Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

എന്റെ ഹിജാബിനെ അവര്‍ ഭയക്കുന്നതെന്തിന്?

ഡോ. ആഇശ ഇജാസ്‌

ഞാന്‍ ഒരു സ്ത്രീയാണ്, ഒരു ലൈംഗിക ഉപകരണമല്ല. നിങ്ങളെ പോലെ ഞാനും ഒരു മനുഷ്യനാണ്. എന്നാല്‍, ഞാന്‍ ഹിജാബണിയുന്നു. ഹിജാബ് എന്റെ വ്യക്തിത്വത്തിന്റെയും ഞാനുള്‍ക്കൊള്ളുന്ന ആദര്‍ശത്തിന്റെയും പ്രതിഫലനമാണ്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയവളല്ല ഞാന്‍. എന്റെ പിതാവോ സഹോദരനോ എന്നെ അടിച്ചേല്‍പ്പിച്ചതുമല്ല ഈ ഹിജാബ്. ദൈവിക ദീനിന്റെ ആശയങ്ങളിലൂടെ, അത് മനുഷ്യനില്‍ പ്രസരിപ്പിക്കുന്ന നന്മയുടെ സന്ദേശങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചപ്പോള്‍ അതില്‍ ഞാന്‍ പ്രചോദിതയായതാണ്. കൂടുതല്‍ പഠനങ്ങളിലൂടെയും കൂടുതല്‍ വിജ്ഞാന ശേഖരണത്തിലൂടെയും പണ്ഡിതന്മാരോട് ആരാഞ്ഞും ഞാനിന്ന് മനസ്സിലാക്കിയിരിക്കുന്നു, ഹിജാബ് എന്തിന് ധരിക്കണമെന്ന്. ഹിജാബിന്റെ ഉദ്ദേശ്യമെന്താണെന്ന് എനിക്കിന്ന് തികഞ്ഞ ബോധ്യമുണ്ട്. അതണിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അതണിയുന്നതില്‍ എനിക്ക് വലിയ സന്തോഷവുമുണ്ട്.
എന്റെ ഹിജാബ് ധാരണം എന്റെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. ഞാന്‍ എന്നോടുതന്നെ പലപ്പോഴും പറയുന്നതിങ്ങനെയാണ്: ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, അവന്റെ വചനങ്ങളിലും. ഞാന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ ഇഷ്ടപ്പെടുന്നു. എന്നെ സംബന്ധിച്ചേടത്തോളം എന്റെ റോള്‍മോഡലുകളാണ് ഫാത്വിമ(റ)യും ആഇശ(റ)യും. അവരുടെ സ്വഭാവഗുണങ്ങളും അവരുടെ വസ്ത്രധാരണ രീതിയുമാണ് ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. ഒരു ഹിജാബണിഞ്ഞ സ്ത്രീയെ കാണുമ്പോള്‍ അവള്‍ വളരെ പിന്തിരിപ്പനായെന്ന് എനിക്ക് കരുതാന്‍ കഴിയില്ല.
നിങ്ങളില്‍ പലരും പറയുന്നു ഹിജാബ് ഒരു പിന്തിരപ്പന്‍ ആചാരമാണെന്ന്. എന്നിട്ട് നിങ്ങള്‍ സ്വയം അഭിമാനം കൊള്ളുന്നു; നിങ്ങള്‍ ഒരു ക്ഷമാപണ മുസ്‌ലിമല്ലെന്ന്.
ഞാന്‍ ഉറപ്പിച്ചു പറയട്ടെ, ഹിജാബ് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഇത് ജൂത ക്രൈസ്തവ പെണ്‍കുട്ടികള്‍ അവരുടെ മതവസ്ത്രങ്ങളും തലമറയ്ക്കുന്ന തട്ടവും ധരിക്കുന്നതു പോലത്തന്നെയാണ്. ഞാന്‍ അഭിമാനത്തിന്റെ വസ്ത്രമാണ് ധരിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത്. ഈ ഹിജാബ് ധാരണത്തിലൂടെ ഞാന്‍ ഈ ലോകത്തോട് വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നത്, എന്റെ ചാരിത്ര്യവും അഭിമാനവും കാത്തുസൂക്ഷിക്കുകയാണ് ഞാന്‍ ഇതിലൂടെയെന്നാണ്. അതു പോലെ എന്നെ സൃഷ്ടിച്ച എന്റെ രക്ഷിതാവിനെ ഞാന്‍ അനുസരിക്കുകയാണ്. സിഗററ്റു മുതല്‍ റേസിംഗ് കാര്‍ വരെയുള്ള പരസ്യങ്ങളില്‍ സ്ത്രീകളെ തുണിയുരിച്ച് പ്രദര്‍ശിപ്പിക്കുന്ന മുതലാളിത്ത മൂലധന ശക്തികള്‍ക്ക് എന്റെ ശരീരം അടിമപ്പെടുത്തിയിട്ടില്ല എന്നതിന്റെ പ്രതിഫലനമാണ് എന്റെ ഹിജാബ് ധാരണം.
തൊലിയുടെയും നിറത്തിന്റെയും ആകാര വടിവിന്റെയും അളവുകോലുകളില്‍ വിലയിരുത്തപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തില്‍ നിന്ന് ഹിജാബ് എനിക്ക് വിമോചനം നല്‍കുന്നു. സ്ത്രീകളുടെ മിനിസ്‌കേട്ടിന്റെ നീളത്തിന്റെയും കഴുത്തിറങ്ങിയ ബ്ലൗസിന്റെയും അടിസ്ഥാനത്തില്‍ സ്ത്രീ ബുദ്ധിയെയും സ്വഭാവത്തെയും വിലയിരുത്തുന്ന പുരുഷന്മാരുടെ നോട്ടത്തില്‍ നിന്നും ഞാനിന്ന് മോചിതയാണ്.
എന്തിനാണ് അവര്‍ ഭയപ്പെടുന്നത്?
എന്റെ തലയിലൂടെ ചുറ്റിയിരിക്കുന്ന ഈയൊരു കഷണം തുണികൊണ്ട് എനിക്ക് കൂടുതല്‍ സുരക്ഷിത ബോധമാണ് അനുഭവപ്പെടുന്നത്. എന്നാല്‍, എന്റെ സമൂഹത്തില്‍ ഒരു വിഭാഗത്തിന് അത് വലിയ പ്രശ്‌നമുണ്ടാക്കുന്നതു പോലെ തോന്നുന്നു. സ്വയം സ്വാതന്ത്ര്യവാദികള്‍ എന്നു വിളിക്കുന്ന ചിലര്‍ പറയുന്നത,് ഹിജാബ് ഡിന്നര്‍ മേശയില്‍ തുടക്കാനുപയോഗിക്കുന്ന വില കുറഞ്ഞ തുണിയെന്നാണ്. ചിലര്‍ പറയുന്നത് മുടിയില്ലാത്തവര്‍ക്ക് ഒരു മറയാണതെന്നാണ്. പക്ഷേ, ഞാന്‍ അത്ഭുതപ്പെടുന്നത് ഇക്കൂട്ടര്‍ ഹിജാബിനെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ് എന്നാണ്.
ഹിജാബ് ധരിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട മര്‍വാ അല്‍ ശിര്‍ബാനിയുടെ ഘാതകന്‍ യഥാര്‍ഥത്തില്‍ എന്തു ഭയന്നിട്ടാണ് അങ്ങനെ ചെയ്തത്? മുപ്പത്തിരണ്ടു വയസ്സുകാരിയും സ്‌നേഹ സമ്പന്നയായ ഭാര്യയും മൂന്നു കുഞ്ഞുങ്ങളുടെ മാതാവുമായ അവര്‍ എങ്ങനെയാണ് ലോകത്തിന് ഭീഷണിയാകുന്നത്? അവളെ അവര്‍ അഭിസാരികയെന്നു വളിച്ചു. ജര്‍മനിയിലെ കോടതി മുറിയില്‍ ഒരു ഭീകരവാദിയുടെ കൈകളാല്‍ ശരീരത്തില്‍ പതിനെട്ട് കുത്തേറ്റാണ് അവര്‍ കൊല്ലപ്പെട്ടത്.
സത്യത്തില്‍ ആരാണ് ലോകത്തിന് ഭീഷണി? ഹിജാബ് ധരിച്ച മര്‍വയോ, അതല്ല അവരെ വധിച്ച ആ വംശവെറിയനോ?
ഞാനൊന്നു ചോദിച്ചോട്ടെ, ഹിജാബ് നിരോധിച്ച ഫ്രഞ്ച് യൂറോപ്യന്‍ സമൂഹങ്ങള്‍ക്ക് ഹിജാബ് ധാരിണികളായ വനിതകള്‍ സത്യത്തില്‍ എന്തു ഭീഷണിയാണുയര്‍ത്തിയത്?
നിങ്ങള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ശരി, പടിഞ്ഞാറുള്ള, ജീവിതവിജയം കൈവരിച്ച വളരെ ബുദ്ധിമതികളായ നിരവധി സ്ത്രീകള്‍ ഇന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. അവര്‍ അവരുടെ ശരീരം മറയ്ക്കുന്ന വസ്ത്രം സ്വയം തെരഞ്ഞെടുക്കുകയും അവരതില്‍ സന്തോഷവും സമാധാനവും കണ്ടെത്തുകയും ചെയ്യുന്നു.

വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
(ഡോ. ആഇശ ഇജാസ്, മെഡിക്കല്‍ ഡോക്ടറാണ്. സ്വതന്ത്ര കോളമിസ്റ്റ്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍