Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

സൈനുല്‍ ആബിദീന്‍ കോയ തങ്ങള്‍

എസ്.എസ്.കെ.കെ.ജി കൊല്ലം

ണ്‍പതുകളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെട്ട് അതിലേക്ക് ആകൃഷ്ടനായ വ്യക്തിത്വമായിരുന്നു ഈയിടെ മരണപ്പെട്ട സൈനുല്‍ ആബിദീന്‍ കോയ തങ്ങള്‍ (65).നല്ല വായനയും ദീര്‍ഘവീക്ഷണവുമുള്ള പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. കുറച്ച് നാള്‍ കൊച്ചുകലുങ്ക് മുത്തഫിഖ് ഹല്‍ഖാ നാസിമായിരുന്നു എന്നതൊഴിച്ചാല്‍ പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഭാരവാഹിത്വമൊന്നും തങ്ങള്‍ വഹിച്ചിട്ടില്ല. എന്നും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹകാരിയും സഹചാരിയും മാത്രമായിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. മൂന്നര പതിറ്റാണ്ടോളം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പന്ത്രണ്ടോളം പള്ളി മഹല്ലുകളില്‍ ഖത്വീബായി സേവനമനുഷ്ഠിച്ച അദ്ദേത്തിന് എല്ലാ സംഘടനകളോടും മൃദുസമീപനമാണുണ്ടായിരുന്നത്. ആരോടും പരിഭവമോ വിദ്വേഷമോ പ്രകടിപ്പിക്കാതിരുന്ന തങ്ങള്‍ എല്ലാവര്‍ക്കും സര്‍വസമ്മതനായിരുന്നു.
പരന്ന വായന ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇസ്‌ലാമിക സാഹിത്യങ്ങള്‍ക്ക് പുറമെ മലയാള സാഹിത്യവായനയിലും താല്‍പര്യം കാണിച്ചു. മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി ഇസ്‌ലാമിക പാഠങ്ങള്‍ അടങ്ങിയ കവിതകള്‍ സ്വയം ചിട്ടപ്പെടുത്തിയിരുന്ന തങ്ങള്‍ നിമിഷകവിയും ഗായകനും കൂടിയായിരുന്നു. അഞ്ചല്‍ ഇസ്‌ലാമിക് സെന്റര്‍, പാലോട് മസ്ജിദുല്‍ ഫലാഹ്, ജവഹര്‍ കോളനി മസ്ജിദു ഹിറ, മുള്ളിക്കാട് മസ്ജിദുല്‍ ഫലാഹ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഖത്വീബായും ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.ഐ.ഒ കൊല്ലം മുന്‍ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ കേരള ഇസ്‌ലാമിക് ഘടകത്തിന്റെ ദമ്മാം-കഫ്ജി ഏരിയാ ഓര്‍ഗനൈസറുമായ അന്‍സാര്‍ കൊച്ചുകലുങ്ക് മകനും, ജി.ഐ.ഒ കൊല്ലം ജില്ലാ മുന്‍ പ്രസിഡന്റുമായ സുമയ്യ കൊച്ചുകലുങ്ക് മകളുമാണ്. സജിയാ റാസിഖാണ് മറ്റൊരു മകള്‍. സി.എച്ച് മുഹമ്മദ് കോയ, സീതി സാഹിബ് തുടങ്ങിയവരുടെ സമകാലീനനും പണ്ഡിതനുമായിരുന്ന മര്‍ഹൂം മുഹമ്മദ് ഹനീഫ ലബ്ബയുടെ മകള്‍ നൂറുല്‍ ഐന്‍ ബീവിയാണ് ഭാര്യ.

 

കെ.വി യൂസുഫ് പെരിങ്ങാടി

നിഷ്‌കളങ്കനായ പൊതുപ്രവര്‍ത്തകനെയും കര്‍മനിരതനായ സംഘാടക പ്രതിഭയെയുമാണ് മാഹി-പെരിങ്ങാടി 'തഖ്‌വ'യില്‍ കച്ചേരി വളപ്പില്‍ യൂസുഫിന്റെ വിയോഗത്തോടെ നഷ്ടമായത്.
നാല് പതിറ്റാണ്ട് മുമ്പ് കുവൈത്തില്‍ ചേക്കേറി പ്രവാസി മലയാളികളുടെ കൂട്ടായ്മക്ക് കളമൊരുക്കിയ യൂസുഫ്, പിന്നീട് പടര്‍ന്നു പന്തലിച്ച കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെ ശക്തി ചൈതന്യമായി. ആരും പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമില്ലാതിരുന്ന കാലത്ത് ഇഛാശക്തിയോടെ യൂസുഫ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിഫലനങ്ങളാണ് പിന്നീടുണ്ടായത്. ഒട്ടനവധി പാവപ്പെട്ടവര്‍ക്ക് സംഘടന സഹായ ഹസ്തം നീട്ടി. ദത്തെടുക്കല്‍ പരിപാടി വഴിയും സ്‌കോളര്‍ഷിപ്പ് മുഖേനയും അനേകം പേര്‍ ഉപരിപഠനം കരസ്ഥമാക്കി. ആരെക്കുറിച്ചായാലും എന്തിനെക്കുറിച്ചായാലും നല്ലതല്ലാത്തതൊന്നും പറയാതിരിക്കുക എന്ന നിഷ്ഠ പ്രാവര്‍ത്തികമാക്കിയ യൂസുഫ് ആത്മസംയമനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു.

കെ.പി കുഞ്ഞിമൂസ

 

തേകിലക്കാട്ടില്‍ സലീം

പോത്തുകല്ല് ഹല്‍ഖാ പ്രവര്‍ത്തകനായിരുന്ന തേക്കിലക്കാട്ടില്‍ സലീം സാഹിബ് (80) കര്‍മജീവിതത്തോട് വിട വാങ്ങി. നാലര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൗദൂദി സാഹിബിന്റെ ഇസ്‌ലാം മതം വായനയിലൂടെ ഇസ്‌ലാമിനെ പഠിച്ച പരേതന്‍ ഒരു ഉന്നത ക്രിസ്ത്യന്‍ കുടുംബാംഗമായിരുന്നു. താന്‍ മനസ്സിലാക്കിയ സത്യം കുടുംബത്തെ അറിയിച്ചതോടെ പാലാ എന്ന നാടിനോടുപോലും വിട പറയേണ്ടിവന്നു. എങ്ങോട്ടെന്ന ലക്ഷ്യമില്ലാതെ അദ്ദേഹം എത്തിപ്പെട്ടത് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലാണ്. അവിടത്തെ യതീംഖാന മാനേജരായിരുന്ന മമ്മുട്ടി ഹാജി അദ്ദേഹത്തെ സ്വീകരിച്ചു. അവിടത്തുകാരനായിരുന്ന ടി.പി മുഹമ്മദ് മൗലവി മലപ്പുറം ജില്ലയിലെ പോത്ത്കല്ലില്‍ ഖത്വീബായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ പോത്ത്കല്ലില്‍ എത്തി. വീടും കുടുംബവുമായി. തുടര്‍ന്നുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പള്ളികളില്‍ മുഅദ്ദിനായും, വാര്‍ഡനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു നല്ല കലാകാരനും, ഗായകനുമായിരുന്നു അദ്ദേഹം. ഐഡിയല്‍ ട്രസ്റ്റ് മെമ്പര്‍, പോത്ത്കല്ല് ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.കെ അലി അക്ബര്‍

 

എം.പി മുഹമ്മദ് കുട്ടി

എം.പി ഉസ്താദ് എന്നറിയപ്പെട്ടിരുന്ന എം.പി മുഹമ്മദ് കുട്ടി സാഹിബ്, ഹാജി സാഹിബിന്റെ കാലത്തുതന്നെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ വ്യക്തിയായിരുന്നു. ആലപ്പുഴ ജില്ലയിലെ വടുതലയിലെ ആദ്യകാല പ്രവര്‍ത്തകരില്‍ അവശേഷിക്കുന്ന ചുരുക്കം പേരില്‍ ഒരാള്‍ കൂടിയാണ് ഉസ്താദിന്റെ വിയോഗത്തോടെ വിടവാങ്ങിയത്. ദീനീ വിദ്യാഭ്യാസം നേടിയ ഒരാള്‍ കമ്യൂണിസ്റ്റുകാരനാവുക എന്നത് അപൂര്‍വമായ കാലത്ത് കമ്യൂണിസ്റ്റുകാരനായി പൊതുജീവിതം ആരംഭിച്ച സഖാവ് എം.പി മുഹമ്മദ് കുട്ടി എന്ന പതിനെട്ടുകാരന്‍ മര്‍ഹൂം കെ.എച്ച് മുഹമ്മദ് സാഹിബിന്റെ പരിശ്രമഫലമായാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത്. അന്നു മുതല്‍ മരണം വരെ പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായിരുന്നു. മരിക്കുമ്പോള്‍ തൃച്ചാറ്റുകുളം പ്രാദേശിക ജമാഅത്ത് അമീറായിരുന്നു.
ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന മര്‍ഹൂം പാണാവള്ളി സീതി സാഹിബിന്റെ മകള്‍ ഫാതിക കുഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹത്തിന് മുമ്പേ സഹധര്‍മിണി വിടപറഞ്ഞിരുന്നു. അവരിരുവരുടെയും ഏഴ് മക്കളും സജീവ പ്രസ്ഥാന പ്രവര്‍ത്തകരാണ്.

ഇബ്‌റാഹീം കുട്ടി വടുതല

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍