Prabodhanm Weekly

Pages

Search

2011 ജൂലൈ 2

മാപ്പര്‍ഹിക്കാത്ത ദുര്‍വ്യാഖ്യാനം

ജമീല്‍ അഹ്മദിന്റെ ചിന്ത സ്ത്രീധനത്തില്‍ കേന്ദ്രീകരിച്ചത് ഉചിതമായി (ജൂണ്‍ 11). ആയിരക്കണക്കിന് സഹോദരിമാരുടെ കണ്ണീര്‍ ജീവിതങ്ങളും വേവലാതികളുടെ 'അഛനുറങ്ങാത്ത വീടു'കളും ഇനിയും നാം കണ്ടില്ലെന്ന് നടിക്കുകയോ? എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും ഒന്നിച്ചലറി അവസാനിപ്പിക്കേണ്ടതാണ് സ്ത്രീധനമെന്ന ദുരാചാരം. 'ആരും വെട്ടിക്കൊണ്ടുപോകാതെ ഉണങ്ങിച്ചുരുങ്ങിയ ഈ പെണ്‍കുലകള്‍' നാളെ വിചാരണവേളയില്‍ നമ്മുടെ കഴുത്തില്‍ കുരുങ്ങുന്ന കുരുക്കുകളാവുമെന്ന കാര്യത്തില്‍ 'വിശ്വസികള്‍'ക്കെങ്കിലും സംശയമുണ്ടാവാന്‍ വഴിയില്ല. 'നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും' അയക്കപ്പെട്ട 'ഉത്തമ സമുദായ'ത്തിലെ പണ്ഡിത നേതൃ വിഭാഗം (ഉലമാഅ്, ഉമറാഅ്) എന്ത് ധൈര്യത്തിലാണ് അന്തിയുറങ്ങുന്നതെന്ന് മനസ്സിലാവുന്നില്ല.
സ്ത്രീധനക്കാര്യത്തില്‍ പൗരോഹിത്യം (അല്‍ അഹ്ബാര്‍ വര്‍റുഹ്ബാന്‍) ചില നബിവചനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് അടിസ്ഥാന പ്രശ്‌നം. സാബത്ത് നാളില്‍ മത്സ്യവേട്ട വിലക്കിയ തൗറാത്തിലെ (തോറ) ദൈവിക ശാസന മറികടന്ന ജൂതന്റെ പഴയ കുടില ബുദ്ധിയുടെ പിന്തുടര്‍ച്ചയല്ലേ ഇതെന്നു സംശയിച്ചാല്‍ തെറ്റില്ല. ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഒന്നു രണ്ട് പ്രവാചക വചനങ്ങള്‍ ശ്രദ്ധിക്കുക:
അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''നാല് കാര്യങ്ങള്‍ക്കു വേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടുന്നുണ്ട്. അവളുടെ ധനത്തിനു വേണ്ടി, അവളുടെ സൗന്ദര്യത്തിനു വേണ്ടി, അവളുടെ ഗോത്ര മഹിമക്കുവേണ്ടി, അവളുടെ ദീനിനുവേണ്ടി. എന്നാല്‍ ദീനീ നിഷ്ഠയുള്ള സ്ത്രീയെക്കൊണ്ട് വിജയിച്ചുകൊള്ളുക. (ഇല്ലങ്കില്‍) നിനക്ക് നാശം.'' ഇതിലെ ആശയം ചരിത്രം പഠിച്ച ആര്‍ക്കും വ്യക്തമാണ്. അതായത് ജാഹിലിയ്യാ അറബികളുടെ വിവാഹമാനദണ്ഡങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് അവക്കുപരിയായി മതനിഷ്ഠക്കും മൂല്യബോധത്തിനുമാണ് യഥാര്‍ഥ വിശ്വാസികള്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് പ്രവാചകന്‍ കൃത്യമായി പഠിപ്പിച്ചിരിക്കുന്നു. രസകരമായ മറ്റൊരു വസ്തുത ഈ നബിവചനത്തിലെ ഒടുവിലത്തെ വാചകം (അല്ലെങ്കില്‍ നിനക്ക് നാശം) മിക്ക ഉദ്‌ബോധനങ്ങളിലും ഉദ്ധരിക്കപ്പെടാറില്ലെന്നതാണ്. അഥവാ നബിവചനം പറഞ്ഞുവരുമ്പോള്‍ ആകപ്പാടെ എന്തുമാവാം എന്നൊരു മട്ട്.
മാത്രമല്ല, ഈ പ്രവാചക വചനത്തിന്റെ ആശയത്തെ ഭദ്രമായി സംരക്ഷിക്കുന്ന തരത്തില്‍ തിരുദൂതരില്‍ നിന്ന് മറ്റൊരു പ്രസ്താവന കൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അനസി(റ)ല്‍നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ''ഒരാള്‍ ഒരു സ്ത്രീയെ അവളുടെ പ്രതാപത്തിന്റെ പേരില്‍ വിവാഹം ചെയ്താല്‍ അല്ലാഹു അവന് നിന്ദ്യതയല്ലാതെ വര്‍ധിപ്പിക്കുകയില്ല. ഒരാള്‍ ഒരു സ്ത്രീയെ അവളുടെ ധനത്തിന്റെ പേരില്‍ വിവാഹം ചെയ്താല്‍ അല്ലാഹു അവന് ദാരിദ്ര്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല. ഒരാള്‍ അവളെ തറവാട് മഹിമയുടെ പേരില്‍ വിവാഹം ചെയ്താല്‍ അല്ലാഹു അവന് അധഃപതനമല്ലാതെ വര്‍ധിപ്പിക്കുകയില്ല. ഒരാള്‍ തന്റെ കണ്ണുകളെയും ലൈംഗികാവയവങ്ങളെയും കാത്തുസൂക്ഷിക്കാനും കുടുംബബന്ധം ചേര്‍ക്കാനും വേണ്ടി വിവാഹം ചെയ്താല്‍ അല്ലാഹു അവന് അവളില്‍ നന്മ (ബറകത്ത്) ചെയ്യും. അവള്‍ക്ക് അവനിലും'' (ത്വബറാനി).
പുരോഹിതന്മാര്‍ ക്രൂരമായി വക്രീകരിക്കുന്ന മറ്റൊന്ന്, തന്റെ മകള്‍ ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തുകൊടുത്ത ശേഷം മകളെ ഭര്‍തൃഗൃഹത്തിലേക്കയക്കുമ്പോള്‍ പിതാവായ നബി ചില 'സമ്മാനങ്ങള്‍' നല്‍കി എന്നതാണ്. ഇതും സംഗതിയെ തലകുത്തി നിര്‍ത്തലാണ്. അതായത് അലി(റ) നേരത്തെ തന്നെ പ്രവാചക ശിഷ്യനാണ്. ആ ശിഷ്യന്റെ വിവാഹ വേളയില്‍ അദ്ദേഹത്തിന്റെ തന്നെ അനുമതിയോടെ സാക്ഷാല്‍ അലിയുടെ പടയങ്കി വില്‍പന നടത്തിയ കാശ് കൊണ്ടാണ് പ്രവാചകന്‍ തന്റെ മകള്‍ക്ക് അഥവാ അലിയുടെ ഭാര്യക്ക് ചില സമ്മാനങ്ങള്‍ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നത്. മറ്റൊരുവിധം പറഞ്ഞാല്‍ മകള്‍ക്ക് പിതാവായ നബി(സ) തന്നെയാണ് സമ്മാനങ്ങള്‍ നല്‍കിയതെന്ന് തെളിഞ്ഞാല്‍ പോലും അതിന് നബി(സ) അവലംബിച്ച സാമ്പത്തിക സ്രോതസ്സ് വരനായ അലി(റ)യുടെ പടയങ്കിയാണ് എന്ന കാര്യം അനിഷേധ്യമത്രെ. ഈ വസ്തുത എങ്ങനെയാണ് വരന്‍ വധൂപിതാവിന്റെ രക്തം കുടിക്കുന്ന സ്ത്രീധനമെന്ന പകല്‍ കൊള്ളക്ക് തെളിവാകുക? മാത്രമല്ല, ഇസ്‌ലാമിക ചരിത്രത്തില്‍ എത്രയെത്ര വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. അതിലെല്ലാം പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന 'മഹ്ര്‍' അല്ലാതെ സ്ത്രീ പുരുഷന് നല്‍കുന്ന ഒരു ധനത്തെപ്പറ്റി വായിച്ചെടുക്കാന്‍ പറ്റുമോ? മൂസാ പ്രവാചകന്റെ വിവാഹത്തെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നു: ''അവരുടെ പിതാവ് (മൂസയോട് പറഞ്ഞു): എന്റെ ഈ രണ്ട് പെണ്‍മക്കളില്‍ ഒരുവളെ നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എട്ടു കൊല്ലം നിങ്ങള്‍ എനിക്ക് ജോലി ചെയ്യണമെന്ന ഉപാധിയോടു കൂടി'' (ഖസ്വസ്വ് 27).
ജമാല്‍ കടന്നപ്പള്ളി

സംവാദം നല്‍കുന്നത്  തിരുത്താനുള്ള അവസരങ്ങള്‍

'തേടുന്നത് ഇസ്‌ലാമിന്റെ വഴി' എന്ന കെ. അബൂബക്കറിന്റെ ലേഖനം (ലക്കം 3) അഭിനന്ദനാര്‍ഹവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു സംവാദ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നതുമാണ്.  മത മതേതര മേഖലകളില്‍ നിന്നു മറ്റൊരു സംഘടനക്കും കേള്‍ക്കേണ്ടിവന്നിട്ടില്ലാത്തത്ര ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവന്ന സംഘടനയാണല്ലോ ജമാഅത്തെ ഇസ്‌ലാമി. എല്ലാ ആരോപണങ്ങളും അവഗണിക്കേണ്ടവയല്ല. അവയെ സംവാദ ബുദ്ധിയോടെ സമീപിക്കുകയും മറുപടി കൊടുക്കുകയും ജമാഅത്ത് നയങ്ങളില്‍ തിരുത്തേണ്ടവ തിരുത്താനുള്ള അവസരമായി അതിനെ കാണുകയും വേണം. ജമാഅത്ത് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ പോലെയുള്ള സുപ്രധാന നയ രൂപവത്കരണ വേളകളില്‍ സംഘടനക്ക് പുറത്തുള്ള സമാദരണീയരായ പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാറുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല.അഭിപ്രായാന്തരമുള്ള വിഷയങ്ങളില്‍ ഈ രീതി ഒരു നയമായിത്തന്നെ സ്വീകരിക്കാവുന്നതാണ്. പ്രബോധനത്തിനും അബൂബക്കറിനും അഭിനന്ദനങ്ങള്‍.
ഇനി ഇവിടെ ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ച് ഒരു സാധാരണ ജമാഅത്ത് പ്രവര്‍ത്തകന്റെ ചിന്തകള്‍ ഇവിടെ സമര്‍പ്പിക്കുന്നു. ഇസ്‌ലാമിന്റെ രാഷ്ട്രീയമാനം സ്ഥാപിക്കാനുള്ള ഒരു തന്ത്രമാണ് ജമാഅത്തിന്റെ ഇസ്‌ലാം സമഗ്രമാണെന്ന വാദമെന്ന് ജമാഅത്ത് പ്രവര്‍ത്തകരാരും കരുതുമെന്ന് തോന്നുന്നില്ല. ജമാഅത്തിന്റെ വ്യതിരിക്തമായ ആദര്‍ശം വ്യക്തമാക്കാന്‍ ഇസ്‌ലാം സമഗ്രമാണെന്ന് പറയുകയല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.
ഇസ്‌ലാം സമഗ്രമല്ലെന്ന് പറഞ്ഞില്ലെങ്കിലും ഇത്തരം ഒരു ചിന്ത പോലും ആദര്‍ശ തലത്തിലോ കര്‍മപരിപാടിയിലോ ഇല്ലാത്ത സംഘടനകള്‍ക്കിടയിലേക്കാണ് ജമാഅത്ത് ഈ ആശയവുമായി കടന്നുചെല്ലുന്നത്. മാത്രമല്ല, ഇസ്‌ലാം ജീവിത പദ്ധതിയല്ല, മരണ പദ്ധതിയാണെന്ന് പറയുകയും മുഖപത്രത്തില്‍ എഴുതുകയും ചെയ്ത പണ്ഡിതന്മാരുടെയിടയിലേക്ക്. തുടര്‍ന്ന് അംഗങ്ങളുടെ തര്‍ബിയത്ത് മുതല്‍ ഇസ്‌ലാമിന്റെ സാമൂഹികവും സാമ്പത്തികവുമായ ഒരുപാട് കാര്യങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്നതോടൊപ്പമാണ് ജമാഅത്ത് ഇസ്‌ലാമില്‍ രാഷ്ട്രീയം കൂടി ഉണ്ടെന്ന് പറയുന്നത്.
ഒരു പഴയ വായനയില്‍ ഓര്‍മയിലുള്ളത് ഇവിടെ കുറിക്കട്ടെ. സെക്യുലരിസത്തെക്കുറിച്ചുള്ള ജമാഅത്ത് വീക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ട അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കേന്ദ്രമന്ത്രിയെതന്നെ വിഷയം ചര്‍ച്ച ചെയ്യാന്‍ നിയോഗിച്ചു. അഖിലേന്ത്യാ അമീറുമായി ബന്ധപ്പെട്ട മുസ്‌ലിം മന്ത്രിയോട് 'മത തത്ത്വശാസ്ത്രം സനാതനമല്ലെന്നും അപ്രായോഗികമോ അനഭിലഷണീയമോ ആണെന്നും വാദിക്കുന്നവര്‍ക്കുള്ളതാണ് സെക്യുലരിസം' എന്ന ആധികാരിക ഭാഷ്യമനുസരിച്ച് സെക്യുലരിസത്തോട് ഞങ്ങള്‍ക്ക് രാജിയാവുക സാധ്യമല്ലെന്ന് തുറന്നു പറഞ്ഞു. എന്നാല്‍ ഇന്ത്യ വിഭാവന ചെയ്യുന്ന സെക്യുലരിസം എല്ലാ മത വിഭാഗങ്ങളോടും തുല്യ പരിഗണനയോടെ വര്‍ത്തിക്കുന്നതാണ് എന്ന് പറഞ്ഞ മന്ത്രിയോട് ഈ സെക്യുലരിസത്തെ ഞങ്ങള്‍ സര്‍വാത്മനാ പിന്തുണക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. ഈ അര്‍ഥത്തില്‍ മാത്രം സെക്യുലരിസത്തെ കാണുന്ന കേരളത്തിലെ സാധാരണ ജനങ്ങളോട് സെക്യുലരിസത്തെക്കുറിച്ച് ഇടതടവില്ലാതെ  സംസാരിക്കേണ്ടതുണ്ടോ? എന്നാല്‍, ഒരു ആശയ സംവാദത്തില്‍ ജമാഅത്ത് നയം വ്യക്തമാക്കാറുമുണ്ട്. കമ്യൂണിസ്റ്റുകള്‍ക്കും അള്‍ട്രാ സെക്യുലരിസ്റ്റുകള്‍ക്കും ഈ വസ്തുത അറിയുകയും ചെയ്യാം.
ഇനി തസവ്വുഫിന്റെ കാര്യം. അബൂബക്കര്‍ സൂചിപ്പിച്ച പോലെ ഹാജി സാഹിബിന്റെയും അബ്ദുല്‍ഹഖ് അന്‍സാരിയുടെയുമൊക്കെ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് ജമാഅത്തില്‍ ഒരു പരിധിവരെ തസവ്വുഫ് അംഗീകരിക്കുന്നവരുണ്ടെന്നല്ലേ? അതിപ്പോഴും ഉണ്ടെന്ന് തന്നെയാണ് പ്രായോഗികാനുഭവം. തസവ്വുഫിനെയും കര്‍മശാസ്ത്ര ഭിന്നതകളെയുമൊക്കെ ഒട്ടും സഹിഷ്ണുതയോടെ കാണാത്ത സംഘടനകള്‍ക്കിടയിലാണ് ജമാഅത്ത് പ്രവര്‍ത്തിക്കുന്നത് എന്നതും കാണേണ്ടതാണ്. അബൂബക്കറിന്റെ പഠനം ഒരു താരതമ്യം കൂടിയായിരുന്നെങ്കില്‍ കൂടുതല്‍ പഠനാര്‍ഹമായേനെ.
സി.എച്ച് മുഹമ്മദ് അലി
കൂട്ടിലങ്ങാടി
[email protected]

ഇസ്‌ലാമിന്റെ തനിമ നഷ്ടപ്പെടുത്തരുത്
തിരുകേശ വിവാദം വായിച്ചപ്പോഴാണ് ഒരു കാര്യം ഓര്‍മവന്നത്. കൊടുങ്ങല്ലൂരില്‍ കായല്‍തീരത്ത് ഒരു ക്രൈസ്തവ ദേവാലയത്തില്‍ സെന്റ് തോമസിന്റേത് എന്ന് അവകാശപ്പെടുന്ന കൈഭാഗത്തിന്റെ ഒരു അസ്ഥിക്കഷ്ണം പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകരില്‍ നിന്ന് പണം വാങ്ങുന്നുണ്ട് (ഇത് ഞങ്ങള്‍ 35 വര്‍ഷം മുമ്പ് കണ്ടത്). എന്നാല്‍, സെന്റ് തോമസ് എവിടെ മരിച്ചു(മൈലാപ്പൂര്‍ എന്നാണ് കേട്ടുകേള്‍വി) എന്നതിനോ ശരീരം എവിടെ സംസ്‌കരിച്ചു എന്നതിനോ യാതൊരു ചരിത്ര രേഖകളും ഇല്ല. പിന്നെ എവിടെ നിന്നാണ് ഈ 'വിശുദ്ധ' ശേഷിപ്പ് വന്നത് എന്ന ചോദ്യത്തിന് ക്രൈസ്തവ മതാധ്യക്ഷന്മാര്‍ എന്തുമറുപടി പറയും?
എന്റെ അറിവില്‍ പ്രവാചകന്‍ മുഹമ്മദും ജീവിച്ചിരുന്ന കാലത്ത് സ്വന്തം മുടി ആര്‍ക്കും രോഗശമനത്തിനായി നല്‍കിയിട്ടില്ല. പകരം നിലവിലിരുന്ന വൈദ്യശാസ്ത്ര മുറകള്‍ തന്നെയാണ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്. പിന്നെ എന്തിന് ഇപ്പോള്‍ ഇത് പരീക്ഷിക്കണം? ഇസ്‌ലാം അനേകം അഗ്നിപരീക്ഷണങ്ങളിലൂടെ വന്നുപോയിട്ടും അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഇതുവരെ കാത്തുസൂക്ഷിച്ചു. അത് തന്നെയാണ് ഇസ്‌ലാമിനെ മറ്റുള്ള മതങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. ഇനിയും യാതൊരു പ്രലോഭനങ്ങളിലും പെടാതെ ആ തനിമ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതല്ലേ നല്ലത്?
ഡോ. ബി.വി ബേബി, ഉഡുപ്പി

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം