Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

മാര്‍പ്പാപ്പ ഫ്രാന്‍സിസ്‌

ക്രൈസ്തവ ലോകത്തിന്റെ പുതിയ മത മേലാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത പോപ്പ് ഫ്രാന്‍സിസിന് ശുഭാശംസകള്‍. പുതിയ മാര്‍പ്പാപ്പക്ക് സവിശേഷതകള്‍ ഏറെയുണ്ട്. പോപ്പ് ബെനഡിക്ട് 16-മന്റെ ആകസ്മികമായ സ്ഥാനത്യാഗമാണ് കത്തോലിക്ക സമൂഹത്തെ പുതിയ ഇടയന്റെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പതിമൂന്ന് നൂറ്റാണ്ട് നീണ്ട സഭാ ചരിത്രത്തില്‍ രണ്ടു മാര്‍പ്പാപ്പമാരേ സ്വയം സ്ഥാനത്യാഗം ചെയ്തിട്ടുള്ളൂ. ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനുണ്ടായ കാരണം വ്യക്തമല്ല. അനാരോഗ്യമാണെന്നും കര്‍ദിനാള്‍മാരുമായുള്ള അഭിപ്രായ വ്യത്യാസമാണെന്നുമൊക്കെ പറയപ്പെടുന്നു. പുരോഹിതന്മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ധര്‍മച്യുതിയില്‍ മനം മടുത്താണെന്ന് ഒരു ശ്രുതിയും പിന്നാമ്പുറത്തുണ്ട്. സഭ ഇതഃപര്യന്തം നിശിതമായി വിരോധിച്ചുവന്നിട്ടുള്ള സ്വവര്‍ഗ ലൈംഗികതയെ വരെ ചില പുരോഹിതന്മാര്‍ അംഗീകരിക്കാനും ന്യായീകരിക്കാനും തുനിയുന്നത് ബെനഡിക്ടിനെ അത്യന്തം നിരാശനാക്കിയത്രെ.
സഭയുടെ ഇതുവരെയുണ്ടായ 265 മാര്‍പ്പാപ്പമാരും യൂറോപ്പില്‍ നിന്നുള്ളവരായിരുന്നു. യൂറോപ്പിനു പുറത്ത് നിന്നുള്ള ഒന്നാമത്തെ മാര്‍പ്പാപ്പയാണ് ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്നുള്ള പോപ്പ് ഫ്രാന്‍സിസ്. ജെസ്യൂട്ട് വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മാര്‍പ്പാപ്പയും ഇദ്ദേഹമാണ്. മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ അവരുടെ പൂര്‍വ നാമം ഉപേക്ഷിച്ച് പുതിയ നാമം സ്വീകരിക്കുന്ന പതിവുണ്ട്. ജോസഫ് അലോഷ്യസ് റാറ്റ്‌സിംഗറാണല്ലോ ബനഡിക്ട് പതിനാറാമനായത്. പോപ്പ് ഫ്രാന്‍സിസിന്റെ പൂര്‍വ നാമം ജോസഫ് മാരിയോ ബര്‍ഗോഗ്ലിയോ ആണ്. ഫ്രാന്‍സിസ് എന്ന നാമം സ്വീകരിക്കുന്ന ആദ്യ പോപ്പും ഇദ്ദേഹമാണ്. പാവപ്പെട്ടവരോടുള്ള അനുകമ്പാതിരേകമാണത്രെ അദ്ദേഹത്തെ ഏഴകളുടെ തോഴനായിരുന്ന സെന്റ് ഫ്രാന്‍സിസിന്റെ നാമം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്‌സില്‍ ജനിച്ചുവളര്‍ന്ന ജോസഫ് മാരിയോ സ്വദേശത്ത് വിദ്യാഭ്യാസം ചെയ്ത ശേഷം ജര്‍മനിയില്‍ ഉപരിപഠനം നടത്തി. തിയോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം നടത്തിയ പണ്ഡിതനാണ്. 1969-ല്‍ പുരോഹിത പട്ടം സ്വീകരിച്ച ജോര്‍ജ് മാരിയോ 1992-ല്‍ ബിഷപ്പായും 1998 ബ്യൂനസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായും ഉയര്‍ന്നു. 2001-ല്‍ കര്‍ദിനാളായി വാഴിക്കപ്പെട്ടു.
ജോര്‍ജ് മാരിയോ ബര്‍ഗോഗ്ലിയോ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് അമേരിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്പിലും ഇതര ക്രൈസ്തവ- അക്രൈസ്തവ സമൂഹങ്ങളിലും വലുതായ കൗതുകമുണര്‍ത്തുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രത്തലവന്മാരും ഇസ്രയേലധികൃതരും യു.എന്‍ സെക്രട്ടറി ജനറലും പുതിയ മാര്‍പ്പാപ്പയെ ഹാര്‍ദമായി സ്വാഗതം ചെയ്തു. പക്ഷേ, മുസ്‌ലിം ലോകത്ത് പൊതുവില്‍ പ്രകടമായത് ഒരുതരം നിസ്സംഗതയാണ്. ജാമിഅത്തുല്‍ അസ്ഹറില്‍ നിന്നു വന്ന ഹൃസ്വമായ ഒരു പ്രസ്താവനയാണ് പ്രസ്താവ്യമായ അപവാദം. പുതിയ മാര്‍പ്പാപ്പ മുസ്‌ലിം-ക്രൈസ്തവ സംവാദത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് അവര്‍ പ്രത്യാശിച്ചു. അസ്ഹറിന്റെ ഈ പ്രത്യാശക്ക് ആഴമേറിയ അര്‍ഥമുണ്ട്. പോപ്പ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനാരോഹണം ചെയ്ത ഉടനെ ജര്‍മനിയില്‍ ചെയ്ത ഒരു പ്രഭാഷണത്തില്‍ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരായി നടത്തിയ പരാമര്‍ശങ്ങള്‍ മുസ്‌ലിം ലോകത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പാശ്ചാത്യ ലോകത്ത് വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയക്ക് ആക്കം കൂട്ടുന്നതായിരുന്നു ആ പ്രഭാഷണം. ഒരു പക്ഷേ ആ അനുഭവം കൊണ്ടുതന്നെയാവാം പുതിയ പോപ്പിന്റെ ആഗമനത്തെ മുസ്‌ലിം ലോകം നിസ്സംഗമായി വീക്ഷിച്ചത്. എന്നാല്‍, പുതിയവരെയെല്ലാം പൂര്‍വികരുടെ പകര്‍പ്പായി കാണുന്നത് കരണീയമല്ല. യൂറോപ്പിനു പുറത്തു നിന്നുള്ള പുതിയ മാര്‍പ്പാപ്പയില്‍ യൂറോ കേന്ദ്രിത സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനങ്ങള്‍ക്ക് നല്ല സാധ്യതയുണ്ട്. മുസ്‌ലിം ലോകം അദ്ദേഹത്തെ വേണ്ട രീതിയില്‍ വിലയിരുത്തിയോ? ഇല്ലെങ്കില്‍ മുസ്‌ലിം ക്രൈസ്തവ ബന്ധം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ മുസ്‌ലിംകളനുവര്‍ത്തിക്കുന്ന അനാസ്ഥയെയാണത്് സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ മറ്റുള്ളവരെക്കാള്‍ മുമ്പെ ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് സ്വാഗതമോതുകയായിരുന്നു മുസ്‌ലിം സമൂഹം ചെയ്യേണ്ടിയിരുന്നത്.
പുതിയ മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തില്‍ കുറെ മുസ്‌ലിം നേതാക്കള്‍ പങ്കെടുത്തത് ഏതായാലും ഉചിതമായി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അത് പ്രത്യേകം ശ്രദ്ധിക്കുകയും അതില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുയുമുണ്ടായി. കാലഘട്ടത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ നന്നായി ഗ്രഹിച്ചയാളാണദ്ദേഹമെന്ന് തുടക്കത്തില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. വത്തിക്കാനുമായി നയതന്ത്ര ബന്ധമുള്ള 180-ഓളം രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്തപ്പോള്‍ ഇസ്‌ലാമിക ലോകവുമായുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടാന്‍ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോടാഹ്വാനം ചെയ്തിരിക്കുന്നു. മതാന്തര സംവാദം, സൗഹാര്‍ദം, ലോക സമാധാനം, ദാരിദ്ര്യ നിര്‍മാര്‍ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയാണദ്ദേഹം മുഖ്യ വിഷയങ്ങളായി അവതരിപ്പിച്ചത്. ക്രൈസ്തവ -ഇസ്‌ലാം സംവാദത്തിന്റെ പ്രാധാന്യം പ്രത്യേകം എടുത്തു പറയുകയുണ്ടായി. വത്തിക്കാന്റെ ഈ നീക്കത്തിന് മുസ്‌ലിം നേതൃത്വത്തില്‍ നിന്ന് ക്രിയാത്മകമായ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സംഘട്ടനങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നും സംവാദങ്ങളുടെയും സമവായങ്ങളുടെയും കാലം സമാഗതമായിരിക്കുന്നുവെന്നും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിയന്നയില്‍ പ്രസ്താവിച്ചത് ഇത്തരുണത്തില്‍ അനുസ്മരണീയമാകുന്നു.
മതാന്തര സംവാദം കുറെകാലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി നടന്നുവരുന്നുണ്ട്. പക്ഷേ, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതായാണനുഭവം. സംവാദങ്ങളില്‍ ദാര്‍ശനിക വിശകലനങ്ങള്‍ക്കപ്പുറം വിവിധ മത വിശ്വാസികള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം വളര്‍ത്താനുതകുന്ന പ്രായോഗിക പരിപാടികള്‍ ഉരുത്തിരിഞ്ഞുവരുന്നില്ല എന്നതാണ് വസ്തുത. എല്ലാ മതങ്ങളും പൊതുവായി പങ്കുവെക്കുന്ന നിരവധി മൂല്യങ്ങളും ധര്‍മങ്ങളുമുണ്ട്. സഹിഷ്ണുത, പരസ്പര ബഹുമാനം, സാധുജന സംരക്ഷണം, ലൈംഗിക സദാചാരം, മദ്യ വിരോധം തുടങ്ങിയവ ഉദാഹരണങ്ങള്‍. ആശയപരവും സാംസ്‌കാരികവുമായ ഭിന്നതകള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഇത്തരം വിഷയങ്ങളില്‍ എല്ലാ മതങ്ങളുടെയും അനുയായികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനുതകുന്ന പരിപാടികള്‍ മതനേതാക്കള്‍ ഒരുമിച്ചിരുന്ന് ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. എങ്കിലേ നേതൃതലത്തില്‍ നടക്കുന്ന മതാന്തര സംവാദങ്ങള്‍ സാമാന്യ ജനങ്ങളില്‍ പ്രതിഫലിക്കൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍