Prabodhanm Weekly

Pages

Search

2013 സെപ്തംബര്‍ 6

അസ്വസ്ഥപ്പെടുത്തുന്ന ഭേദഗതികള്‍

ഫഹ്മീ ഹുവൈദി

ജിപ്തുകാര്‍ റഫറണ്ടത്തിലൂടെ അംഗീകാരം നല്‍കിയ ഭരണഘടന ഭേദഗതി ചെയ്യാന്‍ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത് മുതല്‍ക്കേ അതുസംബന്ധമായി ഒട്ടേറെ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നാമതായി, ഇതെല്ലാം ചെയ്യുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകൂടമല്ല. എന്ത് മാനദണ്ഡങ്ങള്‍ വെച്ചാണ് ഭരണഘടന മാറ്റുന്നതെന്ന് വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, ആ സമിതിയിലെ പത്ത് പേരും നിയമവിദഗ്ധരാണ്. ഭരണഘടനയുടെ കരടും മററും തയാറാക്കുന്നതില്‍ അവരുടെ സേവനം ആവശ്യപ്പെടുന്നത് മനസ്സിലാക്കാം. ഭരണഘടന ഉണ്ടാക്കാനോ മാറ്റാനോ ഒക്കെ നിയമവിദഗ്ധരെ കൊണ്ട് വരുന്നത് വിചിത്രം തന്നെ.
ഈ പത്തംഗ സമിതി കുറെ ഭേദഗതികള്‍ ശിപാര്‍ശ ചെയ്യും; അവ ഒരു അമ്പതംഗ സമിതിയുടെ മുമ്പാകെ വെക്കും. അവിടെയാണ് ഭരണഘടനയെ സംബന്ധിച്ച് അവസാന വട്ട ചര്‍ച്ചകള്‍ നടക്കുക. പിന്നീട് ആ കരട് ജനഹിത പരിശോധനക്ക് സമര്‍പ്പിക്കും. ഇതാണത്രെ പരിപാടി. ഈ അമ്പതംഗ സമിതിക്ക് എന്ത് നിയമസാധുതയാണുള്ളത്? ജനങ്ങളല്ല അവരെ തെരഞ്ഞെടുക്കുന്നത്; ഭരണകൂടം അവരെ നിശ്ചയിക്കുകയാണ് ചെയ്യുന്നത്.
സാധാരണഗതിയില്‍ വിവിധ ജനകീയാഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പൊതുവേദിയാണ് ഭരണഘടനയുടെ അവസാന രൂപം തയാറാക്കുക. പിന്നീടത് നിയമജ്ഞരുടെ ഒരു വിദഗ്ധ സമിതി പരിശോധിക്കും. ഇവിടെ കുതിരക്ക് മുമ്പില്‍ വണ്ടി കെട്ടിയിരിക്കുകയാണ്. ആദ്യം വിദഗ്ധ സമിതി വേണ്ട മാറ്റത്തിരുത്തലൊക്കെ വരുത്തി അമ്പതംഗ സമിതിയുടെ മുമ്പില്‍ ആ കരട് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ഈ സമിതികളെയും അവയിലെ അംഗങ്ങളെയും ആര് നിശ്ചയിക്കുന്നു എന്ന കാര്യം അവിടെ നില്‍ക്കട്ടെ. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് പോലും നമുക്ക് യാതൊരു ധാരണയുമില്ല. ഇപ്പോള്‍ മരവിപ്പിച്ച് നിര്‍ത്തിയ ഭരണഘടന ഉണ്ടാക്കുന്നതിന് വേണ്ടി ഒരു സമിതി രൂപീകരിച്ചിരുന്നുവല്ലോ. അതിന്റെ സിറ്റിംഗുകളെല്ലാം നടന്നിരുന്നത് വളരെ പരസ്യമായിട്ടായിരുന്നു. ടെലിവിഷനില്‍ വരെ ആ ചര്‍ച്ചകള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തിരുന്നു. എന്നാല്‍, അട്ടിമറിക്ക് ശേഷം തട്ടിക്കൂട്ടിയ സമിതികളെല്ലാം ഒരു ചാരവലയം പോലെ അതിനിഗൂഢമായാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് പുതിയ സമിതി പ്രഖ്യാപിച്ചത്, റഫറണ്ടം നടന്ന ഭരണഘടനയില്‍ നിന്ന് മുപ്പത്തിരണ്ട് ഖണ്ഡികകള്‍ അവര്‍ ഒഴിവാക്കിയിട്ടുണ്ടെന്ന്. ഭേദഗതികള്‍ വേറെയും വരുത്തിയിട്ടുണ്ട്. റഫറണ്ടത്തിലൂടെ, ജനകീയാംഗീകാരത്തോടെ നിലവില്‍ വന്ന ഒരു ഭരണഘടനയെ വെട്ടാനും തിരുത്താനും ഈ സമിതിക്ക് എന്ത് അധികാരം എന്ന വിഷയം ഞാന്‍ വിടുന്നു. ജനകീയ ഇഛക്ക് മേലുള്ള കുതിരകയറ്റം എന്നേ ഇതിനെപ്പറ്റി പറയാനാവൂ. ഒഴിവാക്കിയത് ഏതൊക്കെ ഭാഗങ്ങള്‍ എന്നു മാത്രമേ ഞാന്‍ ഈ കുറിപ്പില്‍ സൂചിപ്പിക്കുന്നുള്ളൂ. അത് സംബന്ധമായ കമന്റുകള്‍ എന്നെക്കാള്‍ വിവരമുള്ളവര്‍ നല്‍കട്ടെ.
ഒഴിവാക്കിയ നാല് ഖണ്ഡികകളെക്കുറിച്ച് പറയാം. ഒന്ന്: ഖണ്ഡിക പതിനൊന്ന്. രാഷ്ട്രം ധാര്‍മിക സദാചാരമൂല്യങ്ങളെയും പൊതു ഭരണസംവിധാനത്തെയും മത-തദ്ദേശീയ മൂല്യങ്ങളെയും അറബ് സാംസ്‌കാരിക പൈതൃകങ്ങളെയും സംരക്ഷിക്കും എന്നാണ് ആ ഖണ്ഡികയില്‍ പറയുന്നത്. രണ്ട്: ഖണ്ഡിക പന്ത്രണ്ട്. സമൂഹത്തിന്റെ സാംസ്‌കാരികവും നാഗരികവും ഭാഷാപരവുമായ മൂല്യങ്ങളെ സംരക്ഷിക്കുമെന്നും അറിവുകളെ അറബിവത്കരിക്കാന്‍ ശ്രമിക്കുമെന്നും പറയുന്ന ഭാഗം. മൂന്ന്: ഖണ്ഡിക ഇരുപത്തിയഞ്ച്. വഖ്ഫ് സ്വത്തുക്കള്‍ പുനരുജ്ജീവിപ്പിക്കാനും അതിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് എത്തിക്കാനും രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്ന് പറയുന്ന ഭാഗം. നാല്: ഖണ്ഡിക നാല്‍പത്തിനാല്. പ്രവാചകന്മാരെ നിന്ദിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഖണ്ഡികയാണിത്.
ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഉയര്‍ന്ന പണ്ഡിതന്മാരുടെ അഭിപ്രായം ആരായും എന്ന ഭരണഘടനാ പരാമര്‍ശവും (ഖണ്ഡിക 4) ഒഴിവാക്കിയിരിക്കുന്നു. ജനാധിപത്യം, ശൂറ, പൗരത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിതമാവുക എന്ന ഭാഗവും (ഖണ്ഡിക 6) വെട്ടിനിരത്തി. 'ബഹുകക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍' എന്നാണ് പകരം അവിടെ എഴുതിച്ചേര്‍ത്തത്.
ഈ വെട്ടലും തിരുത്തലും ചേര്‍ത്തുവായിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാവും. ഈജിപ്തിന്റെ ഇസ്‌ലാമിക ഐഡന്റിറ്റിയെയാണ് ഈ പുതിയ സമിതികള്‍ ലക്ഷ്യമിടുന്നത്. ജൂലൈ മൂന്നിലെ അട്ടിമറിക്ക് ശേഷം ഈജിപ്തിന്റെ ഇസ്‌ലാമിക സ്വത്വത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യ-ശൂറാ മൂല്യങ്ങളെ മാത്രമല്ല, ധാര്‍മിക സദാചാര സംഹിതകളെയും കൈയൊഴിക്കുമെന്നാണ് ധ്വനിപ്പിച്ചിരിക്കുന്നത്. എത്ര ആലോചിച്ചിട്ടും ഭേദഗതികള്‍ വരുത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുന്നില്ല. ഭാവിയെക്കുറിച്ച ദുസ്സൂചനകള്‍ മാത്രമാണ് ഇവയെല്ലാം നല്‍കുന്നത്. വരാന്‍ പോകുന്നത് ഇതിലും മോശപ്പെട്ടതായിരിക്കുമെന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/12-15
എ.വൈ.ആര്‍