പ്രതിരോധമാണ് മതം - ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-7
റഫ ക്രോസിംഗില്‍, ഈജിപ്ഷ്യന്‍ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് ഗസ്സയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ കണ്ണില്‍ തറക്കുന്ന ആദ്യ കാഴ്ച തന്നെ നമ്മെ പിടിച്ചുനിര്‍ത്തും. കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ച, വിദേശികളായ യാത്രികര്‍ക്ക് വിശ്രമിക്കാനുള്ള, വിശാലമായ ആ ഹാളിന് പുറത്ത്, അതിലേക്ക് കടക്കാനുള്ള കവാടത്തിന്റെ ഇടതുവശം ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന പാതി തകര്‍ന്ന ഒരു കാറാണ് ആ ആദ്യ കാഴ്ച. 2012 നവംബര്‍ 14-ന് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ, ഇസ്സുദ്ദീന്‍ ഖസ്സാം ബ്രിഗേഡിന്റെ ഉപതലവന്‍ അഹ്മദ് ജഅബരി സഞ്ചരിച്ചതാണ് ആ കിയ1 കാര്‍. ആ ദിവസം ഗസ്സയിലെ ഉമര്‍ മുഖ്താര്‍ റോഡിലൂടെ അംഗരക്ഷകനായ മുഹമ്മദ് അല്‍ ഹംസിനോടൊപ്പം സഞ്ചരിക്കവെയാണ് ഇസ്രയേലി എഫ്-16 വിമാനത്തില്‍ നിന്നയച്ച മിസൈല്‍ ഏറ്റ് അദ്ദേഹം രക്തസാക്ഷിയാവുന്നത്. ആ മിസൈലിന്റെ ഭാഗവും കാറിന് മുന്നിലായി പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. പിന്‍ഭാഗം പൂര്‍ണമായി തകര്‍ക്കപ്പെട്ട കാറിന്റെ മുന്‍ഭാഗത്ത് കാര്യമായ പോറലില്ല. ജഅബരി ഇരുന്ന പിറകിലെ സീറ്റിനെ ലക്ഷ്യം വെച്ചാണ് മിസൈല്‍ കൃത്യമായി പതിച്ചത്. ഇസ്രയേലിന്റെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ വലയത്തിലാണ് പൂര്‍ണമായും ഗസ്സ. അതിനാലാണ് തെരുവിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍, ജഅബരി ഇരുന്ന സീറ്റിനെ തന്നെ ലക്ഷ്യമാക്കി വളരെ കൃത്യമായി മിസൈല്‍ അയക്കാന്‍ ഇസ്രയേലിന് കഴിയുന്നത്. ജഅബരിയെ മിസൈല്‍ അയച്ച് കൊന്നതിന്റെ ആകാശത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അന്നുതന്നെ ഇസ്രയേലി ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തിരുന്നു. അതായത്, മികച്ച ആസൂത്രണത്തോടെ നടപ്പാക്കപ്പെട്ട ഒരു സൂക്ഷ്മ ആക്രമണം (precision attack) ആയിരുന്നു അത്. അംഗരക്ഷകനായ ഹംസും അദ്ദേഹത്തോടൊപ്പം രക്തസാക്ഷിയായി.
ഗസ്സയിലേക്ക് കടക്കുമ്പോള്‍ തന്നെ ഇസ്രയേലി അതിര്‍ത്തിയില്‍ ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ ബലൂണുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഏതെങ്കിലും ഉത്സവക്കമ്മിറ്റിക്കാരുടെയോ പരസ്യക്കമ്പനിയുടെയോ ബലൂണുകളായിരിക്കും എന്നാണ് ആദ്യം ധരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, ഇസ്രയേലിന്റെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച ബലൂണുകളാണത്രെ അവ. ഇവക്ക് പുറമെ, ഗസ്സക്ക് മേല്‍ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) അയച്ചും ഓരോ ചലനങ്ങളും ഇസ്രയേല്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. Heron TP ഇനത്തില്‍ പെട്ട ആളില്ലാ വിമാനങ്ങളാണ് ഗസ്സയുടെ ആകാശത്തേക്ക് ഇസ്രയേല്‍ അയക്കാറ്. 12200 മീറ്റര്‍ ഉയരത്തില്‍ പറന്ന്, ആ നഗരത്തിലെ സൂക്ഷ്മ ചലനങ്ങള്‍ പോലും ഒപ്പിയെടുത്ത് ഇസ്രയേലി പ്രതിരോധ കേന്ദ്രങ്ങളിലെത്തിക്കുന്നു, ഈ വിമാനങ്ങള്‍. മിലിട്ടറി ഹാര്‍ഡ്‌വെയറിന്റെയും നിരീക്ഷണ ഉപകരണങ്ങളുടെയും കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രമാണ് ഇസ്രയേല്‍ എന്നോര്‍ക്കുക. ഇസ്രയേലിന്റെ ദേശീയ വരുമാനത്തിന്റെ ഗണ്യമായ ഒരു പങ്ക് ഇത്തരം ഉപകരണങ്ങളുടെ വിപണനത്തിലൂടെയാണ്. കഴുകക്കണ്ണുകളുമായി നില്‍ക്കുന്ന ഈ നിരീക്ഷണ ക്യാമറകളുടെ വലയത്തെ മറികടന്നാണ് ഹമാസിന്റെ പോരാളികളും നേതാക്കളും ആ കൊച്ചു ദേശത്ത് ജീവിക്കുന്നതും തങ്ങളുടെ പ്രതിരോധ സൂത്രങ്ങള്‍ മെനയുന്നതും എന്നറിയുമ്പോള്‍ നമ്മുടെ ഉള്ളം പിടയും.
ആ കാറിലേക്ക് വരിക. എന്തിനാണ് ഗസ്സയിലേക്ക് കടക്കുന്ന ഓരോ യാത്രികന്റെയും ആദ്യ കാഴ്ചയായി ആ കാറിനെ വെച്ചത്? ഒന്നാമതായി, തങ്ങളുടെ പ്രിയപ്പെട്ട പോരാളി ജഅബരിയോടുള്ള ആദരവാണെന്ന് പറയാം (ജഅബരിയെക്കുറിച്ച് വിശദമായി മറ്റൊരു ലക്കത്തില്‍). പ്രതിരോധം എന്ന വികാരവും ആശയവുമാണ് ഓരോ ഗസ്സക്കാരന്റെയും ദേശീയ ബോധത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുന്ന ഘടകം. ഓരോ പൗരന്റെയും അകത്തളത്തില്‍ ഈ ആശയം സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഹമാസിന്റെ വിജയം. പ്രതിരോധവും പോരാട്ടവും അവിടെ ഹമാസ് നേതൃത്വത്തിന്റെയോ പ്രവര്‍ത്തകരുടെയോ മാത്രം വികാരമല്ല. പിറന്നുവീഴുന്ന ഓരോ കുഞ്ഞും ആദ്യമുച്ചരിക്കുന്ന വാക്ക് അതായിരിക്കും-മുഖാവമ; പ്രതിരോധം. ഹര്‍കത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനം) എന്നതിന്റെ ചുരുക്കമാണല്ലോ ഹമാസ്. ഓരോ ഗസ്സക്കാരന്റെയും ജീവിതത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനമായി മാറ്റിയെടുക്കുന്നതില്‍ ഹമാസ് വിജയിച്ചിരിക്കുന്നു. സിവില്‍ അഡ്മിനിസ്‌ട്രേഷനിലെ മികവിന് പുറമെ, ആശയപരമായ ഈ വിജയമാണ് ഏത് പ്രതിസന്ധിയിലും ഹമാസിനോടൊപ്പം നില്‍ക്കാന്‍ ഗസ്സക്കാരെ പ്രേരിപ്പിക്കുന്നത്. ഗസ്സയുടെ മേല്‍ ക്രൂരമായ ഉപരോധം അടിച്ചേല്‍പിക്കാന്‍ ഇസ്രേയലിനെയും അമേരിക്കയെയും പ്രേരിപ്പിച്ച ഘടകമിതായിരുന്നു- ഉപരോധം ശക്തിപ്പെട്ടാല്‍ ഗസ്സയിലെ ജീവിതം ദുസ്സഹമാകും; അപ്പോള്‍ ജനങ്ങള്‍ ആലോചിക്കും; ഹമാസിനെക്കൊണ്ടാണ് ഞങ്ങള്‍ ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. ഒപ്പം, ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകാതെ ഹമാസ് ഭരണകൂടം ആകെ തളരും. ബുദ്ധിമുട്ടുന്ന ജനം സ്വാഭാവികമായും ഹമാസിനെതിരെ തിരിയും. ഇതായിരുന്നു അവരുടെ പ്ലാന്‍. പക്ഷേ, സംഭവിച്ചത് നേര്‍ വിപരീതം. ഒന്നാമതായി, ആരെയും അമ്പരപ്പിക്കുന്ന, തുരങ്കങ്ങളടക്കമുള്ള ബദല്‍ തന്ത്രങ്ങളിലൂടെ ഉപരോധത്തെ മറികടക്കാന്‍ ഹമാസിന് കഴിഞ്ഞു. രണ്ടാമതായി, ഉപരോധം ശക്തിപ്പെടുന്നതിനനുസരിച്ച് പ്രതിരോധം എന്ന വികാരത്തെ കൂടുതല്‍ ത്രസിപ്പിച്ചു നിര്‍ത്താന്‍ അവര്‍ക്കായി. ഇന്ന് ഗസ്സയുടെ ഔദ്യോഗിക മതമാണ് പ്രതിരോധം.
അവിടെ കര്‍ഷകനും ഡോക്ടറും ചിത്രകാരനും ഫോട്ടോഗ്രാഫറും പത്രപ്രവര്‍ത്തകനും മീന്‍പിടുത്തക്കാരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ടാക്‌സി ഡ്രൈവറും വ്യവസായത്തൊഴിലാളിയുമെല്ലാം തങ്ങളുടെ തൊഴിലിനെയും ജീവിതത്തെയും പ്രതിരോധ പ്രവര്‍ത്തനമായാണ് കാണുന്നത്. മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച ശരീരവുമായി ആശുപത്രിയില്‍ വന്നു നിറയുന്ന നൂറുകണക്കിനാളുകളെ പതിനഞ്ചും ഇരുപതും മണിക്കൂര്‍ നിന്ന നില്‍പില്‍ പരിശോധിക്കുകയും ചികിത്സിക്കുകയും സങ്കീര്‍ണമായ സര്‍ജറികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന ഗസ്സയിലെ പ്രശസ്തമായ അല്‍ ശിഫാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കാര്യം ആലോചിച്ചു നോക്കൂ. സ്റ്റെതെസ്‌കോപ്പ് ഏന്തിയ പോരാളികള്‍ എന്നേ അവരെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയൂ. യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴാണ് - അത് ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു യാഥാര്‍ഥ്യമാണവിടെ- ഗസ്സക്കാരുടെ ടീം വര്‍ക്കും ഐക്യദാര്‍ഢ്യ ബോധവും ശരിക്കും പ്രവര്‍ത്തിച്ചു തുടങ്ങുക. രക്ഷാ പ്രവര്‍ത്തനം മുതല്‍ ട്രാഫിക് നിയന്ത്രണം വരെ എല്ലാം ഒരേ മനസ്സോടെ ജനങ്ങളങ്ങ് ഏറ്റെടുക്കും. അങ്ങനെ ഒരു ജനതയെ ഒന്നടങ്കം പോരാളികളായി മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ഹമാസിന്റെ വിജയം. ഒരുപക്ഷേ ഇസ്രയേലിന്റെ ഉപരോധത്തിനോടായിരിക്കണം ഹമാസ് ഇതിന് നന്ദി പറയേണ്ടത്. ഗസ്സക്കാര്‍ക്കിടയില്‍ പോരാട്ട മനസ്സും ഐക്യദാര്‍ഢ്യ ബോധവും ഇത്രയങ്ങ് കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് അതാണ്. യഥാര്‍ഥത്തില്‍ ഹമാസിനെ തകര്‍ക്കാനാണ് ഇസ്രേയല്‍ ഉപരോധം അടിച്ചേല്‍പിച്ചതെങ്കിലും.
പ്രതിരോധമാണ് ഗസ്സയുടെ ഔദ്യോഗിക മതം എന്ന സന്ദേശം ഓരോ സന്ദര്‍ശകനിലും സന്നിവേശിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് ഗസ്സയിലെ ആദ്യ കാഴ്ചയായി ആ കാറിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരര്‍ഥത്തില്‍ നമ്മുടെ ബിനാലെക്കാരെയെല്ലാം കടത്തിവെട്ടുന്ന മികച്ച ഒരു installation work (പ്രതിഷ്ഠാപന കല) ആണ് അത്. കാറിനെ പിന്നിട്ട് സ്വീകരണ ഹാളിലേക്ക് കടക്കുമ്പോള്‍ വലതു ഭാഗത്തായി ഒരു എക്‌സിബിഷന്‍ ഹാള്‍ ആണ്. ഇസ്രയേലി ആക്രമണവും ഗസ്സക്കാരുടെ ചെറുത്തുനില്‍പും ചിത്രീകരിക്കുന്ന ഫോട്ടോകളുടെയും പെയിന്റിംഗുകളുടെയും വിശാലമായ പ്രദര്‍ശനമാണത്.
പെയിന്റിംഗ് ഫലസ്ത്വീനിലെ ജനകീയമായ ഒരു കലാരൂപമാണ്. മതിലുകളെല്ലാം പ്രതിരോധ പെയിന്റിംഗുകളെക്കൊണ്ട് അലങ്കരിച്ചത് കാണാന്‍ കഴിയും. വലിയ അക്ഷരങ്ങളില്‍ പ്രതിരോധ കവിതകള്‍ കോറിയിട്ട മതിലുകളും എങ്ങും കാണാന്‍ കഴിയും. വെസ്റ്റ് ബാങ്കിലെ വിഭജന മതിലുകളാകെ, മികച്ച കാന്‍വാസാക്കി മാറ്റിയവരാണ് ഫലസ്ത്വീനികള്‍. റെസിസ്റ്റന്‍സ് ഫോട്ടോഗ്രഫി, അവിടെ ഫോട്ടോഗ്രഫിയുടെ ഒരു ശാഖ തന്നെയാണ്. ഇസ്രയേലിന്റെ മിസൈല്‍ പതിക്കുമ്പോള്‍ ക്യാമറയുമായി അങ്ങോട്ടു കുതിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടവിടെ. അപൂര്‍വമായ ദൃശ്യങ്ങള്‍ ശേഖരിക്കുക എന്നത് മാത്രമാണ് അവരുടെ ജോലി. ഇസ്രയേലിനെതിരായ പ്രചാരണപരമായ യുദ്ധത്തില്‍ ഇത്തരം ഫോട്ടോഗ്രാഫുകള്‍ ഹമാസിനെ ഏറെ സഹായിച്ചിട്ടുണ്ട്. 2012 നവംബറിലെ യുദ്ധവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോകളുടെ പ്രദര്‍ശനം ഗസ്സ സിറ്റിയില്‍ നടക്കുന്നുണ്ടായിരുന്നു, ഞങ്ങളുടെ യാത്രയുടെ നാളുകളില്‍. വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ അവിടെ കൊണ്ടുപോയിരുന്നു. പണിതുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ വിശാലമായ താഴത്തെ നിലയില്‍ നടക്കുന്ന ആ പ്രദര്‍ശന ഹാളില്‍ ഒരു ഭാഗം പ്രത്യേകം കര്‍ട്ടനിട്ട് വളച്ച് വെച്ചിരിക്കുന്നു. ഹൃദയ സാന്നിധ്യമുള്ളവര്‍ മാത്രം അകത്ത് പ്രവേശിക്കുക എന്ന ഒരു ബോര്‍ഡ് അവിടെ വെച്ചിട്ടുണ്ട്. കഴിഞ്ഞ യുദ്ധത്തില്‍ ഇസ്രയേലിന്റെ ആക്രമണത്തിനിരയായ കുട്ടികളുടെ ചിത്രങ്ങളാണ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അസാധാരണമായ മനോനിയന്ത്രണത്തോടെയല്ലാതെ അത് കണ്ട് നില്‍ക്കാനാവില്ല. കൈകാലുകള്‍ അറുത്തുമാറ്റപ്പെട്ട, ശരീരം വെറും രക്തപിണ്ഡമായി മാറിയ, കരിഞ്ഞുണങ്ങിയ, അമ്മയുടെ മടിയില്‍ കിടക്കെ മിസൈലേറ്റ് പിടഞ്ഞുവീണ...അങ്ങനെ ഇസ്രയേലി ക്രൂരതയുടെ എല്ലാ ആവിഷ്‌കാരങ്ങള്‍ക്കും വിധേയരായ ആ കുഞ്ഞുങ്ങളിലേക്ക് നോക്കിനില്‍ക്കുകയെന്നത് തന്നെ അസാമാന്യമായ മനസ്സാന്നിധ്യം ആവശ്യമുള്ള കാര്യമാണ്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന, ജലാല്‍ ആ ചിത്രങ്ങളിലൊന്നിന്റെ മുമ്പില്‍ നിന്ന് കണ്ണീര്‍ തുടക്കുന്നത് കണ്ടു. തുണ്ടം തുണ്ടമായ ശരീരവുമായി കിടക്കുന്ന, തന്റെ സുഹൃത്തിന്റെ മൂന്നു വയസ്സുകാരനായ കുഞ്ഞിന്റെ ചിത്രം കണ്ടാണ് ജലാല്‍ കണ്ണീര്‍ തുടക്കുന്നത്. ഹമാസ് പ്രവര്‍ത്തകനും ഐ.ടി വിദഗ്ധനും ഖസ്സാം ബ്രിഗേഡിലെ അംഗവുമായ ജലാല്‍ അങ്ങനെ എളുപ്പം കരയുന്ന ആളല്ല. പക്ഷേ, ആ ദൃശ്യങ്ങള്‍ ആരെയും കരയിപ്പിക്കുന്നതായിരുന്നു. ലോകവേദികളിലും അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങള്‍ക്ക് മുന്നിലും ഇസ്രയേലിനെതിരെ വാദിച്ചു നില്‍ക്കാന്‍ ഇത്തരം ഫോട്ടോകള്‍ ഹമാസ് ഉപയോഗിക്കാറുണ്ട്. ഫോട്ടോഗ്രഫി പ്രതിരോധ പ്രവര്‍ത്തനമായി കാണുന്ന വലിയൊരു സംഘം തന്നെ അവിടെയുള്ളത് കാരണം, മികച്ച ഫോട്ടോകള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്കാവുന്നു. ഇസ്രയേലി ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ രക്തസാക്ഷികളായ ഫോട്ടോഗ്രാഫര്‍മാര്‍ നിരവധിയുണ്ട് ഗസ്സയില്‍.
അറബ് നാടുകളിലെ ഏറ്റവും മികച്ച കലാകാരന്മാരുള്ള നാടാണ് ഫലസ്ത്വീന്‍ എന്നോര്‍ക്കുക. പെയിന്റിംഗ്, കവിത, സംഗീതം, സിനിമ എന്നിവയിലെല്ലാം മുസ്‌ലിം ലോകത്തെ മുന്‍നിരക്കാരാണവര്‍. ഉത്തരേന്ത്യയിലെ മുസ്‌ലിം സുഹൃത്തുക്കളോട് ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ഇക്കണ്ട പീഡനങ്ങള്‍ക്കും വര്‍ഗീയ ആക്രമണങ്ങള്‍ക്കുമെല്ലാം വിധേയമായിട്ടും അതെക്കുറിച്ച് മികച്ച ഒരു കവിതയെഴുതാന്‍, സിനിമയെടുക്കാന്‍, ചിത്രം വരക്കാന്‍ അവര്‍ക്കായിട്ടില്ല. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'ക്യാ' എന്ന കവിതയെഴുതിയത് കടമ്മനിട്ടയാണ്. പര്‍സാനിയ എന്ന സിനിമയെടുത്തത് രാഹുല്‍ ദൊലാക്കിയ ആണ്. സ്വന്തം വേദനകളെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കാന്‍ കഴിയാത്ത, സ്വന്തം പെങ്ങള്‍ നടുറോഡില്‍ പോലീസുകാരാലും ആര്‍.എസ്.എസ്സുകാരാലും ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിയാത്ത ഇന്ത്യന്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക ദാരിദ്ര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫലസ്ത്വീനികള്‍ നമ്മെ അമ്പരപ്പിക്കും. വേദനകളെ കടിച്ചമര്‍ത്താനും മറക്കാനുമല്ല, വേദനകളെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കാനാണ് അവര്‍ കലയെ ഉപയോഗിക്കുന്നത്. തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളെക്കുറിച്ച പായാരം പറയാനല്ല, അവയെ കൂടുതല്‍ തീക്ഷ്ണമായ പോരാട്ടത്തിന്റെ ഇന്ധനമാക്കാനാണ് അവര്‍ പാടിക്കൊണ്ടിരിക്കുന്നത്. ഗസ്സയിലെ മാര്‍ക്കറ്റിലൂടെ നടക്കുമ്പോള്‍ കടകളില്‍ നിന്നുയരുന്ന പാട്ടുകള്‍ ശ്രദ്ധിച്ചു നോക്കൂ; മിക്കവയും പ്രതിരോധത്തിന്റ പാട്ടുകള്‍ തന്നെ. 'ഇദ്‌രിബ്, ഇദ്‌രിബ് തെല്‍ അവീവ്' എന്നു തുടങ്ങുന്ന, നവംബര്‍ യുദ്ധത്തെത്തുടര്‍ന്ന് ഹിറ്റ് ആയ പാട്ടാണ് ഞങ്ങളുള്ളപ്പോള്‍ കടകളില്‍ നിന്ന് കാര്യമായി കേള്‍ക്കാന്‍ കഴിഞ്ഞത്. ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രയേലി തലസ്ഥാനമായ തെല്‍അവീവില്‍ പതിച്ചതിന്റെ ആഹ്ലാദം പങ്കുവെക്കുന്നതാണ് ആ പാട്ട്. കലയെ വെറും കലക്ക് വേണ്ടിയല്ല, പ്രതിരോധത്തിന്റെ ആയുധമായാണ് ഗസ്സക്കാര്‍ കാണുന്നത്. പള്ളികളിലൂടെയുള്ള മത ഉദ്‌ബോധനങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ടവ തന്നെ. ഏത് പള്ളിയില്‍ നിങ്ങള്‍ ചെന്നു നോക്കൂ; അതത് പള്ളി നില്‍ക്കുന്ന പ്രദേശത്ത് നിന്ന് രക്തസാക്ഷികളായ ആളുകളുടെ ഫോട്ടോകള്‍ ചുമരില്‍ തൂക്കിയിട്ടുണ്ടാവും. രക്തസാക്ഷികളുടെ ചിത്രങ്ങളും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന വരികളും അവരുടെ ചിത്രത്തിന് നേരെ നീട്ടിയ പൂക്കളും കൊണ്ട് അലംകൃതമാണ് ഏതാണ്ടെല്ലാ പള്ളികളും. അങ്ങനെ അവരുടെ കലയും മതവുമെല്ലാം പ്രതിരോധം എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. പ്രതിരോധം എന്ന ആശയത്തെ ഓരോരുത്തരുടെയും രക്തപ്രവാഹത്തിന്റെ ഭാഗമാക്കുന്നതില്‍ ഗസ്സയിലെ കലാകാരന്മാരും മൗലവിമാരും ഒരുപോലെ വിജയിച്ചിരിക്കുന്നു.
(തുടരും)
കുറിപ്പുകള്‍
1. കിയ (KIA): തെക്കന്‍ കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ കമ്പനി. ഈജിപ്ത്, ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍ ജനകീയമായ ബ്രാന്റാണിത്.
Comments