Prabodhanm Weekly

Pages

Search

2011 ജൂലൈ 2

തൗഹീദിന്റെ സാക്ഷാത്കാരം

അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍

പ്രവാചകന്മാര്‍ കൊണ്ടുവന്നതും നിലനിര്‍ത്താനും ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഇസ്‌ലാം പ്രത്യേകം ഊന്നല്‍ നല്‍കിയതുമായ തൗഹീദ് അര്‍ഥപൂര്‍ണവും രൂഢമൂലവും വികസിതവുമാവുന്നതിന് താഴെ പറയുന്ന ഘടകങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്:
1. അടിമത്തം ഏകനായ അല്ലാഹുവിന് മാത്രം നിഷ്‌കളങ്കമാക്കുക.
2. മുഴുവന്‍ ദൈവേതര ശക്തികളെയും നിഷേധിക്കുക. അവര്‍ക്ക് വഴിപ്പെടുന്നവരോടും കൂറ് പുലര്‍ത്തുന്നവരോടുമുള്ള സകല ബന്ധങ്ങളും വിഛേദിച്ചുകൊണ്ട് വിമോചിതരാവുക.
3. ശിര്‍ക്കിന്റെ ഇനങ്ങളെക്കുറിച്ചും അതിലേക്കെത്തിക്കുന്ന വഴികളെക്കുറിച്ചുമുള്ള അറിവും അതില്‍ പെട്ടുപോവാതിരിക്കാനുള്ള ജാഗ്രതയും.

അടിമത്തം ഏകനായ അല്ലാഹുവിന്
അല്ലാഹുവിനുള്ള അടിമത്തം കളങ്കമറ്റതാക്കുന്നത് അനുസരണത്തിന്റെയും സ്‌നേഹത്തിന്റെയും പൂര്‍ണാവകാശം അല്ലാഹുവിന് മാത്രം നല്‍കിയാണ്. മൂന്ന് കാര്യങ്ങളിലൂടെയാണ് ഇതുണ്ടായിത്തീരുന്നത്:
1. മനുഷ്യന്‍ അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതുപോലെ മറ്റാരെയും റബ്ബായി സ്വീകരിക്കാതിരിക്കുക.
''ചോദിക്കുക, ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ? അവന്‍ എല്ലാറ്റിന്റെയും നാഥനായിരിക്കെ'' (അല്‍അന്‍ആം 164).
അതിനാല്‍ അല്ലാഹുവിനെക്കൂടാതെയോ അവനോടൊപ്പമോ ആരാധിക്കാനും മഹത്വപ്പെടുത്താനുമായി മനുഷ്യന്‍ പടച്ചുണ്ടാക്കിയ ശിലാമൂര്‍ത്തികളെയും മനുഷ്യദൈവങ്ങളെയും നിരാകരിക്കണം. അക്കാരണത്താലാണ് പ്രവാചകന്‍(സ) രാജാക്കന്മാരോടും അമീറുമാരോടുമുള്ള പ്രബോധനത്തില്‍ ഇപ്രകാരം ആവശ്യപ്പെട്ടത്: ''അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക. അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ രക്ഷാധികാരികളാക്കാതിരിക്കുക'' (ആലുഇംറാന്‍ 64).
2. അല്ലാഹുവെ കൂടാതെ മറ്റാരെയും അല്ലാഹുവിനെപ്പോലെ സ്‌നേഹിക്കുന്ന രക്ഷാധികാരിയാക്കാതിരിക്കുക
അല്ലാഹു പറയുന്നു: ''ചോദിക്കുക, അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്'' (അല്‍അന്‍ആം 14). ''ചിലയാളുകള്‍ അല്ലാഹു അല്ലാത്തവരെ അവന് സമന്മാരാക്കിവെക്കുന്നു. അവര്‍ അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഇവരെയും സ്‌നേഹിക്കുന്നു. സത്യവിശ്വാസികളോ, പരമമായി സ്‌നേഹിക്കുന്നത് അല്ലാഹുവിനെയാണ്'' (അല്‍ബഖറ 165).
''അങ്ങനെ അവരുടെ ചെയ്തികള്‍ അവര്‍ക്ക് കൊടിയ ഖേദത്തിന് കാരണമായതായി അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകത്തീയില്‍ നിന്ന് അവര്‍ക്ക് പുറത്തു കടക്കാനാവില്ല'' (അല്‍ബഖറ 167). അതായത്, തങ്ങള്‍ രക്ഷാധികാരികളാക്കിയവരോട് അല്ലാഹുവിനോടുണ്ടാവേണ്ടവിധം സ്‌നേഹം അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. അല്ലാഹുവിനോട് മാത്രം പുലര്‍ത്താവുന്ന സ്‌നേഹവും ബഹുമാനവും ഭയവും കീഴ്‌വണക്കവും ഇവരോടും വെച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു. ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ് പറഞ്ഞു: ''അല്ലാഹുവിനെ സ്‌നേഹിക്കുന്നതപോലെ മിത്രങ്ങളോട് സ്‌നേഹം വെച്ചുപുലര്‍ത്തുന്നവന്‍ ഇസ്‌ലാമില്‍ പ്രവേശിക്കുകയില്ല. എന്നിരിക്കെ, അല്ലാഹുവിനോടുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം മിത്രങ്ങളോട് വെച്ചുപുലര്‍ത്തുകയും അല്ലാഹുവിനെ ഒഴിവാക്കി മിത്രങ്ങളോട് മാത്രം സ്‌നേഹം വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യന്‍ തന്റെ നാഥനോടുള്ള സ്‌നേഹം നിഷ്‌കളങ്കമാക്കുക. അവനെ കൂടാതെ യാതൊരു രക്ഷാധികാരിയെയോ സമന്മാരെയോ സ്വീകരിക്കാതിരിക്കുകയും അല്ലാഹുവിനെ സ്‌നേഹിക്കുന്ന പോലെ അവരെ സ്‌നേഹിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് തൗഹീദിന്റെ താല്‍പര്യം. അല്ലാഹുവിനോടല്ലാതെ യാതൊരു രക്ഷാകര്‍തൃത്വവും (വിലായത്ത്-ആത്മബന്ധം) അനുവദനീയമല്ല.''
''ഇക്കൂട്ടര്‍ അവനെ കൂടാതെ മറ്റു രക്ഷകരെ സ്വീകരിച്ചിരിക്കുകയാണോ? എന്നാല്‍, അറിയുക: യഥാര്‍ഥ രക്ഷകന്‍ അല്ലാഹുവാണ്. അവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്'' (അശ്ശൂറാ 9).
3. അല്ലാഹുവിനെയെല്ലാതെ മറ്റാരെയും വിധികര്‍ത്താവായി സ്വീകരിക്കാതിരിക്കുക.
അല്ലാഹുവിനെ അനുസരിക്കുന്ന പോലെ മറ്റാരെയും അനുസരിക്കാതിരിക്കുക. അഥവാ മറ്റാരെയും നിരുപാധികം അനുസരിക്കാതിരിക്കുക. ''കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു വിധികര്‍ത്താവിനെ തേടുകയോ? അവനോ വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്കിറക്കിത്തന്നവനാണ്'' (അല്‍അന്‍ആം 114).
തന്റെ അടിമകളുടെ ഭൗതികവും ആത്മീയവും മതപരവുമായ ജീവിതമേഖലകളില്‍ നിയമനിര്‍മാണം നടത്താനും വിധിതീര്‍പ്പു കല്‍പിക്കാനുമുള്ള അവകാശം അല്ലാഹുവിന് മാത്രമാകുന്നു. കാരണം, സൃഷ്ടികളെക്കുറിച്ച് കൃത്യമായ അറിവുള്ളവനും കാരുണ്യവാനും അവരുടെ ക്ഷേമനാശങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും അല്ലാഹു മാത്രമാകുന്നു. ''സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ! അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്'' (അല്‍മുല്‍ക്ക് 14).
അതുകൊണ്ടാണ് നിയമനിര്‍മാണത്തിന്റെ പരമാധികാരം ഏകനായ അല്ലാഹുവിന് മാത്രമാണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചത്. ''വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റം ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (യൂസുഫ് 40).
അല്ലാഹുവും റസൂലുമല്ലാത്തവരോട് വിധി തേടുന്നത് ഈമാനിന്റെ യാഥാര്‍ഥ്യത്തില്‍നിന്ന് പുറത്താകലാണെന്നും അവന്‍ പിശാചിന്റെ അനുസരണ വലയത്തിലേക്കുള്ള പ്രവേശനമാര്‍ഗത്തിലാണെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു: ''നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പ് തേടിപോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍ നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍ നിന്നും പിന്തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം'' (അന്നിസാഅ് 60,61).

ത്വാഗൂത്തിന്റെ നിഷേധം
അടിമത്തം അല്ലാഹുവിന് മാത്രമായിരിക്കണമെന്നതാണ് തൗഹീദ് സാക്ഷാത്കാരത്തിന്റെ പ്രഥമ ഘടകം. ഉലൂഹിയ്യത്തിന്റെ അനിവാര്യമായ പരമമായ ആദരവ്, സ്‌നേഹം, അനുസരണം ഇത്യാദി കാര്യങ്ങള്‍ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. ദൈവേതര ശക്തികളുടെ (ത്വാഗൂത്ത്)നിഷേധമാണ് തൗഹീദിന്റെ രണ്ടാമത്തെ ഘടകം. ദൈവേതര ശക്തികള്‍ക്ക് ദാസ്യവേല ചെയ്യുന്നതില്‍നിന്നും അവയുടെ രക്ഷാകര്‍തൃത്വം അംഗീകരിക്കുന്നതില്‍നിന്നും പൂര്‍ണ വിമോചനം നേടുക. ഖുര്‍ആന്‍ ചിലയിടങ്ങളില്‍ അല്ലാഹുവിലുള്ള വിശ്വാസത്തേക്കാള്‍ ത്വാഗൂത്ത് നിഷേധത്തിന് പ്രഥമ പരിഗണന നല്‍കുന്നതായി കാണാം. ''ദൈവേതര ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ഉറപ്പുള്ള കയറിലാണ്. അത് അറ്റുപോവില്ല'' (അല്‍ബഖറ 256).
പ്രവാചകന്‍(സ) പറഞ്ഞു: ''ആര് ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കുകയും അല്ലാഹു അല്ലാത്തവര്‍ക്കുള്ള ദാസ്യവേല നിഷേധിക്കുകയും ചെയ്തുവോ അവന്റെ ധനം, രക്തം എന്നിവ പവിത്രമാവുകയും അവന്റെ വിചാരണ അല്ലാഹു പ്രത്യേകം പരിഗണിക്കുകയും ചെയ്തിരിക്കുന്നു'' (മുസ്‌ലിം).
അപ്പോള്‍ കലിമത്തുതൗഹീദിനോടൊപ്പം തന്നെ അല്ലാഹു അല്ലാത്ത ശക്തികളെ നിരാകരിക്കുക കൂടി ചെയ്യുമ്പോഴാണ് ധനവും രക്തവും സുരക്ഷിതമാവുന്നത്. കാര്യങ്ങള്‍ കൂടുതല്‍ വേര്‍തിരിയുന്നത് അതിന്റെ മറുവശം കൂടി മനസ്സിലാക്കപ്പെടുമ്പോഴാണ്. സത്യവിശ്വാസത്തിന്റെ കാര്യവും അങ്ങനെത്തന്നെ. സത്യത്തിലുള്ള വിശ്വാസം മിഥ്യയുടെ നിഷേധത്തിലൂടെയും കുഫ്‌റിന്റെ വക്താക്കളില്‍നിന്നുള്ള മോചനത്തിലൂടെയും മാത്രമേ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. അതിനാല്‍ ഏകദൈവ വിശ്വാസികളുടെ നേതാവ് ഇബ്‌റാഹീം(അ) തന്റെ സമൂഹം പൂജിച്ചിരുന്ന ദൈവങ്ങളോടും പ്രതിഷ്ഠകളോടും വിമുക്തി പ്രഖ്യാപിക്കുകയും അവയോടുള്ള വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി.
''ഇബ്‌റാഹീം തന്റെ പിതാവിനോടും ജനതയോടും പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയില്‍ നിന്നെല്ലാം തീര്‍ത്തും മുക്തനാണ് ഞാന്‍. എന്നെ സൃഷ്ടിച്ചവനില്‍ നിന്നൊഴികെ. അവനെന്നെ നേര്‍വഴിയിലാക്കും'' (അസ്സുഖ്‌റുഫ് 26). അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇവ്വിധം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായോ നിങ്ങള്‍ ആരാധിക്കുന്നവയുമായോ ഞങ്ങള്‍ക്കൊരു ബന്ധവുമില്ല. ഞങ്ങള്‍ നിങ്ങളെ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഏകനായ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വെറുപ്പും വിരോധവും പ്രകടമത്രെ'' (അല്‍മുംതഹിന 4).
അല്ലാഹുവിലുള്ള വിശ്വാസവും അവനോടുള്ള അടിമത്തവും ദൈവേതര ശക്തികളുടെ നിഷേധവും അവയുടെ രക്ഷാകര്‍തൃത്വത്തില്‍നിന്നുള്ള മോചനവും ഒത്തുചേരുമ്പോള്‍ മാത്രമാണ് സത്യവിശ്വാസം പൂര്‍ണമാകുന്നത്. അതിനാലാണ് എല്ലാ പ്രവാചകന്മാരും അല്ലാഹുവിനോടുള്ള അടിമത്തം അംഗീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം തന്നെ ദൈവേതര ശക്തികളെ കൈവെടിയാനും ശക്തമായി ആഹ്വാനം ചെയ്തത്. ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. ദൈവേതര ശക്തികളെ വര്‍ജിക്കുക'' (അന്നഹ്ല്‍ 36).
ത്വാഗൂത്തിന്റെ അര്‍ഥം
'ത്വുഗ്‌യാന്‍' എന്ന അറബി മൂലത്തില്‍ നിന്നുണ്ടായ പദമാണ് ത്വാഗൂത്ത്. പരിധി ലംഘിക്കുക എന്നാണതിന്റെ അര്‍ഥം. മുന്‍ഗാമികള്‍ അതിന്റെ അര്‍ഥനിര്‍ണയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തിയവരാണ്. ഉമറി(റ)ന്റെ വീക്ഷണത്തില്‍ ത്വാഗൂത്ത് പിശാചാകുന്നു. ജാബിറി(റ)ന്റെ അഭിപ്രായത്തില്‍ പിശാചുകള്‍ ഇറങ്ങുന്ന ഭാവി പ്രവചനക്കാരാകുന്നു. മാലികി(റ)ന്റെ അഭിപ്രായത്തില്‍ അല്ലാഹുവിനെ കൂടാതെ ഇബാദത്ത് ചെയ്യപ്പെടുന്നവയാണ് ത്വാഗൂത്ത്.
ഈ അഭിപ്രായങ്ങള്‍ ത്വാഗൂത്തിന്റെ ഉദാഹരണങ്ങളാണ്. എന്നാല്‍, അതിന്റെ എല്ലാ അര്‍ഥതലങ്ങളെയും അത് ഉള്‍ക്കൊള്ളുന്നില്ല. ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) ത്വാഗൂത്തിനു നല്‍കിയ നിര്‍വചനമാണ് ഏറെ സൂക്ഷ്മമായിട്ടുള്ളത്: ''അതിരുവിട്ട് ആരാധിക്കപ്പെടുകയോ അനുസരിക്കപ്പെടുകയോ പിന്‍പറ്റപ്പെടുകയോ ചെയ്യുന്നതെല്ലാമാണ് ത്വാഗൂത്ത്.'' അല്ലാഹുവിനെയും റസൂലിനെയും കൂടാതെ എല്ലാ ജനതയും വിധികര്‍ത്താക്കളാക്കിയവര്‍, അവനെ കൂടാതെ ആരാധിച്ചവര്‍, അല്ലാഹുവില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്കപ്പുറം അവര്‍ പിന്‍പറ്റിയവര്‍, അല്ലാഹുവിനുള്ള അനുസരണമാണെന്ന തിരിച്ചറിവില്ലാതെ അവയെ അനുസരിച്ചവര്‍ ഇവയൊക്കെയാണ് ത്വാഗൂത്തുകള്‍. അപ്പോള്‍ ത്വാഗൂത്തിനെ സംബന്ധിച്ച കാഴ്ചപ്പാടും ജനങ്ങളുടെ അവസ്ഥകളും വിലയിരുത്തുന്ന പക്ഷം ഏറെ പേരും അല്ലാഹുവിനെ വിട്ട് ത്വാഗൂത്തുകളെ ഇബാദത്ത് ചെയ്യുന്നതായും, പ്രവാചകനെ അനുധാവനം ചെയ്യുന്നതില്‍ നിന്നു വിമുഖരായി ത്വാഗൂത്തുകളെ അനുസരിക്കുകയും അനുധാവനം ചെയ്യുന്നതായും ബോധ്യപ്പെടും.
ശിര്‍ക്കിനോടുള്ള ജാഗ്രത
തൗഹീദ് സാക്ഷാത്കരിക്കാനുള്ള മൂന്നാമത്തെ ഘടകം ശിര്‍ക്കിനോടുള്ള ജാഗ്രതയാണ്. ശിര്‍ക്കിന്റെ വലുതും ചെറുതും പ്രത്യക്ഷവും പരോക്ഷവുമായ ഘടകങ്ങള്‍ സംബന്ധിച്ച അറിവ് പരമപ്രധാനമാണ്. ശിര്‍ക്കിന്റെ സര്‍വ കണികകളില്‍നിന്നും മുക്തമാവുകയും അതിന്റെ പ്രവേശന കവാടങ്ങളെയും അതിര്‍ത്തികളെയും കുറിച്ച് ജാഗ്രത ഉണ്ടാവുകയും വേണം. കാര്യങ്ങള്‍ അതിന്റെ വിപരീത വശങ്ങളിലൂടെയാണ് കൂടുതല്‍ വ്യക്തമാവുക. അതിനാല്‍ കൃത്യവും വ്യക്തവുമായി ഏകദൈവവിശ്വാസം എന്തെന്ന് മനസ്സിലാക്കാന്‍ ബഹുദൈവത്വത്തെ കൃത്യമായി മനസ്സിലാക്കിയേ തീരൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം