ഹദീസുകള്‍ രേഖപ്പെടുത്തിവെച്ചിരുന്നു
രണ്ടാം ഇനത്തില്‍പെട്ട ഹദീസ് സമാഹരണതത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം ഇങ്ങനെയാണ്. ഒരു അനുയായി (അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിട്ടില്ല) വന്ന് പ്രവാചകനോട് പറഞ്ഞു: 'പ്രവാചകരേ! താങ്കള്‍ ഞങ്ങളോട് ഓരോ ദിവസവും പറയുന്ന കാര്യങ്ങള്‍ വളരെ താല്‍പര്യമുണര്‍ത്തുന്നതാണ്. അവ വളരെ പ്രധാനപ്പെട്ടതും വളരെ അത്യാവശ്യവുമായ കാര്യങ്ങളാണ്. പക്ഷേ എനിക്ക് ഓര്‍മശക്തി വളരെ കുറവാണ്. കേട്ടതെല്ലാം മറന്നുപോകുന്നു. ഞാനെന്ത് ചെയ്യും?' പ്രവാചകന്‍ പറഞ്ഞു: 'താങ്കളുടെ വലത് കൈയിന്റെ സഹായം തേടുക.' അതായത് എഴുതിയെടുത്തോളൂ എന്ന്. ആ അനുചരന്‍ ഈ അനുവാദം ഉപയോഗപ്പെടുത്തിയിട്ടുണ്ടാവണം; പിന്നീട് എന്ത് സംഭവിച്ചു എന്ന് നമുക്കറിഞ്ഞുകൂടെങ്കിലും.
എഴുതിയെടുക്കാനുള്ള ഈ അനുവാദം ഉപയോഗപ്പെടുത്തിയ മറ്റൊരു അനുചരനാണ് അംറ്ബ്‌നുല്‍ ആസ്വിന്റെ പുത്രനായ അബ്ദുല്ല. പതിനാറോ പതിനേഴോ വയസ്സ് പ്രായമാണ് അബ്ദുല്ലക്ക് അന്ന്. ചുറുചുറുക്കുള്ള ബുദ്ധിശാലിയായ ചെറുപ്പക്കാരന്‍. അങ്ങേയറ്റത്തെ ഭയഭക്തന്‍. അറിവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതം. ബൈബിള്‍ വായിക്കാനായി അദ്ദേഹം അരാമിക് ഭാഷ പഠിക്കുകയുണ്ടായി. അറിവ് തേടിയുള്ള യാത്രയില്‍ പ്രവാചകന്‍ ഈ ചെറുപ്പക്കാരനെ നന്നായി പ്രോത്സാഹിപ്പിച്ചു. പ്രവാചക വചനങ്ങള്‍ എഴുതിയെടുക്കാന്‍ ഒരാള്‍ക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് അബ്ദുല്ലയും ഹദീസ് രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി.
അബ്ദുല്ല ഹദീസുകള്‍ രേഖപ്പെടുത്തുന്നത് കണ്ട് ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചോദിച്ചു: 'അബ്ദുല്ല, നീയെന്താണ് ഇക്കാണിക്കുന്നത്? പ്രവാചകന്‍ ഒരു മനുഷ്യനല്ലേ. ചിലപ്പോള്‍ അദ്ദേഹം സന്തുഷ്ടനായിരിക്കും, ചിലപ്പോള്‍ കോപാകുലനും. ഈ ഭാവമാറ്റങ്ങളൊന്നും നോക്കാതെ പ്രവാചകന്‍ പറയുന്നതെല്ലാം അപ്പടി എഴുതി വെക്കുന്നത് ശരിയല്ല.' ഒരു സാധാരണ മനുഷ്യന്‍ ഈ ഉപദേശം കേട്ട്, ഇനി എഴുതിയെടുക്കേണ്ടതില്ല എന്ന് വെക്കും. അബ്ദുല്ല ബുദ്ധിശാലിയായത്‌കൊണ്ട്, ഈ ഉപദേശത്തിന് ചെവി കൊടുക്കാതെ, പ്രവാചകനോട് ഈ വിഷയം നേരില്‍ അന്വേഷിക്കാമെന്ന് വെച്ചു. അബ്ദുല്ല പ്രവാചകനോട് ആരാഞ്ഞു: താങ്കള്‍ കോപാകുലനായി പറയുന്ന കാര്യങ്ങള്‍ എഴുതിയെടുക്കാന്‍ പറ്റുമോ? പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇവിടെ നിന്ന് (തന്റെ വായിലേക്ക് ചൂണ്ടി) വരുന്നതെന്തോ അതെല്ലാം സത്യമായിരിക്കും.
അങ്ങനെ വളരെ സൂക്ഷ്മതയോടെ അബുദുല്ല ഹദീസുകള്‍ രേഖപ്പെടുത്തി വെക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ സമാഹാരങ്ങളില്‍ പതിനായിരത്തോളം ഹദീസുകള്‍ ഉണ്ടായിരുന്നു എന്നാണ് ചില വിവരണങ്ങളില്‍ കാണുന്നത്. അദ്ദേഹത്തിന്റെ മക്കളും പേരമക്കളുമെല്ലാം ഈ ഹദീസ് സമാഹാരത്തെ അവലംബിച്ച് പില്‍ക്കാല തലമുറകള്‍ക്ക് ഹദീസുകള്‍ പകര്‍ന്നു നല്‍കിയിരുന്നു. അബ്ദുല്ലയുടെ പൗത്രനായ അംറ് പ്രശസ്ത ഹദീസ് പണ്ഡിതനായിത്തീര്‍ന്നത് അങ്ങനെയാണ്.
ഇതുപോലെ വേറെയും എത്രയോ സംഭവങ്ങള്‍. അബൂറാഫിഅ് എന്നൊരാളുണ്ടായിരുന്നു. ഒരു വിമുക്ത അടിമ. ഹദീസ് എഴുതിയെടുക്കാന്‍ അനുവാദം തരണമെന്ന ആവശ്യവുമായി അദ്ദേഹവും പ്രവാചകനെ സമീപിച്ചു. അദ്ദേഹത്തിന് അനുവാദം കിട്ടി. ഒരു സമാഹാരം അദ്ദേഹത്തിന്റെ വകയായും ഉണ്ട്. ഈ സമാഹര്‍ത്താക്കളില്‍ ഏറ്റവും പ്രധാനി ആരെന്ന് ചോദിച്ചാല്‍ അത് അനസ്ബ്‌നു മാലിക് (റ) ആയിരിക്കും. മദീനയിലേക്കുള്ള ഹിജ്‌റ നടക്കുമ്പോള്‍ അനസിന് പത്ത് വയസ്സ് മാത്രം പ്രായം. വളരെ ഭയഭക്തരായിരുന്നു അനസിന്റെ മാതാപിതാക്കള്‍. തന്റെ മകന് എഴുത്തും വായനയും അറിയാം എന്ന് അനസിന്റെ മാതാവ് പ്രവാചകനോട് വളരെ അഭിമാനത്തോടെ പറയുമായിരുന്നു. പ്രവാചകന്‍ സ്വന്തം സേവകനായി അനസിനെ സ്വീകരിക്കണമെന്നും ആ മാതാവ് അഭ്യര്‍ഥിച്ചു. പ്രവാചകന്‍ ആ അഭ്യര്‍ഥന സ്വീകരിച്ചു. പ്രവാചകന്‍ ഇഹലോകം വെടിയുന്നത്‌വരെ അനസ് വേണ്ട സേവനങ്ങളൊക്കെ ചെയ്ത് തിരുമേനിയോടൊപ്പം കഴിച്ചുകൂട്ടി. പത്ത് വര്‍ഷക്കാലം പ്രവാചക ജീവിതം അടുത്ത് നിന്ന് കാണാനുള്ള സൗഭാഗ്യം അനസിന് ലഭിച്ചു. അതില്‍ പ്രവാചകന്റെ പൊതുജീവിതത്തോടൊപ്പം സ്വകാര്യ ജീവിതവുമുണ്ട്. പ്രവാചകന്‍ പള്ളിയില്‍ എങ്ങനെയാണ് കഴിഞ്ഞിരുന്നത്, ഭാര്യമാരോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നു, എന്ത് ഭക്ഷിച്ചു, എങ്ങനെ ഉറങ്ങി തുടങ്ങിയ എല്ലാ കാര്യങ്ങളും.
പ്രവാചകന്റെ അടുത്ത അനുയായികള്‍ക്ക് വരെ ഇങ്ങനെയൊരു അവസരം കിട്ടിയിരുന്നില്ല എന്ന് മനസ്സിലാക്കണം. അബൂബക്കര്‍, ഉമര്‍(റ) എന്നിവര്‍ക്ക് പോലും ഇത്ര അടുത്ത് നിന്ന് പ്രവാചകനെ നിരീക്ഷിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പ്രവാചകന്റെ മരണശേഷം അനസിന്റെ ചുറ്റും ആളുകള്‍ കൂടാന്‍ തുടങ്ങി. അവര്‍ക്ക് പ്രവാചക ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അറിയണം. ഒരുപാട് ശിഷ്യന്മാരും എത്തിച്ചേര്‍ന്നു. അപ്പോള്‍ അനസ്(റ) തന്റെ പെട്ടിയില്‍ നിന്ന് ഒരു ഏട് പുറത്തെടുക്കും. പ്രവാചകന്റെ വാക്കും പ്രവൃത്തിയുമൊക്കെ രേഖപ്പെടുത്തിവെച്ച ഏടാണത്. താനവ രേഖപ്പെടുത്തിയ ശേഷം പ്രവാചകനെ കാണിക്കാറുണ്ടായിരുന്നെന്നും അനസ്(റ) സാക്ഷ്യപ്പെടുത്തുന്നു. തെറ്റുണ്ടെങ്കില്‍ പ്രവാചകന്‍ തന്നെ അപ്പപ്പോള്‍ തിരുത്തിത്തരും. ഏതാനുമായിരം ഹദീസുകളുണ്ടായിരുന്നു ഈ സമാഹാരത്തില്‍. പ്രവാചകന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്തിട്ടുള്ളതിനാല്‍ ഹദീസിന്റെ ഏറ്റവും ആധികാരിക സമാഹാരമായി തന്നെ അതിനെ വിശേഷിപ്പിക്കാം.
(തുടരും)
Comments