയ്യുന്നതും ഒരേ രൂപത്തില്‍ തന്നെ. ഗര്‍ഭാശയത്തില്‍ ബീജസങ്കലനം നടക്കും മുമ്പ് അണ്ഡത്തിനു ചുറ്റും ബീജങ്ങളുടെ ചലനവും തീര്‍ഥാടകരുടെ ചലനം പോലെ ആന്റി ക്ലോക് വൈസായിട്ടാണെന്ന് ഈ ശാസ്ത്ര സത്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സുഊദി അറേബ്യയിലെ ഡോ. മുഹമ്മദലി അല്‍ബര്‍റ് സമര്‍ഥിക്കുന്നു.
..... ചുരുക്കത്തില്‍, നേരത്തെ സൂചിപ്പിച്ചതുപോലെ പ്രപഞ്ചത്തിന്റെ ചലനഗതി തന്നെയാണ് ത്വവാഫിന് തീര്‍ഥാടകരും അനുകരിക്കുന്നത്. ബിസ്മില്ലാഹി വല്ലാഹു അക്ബര്‍ എന്ന് പ്രപഞ്ചനാഥനെ സ്തുതിച്ചുകൊണ്ട് നാം ത്വവാഫ് ആരംഭിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെ ഓരോ അംശവും ആറ്റം മുതല്‍ ഗാലക്‌സി വരെയുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളും പ്രദക്ഷിണത്തില്‍ പങ്കുചേരുകയാണ്. പ്രകൃതിയിലെ ഈ പ്രതിഭാസങ്ങള്‍ക്കൊന്നും ഇടതടവില്ലാത്തത് പോലെ കഅ്ബാ പ്രദക്ഷിണവും രാപ്പകല്‍ ഭേദമന്യെ അവിരാമം തുടരുന്നു.''
പ്രഫ. മങ്കട അബ്ദുല്‍ അസീസിന്റെ എന്റെ സുഊദി കാഴ്ചകള്‍ (യുവത 2007) ഹജ്ജിനോടൊപ്പം സുഊദിയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഒരു ചരിത്രകാരന്റെ നോട്ടപ്പാടിലൂടെയുള്ള കൃതിയാണ്. ഓരോ സ്ഥലവും ജന്മം നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് കൂടി അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ഉദാഹരണമായി യാമ്പുവിനെക്കുറിച്ച് അദ്ദേഹം എഴുതുന്നു: ''എന്റെ അറിവില്‍ പെട്ടിടത്തോളം ഇബ്‌നു ദഖീഖില്‍ ഈദിനെയല്ലാതെ മറ്റൊരു പ്രമുഖന്നും ഈ പ്രദേശം ജന്മം നല്‍കിയിട്ടില്ല.''
വി.എ സമീനയുടെ ഹജ്ജ് ഒരു അനുഭവസാക്ഷ്യം (വചനം ബുക്‌സ്, കോഴിക്കോട്) കല്ലടി മുംതാസ് ഹമീദിന്റെ ഒരു തീര്‍ഥാടകയുടെ നിനവുകള്‍, യു.എ ഖാദറിന്റെ ഹജ്ജ്, കെ.പി കുഞ്ഞിമൂസയുടെ ഒരു പത്രപ്രവര്‍ത്തകന്റെ തീര്‍ഥാടക സ്മൃതികള്‍ (മൈത്രി ഫോറം കോഴിക്കോട്), യൂസുഫലി കേച്ചേരിയുടെ ഹജ്ജിന്റെ മതേതര ദര്‍ശനം (മാതൃഭൂമി), ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഹജ്ജ് കര്‍മവും ചൈതന്യവും, അബ്ദു ചെറുവാടിയുടെ ഹജ്ജ് യാത്രയിലെ സുകൃത പൂക്കള്‍ (ഐ.പി.എച്ച് 2012) എന്നിവയാണ് മറ്റു ഹജ്ജെഴുത്തുകള്‍.
പേരുപോലെ തന്നെ ഹജ്ജിനെയും ഇസ്‌ലാമിനെയും മതേതരവത്കരിക്കാനാണ് യൂസുഫലി തന്റെ ഗ്രന്ഥത്തിലുടനീളം ശ്രമിച്ചിട്ടുള്ളത്. ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളായ നബിപത്‌നിമാരെയും ഇമാം ബുഖാരി, ഇമാം ശാഫിഈ തുടങ്ങിയ, മുസ്‌ലിം ലോകം അംഗീകരിച്ചാദരിക്കുന്ന പൂര്‍വ പണ്ഡിതന്മാരെയും അവമതിക്കാനും അപമാനിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുന്നുണ്ട്. നമസ്‌കാരത്തിന്റെ എണ്ണത്തെക്കുറിച്ചു പോലും അദ്ദേഹം സംശയം ഉന്നയിക്കുന്നു. ചുരുക്കത്തില്‍ ഒരു മോഡേണിസ്റ്റിന്റെ ഇസ്‌ലാം വായനയാണ് പ്രസ്തുത ഗ്രന്ഥം.
മാപ്പിളപ്പാട്ടു രൂപത്തിലും ഹജ്ജ് യാത്രാ വിവരണങ്ങളുണ്ട് മലയാളത്തില്‍. അതില്‍ പ്രസിദ്ധം പി.ടി ബീരാന്‍ കുട്ടി മൗലവിയുടെ ഹജ്ജ് യാത്രയാണ്. തന്റെ സുഹൃത്തുക്കളെ യാത്രയാക്കാന്‍ ബോംബെയിലെത്തിയ അദ്ദേഹത്തിന് യാദൃഛികമായി ഹജ്ജ് യാത്ര തരപ്പെടുകയുണ്ടായി. ഈ വിവരമറിഞ്ഞ തന്റെ സുഹൃത്തും മാപ്പിള കവിയുമായ പുലിക്കോട്ടില്‍ ഹൈദര്‍ സാഹിബ് എഴുതിയ കത്തിനുള്ള മറുപടിയാണ് പ്രസ്തുത കവിതാ സമാഹാരം. മറ്റൊന്ന് അനുഗൃഹീത വിവര്‍ത്തകനും മാപ്പിള കവിയുമായ കെ.വി.എം പന്താവൂര്‍ എഴുതിയതാണ്. 'സമസ്ത' നേതാവും പണ്ഡിതനും സംഘാടകനുമായ കെ.ടി മാനു മുസ്‌ലിയാരും തന്റെ ഹജ്ജ് യാത്രയെക്കുറിച്ച് മാപ്പിളപ്പാട്ടില്‍ എഴുതിയിട്ടുണ്ട്.
ഹജ്ജ്, ഉംറ, മക്കയും മലയാളിപ്പെരുമയും എന്ന ഹസന്‍ ചെറൂപ്പയുടെ ഗ്രന്ഥമാണ് ഈ രംഗത്ത് ഏറ്റവും പുതിയ കൃതി. മറ്റു ഹജ്ജ് യാത്രാ ഗ്രന്ഥങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണീ കൃതി. ഒന്നരപ്പതിറ്റാണ്ടുകാലം ജിദ്ദയിലും മക്കയിലും ചെലവഴിച്ച് ഒരു പത്രപ്രവര്‍ത്തകന്റെയും പണ്ഡിതന്റെയും ചരിത്രകാരന്റെയുമെല്ലാം ദൃഷ്ടിയിലൂടെ ഹജ്ജും ഉംറയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് അദ്ദേഹം. മക്കയും മലയാളികളും തമ്മിലുള്ള ചിരപുരാതന ബന്ധത്തെ ചരിത്രത്തിന്റെ പിന്‍ബലത്തോടെ അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്.
മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളുമുണ്ട് ഹജ്ജ് യാത്രയെക്കുറിച്ച്. ഡോക്ടര്‍ ഔസാഫ് അഹ്‌സന്‍ വിവര്‍ത്തനം ചെയ്ത് ബുക് ഇവന്റ് 2004-ല്‍ പ്രസിദ്ധീകരിച്ച മൈക്കല്‍ വൂള്‍ഫിന്റെ ഹാജിയും പി.വി യാസിര്‍ മൊഴിമാറ്റം നടത്തി 2011-ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയ കൃതിയും പ്രസിദ്ധങ്ങളാണ്. 1929-ല്‍ അമീര്‍ അഹ്മദ് അലവി എന്ന ഐ.സി.എസുകാരന്‍ നടത്തിയ ഹജ്ജ് യാത്രയുടെ സ്മൃതിരേഖയായി എഴുതപ്പെട്ട സഫരേ സാദത്തിന്റെ മൊഴിമാറ്റമാണ് മേല്‍ പറഞ്ഞ കൃതി.
മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയില്‍ ഹജ്ജിനെക്കുറിച്ച് ചേതോഹരമായ വിവരങ്ങളുണ്ട്. മാല്‍ക്കം എക്‌സിന്റെ ആത്മകഥ, മുറാദ് ഹോഫ്മാന്റെ തീര്‍ഥാടകന്റെ കനവുകള്‍ എന്നിവയിലും ഹജ്ജ് വര്‍ണനകളുണ്ട്.
യാത്രാ വിവരണങ്ങളല്ലെങ്കിലും ഹജ്ജിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അലിശരീഅത്തിയുടെ ഹജ്ജ് (ഐ.പി.എച്ച്), റഫീഖുര്‍റഹ്മാന്‍ മൂഴിക്കലിന്റെ മക്ക, മദീന (ഐ.പി.എച്ച്), ഇ.എന്‍ ഇബ്‌റാഹീം മൗലവിയുടെ പുണ്യ കേന്ദ്രങ്ങളിലൂടെ, എം.എസ്.എ റസാഖിന്റെ ഹജ്ജ് മാര്‍ഗദര്‍ശി എന്നീ ഗ്രന്ഥങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍