Prabodhanm Weekly

Pages

Search

2011 ജൂലൈ 2

കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍

ഇബ്രാഹിം ബേവിഞ്ച

കേരളത്തിലെ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം സാഹിത്യകലാരംഗങ്ങളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി മനസ്സിലാക്കാനാവും. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, പ്രബോധനം, ബോധനം, വനിതാ മാസികയായ ആരാമം, കുട്ടികളുടെ മലര്‍വാടി, യുവജന വിഭാഗം മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന യുവസരണി ഇവയൊക്കെ ഇതര മതപ്രസ്ഥാനങ്ങള്‍ക്ക് മാതൃക തന്നെയായിരുന്നു. പിന്നീട് രൂപവത്കരിക്കപ്പെട്ട എസ്.ഐ.ഒവിന്റെ സംവേദന വേദി മുസ്ലിംകള്‍ക്കിടയില്‍ ഒരു ധീര നൂതന ലോകം തന്നെ സൃഷ്ടിക്കാനുള്ള പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇസ്ലാമിനെക്കുറിച്ച് മുസ്ലിംകള്‍ക്ക് തന്നെയും ഇസ്ലാമേതരര്‍ക്ക് പൊതുവായും ഉണ്ടായിരുന്ന തെറ്റിദ്ധാരണകളുടെ പെരുംകറയെ തുടച്ചുമാറ്റാന്‍ സാധിച്ചുവെന്നത് സത്യം തന്നെയാണ്. ജമാഅത്തിന്റെയും അനുബന്ധ സംഘടനകളുടെയും സജീവ പ്രവര്‍ത്തനങ്ങള്‍ ദശകങ്ങളായി നടന്നു വന്നിരുന്നില്ലെങ്കില്‍ കേരള മുസ്ലിംകളുടെ ഇടയിലുണ്ടായിട്ടുള്ള പ്രബുദ്ധത നന്നേ കുറഞ്ഞു പോകുമായിരുന്നു. മൌലാനാ മൌദൂദി സാഹിബിന്റെ ഇസ്ലാമിക ദര്‍ശനങ്ങളിലെ നവീനബോധം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായെങ്കിലും ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളില്‍ പോലും അത് പരോക്ഷമായ സ്വാധീനം ചെലുത്തുകയുണ്ടായി.
ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ഐ.പി.എച്ച് പ്രസാധനം ചെയ്ത ഇസ്ലാമിക സാഹിത്യം മലയാളത്തില്‍ എന്ന എന്റെ പുസ്തകത്തിന്റെ മുന്‍ പേജുകളിലൊന്നില്‍ (പൂര്‍വവിചാരത്തില്‍) വായനയിലും ചിന്തയിലുമുള്ള ഒരു മുറിച്ചുകടക്കലിന് വഴിയൊരുക്കിയ പ്രസ്ഥാനമായി ഐ.പി.എച്ചിനെ വിശേഷിപ്പിച്ചത്. ചിന്തയുടെ പുതുരീതികള്‍ അവതരിപ്പിക്കുന്ന ഏത് പ്രസ്ഥാനത്തിനും എല്ലാ കാലത്തും കല്ലുകളും മുള്ളുകളും ഏല്‍ക്കേണ്ടി വരിക സ്വാഭാവികമാണ്. 'ഇസ്ലാമിക സാഹിത്യം മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ പ്രസാധകര്‍ എഴുതിയ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ. "അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖ ഇന്ന് പുഷ്കലമാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടക്ക് ഈ രംഗത്തുണ്ടായ വളര്‍ച്ച ആശാവഹവും അത്ഭുതകരവുമാണ്. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വേണ്ടത്ര നിരൂപണ വിധേയമാകാറില്ല. മലയാളത്തിലെ ഇസ്ലാമിക സാഹിത്യശാഖയെ നിരൂപണം നടത്തുന്ന ഒരൊറ്റ കൃതിപോലുമില്ല. ഈ വിടവ് നികത്താനുള്ള എളിയ ശ്രമത്തിന്റെ ഭാഗമാണ് ഈ ലഘുഗ്രന്ഥം. ഇസ്ലാമിക സാഹിത്യ നിരൂപണ രംഗത്തെ പ്രഥമ സംരംഭമാണിത്.'' ഒരു കാലഘട്ടത്തില്‍ മലയാളത്തെയും ഇംഗ്ളീഷിനെയും നിരാകരിച്ച മുസ്ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്കു പോലും ഏറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അനേകമനേകം ആനുകാലികങ്ങള്‍ പ്രസാധനം ചെയ്യാനും പ്രചോദനമായത് ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും ഐ.പി.എച്ചിന്റെയും പിറവിയാണ്.
തൃശൂരിലെ ആമിനാ ബുക്സ്റാളില്‍നിന്ന് ഐ.പി.എച്ചിലേക്കും യുവതയിലേക്കും അദര്‍ബുക്സിലേക്കും ഒരു ഗ്രാഫ് വരച്ചാല്‍ വളര്‍ച്ചയുടെ മികവുറ്റതും തെളിഞ്ഞതുമായ ഒരു ചിത്രം ലഭ്യമാവും.
വാരികാ മാസികാദികളിലൂടെയും മഹദ് വ്യക്തികളിലൂടെയും വിവിധ പ്രസ്ഥാനങ്ങളിലൂടെയും ഇസ്ലാമിക സാഹിത്യം രൂപംകൊണ്ടപ്പോള്‍ ഇസ്ലാം മതത്തെ വിശ്വാസവും ജീവിതവുമായി അംഗീകരിച്ചവര്‍ക്ക് പഠിക്കാനും പഠിപ്പിക്കാനും മനസംസ്കരണമുണ്ടാക്കാനും പറ്റിയ രീതിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ പ്രകാശിതമായി. കേരളത്തിലെ മുസ്ലിം മനസ്സുകളില്‍ ഈ ഗ്രന്ഥങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം നല്ലൊരു പഠന വിഷയം തന്നെയാണ്. അതേസമയം ഇസ്ലാമിന്റെ ചെലവില്‍ കഥകളും കെട്ടുകഥകളും വലിച്ചുനീട്ടിയ കഥകളും വൃത്തികെട്ട ചരിത്രവും ആശയങ്ങളും ചിന്താധാരകളുമായി ഏറെ പുസ്തകങ്ങള്‍ പിറവികൊള്ളുകയും അവ മുസ്ലിം മനസ്സുകളെ യാഥാസ്ഥിതികത്വത്തില്‍ തളച്ചിടുകയും ചെയ്തുവെന്നതും നേരാണ്. എന്നാല്‍ ഐ.പി.എച്ചും യുവതയും അദര്‍ബുക്സും, മാറ്റത്തിന്റെ അടങ്ങാ തിരയായി നിലകൊണ്ട ചില ഒറ്റപ്പെട്ട പ്രസാധനാലയങ്ങളും പരമ്പരാഗത ചിന്താധാരകളെ സമൂലമാറ്റത്തിന് വിധേയമാക്കി. ഇസ്ലാമിനെതിരായ വാദഗതികളെ യുക്തിപൂര്‍വം ചെറുക്കാനും കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് തനിമയാര്‍ന്ന ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനും വിജ്ഞാനത്തിന്റെയും, ജ്ഞാനത്തിന്റെയും അഭാവത്തില്‍ മതത്തിനെതിരായ കടുത്ത വിമര്‍ശനങ്ങളെപ്പോലും നേരിടാനാവാതെ അധമ മനസ്ഥിതിയില്‍ പെട്ടുപോയവര്‍ക്ക് ഇസ്ലാമിക ദര്‍ശനങ്ങളുടെ സൂര്യശോഭ തുറന്നുകാട്ടാനും കെട്ടിലും മട്ടിലും പുതുമയോടെ രൂപം കൊണ്ട ഈ പുസ്തകങ്ങള്‍ സഹായകമായി. ഒരു മാതൃകാ സമൂഹത്തെ സൃഷ്ടിക്കാന്‍ മതത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന പ്രധാനവിഷയം വിജ്ഞാന വിസ്ഫോടനങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ചിന്തിച്ച് പ്രവര്‍ത്തിച്ച മൌലാനാ മൌദൂദിയെ ആഴത്തില്‍ പഠിച്ച് വിമര്‍ശിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ വക്താവായി മുദ്രകുത്തി അകറ്റി നിര്‍ത്തിയവര്‍ ചെയ്തത് അപരാധം തന്നെയാണ്. ഒരു ക്രിയാത്മക വിമര്‍ശനം ഈ രംഗത്ത് നടന്നില്ലെന്നതും ജമാഅത്തിന്റെ നിലപാടുകളില്‍ ചില സമയങ്ങളില്‍ വിള്ളലുകളുണ്ടായതും അത് ജമാഅത്തനുകൂലികളില്‍പോലും ശങ്കയും ആശങ്കയുമുണ്ടാക്കിയതും നേരാണ്. ഒരുകാര്യം തീര്‍ച്ച, ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകങ്ങള്‍ കൈയിലും നെഞ്ചിലും പിടിച്ച് ഒരു ഇന്‍ഫീരിയോരിറ്റിയുമില്ലാതെ നിലകൊള്ളാന്‍ ജമാഅത്ത് പ്രകാശിപ്പിച്ച പുസ്തകങ്ങള്‍ പര്യാപ്തമായി. അവരുടെ നേതാക്കളുടെ പ്രസംഗങ്ങള്‍ സഹായകമായി. എപ്പോഴും എല്ലാ കാര്യങ്ങളിലും അതീവ നിഷ്ഠയോടെ നീങ്ങാന്‍ കഴിഞ്ഞിരുന്നു. ഇവരില്‍ ചിലര്‍ക്ക് അവരുടെ ഇടയില്‍ തന്നെ ചില ജീര്‍ണതകള്‍ പടരുന്നത് കാണാനുള്ള കണ്ണുകളില്ലാതെ പോയി. എന്നിട്ടും മുജാഹിദ് പ്രസ്ഥാനം രണ്ടായത് പോലെ രണ്ടാകാതിരിക്കാന്‍ കടുത്ത ശ്രമങ്ങള്‍കൊണ്ട് ജമാഅത്തുകാര്‍ക്ക് സാധിച്ചത് നല്ല കാര്യം തന്നെ.
സാഹിത്യരംഗത്ത് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഐ.പി.എച്ചിന്റെ വക്താക്കള്‍ക്ക് മാത്രമല്ല, ഇമ്മാതിരി ആവേശത്തോടെ തന്നെ മതപ്രവര്‍ത്തനങ്ങള്‍ക്കായി മുമ്പോട്ട് വന്ന മുസ്ലിം വിഭാഗങ്ങള്‍ക്കും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച മൌലിക ചിന്തകള്‍ രേഖപ്പെടുത്തേണ്ട പുസ്തകങ്ങള്‍ സൃഷ്ടിക്കാനായില്ല. പ്രസിദ്ധീകൃതമാകുന്ന കൃതികളില്‍ മൌലികത അവകാശപ്പെടുന്നവയായി കാണുന്നത് വിവര്‍ത്തന കൃതികള്‍ മാത്രമാണ്. ജ്ഞാന-വിജ്ഞാനങ്ങളുടെ മേഖലയില്‍ പുതുപുതുവഴികള്‍ വെട്ടിയിട്ടും സ്വന്തം ശബ്ദം വേറിട്ട് കേള്‍പ്പിക്കുന്ന കൃതികള്‍ വായിക്കാന്‍ ഒന്നുകില്‍ വിദേശ ഭാഷകളിലേക്ക് അല്ലെങ്കില്‍ ഉര്‍ദുവിലേക്ക് പോകണമെന്ന അവസ്ഥ എന്തേ മാറ്റാനാവുന്നില്ല? ഇത് രണ്ടും ചെയ്യാനാവാത്തവര്‍ക്ക് വിവര്‍ത്തനങ്ങള്‍ തന്നെ ശരണം.
ഐ.പി.എച്ച് നല്ലനല്ല വിവര്‍ത്തനകൃതികള്‍ പ്രസിദ്ധീകരിച്ചു എന്നത് നേര് തന്നെ. ആധുനിക ഭൌതിക സമൂഹങ്ങള്‍ സൃഷ്ടിച്ച മൂല്യങ്ങളും ഇസ്ലാമിക മൂല്യങ്ങളും എത്രത്തോളം യോജിക്കുമെന്നും വിയോജിക്കുമെന്നും വ്യക്തമാക്കുന്ന കൃതികള്‍ എഴുതാന്‍ മലയാളി മുസ്ലിം ബുദ്ധിജീവികള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. സ്വതന്ത്ര ചിന്തകനായ മുസ്ലിം ബുദ്ധിജീവിക്ക് നില്‍ക്കാന്‍ ഇവിടെ ഇടമില്ല. അയാളെ ഒറ്റപ്പെടുത്തുക, അവഗണിക്കുക എന്ന രീതിയും കാണാറുണ്ട്. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പ്രവണത  മത സംഘടനകളെ സ്വാധീനിക്കുന്നതും കാണാനുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു നിലപാടിലൂടെ ഇസ്ലാമിനെ കൊള്ളാനും തള്ളാനും പ്രേരണ നല്‍കുന്ന മൌലിക കൃതികള്‍ എന്തേ പ്രസാധനം ചെയ്യപ്പെടുന്നില്ല?
ജമാഅത്തിനെക്കുറിച്ച് ഒരുകാര്യം തീര്‍ച്ചയായും പറയാനാവും. ഇസ്ലാമിനെയും മുസ്ലിം ജീവിതത്തെയും കഠിനാല്‍ കഠിനമായി വിമര്‍ശിച്ച മുസ്ലിം -മുസ്ലിമേതര എഴുത്തുകാരെ തങ്ങളുടെ പ്ളാറ്റ്ഫോമിലേക്ക് സ്നേഹപൂര്‍വം ക്ഷണിച്ചുകൊണ്ടുവരാനുള്ള ധീരതയും ഉദാരതയും കാണിച്ച പ്രസ്ഥാനം ജമാഅത്താണ്. ചിലരെ ചിലപ്പോള്‍ തമസ്കരിച്ചുവെന്നതേ കുഴപ്പമുള്ളൂ. ഭാഷാശുഷ്കതയും അച്ചടിയുടെ അപരിഷ്കൃതത്വവും ആവിഷ്കാര രീതിയുടെ പഴമയും കെട്ടിന്റെയും മട്ടിന്റെയും പുരാതനത്വവും ഒഴിവാക്കി പുതിയ പുസ്തകങ്ങള്‍ മതരംഗത്ത് പുറത്തിറക്കാം എന്ന് മാലോകരെ ആദ്യം ബോധ്യപ്പെടുത്തിയത് ഐ.പി.എച്ച് തന്നെ. ബഷീര്‍ എഴുത്തിന്റെ അറകള്‍ എന്ന പുസ്തകത്തില്‍ വിശുദ്ധിയിലേക്കുള്ള ആരോഹണം എന്ന ലേഖനത്തില്‍ വി.എ കബീര്‍ എഴുതുന്നു: "കുട്ടികളുടെ മതപഠനത്തിനു ബഷീര്‍ വീട്ടില്‍ പ്രത്യേകം ട്യൂഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. പഠിപ്പിക്കുന്ന വിഷയങ്ങള്‍ ബഷീറും ശ്രദ്ധിക്കാറുണ്ടായിരുന്നു. പ്രവാചകന്റെ പോരിശകളെക്കുറിച്ച തെളിഞ്ഞ യുക്തിബോധത്തിന് നിരക്കാത്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കണ്ടപ്പോള്‍ ബഷീര്‍ പ്രസ്തുത അധ്യാപകനോട് പറഞ്ഞത്രെ: കോഴിക്കോട് മസ്ജിദ് ബസാറിലെ ഐ.പി.എച്ചില്‍ മലയാളത്തിലുള്ള മതപാഠപുസ്തകങ്ങള്‍ കിട്ടും. അത് വാങ്ങി പഠിപ്പിക്കുക.'' ബഷീറില്‍നിന്ന് ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് വാക്കുകൊണ്ടെങ്കിലുമായി ഐ.പി.എച്ചിന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് ഐ.പി.എച്ച് ഒരുക്കിയ പുസ്തകത്തിന്റെ മേന്മയെ അടയാളപ്പെടുത്തുന്നത് തന്നെയാണ്. വക്കം അബ്ദുല്‍ഖാദര്‍ രചിച്ച മനുഷ്യന്‍ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം പ്രസിദ്ധീകരിപ്പിക്കാനായി ബഷീര്‍ ചെന്നതു ഐ.പി.എച്ചിലേക്കായിരുന്നുവെന്നതും ബഷീര്‍ ഈ പുസ്തകശാലക്ക് നല്‍കിയിരുന്ന പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
മതമീമാംസയും മൌലികകൃതികളുടെ വിവര്‍ത്തനങ്ങളും അടങ്ങുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം സര്‍ഗാത്മക സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനും മുമ്പോട്ട് വന്നത് ഐ.പി.എച്ച് തന്നെയാണ്. പക്ഷേ, ആ മേഖലയില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയാതെ പോയത് പ്രസാധകരുടെ കുറ്റം കൊണ്ടല്ല, എഴുത്തുകാരുടെ പിഴവ് കൊണ്ടുമല്ല. മറിച്ച് ഐ.പി.എച്ച് വായനക്കാരുടെ മാനസിക പരിമിതികള്‍ കൊണ്ടുതന്നെയാണ്. സാഹിത്യരംഗത്ത് ഇത്രയൊക്കെ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തിന്റെ വായനക്കാര്‍ക്ക് സംവേദനശക്തി നേടാന്‍ ആയിട്ടില്ലെന്നല്ലേ ഇക്കാര്യം വ്യക്തമാക്കുന്നത്? ഇത് മുസ്ലിം സമൂഹം മാത്രമല്ല പൊതുസമൂഹം പോലും നേരിടുന്ന പ്രശ്നം തന്നെയാണെന്ന കാര്യവും ഓര്‍മിക്കാവുന്നതാണ്. ഇപ്പോള്‍ നല്ല വായനക്കാരുടെ ഒരു നിരതന്നെ മുസ്ലിം സമൂഹത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല വായനക്കാര്‍ വായിക്കുന്നതിന് മുമ്പേ പുറത്തുനിന്നുള്ള പുസ്തകങ്ങള്‍ കണ്ടെത്തി വരുത്തി വായിക്കുന്നവര്‍ മുസ്ലിം സമൂഹത്തിലുണ്ടായിട്ടുണ്ടെന്ന് എഴുതിയത് സിവിക് ചന്ദ്രനാണെന്നാണ് എന്റെ ഓര്‍മ. എന്നിട്ടുമെന്തേ പി.ടി അബ്ദുര്‍റഹ്മാന്‍ ബിലാലിനെക്കുറിച്ചെഴുതിയ 'കറുത്ത മുത്ത്' എന്ന പുസ്തകവും ഇഖ്ബാല്‍ കവിതയുടെ വിവര്‍ത്തനവും വേണ്ടത്ര വായിക്കപ്പെടാതെ പോയി? മതാത്മക സംസ്കൃതിയില്‍ ലയിച്ചുകൊണ്ട് കവിത എഴുതുന്നവരുടെ വിധി ഇപ്പോഴും സങ്കടകരം തന്നെ. മതേതര ജാട സൂക്ഷിച്ചാല്‍ മാത്രമേ ഒരു മുസ്ലിം എഴുത്തുകാരന് രക്ഷയുള്ളൂവെന്നകാര്യം നടുക്കമുണ്ടാക്കുന്നതാണ്. മുസ്ലിം പ്രശ്നങ്ങള്‍ക്ക് വന്‍ പ്രാധാന്യം നല്‍കി അവരെ പ്രലോഭിപ്പിക്കാനുള്ള ശ്രമങ്ങള്‍ പൊതുപത്രവാരികാദികള്‍ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന മട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തും മതേതര മുഖമില്ലാത്ത, അത്തരം മുഖം കൃത്രിമമായി സൃഷ്ടിക്കാത്ത മുസ്ലിം എഴുത്തുകാരന്റെ വിധി ദയനീയം. മതത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് ഏതെങ്കിലും മതവിഭാഗത്തിന്റെ കൂടെ നില്‍ക്കണം. പൊതു സമൂഹത്തിന്റെ ഭാഗമാകണമെങ്കില്‍ അയാള്‍ക്ക് മതേതരത്വത്തിന്റെ മുഖംമൂടി ധരിക്കാന്‍ കഴിയണം. ഇത് രണ്ടുമാവാന്‍ സാധിക്കാത്തവന് നാളെ ആഖിറത്തില്‍ വെച്ച് ദൈവം പ്രതിഫലം നല്‍കുമായിരിക്കും. ഒരു പി.ടിയുടെ സാഹിത്യ ജീവിതം മാത്രമല്ല എത്രയോ സര്‍ഗധനന്മാരെ നാം മറന്നിരിക്കുന്നു.
ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍മിക്കുന്നു. ജമാഅത്തിന്റെ സംസ്ഥാന ആസ്ഥാനമായ ഹിറാസെന്ററിന്റെ ഉദ്ഘാടന വേള. അഖിലേന്ത്യാ അമീര്‍, സി. രാധാകൃഷ്ണന്‍, ബി.ആര്‍.പി ഭാസ്കര്‍ തുടങ്ങിയവരും പിന്നെ കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ തലതൊട്ടപ്പന്മാരുമുണ്ട് വേദിയില്‍. കൂട്ടത്തില്‍ പിതൃപരമ്പരയില്‍ പെട്ട ആരോ ചെയ്ത പുണ്യത്തിന്റെ ഭാഗമായോ എന്തോ, ഞാനുമുണ്ട്. ഏറെ പ്രൌഢമായി ഒരുക്കപ്പെട്ട 'ഹിറാ' സമ്മേളനത്തിന്റെ സ്മരണിക പ്രകാശിപ്പിക്കുകയാണ് എന്റെ കര്‍മം. എന്റെ സുഹൃത്ത് അബ്ദുര്‍റഹ്മാന്‍ മങ്ങാടാണ് ഏറ്റുവാങ്ങുന്നത്. വേദിയിലുള്ളവര്‍ക്കെല്ലാം പത്ത് മിനിറ്റാണ് പ്രസംഗിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. എന്റെ പ്രസംഗം വെറും ഏഴ് മിനുട്ട് കൊണ്ട് ഞാന്‍ ചുരുക്കി. ആ ഏഴ് മിനുട്ടില്‍ ഞാന്‍ പറഞ്ഞു: "നല്ലൊരു വാക്ക് പോലും കേള്‍ക്കാന്‍ കഴിയാതെ മരിച്ചുപോയ (ഉബൈദിന്റെ കവിതാലോകം എന്ന പുസ്തകം ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇവര്‍ക്കാണ്) കുറേ മാപ്പിളപ്പാട്ട് രചയിതാക്കളുണ്ട്, അവരെക്കുറിച്ച് ഗാഢമായി പഠിച്ച് ഒരു പഠന ഗ്രന്ഥം ഐ.പി.എച്ച് പുറത്തിറക്കണം. കരീം മാഷും സി.എന്‍ മൌലവിയും ചേര്‍ത്തിറക്കിയ മഹത്തായ  മാപ്പിള സാഹിത്യ പാരമ്പര്യം സംവിധാനത്തിലെ അശാസ്ത്രീതയത കൊണ്ട് അലങ്കോലപ്പെട്ടതാണ്. അതോടൊപ്പം വിവരങ്ങളുടെ നിധിപ്പെട്ടിയുമാണത്. അതുപയോഗിച്ച് മരിച്ചുപോയ മഹത്തുക്കളുടെ ജീവിതത്തെ അതിന്റെ വിശുദ്ധ ഭാവത്തോടെ പുറത്തിറക്കാന്‍ ഐ.പി.എച്ച് തയാറാവണം.'' എന്റെ അപേക്ഷക്ക് ഹിറാ സെന്റര്‍ ഉദ്ഘാടന സമ്മേളനത്തിലെ നിശബ്ദരായ പതിനായിരങ്ങള്‍ സാക്ഷി. ഒരാഴ്ച കഴിയുന്നതിന് മുമ്പേ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ കത്ത് വന്നു. ഹിറാ ഉദ്ഘാടന വേളയിലെ എന്റെ അപേക്ഷ പരിഗണിച്ചിരിക്കുന്നു. അടുത്തയാഴ്ച ഇതിനെക്കുറിച്ച് ആലോചിക്കാന്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖന്മാരെ ക്ഷണിച്ചിട്ടുണ്ട്. താങ്കളും വരണം. എന്റെ ഒരപേക്ഷ ജമാഅത്തിന്റ പുസ്തക പ്രസാധക വിഭാഗം ഏറ്റെടുത്തതിന്റെ ഹര്‍ഷോന്മാദത്തിലായിരുന്നു ഞാന്‍ അപ്പോള്‍. യോഗത്തില്‍ മാപ്പിളപ്പാട്ടിന്റെ കിത്താബിലുള്ള ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖരെല്ലാമുണ്ട്. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. കേരളത്തിലെ മുസ്ലിംകളുടെ സാംസ്കാരികത്തനിമ സകലതും ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ ഒന്നിലധികം വാല്യങ്ങളായി പുസ്തകമിറക്കുന്ന സാധ്യതയിലേക്ക് ചര്‍ച്ച എത്തി. അടുത്തആഴ്ചത്തേക്ക് ചര്‍ച്ച മാറ്റി. പുസ്തകത്തിന്റെ കരട് കുറിച്ചു കൊണ്ടുവരുന്ന ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിക്കപ്പെട്ടു. കരടിന്മേല്‍ അടുത്തയാഴ്ച വീണ്ടും ചര്‍ച്ച തുടങ്ങി. വിഷയങ്ങളും അതിരും ഏതാണ്ട് നിശ്ചയിക്കപ്പെട്ടു. എഡിറ്റര്‍ഷിപ്പ് എന്റെ കഴുത്തിലായി. എത്രവേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പണി ഞങ്ങള്‍ എടുത്തോളാം; നിങ്ങള്‍ക്കാവുന്നത് നിങ്ങള്‍ ചെയ്താല്‍ മതി എന്ന നിര്‍ബന്ധത്തില്‍ ഞാന്‍ സമ്മതിച്ചു. മടങ്ങി വരുമ്പോള്‍ തീവണ്ടിയില്‍ കാസര്‍കോട്ടെ കെ.എം അഹ്മദുമുണ്ടായിരുന്നു: ഇത് നടക്ക്വോ? അദ്ദേഹം എന്നോട് ചോദിച്ചു. "നടക്കും, ഏറ്റെടുത്തിരിക്കുന്നത് ഐ.പി.എച്ചല്ലേ? നടക്കും'' ഞാന്‍ പറഞ്ഞു. പക്ഷേ, സംഭവിച്ചത് അഹ്മദ് പറഞ്ഞതായിരുന്നു. കര്‍മങ്ങളുടെ കൃത്യതയും സഫലതയുമായിട്ടായിരുന്നു ഞാന്‍ ഐ.പി.എച്ചിനെ കണ്ടിരുന്നത്. ഞാന്‍ മനസാ കരഞ്ഞു. എന്തേ ഇങ്ങനെ സംഭവിക്കാന്‍?
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് ചെയ്തിട്ടുള്ള ഏറ്റവും മികച്ച സര്‍ഗാത്മക പ്രവര്‍ത്തനം ഇസ്ലാമിക വിജ്ഞാന കോശത്തിന്റെ ഒമ്പത് വാല്യങ്ങളായുള്ള നിര്‍മിതിയാണ്. കേരളത്തിലെ വിവിധ മുസ്ലിം വിഭാഗങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്തത്. ഭഗീരഥ പ്രയത്നം എന്നല്ല ഭഗീരഥ പ്രയത്നത്തിനു മേല്‍ ഭഗീരഥ പ്രയത്നം എന്നു വിശേഷണത്തോടെ സമീപിക്കേണ്ട സര്‍ഗാത്മക പ്രവര്‍ത്തനമാണിത്. ആലോചിക്കുമ്പോള്‍ തന്നെ പേടിയാവുന്ന ഈ മഹായത്നം അസാധാരണമായ ഒരു കൂട്ടായ്മയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ആനന്ദത്തോടും അഭിമാനത്തോടും കൂടി മാത്രമേ ബുദ്ധിജീവികള്‍ക്കൊക്കെയും നോക്കിക്കാണാനാവൂ. ഇസ്ളാമിനെ കുറിച്ചും മുസ്ലിംകളെക്കുറിച്ചും ഇതര സമുദായങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലായ്മ ചെയ്യാനും കേരളത്തിലെ മുസ്ലിംകള്‍ക്ക് തങ്ങളെക്കുറിച്ച് തന്നെ മനസ്സിലാക്കാനുമുള്ള അറിവിന്റെ സാഗരമാണിത്. ഈ ബൃഹദ്യജ്ഞം പൂര്‍ത്തീകരിക്കാന്‍ നല്ല മനുഷ്യരൊക്കെ ഹൃദയപൂര്‍വം പ്രാര്‍ഥിക്കേണ്ടതാണ്.
കലയുടെയും സാഹിത്യത്തിന്റെയും നേരെയുള്ള ഇസ്ലാമിന്റെ സമീപനം സൃഷ്ടിപരമാണ്, നിഷേധാത്മകമല്ല എന്ന കാഴ്ചപ്പാട് സാവധാനത്തില്‍ കേരളത്തിലെ മുസ്ലിംകളിലേക്കും ഇതരരിലേക്കും എത്തിയതില്‍ ജമാഅത്തിനും അനുബന്ധ സംഘടനകള്‍ക്കും മുഖ്യപങ്കുണ്ട്. എഴുത്തും കലയും ഇസ്ലാമികമാവുക എന്ന ആശയത്തിന്റെ ചുരുക്കം ദൈവാധിഷ്ഠിതമായ നന്മയും ധര്‍മവും അതിനുണ്ടായിരിക്കുക എന്നതാണ്. ഇത് ഒരു പുതിയ കാര്യമല്ല. പക്ഷേ, കേരളത്തിലെ മുസ്ലിംകള്‍ ഇക്കാര്യം വേണ്ടത് പോലെ മനസ്സിലാക്കിയിട്ടില്ല. സിനിമ, ചിത്രം പോലുള്ളവയെ ഹറാമാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്. ആ നിഷേധാത്മക സമീപനം ശരിയല്ലെന്ന് സാവധാനത്തിലെങ്കിലും മുസ്ലിം മനസ്സുകളെ ബോധ്യപ്പെടുത്താനായത് ജമാഅത്ത് കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ വലിയ നേട്ടം തന്നെ.
കലയിലും സാഹിത്യത്തിലുമുള്ള തങ്ങളുടെ നേട്ടങ്ങളെ പ്രബോധനം വാരികയിലൂടെയും ഇതര പ്രസിദ്ധീകരണങ്ങളിലൂടെയും ജമാഅത്ത് ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. എസ്.ഐ.ഒവിന്റെ സംവേദനവേദിയാണ് ഇതിലേറെ മുന്നേറിയത്. അവരുടെ സൃഷ്ടിപരമായ പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണ് ബഷീര്‍എഴുത്തിന്റെ അറകള്‍ എന്ന പുസ്തകം. ബഷീറിലെ ഇസ്ലാമിനെ കണ്ടെത്താനും ഇസ്ലാമിലെ ബഷീറിനെ കണ്ടെത്താനുമുള്ള ശ്രമം ഈ പുസ്തകത്തിലുണ്ട്. എതിരഭിപ്രായമുള്ളവരും ലേഖകന്മാരില്ലാതില്ല. "കേവലം മതേതര യുക്തിയുടെ വിശദീകരണ രീതികള്‍ കൊണ്ടു മാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം?'' പ്രസാധകര്‍ ചോദിക്കുന്നു. മതേതര ആശയവാദങ്ങള്‍ ആ എഴുത്ത് ജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഈ ചോദ്യങ്ങളില്‍ ബഷീറിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളെ ഇസ്ലാമികമായി കാണണമെന്ന ധ്വനിയുണ്ട്. ബഷീറിലെ ഇസ്ലാമിനെയും ഇസ്ലാമിലെ ബഷീറിനെയും ഏറെ നേരത്തെ വായിച്ചെടുത്ത ഒരാളാണ് ഈ ലേഖകന്‍. അക്കാര്യം വേണ്ടതുപോലെ പുസ്തകത്തില്‍ പരാമര്‍ശിച്ചില്ല. ഇസ്ലാമിക സാഹിത്യം എന്ന് പറയാന്‍ പാടില്ലെന്ന ചിന്തയാവാം ഇതിന് കാരണം. അങ്ങനെ പറയാതെ മുസ്ലിമെഴുത്ത്, ഇസ്ലാം എഴുത്ത് എന്നൊക്കെ പറഞ്ഞ് തങ്ങള്‍ വിഭാഗീയക്കാരല്ലെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ അടുത്ത കാലത്ത് ചില ശ്രമങ്ങള്‍ നടന്നു. ഇത് മനസ്സിന്റെ കരുത്തില്ലായ്മയെയാണ് കുറിക്കുന്നത്. ബഷീറിന് താനൊരു മുസ്ലിമാണെന്ന് ആവര്‍ത്തിച്ച് പറയാനുള്ള ആത്മ ധൈര്യമുണ്ട്. പക്ഷേ അത് പറയാനുള്ള തന്റേടം മുസ്ലിംകള്‍ക്കിടയിലുള്ള ചില ബുദ്ധിജീവികള്‍ക്കില്ല. മുസ്ലിം ഇതിവൃത്തങ്ങള്‍ അവതരിപ്പിച്ചു എന്നതുകൊണ്ടല്ല ബഷീറിനെ മുസ്ലിമാക്കിയത്. മഹാനായ ഏതൊരെഴുത്തുകാരന്റെ സൃഷ്ടിയിലും 'ഞാനാണ് സംസ്കാരം' എന്ന ആശയം അലിഞ്ഞ് കിടപ്പുണ്ട്. ബഷീറിന്റെ സാംസ്കാരിക സ്വത്വം രൂപപ്പെട്ടത് ഇസ്ലാം- ഖുര്‍ആന്‍ കാഴ്ചകളിലൂടെയാണ്. അക്കാര്യം ബഷീര്‍ ഏറെ തവണ ആവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് 'ബഷീര്‍ ദ മുസ്ലിം' എന്ന് എന്റെ ഒരു പുസ്തകത്തിന് തലക്കെട്ടിട്ടത്. അത് ബഷീറിനെ 'ഞമ്മന്റെയാളാ'ക്കാനല്ല. മലയാള ഭാഷ മുസ്ലിംകള്‍ക്ക് നന്നായി അറിയുമെന്ന് ഇപ്പോള്‍ കേരളത്തിലെ എല്ലാ വായനക്കാരനുമറിയാം. മുസ്ലിംകളുടെ ഇടയില്‍ അല്‍പം ഇന്‍ഫീരിയോരിറ്റി കോംപ്ളക്സ് ഉള്ളവരുണ്ട്. അവരാണ് ബഷീറിനെ ഇസ്ലാമാക്കുമ്പോള്‍ കുരക്കുന്നത്. ഇസ്ലാമിനെയും ഖുര്‍ആനെയും ബഷീറിന്റെ അത്ര ആഴത്തോടെ കലാസൃഷ്ടികളിലേക്ക് ആവാഹിച്ച് കലാത്മകമായി ആവിഷ്കരിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലുണ്ടായിട്ടേയില്ല. അതുകൊണ്ടാണ് ബഷീറിനെ അത്തരമൊരു കണ്ണടവെച്ച് പരിശോധിച്ചത്. നോക്കിയപ്പോള്‍ അതിനുള്ള തെളിവായി ആ സാഹിത്യത്തില്‍ നിറയെ കോപ്പുകള്‍ കണ്ടു. അത് സഹൃദയരുടെ മുന്നിലേക്കിട്ടുകൊടുത്തപ്പോള്‍ കൃത്രിമ മതേതര ജീവികള്‍ ക്ഷുഭിതരായത് എന്റെ തെറ്റല്ല. സംവേദനവേദി ഒരുക്കിയ 'ബഷീറെഴുത്തിന്റെ അറകള്‍' ഏറെ ശ്രദ്ധയോടെയാണ് ഒരുക്കിയിരിക്കുന്നത്. ബഷീറിലേക്ക് ഒരു പുതുവെളിച്ചം ഈ പുസ്തകം നല്‍കും.
തനിമ എന്ന കലാസാഹിത്യവേദിയും എസ്.ഐ.ഒ സംവേദനവേദിയും ഏറെ പുതുമയുള്ള സൃഷ്ടിപരമായ കാര്യങ്ങള്‍ വേറെയും ചെയ്തിട്ടുണ്ട്. മുസ്ലിംകളില്‍ ചിലര്‍ ഇപ്പോഴും കരുതുന്ന സിനിമയും മറ്റുകലാരൂപങ്ങളും ഹറാമെന്ന വീക്ഷണത്തെ തിരുത്താന്‍ ഇന്റര്‍നാഷ്നല്‍ ഫിലിം ഫെസ്റിവല്‍ നടത്തിയും തിരക്കഥ മത്സരങ്ങള്‍ സംഘടിപ്പിച്ചും ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചും ബുള്ളറ്റുകള്‍ ഇറക്കിയും ഖുര്‍ആന്‍ ചിത്രപ്രദര്‍ശനം നടത്തിയും നല്ല സിനിമകളെക്കുറിച്ചും എഴുത്തുകാരെ കുറിച്ചും സംവാദങ്ങള്‍ സംഘടിപ്പിച്ചും പരിസ്ഥിതി ദലിത്, ന്യൂനപക്ഷ രാഷ്ട്രീയ ബോധങ്ങളെ ഗുണാത്മകമായി സമീപിക്കുന്ന മലയാള നോവല്‍ മത്സരം സംഘടിപ്പിച്ചും, കാമ്പസുകളെ സജീവമാക്കാന്‍ പൊളിറ്റിക്കല്‍, ടീനേജ്, ആന്റി ഇംപീരിയല്‍, ഇസ്ലാമോഫോബിയ, ബ്ളാക്ക് ആന്റ് വൈറ്റ് തുടങ്ങിയ ഫിലിം പാക്കേജുകള്‍ ഒരുക്കിയും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ നോവല്‍ ചര്‍ച്ച നടത്തിയും നേര് പൂക്കുന്ന കാലം എന്ന സി.ഡി പ്രകാശിപ്പിച്ചും തെരുവ് നാടകങ്ങള്‍ നടത്തിയും പാട്ടരങ്ങ് ഒരുക്കിയും ഫിലിം സൊസൈറ്റികള്‍ ഉണ്ടാക്കിയും പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചും ലഘുനാടകങ്ങള്‍ അവതരിപ്പിച്ചും പുതുമയുള്ള ഒട്ടേറെ വിഷയങ്ങളെ കണ്ടെത്തിയും കമലാസുറയ്യയെ പഠിച്ചും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കാണിച്ചിട്ടുള്ള ശുഷ്കാന്തി ഏറെ അഭിനന്ദനീയം തന്നെ.
തനിമ കലാസാഹിത്യവേദി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ ബ്രോഷറില്‍ കാണുന്നു:
"സൌന്ദര്യമുള്ള ജീവിതത്തിന് ചങ്ങാതീ,
കാലത്തിന്റെ കറുത്ത ഭൂപടത്തില്‍
ജീവിതം അത്രയും ആശങ്കാകുലമാണ്
അസ്തമിച്ചുപോയ പ്രതീക്ഷകളുടെ
ബാക്കിയിരുട്ടില്‍
ദൂരെദൂരെ കാണുന്നുണ്ടോ
ആ മിന്നാമിന്നിത്തെളി
കലയില്‍നിന്ന് ജീവിത സൌന്ദര്യത്തെയും
ജീവിതത്തില്‍നിന്ന് കലയുടെ സൌന്ദര്യത്തെയും
വെട്ടിമാറ്റി
ഭൂത കാലത്തിന്റെ വിഴുപ്പുകളില്‍ ചവിട്ടിനിന്ന്
ഈ വര്‍ത്തമാന കാലത്തില്‍
ഏത് ഭാവികാലത്തെയാണ്
നാം അതിജീവിക്കുക.
ഭംഗിയുള്ള ജീവിതത്തെ
സാരവത്തായി പങ്കുവെക്കാന്‍
തനിമ ഒരു ബദല്‍കലയെ
മുന്നോട്ടു വെക്കുന്നു.''
ഈ ശ്രമം സാര്‍ഥകമായിത്തീരാന്‍ സഹൃദയരുടെ കൂട്ടായ്മ തനിമക്കും സംവേദന വേദിക്കുമൊപ്പമുണ്ടാകും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം