Prabodhanm Weekly

Pages

Search

2011 ജൂലൈ 2

ഇസ്‌റാഅ് - മിഅ്‌റാജ് ഓര്‍ക്കുമ്പോള്‍

മുസ്‌ലിം മനസ്സുകളില്‍ ഇസ്‌റാഅ്-മിഅ്‌റാജ് സ്മരണകളുണരുന്ന മാസമാണ് റജബ്. ഇസ്‌റാഇനെ, മുഹമ്മദ് നബിയുടെ നിശാ പ്രയാണത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''തന്റെ ദാസനെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സ്വായിലേക്ക് -അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ നിശാ പ്രയാണം ചെയ്യിച്ചവന്‍ അതീവ പരിശുദ്ധന്‍. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു'' (ഖുര്‍ആന്‍ 17:1). ഖുര്‍ആന്‍ 53:13-18 വാക്യങ്ങള്‍ മിഅ്‌റാജിനെ കുറിച്ചാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു: ''മറ്റൊരിക്കല്‍ സിദ്‌റത്തുല്‍ മുന്‍തഹാക്കടുത്ത് ആ മലക്ക് ഇറങ്ങുന്നതായും അദ്ദേഹം കണ്ടിരിക്കുന്നു. അതിനടുത്താണ് ജന്നത്തുല്‍ മഅ്‌വാ. അന്നേരം സിദ്‌റത്തിനെ മഹത്തായ ഒരു തേജസ് പൊതിയുന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പോയിട്ടില്ല. പരിധി വിട്ടിട്ടുമില്ല. തന്റെ നാഥന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ അദ്ദേഹം കാണുകയായിരുന്നു.''
പ്രവാചകന്റെ ഇസ്‌റാഅ്-മിഅ്‌റാജിന് സവിശേഷമായ ഒരു ചരിത്ര പശ്ചാത്തലവും ആത്മീയ മാനവുമുണ്ട്. നബിക്കും ശിഷ്യന്മാര്‍ക്കുമെതിരെ ഖുറൈശികളുടെ അക്രമമര്‍ദനങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുകയായിരുന്നു മക്കയില്‍. ഹിജ്‌റക്ക് രണ്ട് വര്‍ഷം മുമ്പ് ഇതിനിടയില്‍ തിരുമേനിയുടെ താങ്ങും തണലുമായിരുന്ന പ്രിയ പത്‌നി ഖദീജ(റ)യും രക്ഷാകവചമായിരുന്ന അബൂത്വാലിബും നിര്യാതരായി. ഇത് ഖുറൈശികളുടെ ഊറ്റം വര്‍ധിപ്പിച്ചു. ഖുറൈശി ശത്രുത ദുസ്സഹമായപ്പോള്‍ പ്രവാചകന്‍ ത്വാഇഫിലേക്ക് പോയി. അവിടെ ഥഖീഫ് ഗോത്രത്തിന്റെ പിന്തുണ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, മക്ക നല്‍കുന്നതിനേക്കാള്‍ കടുത്ത നിന്ദയും പീഡനവും ബഹിഷ്‌കരണവുമാണ് ത്വാഇഫ് അദ്ദേഹത്തിന് സമ്മാനിച്ചത്. ത്വാഇഫില്‍ നിന്ന് ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവേറ്റ്, എറിഞ്ഞോടിക്കപ്പെട്ട് നിരാലംബരും നിസ്സഹായരുമായുള്ള ആ മടക്കം ഏതു ദൃഢ മനസ്സിനെയും നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തില്‍ പ്രവാചക മനസ്സിനെ പ്രശാന്തവും ഉന്മിഷത്തുമാക്കുന്നതിന് അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹമായിരുന്നു ക്ഷണികമായ ഭൗതികജീവിതത്തിനപ്പുറമുള്ള അഭൗതിക ലോകത്തിന്റെ കാഴ്ചകള്‍. താന്‍ ആശയരൂപത്തില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന തൗഹീദും മരണാനന്തര ജീവിതവും സ്വര്‍ഗ-നരകങ്ങളും ഗോചര യാഥാര്‍ഥ്യങ്ങളായനുഭവിക്കാനവസരം ലഭിക്കുന്നവര്‍ക്കുണ്ടാകുന്ന മനശ്ശാന്തി അവര്‍ണനീയമാണ്.
ഇസ്‌റാഉം മിഅ്‌റാജും തീര്‍ച്ചയായും നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുത പ്രതിഭാസങ്ങള്‍ തന്നെയായിരുന്നു. ഇതെങ്ങനെ അരങ്ങേറി എന്നത് സംബന്ധിച്ച് പണ്ട് മുതലേ തര്‍ക്കമുണ്ട്. നിശാ പ്രയാണം ആത്മീയമായിരുന്നു എന്നൊരു കൂട്ടര്‍. അക്കാലത്ത് മക്കയില്‍ നിന്ന് മാസങ്ങളുടെ സഞ്ചാര ദൂരമുള്ള ജറൂസലമില്‍ ഒരൊറ്റ രാത്രി കൊണ്ട് പോയി വരിക അസാധ്യമെന്ന് അവരുടെ ന്യായം. ശാരീരികം തന്നെയായിരുന്നുവെന്ന് ഒരു കൂട്ടര്‍. അല്ലാഹു ഉദ്ദേശിച്ചാല്‍ സാധ്യമാകാത്തതൊന്നുമില്ലല്ലോ. സ്വപ്ന ദര്‍ശനമായിരുന്നുവെന്നാണ് ഇനിയൊരു വാദം. ഒരു രാവില്‍ പ്രവാചകനെ അല്ലാഹു സ്ഥലകാലാതീതമായ അവസ്ഥയിലേക്ക് കൊണ്ടുപോയതായിരുന്നുവെന്ന് വേറൊരു വ്യാഖ്യാനം. സ്ഥലത്തിന്റെയും കാലത്തിന്റെയും അതിരുകളില്ലാതായാല്‍ ദൂരവും സമയവുമില്ലല്ലോ. ഇസ്‌റാഅ്-മിഅ്‌റാജ് അല്ലാഹു ഉളവാക്കിയ പ്രകൃത്യതീത പ്രതിഭാസമാണ്. പ്രകൃത്യാതീത പ്രതിഭാസങ്ങളെ പ്രകൃതിബദ്ധനായ മനുഷ്യന് തന്റെ പരിമിത പ്രകൃതി നല്‍കുന്ന പരിമിത ജ്ഞാനം കൊണ്ട് വിശദീകരിക്കാനാവില്ല. അതിഭൗതിക ജ്ഞാനമുള്ളവന്‍ പറയുന്നത് വിശ്വാസിക്കുക മാത്രമേ അവന് വഴിയുള്ളൂ. നമ്മെ സംബന്ധിച്ചേടത്തോളം മനസ്സിലാക്കാനുള്ളത് അന്ത്യപ്രവാചകന് അല്ലാഹുവിന്റെ സവിശേഷമായ അനുഗ്രഹത്താല്‍ അതിഭൗതിക ലോകം അനുഭവവേദ്യമായി എന്നു മാത്രമാണ്. അതെങ്ങനെയെന്ന ചോദ്യം അപ്രസക്തമാകുന്നു. അതറിഞ്ഞതുകൊണ്ട് നമുക്ക് നേടാനോ അറിയാത്തതുകൊണ്ട് നഷ്ടപ്പെടാനോ ഒന്നുമില്ല.
ഇസ്‌റാഅ്-മിഅ്‌റാജ് ശാരീരികമോ മാനസികമോ എന്നതല്ല; അതിന്റെ സന്ദേശമെന്ത് എന്നതാണ് നമ്മെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രസക്തമായിട്ടുള്ളത്. അതിഭൗതിക ലോകത്ത് ചെന്ന് അല്ലാഹുവുമായി സന്ധിച്ച അന്ത്യപ്രവാചകന്‍ വശം അവന്‍ നമുക്ക് -വിശ്വാസികള്‍ക്ക്- ഒരു സമ്മാനം കൊടുത്തയച്ചിരുന്നു. അഞ്ചു നേരത്തെ നമസ്‌കാരം. അതുവഴി, പ്രവാചകനേകിയ ദൈവ സമ്പര്‍ക്കത്തില്‍ അവന്‍ വിശ്വാസികളെ കൂടി പങ്കാളികളാക്കുകയായിരുന്നു. വിശ്വാസികള്‍ അല്ലാഹുവിങ്കലേക്കുയര്‍ന്ന് അവനുമായി സംഭാഷണം ചെയ്യുന്ന മിഅ്‌റാജാണ് നമസ്‌കാരം. അല്ലാഹു നമുക്ക് നല്‍കിയ ഈ മഹത്തായ അവസരം ഓരോരുത്തരും വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നുണ്ടോ? നമ്മുടെ നമസ്‌കാരങ്ങള്‍ നമ്മുടെ മിഅ്‌റാജുകള്‍- അല്ലാഹുവുമായുള്ള കൂടിക്കാഴ്ചകള്‍- ആകുന്നുണ്ടോ? ഇതാണ് ഇസ്‌റാഅ്-മിഅ്‌റാജ് സ്മരണ നമ്മിലുണര്‍ത്തേണ്ട ചിന്ത.
പ്രവാചകന്‍, ഖുര്‍ആന്‍ പറഞ്ഞ ഇസ്‌റാഅ് നടത്തിയത് മസ്ജിദുല്‍ അഖ്‌സ്വായിലേക്കായിരുന്നു. അവിടെ നിന്നാണ് ആകാശാരോഹണം ആരംഭിച്ചത്. അല്ലാഹു പ്രത്യേകം അനുഗ്രഹ സമൃദ്ധമാക്കിയ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ദൈവിക ഭവനമാണ് മസ്ജിദുല്‍ അഖ്‌സ്വാ. നിരവധി പ്രവാചകവര്യന്മാരുടെ പാദപതനമേറ്റ് പവിത്രമായ മണ്ണ്. മുഹമ്മദ് നബി പൂര്‍വ പ്രവാചകന്മാരോടൊത്ത് നമസ്‌കരിച്ച പള്ളി. ഇസ്‌ലാമിന്റെ പ്രഥമ ഖിബ്‌ല. ഇസ്‌ലാം തീര്‍ഥാടനം ശിപാര്‍ശ ചെയ്ത മൂന്ന് പുണ്യ ഗേഹങ്ങളിലൊന്ന്... ഇങ്ങനെ എണ്ണമറ്റ മഹത്വങ്ങളുള്ള മസ്ജിദുല്‍ അഖ്‌സ്വാ ഇന്ന് മുസ്‌ലിംകള്‍ക്ക് ഏറെക്കുറെ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. മുസ്‌ലിംകള്‍ ആ ദേശത്തുനിന്നുതന്നെ ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സയണിസ്റ്റുകള്‍ മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ത്തുകളയാനുള്ള പദ്ധതികള്‍ ഒളിഞ്ഞും തെളിഞ്ഞും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഫലസ്ത്വീന്‍ പ്രശ്‌നം ഫലസ്ത്വീനികളുടെയും അറബികളുടെയും മാത്രം പ്രശ്‌നമല്ല; മുസ്‌ലിം ലോകത്തിന്റെ പ്രശ്‌നമാണ്. മിഅ്‌റാജ് ദിനം മസ്ജിദുല്‍ അഖ്‌സ്വായെ കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ആ പുണ്യഗേഹം സയണിസ്റ്റ് ഭീകരന്മാരില്‍ നിന്ന് മോചിപ്പിക്കുന്നതിനെക്കുറിച്ച് ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. അതിരുകളില്ലാത്ത ഇസ്രയേലാണ് സയണിസ്റ്റ് സ്വപ്നം. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഫലസ്ത്വീനികളല്ലാത്തവര്‍ കൈക്കൊള്ളുന്ന അലംഭാവത്തിന്റെ പരിണതി, ഫലസ്ത്വീനികളുടെ അനുഭവം നാളെ അവരും നേരിടേണ്ടിവരും എന്നതായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം