Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

ദക്ഷിണയുടേത് അനുകരണീയ മാതൃക

ഷമീം അമാനി പ്രതികരണം

ക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെക്കുറിച്ച സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനങ്ങള്‍ ശ്രദ്ധേയവും അവസരോചിതവുമായി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മതപണ്ഡിത സംഘടനകളില്‍നിന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെയും പോഷക പ്രസ്ഥാനങ്ങളെയും വേറിട്ടുനിര്‍ത്തുന്ന ധാരാളം കാര്യങ്ങളുണ്ട്. പ്രസ്തുത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ഏതൊരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും അതിന് ബീജാവാപം നല്‍കിയവരുടെ നിഷ്‌കളങ്കതക്കും ആത്മാര്‍ഥതക്കും വലിയ പങ്കുണ്ട്. ദക്ഷിണയുടെ പൂര്‍വ നേതാക്കള്‍ ഉമ്മത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ചറിഞ്ഞ് അവരിലേക്കിറങ്ങി ചെന്ന് അവരുടെ നൊമ്പരങ്ങളും നിശ്വാസങ്ങളും ഏറ്റുവാങ്ങിയവരായിരുന്നു. ഉമ്മത്തിന്റെ പേരില്‍ പ്രസ്ഥാനങ്ങളുണ്ടാക്കുകയും അതിലൂടെ തങ്ങളുടെയും ആശ്രിതരുടെയും ജീവിത മാര്‍ഗം കണ്ടെത്തുകയും ചെയ്യുന്ന പണ്ഡിതരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍, റഈസുല്‍ ഉലമാ ശിഹാബുദ്ദീന്‍ മൗലവി ഉള്‍പ്പെടെയുള്ള ആദര്‍ശ ധീരരായ ഉലമാക്കള്‍ എത്രയോ ഉന്നതിയിലാണ്.
ഇന്ന് കേരളത്തില്‍ ധാരാളം പണ്ഡിത സംഘടനകള്‍ ഉണ്ട്. വിഘടിച്ചും വളര്‍ന്നും തളര്‍ന്നും ഭീഷണി മുഴക്കിയും പോരടിച്ചും ലജ്ജിപ്പിക്കുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ നടത്തിയും മുന്നോട്ടു പോകുന്നു അവ. ഇവ വളരുന്നത് ഉമ്മത്തിലെ സാധാരണക്കാരെ ചൂഷണം ചെയ്തും അഹ്‌ലുസ്സുന്നത്തിന്റെ പേരിലുമാണെന്നതാണ് വിരോധാഭാസം. എന്നാല്‍, നാളിതുവരെ പ്രഖ്യാപിത സുന്നീ ആശയത്തില്‍ വെള്ളം ചേര്‍ക്കുകയോ വെട്ടിച്ചുരുക്കുകയോ അവസരത്തിനൊത്ത് കളം മാറിച്ചവിട്ടുകയോ ഒന്നും ചെയ്തിട്ടില്ല ദക്ഷിണയുടെ പ്രവര്‍ത്തകര്‍.
കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിന്നിടക്ക് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കാലിക പ്രാധാന്യമുള്ള നൂറു കണക്കിന് പ്രമേയങ്ങളും ധീരമായ നിലപാടുകളും തീരുമാനങ്ങളും എടുത്തിട്ടുണ്ട്. കേരളത്തിലെ ഒരു സുന്നീ പണ്ഡിത സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒരു സവിശേഷത ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഈ നിലപാടുകളില്‍ ഒന്നു പോലും മാറ്റി പറയേണ്ടിവരികയോ തിരുത്തുകയോ ചെയ്യേണ്ടിവന്നിട്ടില്ല.
നിലപാടുകളില്ലാതെ അവസരവാദപരമായി ഉരുണ്ട് കളിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങളാണ് കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘടനാ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ചില വിഭാഗങ്ങളെ മുബ്തദിഉകളും കാഫിറുകളുമാക്കിയിട്ടുണ്ട് കേരളത്തിലെ ചില ഉലമാക്കള്‍. ഇങ്ങനെ താഴ്ത്തപ്പെട്ടവര്‍ വെറും നിസ്സാരന്മാരായിരുന്നോ? സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനത്തിരുന്നവരായിരുന്നില്ലേ അവരില്‍ പലരും? ആദ്യം വിലായത്ത് കൊടുത്ത് ആദരിക്കുകയും പിന്നീട്അവരെ തള്ളിപ്പറയേണ്ടിവരികയും ചെയ്യുന്ന ഗതികേട് ദക്ഷിണക്ക് നാളിതുവരെ വന്നിട്ടില്ല. വ്യക്തവും ഖണ്ഡിതവുമായ തെളിവിന്റെ അഭാവത്തില്‍ ആരെയും ദീനിന് പുറത്ത് നിര്‍ത്തിയിട്ടുമില്ല. ഇഫ്‌റാത്തിന്റെയും തഫ്‌രീത്തിന്റെയും (അനാവശ്യ പുകഴ്ത്തലും അനാവശ്യ ഇകഴ്ത്തലും) മാനദണ്ഡങ്ങളും മാര്‍ഗങ്ങളും മാറ്റിവെച്ച്, പരിശുദ്ധ ഖുര്‍ആന്‍ അനുശാസിച്ചതുപോലെ എന്നും മധ്യ നിലപാട് തന്നെയാണ് ദക്ഷിണ സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിലെ ഉലമാ സംഘടനകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ സൂഫികളും മുഹദ്ദിസുകളുമായ എത്രയോ ഉലമാക്കളെയും ദീനീ പ്രവര്‍ത്തകരെയുമാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ 'കാഫിര്‍' ആക്കിയിട്ടുള്ളത്; സ്വര്‍ഗവും നരകവും നേരത്തെ വീതം വെച്ച് കൊടുത്തത്.. ഇസ്‌ലാമിക ചിന്തകരെയും പ്രഭാഷകരെയും 'ബിദ്അത്തിന് വളമിടുന്നവര്‍' എന്നാക്ഷേപിച്ചത്. ഇങ്ങനെ ഹിദായത്തും ളലാലത്തും (സന്മാര്‍ഗവും വഴികേടും) നേരത്തെ പകുത്തു നല്‍കി സര്‍വശക്തനായ അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈകടത്തുകയും പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന നവ പണ്ഡിത ദര്‍ശനങ്ങളില്‍നിന്ന് ദക്ഷിണ എന്നും മുക്തമായിരുന്നു.
കമ്മിറ്റി ഭാരവാഹികളോ പൊതുജനങ്ങളോ അറിയാതെ മദ്‌റസാ ഉദ്യോഗസ്ഥനെ കൊണ്ട് വിദ്യാഭ്യാസ ബോര്‍ഡും മദ്‌റസാ സിലബസും മാറ്റിച്ചും പള്ളികളും മദ്‌റസകളും പിടിച്ചടക്കിയുമാണല്ലോ കേരളത്തിലെ ചില പ്രദേശങ്ങളില്‍ 'സുന്നീ പ്രവര്‍ത്തനം' അരങ്ങ് തകര്‍ക്കുന്നത്. സ്വയം തയാറായി മുന്നോട്ട് വരുന്ന മദ്‌റസയല്ലാതെ ഒരു മദ്‌റസയെങ്കിലും ദക്ഷിണ 'പിടിച്ചെടുത്തതായി' കണ്ടിട്ടുണ്ടോ? ദക്ഷിണ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. സാമുദായിക അനൈക്യങ്ങള്‍ ഇല്ലാതാക്കി ഉമ്മത്തിനെ ഐക്യപ്പെടുത്താനാണ് അത് എന്നും ശ്രമിച്ചിട്ടുള്ളത്. വിഭാഗീയതയും സ്പര്‍ധയും അത് നിരാകരിക്കുന്നു. ജമാഅത്തുകളില്‍ അനൈക്യമുണ്ടാക്കി തമ്മിലടിപ്പിച്ച് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രീതിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്കില്ല. റാത്തീബ് സംഘങ്ങളും ദിക്ര്‍ വാര്‍ഷികവും ഖുത്ത്ബിയ്യത്ത് ജാഥയും സ്വലാത്ത് റാലിയും നടത്തി അതിലൂടെ ആള്‍ക്കാരെ വല വീശിപ്പിടിച്ച് യൂനിറ്റുകള്‍ ഉണ്ടാക്കേണ്ട ഗതികേടും ദക്ഷിണക്ക് ഇതുവരെ വന്നിട്ടില്ല.
സംഘടനാ വഴക്കിന്റെയും ഗ്രൂപ്പ് പോരിന്റെയും അവകാശത്തര്‍ക്കത്തിന്റെയും പേരില്‍ കേസുകള്‍ ഉണ്ടാക്കുകയും മറ്റും ചെയ്തതിന്റെ പേരില്‍ എത്ര പള്ളികളും മദ്‌റസകളുമാണ് കേരളത്തില്‍ പൂട്ടിപ്പോയത്! ഇതിന്റെയൊക്കെ പിന്നില്‍ ഒരു ദക്ഷിണക്കാരനെങ്കിലും ഉണ്ടോ? അതിന് പിന്നിലെല്ലാം വലിയ ആദര്‍ശം പറയുന്നവരും 'സുന്നികള്‍' എന്ന് സ്വയം അവകാശപ്പെടുന്നവരും പരാമ്പര്യവാദം സ്ഥിരമായി നടത്തുന്നവരും തന്നെയാണെന്ന് കേരളം എന്നേ തിരിച്ചറിഞ്ഞതാണ്.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് വേറിട്ട ഒരു രാഷ്ട്രീയമില്ല. രാഷ്ട്രീയത്തെ അത് നിരാകരിക്കുന്നുമില്ല. ഓരോ പ്രവര്‍ത്തകനും അവന്‍ ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയക്കാരുടെ വാലാട്ടികളായി ഇതുവരെ പോയിട്ടില്ല. സമുദായ നന്മയുടെയും വൈജ്ഞാനിക സാംസ്‌കാരിക പ്രവര്‍ത്തന കൂട്ടായ്മയുടെയും ഭാഗമായി മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും സമീപിച്ചിരിക്കാം. എന്നാല്‍, അവരുടെ റബര്‍ സ്റ്റാമ്പായി ദക്ഷിണ ഇതുവരെ മാറിയിട്ടില്ല. ദക്ഷിണക്ക് അജണ്ട നിശ്ചയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ ചിഹ്നവും ഇതിനകത്ത് സ്വാധീനം ചെലുത്തിയിട്ടുമില്ല.
മുസ്‌ലിം ഉമ്മത്ത് വലിയ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് അവരെ ഐക്യപ്പെടുത്താനും ഭിന്നതകള്‍ പറഞ്ഞൊതുക്കി അവരെ നേരായ മാര്‍ഗത്തിലെത്തിക്കാനുമാണ് സമുദായ നേതാക്കള്‍ പരിശ്രമിക്കേണ്ടത് എന്നതാണ് ദക്ഷിണയുടെ നയവും ആഹ്വാനവും. എന്നാലിന്ന് കേരളത്തില്‍ എന്താണ് നടക്കുന്നത്? ഒരേ പേരില്‍ പല സംഘടനകള്‍, അതേ പേരില്‍ തന്നെ പല സമ്മേളനങ്ങള്‍. പണ്ഡിത സംഘടനകള്‍ തമ്മില്‍ തല്ലിയും കലഹിച്ചും പോര്‍ വിളിച്ചും വാദപ്രതിവാദങ്ങള്‍ നടത്തിയും നമസ്‌കരിക്കുന്നവരുടെ കണ്ണില്‍ മുളകു പൊടി വിതറിയും സ്ഥാപനങ്ങള്‍ പിടിച്ചടക്കിയും കണ്ണില്‍ കണ്ടവരെയൊക്കെ മുബ്തദിഉകളാക്കിയും ആള്‍ദൈവ സംസ്‌കാരം പ്രചരിപ്പിച്ചും, മുഷിഞ്ഞ് നടക്കുന്നവരെ മൊത്തം 'വലിയ്യുകളാ'ക്കിയും 'സുന്നീ പ്രവര്‍ത്തനം' അരങ്ങ് തകര്‍ക്കുകയാണ്. ഇതിനൊക്കെ ആരാണിവര്‍ക്ക് മാതൃക?
അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സര്‍വ വ്യാപകമാകുമ്പോള്‍, പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് ദക്ഷിണ അതേറ്റെടുക്കുകയോ സത്യത്തെ നിരാകരിക്കുകയോ ചെയ്തിട്ടില്ല. കള്ള സൂഫികളും വ്യാജസിദ്ധന്മാരും നിറഞ്ഞാടി ത്വരീഖത്തുകളുടെയും ഇല്ലാത്ത കറാമത്തുകളുടെയും മായാ ലോകം സൃഷ്ടിക്കുമ്പോള്‍ അവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നതാരാണ്? ഈ വ്യാജന്മാരെ കൊണ്ടു നടന്ന്, അവസാനം ബിദ്അത്തിന്റെയും വ്യാജ സൂഫിസത്തിന്റെയും പേരില്‍ അവരെ തള്ളിപ്പറയേണ്ട അവസ്ഥ നാളിതുവരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഉണ്ടായിട്ടില്ല. അതുപോലെ അനാവശ്യമായ വാദപ്രതിവാദങ്ങളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ച് അണികളെ കൊണ്ട് തക്ബീര്‍ വിളിപ്പിക്കാനും മറ്റുള്ളവരെ കൂക്കിവിളിച്ച് പരിഹസിക്കാനും ഇന്നേവരെ നിര്‍ദേശം കൊടുത്തിട്ടുമില്ല.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍