Prabodhanm Weekly

Pages

Search

2011 ജൂലൈ 2

ഈ വ്യാജ വൈദ്യന്മാരെ ബഹിഷ്‌കരിക്കുക

ജമീല്‍ അഹ്മദ്


അലോപ്പതി ഡോക്ടര്‍മാര്‍ ഒരു സാമൂഹിക - സാംസ്‌കാരിക പ്രശ്‌നമായി മാറിയ, ഭൂമിയിലെത്തന്നെ ഏക പ്രദേശമായിരിക്കും കേരളം. അത്രയും ദുഷിച്ചുപോയിരിക്കുന്നു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പരത്തുന്ന വിവാദവൈറസുകള്‍. ഒരു പി.ജി സീറ്റിന് ഒരുകോടി! എം.ബി.ബി.എസ്സിന് അമ്പതു ലക്ഷം! ഡൊണേഷനെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഈ കൈക്കൂലി കൊടുത്ത് ഓമനമക്കളെ അപ്പോത്തിക്കിരികളാക്കാന്‍ പാടുപെടുന്ന രക്ഷിതാക്കളും അതു വാങ്ങി കീശയിലിട്ട് മനുഷ്യാവകാശവും ന്യൂനപക്ഷാവകാശവും പ്രസംഗിക്കുന്ന മാനേജുമെന്റുകളും നാളത്തെ കേരളത്തെ കൂടുതല്‍ വിഷമയമാക്കാനാണ് കോട്ടും മുഖാവരണവുമിട്ട് കത്തിയും കത്രികയുമേന്തിനില്‍ക്കുന്നത്. ഒന്നരക്കോടി ചെലവാക്കി ചികിത്സക്ക് മേശയിട്ടിരിക്കാനൊരുങ്ങുന്ന ഈ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ കേരളീയ സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അതിനാല്‍ ആ ഡോക്ടര്‍മാരെ നാം ബഹിഷ്‌കരിക്കേണ്ടതുണ്ട്.
ഇന്ന് ഒരു അധ്യയനവര്‍ഷത്തില്‍ കേരളത്തില്‍ മാത്രം പുറത്തുവിടുന്ന അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണം രണ്ടായിരമാണ്. ഹോമിയോപ്പതി, ആയൂര്‍വേദ ഇനങ്ങളില്‍ വേറെയും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും അങ്ങാടിമരുന്നുപോലെ ലഭിക്കുന്ന എം.ബി.ബി.എസ് ബിരുദങ്ങള്‍ക്ക് പുറമെയാണിത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍മാരുടെ ആളോഹരി എണ്ണത്തില്‍ കേരളം ലോകറെക്കാര്‍ഡിടും. ഇത്രയധികം ഡോക്ടര്‍മാര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ വിധം ആതുരമാണോ മലയാളിശരീരം? അവര്‍ക്കൊക്കെ പണിനല്‍കാനും അവരെഴുതുന്ന മരുന്നുകളൊക്കെ കുടിച്ചുതീര്‍ക്കാനും മാത്രം കെല്‍പ്പുണ്ടോ നമ്മുടെ സമൂഹശരീരത്തിന്?
ഒരു വെറും തലവേദനക്കുപോലും സ്‌പെഷല്‍ ഡോക്ടറെ തേടിപ്പോകുന്ന മലയാളി പൊതുബോധം എം.ബി.ബി.എസിനെ ഡോക്ടറാകാനുള്ള മറ്റൊരു എന്‍ട്രന്‍സുമാത്രമാണെന്ന് പുനര്‍ നിര്‍വചിച്ചിരിക്കുന്നു. തന്നോട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പോലും പി.ജിയില്ലേയെന്ന് ചോദിക്കുന്നതുകേട്ട് മനംമടുത്താണ് തുടര്‍പഠനത്തിന് പോകുന്നത് എന്ന് ഒരു ജൂനിയര്‍ ഡോക്ടര്‍ പരിഭവം പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റുറപ്പായ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ വര്‍ഷത്തില്‍ വെറും നാല്‍പതിനായിരം രൂപയാണ് ഫീസിനത്തില്‍ ചെലവാകുന്നതെന്ന് മനസ്സിലായി. അപ്പോള്‍ സ്വാശ്രയ അറവുകേന്ദ്രങ്ങള്‍ വാങ്ങുന്ന തൊണ്ണൂറ്റിയെട്ടു ലക്ഷവും കൈക്കൂലിതന്നെ. സര്‍ക്കാര്‍ സ്ഥലത്ത് സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം കോളേജിനും കിട്ടുന്നുണ്ട് ഈ കോടികള്‍ എന്നോര്‍ക്കുക. തൊഴിലാളി വര്‍ഗ സര്‍വരാജ്യത്തിന് മുതല്‍ക്കൂട്ടാകട്ടെ പൊങ്ങച്ചപ്പിതാക്കളുടെ എന്‍.ആര്‍.ഐ സമ്പത്ത്.
വാങ്ങുന്ന സ്വാശ്രയ മുതലാളിക്കും കൊടുക്കുന്ന പൊതുജന മുതലാളിക്കും ടെന്‍ഷനുകളില്ല. ചെറിയ പനി വന്നതിന്റെ പേരില്‍ കുടുംബ ബജറ്റ് താളംതെറ്റുന്ന നമ്മുടെ നാട്ടിലെ സാധാരണക്കാരനെ ഈ കൊള്ളഡോക്ടര്‍മാരുടെ പെരുപ്പം എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, സംസ്‌കാരവും ആരോഗ്യവും തമ്മില്‍ മുറിച്ചാല്‍ മുറിയാത്ത ബന്ധങ്ങളുണ്ട്. സംസ്‌കാരം ആരോഗ്യത്തെയും ആരോഗ്യം സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നു. സമൂഹത്തിന്റെ ഗുണാത്മക സംസ്‌കാരത്തിന്റെ ഹൃദയമിടിപ്പ് താളംതെറ്റാതെ നിലനിറുത്തുന്നതില്‍ സാമൂഹികാരോഗ്യത്തിന്റെ പങ്ക് ചെറുതല്ല.  കൊടുത്തത് മുതലാക്കുക എന്നുതന്നെയാണ് സ്വാശ്രയ ഡോക്ടറുടെ ഒന്നാമത്തെ കുറിപ്പടി. രണ്ടുകോടി കൊടുത്തുനേടിയ ഒരു സ്റ്റെതസ്‌ക്കോപ്പിന്റെ ബലത്തില്‍ അവര്‍ ഭാവിയില്‍ മുറുക്കാന്‍ പോകുന്നത് നമ്മുടെ നാടിന്റെ ആരോഗ്യസംസ്‌കാരത്തിന്റെ പ്രാണഞരമ്പുകളെയാണ്. ഇനി രോഗികളുടെ എണ്ണം പോരാതാകും. പുതിയ പുതിയ രോഗങ്ങള്‍ നമ്മുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടും. മേടിക്കുന്ന ഫീസിനു പുറമെ മരുന്നുകമ്പനികള്‍ നല്‍കുന്ന കപ്പത്തിന് കനം കൂടും, അതും പേറേണ്ടത് നാം തന്നെ. ദൈവഭയവും മനുഷ്യസ്‌നേഹവുമുള്ള ഡോക്ടര്‍മാര്‍ക്കെതിരെ ഇപ്പോഴേ വൈദ്യസംഘടനകള്‍ വെടിപൊട്ടിച്ചുകഴിഞ്ഞു. ആരോഗ്യപാനീയമായി പെപ്‌സിയുമാകാമെന്ന് വിധിയെഴുതിയ ആ സംഘടനകളില്‍ അല്‍പം നീതിബോധമുള്ള ഏത് ഡോക്ടര്‍ക്ക് നില്‍ക്കക്കള്ളിയുണ്ടാകും!
ഓരോ അഡ്മിഷന്‍ കാലത്തും, മീഡിയയും രാഷ്ട്രീയകക്ഷികളും ആണ്ടുത്സവംപോലെ കൊണ്ടാടുന്ന ഈ സ്വാശ്രയ വിവാദത്തില്‍ ശരിക്കും ഇരകള്‍ ആരാണ്? കോടികള്‍ കോഴവാങ്ങുന്ന മാനേജ്‌മെന്റും അതിന് വിലപേശുന്ന രക്ഷിതാക്കളും ഒരര്‍ഥത്തില്‍ പ്രതിസ്ഥാനത്താണ്. അത്രയും പണം നല്‍കി ചുമക്കാന്‍ മാത്രം എന്ത് കോപ്പാണ് ഈ അലോപ്പതി വൈദ്യബിരുദത്തിലുള്ളത് എന്ന നൈതികമായ ചോദ്യം ആരും ഉന്നയിക്കാത്തതെന്താണ്? ആര്‍ക്കുവേണ്ടിയാണ് വിദ്യാര്‍ഥി സംഘടനകളും മീഡിയയും ഇങ്ങനെ ഒച്ചവെക്കുന്നത്? നന്നായി പഠിച്ച് എന്‍ട്രന്‍സ് പാസായ മിടുക്കരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയാല്‍ മാത്രം മതി കേരളത്തിന് ആവശ്യമായ ഡോക്ടര്‍മാരുണ്ടാകാന്‍. കോടീശ്വരന്മാരായ രക്ഷിതാക്കള്‍ക്കും കൊള്ളക്കാരായ സ്വാശ്രയ മേലധ്യക്ഷന്മാര്‍ക്കുമിടയില്‍ വിലപേശുന്ന മാര്‍ക്കറ്റിംഗ് ഏജന്റുമാരാകാന്‍ വിദ്യാര്‍ഥിസംഘടനകളും മാധ്യമങ്ങളും എന്തിന് മിനക്കെടണം?
ഈ വിവാദകോലാഹലങ്ങള്‍ക്കിടയില്‍ അമര്‍ന്നുപോകുന്ന യഥാര്‍ഥ ഇരകള്‍ ആയിരക്കണക്കിന് ദരിദ്രരോഗികളാണ്. മെഡിസിനുപോകാന്‍ മോഹിച്ച കൗമാരക്കാരന് അതു കിട്ടിയില്ലെങ്കില്‍ വേറെയും പഠന മേഖലകളുണ്ട്. ധനികസന്താനങ്ങള്‍ക്ക് അറ്റകൈക്ക് നോക്കിനടത്താന്‍ കുടുംബത്തിന്റെ ബിസിനസ്സുണ്ട്. മാറാരോഗം കൊണ്ട് നരകിച്ച് ഒരുനേരത്തെ മരുന്നിനു വകയില്ലാതെ തെണ്ടുന്ന, ചികിത്സിക്കാന്‍ കാശില്ലാതെ കുടുംബസമേതം ആത്മഹത്യചെയ്യുന്ന, മെഡിക്കല്‍ കോളേജ് മുറ്റത്ത് ഉണ്ണാന്‍ പണമില്ലാതെ വെയിലേറ്റ് തളര്‍ന്നുപോകുന്ന, ചുമച്ചുചുമച്ച് ചോര ചര്‍ദ്ദിച്ച് കുഴഞ്ഞുവീഴുന്ന ആയിരക്കണക്കിന് പാവങ്ങള്‍ക്ക് വേറെ വഴികളൊന്നുമില്ല; യാതനാപൂര്‍ണമായ മരണമല്ലാതെ. ചത്താലും ആശുപത്രി മുതലാളിക്കു കൊടുക്കേണ്ട ഫീസ് ഒറ്റപൈസപോലും കടംപറയാതെ അടച്ചാലല്ലാതെ ശവമെടുക്കാന്‍ പോലും സമ്മതിക്കില്ലല്ലോ ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍.
പിന്‍വാതില്‍-സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെയുള്ള സമരത്തിന് ഒരു മതേതര മുഖച്ഛായയുണ്ട്. മത-ന്യൂനപക്ഷ വിഭാഗങ്ങള്‍ എല്ലാം അന്യായമായി കൈയടക്കിവെച്ചിരിക്കുന്നുവെന്നാണ് അതിന്റെ പ്രധാന പ്രമേയം. കോടികള്‍ അവര്‍ മുതലിറക്കുന്നു, സീറ്റെല്ലാം അവര്‍ കൊണ്ടുപോകുന്നു, മതേതര (എന്നുവെച്ചാല്‍ സവര്‍ണ) വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ മുഴുവന്‍ അവര്‍ തട്ടിയെടുക്കുന്നു എന്നെല്ലാം. ഈ ന്യൂനപക്ഷ വിഭാഗത്തില്‍ മുസ്‌ലിംകളും പെടും. അവര്‍ക്കുമുണ്ടല്ലോ സമുദായത്തെ ഉദ്ധരിക്കാന്‍ മാത്രം മിനക്കെടുന്ന ചില കോളേജുകള്‍. എന്നാല്‍ അവരുടെ ഉദ്ധാരണശേഷിയില്‍ ഈയിടെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സമുദായ സംഘടനയുടെ മുതിര്‍ന്ന നേതാവുതന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്നു. അത്തരം സ്ഥാപനങ്ങളിലും കൂടുതല്‍ സീറ്റുനേടുന്നത് മുസ്‌ലിം വിദ്യാര്‍ഥികളല്ല എന്നാണദ്ദേഹത്തിന്റെ കണ്ടെത്തല്‍. പറഞ്ഞ സംഖ്യ റൊക്കം കൊടുക്കാന്‍ മാത്രം മുസ്‌ലിം മുതലാളിമാരില്ല എന്നോ മുസ്‌ലിം ധനികസന്താനങ്ങള്‍ വേണ്ടത്ര എന്‍ട്രസ് എഴുതുന്നില്ല എന്നോ ആണ് ആ സംശയത്തിന്റെ കാണാത്ത കാതല്‍.
പാവം സമുദായം!
[email protected]

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം