Prabodhanm Weekly

Pages

Search

2011 ജൂലൈ 2

സര്‍ക്കാര്‍ ജോലി: സമുദായത്തിന് അജണ്ട വേണം

കെ. നജാത്തുല്ല

മഹല്ലു പ്രവര്‍ത്തനങ്ങള്‍ക്കൊരു രൂപരേഖ എന്ന തലക്കെട്ടില്‍ പ്രബോധനം നടത്തിയ ചര്‍ച്ച ശ്രദ്ധേയമായി. എന്നാല്‍, ചര്‍ച്ചകളിലൊന്നും കാര്യമായി കടന്നു വരാത്ത ഒന്നാണ് മുസ്ലിം സമുദായത്തിന്റെ സര്‍ക്കാര്‍ ജോലികളിലുള്ള പ്രാതിനിധ്യവും അതിനു വേണ്ടിയുള്ള ശ്രമവുമൊക്കെ. സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചും സാമൂഹിക അഭിവൃദ്ധിയെ സംബന്ധിച്ചും എഴുതിയവരൊക്കെ ഈ മേഖല പരാമര്‍ശിക്കുകയുണ്ടായില്ല. സമുദായ- മഹല്ലു നേതൃത്വത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട രംഗമാണിത്.
ഒരു ന്യൂനപക്ഷ സമുദായമെന്ന നിലക്ക് ചരിത്രപരമായ കാരണങ്ങളാലും മറ്റും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണ് മുസ്ലിംകളെന്നത് പല അന്വേഷണ കമ്മീഷനുകളുടെ പഠന റിപ്പോര്‍ട്ടുകളില്‍ നിന്നു സര്‍ക്കാറിനും പൊതു സമൂഹത്തിനും മുസ്ലിം സമുദായത്തിനു തന്നെയും ബോധ്യപ്പെട്ട കാര്യമാണ്. അല്‍പം മെച്ചപ്പെട്ടതെങ്കിലും കേരളത്തിലെ കാര്യവും ഭിന്നമല്ല. കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളിലായി വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തിനകത്ത് കാര്യമായ ഉണര്‍വുണ്ടായിട്ടുണ്ട്. മുസ്ലിം സമുദായത്തിനകത്ത് വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന മത സംഘടനകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഗള്‍ഫ് പണത്തിന്റെ സ്വാധീനവുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. എന്നാല്‍ അതിനനുസരിച്ച പ്രാതിനിധ്യം സര്‍ക്കാര്‍, പൊതുമേഖല ഉദ്യോഗസ്ഥ മേഖലകളില്‍ ഉണ്ടായിട്ടില്ലെന്നതു നരേന്ദ്രന്‍ കമീഷന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നു. പ്രസ്തുത റിപ്പോര്‍ട്ടുകളെ കുറിച്ച സംവാദ വിവാദങ്ങളുമൊക്കെ കേരളത്തില്‍ സമുദായത്തിനകത്തും പുറത്തും ധാരാളമായി നടന്നു കഴിഞ്ഞു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങളെ കുറിച്ചും പ്രത്യേക സംവരണത്തെ കുറിച്ചുമൊക്കെ സമുദായത്തെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ അവരുടെ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു.
പക്ഷേ, അതിനപ്പുറത്ത് സമുദായത്തിനകത്ത് നടത്തേണ്ട ക്രിയാത്മക പ്രവര്‍ത്തനങ്ങളെ കുറിച്ച് സമുദായ നേതാക്കന്മാരും സംഘടനകളും മഹല്ലുഭാരവാഹികളും വേണ്ടത്ര ബോധവാന്മാരല്ല എന്നതാണു യാഥാര്‍ഥ്യം. കാര്യവിവരമുള്ളവരൊക്കെ വിദ്യാഭ്യാസപരമായ ഉണര്‍വിനെ കുറിച്ചും പുരോഗതിയെ കുറിച്ചുമാണ് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്. എന്നാല്‍ നമ്മുടേതു പോലുള്ള ഒരു ജനാധിപത്യ സമൂഹത്തില്‍ സമുദായ പുരോഗതിക്ക് രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണംപോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വിഭവ വിതരണത്തിലെ പ്രാതിനിധ്യവും തൊഴില്‍പരമായ സാന്നിധ്യവുമെന്നത്. വിശേഷിച്ചും തൊഴിലിനായി കാത്തു നില്‍ക്കുന്ന വമ്പിച്ചൊരു തൊഴില്‍സേന നിലനില്‍ക്കുന്ന സാഹചര്യത്തില്‍. സ്വകാര്യ സര്‍ക്കാര്‍ മേഖലയിലെ ഉദ്യോഗ ലബ്ധി ഇന്ന് കടുത്ത മത്സര പരീക്ഷകളെ അടിസ്ഥാനമാക്കിയാണ്. പഠനം കഴിഞ്ഞവര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലിയെന്ന പഴയകാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു വിദ്യാഭ്യാസ കാലഘട്ടത്തിലേറെ പ്രധാനപ്പെട്ടതായിരിക്കുന്നു ജോലി ലഭിക്കാനുള്ള പഠനമെന്നത്.
പതിനായിരങ്ങള്‍ വരുമാനം ലഭിക്കുന്ന സ്വകാര്യമേഖലയിലെ ജോലിയേക്കാള്‍ പലതുകൊണ്ടും മെച്ചപ്പെട്ടു നില്‍ക്കുന്നതാണ് സര്‍ക്കാര്‍ ജോലി. ബഹുജന ബന്ധത്തിലൂടെ ജന സേവനത്തിന്റെയും അധികാരത്തിന്റേതുമായ വലിയൊരു ലോകം അതു തുറന്നുതരുന്നു. ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്വജന പക്ഷപാതിത്വത്തെയും വലിയ വായില്‍ വിമര്‍ശിച്ചതുകൊണ്ടു മാത്രമായില്ല, അത്തരം ന്യൂനതകള്‍ക്ക് വിധേയപ്പെടാത്ത സമുദായത്തില്‍ നിന്നുള്ളവരെ പ്രസ്തുത തലങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ചുമതലയാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ആദര്‍ശപരമായ ബാധ്യതയുമാണത്. എന്നാല്‍ അതിനനുസരിച്ച പ്രാധാന്യം സമുദായമോ അതിനെ നയിക്കുന്ന സംഘടനകളോ നല്‍കുന്നില്ല. മറ്റു പല കാര്യങ്ങളിലും മുന്നില്‍ നടന്ന പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പോലും ഈ വിഷയത്തില്‍ ബോധവാന്മാരല്ലെന്നു കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാവും. എല്‍.സി.ഡി വിഴുപ്പലക്കിലും തങ്ങളുടെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ മാത്രമുള്ള പൊതു ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലും തന്നെയാണിന്നും സംഘടനകള്‍ക്ക് താല്‍പര്യം. സര്‍ക്കാര്‍ ജോലി നേടിയെടുക്കുന്ന കാര്യത്തില്‍ ഇന്നു ഇതര സമുദായങ്ങളേക്കാള്‍ ഏറെ പിറകിലാണ് മുസ്ലിം സമുദായം.
കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗം നേടുന്നതിന് മത്സര പരീക്ഷകള്‍ നടത്തുന്ന കേരളത്തിലെ പ്രശസ്തമായ ഒരു കോച്ചിംഗ് സ്ഥാപനം ഈയിടെ സന്ദര്‍ശിക്കുകയുണ്ടായി. 2011ല്‍ നടക്കാനിരിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് പരീക്ഷക്കായി തയാറെടുക്കുന്ന 60 വിദ്യാര്‍ഥികളുള്ള മൂന്ന് അവധി ദിവസ ബാച്ചുകളില്‍ 80 ശതമാനം പേരും ഒന്ന്/രണ്ട് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍! ബിരുദ പഠനം കഴിയുമ്പോഴേക്ക് ഒരു സര്‍ക്കാര്‍ ജോലിയെന്നതാണവരുടെ ലക്ഷ്യം. ഇതില്‍ മുസ്ലിം സമുദായത്തിനകത്തുള്ളവരുടെ എണ്ണമാവട്ടെ ഇല്ലെന്നു പറയുന്നതിനു തുല്യവും. ബിരുദം യോഗ്യതയായുള്ള മത്സര പരീക്ഷകളുടെ കോച്ചിംഗ് സെന്ററുകളിലും ഇതാണവസ്ഥ. നിലവാരപ്പെട്ട കോഴ്സിനാണു ഞാന്‍ പഠിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്ന ചെറുപ്പക്കാര്‍ക്ക് പലപ്പോഴും ജോലി നേടാനുള്ള പരീക്ഷക്ക് താന്‍ ശ്രമിക്കുന്നുവെന്ന് പുറത്തുപറയാന്‍ ജാള്യതയുണ്ടാക്കുന്ന ഒരു ഘടകം സമുദായത്തിനകത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസവും സംഘടനാ പ്രവര്‍ത്തനവും മാത്രം അംഗീകരിക്കപ്പെടുകയും തൊഴില്‍പരമായ അന്വേഷണങ്ങള്‍ അപ്രധാനമായി കാണുകയും ചെയ്യുന്ന ഒരു പ്രവണത സംഘടനാ പൂരിത സമുദായത്തിലും കാണുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം പഠിക്കാനുള്ള സന്നദ്ധത കുറവും ഗള്‍ഫും പെട്ടെന്ന് പണക്കാരനാകാനുള്ള മോഹവും ഇന്നും സമുദായത്തിനകത്തുണ്ട്.
കേരള പബ്ളിക് സര്‍വീസ് കമീഷന്‍ വിവിധ തസ്തികകളിലേക്കായി സംസ്ഥാന ജില്ലാ തലങ്ങളില്‍ തയാറാക്കുന്ന റാങ്ക് ലിസ്റുകളെടുത്തു പരിശോധിച്ചാല്‍ മനസിലാകും കാര്യങ്ങളുടെ കിടപ്പ്. സംസ്ഥാന തലത്തില്‍ പൊതുപരീക്ഷ നടത്തി 2011ല്‍ പ്രസിദ്ധീകരിച്ച (മാര്‍ച്ച് 31 വരെയുള്ള) റാങ്ക് ലിസ്റ് മാത്രം പരിശോധിച്ചാലറിയാം മുസ്ലിം അഭ്യസ്തവിദ്യരുടെ പ്രകടനം. ആകെ പുറത്തുവന്ന 39 മെറിറ്റ് ലിസ്റില്‍ സമുദായംഗങ്ങളുടെ സാന്നിധ്യം 13 ശതമാനം മാത്രം. ആകെ ലിസ്റില്‍ ഇടം പിടിച്ച 6961 പേരില്‍ 908 പേരാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍. മറ്റിതര സംവരണ സമുദായങ്ങള്‍ പോലും മെറിറ്റ് ലിസ്റില്‍ മുസ്ലിം സമുദായത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. 14 ലിസ്റുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ ഉള്‍പ്പെട്ടിട്ടേയില്ല. മാത്രമല്ല, ഉന്നത റാങ്കിലെത്തിയവരുടെ എണ്ണം തീരെ കുറവാണു താനും. ഗസറ്റഡ് റാങ്കുള്ള ഉദ്യോഗങ്ങളിലേക്കായി തയാറാക്കിയ 12 പട്ടികകളില്‍ ആകെയുള്ളത് 6177 പേര്‍. അതില്‍ മുസ്ലിം സമുദായം 837 പേര്‍ മാത്രം. ഇതു തന്നെയാണ് വിവിധ ജില്ലാ തലങ്ങളില്‍ തയാറാക്കിയ ലിസ്റുകളില്‍ നിന്നും വായിച്ചെടുക്കാവുന്ന കാര്യവും.
പല കാരണങ്ങളാല്‍ മുസ്ലിം സമുദായത്തിന് മത്സരശേഷി കുറവാണെന്ന കാര്യം വിസ്മരിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ വെച്ചു നീട്ടുന്ന സംവരണത്തിനുമപ്പുറത്തേക്ക് വല്ലാതെയൊന്നും സഞ്ചരിക്കാനാവില്ല. സമുദായത്തിനകത്ത് ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തിനും മത, യുവജന സംഘടനകള്‍ക്കും ഒരുപാട് ചെയ്യാനുള്ള ബാധ്യതയുണ്ടെന്നു സൂചിപ്പിക്കുകയാണ്. ഈ മേഖയില്‍ സമുദായത്തില്‍ നടപ്പിലാക്കാവുന്ന ചുവടുവെപ്പുകള്‍ താഴെ:
1. സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യത്തെകുറിച്ചും അത് സമുദായത്തിന്റെ ബാധ്യതാ നിര്‍വഹണവുമായെങ്ങനെ ബന്ധപ്പെടുന്നുവെന്നും സാമാന്യ ജനത്തെ ബോധ്യപ്പെടുത്തുക. ഉദ്ബോധന പ്രസംഗങ്ങള്‍, മത പ്രഭാഷണങ്ങള്‍, ആഭ്യന്തര കാമ്പയിനുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
2. മതസംഘടനകളുടെ കീഴില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആഴ്ചയിലൊരു പിരീഡ് ജോലിയുമായി ബന്ധപ്പെട്ട ഓറിയന്റേഷനായി മാറ്റിവെക്കുക.
3. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികളില്‍ മത്സര പരീക്ഷക്കാവശ്യമായ ഗൈഡുകള്‍, റാങ്ക് ഫയലുകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാക്കുക.
4. മത/യുവജന സംഘടനകളുടെ മേല്‍നോട്ടത്തിലുള്ള വായനശാലകളിലും ലൈബ്രറികളിലും, മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഗൈഡുകള്‍, റാങ്ക് ഫയലുകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലഭ്യമാക്കുക.
5. സംഘടനകളുടെ പ്രദേശിക ഘടകങ്ങളുടെ മുഖ്യ പ്രവര്‍ത്തന മണ്ഡലങ്ങളിലൊന്ന് കുറച്ചു കാലത്തേക്കെങ്കിലും ഇത്തരം കാര്യങ്ങളിലാവുക.
6. വീടുകളില്‍ മത പ്രസിദ്ധീകരണങ്ങളോടൊപ്പം മത്സര പരീക്ഷകള്‍ക്കായി തയാറാക്കുന്ന ആനുകാലികങ്ങളുടെ വരിക്കാരാവുക.
7. പള്ളികളില്‍ റീഡിംഗ്/വായനാ റൂമുകള്‍ സജീകരിക്കുകയും മത്സര പരീക്ഷകള്‍ക്കാവശ്യമായ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, ഗൈഡുകള്‍, റാങ്ക് ഫയലുകള്‍ എന്നിവ ലഭ്യമാക്കുക.
8. വൈകുന്നേരങ്ങളില്‍ മദ്റസ കെട്ടിടങ്ങളും മഹല്ലിലെ അഭ്യസ്ത വിദ്യരെയും ഉപയോഗപ്പെടുത്തി കോച്ചിംഗ് ക്ളാസുകള്‍ സംഘടിപ്പിക്കുക.
ഇത്തരത്തിലുള്ള ബോധപൂര്‍വമായ പരിശ്രമങ്ങളിലൂടെ മുന്നോട്ടു പോയാല്‍ അധികാരത്തിന്റെയും സേവനത്തിന്റെയും സുപ്രധാന മേഖലയായ സര്‍ക്കാര്‍ സര്‍വീസുകളില്‍ സമുദായത്തിന് അര്‍ഹമായ സ്ഥാനം നേടിയെടുക്കാം. അല്ലാതെ നാം വെറുതെ കിടന്നു ബഹളം വെച്ചതുകൊണ്ടെന്തുകാര്യം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം