സാമ്പത്തിക ഇടപാടുകളിലെ ഇസ്‌ലാമികത
മനുഷ്യ ജീവിതം സുഖകരവും സന്തോഷപ്രദവുമാക്കാന്‍ അനിവാര്യമായ ഒരു ഘടകമാണ് സമ്പത്ത്. സൃഷ്ടിയില്‍ മനുഷ്യര്‍ തമ്മില്‍ അന്തരമുണ്ട്. ആരോഗ്യം, ശരീരബലം, മനോധൈര്യം, ബുദ്ധിശക്തി, കര്‍മശേഷി, പ്രകടന സാമര്‍ഥ്യം, വാസനകള്‍, വിരുതുകള്‍ തുടങ്ങി അനേകം ഘടകങ്ങളില്‍ മനുഷ്യര്‍ വ്യത്യസ്തരാണ്. സൗന്ദര്യം, സ്വഭാവ വൈശിഷ്ട്യം, ഇഛാശക്തി, ആജ്ഞാശക്തി തുടങ്ങിയ ഗുണങ്ങള്‍ എല്ലാവര്‍ക്കുമില്ല. ഇതുപോലെ സമ്പത്തും ഭൗതിക വിഭവങ്ങളും വ്യത്യസ്ത അളവിലാണ് മനുഷ്യര്‍ പങ്കുവെക്കുന്നത്.
മനുഷ്യന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ വിഭവങ്ങള്‍ അനിവാര്യമാണ്. ആവശ്യത്തെ മൂന്നായി തിരിക്കാം. ആദ്യപടി അത്യാവശ്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണ്. ഇത് സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമായിരിക്കണം. ഈ ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ മനുഷ്യന്റെ ആഗ്രഹം അടുത്ത പടിയിലേക്കുകയറും. നല്ല ഭക്ഷണം, ഭംഗിയുള്ള വസ്ത്രം, സൗകര്യമുള്ള പാര്‍പ്പിടം എന്നേടത്തുനിന്ന് തുടങ്ങി, സഞ്ചരിക്കാന്‍ വാഹനം, വിശ്രമിക്കാനും വിനോദത്തിലേര്‍പ്പെടാനും സൗകര്യം, ആശയവിനിമയത്തിനുള്ള അവസരം... അങ്ങനെ അറിയാതെ അടുത്ത പടിയിലേക്ക് കയറുന്നു. സുഖദായകമായ ഈ ആവശ്യങ്ങളും കടന്ന് ആഢംബരത്തിലേക്കുയരുമ്പോള്‍ ആവശ്യങ്ങള്‍ അനന്തമാകുന്നു. അവ നിവര്‍ത്തിക്കാന്‍ അനേക തരം വിഭവങ്ങള്‍ ആവശ്യമായി വരുന്നു. അവയുടെ ഉല്‍പാദനവും വിതരണവുമാണ് സമ്പദ്ഘടനയുടെ ഗതി നിര്‍ണയിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ നാഗരിക സമൂഹങ്ങളില്‍ എത്ര പ്രധാനമാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ഉപഭോഗ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന പ്രക്രിയയില്‍ അനേകം പേര്‍ പങ്കുചേരുന്നു. ആനുപാതികമായ ഒരു ലാഭം/ വരുമാനം എല്ലാവര്‍ക്കും ലഭിക്കുന്നു. ഈ വരുമാനത്തിന്റെ വലുപ്പമാണ് സാമ്പത്തിക വളര്‍ച്ചയായും പുരോഗതിയായും പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഭൗതിക വിഭവങ്ങള്‍ക്കൊപ്പം, ബുദ്ധിപരമായ കഴിവുകളും വരുമാനത്തിന്റെ സ്രോതസ്സാണ്. സമൂഹത്തില്‍ ചിലര്‍ക്ക് മാത്രമുള്ള കഴിവുകള്‍ ഒരു നല്ല വരുമാന മാര്‍ഗമാക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ ബൗദ്ധിക സമ്പത്തും സമൂഹത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാനമാണെന്നര്‍ഥം.
വിഭവങ്ങള്‍ വ്യത്യസ്ത സ്രോതസ്സുകളിലാണുള്ളത്. ആവശ്യക്കാര്‍ക്ക് അത് ലഭ്യമാക്കുന്ന പ്രക്രിയയാണ് വ്യാപാരം. സാമ്പത്തിക മേഖലയില്‍ ഏറെ പ്രധാനമാണ് വ്യാപാരികളുടെ സേവനം. ഈ മേഖല വളരെ വിശാലമാണ്. ഇസ്‌ലാം അതിപ്രധാനമായ ഈ മേഖലയെ ഏറെ പ്രയോജനകരമാക്കാനുള്ള നിയമനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. സമൂഹത്തിന് ദോഷകരവും ദുഃഖ കാരണവുമാകാവുന്ന സകല വഴികളുമടച്ച് സുരക്ഷിതമായ ഒരു പാത തുറന്നുതരികയാണത്. സമ്പത്ത് വളരാനും പ്രയോജനപ്പെടാനും സമൂഹത്തിന് പൊതുവില്‍ ഗുണകരമാവാനും ഉതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇസ്‌ലാം.
ഒരു ഇസ്‌ലാമിക വ്യവസ്ഥിതിക്ക് കീഴിലല്ലാതെ ജീവിക്കുമ്പോള്‍ ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ വിസ്മരിക്കുക സ്വാഭാവികമാണ്. മുസ്‌ലിം സമുദായത്തിന് സംഭവിച്ചതതാണ്. ആരാധനാ കര്‍മങ്ങളുടെ പഠനത്തില്‍ മതപഠനം ഒതുങ്ങി. ഒരു സാക്ഷ്യപത്രം നേടാന്‍ മാത്രം മറ്റു വിഷയങ്ങള്‍ വായിച്ചു. നിത്യജീവിതത്തില്‍ അവസരമില്ലാതാകുമ്പോള്‍ അവയെല്ലാം വിസ്മൃതമാവും. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അനേകം താളുകളില്‍ പരന്നു കിടക്കുന്നതാണ് കൊള്ളക്കൊടുക്കകളുടെ പഠനം. പരിശുദ്ധ ഖുര്‍ആന്‍, തിരുചര്യ, സച്ചരിതരായ ഖുലഫാഉകളുടെ മാതൃക മുതലായവ മുന്നില്‍ വെച്ച് അന്നത്തെ കാലിക പ്രശ്‌നങ്ങളെ ഗവേഷണ വിധേയമാക്കാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ അശ്രാന്തം പരിശ്രമിച്ചു. അതിന്റെ ഉല്‍പന്നമാണ് ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പഠനങ്ങള്‍.
സാമ്പത്തിക വിനിമയരംഗത്ത് ദിനേന പുതിയ രീതികള്‍ ആവിഷ്‌കൃതമായി. അവയുടെ ഇസ്‌ലാമികമാനം കണ്ടെത്താന്‍ ആധുനിക പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇസ്‌ലാമിക ഗവേഷണം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഏറ്റവും സജീവമായത് സാമ്പത്തിക ഇടപാടുകളുടെ മേഖലയിലാണ്. എന്നാല്‍, അനിസ്‌ലാമിക സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിം മനസ്സ് ഈ രംഗം ആരാധന പോലെ പ്രധാനമാണെന്നംഗീകരിച്ചുതരുന്നില്ല. ഈ വൈമുഖ്യത്തിന്റെ പ്രത്യാഘാതമാണ് ഇന്ന് സമുദായം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ. വ്യക്തികള്‍ സമ്പന്നരാണെങ്കിലും സമൂഹം സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നു. വ്യക്തികളുടെ സമ്പാദ്യം പ്രളയ ജലം പോലെ െപട്ടെന്ന് അപ്രത്യക്ഷമാവുന്നു. സാമ്പത്തിക കുറ്റങ്ങളില്‍ മുസ്‌ലിം പേരുള്ള കുറ്റവാളികള്‍ പെരുകുന്നു. സ്വപ്നത്തിലെന്ന പോലെ സമ്പന്നരും ധാനഢ്യരും വര്‍ധിക്കുന്നു. ശരീരമോ മനസ്സോ അധ്വാനിക്കാതെ പണക്കാരാകാനുള്ള മോഹം അതിരില്ലാതെ വളരുന്നു. വിനഷ്ടമായ സാമൂഹിക സന്തുലിതത്വം അനേകം വിനാശങ്ങള്‍ വിതക്കുന്നു. അതിന്റെ ഇരകള്‍ പൊതുസമൂഹമാണ്, നിരപരാധികളാണ്.
ഈ വര്‍ത്തമാനകാല ദുഃഖങ്ങളെ ഇസ്‌ലാമിക ശിക്ഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം.
ഇസ്‌ലാമിക ശിക്ഷണമനുസരിച്ച് ഒരാളുടെ കൈവശമുള്ള വിഭവങ്ങള്‍ അല്ലാഹു അയാളെ ഏല്‍പിച്ച അനാമത്താണ്. അത് മറ്റൊരാള്‍ സ്വന്തമാക്കുന്നതിന് സ്വീകരിക്കുന്ന ഏത് വിനിമയരീതിയും പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ളതാവണം. ''വിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ നിങ്ങളുടെ സ്വത്തുകള്‍ അന്യായമായി അന്യോന്യമെടുത്ത് തിന്നരുത്'' (4:29). തിരുനബി (സ) അരുളി: ''ഒരു മുസ്‌ലിമിന്റെ മനസ്സംതൃപ്തിയോടു കൂടിയല്ലാതെ അയാളുടെ സ്വത്ത് അനുവദനീയമാവില്ല.'' മറ്റൊരിക്കല്‍ അവിടുന്ന് അരുള്‍ ചെയ്തു: ''പരസ്പര സംതൃപ്തിയോടെ മാത്രമേ കച്ചവടം പാടുള്ളൂ.''
പരസ്പരം സംതൃപ്തിയുണ്ടാവണമെങ്കില്‍ മൂന്നുപാധികള്‍ പൂര്‍ത്തീകരിക്കണം.
1. വില്‍ക്കുന്ന ആള്‍ സ്വന്തം ഇഷ്ടപ്രകാരം വില്‍ക്കണം.
2. വാങ്ങുന്നവന്‍ സ്വന്തം ഇഷ്ടമനുസരിച്ച് വാങ്ങണം.
3. വില്‍ക്കുന്നവനും വാങ്ങുന്നവനും വില നിര്‍ണയിക്കുന്നത് അവരുടെ താല്‍പര്യമനുസരിച്ചാവണം. ബാഹ്യമായ ഒരു തരത്തിലുള്ള പ്രലോഭനങ്ങള്‍ക്കും വിധേയരാവരുത്.
മറ്റു ചില ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാലേ ഈ സംതൃപ്തി സ്ഥായിയായി നിലകൊള്ളുകയുള്ളൂ. അതിലൊന്നാണ് ഇടപാടുകാരുടെ സത്യസന്ധതയും വിശ്വസ്തതയും. ഈ സ്വഭാവഗുണത്തിന് ഇസ്‌ലാം വലിയ സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നത്. നബി(സ) പഠിപ്പിക്കുന്നു: ''വിശ്വസ്തനും സത്യസന്ധനുമായ വ്യാപാരി അന്ത്യനാളില്‍ പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍ എന്നീ ഉന്നതന്മാരോടൊപ്പമായിരിക്കും'' (അല്‍ മുസ്തദ്‌റക്). ഇതുപോലെ പ്രധാനമാണ് ഇടപാടുകാരുടെ വിശാല മനസ്‌കതയും വിട്ടുവീഴ്ചയും. നബി(സ) പഠിപ്പിക്കുന്നു: ''വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും തന്റെ അവകാശം നേടിയെടുക്കുമ്പോഴുമെല്ലാം വിട്ടുവീഴ്ചയുള്ളവനെ അല്ലാഹു അനുഗ്രഹിക്കും.''
വിഭവങ്ങളുടെ വിനിമയത്തിന്റെ അടിസ്ഥാനം അവയുടെ പ്രയോജനമാണ്. വാങ്ങുന്നവന് പ്രയോജനപ്പെടാത്തത് വില്‍ക്കുന്നത് അയാളുടെ ധനം അപഹരിക്കുന്നതിന് തുല്യമാണ്. ഇവിടെ സംതൃപ്തി ഉണ്ടാവില്ല. മാത്രമല്ല, ശത്രുതയും വിദ്വേഷവും വെറുപ്പും വളരുകയും ചെയ്യും. സാമ്പത്തിക വിനിമയങ്ങളില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന മറ്റൊരു പ്രധാന അടിത്തറ ഇടപാടുകാരിലൊരാള്‍ക്ക് വലിയ നേട്ടവും മറ്റേ ആള്‍ക്ക് വമ്പിച്ചകോട്ടവും ഉണ്ടാവാന്‍ പാടില്ല എന്നതാണ്. ഇവിടെ പരസ്പരം സംതൃപ്തി എന്ന ഉപാധി സങ്കല്‍പിക്കാനാവില്ല. വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കത് കാരണമാവും. സമാധാനാന്തരീക്ഷം നഷ്ടപ്പെടും. സാമൂഹിക ഭദ്രതക്ക് കോട്ടം തട്ടും.
ഇസ്‌ലാമിക ശിക്ഷണങ്ങളെല്ലാം ഈ അടിസ്ഥാന തത്ത്വങ്ങളില്‍ അധിഷ്ഠിതമാണെന്ന് കാണാം. സാമ്പത്തിക ഇടപാടുകളില്‍ പകരം കൊതിക്കാതെ ചെയ്യുന്നവയുണ്ട്.വിശ്വാസി തന്റെ പാരത്രിക മോക്ഷവും ദൈവപ്രീതിയും ലക്ഷ്യം വെച്ച് ചെയ്യുന്ന ഇടപാടുകളാണവ. ഈ രംഗത്തും സഹജീവികളുടെ സംതൃപ്തി പരിഗണിക്കപ്പെടണം. മക്കളില്‍ ഒരാള്‍ക്ക് കൂടുതല്‍ ദാനം ചെയ്തത് നബി(സ) തിരുത്തിയതിന്റെ പൊരുളിതാണ്. ഉപര്യുക്ത തത്ത്വങ്ങളെ സാംശീകരിക്കുന്ന ഒരു പൊതുതത്ത്വം നബി(സ) പഠിപ്പിച്ചിരിക്കുന്നു. കര്‍മശാസ്ത്രജ്ഞന്മാര്‍ ഒരു പ്രധാന അടിത്തറയായി അംഗീകരിച്ച പ്രസ്തുത തത്ത്വമാണ് ലാ ദററ വലാ ദിറാറ എന്നത്. സ്വയം നഷ്ടം ഏല്‍ക്കാനോ മറ്റുള്ളവര്‍ക്ക് നഷ്ടമേല്‍പിക്കാനോ പാടില്ല, ഉപദ്രവമേല്‍ക്കാനോ ഉപദ്രവിക്കാനോ പാടില്ല എന്നെല്ലാം വിവര്‍ത്തനം ചെയ്യാവുന്ന വിശാലമായ ആശയമുള്‍ക്കൊള്ളുന്നതാണ് ഈ വചനം. ലളിതമായ ഈ മാനദണ്ഡമുപയോഗിച്ച് കൊള്ളക്കൊടുക്കകളെ നിരീക്ഷിച്ചാല്‍ അവയില്‍ ശരിയും തെറ്റും വേര്‍തിരിക്കാന്‍ വളരെ എളുപ്പമാണ്.
ഇടപാടില്‍ അര്‍ഹമായ പകരം ലഭിക്കാതെ വില്‍ക്കുന്നവന്‍ ഉപദ്രമേറ്റുവാങ്ങുന്നു. അര്‍ഹമായ പകരം ലഭിക്കാതെ പണം കൊടുത്ത് വാങ്ങുന്നവന്‍ നഷ്ടമേറ്റുവാങ്ങുന്നു. വാങ്ങുന്നവന് ബോധപൂര്‍വം നഷ്ടമുണ്ടാക്കുന്നത്അയാളെ ഉപദ്രവിക്കലാണ്. ഇരുകക്ഷികളും ഈ തത്ത്വം പാലിച്ചാല്‍ എല്ലാ നിഷിദ്ധ ഇടപാടുകളും ഇല്ലാതാകും. ജീവിതത്തിലെ എല്ലാ മേഖലകളിലും പാലിക്കേണ്ട ഒരു സുപ്രധാന നിയമമാണിത്. പരസ്പരം സംതൃപ്തിയുണ്ടാവാന്‍ ഏറ്റവും പറ്റിയ മാര്‍ഗവും ഇതുതന്നെ. ഇടപാടുകാര്‍ രണ്ടു പേരും സന്തോഷത്തോടെ പിരിഞ്ഞുപോകുന്ന അന്തരീക്ഷം ഇവിടെയാണുണ്ടാവുക. ആധുനിക ശൈലിയില്‍ പറഞ്ഞാല്‍, 'വിന്‍, വിന്‍'. രണ്ടാളും വിജയിച്ചു, രണ്ടാള്‍ക്കും ലാഭമുണ്ടായി. ഒരാള്‍ക്ക് ലാഭവും ഒരാള്‍ക്ക് നഷ്ടവുമുണ്ടായില്ല. അപ്പോള്‍ മാത്രമാണ് രണ്ടാളും സംതൃപ്തരാവുന്നത്.
കച്ചവടം ഏറ്റവും വലിയ പുണ്യമാണെന്ന് നാം കണ്ടു. സത്യസന്ധനായ കച്ചവടക്കാരന്‍ സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെ സഹവാസമനുഭവിക്കുമെന്നും. ഇതിന് അനിവാര്യമായ ഒരു നിബന്ധനയുണ്ട്. സദുദ്ദേശ്യത്തോടെ കച്ചവടത്തില്‍ ഏര്‍പ്പെടുക എന്നതാണത്. ഇസ്‌ലാമിലെ പരമപ്രധാനമായ കര്‍മരേഖയാണ് 'കര്‍മങ്ങള്‍ അവയുടെ പ്രചോദകമായ ഉദ്ദേശ്യമനുസരിച്ച് മാത്രമേ വിലയിരുത്തപ്പെടൂ'(ഇന്നമല്‍ അഅ്മാലു ബിന്നിയാത്ത്) എന്നത്. ഈ തിരുവചനത്തിന്റെ വെളിച്ചത്തില്‍ ഇടപാടുകാര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യണം. തന്റെ വ്യാപാരത്തിലൂടെ സഹോദരങ്ങള്‍ക്ക് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണം, അവര്‍ നല്‍കുന്ന പണത്തിന് പകരം ലഭിക്കണം, സര്‍വോപരി അവര്‍ക്ക് സന്തോഷമുണ്ടാവണം എന്ന ഉദ്ദേശ്യത്തോടെ കച്ചവടം ചെയ്യുമ്പോള്‍ മാത്രമേ മഹത്തായ പ്രതിഫലം ലഭിക്കുന്ന കര്‍മമായി കച്ചവടം മാറുകയുള്ളൂ. മനസ്സില്‍ മറ്റുള്ളവരെ കെണിയില്‍ വീഴ്ത്താനുള്ള ദുഷ്ട ചിന്തയാണെങ്കില്‍ രക്ഷയല്ല, ശിക്ഷയാണ് ലഭിക്കുക.
മറ്റൊരു നബിവചനം കൂടി ഇതോട് ചേര്‍ത്തുവായിക്കാം. ''തനിക്കിഷ്ടപ്പെടുന്നത് സഹോദരന് ഇഷ്ടപ്പെടുവോളം ഒരാള്‍ സത്യവിശ്വാസിയാവുകയില്ല.'' തനിക്ക് നഷ്ടം വരുന്നതും താന്‍ കബളിപ്പിക്കപ്പെടുന്നതും ഒരാളും ഇഷ്ടപ്പെടുന്നില്ലല്ലോ. അപ്പോള്‍ സഹോദരന് ആ ദുരനുഭവങ്ങളുണ്ടാക്കാന്‍ ഒരു വിശ്വാസി എങ്ങനെ ധൈര്യപ്പെടും? ഈ തത്ത്വങ്ങളിലൂന്നിയാണ് സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കേണ്ടത്.
എന്താണ് സമ്പത്ത്?
സമ്പത്തിന്റെ വിശദീകരണത്തില്‍ ഒന്നാമതായി വരുന്നത് ഭൗതിക വിഭവങ്ങളാണ്. ഭക്ഷണ സാധനങ്ങള്‍, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, വീടുകള്‍ വാഹനങ്ങള്‍, ദൂരദര്‍ശിനി, ആകാശവാണി, ടെലിഫോണ്‍ തുടങ്ങി എത്രയോ വസ്തുക്കളും സേവനങ്ങളും ഈ ഇനത്തില്‍ പെടുന്നു. ഇവ വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളാണ് ഇടപാടുകളുടെ നിയമങ്ങളില്‍ ഏറിയ പങ്കും. ഇവക്കു പുറമെ കൊള്ളക്കൊടുക്കക്ക് വിധേയമാകുന്ന മറ്റൊരിനമാണ് പ്രയോജനം. വീട്ടില്‍ താമസിക്കുക എന്ന ഉപയോഗത്തിന് പ്രതിഫലമാവശ്യപ്പെടാം. വാഹനത്തില്‍ സഞ്ചരിക്കുന്നതിന് പകരമാവശ്യപ്പെടാം, പീടികയില്‍ കച്ചവടം ചെയ്യുന്നതിന് പ്രതിഫലം ചോദിക്കാം. ഇവക്കെല്ലാം പകരമായി നല്‍കുന്ന സമ്പത്തിന്റെ മറ്റൊരിനമാണ് ദ്രവ്യം. സ്വര്‍ണം, വെള്ളി, നാണയം, പണം തുടങ്ങിയവ ദ്രവ്യത്തിന്റെ വകഭേദങ്ങളാണ്. ഇവ സാമ്പത്തിക ഇടപാടുകളില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ്. കൈകാര്യം ചെയ്യാനുള്ള സൗകര്യം പരിഗണിച്ച് ദ്രവ്യം പുതിയ രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കറന്‍സി നോട്ടുകള്‍, ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ ഉദാഹരണം.
സാമ്പത്തിക ഇടപാടുകള്‍
ഇസ്‌ലാമികകര്‍മശാസ്ത്രജ്ഞര്‍ പൊതുവില്‍ ഏകോപിച്ചംഗീകരിച്ച ഒരു തത്ത്വമാണ് 'അടിസ്ഥാനപരമായി എല്ലാ ഇടപാടുകളും അനുവദനീയമാണ്'എന്നത്. ഒരിടപാട് നിഷിദ്ധമാണെന്ന് വിധിക്കാന്‍ കാരണം വേണം. എന്നാല്‍ മറിച്ച് ചിന്തിച്ച സൂക്ഷ്മാലുക്കളായ പണ്ഡിതന്മാരുമുണ്ട്. അടിസ്ഥാനപരമായി ഇടപാടുകള്‍ നിഷിദ്ധമാണ്. വിശുദ്ധ ഖുര്‍ആനിലോ തിരുസുന്നത്തിലോ അനുവദിച്ചത് മാത്രമേ സ്വീകരിക്കാവൂ. മറ്റുള്ളവയെല്ലാം വര്‍ജിക്കണമെന്നാണവരുടെ കാഴ്ചപ്പാട്. അനുവദനീയമാവുക എന്നത് അടിസ്ഥാനവും നിഷിദ്ധമാവുക എന്നത് ദീനിലെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്വീകരിക്കുന്ന നിയമവും എന്നതാണ് കൂടുതല്‍ ബോധ്യമാവുന്ന തത്ത്വം.
ഇതുപോലെത്തന്നെ ഇടപാടുകളില്‍ പരസ്പരം അംഗീകരിക്കുന്ന നിബന്ധനകളും അടിസ്ഥാനപരമായി അനുവദനീയമാണ്. ഇതിലും മേല്‍ സൂചിപ്പിച്ച പോലെ വിയോജിക്കുന്ന പണ്ഡിതന്മാരുണ്ട്. ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയ നിബന്ധനകളേ പാടുള്ളൂ എന്ന വീക്ഷണമാണവര്‍ക്കുള്ളത്. ഈ വിയോജിപ്പ് നാമിവിടെ കുറിക്കുന്നത് അനുവാചകരുടെ മനസ്സില്‍ പണ്ഡിതന്മാരുടെ സമീപന രീതിയും ഇക്കാലത്ത് സമുദായം സ്വീകരിക്കുന്ന സമീപനവും തമ്മിലുള്ള അന്തരം തെളിഞ്ഞുവരാനാണ്. ''അല്ലാഹു അനുവദിച്ചത് മാത്രം മതി'' എന്ന മനസ്സ് ബഹുമാനിക്കപ്പെടേണ്ടതാണ്.
അക്രമം അരുത്
ഇടപാടുകളില്‍ പ്രത്യേകം പാലിക്കേണ്ട മറ്റൊരു പ്രധാന തത്ത്വമാണിത്. വിശുദ്ധ ഖുര്‍ആനില്‍ അനേകം തവണ ആവര്‍ത്തിച്ച് നിരോധിച്ച കാര്യമാണ് ഇടപാടുകളില്‍ അക്രമം ചെയ്യുന്നത്. ''നിങ്ങള്‍ ജനങ്ങളുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്'' (7:85). ''അനര്‍ഹമായി നിങ്ങളുടെ സമ്പത്ത് പരസ്പരം തിന്നരുത്'' (2:188). ''തൂക്കത്തിലും അളവിലും കുറവ് വരുത്തുന്നവര്‍ക്ക് നാശം'' (83:1). ശുഐബ് (അ) ഏല്‍പിക്കപ്പെട്ട പ്രധാന ദൗത്യം കച്ചവടത്തിലെ അക്രമം അവസാനിപ്പിക്കുക എന്നതായിരുന്നു. നബി(സ) ഈ വിഷയകമായി ധാരാളം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ''നിങ്ങളുടെ രക്തവും ധനവും അഭിമാനവും നിങ്ങള്‍ ഹനിക്കരുത്. അത് നിങ്ങള്‍ക്ക് നിഷിദ്ധമാണ്'' (ബുഖാരി, മുസ്‌ലിം). ഈ തിരുവചനത്തില്‍ ഒരാളുടെ സമ്പത്ത് അതിക്രമിച്ചെടുക്കുന്നതിനെ അയാളുടെ ജീവന്‍ ഒടുക്കുന്നതിനോട് ചേര്‍ത്ത് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. അക്രമത്തിനു സാധ്യതയുള്ള സകല ഇടപാടുകളും നബി(സ) നിരോധിച്ചിരിക്കുന്നു. പശുക്കളെ വില്‍ക്കുമ്പോള്‍ പാല്‍ കെട്ടി നിര്‍ത്തി വില്‍ക്കുക, കൃത്യമായി ഏതെന്ന് പറയാതെ സാധനങ്ങള്‍ വില്‍ക്കുക, ഒരാള്‍ വിലപേശി വാങ്ങുമ്പോള്‍ മറ്റൊരാള്‍ ഇടക്കുകയറി വാങ്ങുക, വസ്തുക്കളുടെ ന്യൂനത ഗ്രഹിക്കാനാവാത്തവിധം വില്‍ക്കുക, മാര്‍ക്കറ്റിലേക്ക് ചരക്കെത്തുന്നതിന് മുമ്പ് മുന്‍കൂട്ടി പോയി വാങ്ങുക തുടങ്ങി വാങ്ങുന്നവനോ വില്‍ക്കുന്നവനോ ഏതെങ്കിലും തരത്തില്‍ ഉപദ്രവകാരിയാകുന്ന എല്ലാ ഇടപാടുകളും നിഷിദ്ധമാക്കിയിരിക്കുന്നു.
ചതി പാടില്ല
മറ്റൊരടിസ്ഥാന തത്ത്വമാണ് കച്ചവടത്തില്‍ ഒരുതരത്തിലുള്ള ചതിയും പാടില്ലെന്നത്. നബി(സ) ഇക്കാര്യം വ്യക്തമായി പഠിപ്പിച്ചു: ''ചതിയുള്ള കച്ചവടം തിരുമേനി നിരോധിച്ചിരിക്കുന്നു'' (മുസ്‌ലിം). ചതിയില്‍ പെടാന്‍ സാധ്യതയുള്ള അനേകം വ്യാപാര രീതികള്‍ അറേബ്യയില്‍ നടപ്പുണ്ടായിരുന്നു. മൃഗങ്ങളുടെ കച്ചവടത്തിലാണ് ഇതിലധികവും. ഇതെല്ലാം നബി(സ) പേരെടുത്ത് പറഞ്ഞ് നിരോധിച്ചത് കാണാം. ചന്തകളില്‍ കാണാറുള്ള യോഗ ഭാഗ്യം പരീക്ഷിക്കുന്ന വിവിധ ഇനം കച്ചവടങ്ങളും നബി(സ) നിരോധിച്ചവയില്‍ പെടുന്നു. ഉപഭോക്താവിന് കൃത്യമായി എന്ത് ലഭിക്കുമെന്നറിഞ്ഞിരിക്കണം. അതില്‍ അവ്യക്തതയുണ്ടായാല്‍ ആ ഇടപാട് നിഷിദ്ധമാണ്.
എന്നാല്‍, നിസ്സാരമായ അവ്യക്തതയോടെ ഇടപാടുകള്‍ സാധുവാകുമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഉദാഹരണമായി ഒരാള്‍ കാര്‍ വാടകക്കെടുക്കുന്നുവെന്ന് വിചാരിക്കുക. കൃത്യമായി ഒരു ദിവസം എത്ര ഓടിക്കുമെന്ന് തിട്ടപ്പെടുത്താനാവില്ലല്ലോ. ചിലര്‍ കൂടുതല്‍ ഉപയോഗിക്കും. മറ്റു ചിലര്‍ കുറച്ച് ഉപയോഗിക്കും. ഇത്തരം അവ്യക്തതകള്‍ 'പൊതുവായ ആവശ്യമായി' പരിഗണിക്കണം. അപ്പോള്‍ 'അത്യാവശ്യമായ' കാര്യങ്ങളുടെ വിധിയാണവക്ക്. കാര്‍ഷികോല്‍പന്നങ്ങള്‍ മതിപ്പ് നടത്തി വില്‍പന നടത്തുന്നത് ഇതുപോലെ ചെറിയ അവ്യക്തതയുള്ള കച്ചവടമാണ്. അതിനാല്‍ അവ്യക്തത പരമാവധി കുറക്കാനുള്ള നിര്‍ദേശം നല്‍കി നബി(സ). വിളവ് വ്യക്തമായി കാണാവുന്ന അവസ്ഥക്ക് മുമ്പ്-കുലയില്‍ മണിപിടിച്ചതെത്രയെന്ന് കാണുന്നതിന് മുമ്പ് വില്‍ക്കുന്നത് നബി (സ) നിരോധിച്ചു. വിളവിനെക്കുറിച്ച് വ്യക്തമായ ഒരു മതിപ്പുണ്ടാവാന്‍ സാധിക്കുമ്പോള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. എന്നാല്‍, പിന്നെയും യഥാര്‍ഥ വിളവില്‍ ഏറ്റക്കുറവുണ്ടാവാമല്ലോ. അത് അന്യോന്യം അറിഞ്ഞും അംഗീകരിച്ചും കച്ചവടമാകാമെന്നാണ് മനസ്സിലാക്കേണ്ടത്.
ചില അവ്യക്തതകള്‍ ഒഴിവാക്കുക ദുഷ്‌കരമാണ്. ഉദാഹരണമായി വീട് വാങ്ങുമ്പോള്‍ അതിന്റെ അസ്ഥിവാരം എത്ര ഭദ്രമാണ് എന്ന് ഗ്രഹിക്കാനാവില്ല. ഗര്‍ഭിണിയായ മൃഗത്തെ വാങ്ങുമ്പോള്‍ ഗര്‍ഭം ആണോ പെണ്ണോ എന്ന് നിശ്ചയമില്ല. ഇത്തരം അവ്യക്തതകള്‍ അംഗീകരിച്ച് കച്ചവടം നടത്താന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്.
പകരം വാങ്ങാതെ നടത്തുന്ന ഇടപാടുകളില്‍ -ദാനം, വഖ്ഫ് മുതലായവ- അവ്യക്തത അനുവദനീയമാണെന്നാണ് പ്രബലമായ പണ്ഡിതാഭിപ്രായം. ലഭിക്കുന്ന വ്യക്തിക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ഇവിടെ അവ്യക്തത പ്രശ്‌നമാക്കേണ്ടതില്ല.
ചൂതാട്ടവും നിഷിദ്ധം
ഒറ്റയടിക്ക് വമ്പിച്ച നേട്ടമോ നഷ്ടമോ ഉണ്ടാകുന്ന എല്ലാ ഇടപാടുകളും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. മൈസിര്‍ എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തിയാകുന്നു; അതുപേക്ഷിക്കുക'' (5:90). എന്നാല്‍, സുന്നത്തില്‍ 'ഖിമാര്‍' എന്ന പദം ഈ അര്‍ഥത്തില്‍ വന്നിട്ടുണ്ട്. നബി(സ) അരുളി: ''ആരെങ്കിലും തന്റെ കൂട്ടുകാരനോട്, വരൂ നമുക്ക് വാത് വെച്ച് കളിക്കാം എന്നു പറഞ്ഞാല്‍ അയാള്‍ ധര്‍മം ചെയ്യട്ടെ.'' വാത് വെച്ച് കളിക്കാമെന്ന് പറഞ്ഞതിന് പോലും പ്രായശ്ചിത്തം വേണം. അതിനിഷിദ്ധമായ പാപമാണ് ചൂതാട്ടമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇന്ന് ചൂടുപിടിച്ച വിവാദം സൃഷ്ടിച്ച ഭാഗ്യക്കുറി, ചൂതാട്ടത്തിന്റെ ആധുനിക രൂപമാണ്. ഇതില്‍ വ്യവസ്ഥാപിതമായി പണം കൊള്ളയടിക്കാനുള്ള സംവിധാനമാണുള്ളത്. അനേകം പേരില്‍ നിന്ന് ചെറിയ തുക ശേഖരിക്കുമ്പോള്‍ അവര്‍ക്ക് നഷ്ടബോധം കുറവായിരിക്കും. അതിനാല്‍ അവര്‍ വീണ്ടും വീണ്ടും പുതിയ ടിക്കറ്റുകള്‍ വാങ്ങും. ചിലര്‍ സ്വപ്നത്തിലെന്ന പോലെ കോടീശ്വരന്മാരാകും. ഇങ്ങനെ അധ്വാനമില്ലാതെ, കാര്യമായ മുതല്‍മുടക്കില്ലാതെ സമ്പത്ത് വാരിക്കൂട്ടാനുള്ള എല്ലാ പദ്ധതികളും ചൂതാട്ടത്തിന്റെ വകുപ്പില്‍ പെടുന്നു.
ഒരു സത്യവിശ്വാസി തന്റെ സമ്പാദ്യത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ അന്ത്യാനാളില്‍ ബാധ്യസ്ഥനായിരിക്കുമെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു. അവിഹിത മാര്‍ഗത്തില്‍ സമ്പാദിച്ച ഓരോ ചില്ലിക്കാശും അയാള്‍ക്ക് വിനയായിരിക്കും. ആരില്‍നിന്നാണ് ആ സമ്പാദ്യം സ്വീകരിച്ചതെങ്കില്‍ അയാള്‍ക്ക് തന്റെ വിലപ്പെട്ട സുകൃതങ്ങള്‍ നല്‍കേണ്ടിവരും. സുകൃതങ്ങള്‍ തീര്‍ന്നുപോയാല്‍ അയാളുടെ പാപങ്ങള്‍ പേറേണ്ടിവരും. സാമ്പത്തിക ഇടപാട് ഇത്രയും സൂക്ഷ്മത വേണ്ടതാണെന്ന് ഗ്രഹിക്കാത്തതാണ് നമ്മുടെ അനേകം സഹോദരന്മാര്‍ അത്യാഗ്രഹികളായി പെട്ടെന്ന് പണക്കാരാകാനുള്ള കുറുക്കുവഴികള്‍ തേടുന്നതിന്റെ കാരണം.
ഒരു കുറുക്കുവഴിയും ഇസ്‌ലാം അംഗീകരിക്കുന്നതോ അനുവദിക്കുന്നതോ അല്ല. പെട്ടെന്ന് പണക്കാരനാകാനുള്ള അനുവദനീയമായ സാധ്യത, സ്വന്തം ഉടമസ്ഥതയില്‍ പൂര്‍വികരുടെയോ പ്രകൃതിയുടെയോ നിക്ഷേപം(നിധി) കണ്ടെത്തുക എന്നത് മാത്രമാണ്. ഇതിന്റെ ഇരുപത് ശതമാനം സകാത്തായി നല്‍കി എണ്‍പത് ശതമാനം സ്വന്തമാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍, ഇത്തരം നിക്ഷേപങ്ങള്‍ പൊതുമുതലായി പ്രഖ്യാപിച്ച രാഷ്ട്രങ്ങളില്‍ ഇതിനും പഴുതില്ല. നിക്ഷേപം ഭരണാധികാരികളെ ഏല്‍പിക്കുകയാണ് വേണ്ടത്.
ഒരാള്‍ക്ക് പെട്ടെന്ന് നേട്ടമുണ്ടാകുമ്പോള്‍ മറ്റൊരാള്‍ക്കോ അനേകം പേര്‍ക്കോ നഷ്ടമുണ്ടാകുന്നു. ഇതാണ് ഇസ്‌ലാം അനുവദിക്കാത്ത ഇടപാടുകളില്‍ സംഭവിക്കുന്നത്. നിഷിദ്ധ സമ്പാദ്യം മരണാനന്തര വിചാരണയില്‍ പ്രയാസം സൃഷ്ടിക്കും. ഭൗതിക ജീവിതത്തില്‍ അല്ലാഹുവിനോടുള്ള ബന്ധം വിഛേദിക്കും. ഒരു വിഖ്യാതമായ നബിവചനത്തില്‍ ഇങ്ങനെ കാണാം: ''അയാളുടെ ആഹാരവും പാനീയവും വസ്ത്രവും നിഷിദ്ധ സമ്പാദ്യമാണ്. നിഷിദ്ധ പോഷകമാണയാളുടെ ശരീരത്തില്‍. പിന്നെ എങ്ങനെ അയാള്‍ക്ക് പ്രാര്‍ഥനക്കുത്തരം ലഭിക്കും?'' (മുസ്‌നുദുബ്‌നു ജഅ്ദ്, മുഅ്ജമുബ്‌നു അസാകിര്‍).
തെറ്റായ സമ്പാദ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്ക് പാപത്തില്‍ പങ്കാളിത്തമുണ്ട്. പലിശ വാങ്ങി ഭുജിക്കുന്നവന്‍ മഹാ പാപിയാണ്. അയാളെ പലിശ നല്‍കി തീറ്റുന്നവന്‍ ശപിക്കപ്പെട്ടവനാണ്. അയാളുടെ ഗുമസ്തന്‍ ശപിക്കപ്പെട്ടവനാണ്. തെറ്റു ചെയ്യാന്‍ കളമൊരുക്കുന്നവര്‍ കുറ്റത്തില്‍ പങ്കാളികളാണെന്ന വശം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ഒരാള്‍ ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് പണം പിടുങ്ങുമ്പോള്‍ അതിന് പണം കൊടുത്തവര്‍, കൊടുത്ത സംഖ്യയുടെ തോതനുസരിച്ച് കുറ്റക്കാരാകുന്നു. ഒരാള്‍ക്ക് പണമുണ്ടാക്കാന്‍ മൂന്നോ നാലോ അഞ്ചോ പത്തോ ആളുകളെ വലയിടുന്നവര്‍ കുറ്റത്തില്‍ ഒട്ടും പിന്നിലാവില്ല. തങ്ങളെ വിശ്വസിച്ചവരെ വഞ്ചിക്കുകയാണവര്‍.
സത്യസന്ധത, വിശ്വസ്തത
സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകമായി ഉണ്ടാവേണ്ട വിശേഷണങ്ങളാണിവ. ''സത്യവിശ്വാസികളേ, ഉടമ്പടികള്‍ പാലിക്കുക'' (5:1). ''നിങ്ങളില്‍ ചിലര്‍ ചിലരില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അയാള്‍ തന്റെ വിശ്വാസ്യത പാലിക്കണം'' (2:283). ''ഇടപാടുകാര്‍ സത്യസന്ധമായി എല്ലാം വിവരിച്ച് കച്ചവടം നടത്തിയാല്‍ അവരുടെ കച്ചവടം അനുഗൃഹീതമാവും. കള്ളം പറയുകയും ന്യൂനതകള്‍ മറച്ചുവെക്കുകയും ചെയ്താല്‍ ആ കച്ചവടത്തിന്റെ അനുഗ്രഹം നശിച്ചുപോകും.'' നബി(സ) പറഞ്ഞ ഒരു ദീര്‍ഘമായ വചനത്തിന്റെ ഭാഗമാണിത്. ''തന്റെ ചരക്ക് ചെലവാകാന്‍ കള്ളസത്യം ചെയ്യുന്നവനോട് അന്ത്യനാളില്‍ അല്ലാഹു പിണങ്ങും. അവരോട് സംസാരിക്കുകയോ അവരുടെ നേരെ നോക്കുകയോ അവര്‍ക്ക് സംസ്‌കരണം സാധിച്ചുകൊടുക്കുകയോ ഇല്ല.'' മറ്റൊരിക്കല്‍ നബി(സ) അരുളി.
ആധുനിക പരസ്യങ്ങള്‍ ആവശ്യക്കാരെ കെണിയില്‍ വീഴ്ത്തുന്ന കള്ളസത്യങ്ങളേക്കാള്‍ മോശമാണ്. ദൃശ്യമാധ്യമങ്ങളില്‍ ഉല്‍പന്നത്തെ പരിചയപ്പെടുത്തുന്നവര്‍ അതിശയോക്തിയും അത്യുക്തിയും ചിത്രീകരിക്കുമ്പോള്‍ പ്രേക്ഷകര്‍ വിശ്വസിച്ചുപോകുന്നു. ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടാനും പരസ്യം പ്രചോദനമേകാറുണ്ട്.
നിഷിദ്ധത്തില്‍ ചാടാതെ സൂക്ഷിക്കുക
ഇസ്‌ലാം തെറ്റിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു. ഒരിടപാട് നിഷിദ്ധമാണോ അല്ലയോ എന്ന സംശയമുണ്ടായാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണം. വിശദമായ പഠനത്തിനു ശേഷം അനുവദനീയമാണെന്നുറപ്പായാല്‍ മാത്രമേ അതില്‍ പ്രവേശിക്കാവൂ. ഈ സൂക്ഷ്മത ജനങ്ങള്‍ക്കുണ്ടായാല്‍ തട്ടിപ്പുകാരില്‍ അധികപേര്‍ക്കും വിജയിക്കാനാവില്ല. 'ഒരു വിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടു തവണ ദംശനമേല്‍ക്കില്ല' എന്ന നബിവചനം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. നാം വീണ്ടും വീണ്ടും കടിയേറ്റ മാളത്തില്‍ കൈയിടുന്നത് സത്യവിശ്വാസിയുടെ സൂക്ഷ്മത ജീവിതത്തിലില്ലാതെ പോകുന്നത് കൊണ്ടാണല്ലോ.
സമ്പാദിക്കുന്നതെത്ര കുറവാണെങ്കിലും ഹലാലും അനുവദനീയവുമാവണം എന്ന നിര്‍ബന്ധ ബുദ്ധി സത്യവിശ്വാസിക്കുണ്ടാവണം. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുത്തോടുന്നവനാകരുത് സത്യവിശ്വാസി.
[email protected]
Comments