Prabodhanm Weekly

Pages

Search

2011 ജൂലൈ 2

സ്വാശ്രയം: വേണ്ടത് ജനകീയ വിചാരണ

സി.പി ഹബീബ് റഹ്മാന്‍

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കോലാഹലങ്ങളും സമരങ്ങളും അക്രമവും വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ സജീവമാണെങ്കിലും മുമ്പെങ്ങുമില്ലാത്ത ചില 'കൌതുകങ്ങള്‍' ഇത്തവണ കാണാന്‍ സാധിക്കുന്നുണ്ട്. സാധാരണ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ഇത്തരം സമരങ്ങളില്‍ സജീവമാവുക. എന്നാല്‍ പുതിയ സര്‍ക്കാറിന്റെ ഘടകകക്ഷികളുടെ വിദ്യാര്‍ഥിസംഘടനകളായ എം.എസ്.എഫും കെ.എസ്.യുവുമൊക്കെ സമരത്തിനിറങ്ങിയപ്പോള്‍ പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തില്‍ വളര്‍ന്നുവരികയാണോ എന്നു തോന്നിപ്പോയി. സ്വാശ്രയ വിഷയത്തിലും സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനെതിരെയും എം.എസ്.എഫും കെ.എസ്.യുവും പരസ്യമായി രംഗത്തുവന്നു. മീഡിയ അതിനു വലിയ പ്രാധാന്യം നല്‍കി, ധീരനിലപാടെന്ന് പുകഴ്ത്തി. പക്ഷേ യാതൊരു മടിയും കൂടാതെ സര്‍ക്കാര്‍ സി.ബി.എസ്.ഇ-എന്‍.ഒ.സി. ബില്‍ പാസാക്കി. സ്വാശ്രയവിഷയത്തില്‍ നിലപാടില്ലാതെ മാനേജ്മെന്റുകള്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ച നാടകങ്ങളായാണ് അനുഭവപ്പെടുന്നത്. സര്‍ക്കാരിന് നടപ്പിലാക്കാനുള്ളത് യാതൊരുമടിയും കൂടാതെ നടപ്പിലാക്കുക, അതേ സമയം സമൂഹത്തിന്റെ മുമ്പില്‍ പ്രതിഛായ നഷ്ടപ്പെടാതിരിക്കാന്‍ സ്വന്തം അണികളെകൊണ്ടും പോഷകഘടകങ്ങളെക്കൊണ്ടും പ്രതിഷേധം സംഘടിപ്പിക്കുക. എന്‍.ജി.ഒ കളും ലോബിയിംഗ് കമ്പനികളും സ്ട്രാറ്റജിക് ഓര്‍ഗനൈസേഷനുകളും പരീക്ഷിച്ചുവരുന്ന ഈ 'സൈകിക് അപ്രോച്ച്' രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തന രീതിയായി മാറുകയാണ്.
സ്വാശ്രയ വിദ്യാഭ്യാസം കേരളസമൂഹത്തിന്റെ മുഖ്യധാരാ വിദ്യാഭ്യാസപ്രശ്നമായി വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടാത്ത സമസ്യയായി തീരുന്നതിന്റെ കാരണങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ മധ്യവര്‍ഗ സമൂഹത്തെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്ന വിഷയം എന്ന നിലക്ക് ഭരണപ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കുമുള്ള മുഖ്യ ആയുധമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാനേജ്മെന്റുകളും സര്‍ക്കാറുകളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിഹിത വ്യാപാരങ്ങളുടെ നാറ്റക്കഥകള്‍ പുറത്താവുമ്പോള്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന യഥാര്‍ഥ്യം ജനം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസമെന്നത് അതിസങ്കീര്‍ണമായ വിഷയമാണെന്നും അത് പരിഹരിക്കാനുള്ള ഒറ്റമൂലിയൊന്നും തങ്ങളുടെ കൈയിലില്ലെന്നും പരിതപിക്കുന്ന അധികാരികളും ഭരണ-പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ്. രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹികനീതിയില്‍ താല്‍പര്യവും ഉണ്ടെങ്കില്‍ പന്ത്രണ്ട് വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിഷയം പരിഹരിക്കാന്‍ കഴിയുന്ന നിരവധി സാധ്യതകള്‍ നമ്മുടെ ജനാധിപത്യത്തിലുണ്ട്.

സ്വാശ്രയം: നാള്‍വഴികള്‍
2000 മുതലാണ് കേരളത്തില്‍ സ്വാശ്രയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമാകുന്നത്. പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്ന, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ മാത്രം നിലനിന്നിരുന്ന, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കേരളത്തില്‍ സ്വാശ്രയസ്ഥാപനങ്ങളുടെ കടന്നുവരവ് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. പരിയാരത്ത് സഹകരണമേഖലയില്‍ സ്വാശ്രയമെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരം പോലീസ് വെടിവെപ്പില്‍ കലാശിക്കുകയും അഞ്ച് സഖാക്കള്‍ കൊല്ലപ്പെടുകയും ചെയ്തത് സ്വാശ്രയസമരചരിത്രത്തിലെ സുപ്രധാന സംഭവമാണ്. കേരളത്തിന്റെ സാമൂഹിക ഘടനയില്‍ വന്ന മാറ്റങ്ങള്‍ സ്വാശ്രയവിദ്യാഭ്യാസത്തിന് മണ്ണൊരുക്കിയ വലിയ ഘടകങ്ങളായിരുന്നു. ഗള്‍ഫ് കുടിയേറ്റത്തോടെ വന്നുചേര്‍ന്ന സാമ്പത്തിക അഭിവൃദ്ധി, കൂട്ടു കുടുംബത്തില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് ധ്രുതഗതിയിലുള്ള മാറ്റം, സാമൂഹികസാമ്പത്തിക കാരണങ്ങളാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും പിന്നീട് സാമ്പത്തികമായി മികച്ച നില കൈവരിക്കുകയും ചെയ്തവരുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം, കേരളത്തിന്റെ സാമ്പത്തിക വിഭവം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപകമായി ഒഴുകിയത്, ആഗോള മാര്‍ക്കറ്റില്‍ പ്രഫഷനല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ശമ്പളം തുടങ്ങിയവ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയ സുപ്രധാന ഘടകങ്ങളായിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി 50:50 ഫോര്‍മുല കൊണ്ടുവന്നു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ ലിസ്റില്‍ നിന്ന് മെറിറ്റടിസ്ഥാനത്തില്‍ സംവരണം പൂര്‍ത്തിയാക്കി പ്രവേശനം നല്‍കുക, ബാക്കി 50 ശതമാനം സീറ്റില്‍ മാനേജ്മെന്റിനു ഇഷ്ടമുള്ള രീതിയില്‍ പ്രവേശനം നടത്താം എന്നതായിരുന്നു മാനേജ്മെന്റുമായി ഉണ്ടാക്കിയ അലിഖിത ധാരണ. എന്നാല്‍ 2002-ലെ സുപ്രീംകോടതിയുടെ ടി.എം.എ പൈ കേസിന്റെയും 2003-ലെ ഇസ്ലാമിക അക്കാഡമി കേസിന്റെയും വിധിയുടെ പിന്‍ബലത്തില്‍ മാനേജ്മെന്റുകള്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി പ്രവേശന പരീക്ഷ നടത്തി തോന്നിയ പോലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമം വേണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ സംസ്ഥാനം നിയമം നിര്‍മിച്ചാല്‍ തന്നെ അതിനെ ശക്തിപ്പെടുത്തുന്ന കേന്ദ്രനിയമമില്ല, അതിനാല്‍ കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത് എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മാറി നിന്നു.
പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന് സി.പി.എം തന്നെ വിദ്യാഭ്യാസം ഏറ്റെടുത്തപ്പോള്‍ സ്വാശ്രയത്തില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. സ്വാശ്രയ വിദ്യാഭ്യാസം ഏറ്റവും കൂടുതല്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെടുന്നതായതിനാല്‍ ന്യൂനപക്ഷങ്ങളെ കൂടി നിലക്ക് നിര്‍ത്താനുള്ള ആയുധമായി സി.പി.എം സ്വാശ്രയ നിയമം ഉപയോഗപ്പെടുത്തി. നിയമം കൊണ്ടുവന്നപ്പോള്‍ തന്നെ നിയമവിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും ബില്ലിലെ അപാകതകള്‍ ചൂണ്ടി ക്കാണിച്ച് കോടതി മാനേജ്മെന്റുകള്‍ക്കനുകൂലമായി വിധി പറയുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ദുര്‍വാശി മൂലമോ മാനേജ്മെന്റുകളുമായുള്ള ഒത്തുകളി മൂലമോ പ്രവേശനത്തിലെ സുതാര്യത, ഫീസ്, തലവരി, സര്‍ക്കാറിന്റെ നിയന്ത്രണം, മെറിറ്റ് തുടങ്ങിയ നിയമങ്ങളോടൊപ്പം ന്യൂനപക്ഷ സ്ഥാപനത്തിലെ പ്രവേശനത്തില്‍ നിയന്ത്രണം, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍വചനം തുടങ്ങിയവ ബില്ലില്‍ ഉള്‍പ്പെടുത്തി. അവസാനം പ്രതീക്ഷിച്ചപോലെ കോടതി നിയമം റദ്ദാക്കുകയും മാനേജ്മെന്റുകള്‍ക്ക് പൂര്‍ണ അവകാശം നല്‍കുകയും ചെയ്തു.
മാനേജ്മെന്റുകളുടെ മുമ്പില്‍ നാണംകെട്ട സര്‍ക്കാര്‍ പിന്നീട് അവരുമായി അനുരഞ്ജന ചര്‍ച്ച നടത്തി. 50:50 സമ്പ്രദായം തന്നെയായിരുന്നു പിന്നീട് അംഗീകരിക്കപ്പെട്ടത്. എന്നാല്‍ പഴയ 50:50-യില്‍ നിന്നും ഇതിനു വലിയ മാറ്റങ്ങളുണ്ടായിരുന്നു. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന അവസ്ഥയില്‍ നിന്നും 10 സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടു. മാനേജ്മെന്റ് ഫീസ്, എന്‍.ആര്‍.ഐ ഫീസ്, സര്‍ക്കാര്‍ സ്വാശ്രയ ഫീസ്, സര്‍ക്കാര്‍ ഫീസ് എന്നിങ്ങനെ വിവിധ തട്ടുകളായി ഫീസ് വര്‍ഗീകരിക്കപ്പെട്ടു. ബി.പി.എല്‍ വിഭാഗത്തിലെ വെറും 7 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്വാശ്രയ കോളേജില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം ലഭിച്ചത്. എന്നാല്‍ ഈ കരാറില്‍ നിന്നും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ മാറി നിന്നു. അവര്‍ സ്വന്തമായി എന്‍ട്രന്‍സ് നടത്തി ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തി. മറ്റു മാനേജ്മെന്റുകള്‍ 50 ശതമാനം സീറ്റില്‍ കരാര്‍ പ്രകാരം സര്‍ക്കാര്‍ സ്വാശ്രയ ഫീസ് പ്രകാരം അഡ്മിഷന്‍ നടത്തുകയും ബാക്കി അമ്പത് ശതമാനത്തില്‍ തോന്നിയ പോലെ ലക്ഷങ്ങള്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുകയും ചെയ്തു. എല്ലാം നിരീക്ഷിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട മുഹമ്മദ് കമ്മറ്റി മാനേജ്മെന്റുകളുടെ കൊള്ളക്ക് കാവല്‍ നില്‍ക്കുന്ന ഔദ്യോഗിക സംവിധാനമായി വിലയിരുത്തപ്പെട്ടു.
പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സ്വാശ്രയ വിഷയത്തിന് കൂടുതല്‍ സങ്കീര്‍ണമായ ചില പരിണതികള്‍ സംഭവിക്കുന്നുണ്ട്. മെഡിക്കല്‍ പി.ജി കോഴ്സുകളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും തൊലിയുരിക്കുന്നതായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവിഹിത ഇടപാടുകളും പാര്‍ട്ടികളുടെ നയരാഹിത്യവും വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളു. യു.ഡി.എഫിനെ അധികാരത്തിലേറ്റിയ കക്ഷികളാണ് സ്വാശ്രയ പ്രശ്നത്തില്‍ ഒരുഭാഗത്തുള്ളത് എന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. സ്വാശ്രയ വിഷയത്തെ ഫീസിന്റെ തലത്തില്‍ നിന്ന് ഒരു സാമുദായിക വിഷയമായി വിവാദമാക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ സജീവമാണ്. മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തുന്ന മന്ത്രിസഭാ ഉപസമിതിയുടെ തലവനാക്കിയത് 'ശ്രേഷ്ട ഇടയനായ' കെ.എം മാണിയെയാണ്. സാധാരണ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മന്ത്രി സഭാ ഉപസമിതയെ നയിക്കുന്നത് വിദ്യാഭ്യാസ മന്ത്രിമാരായിരുന്നു. എന്നാല്‍ കെ.എം മാണിയെ തലവനാക്കിയത് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ രഹസ്യ ധാരണകള്‍ നടപ്പിലാക്കുന്നതിനുള്ള ശ്രമമായിട്ടാണ് വിലയിരുത്തുന്നത്.
അതേസമയം ഇത്തവണയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും തങ്ങള്‍ സ്വന്തമായി പ്രവേശനം നടത്തുമെന്നും ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ വെല്ലുവിളിച്ചിരിക്കുകയാണ്. മെഡിക്കല്‍ പി.ജി സീറ്റ് പകുതി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കോടതിയില്‍ കേസും ഫയല്‍ ചെയ്തിരിക്കുന്നു. ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ നിലപാടിനെതിരെ വ്യപകമായ പ്രതിഷേധങ്ങളുയരുകയുണ്ടായി. നാളിതുവരെ സര്‍ക്കാറുമായി കരാറുകള്‍ ഒപ്പുവെച്ച എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ സ്വീകരിക്കാത്ത കരാര്‍ തങ്ങളും സ്വീകരിക്കില്ലെന്നും സ്വന്തമായി പ്രവേശനം നടത്തുമെന്നും തുറന്നടിച്ചു. ഫസല്‍ ഗഫൂറിന്റെ പ്രസ്താവന സാമുദായിക വിഭാഗീയതക്ക് ഇടയാക്കുമെന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച കെ.എം. മാണിയും കൂട്ടരും ആദ്യം ഇതേ നിലപാടെടുത്ത് സര്‍ക്കാറിനെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ച ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിനെതിരെ ഒരക്ഷരം മിണ്ടിയില്ല. സ്വാശ്രയവിഷയം ഈ വര്‍ഷവും കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടും അതിനോട് നിസ്സംഗ മനോഭാവമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. അടുത്തവര്‍ഷം നിയമം നിര്‍മിക്കാം എന്ന ഒഴുക്കന്‍ മട്ടിലുള്ള നിലപാടാണ് മുഖ്യമന്ത്രിക്കു പോലുമുള്ളത്. മുഖ്യപ്രതിപക്ഷമായ സി.പി.എം കുരുക്കിലകപ്പെട്ട സ്ഥിതിക്ക് കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ സമൂഹത്തില്‍ ഉയര്‍ന്നു വരണം.
സ്വാശ്രയം: ഒരു അവലോകനം
കേരളത്തിലെ സ്വാശ്രയവിദ്യാഭ്യാസപ്രശ്നത്തെ കേവലം ഫീസിന്റെ അക്കങ്ങളില്‍ തളച്ചിട്ട് വിവാദമാക്കുന്നതിലാണ് നമ്മുടെ സജീവ ശ്രദ്ധ. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തെ കൂടുതല്‍ വിശദമായ തലങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വാശ്രയവിവാദങ്ങള്‍ ആരംഭിക്കുന്ന ഘട്ടത്തിലുള്ള സാഹചര്യവും സാമൂഹികാവസ്ഥയുമല്ല നിലവിലുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം, വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം, തൊഴില്‍ ലഭ്യത, നിയമനിര്‍മാണത്തിലെ അപര്യാപ്തതയും കാലതാമസവും, സ്വാശ്രയ സ്ഥാപനങ്ങളുടെ സാമ്പത്തിക പുരോഗതി, അധ്യാപകരുടെ നിലവാരം, വിദ്യാര്‍ഥികളോടുള്ള സമീപനം, സ്വാശ്രയസ്ഥാപനങ്ങളിലെ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സോഷ്യല്‍ ഓഡിറ്റിന് സ്വാശ്രയവിദ്യാഭ്യാസത്തെ വിധേയമാക്കണം.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ അവസ്ഥ പരിശോധിച്ചാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പതിന്മടങ്ങ് സ്വാശ്രയസ്ഥാപനങ്ങളും കോഴ്സുകളുമാണ് നിലവില്‍ വന്നത്. കേരളത്തിലെ 86 എന്‍ജിനിയറിംഗ് കോളേജുകളില്‍ 15 എണ്ണം മാത്രമാണ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ളത്. 19  മെഡിക്കല്‍ കോളേജുകളില്‍ 13-ഉം 143 നഴ്സിംഗ് കോളേജുകളില്‍ 131-ഉം 18 ഡെന്റല്‍ കോളേജുകളില്‍ 15-ഉം 13 ആയുര്‍വേദകോളേജുകളില്‍ 8-ഉം 24 ഫാര്‍മസികോളേജുകളില്‍ 21-ഉം സ്വാശ്രയമേഖലയിലാണ്. ഇതിനുപുറമെ ആര്‍ട്സ് ആന്റ് സയന്‍സ്, മാനേജ്മെന്റ്, മീഡിയ. ബി.എഡ് തുടങ്ങിയ മേഖലകളില്‍ നിരവധി സ്വാശ്രയസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ രാഷ്ട്രീയ മത-സാമുദായിക ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്നു.
ലാഭകരവും ഭദ്രവുമായ ഒരു കച്ചവടം എന്ന നിലക്കുതന്നെയാണ് ഭൂരിഭാഗം ആളുകളും ഇതിനെ സമീപിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ ആധ്യാത്മികതയുടെ ആള്‍രൂപങ്ങളും സേവനത്തിലൂടെ വാഴ്ത്തപ്പെട്ടവരും സ്വാശ്രയത്തിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപം പണിത് ആണ്ടറുതി കൊണ്ടാടുന്നവരുമൊക്കെ സാമൂഹികനീതിയും രാഷ്ട്രപുരോഗതിയുമൊക്കെ വിസ്മരിച്ച് സ്വാശ്രയ ഷൈലോക്കുമാരായി അരങ്ങുവാഴുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ കാര്യമായി സ്വാധീനിക്കുന്ന രീതിയിലേക്ക് സ്വാശ്രയ വിദ്യാഭ്യാസ മേഖല വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അധികാര സ്ഥാപനങ്ങളെപ്പോലും ദുര്‍ബലപ്പെടുത്തുന്ന, പൊതു സമൂഹത്തിന് പുല്ലുവില കല്‍പ്പിക്കുന്ന സാഹചര്യത്തിലേക്ക് സ്വാശ്രയസ്ഥാപനങ്ങളുടെ അധികാരവും സമീപനങ്ങളും വളര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ സാമൂഹികനീതി ഉറപ്പുവരുത്തുന്ന നിയമങ്ങളും സര്‍ക്കാറിന്റെ ഇച്ഛാശക്തിയും മാനേജ്മെന്റുകളുടെ സഹകരണവും അനിവാര്യമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ വലിയ പങ്കുവഹിച്ചവരെന്ന നിലക്കും ഏറ്റവും കൂടുതല്‍ സ്വാശ്രയസ്ഥാപനങ്ങള്‍ നടത്തുന്നവരെന്ന നിലക്കും സേവനമേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നവരെന്ന നിലക്കും ക്രിസ്ത്യന്‍ മാനേജ്മെന്റുകളായിരുന്നു സ്വാശ്രയസ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിനു വഴികാണിക്കേണ്ടിയിരുന്നത്. എന്നാല്‍ അധികാരത്തിന്റെയും നിയമത്തിന്റെയും അവസാന പഴുതുവരെ ഉപയോഗിച്ച്  വിദ്യാഭ്യാസമേഖലയില്‍ തങ്ങളുടെ തന്നിഷ്ടം ധിക്കാരപൂര്‍വം  എങ്ങനെ നടപ്പിലാക്കാം എന്നതിനുള്ള മാതൃകകളാണ് നാം കാണുന്നത്. വിദ്യാഭ്യാസരംഗത്ത് വര്‍ഗ്ഗീയചിന്താഗതികള്‍ക്ക് ആക്കം കൂട്ടുന്നതിനുള്ള സാധ്യതകളാണ് ഇതിലൂടെ വഴിതെളിയുന്നത്.
കേരളത്തിലെ സ്വാശ്രയസ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യത്തെയും അക്കാദമിക നിലവാരത്തെയും കുറിച്ച് ഗൌരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. ആവശ്യമായ ലാബുകള്‍, പഠന സാമഗ്രികള്‍, അനുയോജ്യമായ ക്ളാസ്മുറികള്‍, ഉന്നതപഠനത്തിന് അനുയോജ്യമായ മറ്റു സൌകര്യങ്ങള്‍ തുടങ്ങിയവ ഇനിയും വേണ്ടത്ര നടപ്പിലാക്കാത്ത നിരവധി സ്ഥാപനങ്ങള്‍ ഇവിയെയുണ്ട്. യോഗ്യരായ അധ്യാപകര്‍ ഇല്ലാത്തത് കേരളത്തിലെ സ്വാശ്രയമേഖല അനുഭവിക്കുന്ന ഹിമാലയന്‍ പ്രശ്നമാണ്. നമ്മുടെ നാട്ടിലെ പാരലല്‍ കോളേജുകളെ അനുസ്മരിപ്പിക്കും വിധം വര്‍ഷത്തില്‍ ഒരു വിഷയം പഠിപ്പിക്കാന്‍ തന്നെ 14-ഉം 16-ഉം അധ്യാപകര്‍ വരെ എത്തുന്ന അവസ്ഥ ദയനീയമാണ്. വളരെ കുറഞ്ഞ ശമ്പളത്തിനാണ് നിരവധി അധ്യാപകര്‍ തൊഴിലെടുക്കുന്നത്. അധ്യാപകരുടെ ഗുണനിലവാരമോ അധ്യാപന പരിചയമോ അക്കാദമിക നിലവാരമോ പരിഗണിക്കാതെ കുറഞ്ഞ ശമ്പളത്തില്‍ ജോലിയെടുക്കാന്‍ തയാറുള്ളവര്‍ക്കാണ് മാനേജ്മെന്റ് പരിഗണന.
സ്വാശ്രയസ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ ലഭ്യതയെകുറിച്ച് പഠനം നടത്തേണ്ടതുണ്ട്. പഠനത്തിനുവേണ്ടി ലക്ഷങ്ങള്‍ ബാങ്കില്‍നിന്ന് കടമെടുത്ത് പഠനശേഷം തിരിച്ചടക്കാന്‍ സാധിക്കാത്ത ആയിരങ്ങള്‍ സ്വന്തമായി സംഘടന രൂപവത്കരിച്ചിരിക്കുകയാണ്. വയനാട്ടില്‍ മാത്രം 600-ലധികം പേര്‍ക്ക് ജപ്തി നോട്ടീസ് വന്നുകഴിഞ്ഞു. ഒരേ മേഖലയില്‍ തന്നെ നിരവധിയാളുകള്‍ എത്തിയതോടെ കുറഞ്ഞവേതനത്തിന് തൊഴിലെടുക്കേണ്ട അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ ഒരു വര്‍ഷം ബി.ടെക് ഡിഗ്രി പൂര്‍ത്തിയാക്കുന്ന ഒരു ലക്ഷത്തിലധികം പേരില്‍ അയ്യായിരത്തോളം പേര്‍ക്കുമാത്രമാണ് ഒരു എഞ്ചിനീയര്‍ക്കു ലഭിക്കേണ്ട ശമ്പളം ലഭിക്കുന്നുള്ളൂ.
ന്യൂനപക്ഷ സ്വഭാവം എന്നത്  സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ഒരു വലിയ ചര്‍ച്ചാ വിഷയമാണ്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്ന പേരില്‍ അംഗീകാരം നേടി സര്‍ക്കാറിനെ ധിക്കരിച്ച് സ്വന്തം നിലക്ക് പണത്തിന്റെ മാനദണ്ഡത്തില്‍ പ്രവേശനം നടത്തുന്ന അവസ്ഥയാണ് കാണുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നത് അതാത് ജനവിഭാഗങ്ങളുടെ പുരോഗതി മുന്‍നിര്‍ത്തിയാണ് അനുവദിക്കുന്നത്. ഇത്തരം മാനദണ്ഡം സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പദവി നഷ്ടപ്പെടും. അതേസമയം കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നവയെക്കുറിച്ചും അതിലെ പ്രവേശനത്തെ കുറിച്ചും പ്രവേശന മാനദണ്ഡത്തെക്കുറിച്ചും പരിശോധന നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കല്ല, ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ മുഖേന നേട്ടമുണ്ടാകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
 
സ്വാശ്രയം: സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കണം
സ്വാശ്രയ വിദ്യാഭ്യാസപ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിയമനിര്‍മ്മാണവും ഇച്ഛാശക്തിയുള്ള ഭരണകൂടവും അനിവാര്യമാണ്. നിലവില്‍ ആഘോഷപൂര്‍വം കൊട്ടിഘോഷിക്കുന്ന 50:50 സമ്പദായം നിര്‍ത്തലാക്കണം. നിലവിലെ നിയമം മാനേജ്മെന്റുകള്‍ക്ക് കോടികള്‍ കട്ടുമുടിക്കാനുള്ള നിയമ പിന്‍ബലമാണ്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ഏകീകരിച്ച  ഫീസ്ഘടന നടപ്പിലാക്കുകയും വേണം. 2004-ലെ കോടതിവിധിയില്‍ ഫീസിന്റെ കാര്യത്തില്‍ ക്രോസ് സബ്സിഡി പാടില്ല എന്നതാണ് നിര്‍ദ്ദേശം. പക്ഷേ, ഈ ഏകീകരിച്ച ഫീസ് നിശ്ചയിക്കേണ്ടത് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലോ മാനേജ്മെന്റുകളോ അല്ല. അതിനപ്പുറത്ത് ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരണം. നിലവിലെ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ അധികാരമുള്ള മറ്റൊരു സംവിധാനം കൊണ്ടുവരണം. ഓരോ കോഴ്സിന്റെയും ചെലവുകളെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങളുടെ നിലവാരത്തെയും അധ്യാപകരുടെ കഴിവിനെയും മാനദണ്ഡമാക്കി ഏകീകരിച്ച ഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഇങ്ങനെ ഫീസ് നിശ്ചയിക്കുന്നതിന് ഫീസ് റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കണം. നിലവില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച അധ്യാപകരും സൌകര്യങ്ങളുമുള്ള കോളേജുകളിലും പുതുതായി ആരംഭിക്കുന്ന കോളേജുകളിലും ഒരേ ഫീസ് ഘടനയാണ് നിലനില്‍ക്കുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് നിശ്ചയിക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് സ്വാഭാവികമാണ്.
മികച്ച സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി കോച്ചിംഗ് നേടി എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കിലെത്തുന്ന ഭൂരിഭാഗവും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് മാനേജ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടുന്നത്. അതിനാല്‍ തന്നെ മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും ഏകീകരിച്ച ഫീസും നിശ്ചയിച്ചാല്‍ മാത്രമേ ഈ അസന്തുലിതത്വം മറികടക്കാന്‍ സാധിക്കുകുയുള്ളൂ. അതേ സമയം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലൂടെ ലാഭം ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ആ തുകകള്‍ സ്കോളര്‍ഷിപ്പിനുവേണ്ടി നീക്കിവെക്കണം. അതുപോലെ മുഖ്യമന്ത്രിയുടെ സ്കോളര്‍ഷിപ്പ് സ്കീം, ദേശീയ-സംസ്ഥാന സ്കോളര്‍ഷിപ്പ് സ്കീമുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിനിയോഗിക്കണം. പ്രഫഷനല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന കമ്പനികളുമായുള്ള സ്പോണ്‍സര്‍ഷിപ്പ് സ്കീമുകളും കരാര്‍ സ്കീമുകളും ആരംഭിക്കാവുന്നതാണ്.

[email protected]
(എസ്.ഐ.ഒ സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം