Prabodhanm Weekly

Pages

Search

2011 ജൂലൈ 2

വരുന്നു... അടിമത്തത്തിന് തൊടുകുറിയായി നാറ്റ്ഗ്രിഡ്


ഇന്ത്യയിലെ 11ഓളം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും സുരക്ഷാ ഏജന്‍സികളും തമ്മില്‍ ഇല്ട്രോണിക് വിവരങ്ങള്‍ ഏകോപിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന നാറ്റ്ഗ്രിഡ് എന്ന പുതിയ ഒരു ചാരസംവിധാനത്തിനു കൂടി കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുന്നു. വ്യക്തികളെ കുറിച്ച സംശയകരമായ വിവരങ്ങള്‍ കുറെക്കൂടി കാര്യക്ഷമമായി അപഗ്രഥിക്കുന്നതിന് ഈ നീക്കം സഹായകരമാവുമെന്നാണ് ഇതെ കുറിച്ച് വിശദീകരണമുയരുന്നത്. ഇന്ത്യയുടെ അടിസ്ഥാന 'ഡാറ്റാബേസ്' തങ്ങള്‍ക്കു വേണമെന്ന അമേരിക്കയുടെ താല്‍പര്യമാണ് ഈ ബില്ലിന്റെ പിന്നിലുള്ളതെന്നാണ് സൂചന. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഇന്തോ-യു.എസ് സുരക്ഷാ ചര്‍ച്ചകളില്‍ ഇത്തരമൊരു ശൃംഖലയുടെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ശക്തമായി ഉയര്‍ന്ന സമ്മര്‍ദ്ദത്തിന് ഇന്ത്യ കീഴടങ്ങുകയാണുണ്ടായത്. അമേരിക്ക ഇക്കാര്യത്തില്‍ സമയപരിധി പോലും നിശ്ചയിച്ചിരുന്നുവെന്നാണ് സൂചനകള്‍. ഒറ്റനോട്ടത്തില്‍ പോലും പൌരാവകാശങ്ങളുടെയും വ്യക്തികളുടെ സ്വകാര്യതയുടെയും മേല്‍ കടന്നുകയറ്റം നടത്തുന്ന ഈ ചാരശൃംഖലയെ വിവിധ മന്ത്രാലയങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും എതിര്‍പ്പ് മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.
'അന്താരാഷ്ട്ര സമ്മര്‍ദ്ദം' ദേശീയ താല്‍പര്യമാകുന്ന കാലത്ത് ഇതുമായി മുന്നോട്ടു പോവുകയല്ലാതെ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് വേറെയെന്തു ഗതി? ഓരോ വ്യക്തിയുടെയും വിദേശയാത്രകള്‍, സാമ്പത്തിക സ്രോതസ്സുകള്‍, ഫോണ്‍സന്ദേശങ്ങള്‍, നികുതി ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങള്‍ മുതലായവ ഒരു 'കമ്പനി'യുടെ മേല്‍നോട്ടത്തിന്‍ കീഴില്‍ വരികയാണ് നാറ്റ്ഗ്രിഡ് രൂപവത്കരിക്കുന്നതോടെ സംഭവിക്കുന്നതെങ്കിലും മീഡിയ മാനേജ്മെന്റ് സങ്കേതങ്ങള്‍ ഉപയോഗിച്ച് വീണത് വിദ്യയാക്കുന്ന മട്ടിലുള്ള വിശദീകരണങ്ങള്‍ വഴിയെ വരുന്നത് കാണാനുണ്ട്. മഹീന്ദ്രാ സ്പെഷ്യല്‍ സര്‍വ്വീസസ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന രഘുരാമനാണ് പുതിയ 'കമ്പനി'യുടെ സി.ഇ.ഒ. ഈസ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഭരിച്ച മാതൃകയില്‍ അതീവ രഹസ്യസ്വഭാവമുള്ള വകുപ്പുകളും മന്ത്രാലയങ്ങളുമൊക്കെ കമ്പനികളായും കാബിനറ്റ് മന്ത്രിമാര്‍ ഡയറക്ടര്‍മാരായും പ്രധാനമന്ത്രി സി.ഇ.ഒ ആയും മാറുന്ന കാലം പോലും ഇക്കണക്കിന് പോയാല്‍ അനതിവിദൂരമായിരിക്കില്ല!
സുരക്ഷയും ഭീകരാക്രമണങ്ങളും മറ്റുമാണ് കാരണമായി പറയപ്പെടുന്നതെങ്കിലും നാറ്റ്ഗ്രിഡിന്റെ ചുമതല വഹിക്കുന്ന 40 അംഗ സംഘത്തില്‍ മഹാഭൂരിപക്ഷവും സ്വകാര്യ മേഖലയില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. പൊതുമേഖലയുടെയും രാഷ്ട്ര താല്‍പര്യങ്ങളുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍, ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ക്കു പോലും നിരക്കാത്ത മട്ടിലാണ് രഹസ്യാന്വേഷണ മേഖലയില്‍ ഈ 'കമ്പനി' രൂപത്കരിക്കപ്പെട്ടിരിക്കുന്നത്. ഭീകരതയാണ് രാജ്യം നേരിടുന്ന മുഖ്യഭീഷണിയെന്ന് വാദത്തിന് സമ്മതിക്കുക. എങ്കില്‍പോലും  ഭരണകൂടങ്ങളെ തന്നെ മുന്‍വിധികള്‍ നയിക്കുന്ന ഒരു രാജ്യമാണ് നമ്മുടേതെന്ന് മറക്കാനാവില്ല.  പൊതുമേഖലയിലെ 'റോ'യില്‍ നിന്നു തുടങ്ങി സി.ബി.ഐ മുതല്‍ ഇന്റലിജന്‍സ് വരെയുള്ളവര്‍ക്ക് ഇല്ലായിരുന്ന ഉത്തരവാദിത്തബോധം ഈ സ്വകാര്യ 'വ്യവസായി'കള്‍ക്ക് എവിടെ നിന്നുണ്ടാവാന്‍?
ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കാളുപരി ഇന്ത്യയുടെ ബാങ്കുകള്‍, നികുതി സംവിധാനങ്ങള്‍ മുതലായവയെ കുറിച്ച അടിസ്ഥാന വിവരങ്ങളാണ് പുതിയ ഏജന്‍സിയിലൂടെ അമേരിക്ക ശേഖരിക്കാനൊരുങ്ങുന്നത്. ഭീകരതയെ അവര്‍ വെറുമൊരു മുട്ടാപ്പോക്കു ന്യായമായി ഉപയോഗപ്പെടുത്തുകയാണെന്ന് വ്യക്തം. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒറ്റ ഏജന്‍സിയുടെ നിയന്ത്രണത്തില്‍ വരുന്നതും നിലവില്‍ ഉള്ളതുപോലെ വിവിധ മന്ത്രാലയങ്ങളുടെ നിയന്ത്രണത്തില്‍ കീഴില്‍ തുടരുന്നതും തമ്മില്‍ എന്താണ് ഗുണപരമായ വ്യത്യാസം? കോടതികളില്‍ എത്തുന്ന കേസുകളില്‍ ഒന്നു പോലും ഈ അപര്യാപ്തതയുടെ പേരില്‍ തള്ളിപ്പോകുന്നില്ലെന്നോര്‍ക്കുക. എന്നല്ല നാറ്റ്ഗ്രിഡ് ഏകോപിപ്പിക്കുന്ന ഏത് വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ലഭ്യമാകാത്തതായി ബാക്കിയുള്ളത്? അതേസമയം സ്വകാര്യമേഖലക്ക് മുന്‍തൂക്കമുള്ള ഒരു സമിതി വരികയും അവര്‍ പാര്‍ലമെന്റിനോട് ബാധ്യതയില്ലാത്ത വിധം ഇത്തരം വിവരങ്ങള്‍ സ്വേഛാപരമായി കൈകാര്യം ചെയ്യുകയുമാണ് നാറ്റ്ഗ്രിഡിലൂടെ സംഭവിക്കാന്‍ പോകുന്നത്. 
ഭീകരത കുടുതല്‍ വളരുകയല്ല, തളരുകയാണ് ഇന്ത്യയില്‍ സംഭവിച്ചതെന്ന് കേണല്‍ പുരോഹിതിന്റെ അറസ്റ്റിനു ശേഷം പകല്‍വെളിച്ചം പോലെ വ്യക്തമാണ്. മറുഭാഗത്ത്, വ്യക്തികളുടെ ദുര്‍ബലമായ വ്യാഖ്യാനങ്ങള്‍ക്ക് വ്യവസ്ഥകളെ വിട്ടുകൊടുത്തതാണ് ഇന്ത്യ കണ്ട ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളുടെയും കേസന്വേഷണങ്ങളെ അട്ടിമറിച്ചതെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുകയും ചെയ്തു. അതായിരുന്നില്ലെങ്കില്‍ എണ്ണമറ്റ ഭീകരാക്രമണകേസുകളില്‍ എല്ലായ്പ്പോഴും നിരപരാധികളെ പിടികൂടി പരിഹാസ്യരായതിനു ശേഷം മാത്രം യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടി വന്ന സാഹചര്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ. മുംബെയിലെയോ ഹൈദരാബാദിലെയോ മാലേഗാവിലെയോ കേസുകളില്‍ അസിമാനന്ദമാരുടെ ബാങ്ക് അക്കൌണ്ട് രേഖകള്‍ കിട്ടാത്തതോ അല്ലെങ്കില്‍ ഹെഡ്ലിയുടെ പാകിസ്ഥാന്‍ യാത്രകളുടെ എമിഗ്രേഷന്‍ രേഖകള്‍ കണ്ണില്‍ പൊടാത്തതോ ആയിരുന്നില്ല കേസന്വേഷണത്തെ തടസ്സപ്പെടുത്തിയ ഘടകം. എന്നിട്ടും അമേരിക്കയുടെ നിര്‍ബന്ധത്തിനു വഴങ്ങി അസംബന്ധജഡിലമായ ഒരു നിയമത്തിന് ന്യായം കണ്ടെത്തുകയാണ് സര്‍ക്കാര്‍.
കേന്ദ്ര മന്ത്രി ചിദംബരവും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയും ഈ പുതിയ സംവിധാനത്തെ അനുകൂലിക്കാന്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട വാദമുഖമാണ് മുംബെ ആക്രമണത്തിലെ ഹെഡ്ലിയുടെ പങ്ക്. നാറ്റ്ഗ്രിഡ് ഉണ്ടായിരുന്നെങ്കില്‍ ഇയാളുടെ സംശയകരമായ ഇടപാടുകള്‍ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുമായിരുന്നത്രെ! താജ് ഹോട്ടലില്‍ നിന്ന് അമേരിക്കന്‍ ഉച്ചാരണമുള്ള ഒരാള്‍ ഭീകരാക്രമണസമയത്ത് ടെലിഫോണിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതിന്റെ ശബ്ദരേഖ രഹസ്യാന്വേഷകരുടെ കയ്യിലുണ്ടെന്നാണല്ലോ പറയപ്പെടുന്നത്. അത് ഹെഡ്ലിയുടെ ശബ്ദവുമായി  ഒത്തുനോക്കാന്‍ അനുമതി കിട്ടാത്ത കേന്ദ്രസര്‍ക്കാറിന് നാറ്റ്ഗ്രിഡ് വന്നിട്ട് കാര്യമെന്ത്? അമേരിക്കക്കാരായ കുറ്റവാളികളെ കൈമാറാനും ചോദ്യം ചെയ്യാനുമുള്ള നിരുപാധികമായ കരാറുകളല്ലേ ഇന്ത്യക്ക് ആദ്യം ലഭിക്കേണ്ടത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം