Prabodhanm Weekly

Pages

Search

2011 ജൂലൈ 2

'സ്വാശ്രയ ഭാരം പേറേണ്ടിവരുന്നത് മുസ്‌ലിം സമുദായം'

ഡോ. പി.കെ ഫസല്‍ ഗഫൂര്‍

കേരളത്തിലെ സ്വാശ്രയ പ്രശ്‌നങ്ങളോടുള്ള എം.ഇ.എസ്സിന്റെ നിലപാട്? ഇടത് വലത് സര്‍ക്കാറുകളുടെ സമീപനത്തെ എങ്ങനെ കാണുന്നു?
സ്വാശ്രയ വിഷയത്തില്‍ ഇടതിനെയോ വലതിനെയോ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. പുഷ്പഗിരി കോളേജ് കേസ് കൊടുത്തതിനെ തുടര്‍ന്നാണ് സ്വാശ്രയ പ്രശ്‌നം ഏറെ കലുഷമാകുന്നത്. തുടര്‍ന്നാണ് ഇസ്‌ലാമിക് അക്കാദമി കേസില്‍ സുപ്രീംകോടതി നൂറ് ശതമാനം സീറ്റിലും മൈനോറിറ്റി സ്ഥാപനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. സ്വാശ്രയ കരാറിനെ തുരങ്കം വെക്കാന്‍ ഇതിന്റെ ചുവട് പിടിച്ച് തുടക്കം മുതലേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ നിയമത്തിനെ തുരങ്കം വെക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.

 50:50 തീരുമാന ഫോര്‍മുലയെ എം.ഇ.എസ് എങ്ങനെ കാണുന്നു?
കേരളത്തില്‍ എം.ഇ.എസ്സിന്റെ കീഴില്‍ 6 മെഡിക്കല്‍ കോളേജും 32 എഞ്ചിനീയറിംഗ് കോളേജും, 12 ഡെന്റല്‍ കോളേജുമാണുള്ളത്. ഇതിലൊക്കെയും ഈ ഫോര്‍മുല വെച്ചാണ് പ്രവേശനം നടത്തുന്നത്. അങ്ങനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗിന് 1.10 ലക്ഷവും ഡെന്റലിന് 3.5 ലക്ഷവും മെഡിക്കലിന് 5.50 ലക്ഷവും വാങ്ങിക്കുമ്പോള്‍ സര്‍ക്കാറിന്റെ 50 ശതമാനം സീറ്റില്‍ മെഡിക്കലിന് 1.38 ലക്ഷം രൂപയാണ് വരുന്നത്. അതില്‍ തന്നെ ക്രീമിലെയറിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 45,000വും ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000വും മാത്രമാണ് ഫീസ് വരിക. സര്‍ക്കാറിന്റെ 50 ശതമാനം ഫീസില്‍ സംവരണ തത്ത്വങ്ങള്‍ പാലിച്ചാണ് ഞങ്ങള്‍ പ്രവേശനം നടത്തുന്നത്.

 നൂറ് ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ ഒരേ ഫീസോടെ പ്രവേശനം നടത്തുക എന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനം കുറേക്കൂടി സാമൂഹികനീതി ഉറപ്പാക്കുന്നതല്ലേ?
ഇവിടെയാണ് വമ്പിച്ച അട്ടിമറി സംഭവിക്കുന്നത്. ഒരേ ഫീസ് ഘടനയെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാന പ്രകാരം അവരുടെ സ്ഥാപനങ്ങളില്‍ താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങിക്കുന്നു. 3.5 ലക്ഷംരൂപയാണ് അവരുടെ ഫീസ്. അവിടെ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന കുറഞ്ഞ ഫീസ് കൊടുത്ത് പഠിക്കാം. ഇതര സമുദായങ്ങള്‍ക്ക് പ്രവേശനമോ പ്രവേശനത്തില്‍ സംവരണ തത്ത്വങ്ങളോ അവര്‍ പാലിക്കുന്നില്ല. തങ്ങളുടെ സമുദായത്തില്‍ പാവങ്ങളില്ലെന്നാണ് അവരുടെ ന്യായം. പാവങ്ങളില്ലാഞ്ഞിട്ടല്ല, ഉള്ളവര്‍ 50-50 ഫോര്‍മുലയില്‍ പ്രവേശനം നടത്തുന്ന മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തിലെ സര്‍ക്കാര്‍ സീറ്റില്‍ കുറഞ്ഞ ഫീസില്‍ സംവരണത്തിലൂടെ അവര്‍ പ്രവേശനം നേടുന്നുവെന്നതാണ്. ഒട്ടും വ്യത്യസ്തമല്ല ഹിന്ദു മാനേജ്‌മെന്റിന് കീഴെയുള്ള അമൃത ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ കാര്യവും. നൂറ് ശതമാനം സീറ്റിലും പ്രവേശനം നടത്തുന്ന മാനേജ്‌മെന്റ് അവിടെ 5.50 ലക്ഷം രൂപ ഫീസീടാക്കുകയും സംവരണ തത്ത്വങ്ങള്‍ പാലിക്കാതിരിക്കുകയും  ചെയ്യുന്നു. ചുരുക്കത്തില്‍, സ്വാശ്രയ മേഖല മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറ്റവും വലിയ ബാധ്യത മുസ്‌ലിം സമുദായം പേറേണ്ടിവരികയാണ്.


 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയമത്തെയും അമൃത കാറ്റില്‍ പറത്തുകയാണെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നണ്ടല്ലോ?
തീര്‍ത്തും ശരിയാണ്. മാത്രമല്ല, ഇത്തരത്തില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ തീരുമാനിച്ചാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും അങ്ങനെയാകാവുന്നതാണ്. മറിച്ച് 50-50 ഫോര്‍മുല പാലിക്കാന്‍ നമ്മള്‍ തീരുമാനിച്ചത് സാമൂഹിക നീതി സാധ്യമാകുന്നതിന് വേണ്ടിയാണ്. സമുദായത്തിന് ബാധ്യതയാകുന്ന സ്വഭാവത്തില്‍ അടിയറ വെക്കേണ്ടുന്ന യാതൊരു നിര്‍ബന്ധിതാവസ്ഥയും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കില്ല. സത്യത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ഈ നിലപാട് സാമുദായിക ധ്രുവീകരണത്തിനാണ് ഇടവരുത്തുന്നത്. ഇന്ത്യയിലെവിടെയും ഒരു മാനേജ്‌മെന്റും ഇത്തരം നിലപാട് സ്വീകരിക്കുന്നില്ല. മുഴുവന്‍ സീറ്റും കൈവശം വെക്കുകയോ അതില്‍ സ്വസമുദായത്തിന് മാത്രം അഡ്മിഷന്‍ നല്‍കുകയോ ചെയ്യുന്നില്ല. കാരണം ഇതൊരു സെക്യുലര്‍ സ്റ്റേറ്റ് അല്ലേ? ഇപ്രകാരം വിവിധ മാനേജ്‌മെന്റുകള്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വകവെച്ച് കൊടുത്താല്‍ അതില്‍ ഇതര സമുദായങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ 50-50 എഗ്രിമെന്റ് അംഗീകരിച്ച് പ്രവേശനം നടത്തുന്നവരാണ്. പാണക്കാട് ബാഫഖി തങ്ങള്‍ ചെയര്‍മാനായുള്ള കെ.എം.ഇ.എ കോളേജും ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാനായിട്ടുള്ള എം.ഇ.എയും മുസ്‌ലിം ലീഗ് നേതാവ് യൂനുസ്‌കുഞ്ഞിന്റെ മുഴുവന്‍ എഞ്ചിനീയര്‍ കോളേജുകളും ഈ 50-50 ഫോര്‍മുല പ്രകാരമാണ് പ്രവേശനം നടത്തുന്നത്. മറിച്ച് മുഴുവന്‍ സീറ്റിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്താന്‍ മുസ്‌ലിം മാനേജ്‌മെന്റിന് അറിയാഞ്ഞിട്ടല്ലല്ലോ. അതുകൊണ്ട് ബാക്കിയുള്ളവരും അങ്ങനെ ചെയ്യരുത്.


 ഫലത്തില്‍ സ്വാശ്രയ മേഖല മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭാരമാവുകയാണല്ലോ. ഇത് മറികടക്കാന്‍ എം.ഇ.എസ്സിന് എന്തെങ്കിലും ചെയ്യാനാകുമോ?
ഇത് പരിഹരിക്കാന്‍ എം.ഇ.എസിന് കൃത്യമായ പാക്കേജ് തന്നെയുണ്ട്. പക്ഷേ, അത് ഇപ്പോള്‍ മുന്നോട്ട് വെക്കാനോ പറയാനോ ഉദ്ദേശിക്കുന്നില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും സര്‍ക്കാറുമായി ഒരു എഗ്രിമെന്റില്‍ എത്തുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്.


 ദലിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇന്നും അപ്രാപ്യമാണ് സ്വാശ്രയ മേഖലയെന്ന ആരോപണമുണ്ട്. എം.ഇ.എസ് ഇതിലെന്തെങ്കിലും ചെയ്തിട്ടുണ്ടോ?
നമ്മളാണീ വിഷയത്തില്‍ അല്‍പമെങ്കിലും നീതി ചെയ്തിട്ടുള്ളത്. കഴിഞ്ഞ സ്വാശ്രയ കരാറില്‍ 5% ദലിതര്‍ക്കും ബി.പി.എല്ലിന് താഴെയുള്ള 14%വും ക്രീമിലെയറിന് താഴെയുള്ളവര്‍ക്ക് ഒ.ബി.സിക്ക് 45000 രൂപ ഫീസും എന്നതായിരുന്നു. പിന്നെ വരുന്ന കുറഞ്ഞ 10 ശതമാനം സീറ്റിലാണ് മെറിറ്റ് സീറ്റിന്റെ 1.38 ഫീസ് കൊടുക്കേണ്ടിവരുന്നത്. ഇതില്‍ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുക്കുന്നുണ്ട്. സാമൂഹിക നീതി ഏറെക്കുറെ നടപ്പാക്കുന്നത് ആ അര്‍ഥത്തില്‍ മുസ്‌ലിം മാനേജ്‌മെന്റുകളാണ്. ഇതിലും അല്‍പം നഷ്ടം സംഭവിക്കുന്നത് മുസ്‌ലിംകള്‍ക്കാണ്. കാരണം അവര്‍ക്കാണ് മാനേജ്‌മെന്റില്‍ കൂടുതല്‍ ഫീസ് കൊടുക്കേണ്ടിവരുന്നത്. അതിനനുസരിച്ച് ഒരു ഫോര്‍മുല രൂപപ്പെടുത്തേണ്ടിവരും. ഏതായാലും ഒരു ഫോര്‍മുല ഉണ്ടാക്കിയാല്‍ അതില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല പിന്നാക്ക ദലിതര്‍ക്കും പരിഗണന നല്‍കാന്‍ സാധിക്കും. അതേസമയം ഇന്റര്‍ചര്‍ച്ച്, ഹിന്ദു മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ സംവരണമില്ല.സ്വാഭാവികമായും ദലിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍ക്ക് പഠിക്കാനുള്ള അവസരം അവര്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ദലിതരും മുസ്‌ലിംകളെപോലെ പ്രത്യേകം പരിഗണിക്കേണ്ട ജനവിഭാഗമാണ്. സംവരണത്തില്‍ പിന്നോട്ട് പോകുന്ന ഒരു സമീപനവും ശരിയല്ല. എം.ഇ.എസ് അതിന് ശക്തമായി എതിരാണ്.


 ഏകീകൃത ഫീസ് ഘടനയില്‍ ആരാണ് ഫീസ് നിശ്ചയിക്കേണ്ടതെന്ന തര്‍ക്കമുണ്ടല്ലോ. മാനേജ്‌മെന്റാണോ ഗവണ്‍മെന്റാണോ അത് നിശ്ചയിക്കേണ്ടത്?
അത് ഏകീകരിച്ച് നടപ്പാക്കാനാവില്ല. കാരണം ഒരുപാട് ഘടകങ്ങള്‍ അതില്‍ പരിഗണിക്കേണ്ടിവരും. കേരളത്തിലെ കോാസ്റ്റ് ഓഫ് ലിവിംഗ്, ശമ്പള സ്‌കെയില്‍, കണ്‍സ്ട്രക്ഷന്‍ കോസ്റ്റ്, ലാന്റ് കോസ്റ്റ് എന്നിവയൊക്കെ പരിഗണിക്കേണ്ടിവരും. ഉദാഹരണത്തിന് കേരളത്തില്‍ ഒരു പ്യൂണിന് 10000 രൂപ വേണ്ടിവരും. എന്നാല്‍ കര്‍ണാടകയില്‍ 4000 രൂപ മതിയാകും. അത് ബീഹാറിലെത്തുമ്പോള്‍ 2000 മതിയാകും. അതുകൊണ്ടാണല്ലോ പുറത്ത് നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത്. ഫീസ് സ്ട്രക്ചര്‍ നിര്‍ണയിക്കേണ്ടത് മാനേജ്‌മെന്റുകള്‍ തന്നെയാണ്. അത് വെരിഫൈ ചെയ്യാനുള്ള സംവിധാനമാണ് ഗവണ്‍മെന്റ് ഒരുക്കേണ്ടത്.


 കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാകും?
ഇതില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംവരണം, ന്യൂനപക്ഷാവകാശം, സാമൂഹിക നീതി എന്നിവയാണവ. ഇവയില്‍ ഏതെങ്കിലും ഒന്നിന് മേല്‍ക്കൈ വരാനൊക്കില്ല. ഉദാഹരണമായി ന്യൂനപക്ഷാവകാശം മാത്രം പരിഗണിച്ച് സ്വാശ്രയ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയാല്‍ മറ്റു രണ്ട് പ്രശ്‌നങ്ങളും രൂക്ഷമായി അവശേഷിക്കും.

 ഒരു സമ്പൂര്‍ണ നിയമനിര്‍മാണമാണോ സ്വാശ്രയ മേഖലയിലെ പ്രശ്‌നത്തിന് അന്തിമ പരിഹാരം?
അതിന് കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത്. സുപ്രീംകോടതിയിലെ ഇസ്‌ലാമിക് അക്കാദമി വിധി പ്രസ്താവത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണമാണതിനാവശ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം