Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

മദ്യശാലകള്‍ക്ക് എന്‍.ഒ.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒത്തുകളിക്കുന്നു

റസാഖ് പാലേരി കുറിപ്പുകള്‍

കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയായി വര്‍ധിക്കുകയും, ആഗോളതലത്തില്‍ തന്നെ മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് സംസ്ഥാനം കുതിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനും മദ്യരാക്ഷസനില്‍നിന്ന് കേരളത്തെ രക്ഷിക്കുന്നതിനും വേണ്ടി ഇഛാശക്തിയോടെ പ്രവര്‍ത്തിക്കേണ്ട കാലമാണിത്. എക്‌സൈസ് മന്ത്രി വിവിധ സന്ദര്‍ഭങ്ങളില്‍ മദ്യവിരുദ്ധ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് നടത്തിയ ചര്‍ച്ചകളിലെല്ലാം, യു.ഡി.എഫ് സര്‍ക്കാര്‍ മദ്യശാലകളുടെ എണ്ണം കുറക്കുന്നതിനു വേണ്ടിയുള്ള നിലപാട് സ്വീകരിക്കും എന്ന് ആണയിട്ട് പറയാറുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2006 മുതല്‍ 2011 വരെയുള്ള അഞ്ചു വര്‍ഷക്കാലയളവില്‍ 152 പുതിയ ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. എന്നാല്‍, യു.ഡി.എഫ് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് 56 ബാറുകള്‍ക്ക് അനുമതി നല്‍കി (നിയമസഭാ ചോദ്യോത്തര രേഖ പ്രകാരം 62 ബാറുകള്‍ അനുവദിച്ചിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്). ഇതില്‍ 15 എണ്ണം തന്റെ സ്വന്തം ജില്ലയായ എറണാകുളത്താണ്. മന്ത്രി പറഞ്ഞ പ്രകാരം, സുപ്രീംകോടതിയില്‍ ബാര്‍ മുതലാളിമാര്‍ കേസ് നടത്തി നേടിയെടുത്തതാണ് 56-ല്‍ 38 എണ്ണം. ബാക്കി 18 എണ്ണം യു.ഡി.എഫ് കേരള ജനതക്ക് 'സമ്മാന'മായി നല്‍കിയതും.
സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കണമെന്ന കീഴ്‌വഴക്കങ്ങളും ഇതിനു പിന്‍ബലമാകുന്ന പല സംഭവങ്ങളും ഉണ്ടെങ്കിലും എന്തുകൊണ്ടോ സര്‍ക്കാര്‍ തോറ്റു കൊടുക്കുകയാണ്. മദ്യമുതലാളിമാര്‍ക്ക് മുന്നില്‍ കവാത്ത് മറക്കുന്നതാണോ? അതേസമയം, മദ്യലഭ്യത കുറക്കാന്‍ 'പകല്‍ സമയം ബാറുകള്‍ അടച്ചിട്ടുകൂടേ', 'കള്ള് നിരോധിച്ചുകൂടേ' തുടങ്ങി കോടതി നിരീക്ഷണങ്ങളെ പോസിറ്റീവായി കാണാന്‍ യു.ഡി.എഫ് സര്‍ക്കാറിന് സാധിച്ചിട്ടുമില്ല. ഇവിടെ ഇരുമുന്നണികളും മദ്യലോബികള്‍ക്കനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്.
മദ്യവിരുദ്ധ പ്രവര്‍ത്തകരുടെയും സമാന ചിന്താഗതിക്കാരുടെയും നിരന്തര സമരങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവില്‍ യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ പഞ്ചായത്തീ രാജ് നഗര പാലികാ നിയമപ്രകാരം മദ്യശാലകള്‍ അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുനഃസ്ഥാപിച്ചുകൊടുക്കുന്ന പഞ്ചായത്തീ രാജ് നഗര പാലിക നിയമത്തിലെ 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിച്ചത് ഏറെ പ്രശംസനീയമാണ്. സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെയാണ് ഈ ഓര്‍ഡിനന്‍സ് നടപ്പിലാക്കിയത്. 2012 നവംബര്‍ 21-ന് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അനുവാദം നല്‍കി. നവംബര്‍ 24-ന് ഗവര്‍ണറുടെ ഒപ്പുവാങ്ങുകയും പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും ഒപ്പു വെച്ച് ഇത് വിജ്ഞാപനമാക്കുകയും ചെയ്തു. മറ്റെല്ലാ ലൈസന്‍സുകള്‍ നേടിയാലും ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമ്മതം നല്‍കിയാലേ ഇനി മുതല്‍ കേരളത്തില്‍ പുതിയ മദ്യശാല ആരംഭിക്കാന്‍ കഴിയൂ. ദൂരപരിധി ചട്ടങ്ങള്‍ പാലിച്ചു എന്ന് ഉറപ്പുവരുത്താനും അല്ലാത്തപക്ഷം നടപടി സ്വീകരിക്കാനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ട്.
പക്ഷേ, തുടക്കത്തില്‍ തന്നെ കല്ലുകടി അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഇനി പുതിയ മദ്യശാലകള്‍ കേരളത്തില്‍ തുറക്കാതിരിക്കാനാണ് യഥാര്‍ഥത്തില്‍ ഈ വകുപ്പുകള്‍ പുനഃസ്ഥാപിച്ചത്. 16 ഗ്രാമപഞ്ചായത്തുകളും കോഴിക്കോട്-കൊച്ചി കോര്‍പറേഷനുകളും മദ്യശാലകള്‍ക്ക് അനുമതി കൊടുക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണേണ്ടിവന്നത്. ഇടത് വലത് മുന്നണികള്‍ ഐക്യപ്പെട്ട് ഈ നീക്കത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ശക്തമായ സമരങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ചില പഞ്ചായത്തുകളും കോഴിക്കോട് കോര്‍പ്പറേഷനും ആ നീക്കം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായി. മുക്കം പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫ് ഭരണപക്ഷത്തെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊപ്പം, ജനകീയ മുന്നണിയുടെ വാര്‍ഡ് മെമ്പര്‍ ഫാത്വിമ കൊടപ്പനയുടെ ശക്തമായ നിലപാടു കൂടിയാണ്. നേടിയെടുത്ത പുതിയ സാധ്യതയെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ കൂടുതല്‍ കരുത്തോടെ രംഗത്തിറങ്ങേണ്ടത് അനിവാര്യമാണ്. എക്‌സൈസ് വകുപ്പ് മന്ത്രി പറയുന്നതുപോലെ, മദ്യ മാഫിയകള്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭരണക്കാരെ വിലയ്‌ക്കെടുക്കുകയാണെന്നത് വസ്തുതയാണെങ്കില്‍ ഇത്തരം എല്ലാ എന്‍.ഒ.സികളും തള്ളിക്കളയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്.
യു.ഡി.എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം പുനഃസ്ഥാപിച്ചു നല്‍കി എന്ന് പറയുമ്പോഴും മദ്യ മാഫിയകള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ ബോധപൂര്‍വമായ ചില ഇടപെടലുകള്‍ നടക്കുന്നുണ്ട്. നിലവിലുള്ള മദ്യശാലകള്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ട്. എന്നാല്‍, ഈ അധികാരം നല്‍കുന്ന വകുപ്പുകളെ സര്‍ക്കാര്‍ മാറ്റിമറിച്ചിട്ടുണ്ട്. മുന്‍കാല പ്രാബല്യം എടുത്തുകളഞ്ഞത് മദ്യ മുതലാളിക്കു വേണ്ടിയല്ലാതെ പിന്നെ ആര്‍ക്കു വേണ്ടിയാണ്? അതുപോലെ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു മേല്‍ മാത്രമേ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണമുള്ളൂ. ഫൈവ് സ്റ്റാര്‍ ബാറുകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ എന്‍.ഒ.സി വേണ്ടതില്ല. ഫലത്തില്‍ നാടാകെ ഫൈവ് സ്റ്റാര്‍ തുടങ്ങിയാല്‍ നെടുവീര്‍പ്പിടാനേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയൂ. സര്‍ക്കാറിന്റെ പുതിയ അബ്കാരി നയപ്രകാരം തന്നെ 2013 മാര്‍ച്ച് 31-ന് ശേഷം ഫൈവ് സ്റ്റാര്‍ ബാറുകളേ അനുവദിക്കൂ എന്നു പറയുന്നു. ഈ വിഷയത്തിലെ അവ്യക്തതകള്‍ ഇല്ലാതാക്കി മദ്യ ലഭ്യത കുറക്കുന്നതിനാവശ്യമായ ധീരമായ നിലപാടുകള്‍ എടുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. നീക്കം ആത്മാര്‍ഥമാണെങ്കില്‍ പുതിയ മദ്യശാലകള്‍ അനുവദിക്കാതിരിക്കുകയും നിലവിലുള്ളവയുടെ എണ്ണം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് സമ്പൂര്‍ണ മദ്യ നിരോധിത സംസ്ഥാനമായി കേരളത്തെ മാറ്റുകയുമാണ് വേണ്ടത്.
ഈ വിഷയത്തില്‍ 1956-ല്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച ത്രി ടയര്‍ കാഴ്ചപ്പാടിലൂടെ മുന്നോട്ടു പോകാനെങ്കിലും സര്‍ക്കാറുകള്‍ക്ക് കഴിയണം.
1. സപ്ലെ റിഡക്ഷന്‍. അഥവാ സര്‍ക്കാറുകള്‍ മദ്യ വിതരണം കുറച്ചുകൊണ്ടുവരികയും ക്രമേണ വിതരണം തന്നെ നിര്‍ത്തിവെക്കുകയും ചെയ്യും.
2. ഡിമാന്റ് റിഡക്ഷന്‍. ശക്തമായ ബോധവത്കരണത്തിലൂടെ, കര്‍ശന നിയന്ത്രണങ്ങളിലൂടെ, ലൈസന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ആവശ്യക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക.
3. റിസ്‌ക് റിഡക്ഷന്‍. മദ്യനിരോധനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിക്കുക. മദ്യപന്മാര്‍ക്കുവേണ്ടിയുള്ള ശാരീരികവും മാനസികവുമായ ചികിത്സകള്‍, തൊഴിലാളികളുടെ പുനരധിവാസം, പ്രത്യുല്‍പാദനപരമായ മാര്‍ഗങ്ങളിലൂടെ റവന്യൂ വരുമാന നഷ്ടം നികത്താനുള്ള വഴികള്‍ ഇതൊക്കെ ഇതില്‍ പെടുന്നു.
ദേശീയ പാതകളില്‍ മദ്യശാലകള്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാറിന്റെ നയം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടില്ല. 2004 ജനുവരി 15-ന് ചേര്‍ന്ന ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ എകകണ്ഠമായി എടുത്തതാണ് ഈ തീരുമാനം. തുടര്‍ന്ന് കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും മാര്‍ഗരേഖ നല്‍കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടമൊഴിവാക്കാന്‍ 2011 ഡിസംബര്‍ ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതേ മാര്‍ഗരേഖ വീണ്ടും നല്‍കിയിരുന്നു. എല്‍.ഡി.എഫ് പോലും ഈ മാര്‍ഗരേഖ നടപ്പിലാക്കാന്‍ തയാറായിട്ടില്ല. ദേശീയ പാതകള്‍ക്കിരുവശവുമുള്ള ബാര്‍ മണിമാളികകള്‍ പൂട്ടിയാല്‍ തന്നെ കേരളത്തിന് അത് വലിയ ആശ്വാസമായിരിക്കും. മദ്യപാനത്തിന് പ്രായപരിധി 18-ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കല്‍, മദ്യപാനികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കല്‍ തുടങ്ങി പലതും പ്രയോഗവത്കരിക്കണം. മഹാരാഷ്ട്രയില്‍ മദ്യപിക്കാനുള്ള പ്രായം 25 ആക്കി ഉയര്‍ത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സ്റ്റേ ചെയ്യിക്കാന്‍ നടന്‍ ഇംറാന്‍ ഖാന്‍ നല്കിയ ഹരജി മുംബൈ ഹൈക്കോടതി തള്ളിയത് ശ്രദ്ധേയമാണ്. ജാഗ്രത്തായ മുന്നേറ്റങ്ങളിലൂടെ മദ്യമുക്ത കേരളത്തെ എത്രയും വേഗം സാക്ഷാത്കരിക്കാന്‍ രാഷ്ട്ര നന്മ ലക്ഷ്യം വെക്കുന്ന ഏവര്‍ക്കും ബാധ്യതയുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍