മുഹമ്മദ് സഈദ് റമദാന്‍ ബൂത്വി (1929-2013)
ഖത്തര്‍ യൂനിവേഴിസിറ്റിയിലെ ശരീഅ കോളേജില്‍ പഠിക്കുന്ന കാലം. ബസ്സാം എന്ന ഒരു സിറിയന്‍ സുഹൃത്തില്‍ നിന്നാണ് സഈദ് റമദാന്‍ ബൂത്വിയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. സ്വൂഫി ചിന്തയുടെ കറ കളഞ്ഞ വക്താവായിരുന്ന അദ്ദേഹം സ്വൂഫി ആചാരങ്ങളെ വിമര്‍ശിക്കുന്ന ഞാനടക്കമുള്ളവരോടെല്ലാം സഈദ് റമദാന്റെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ നിര്‍ദേശിക്കാറുണ്ടായിരുന്നു.
ലോക ഇസ്‌ലാമിക വ്യക്തിത്വങ്ങള്‍ക്കുള്ള ദുബൈ അന്താരാഷ്ട്ര അവാര്‍ഡ് നേടിയ ബൂത്വി ദീനീ വിജ്ഞാനീയങ്ങളില്‍ ആഴമുള്ള പണ്ഡിതനായിരുന്നു. ശൈഖ് മുല്ലാ റമദാന്റെ സന്തതിയായ ബൂത്വി ദമസ്‌കസിലെ മത പാഠശാലകളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അസ്ഹറിലെ ശരീഅ കോളേജില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ ഗ്രന്ഥങ്ങളുണ്ട്.
അശ്അരീ, ശാഫിഈ മദ്ഹബുകള്‍ക്കനുസൃതമായി അഹ്‌ലുസ്സുന്നയെ വ്യാഖ്യാനിക്കുന്ന രീതിയായിരുന്നു ബൂത്വിയുടേത്. ക്ലാസ്സിക്കല്‍ മദ്ഹബുകളെ ന്യായീകരിച്ച് കൊണ്ടും സലഫീ രീതിശാസ്ത്രത്തെ നിരൂപണം ചെയ്തു കൊണ്ടും ധാരാളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അസ്സലഫിയ്യത്തു മര്‍ഹലതുന്‍ സമനിയ്യത്തുന്‍ വലൈസത് മദ്ഹബുന്‍ ഇസ്‌ലാമിയ്യുന്‍ (സലഫിസം ഒരനുഗൃഹീത കാലഘട്ടമാണ്, അത് ഒരു ഇസ്‌ലാമിക കര്‍മശാസ്ത്ര സരണിയല്ല) എന്ന തലക്കെട്ടോടു കൂടി ബൂത്വി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. സലഫീ നിരൂപണമടക്കമുള്ള ബൂത്വിയുടെ ഗ്രന്ഥങ്ങള്‍ മുന്നോട്ട് വെക്കുന്ന നിലപാടുകളിലെ ശരിതെറ്റുകള്‍ക്കുപരിയായി അവ ഇസ്‌ലാമിക ചിന്തകളുടെ മനന പഠനങ്ങള്‍ക്ക് കാര്യമായ അവലംബമായി മാറുമെന്ന് പ്രതീക്ഷിക്കാം.
1965-ല്‍ ഡോക്ടറേറ്റ് നേടിയ ബൂത്വി ദമസ്‌കസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശരീഅ കോളേജില്‍ അധ്യാപകനും തുടര്‍ന്ന് പ്രിന്‍സിപ്പലുമായി. ഈ കാലയളവില്‍ ശൈഖ് റാശിദുല്‍ ഗനൂശിയെ പോലെ ധാരാളം ശിഷ്യന്മാരും മാലിക് ബിന്നബിയെ പോലുള്ള ധാരാളം സഹാധ്യാപകരും അദ്ദേഹത്തിനുണ്ടായിരുന്നു. തുര്‍ക്ക്, ഖുര്‍ദ്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുള്ള ബൂത്വി പല അന്താരാഷ്ട്ര സെമിനാറുകള്‍ക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.
ഇസ്‌ലാമിക പ്രബോധകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ധാരാളം രചനകളും ബൂത്വിയുടേതായി ഉണ്ട്. 'സ്ത്രീ പാശ്ചാത്യ വ്യവസ്ഥയിലും ദൈവിക ശരീഅത്തിലും' എന്ന അദ്ദേഹത്തിന്റെ പുസ്തകം അറബ് ലോകത്തടക്കം വ്യാപിച്ച ആധുനിക ലിബറല്‍ സ്ത്രീ വാദങ്ങളെ പ്രതിരോധിക്കാനുതകുന്നതാണ്. കേവലം ഗ്രന്ഥ രചനകളില്‍ ഒതുങ്ങി നില്‍ക്കാതെ അറബ് ലോകത്തെ ദൃശ്യ മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ബൂത്വി.
സിറിയന്‍ പോരാട്ടത്തില്‍ തീര്‍ത്തും അരാഷ്ട്രീയമായ മൗനമായിരുന്നു ബൂത്വി സ്വീകരിച്ചത്. നീതിയുടെ പക്ഷമേതെന്ന് വേര്‍തിരിക്കാനുള്ള സാഹസത്തിനൊന്നും മുതിര്‍ന്നില്ല അദ്ദേഹം. അറബ് വസന്തത്തിന്റെ വിളഭൂമിയായ മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി രക്തരൂക്ഷിതമായി മുന്നോട്ടു പോകുന്ന സിറിയന്‍ പോരാട്ടം ഇസ്രയേലിനും അമേരിക്കക്കുമാണ് പ്രയോജനം ചെയ്യുക എന്നാണ് ബൂത്വി വിലയിരുത്തിയത്. സിറിയന്‍ വിഷയത്തില്‍ ജനകീയ പോരാട്ടത്തെ ശക്തമായി പിന്തുണക്കുന്ന ശൈഖ് യൂസുഫുല്‍ ഖറദാവിയോട് പോലും അദ്ദേഹം വിയോജിച്ചു. ബശ്ശാറിയന്‍ സ്വേഛാധിപത്യത്തിനെതിരിലുള്ള ജനകീയ പോരാട്ടത്തെ എതിര്‍ക്കുന്നത് ബൂത്വിയെ പോലുള്ള ഒരു പണ്ഡിതന് ചേര്‍ന്നതല്ലെന്ന് ഖറദാവിയും തുറന്നടിച്ചിരുന്നു. 2013 മാര്‍ച്ച് 21-ന് ശൈഖ് ബൂത്വിയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ ഖറദാവി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാത്രമല്ല, ജനകീയ പോരാളികളാണ് ഈ മരണത്തിന്റെ പിന്നിലെന്ന സിറിയന്‍ ദൃശ്യമാധ്യമങ്ങളുടെ വാര്‍ത്തകളില്‍ കഴമ്പില്ലെന്നും ഖറദാവി പറഞ്ഞു. ദമസ്‌കസിലെ തൊള്ളായിരത്തിലധികം പള്ളികള്‍ തകര്‍ത്തത് ബശ്ശാറിന്റെ പക്ഷമാണെന്ന് തെളിഞ്ഞിരിക്കെ കൃത്യമായി മെഡിക്കല്‍ ചെക്കിങ്ങിന് വിധേയമാക്കി വെടിയുണ്ടകള്‍ കൊണ്ടാണോ ഡൈനാമിറ്റ് കൊണ്ടാണോ ബൂത്വി മരിച്ചതെന്ന് ഉറപ്പുവരുത്തണമെന്നാണ് ഖറദാവി പറയുന്നത്.
[email protected]
Comments