Prabodhanm Weekly

Pages

Search

2011 ജൂലൈ 2

പണ്ഡിതനോട് ചോദിക്കാം

ഡോ. അജീല്‍ അന്നശമി



ടബാധിതന്റെ  പേരിലുള്ള നമസ്‌കാരം

ചോദ്യം: കടബാധ്യതയുള്ള വ്യക്തി മരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി നബി(സ) മയ്യിത്ത് നമസ്‌കരിച്ചില്ല എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ. അതിന്റെ അര്‍ഥം നാമും ആ മാതൃക പിന്തുടരണമെന്നല്ലേ?

ഉത്തരം: അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. കടബാധ്യതയുള്ള മയ്യിത്ത് നബി(സ)യുടെ അടുത്ത് കൊണ്ട് വന്നാല്‍, കടം വീട്ടാന്‍ അദ്ദേഹം വല്ലതും ബാക്കിവെച്ചിട്ടുണ്ടോ എന്ന് നബി(സ) അന്വേഷിക്കും. ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ പ്രവാചകന്‍ നമസ്‌കരിക്കും. ഇല്ല എന്നാണ് മറുപടിയെങ്കില്‍ 'നിങ്ങളുടെ കൂട്ടാളിക്ക് വേണ്ടി നിങ്ങള്‍ നമസ്‌കരിക്കൂ' എന്ന് പറയും. എന്നാല്‍ ഒരുപാട് യുദ്ധ വിജയങ്ങളൊക്കെ ഉണ്ടായ ശേഷം പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെയാണ്: ''സത്യവിശ്വാസികളോട് ഏറ്റവും ബാധ്യതപ്പെട്ടവന്‍ ഞാനാണ്. അവരില്‍ ഒരാള്‍ കടബാധിതനായി മരണപ്പെട്ടാല്‍ ഞാനാണത് വീട്ടുക. അവന്‍ വല്ല ധനവും ബാക്കി വെച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ അനന്തരാവകാശികള്‍ക്കുള്ളതാണ്'' (മുസ്‌ലിം, നവവിയുടെ വ്യാഖ്യാനം- കിതാബുല്‍ ഫറാഇദ് 11/60). ഇമാം നവവി പറയുന്നു: മയ്യിത്ത് നമസ്‌കാരം നബി വേണ്ടെന്ന് വെച്ചത് ജീവിതകാലത്ത് ഒരാള്‍ക്ക് കടം വീട്ടാനുള്ള പ്രോത്സാഹനം എന്ന നിലക്കാണ്. നബിയുടെ നമസ്‌കാരം കിട്ടാതെ പോകുന്നത് ആരും ഇഷ്ടപ്പെടില്ലല്ലോ. എന്നാല്‍ യുദ്ധവിജയങ്ങള്‍ ഉണ്ടായ ശേഷം നബി(സ) എല്ലാവര്‍ക്കും വേണ്ടി നമസ്‌കരിക്കാന്‍ തുടങ്ങി. കടം വീട്ടാന്‍ കഴിവില്ലാത്തവന്റെ കടം പ്രവാചകന്‍ സ്വയം തന്നെ വീട്ടും.
ആദ്യത്തെ ഹദീസില്‍ 'നിങ്ങളുടെ കൂട്ടാളിക്ക് വേണ്ടി നിങ്ങള്‍ നമസ്‌കരിക്കൂ' എന്നു പറയുന്നുണ്ടല്ലോ. കാരണം മയ്യിത്ത് നമസ്‌കാരം ഒരു സാമൂഹിക ബാധ്യതയാണ്. പില്‍ക്കാലത്ത് പ്രവാചകന്‍ കടബാധ്യത സ്വയം ഏല്‍ക്കാന്‍ തുടങ്ങി എന്നും പറയുന്നു. കടം വീട്ടാനുള്ള പണം നബി(സ) കണ്ടെത്തിയിരുന്നത് പൊതു ഖജനാവില്‍ നിന്നാണെന്നും സ്വന്തം സമ്പത്തില്‍ നിന്നാണെന്നും സ്വന്തം ബാധ്യതയായി കണ്ട് ദാനം ചെയ്തതാണെന്നുമൊക്കെ വിവിധ അഭിപ്രായങ്ങളുണ്ട്.
നബി(സ) അനുചരന്മാരോട് നമസ്‌കരിക്കാന്‍ നിര്‍ദേശിച്ചതില്‍ നിന്ന്, മാറി നില്‍ക്കല്‍ നബി(സ)ക്ക് മാത്രമുള്ള സംഗതിയാണെന്ന് മനസ്സിലാവുന്നു. അപ്പോള്‍ കടബാധിതനാണെങ്കിലും മയ്യിത്തിന് വേണ്ടി നമസ്‌കരിക്കാം എന്നു വരുന്നു. ഇനി, ജീവിതകാലത്ത് തന്നെ കടം വീട്ടാനുള്ള പ്രേരണയാണ് ഈ നബിവചനം എന്ന വ്യാഖ്യാനം നാം എടുക്കുകയാണെങ്കിലും, കടബാധിതന് വേണ്ടി നമസ്‌കരിക്കാം എന്നുതന്നെയാണ് മനസ്സിലാവുന്നത്.

അനുശോചന സന്ദേശം സ്വീകരിക്കാമോ?

ചോദ്യം: അനുശോചന സന്ദേശം (അസാഅ്) സ്വീകരിക്കുന്നതിനായി മരിച്ചയാളുടെ ബന്ധുക്കള്‍ വീട്ടില്‍ കാത്തിരിക്കുന്ന പതിവുണ്ട്. ഇത് ബിദ്അത്താണോ?
ഉത്തരം: അനുശോചനമറിയിക്കല്‍ നബിചര്യയുടെ ഭാഗമാണ്; അതിനാല്‍ തന്നെ അഭികാമ്യവും. നബി(സ) അത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ''ഒരാളുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവനോട് അനുശോചിക്കുന്നവന്ന് ആ ദുഃഖിതന് ലഭിക്കുന്ന അത്രതന്നെ പ്രതിഫലമുണ്ട്'' (തിര്‍മിദി ഉദ്ധരിച്ചത് 3/276, ഇബ്‌നു ഹജര്‍ തന്റെ തല്‍ഖീസില്‍ (2/138) ഈ ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്). ദുഃഖാചരണം പക്ഷേ, മൂന്ന് ദിവസത്തില്‍ കൂടാന്‍ പാടില്ല. പ്രവാചകന്‍ (സ) പറഞ്ഞു: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും അനുവദനീയമല്ല, മരിച്ചയാള്‍ക്ക് വേണ്ടി മൂന്ന് ദിവസത്തിലധികം ദുഃഖാചരണം നടത്തുക എന്നത്. മരിച്ചത് സ്വന്തം ഭര്‍ത്താവാണെങ്കില്‍ മാത്രം അവള്‍ നാല് മാസവും പത്ത് ദിവസവും ദുഃഖമാചരിക്കട്ടെ.''
പരേതന്റെ ബന്ധുക്കള്‍ അനുശോചനം സ്വീകരിക്കാന്‍ വീട്ടില്‍ കാത്തിരിക്കുന്നത് അനുവദനീയമാണെന്നാണ് കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായം. അവരില്‍ ചിലര്‍ അത് 'അനുവദനീയമെങ്കിലും അനഭിലഷണീയം' എന്ന് പറഞ്ഞിരിക്കുന്നു. അത് വീണ്ടും ദുഃഖത്തിന് കാരണമാവും എന്നാണവരുടെ പക്ഷം. അതിനാലിത് പുതുനിര്‍മിതി(ബിദ്അത്ത്)യായും അവര്‍ കണക്കാക്കുന്നു. ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ വീക്ഷണം ഇതാണ്. അനുശോചനം സ്വീകരിക്കുമ്പോള്‍ വിരോധിക്കപ്പെട്ട കാര്യങ്ങളൊന്നും കടന്നുവരുന്നില്ലെങ്കില്‍ അത് അനുവദനീയമാണ് എന്ന് ഹനഫികള്‍ അഭിപ്രായപ്പെടുന്നു. വരുന്നവര്‍ക്ക് പരേതന്റെ വീട്ടിലുള്ളവര്‍ ഭക്ഷണം കൊടുക്കുക പോലുള്ളവയാണ് അനുവദിക്കപ്പെടാത്ത കാര്യങ്ങള്‍. മരണം നടന്ന വീട്ടിലേക്ക് അയല്‍വാസികള്‍ ഭക്ഷണമെത്തിക്കണം എന്നാണ് പ്രവാചകന്റെ നിര്‍ദേശം (തിര്‍മിദി 3/314).
കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവുക, അനുശോചനമറിയിക്കലും സ്വീകരിക്കലും അഭിലഷണീയം തന്നെ എന്നാണ്. ബിദ്അത്തുകളോ നിരോധിക്കപ്പെട്ട കാര്യങ്ങളോ വന്നുപോകാതെ സൂക്ഷിക്കണമെന്ന് മാത്രം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം