Prabodhanm Weekly

Pages

Search

2011 ജൂലൈ 2

റജബിന്റെ ശ്രേഷ്ഠത

യു.പി സിദ്ദീഖ്

റജബ് മാസത്തെ പറ്റി നാം അറിയേണ്ടതുണ്ട്. അത് ഇസ്ലാമികമായ അറിവിന്റെ ഭാഗമാണ്. അല്ലാഹു ആദരിച്ച മാസങ്ങളില്‍ ഒന്നാണ് റജബ്. ഒപ്പം മുഹമ്മദ് നബി(സ)യുടെ ആകാശാരോഹണം (ഇസ്റാഅ്-മിഅ്റാജ്) നടന്നതും റജബിലാണ്. അപ്പോള്‍ റജബിന് പിന്നെയും പവിത്രത കൂടുന്നു. മാത്രമല്ല മിഅ്റാജ് വേളയിലാണല്ലോ വിശ്വാസികള്‍ക്കുള്ള അല്ലാഹുവിന്റെ വിലപ്പെട്ട സമ്മാനം- അഞ്ച് നേരത്തെ നമസ്കാര പ്രാര്‍ഥന- ലഭിച്ചത്.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: "തന്റെ ദാസനെ ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് ആ വിദൂര മസ്ജിദിലേക്ക്- അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവില്‍ കൊണ്ടുപോയവന്‍ പരിശുദ്ധനത്രെ. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും അല്ലാഹു മാത്രമാകുന്നു, നിശ്ചയം'' (അല്‍ ഇസ്റാഅ് 1). ഇവിടെ പരാമര്‍ശിച്ച മസ്ജിദുല്‍ ഹറാമില്‍നിന്ന് വിദൂരതയിലേക്ക് അഥവാ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്സ്വായിലേക്കുള്ള ഒന്നാംഘട്ട യാത്രയെ ഇസ്റാഅ് എന്നും തുടര്‍ന്ന് മസ്ജിദുല്‍ അഖ്സ്വാ മുതല്‍ ദൈവിക സന്നിധിയിലേക്കുള്ള യാത്രയെ മിഅ്്റാജ് എന്നും പറയുന്നു. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ഈ യാത്ര ആത്മീയമാണോ (സ്വപ്നദര്‍ശനം) ഭൌതിക ശരീരത്തോടുകൂടിയുള്ളതാണോ എന്നതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ പ്രത്യക്ഷ വചനങ്ങള്‍ തന്നെ വിലയിരുത്തുന്നവര്‍ക്ക് പ്രവാചകന്റെ യാത്ര ശരീര പ്രധാനം തന്നെയായിരുന്നുവെന്ന് വിലയിരുത്താനേ സാധിക്കൂ.
മിഅ്റാജ് യാത്ര അക്ഷരാര്‍ഥത്തില്‍ അന്ത്യപ്രവാചകന് അല്ലാഹു നല്‍കിയ ആദരവിന്റെയും മഹത്വത്തിന്റെയും സൂചകമത്രെ. ആകാശലോകങ്ങളുടെ വിദൂരാതിര്‍ത്തികള്‍ക്കപ്പുറം പരിശുദ്ധനായ ജിബ്രീല്‍ മലക്കിനു പോലും പ്രവേശനമില്ലാത്ത അല്ലാഹുവിന്റെ സിംഹാസനച്ചോട്ടില്‍ തന്റെ പ്രിയപ്പെട്ട അടിമയെ അല്ലാഹു കൊണ്ടുവന്നത് മനുഷ്യരാശിക്കുതന്നെ ഏറെ ഉള്‍പ്പുളകമുണ്ടാക്കുന്ന സംഭവമാണ്. മുഹമ്മദ് നബി(സ) പൂര്‍ണമായി ആദരിക്കപ്പെടുക മാത്രമല്ല, ശത്രു ജനങ്ങള്‍ക്കിടയില്‍ താന്‍ അനുഭവിച്ച ദുഖങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും ദൈവം കനിഞ്ഞേകിയ ഒരാശ്വാസ നടപടി കൂടിയായിരുന്നു ഈ അത്ഭുത പ്രയാണം.
ആകാശാരോഹണത്തെ തുടര്‍ന്ന് അല്ലാഹു അവന്റെ ഹബീബായ നബിയോട് സംവദിക്കുന്നതിന്റെ ചേതോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ നമുക്ക് ഹദീസുകളിലൂടെ ലഭിക്കുന്നുണ്ട്. എന്നാല്‍ അന്ത്യപ്രവാചകന്‍ അല്ലാഹുവിന്റെ സവിധത്തില്‍നിന്ന് തിരിച്ചുവരുമ്പോള്‍ അല്ലാഹു തന്റെ അടിമകള്‍ക്കായി തിരുദൂതര്‍ വഴി നല്‍കിയ അഞ്ചുനേരത്തെ നമസ്കാരമാണ് ഏറ്റവും മുഖ്യം.
നാളെ പരലോകത്ത് തന്റെ അടിമകളോട് സര്‍വശക്തനായ ദൈവം ആദ്യം ചോദിക്കുന്ന കര്‍മം നമസ്കാരമത്രെ. അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്കാരം നമ്മെ സംബന്ധിച്ചേടത്തോളം ജീവല്‍ പ്രധാനമാണ്.
നമസ്കാരത്തെ ഏറ്റവും ശ്രേഷ്ഠമാക്കുന്നത് അതിലെ സുജൂദുകളാണ് (പ്രണാമങ്ങള്‍). കോടിക്കണക്കിനു രൂപയും ഈ ലോകം തന്നെയും പകരം തരാമെന്നു പറഞ്ഞാല്‍ പോലും നാം മറ്റൊരു മനുഷ്യന്റെയോ വസ്തുവിന്റെയോ മുന്നില്‍ പ്രണമിക്കാറില്ല. എന്നാല്‍ അതേ ശിരസ്സുകൊണ്ട് നാം ദിനേന ചുരുങ്ങിയത് 34 വട്ടം ഏകനായ അല്ലാഹുവിന്റെ മുന്നില്‍ വിനയത്തോടെയും ഭയഭക്തിയോടെയും കുനിയുന്നു, പ്രണമിക്കുന്നു. ഇതില്‍ ഒരു അന്തസ്സുണ്ട്. എന്റെ ശിരസ്സും എന്റെ നട്ടെല്ലും എന്റെ സ്രഷ്ടാവായ, സര്‍വലോകങ്ങളുടെയും സ്രഷ്ടാവായ ഏകദൈവത്തിന്റെ മുമ്പില്‍ മാത്രമേ കുനിയുകയുള്ളൂ എന്നതാണ് അതിലെ അന്തസ്സ്. സൃഷ്ടികളുടെ മുന്നില്‍ തലകുനിക്കുന്നവര്‍ക്ക് അന്തസ്സ് കൈവരിക സാധ്യമേ അല്ല. അപ്പോള്‍ നമസ്കാരമെന്നത് ഒന്നാമതായും മനുഷ്യമഹത്വത്തിന്റെ സാക്ഷ്യപത്രമത്രെ.
നമസ്കാരത്തിന്റെ സവിശേഷതകള്‍ എണ്ണിയാല്‍ തീരാത്തത്രയുണ്ട്. അതെല്ലാം കരഗതമാവണമെങ്കില്‍ നമ്മുടെ നമസ്കാരങ്ങളില്‍ മുഖ്യമായും വരേണ്ട ഒരു ചേരുവ -ഭയഭക്തി- ഉണ്ടാവണം. ഭയഭക്തി ഇല്ലാത്ത നമസ്കാരങ്ങള്‍ അല്ലാഹുവിങ്കല്‍ ഫലശൂന്യമായിരിക്കുമെന്ന് ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചിട്ടുണ്ട്. സര്‍വലോക സ്രഷ്ടാവും അന്ത്യനാളിന്റെ ഉടമസ്ഥനുമായ അല്ലാഹുവിന്റെ മുന്നിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന ബോധം ഉണ്ടായാലേ നമ്മുടെ നമസ്കാരങ്ങളില്‍ ഭക്തിയും വിനയവും (ഖുശൂഉം ഖുദൂഉം) ഉണ്ടാവുകയുള്ളൂ. മാത്രമല്ല നമസ്കാരത്തെ വിശ്വാസികളുടെ ആകാശയാത്ര(മിഅ്റാജുല്‍ മുഅ്മിനീന്‍) എന്നാണ് പ്രവാചകന്‍(സ) പരിചയപ്പെടുത്തിയിട്ടുള്ളത്. മറ്റൊരുവിധം പറഞ്ഞാല്‍ നമസ്കാരത്തില്‍ അല്ലാഹുവിന്റെ സന്നിധിയിലാണ് നാം നില്‍ക്കുന്നത്. നാം ഉയര്‍ത്തുന്ന ആവലാതികള്‍ക്കെല്ലാം അല്ലാഹു അപ്പോള്‍ തന്നെ നമുക്ക് ഉത്തരം നല്‍കുന്നുണ്ട്. നമസ്കാരം ഇവ്വിധം അനുഭൂതിദായകമാവണമെങ്കില്‍ അല്ലാഹുവിന്റെ മുന്നിലാണ് ഞാന്‍ കൈകെട്ടുന്നതെന്ന ശക്തമായ ബോധം കൂടിയേ തീരൂ. അപ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഭയഭക്തി വികാരങ്ങള്‍ ഉറവയെടുക്കും. നമസ്കാരത്തെ അല്ലാഹുവുമായുള്ള വിശ്വാസികളുടെ സംഭാഷണം (മുനാജാത്തുല്‍ മുഅ്മിനീന്‍) എന്നും നബി(സ) വിശേഷിപ്പിച്ചിട്ടുണ്ട്. അരോഗാവസ്ഥയിലും രോഗാവസ്ഥയിലും നമസ്കാരം നിര്‍ബന്ധമാണ്. നിന്നും കഴിയില്ലെങ്കില്‍ ഇരുന്നും അതിനും പറ്റിയില്ലെങ്കില്‍ കിടന്നും നമസ്കരിക്കാം. അവയവങ്ങള്‍ അനക്കാന്‍ പറ്റാതിരുന്നാല്‍ മനസ്സുകൊണ്ട് നമസ്കരിക്കണം. യാത്രാവേളകളില്‍ ജംഉം ഖസ്റും ആക്കണം.
നമ്മുടെ മക്കളുടെ അംഗശുദ്ധി(വുദു)കളും നമസ്കാരങ്ങളും കുറ്റമറ്റതാണോ എന്ന് നാം രക്ഷിതാക്കള്‍ നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും വേണം. മക്കളെ അധ്യാപകര്‍ക്കുമാത്രം വിട്ടുകൊടുത്താല്‍ പോര. മക്കളുടെ ആത്മീയ- ഭൌതിക കാര്യങ്ങളത്രയും ഒന്നാമതായി നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളാണ്. അവരുടെ ഭൌതിക പഠനങ്ങള്‍ക്ക് സര്‍വത്ര ശ്രദ്ധ നല്‍കുകയും എന്നാല്‍ ആത്മീയ പരിശീലന മുറകളെ അവഗണിക്കുകയും ചെയ്യുന്നത് നാശനിമിത്തമായിരിക്കും. മനുഷ്യനെന്നാല്‍ പ്രഥമമായും ആത്മാവാണ്. ആത്മാവിന്റെ പോഷണത്തിനും വിശുദ്ധിക്കുമാണ് അല്ലാഹു നമുക്ക് നമസ്കാരം എന്ന ഉപകരണം സമ്മാനിച്ചിട്ടുള്ളത്. അത് ശൈശവം തൊട്ടേ നാം ശീലിപ്പിക്കണം.
(കണ്ണൂര്‍ ടൌണ്‍ മസ്ജിദുന്നൂറില്‍ 17.6.11ന് നടത്തിയ ഖുത്ബ. സംഗ്രഹം തയാറാക്കിയത്: ജമാല്‍ കടന്നപ്പള്ളി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം