Prabodhanm Weekly

Pages

Search

2011 ജൂലൈ 2

നന്ദികെട്ടവരെ സഹായിക്കണമോ?

 ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ അഖിലേന്ത്യാ തലത്തില്‍ നടന്നുവരുന്ന വന്‍പദ്ധതിയായ 'വിഷന്‍ 2016'ന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയം തന്നെ. വിഷന്‍ 2016ന് മുമ്പും അത്രത്തോളമില്ലെങ്കിലും, കേരളത്തിലും അഖിലേന്ത്യാ തലത്തിലും ജമാഅത്ത് ഒരുപാട് ജീവകാരുണ്യ ദുരിതാശ്വാസ സേവന പ്രവര്‍ത്തനങ്ങളും പദ്ധതികളും നടത്തിയിട്ടുണ്ട്; നടക്കുന്നുമുണ്ട്. പക്ഷേ, കേരളത്തില്‍ ജമാഅത്തിനെ നുണയുകയും നുകരുകയും ചെയ്ത് നന്ദിവാക്ക് പോലും പറയാതെ കാര്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിയുന്ന കാഴ്ചയല്ലേ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടത്? അഖിലേന്ത്യാ തലത്തിലും ജമാഅത്തിനെ ഉപയോഗിച്ച ശേഷം വലിച്ചെറിയാന്‍ പോകുന്ന ഒരു ജനതയെയായിരിക്കുമോ ജമാഅത്ത് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്നത്?
നസ്വീര്‍ പള്ളിക്കല്‍, രിയാദ്

നിസ്വാര്‍ഥവും ആത്മാര്‍ഥവുമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും നന്ദിപൂര്‍വമായ പ്രതികരണം ഇല്ലാതെ വരുമ്പോള്‍ നൈരാശ്യവും വ്യര്‍ഥതാ ബോധവും ഉണ്ടാവുക മനുഷ്യ സഹജമാണ്. പക്ഷേ, കേവലം വൈകാരികമായല്ലാതെ അവധാനതയോടെ ചിന്തിച്ചാല്‍ പ്രസ്ഥാനത്തിന്റെ ജനസേവന മുഖം തികച്ചും ഫലപ്രദവും ജനകീയാടിത്തറക്ക് അനിവാര്യവുമാണെന്ന് കാണാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കല്ല ജമാഅത്തിന്റെ പോളിസി-പ്രോഗ്രാമില്‍ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കിയത് എന്നതാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംഘടനയുടെ അജണ്ടയിലേ ഇല്ലാത്ത കാലത്തും കലാപങ്ങളുടെയും ദുരന്തങ്ങളുടെയും ഇരകളുടെ ദുരിതാശ്വാസവും പുനരധിവാസവും പലിശരഹിത നിധി പോലുള്ള സേവന സംരംഭങ്ങളും സജീവമായി നടത്തിവന്നിട്ടുണ്ട്. 1969-ലെ ഗുജറാത്ത് കലാപം, റൂക്കല, ജംഷഡ്പൂര്‍, ആസാമിലെ നെല്ലി, കല്‍ക്കത്ത തുടങ്ങിയ പ്രദേശങ്ങളിലെ വര്‍ഗീയാക്രമണങ്ങള്‍, ആന്ധ്ര-ഒറീസ തീരങ്ങളെ നക്കിത്തുടച്ച പ്രളയം തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെ ജമാഅത്ത് നിറവേറ്റിയ അന്യാദൃശ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം മാനുഷിക മുഖവും പ്രബോധനപരമായ മാനവുമാണുണ്ടായിരുന്നത്. അതിന്റെ പ്രസക്തി ഇപ്പോഴും തുടരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മത, രാഷ്ട്രീയ പ്രതിയോഗികള്‍ അന്യായമായി ഉന്നയിക്കുന്ന വര്‍ഗീയ, തീവ്രവാദാരോപണങ്ങള്‍ക്ക് ദേശീയതലത്തില്‍ പ്രസക്തിയും സ്വീകാര്യതയും നഷ്ടപ്പെടാന്‍ ഒരു പ്രധാന കാരണം സംഘടനയുടെ മാനവിക മുഖമാണ്. നിഷ്പക്ഷരായ മതനിരപേക്ഷ ജനാധിപത്യ വാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുമ്പൊരിക്കലും കാണാത്തവിധം പ്രസ്ഥാനവുമായി സഹകരിക്കുന്നതിന്റെ പിന്നിലും പ്രായോഗികാനുഭവങ്ങളാണ്. കേരളത്തിലെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ പ്രസ്ഥാനത്തിന് പുറത്തുള്ള ഒട്ടേറെ മുസ്ലിം -അമുസ്ലിം സഹോദരന്മാര്‍ ജനകീയ വികസന മുന്നണികളുമായി സഹകരിച്ചുവെന്നതും കാണാതെ പോവരുത്. ജമാഅത്ത് വിരോധം തലക്ക് പിടിച്ച് 24 മണിക്കൂറും അതിനെതിരായ ജിഹാദ് ജീവിതയത്നമാക്കി എടുത്ത ചിലരുടെ ദുഷ്പ്രചാരണങ്ങളില്‍ ചില ശുദ്ധ ഗതിക്കാര്‍ കുടുങ്ങിപ്പോവുന്നത് ശാശ്വതമായ ഒരു പ്രതിഭാസമല്ല.
അങ്ങനെയൊക്കെയാണെങ്കിലും സേവന പ്രവര്‍ത്തനങ്ങള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന വിധത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതാവശ്യമാണ്. അല്ലാഹുവിന്റെ പ്രീതിയാണ്, ജനങ്ങളുടെ നന്ദിയല്ല വിശ്വാസികള്‍ ആത്യന്തിക ലക്ഷ്യമാക്കേണ്ടത്.

മുസ്ലിം ലീഗിന്റെ മഹാത്മ്യം
 "മാര്‍ക്സിസം കേരളത്തില്‍ അതിന്റെ മുഖ്യ ശത്രുവായി കാണുന്നത് മുസ്ലിം ലീഗിനെയാണ്. ഇപ്പോള്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ നിന്നും ജമാഅത്തെ ഇസ്ലാമിയില്‍ നിന്നുമെല്ലാം രാജിവെക്കുന്നവര്‍ തങ്ങളുടെ സേവന വേദിയായി തെരഞ്ഞെടുക്കുന്നത് മുസ്ലിം ലീഗിനെയാണ്. മതമൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസ്ലിമിന് ഈ രാജിയല്ലാതെ മറ്റൊരു വഴിയില്ല'' (പി. മുഹമ്മദ് കുട്ടശ്ശേരി, ചന്ദ്രിക ദിനപത്രം 2011 ജൂണ്‍ 6). പ്രതികരണം?
റുശ്ദ പുല്‍പറമ്പ്

മാര്‍കിസ്സം മുഖ്യശത്രുവായി കാണുന്നത് മുതലാളിത്തത്തെയാണ്. അതിനാല്‍ മുതലാളിത്ത പാര്‍ട്ടികളായ കോണ്‍ഗ്രസ്സും മുസ്ലിംലീഗുമൊക്കെ സി.പി.എമ്മിന്റെ പ്രതിയോഗികളായി. അപ്പോഴും മുഖ്യ ശത്രു ഹൈന്ദവ ഫാഷിസമാണ്. അതുകൊണ്ടാണ് ബി.ജെ.പിക്കെതിരെ യു.പി.എയെ കേന്ദ്രത്തില്‍ ഒരു ഘട്ടത്തില്‍ പിന്താങ്ങിയത്. പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിച്ചത് യു.പി.എ തന്നെയാണ്.
സി.പി.എം ബന്ധം ഉപേക്ഷിച്ച് മഞ്ഞളാം കുഴി അലി ലീഗില്‍ ചേര്‍ന്നത് അധികാരപരമായ ലക്ഷ്യങ്ങള്‍ക്കാണെന്ന് വ്യക്തം. യു.ഡി.എഫ് സര്‍ക്കാറിലെ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി നടക്കുന്ന വിവാദം അദ്ദേഹം എന്തിനാണ് ലീഗില്‍ ചേര്‍ന്നതെന്ന ചോദ്യത്തിന്റെ കൃത്യമായ മറുപടിയാണ്. സി.പി.ഐ വിട്ട റഹ്മത്തുല്ലയും ആദര്‍ശപരമായ കാരണങ്ങളാലല്ല, തികച്ചും ഭൌതിക ലക്ഷ്യങ്ങളോടെയാണ് ചുകപ്പില്‍ നിന്ന് പച്ചയിലെത്തിയത് എന്നതും വ്യക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ളൈമാക്സില്‍ അണിയറ നാടകത്തിന്റെ ഭാഗമായി ജമാഅത്തില്‍നിന്ന് രാജിവെച്ചു ലീഗില്‍ ചേര്‍ന്ന സുഹൃത്തിന്റെയും പ്രചോദനം മതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കാനുള്ള ആഗ്രഹമായിരുന്നു എന്ന് പറഞ്ഞാല്‍ അദ്ദേഹം പോലും ചിരിക്കും.
മതമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരുടെ അഭയകേന്ദ്രം, നിര്‍ഭാഗ്യവശാല്‍ മൂല്യനിരാസവും അഴിമതിയും മുഖമുദ്രയായ നേതൃത്വത്തിന് കീഴില്‍ നാവടക്കി കഴിയാന്‍ വിധിക്കപ്പെട്ട ഒരു പാര്‍ട്ടിയാണെന്ന് വരുന്നത് സമുദായത്തിന് തന്നെ അപമാനകരമാണ്. മുസ്ലിം ലീഗിലെ മതപണ്ഡിതന്മാര്‍ വേണ്ടത് പാര്‍ട്ടിക്കകത്ത് നിന്നുതന്നെ ഈ അത്യാചാരങ്ങള്‍ക്കെതിരെ പൊരുതി അതിനെ ഒരുവക നേരെയാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്, അന്ധമായ വിധേയത്വത്തിന്റെ പേരില്‍ ഇല്ലാത്ത ഗുണങ്ങള്‍ പാര്‍ട്ടിക്ക് ചാര്‍ത്തി കൊടുക്കുകയല്ല.

മുലയൂട്ടല്‍ ബാധ്യത
 ഇസ്ലാമിക നിയമമനുസരിച്ച് മാതാവ് കുഞ്ഞിന് മുല കൊടുക്കണമെന്ന ബാധ്യത ഇല്ലെന്ന് മനസ്സിലാക്കുന്നു. മാതാവിന് പകരം മറ്റൊരാളെ കൂലി കൊടുത്ത് ഏല്‍പിക്കാമെന്നും വായിക്കാന്‍ കഴിഞ്ഞു. പ്രകൃതി മതമായ ഇസ്ലാമില്‍ ഇങ്ങനെ ഒരു വിധി എങ്ങനെ വന്നു എന്നത് ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. ഏതൊരു മാതാവും അവള്‍ ബലാത്സംഗം ചെയ്യപ്പെട്ട് പ്രസവിച്ച കുഞ്ഞായാല്‍ പോലും സ്വന്തം കുഞ്ഞിനെ ആവോളം  മുലയൂട്ടാന്‍ തന്നെയല്ലേ ഇഷ്ടപ്പെടുക? പണ്ട് കാലങ്ങളില്‍ അറബ് നാടുകളില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ അന്യ സ്ത്രീകളെ ആശ്രയിക്കാറുണ്ട് എന്നത് സമ്മതിക്കുന്നു. എങ്കിലും മാതാവിന് ബാധ്യത ഇല്ലെന്നുള്ള ശര്‍ഈ വിധിയുടെ അടിസ്ഥാനം എന്താണെന്ന് വിശദീകരിച്ചാല്‍ കൊള്ളാം.
കുഞ്ഞബ്ദുല്ല കോറോത്ത്
കരിയാട്

ഇസ്ലാമിക നിയമമനുസരിച്ച് കുഞ്ഞിന് മുലയൂട്ടേണ്ടത് മാതാവ് തന്നെയാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "മാതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ രണ്ട് വര്‍ഷം പൂര്‍ണമായി മുലയൂട്ടട്ടെ- മുലകുടി കാലം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്. കുഞ്ഞിന്റെ പിതാവിന്റെ ബാധ്യതയാണ് (അക്കാലത്ത്) മാതാക്കളുടെ ഭക്ഷണവും വസ്ത്രവും...'' (2:233). മാതാവിന് മുലയൂട്ടാന്‍ കഴിയാതെ വരുമ്പോഴാണ് മറ്റൊരു സ്ത്രീയെ ആ ചുമതല ഏല്‍പിക്കേണ്ടത് എന്നും സൂറത്ത് ത്വലാഖിലെ ആറാം സൂക്തം സൂചിപ്പിക്കുന്നു. ജാഹിലിയ്യാ കാലത്ത് കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്ത് അവരെ മുലയൂട്ടാന്‍ ഗ്രാമീണ സ്ത്രീകളെ ഏല്‍പിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും പ്രവാചകന്‍ അത് തുടര്‍ന്നതായി തെളിയുന്നില്ല. എന്നാല്‍ നിരോധിച്ചിരുന്നുമില്ല. അവശ്യഘട്ടങ്ങളില്‍ അത് വേണ്ടിവരുമെന്നത് കൊണ്ടാണത്. ഏത് സാഹചര്യത്തിലും മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് തടയപ്പെടരുത് എന്നതിനാണ് ഇസ്ലാം പ്രഥമ പരിഗണന നല്‍കിയത്.

കളിയിലെ വേഷം
 ഇസ്ലാമിക വേഷത്തില്‍ ശിരോവസ്ത്രവും ട്രാക്ക്സൂട്ടും ധരിച്ച് ഫുട്ബോള്‍ കളിക്കാനിറങ്ങിയ ഇറാന്‍ വനിതാ ഫുട്ബോള്‍ ടീമിന് ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതായി വാര്‍ത്ത. മതരാഷ്ട്രീയ ചിഹ്നങ്ങള്‍ സ്പോര്‍ട്സ് രംഗത്ത് അവതരിപ്പിക്കുന്നത് ശരിയല്ല എന്ന ഫിഫയുടെ നിലപാടിനോടുള്ള മുജീബിന്റെ പ്രതികരണം?
നുഹ ബിന്‍ത് കവ്വായി

കളിയുടെ വേഷം നിശ്ചയിക്കുന്നത് പാശ്ചാത്യരാണ്. ക്രിക്കറ്റും ഫുട്ബോളും ടെന്നീസുമൊക്കെ അവരുടെ കളികളാണ് താനും. പടിഞ്ഞാറുകാര്‍ക്ക് സ്ത്രീ പരമാവധി നഗ്നയാവുന്നതിനോടാണ് ആഭിമുഖ്യം. അതില്‍ വിരോധമില്ലാത്ത പൌരസ്ത്യരും ആ വഴിക്ക് പോവുന്നു. ഇറാന്ന് കളിയിലായിരിക്കാം താല്‍പര്യം, വേഷത്തിലല്ല. വേഷം ഇസ്ലാമികമാവുന്നത് കളിയെ ബാധിക്കുമെന്ന് ഇറാന്‍ കരുതുന്നില്ല. ശരീരം മറക്കുന്ന വസ്ത്രധാരണം മത ചിഹ്നമല്ല, മാന്യതയുടെയും സാമാന്യ മര്യാദയുടെയും ചിഹ്നമാണ്. അത് പക്ഷേ ഫിഫക്ക് മനസ്സിലാവില്ല. ഫുട്ബോള്‍ കളിക്ക് കോടികള്‍ വെള്ളം പോലെ ഒഴുക്കുന്ന അറബികള്‍ ഈ വക കാര്യങ്ങളില്‍ ഫിഫയെ കാര്യം മനസ്സിലാക്കിക്കാന്‍ ശ്രമിക്കാറുമില്ല.

തെരഞ്ഞെടുപ്പില്‍ ജാതി മത ശക്തികളുടെ സ്വാധീനം
 കേരളത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതുവരെ ജാതി സാമുദായിക ശക്തികള്‍ പരസ്യമായി അഭിപ്രായം പറയുകയും സമ്മര്‍ദതന്ത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. ജമാഅത്തെ ഇസ്ലാമിയും ഇതിനപവാദമല്ല എന്നാണ് മനസ്സിലാകുന്നത്. സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതില്‍ മുസ്ലിം ലീഗിന് വീഴ്ച പറ്റുന്നു എന്നതാണല്ലോ ജമാഅത്തിന്റെ ലീഗ് വിമര്‍ശനങ്ങളിലൊന്ന്. കഴിവിനേക്കാളും പ്രാപ്തിയേക്കാളും ജാതി സാമുദായിക ചിന്തകള്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കുന്നത് ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിന്റെ മുരടിപ്പിനല്ലേ കാരണമാകൂ?
നിസാര്‍ പൂവ്വാര്‍

ജാതി സംഘടനകളും സാമുദായിക കൂട്ടായ്മകളും അവരുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യമായതൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. ഒരു ജനാധിപത്യ രാജ്യത്ത് അതൊന്നും പൂര്‍ണമായി തടയാനാവില്ല. എന്നാല്‍, മതേതരമെന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍, ഇത്തരം സംഘടനകളെ പ്രീണിപ്പിക്കുന്നതും അവരുടെ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാവുന്നതും ശരിയാണോ എന്നതാണ് പ്രശ്നം. തലയില്‍ മുണ്ടിട്ട് ഇപ്പണി ചെയ്യുന്ന പാര്‍ട്ടികളൊക്കെ പരസ്യമായി അതിനെ തള്ളിപ്പറയുന്നു എന്ന വൈരുധ്യമാണിവിടെ നിലനില്‍ക്കുന്നത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ്സും കത്തോലിക്കാ സഭയും ഇറങ്ങിക്കളിച്ചു. മുസ്ലിം ലീഗ് നേരത്തെതന്നെ യു.ഡി.എഫില്‍ നിര്‍ണായക ശക്തിയാണ്.
ജമാഅത്തെ ഇസ്ലാമി ഒരിക്കലും ജാതിയുടെയോ സമുദായത്തിന്റെയോ മതത്തിന്റെയോ പേരില്‍ രാഷ്ട്രീയം കളിച്ചിട്ടില്ല; സ്വാധീനം ചെലുത്താനും ശ്രമിച്ചിട്ടില്ല. സെക്യുലര്‍ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് തത്ത്വാധിഷ്ഠിത പിന്തുണ എന്നതാണതിന്റെ പ്രഖ്യാപിത നയം. മുസ്ലിം ലീഗ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെടുമ്പോള്‍ അത് ചൂണ്ടിക്കാട്ടുന്നത് ചില പ്രത്യേക സ്ഥാനാര്‍ഥികളെ മുമ്പില്‍ വെച്ചല്ല. ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ആര്‍ കയറിപ്പറ്റിയാലും ജമാഅത്ത് അതേപ്പറ്റി അഭിപ്രായം പറയാറില്ല. ഒരാളെയും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കാറുമില്ല. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തിറക്കിയ സ്ഥാനാര്‍ഥികളില്‍ താരതമ്യേന യോഗ്യരും സംശുദ്ധരുമായവര്‍ക്ക് വോട്ട് ചെയ്യാറാണ് പതിവ്. ചിലപ്പോള്‍ രണ്ട് മുന്നണികളിലൊന്നിനെ വ്യക്തമായ കാരണങ്ങളാല്‍ മൊത്തമായും പിന്താങ്ങുന്നു. അഴിമതിമുക്തമായ ജനാധിപത്യ ഭരണം, വര്‍ഗീയ ഫാഷിസത്തിന്റെ പ്രതിരോധം, ന്യൂനപക്ഷ സംരക്ഷണം എന്നിവയാണ് ജമാഅത്ത് മുന്നോട്ട് വെച്ച രാഷ്ട്രീയ ലക്ഷ്യങ്ങള്‍. ഇത് ജനാധിപത്യ സംവിധാനത്തെ മുരടിപ്പിക്കുകയല്ല ആരോഗ്യകരമാക്കുകയാണ് ചെയ്യുക.

മസ്ജിദുല്‍ അഖ്സ്വാ
 "തന്റെ ദാസനെ (നബിയെ) ഒരു രാത്രി മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സ്വായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (17:1).
വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഇസ്റാഇല്‍, മുഹമ്മദ് നബിയുടെ നിശായാത്രയെക്കുറിച്ച് പറയുമ്പോള്‍ മസ്ജിദുല്‍ ഹറാമില്‍ നിന്നും മസ്ജിദുല്‍ അഖ്സ്വായിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി എന്നാണല്ലോ പറയുന്നത്. മുഹമ്മദ് നബിയുടെ കാലത്ത് മസ്ജിദുല്‍ അഖ്സ്വാ എന്ന ഒരു കെട്ടിടം ഇല്ലെന്നിരിക്കെ ചരിത്രപരമായി നോക്കിയാല്‍ ഈ ഖുര്‍ആനിക പരാമര്‍ശം അബദ്ധമല്ലേ?
ഹാറൂണ്‍ തങ്ങള്‍
കിളിക്കൊല്ലൂര്‍, കൊല്ലം

ഖുര്‍ആന്‍ സൂക്തത്തില്‍ മസ്ജിദുല്‍ അഖ്സ്വാ എന്ന് പ്രയോഗിച്ചത് ബൈത്തുല്‍ മഖ്ദിസിനെ ഉദ്ദേശിച്ചാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 'അതിന്റെ പരിസരം നാം അനുഗ്രഹിച്ചിരിക്കുന്നു' എന്ന വാക്യം അത് സൂചിപ്പിക്കുന്നു. നിരവധി പ്രവാചകന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണ് ചരിത്രപരമായി ബൈത്തുല്‍ മഖ്ദിസ്. മുമ്പ് അവിടെ നിലനിന്ന ഒരാരാധനാലയത്തെക്കുറിച്ച സൂചന കൂടിയാവാം ഖുര്‍ആന്‍ സൂക്തം ഉള്‍ക്കൊള്ളുന്നത്.

കമലാ സുറയ്യയുടെ ഭൌതിക ശരീരം
 "ഒരു പഴന്തുണിയില്‍ പൊതിഞ്ഞ് ജനകീയ പുഴുവിനും കൃമിക്കും തീപ്പണ്ടമായി ലോകാവാസാനം വരെ പല്ലും നഖവും എല്ലും മുടിയും ബാക്കി വെച്ച് ജീര്‍ണിക്കാനുള്ളതായിരുന്നില്ല ഈ എഴുത്തുകാരിയുടെ രാജകീയ ഭൌതിക ശരീരം. അത് പുന്നയൂര്‍ക്കുളത്ത് നാലപ്പാട് വീട്ടിലെ നീര്‍മാതള ഛായയില്‍ കത്തി അഗ്നിജ്വാലകള്‍ ഉയര്‍ത്തി പ്രപഞ്ചത്തില്‍ അര മണിക്കൂര്‍ കൊണ്ട് വിലയം പ്രാപിക്കാനുള്ളതായിരുന്നു!'' (നിര്‍മല്‍ കുമാര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 15). പ്രതികരണം?
ഹമീദ് മുത്തനൂര്‍

എന്ത് ചെയ്യാം, ബുദ്ധിയും സ്വന്തമായ അഭിപ്രായവുമുള്ള കമലാ സുറയ്യക്ക് ജീവിച്ചിരുന്നപ്പോള്‍, തന്റെ ഭൌതികശരീരം കത്തിച്ചു ചാരമാക്കിയാലുള്ള മഹത്വമൊന്നും ബോധ്യപ്പെട്ടില്ല. പകരം, അത് കുളിപ്പിച്ച് ശുഭ്ര വസ്ത്രത്തില്‍ പൊതിഞ്ഞ് സുഗന്ധം പുരട്ടി പള്ളിക്കരികെ ആറടി മണ്ണില്‍ കിടത്തുന്നതിനെപ്പറ്റിയേ അവര്‍ ആലോചിച്ചുള്ളൂ. അത് അവര്‍ വസ്വിയ്യത്തായി മക്കളെ അറിയിക്കുകയും ചെയ്തു. അവരാകട്ടെ, അമ്മയുടെ അന്ത്യാഭിലാഷം നിറവേറ്റി നിര്‍വൃതിയടഞ്ഞു. സംഭവത്തില്‍ രോഷവും നൈരാശ്യവും സഹിക്കാന്‍ വയ്യാത്തവര്‍ അത് കരഞ്ഞും പറഞ്ഞും തീര്‍ക്കട്ടെ. മറ്റുള്ളവര്‍ അതില്‍ നിസ്സഹായരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം