Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

ഗനൂശിയും തുനീഷ്യയും വിപ്ലവാനന്തരം

ഡോ. അബ്ദുസ്സലാം അഹ്മദ് ലേഖനം

റബ് വസന്തത്തിനു ശേഷം വസന്താനന്തര അറബ് ലോകത്തിന് ദാര്‍ശനികനായ ശൈഖ് റാശിദുല്‍ ഗനൂശിയെയും വിപ്ലവത്തിന്റെ തുടക്കം കുറിച്ച തുനീഷ്യയെയും ഈയിടെ നേരില്‍കണ്ടു. തലസ്ഥാന നഗരിയായ തൂനൂസിലെ ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ സ്വാതന്ത്ര്യത്തിന്റെ സ്വഛവായു ശ്വസിക്കുന്ന തുനീഷ്യക്കാരന്റെ പ്രസന്നഭാവം. ആരെയും പേടിക്കേണ്ടല്ലോ എന്ന ആശ്വാസം. 22 വര്‍ഷം ബിന്‍ അലിയുടെ 45000-ത്തോളം വരുന്ന രഹസ്യപ്പോലീസിന്റെ കണ്ണും കാതും പേടിച്ചായിരുന്നുവല്ലോ കഴിഞ്ഞത്, ഏതവസരത്തിലും കല്‍തുറുങ്കിലകപ്പെടാം എന്ന ആശങ്കയോടെ.
എയര്‍പോര്‍ട്ടിനു പുറത്തു കാത്തിരുന്ന, ശൈഖ് റാശിദുല്‍ ഗനൂശിയുടെ ദൂതന്‍ യൂസുഫ് ഇന്നുതന്നെ ശൈഖിനെ കാണാം, രാത്രി ഭക്ഷണം അദ്ദേഹത്തിന്റെ കൂടെയാണ് എന്ന് അറിയിച്ചു. രാത്രി 8 മണി ആയപ്പോഴേക്ക് ശൈഖ് റാശിദുല്‍ ഗനൂശി ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അത്. ഒരു രാജ്യം ഭരിക്കുന്ന ഭരണ കക്ഷിയുടെ അധ്യക്ഷന്‍. ചെങ്കോലില്ലാത്ത രാജാവ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും തുനീഷ്യയില്‍ ഇന്ന് ഏറ്റവുമധികം കാണാനെത്തുന്ന തിരക്കുപിടിച്ച വ്യക്തി. അതിനിടയില്‍ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും ജമാഅത്തെ ഇസ്‌ലാമിയുടെയും ശാന്തപുരം അല്‍ജാമിഅയുടെയും വിവരങ്ങള്‍ അറിയാനും ആകാംക്ഷയോടെ മുന്നില്‍. സെക്യൂരിറ്റിയും പരിവാരങ്ങളും ഇല്ലാതെ.
കണ്ട മാത്രയില്‍ ശൈഖ് ചോദിച്ചു തുടങ്ങി. 2008-ല്‍ അല്‍ജാമിഅയുടെ ബിരുദദാന സമ്മേളനത്തിന് എത്തിയപ്പോള്‍ കണ്ട മുഖങ്ങളെ പറ്റി. ജമാഅത്ത് അമീറും അല്‍ജാമിഅ ചാന്‍സലറുമായ ഡോ. അബ്ദുല്‍ഹഖ് അന്‍സാരിയുടെ വിയോഗത്തെ കുറിച്ച്. ജാമിഅയുടെ പുരോഗതിയെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും പറ്റി. ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികളിലുണ്ടായ പുരോഗതികളെ സംബന്ധിച്ച്. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയിലൂന്നിപ്പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തെപറ്റി.
രാഷ്ട്രീയ പാര്‍ട്ടിയില്‍ മുസ്‌ലിംകളല്ലാത്തവരുടെ പങ്കാളിത്തത്തെ കുറിച്ച് പ്രത്യേകം അന്വേഷിച്ചു. ഭാരവാഹികളും അംഗങ്ങളുമായി അവര്‍ക്ക് നല്ല പങ്കാളിത്തം ഉണ്ട് എന്ന് അറിയിച്ചപ്പോള്‍, അത് വലിയ നേട്ടമായാണ് താന്‍ കാണുന്നത് എന്ന് പറഞ്ഞു. ചാനല്‍ തുടങ്ങാനുള്ള തീരുമാനത്തെയും ഗനൂശി മുക്തകണ്ഠം പ്രശംസിച്ചു. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാധ്യമരംഗത്ത് പിന്നാക്കം നിന്നതിന്റെ ദുരന്തഫലങ്ങളാണ് അറബ് വസന്താനന്തരം അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മീഡിയാ വാര്‍. പ്രതിരോധിക്കാന്‍ കഴിയാതെ അവര്‍ പകച്ചുനില്‍ക്കുന്നു പലപ്പോഴും.
4 വര്‍ഷം ജയിലിലും 22 വര്‍ഷം ബ്രിട്ടനില്‍ രാഷ്ട്രീയാഭയാര്‍ഥിയായും കഴിഞ്ഞ് ഒടുവില്‍ തുനീഷ്യയില്‍ തിരിച്ചെത്തി സ്വന്തം കക്ഷിയെ അധികാരത്തിലെത്തിച്ചു കഴിഞ്ഞ താങ്കള്‍ക്ക് ഇപ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന്, നേരിയ മൗനത്തിന് ശേഷം ശൈഖിന്റെ മറുപടി: ഞാന്‍ ഭാര്യയോട് പറയാറുണ്ടായിരുന്നു, നമുക്ക് ലണ്ടനില്‍ ഒരു തുണ്ട് ഭൂമി വിലയ്ക്ക് വാങ്ങാന്‍ കഴിഞ്ഞെങ്കില്‍... മരിച്ചാല്‍ നമ്മെ ഖബ്‌റടക്കാന്‍ സ്ഥലം വേണ്ടേ. ലണ്ടനില്‍തന്നെ മരിച്ചു അവിടെത്തന്നെ ഖബ്‌റടക്കപ്പെടും. ഇനി ജീവിതത്തില്‍ തുനീഷ്യയിലേക്ക് ഒരു മടക്കമുണ്ടാവില്ല, വിപ്ലവം വിജയിക്കുമെങ്കിലും അത് തന്റെ ജീവിതകാലത്ത് ഉണ്ടാവില്ല എന്നു ഉറപ്പിച്ചിരിക്കുകയായിരുന്നു ഞാന്‍.
'2008-ല്‍ കേരളത്തില്‍ വന്നപ്പോള്‍ താങ്കളും ഖറദാവിയുമൊക്കെ പറയുന്ന ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി സമൂലമാറ്റം ആരംഭിക്കുന്നത് എവിടെയായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ ഈജിപ്തിലായിരിക്കുമത് എന്നായിരുന്നുവല്ലോ മറുപടി', ഞാന്‍ ഓര്‍മിപ്പിച്ചു. 'ശരിയാണ്, ഈജിപ്തിലാണ് ഞാനത് പ്രതീക്ഷിച്ചത്. കാരണം, അവിടെ ഇഖ്‌വാന്‍ ഇവിടത്തേതിനേക്കാള്‍ സുസംഘടിതമായിരുന്നു. ജനങ്ങളാവട്ടെ തുനീഷ്യയിലെ ജനങ്ങളേക്കാള്‍ അസ്വസ്ഥരുമായിരുന്നു. പക്ഷേ, ഞങ്ങളാരും പ്രതീക്ഷിക്കാത്ത വിധം തുനീഷ്യയിലാണ് അറബ് വസന്തം ആരംഭിച്ചത്.'
കൈകൂലി കൊടുക്കാത്തതിന്റെ പേരില്‍ മുനിസിപ്പല്‍ അധികൃതര്‍ തന്റെ ജീവിതോപാധിയായിരുന്ന തെരുവ് കച്ചവടം നിരോധിച്ചതില്‍ പ്രതിഷേധിച്ച് മുഹമ്മദ് ബൂഅസീസി സ്വയം തീകൊളുത്തി മരിച്ചതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ ജനങ്ങള്‍ ഇത്ര വേഗം വിജയിക്കുമെന്ന് ഗനൂശിയും സഹപ്രവര്‍ത്തകരും വിചാരിച്ചിരുന്നില്ല. ഇതിനു മുമ്പ് നടന്ന പ്രക്ഷോഭങ്ങളെയൊക്കെ അടിച്ചമര്‍ത്തിയതുപോലെ ഇത്തവണയും സംഭവിക്കുമെന്നായിരുന്നു അവര്‍ കരുതിയത്. പക്ഷേ, ഗനൂശി പറഞ്ഞു: 'അല്ലാഹു ശത്രുവിന്റെ ഹൃദയത്തില്‍ ഭയം ഇട്ടുകൊടുത്തു. ഇന്ന് അതാണ് സംഭവിച്ചത്. ബിന്‍അലി പതിവിന് വിപരീതമായി ഇത്തവണ വല്ലാതെ പേടിച്ചു. ജീവനും കൊണ്ട് അയാള്‍ രക്ഷപ്പെടുകയായിരുന്നു.'
തുനീഷ്യയിലും ഈജിപ്തിലും മൊറോക്കോയിലുമൊക്കെ അറബ് വസന്താനന്തരം ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറിയതിനെ കുറിച്ചും പ്രതിപക്ഷത്ത് നിന്ന് അവര്‍ ഭരണപക്ഷത്തെത്തുമ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമുള്ള ചര്‍ച്ചക്ക് ശേഷം ശൈഖ് പറഞ്ഞു. 'അധികാരമേറ്റെടുക്കാന്‍ വേണ്ട തയാറെടുപ്പിലായിരുന്നില്ല അവര്‍. പൊടുന്നനെ അധികാരം അവരുടെ തലക്കുമേല്‍ വന്ന് വീഴുകയായിരുന്നു. മുന്‍പരിചയമില്ലാത്തതും മുന്നൊരുക്കം ഇല്ലാത്തതും ഭരണത്തില്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് നേരാണ്.'
തുനീഷ്യയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമായപ്പോള്‍ ഗനൂശി പറഞ്ഞു. 'ഏത് വിപ്ലവത്തിനു ശേഷവും അതുണ്ടാവും. ഫ്രഞ്ച് വിപ്ലവത്തിനു ശേഷം രാജ്യത്ത് സ്ഥിരതയുണ്ടാകുന്നത് ഒരു നൂറ്റാണ്ടിനു ശേഷമാണ്. അതിനിടയില്‍ ആര്‍ക്കെതിരിലാണോ വിപ്ലവം നടന്നത് അവര്‍ അധികാരത്തില്‍ തിരിച്ചുവരികപോലുമുണ്ടായി. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അറബ് വസന്തം നടന്ന നാടുകളില്‍ കാണുന്ന അസ്വസ്ഥതകള്‍ കുറവാണ്. വിപ്ലവം നടന്നാല്‍ ഒറ്റ രാത്രിയും പകലുംകൊണ്ട് തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ് ജനങ്ങള്‍ കരുതുന്നത്.'
തുനീഷ്യയില്‍ ശരീഅത്ത് നടപ്പാക്കില്ല എന്ന അന്നഹ്ദയുടെ നിലപാടിന്റെ വിശദാംശങ്ങളാരാഞ്ഞപ്പോള്‍ ശൈഖ് പറഞ്ഞു: 'തുനീഷ്യയില്‍ പല കാഴ്ചപ്പാടുകാരുമുണ്ട്. സെക്യുലരിസ്റ്റുകളും അള്‍ട്രാസെക്യുലരിസ്റ്റുകളുമുണ്ട്. വിപ്ലവാനന്തരം തങ്ങളുടെ മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ പ്രതിസന്ധി രാജ്യത്തിന്റെ കുഴമറിഞ്ഞ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുക എന്നതായിരുന്നു. അത് ഞങ്ങള്‍ക്ക് ഒറ്റക്ക് കഴിയുന്ന കാര്യമല്ല. മറ്റുള്ളവരുടെ സഹകരണത്തോടെ മാത്രമേ സാധിക്കൂ. അപ്പോള്‍ അവര്‍ക്കുകൂടി സ്വീകാര്യമായ സമീപനങ്ങളിലേക്കു ഞങ്ങള്‍ ഇറങ്ങിവരേണ്ടി വരും. ശരീഅത്ത് എന്ന് കേള്‍ക്കുന്ന മാത്രയില്‍ താലിബാനിസമാണ് ഇന്നു പലര്‍ക്കും ഓര്‍മ വരുന്നത്. അതേയവസരം ഇസ്‌ലാം എന്ന് മാത്രമാകുമ്പോള്‍ അവര്‍ക്ക് പ്രശ്‌നമില്ല. തുനീഷ്യന്‍ ഭരണഘടനയില്‍ നേരത്തെതന്നെ ഇസ്‌ലാമാണ് രാജ്യത്തിന്റെ മതം എന്നുണ്ടുതാനും. അതുമതി. ശരീഅത്താണ് നിയമങ്ങളുടെ സ്രോതസ്സ് എന്ന് വേണ്ടതില്ല എന്നു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇതര പാര്‍ട്ടികളുമായി സമവായത്തിലെത്താന്‍ അന്നഹ്ദയെ സഹായിച്ചത് ഈ നിലപാടാണ്. ചരിത്രത്തിലെ ആദ്യ ഇസ്‌ലാമിക രാഷ്ട്രം മദീനയില്‍ നബി (സ) സ്ഥാപിച്ചതാണ്. അവിടത്തെ ജൂതന്മാരുമായി കരാറുണ്ടാക്കികൊണ്ടായിരുന്നു അത് സാധിച്ചത്. മദീന ഉടമ്പടി എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധമായ ആ മാതൃകയാണ് ഞങ്ങള്‍ പിന്തുടരുന്നത്.'
തുനീഷ്യയുടെ ഭാവിയെ കുറിച്ച് ഗനൂശിക്ക് ആശങ്കകളൊന്നുമില്ല. 'ഇത്രയും എത്തിച്ച അല്ലാഹു ഇത് പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും. പക്ഷേ, പ്രതിസന്ധികളുണ്ടാകും. അവയെ മറികടക്കാന്‍ സമയമെടുക്കും. എങ്കിലും ഞങ്ങള്‍ക്ക് അങ്ങേയറ്റം ശുഭാപ്തി വിശ്വാസമാണുള്ളത്.'
ശൈഖ് റാശിദുല്‍ ഗനൂശിയും അദ്ദേഹത്തിന്റെ അന്നഹ്ദയും പുതിയ കാലത്തെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് നിര്‍ണയിച്ചിട്ടുള്ള സ്ട്രാറ്റജിയുടെ വിജയമായിരുന്നു അന്നഹ്ദയുടെ തെരഞ്ഞെടുപ്പ് വിജയം. ബഹുസ്വരതയോട് തുറന്ന സമീപനം സ്വീകരിച്ചതും സ്ത്രീ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ഉയര്‍ത്തിപ്പിടിച്ചതുമാണ് സംഘടനയെ പിന്തുണക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്.
പാര്‍ലമെന്റില്‍ ആകെയുള്ള 56 വനിതാ എം.പിമാരില്‍ 42ഉം അന്നഹ്ദയുടേതാണ്. പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ മഹ്‌റസിയ അവരില്‍ പെടുന്നു. വളരെ സമര്‍ഥമായി പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതും പ്രക്ഷുബ്ധമായ സഭയെ നയചാതുരിയോടെ നയിക്കുന്നതും ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. വനിതകളുടെ ശാക്തീകരണത്തില്‍ അന്നഹ്ദ അദ്വിതീയമായ പങ്കാണ് വഹിച്ചത് എന്നും സ്വേഛാധിപത്യ കാലത്ത് പുരുഷന്മാരെ പോലെ അവരും ജയിലുകളിലും പുറത്തും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നും അവര്‍ പറഞ്ഞു. ജയിലുകളില്‍ കഴിഞ്ഞ ഭര്‍ത്താക്കന്മാര്‍ക്കും ആണ്‍മക്കള്‍ക്കും ആത്മധൈര്യം നല്‍കി അവര്‍ ബിന്‍അലി -ബുര്‍ഗീബ ഭരണകൂടങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ശക്തമായ പങ്കുവഹിച്ചു.
അന്നഹ്ദയുടെ വനിതാ എം.പിമാരില്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ചിട്ടില്ലാത്ത സുആദ് അബ്ദുര്‍റഹീമുമുണ്ട്. അവരുമായി എന്റെ അഭിമുഖത്തിന് ശൈഖ് ഗനൂശി തന്നെ മുന്‍കൈ എടുത്തു. പര്‍ദ അണിയാത്തത് തനിക്കൊരിക്കലും അന്നഹ്ദയില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമായിട്ടില്ലെന്നും വിപ്ലവാനന്തര തുനീഷ്യയെ മുന്നോട്ടു നയിക്കാന്‍ അന്നഹ്ദക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നും അവര്‍ പറഞ്ഞു.
അന്നഹ്ദയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച മറ്റൊരു മുഖ്യ ഘടകം സ്വേഛാധിപത്യ കാലത്ത് അതിന്റെ നേതാക്കളും പ്രവര്‍ത്തകരും അനുഭവിച്ച കടുത്ത പീഡനങ്ങളാണ്. നൂറിലധികം പ്രവര്‍ത്തകര്‍ ജയിലുകളില്‍ രക്തസാക്ഷികളായി. അന്നഹ്ദയുടെ ജനറല്‍ സെക്രട്ടറിയും പ്രധാനമന്ത്രിയുമായിരുന്ന ഹമാദി അല്‍ ജബാലി 12 വര്‍ഷവും, ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ അലി അല്‍ അറയ്യദ് 15 വര്‍ഷവും, ഇപ്പോള്‍ ഗതാഗത മന്ത്രിയായ അബ്ദുല്‍ കരീം അല്‍ ഹാറൂനി 16 വര്‍ഷവും തടവിലായിരുന്നു. അലി അല്‍ അറയ്യദ് 15 വര്‍ഷം ഏകാന്ത തടവില്‍ കഴിഞ്ഞത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും താഴെ നിലയില്‍. തൂക്കിക്കൊല്ലാന്‍ 2 തവണ അദ്ദേഹത്തെ മരണവസ്ത്രം അണിയിച്ചു. പീഡനംമൂലം ജയിലില്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായി. അതേ ആഭ്യന്തര മന്ത്രാലയത്തിലാണ് അലി അല്‍ അറയ്യദ് വിപ്ലവാനന്തരം ആഭ്യന്തര മന്ത്രിയായി വരുന്നത്. അതാണ് അല്ലാഹുവിന്റെ ഖദ്‌റിന്റെ ശക്തി. ആഭ്യന്തര മന്ത്രി പദവി ഏറ്റെടുക്കാന്‍ മന്ത്രാലയത്തിലേക്ക് കയറിയപ്പോള്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തോട് തമാശ പറഞ്ഞുവത്രെ: 'പഴയ ഓര്‍മയില്‍ താഴെ നിലയിലേക്ക് പോകല്ലേ. മുകളിലാണ് മന്ത്രിക്കസേര.'
കാണുന്ന അന്നഹ്ദ പ്രവര്‍ത്തകരോടൊക്കെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. 'താങ്കള്‍ ജയിലില്‍ കഴിഞ്ഞിരുന്നുവോ?' അവര്‍ പറയും: 'അതെ.' എത്ര വര്‍ഷം എന്ന ചോദ്യത്തിന് അവര്‍ നിസ്സാരമായി മറുപടി പറയും: '12/13/16/17/18 വര്‍ഷം!' ഇതുതന്നെയാവണം അല്ലാഹുവിന്റെ സഹായത്തിന് അവരെ അര്‍ഹരാക്കിയത്.
ഒരു വമ്പിച്ച വിപ്ലവം കഴിഞ്ഞ രാജ്യത്തിന്റെ സ്വസ്ഥതകളോടൊപ്പം അസ്വസ്ഥതകളും തുനീഷ്യയിലുണ്ട്. സ്വേഛാധിപത്യത്തിന്റെ ഓരംപറ്റി ജീവിച്ചിരുന്ന കോടീശ്വരന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരിക്കലും ജനാധിപത്യ സര്‍ക്കാറുകളെ പൊറുപ്പിക്കാനാവില്ല. ബിന്‍ അലി ഭരണത്തിന്റെ ഭാഗവും വിപ്ലവാനന്തര ഇടക്കാല പ്രധാനമന്തിയുമായിരുന്ന ഖാഇദ് സിബ്‌സിയാണ് അവരുടെ നേതാവ്. ഫ്രാന്‍സ്, ഇസ്രയേല്‍, ചില അറബ് രാഷ്ട്രങ്ങള്‍ എന്നിവരുടെ പിന്തുണയും കൈയില്‍ വേണ്ടുവോളം പണവും ഈ ഗ്രൂപ്പിനുണ്ട്. തങ്ങളുടെ തൊഴിലില്ലായ്മയും പട്ടിണിയും വിപ്ലവത്തിന്റെ പിറ്റേന്നുതന്നെ പരിഹരിക്കപ്പെടുമെന്നു കരുതി നിരാശരായ ജനങ്ങള്‍ തൊട്ടതിനൊക്കെ തെരുവിലിറങ്ങുന്നു. പണിമുടക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നു. അവര്‍ക്കിപ്പോള്‍ പണ്ടത്തെപോലെ രഹസ്യപ്പോലീസിനെ പേടിക്കേണ്ടതില്ല. അന്നഹ്ദ നേതൃത്വം നല്‍കുന്ന സര്‍ക്കാറാവട്ടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഖജനാവ് മുഴുവനും കൊള്ളയടിച്ചാണ് ബിന്‍അലി നാടുവിട്ടത്. അതു തിരിച്ചുപിടിക്കാനുള്ള നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍.
അതിനിടയില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തീവ്ര സലഫി ഗ്രൂപ്പുകള്‍ രംഗത്തുണ്ട്. അവര്‍ ആയുധമെടുത്ത് പെരുമാറാനും തുടങ്ങിയിരിക്കുന്നു. പ്രമുഖ ഇടതുപക്ഷ നേതാവ് ശുക്‌രി ബല്‍ഈദിന്റെ കൊലയില്‍ അവര്‍ക്ക് പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. ബല്‍ഈദിന്റെ മരണം ഉപയോഗിച്ച് വിപ്ലവത്തിന്റെ ശത്രുക്കള്‍ നടത്തിയ പ്രതിവിപ്ലവ ശ്രമത്തില്‍ അന്നഹ്ദ സര്‍ക്കാര്‍ ആടിയുലഞ്ഞു. പ്രധാനമന്ത്രി അല്‍ജബാലിക്ക് രാജിവെക്കേണ്ടി വന്നെങ്കിലും ആഭ്യന്തരമന്ത്രി അലിഅറയ്യദിനെ പ്രധാനമന്ത്രിയാക്കി അന്നഹ്ദ പ്രതിസന്ധിയെ തരണം ചെയ്തിട്ടുണ്ട്. പക്ഷേ, പ്രതിസന്ധികള്‍ ആവര്‍ത്തിക്കപ്പെടുമെന്ന കാര്യം ഉറപ്പ്.
ഏതായാലും അറബ് വസന്തം എന്ന അത്ഭുതത്തെ അണയാനനുവദിക്കാതെ പിടിച്ചു നിര്‍ത്തുകയെന്നത് വലിയൊരു വെല്ലുവിളിയാണ്. വിപ്ലവാനന്തരം അധികാരത്തില്‍ വന്ന ഇസ്‌ലാമിസ്റ്റുകള്‍ക്കാണ് ആ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. അതില്‍ അവര്‍ വിജയിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍