Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

ഈ കള്ളങ്ങളെല്ലാം ചരിത്രമാണെന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്?

അഭിമുഖം ഡോ. എം.എസ് ജയപ്രകാശ് / സദ്‌റുദ്ദീന്‍ വാഴക്കാട്

രിത്ര വിശകലനത്തിലും സാമൂഹിക വിമര്‍ശനത്തിലും വ്യതിരിക്തമായ വഴി തെരഞ്ഞെടുത്ത ഗവേഷകനും എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമാണ് ഡോ. എം.എസ് ജയപ്രകാശ്. തീ പാറുന്ന ചിന്തകളും മര്‍മസ്പര്‍ശിയായ വാക്പ്രയോഗങ്ങളും ചടുലമായ ഇടപെടലുകളും വഴി, പ്രഛന്നമായ സാമൂഹിക അധികാര കേന്ദ്രങ്ങളെ അദ്ദേഹം നിരന്തരം അലോസരപ്പെടുത്തുന്നു. കേരള ചരിത്രത്തിലെ മറച്ചുവെക്കപ്പെട്ട അധ്യായങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും പ്രചരിത ചരിത്രകഥകളുടെ പുനര്‍വായനയിലും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച അദ്ദേഹം ഈ രംഗത്ത് പുതിയ തലമുറയിലെ ചരിത്രാന്വേഷകര്‍ക്ക് വഴികാട്ടിയാണ്.
തിരുവനന്തപുരം ജില്ലയിലെ ജഗതിയില്‍ 1950-ല്‍ ജനിച്ച എം.എസ് ജയപ്രകാശ്, അഞ്ചാം ക്ലാസ് വരെ പഠിച്ചത് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ്. അക്കാലത്ത് അവിടെ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികളെയും പഠിപ്പിക്കുമായിരുന്നു. എസ്.എം.വി ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. തൈക്കാട് ഇന്റര്‍മീഡിയറ്റ് കോളേജില്‍നിന്ന് (ഇന്ന് തിരുവന്തപുരം ഗവ: ആര്‍ട്‌സ് കോളേജ്) പ്രീഡിഗ്രി പാസായ ശേഷം യൂനിവേഴ്‌സിറ്റി കോളേജില്‍നിന്ന് സെക്കന്റ് ക്ലാസോടെ ഡിഗ്രി പൂര്‍ത്തിയാക്കി. അവിടെത്തന്നെ പി.ജിക്ക് പഠിച്ചു. തിരുവനന്തപുരം ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി.എഡ് എടുത്തു. 1979-ല്‍, പി.എസ്.സി വഴി തൃശൂര്‍ ജില്ലയിലെ വെറ്റിലപ്പാറ ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായി നിയമനം ലഭിച്ചു. 1980-ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ചരിത്ര വിഭാഗം അധ്യാപകനായി. 2005-ല്‍ ചരിത്ര വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്തു. കേരള സര്‍വകലാശാലയില്‍ നിന്നാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്.
മാധ്യമം, തേജസ്, കേരള ശബ്ദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതുന്ന എം.എസ് ജയപ്രകാശിന്റെ A Study of Ezhavas in Kerala, The History of Nivarthan Agitation, ശ്രീനാരായണനും സാംസ്‌കാരിക വിപ്ലവവും, ഈഴവ ശിവന്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ വിത്ത്, മതേതര ഭാരതവും ഗുരുദര്‍ശനവും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചരിത്രത്തെ സവിശേഷമായി പഠിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കള്‍. എങ്ങനെ ഒരു ചരിത്രകാരനായി? എന്തൊക്കെയാണ് താങ്കളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഘടകങ്ങള്‍?
'തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധം-സി. കേശവനെ പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ട്' (Social Protest in Travencor with special reference to C. Keshavan) എന്നതായിരുന്നു പി.എച്ച്.ഡിക്ക് ഞാന്‍ തെരഞ്ഞെടുത്ത വിഷയം. പിന്നാക്ക ജനതയുടെ സാമൂഹിക മുന്നേറ്റത്തില്‍ പ്രധാന പങ്കുവഹിച്ച 'നിവര്‍ത്തന പ്രക്ഷോഭ'മായിരുന്നു യഥാര്‍ഥത്തില്‍ അതുകൊണ്ടുദ്ദേശിച്ചത്. 'നിവര്‍ത്തന പ്രക്ഷോഭ'ത്തിന്റെ പ്രമുഖ നേതാവായിരുന്നല്ലോ സി. കേശവന്‍. നിവര്‍ത്തന പ്രക്ഷോഭത്തിന്റെയും സമാന സംഭവങ്ങളുടെയും ചരിത്രമൊന്നും പലരും ശരിയായ വിധത്തില്‍ പഠിക്കാന്‍ ശ്രമിക്കാറില്ല. അവര്‍ണരില്‍നിന്ന് തലക്കരവും മുലക്കരവും വാങ്ങിയിരുന്ന മാര്‍ത്താണ്ഡവര്‍മയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയുമൊക്കെ ചരിത്രമാണ് പൊതുവെ പഠനവിധേയമാക്കാറുള്ളത്. അതൊക്കെയാണ് സുവര്‍ണകാലം എന്നാണവരുടെ ബോധ്യവും പ്രചാരണവും. ഇത്തരം ചരിത്ര വായനകളെ നാം പുനരവലോകനം ചെയ്യണം.
പി.എച്ച്.ഡിക്ക് വേണ്ടിയുള്ള പഠനം മുന്നോട്ടുപോയപ്പോഴാണ് ഞാന്‍ ജനിച്ചുവീണ സമുദായത്തിന്റെ യഥാര്‍ഥ ചരിത്രം ശരിക്കും മനസ്സിനെ മഥിക്കുംവിധം ചുരുളഴിഞ്ഞു മുന്നില്‍വന്നത്. സാമൂഹിക അസ്പൃശ്യതയുടെയും അയിത്താചരണത്തിന്റെയുമൊക്കെ ചരിത്രം പറഞ്ഞു കേട്ടിരുന്നുവെങ്കിലും അതിന്റെ ആഴവും പരപ്പും വേണ്ടത്ര അറിയില്ലായിരുന്നു. എന്റെ കോളേജ് അധ്യാപന കാലത്ത് സാമൂഹിക ഉച്ചനീചത്വങ്ങളുടെ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തീവ്രമായ ഗതകാല അനുഭവങ്ങള്‍ 'തിരുവിതാംകൂറിലെ സാമൂഹിക പ്രതിരോധ'ത്തെക്കുറിച്ച പഠനത്തില്‍ കൂടുതല്‍ തെളിഞ്ഞുവന്നു. സി. കേശവന്‍, സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരു, കുമാരനാശാന്‍ തുടങ്ങിയവരുടെ ചരിത്രം എന്നെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തു. പി.എച്ച്.ഡി തീസീസ് തയാറാക്കിക്കഴിഞ്ഞുവെങ്കിലും ഇവ്വിഷയകമായുള്ള പഠനം അവസാനിപ്പിക്കാന്‍ എനിക്കു മനസ്സുവന്നില്ല. കൂടുതല്‍ വിശാലതയോടെയും വ്യക്തതയോടെയും സാധ്യമാകുന്നത്ര തെളിവുകളും വസ്തുതകളും മുമ്പില്‍വെച്ചു ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനായി പിന്നീട് എന്റെ ശ്രമം. അത് പ്രചരിത ചരിത്രത്തിന്റെ ഒരു മറുവായനയായി രൂപപ്പെടുകയായിരുന്നു.

എന്താണ് താങ്കളുദ്ദേശിക്കുന്ന ചരിത്രത്തിന്റെ മറുവായന. അതിന്റെ പ്രസക്തിയെന്താണ്?
താങ്കള്‍ പറയൂ, എന്താണ് നമ്മുടെ യഥാര്‍ഥ ചരിത്രം? 'നമ്മുടെ' എന്ന വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്. ഈഴവരും പട്ടികജാതി-പട്ടികവര്‍ഗക്കാരും ഇവരില്‍നിന്ന് പരിവര്‍ത്തനം ചെയ്ത മുസ്‌ലിംകളും ക്രൈസ്തവരുമൊക്കെ ഉള്‍ക്കൊള്ളുന്നവരാണ് 'നമ്മള്‍.' യഥാര്‍ഥത്തില്‍ നാം ഒരേ രക്തമുള്ള സഹോദരങ്ങള്‍ (Blood Brothers) ആണ്. ഇതാണ് ഇവിടത്തെ ജനതയുടെ ശരിയായ പൈതൃകം. പക്ഷേ, അധിനിവേശ-മേധാവിത്വ താല്‍പര്യമുള്ളവര്‍ അതിനുപയുക്തമായ ഒരു സിസ്റ്റം കൊണ്ടുവന്ന് നമ്മെ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കുകയാണുണ്ടായത്. അപ്പോള്‍ നമ്മുടെ യഥാര്‍ഥ ചരിത്രം ഒന്ന് അറിയേണ്ടതുണ്ട്. അത്, പാഠപുസ്തകങ്ങളിലോ മുഖ്യധാരാ ചരിത്ര രചനയിലോ ഒന്നും വരില്ലല്ലോ. അതിലെല്ലാം നാം കേട്ടതും പഠിച്ചതും, രാജാക്കന്മാരെയും തമ്പുരാക്കന്മാരെയും വാഴ്ത്തുന്നതും അവരെയൊക്കെ വലിയ ജനാധിപത്യ സ്‌നേഹികളാക്കി അവതരിപ്പിക്കുന്നതുമാണ്.
കേരള നിയമസഭയുടെ 125-ാം വാര്‍ഷികം എന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശ്രദ്ധിക്കുക. 1888-ല്‍ കേരള നിയമസഭ ഉണ്ടാക്കിയെന്നും അതിന് 2013-ല്‍ 125 വര്‍ഷം തികഞ്ഞുവെന്നുമാണ് പ്രചാരണം. 1888-ല്‍ ഇവിടെ ഇന്നത്തെ കേരളമുണ്ടോ? ഇന്ന് കാണുന്ന കേരളം തന്നെ അന്നില്ലല്ലോ. തിരുവിതാംകൂറാണ് അന്നത്തെ ഒരു രാജഭരണ പ്രദേശം. അവിടെയാണ് 1888-ല്‍ പ്രജാസഭ വന്നത്. കൊച്ചി മറ്റൊരു സ്വതന്ത്ര സംസ്ഥാനം, അല്ലെങ്കില്‍ നാട്ടുരാജ്യമാണ് അന്ന്. 1918 ലാണ് കൊച്ചി സ്റ്റേറ്റില്‍ പ്രജാസഭയുണ്ടാകുന്നത്. മലബാര്‍ അന്ന് മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമാണ്. പിന്നെ, ഏതു കേരളത്തെക്കുറിച്ചാണ്, ഏതു നിയമസഭയെക്കുറിച്ചാണ് ഇവര്‍ പറയുന്നത്? ചരിത്രമറിയാത്ത രാഷ്ട്രീയക്കാരും മന്ത്രിമാരും മറ്റും ഇപ്പോഴും തിരുവിതാംകൂര്‍ 'ഭരിക്കുന്ന' മേല്‍ത്തട്ടുകാര്‍ എഴുതിക്കൊടുക്കുന്നത് പ്രസംഗിക്കുകയാണ്. അന്നത്തെ ഭരണാധികാരികള്‍ ജനങ്ങളെ തൊടുമായിരുന്നില്ല എന്ന കാര്യം മറന്നു പോയോ? അത്തരമൊരു ഭരണാധികാരി ജന പ്രതിനിധികളെ വിളിച്ച് ജനകീയ സഭയുണ്ടാക്കിയെന്ന് പറയുന്നതിലെ വിരോധാഭാസത്തെക്കുറിച്ച് ചിന്തിക്കണം. 1888-ല്‍ ജനകീയ സഭയുണ്ടാക്കിയെന്നു പറയുന്നവര്‍, 1924-ലെ വൈക്കം സത്യാഗ്രഹം ഓര്‍ക്കണം. എന്തിനായിരുന്നു അന്ന് വൈക്കത്ത് സത്യാഗ്രഹം നടത്തിയത്? ക്ഷേത്രത്തിനടുത്തുള്ള വഴിയിലൂടെ മൃഗങ്ങള്‍ക്ക് നടക്കാമായിരുന്നു, പക്ഷേ ഈഴവര്‍ക്കും മറ്റും അങ്ങോട്ട് പ്രവേശനം നിഷേധിക്കപ്പെട്ടു. അവര്‍ താഴ്ന്ന ജാതിക്കാരായിരുന്നു, തൊടാന്‍ പാടില്ലാത്തവരായിരുന്നു! അവര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു ആ സമരം. 1936-ലാണ് ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നത്. എന്നിട്ട് ഇപ്പോള്‍ ചിലര്‍ പറയുന്നു, 1888-ല്‍ 'തമ്പുരാന്‍' ജനകീയ സഭയുണ്ടാക്കിയെന്ന്? ഏതു ജനങ്ങളുടെ സഭയെക്കുറിച്ചാണ് ഇവര്‍ പറയുന്നത്!
മറ്റൊരു ചരിത്ര സംഭവം നാം ഓര്‍ക്കേണ്ടതുണ്ട്. നിയമസഭ സ്ഥാപിച്ചുവെന്ന് ഇവര്‍ പറയുന്ന അതേ 1888-ല്‍ ഫെബ്രുവരി 14-നാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത്. അതൊരു വെല്ലുവിളിയും സമരവുമായിരുന്നു. ഒരു ദൈവത്തെ പ്രതിഷ്ഠിക്കുക എന്നതായിരുന്നില്ല ഗുരുവിന്റെ അടിസ്ഥാന ഉദ്ദേശ്യം. ബ്രാഹ്മണിക്കല്‍ ഓര്‍ഡറിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തുകയും അതിനെതിരായി ജനങ്ങളെ ആകര്‍ഷിച്ചു നിര്‍ത്തുകയുമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഒരു പ്രതിഷ്ഠയിലും വിഗ്രഹത്തിലും ഗുരുവിന് വിശ്വാസമുണ്ടായിരുന്നില്ല. ഗുരു തന്നെ പറഞ്ഞിട്ടുണ്ട്; ''ഇരുട്ടടച്ച, വാവലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങള്‍ കൊണ്ടെന്താണ് പ്രയോജനം? ഇനി നമുക്ക് വേണ്ടത് വിദ്യാലയങ്ങളും വ്യവസായശാലകളുമാണ്.'' ഇതായിരുന്നു നാരായണഗുരുവിന്റെ സമീപനവും ലക്ഷ്യവും. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയ ശേഷം ഗുരു അവിടെ ഇങ്ങനെ എഴുതിവെച്ചു; 'ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.' ഇതായിരുന്നു ഗുരുവിന്റെ സ്വപ്നം. അസ്പൃശ്യതയുടെ അടിവേരറുത്ത് മനുഷ്യര്‍ക്കിടയിലെ വിവേചനം അവസാനിപ്പിക്കാനായിരുന്നു ഗുരു ശ്രമിച്ചത്. വിഗ്രഹ പ്രതിഷ്ഠയിലൂടെ വിഗ്രഹഭഞ്ജനമാണ് അദ്ദേഹം നടത്തിയത്. പഴയ വിശ്വാസങ്ങളാകുന്ന പ്രതിഷ്ഠകളെ അദ്ദേഹം തകര്‍ത്തു.
ഇതിന്റെ മറ്റൊരു മുഖമായിരുന്നു പ്രജാസഭ. 1888-ല്‍ തിരുവിതാംകൂറില്‍ പ്രജാസഭയുണ്ടാക്കിയത് ബ്രിട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങിയും അവരുടെ നിയമ പ്രകാരവുമായിരുന്നു. ഉച്ചനീചത്വം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവന്റെ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു അത്. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്നില്ല, ബ്രിട്ടീഷ് ഗവണ്‍മെന്റായിരുന്നു അതിന് നിര്‍ബന്ധം ചെലുത്തിയത്. രാജാക്കന്മാര്‍ അതിന് വഴങ്ങേണ്ടി വരികയായിരുന്നു. ഇടക്ക് വെച്ച് സഭ നിര്‍ത്തലാക്കാനും സവര്‍ണ കേന്ദ്രങ്ങള്‍ തീരുമാനിച്ചിരുന്നു. 1919-ലായിരുന്നു ഇത്. അന്ന് നിയമസഭാ അംഗമായിരുന്ന കുമാരാനാശാന്‍ അദ്ദേഹത്തിന്റെ വിവേകോദയം മാസികയില്‍ ഇതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിരുന്നു. റഷ്യയിലെ ഡ്യൂമ എന്ന പാര്‍ലമെന്റിനെ പിരിച്ചുവിട്ട സാര്‍ ചക്രവര്‍ത്തിമാരുടെ അനുഭവമായിരിക്കും തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്കുണ്ടാവുക എന്നായിരുന്നു അദ്ദേഹം നല്‍കിയ താക്കീത്. ബ്രിട്ടനില്‍ ജനാധിപത്യ പ്രക്രിയ മുമ്പോട്ടുപോയതിന്റെ കൂടി പ്രതിഫലനമായിരുന്നു അത്. ഗ്ലോറിയസ് റവല്യൂഷനോടു കൂടി ബ്രിട്ടനില്‍ രാജാവിനെ ഓടിച്ചു. പിന്നെ, പാര്‍ലമെന്ററി ജനാധിപത്യം വന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെട്ടു. ഭൂരിപക്ഷ കക്ഷി ഭരിക്കുകയും പ്രധാനമന്ത്രിയും മന്ത്രിമാരും അധികാരം കൈയാളുകയുമൊക്കെ ചെയ്തു. ഇതിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലാണ്, ഇന്ത്യയിലും അതിന്റെ പ്രതിഫലനമുണ്ടായത്. ബ്രിട്ടന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും ബ്രിട്ടനിലുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഇവിടുത്തെ പിന്നാക്ക ജനവിഭാഗങ്ങളാകട്ടെ ജനാധിപത്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും ബ്രിട്ടീഷ് അധികാരികള്‍ക്ക് പരാതി നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ്, ബ്രിട്ടീഷ് ഗവണ്‍മെന്റ് അവരുടെ രാജ്യത്തെടുത്ത തീരുമാനപ്രകാരം, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ 'ജനങ്ങളുടെ ആവലാതി കേള്‍ക്കാന്‍' ജനകീയസഭ ഉണ്ടാകണം എന്ന് തീരുമാനിച്ചത്. അതിന്റെ നേട്ടം പിന്നാക്ക ജനതക്ക് കിട്ടിയിട്ടുമുണ്ട്.
ശ്രീനാരായണഗുരുവിനെ കാണാന്‍ ഗാന്ധിജി ശിവഗിരിയില്‍ വന്നപ്പോള്‍ ഇക്കാര്യം ഗുരു അദ്ദേഹത്തോട് പറയുകയുണ്ടായി. ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'സ്വാതന്ത്ര്യം കിട്ടുന്നത് കൊള്ളാം. പക്ഷേ നമുക്ക് വേണ്ടത് സാമൂഹിക സ്വാതന്ത്ര്യവും സമത്വവുമൊക്കെയാണല്ലോ. ബ്രിട്ടീഷുകാരെ അധിക്ഷേപിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അവര്‍ നമ്മുടെ ഗുരുക്കന്മാരാണ്. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്'- ഗുരു പറഞ്ഞിട്ടുണ്ട്. ഗാന്ധിജിക്ക് ഗുരു നല്‍കിയ നല്ല മറുപടിയായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണത്തില്‍ ലഭിച്ച സാമൂഹിക സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു ഈ പ്രസ്താവന. തിരുവിതാംകൂര്‍ അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു. അതുകൊണ്ടാണ് ഗുരുവിന് സന്യസിക്കാന്‍ സാധിച്ചത്, അല്ലെങ്കില്‍ 'ഭാരതീയ വ്യവസ്ഥ'യനുസരിച്ച് ചണ്ഡാലനായ ഈഴവന്‍ തപസ്സനുഷ്ഠിച്ചാല്‍ തല പോകും. രാമായണത്തിലെ ശംഭുകന്റെ തല ഓര്‍മയുണ്ടല്ലോ! എന്നാല്‍ ഗുരുവിന്റെ ഈ നിലപാടിനെ ബ്രിട്ടീഷ് ഭരണത്തോടുള്ള യോജിപ്പായി ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. ശുദ്ധ വിവരക്കേടാണത്. നിലനിന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയോടുള്ള വിരോധം പ്രകടിപ്പിക്കുകയായിരുന്നു ഗുരു. മാത്രമല്ല, വിദേശ ആധിപത്യം കൊണ്ട് ഏറ്റവുമധികം അടി കിട്ടിയത് ഇവിടത്തെ ഉപരിവര്‍ഗത്തിനാണ്. ഇസ്‌ലാമിന്റെ കടന്നുവരവ് ഏറ്റവും പ്രതികൂലമായി ബാധിച്ചിട്ടുള്ളതും സാമൂഹിക ഉച്ചനീചത്വങ്ങളെ താലോലിച്ച 'മേല്‍തട്ടുകാര'നെ തന്നെയാണ്. ടിപ്പു സുല്‍ത്താന്‍ ഇതിന്റെ ഏറ്റവും മികച്ച മാതൃകയാണ്. ഫ്രഞ്ച് വിപ്ലവത്തിന് സമാനമായ വിപ്ലവമായിരുന്നു ഇവിടെ ടിപ്പു സുല്‍ത്താന്‍ സാധിച്ചത്. അതിലേക്ക് നാം വഴിയെ വരുന്നുണ്ട്.

'മുഖ്യധാരാ ചരിത്രം' എന്ന് പലരും വിശേഷിപ്പിക്കാറുള്ള നമ്മുടെ പരമ്പരാഗത ചരിത്ര രചനയുടെ പിമിതികള്‍ എന്തൊക്കെയാണ്? എങ്ങനെയാണ് നമ്മുടെ ഗതകാല യാഥാര്‍ഥ്യങ്ങളെ 'അംഗീകൃത'ചരിത്രകാരന്മാര്‍ കീഴ്‌മേല്‍ മറിച്ചത്?
നിലവിലുള്ള ചരിത്രത്തില്‍ ഏറിയ പങ്കും സത്യമല്ല. ഒന്നിച്ചു നില്‍ക്കേണ്ട ജനതയെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി തയാറാക്കിയിട്ടുള്ളതാണ് നമ്മുടെ കൈയിലുള്ള ചരിത്രം. ഉപരിവര്‍ഗ ചരിത്രമാണ് നാം വായിക്കുന്നതും പഠിക്കുന്നതും. വേട്ടക്കാര്‍ അവരുടെ ചരിത്രമെഴുതി ഇരകളെ പഠിപ്പിക്കുകയാണ്. കൂടുതല്‍ സൗകര്യമുള്ള ഇരകളായിരിക്കണം നാം എന്ന് അവര്‍ തീരുമാനിച്ചു. എപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്ന, ഉപകരണമാക്കാന്‍ കഴിയുന്നവരാകണം ഇരകള്‍. ഇത് ഇന്നും തുടരുകയാണ്. ചരിത്രം പഠിപ്പിക്കുമ്പോള്‍ എനിക്ക് വലിയ അസ്വസ്ഥതയുണ്ടായിരുന്നു. യൂനിവേഴ്‌സിറ്റി തരുന്ന സിലബസല്ലേ നമുക്ക് പഠിപ്പിക്കാന്‍ പറ്റൂ. പക്ഷേ, അതു മുഴുവന്‍ കള്ളമാണ്, ഫ്രോഡാണ്. ഇവിടത്തെ യാഥാസ്ഥിതിക കേന്ദ്രങ്ങളെ, മനുഷ്യരെ നൂറ്റാണ്ടുകളോളം അടിമകളാക്കി വെച്ചവരെ മഹത്വവല്‍ക്കരിക്കുന്നതാണ്. 'ധര്‍മരാജ്യവും സുവര്‍ണകാലവും' അവര്‍ക്ക് പതിച്ചുകൊടുക്കുന്നു. മറ്റുള്ളവര്‍, അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അസ്പൃശ്യരാകാന്‍ വിധിക്കപ്പെട്ടവര്‍! യാഥാര്‍ഥത്തില്‍ അധഃകൃതരായി മുദ്രകുത്തപ്പെട്ടവര്‍ സ്വതന്ത്ര ജനതകളായിരുന്നു. പിന്നെ അവര്‍ അടിച്ചു താഴ്ത്തപ്പെട്ടതാണ്. 900 വര്‍ഷവും അതിലധികവുമൊക്കെ അടിമകളായി ജീവിച്ച ജനതക്ക് എങ്ങനെയാണ് സ്വത്വബോധമുണ്ടാവുക. അപ്പോള്‍, ആ സ്വത്വബോധമാണ് നാം തിരിച്ചുപിടിക്കേണ്ടത്.

ചരിത്രപരമായി വീക്ഷിക്കുമ്പോള്‍, 'മുഖ്യധാര'യില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട, പിന്നാക്ക മുദ്ര പതിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന മൗലിക പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
ചരിത്രബോധവും സ്വത്വബോധവുമില്ല എന്നതാണ് നാം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്. നാം ആരാണെന്ന് നമുക്കു തന്നെ അറിയില്ല. നമ്മുടെ മഹത്തായ ചരിത്ര പൈതൃകങ്ങളെക്കുറിച്ചും നമുക്ക് ബോധമില്ല. നമ്മെക്കുറിച്ച് മറ്റാരൊക്കെയോ പറയുന്നതാണ് നമ്മളും നമ്മെക്കുറിച്ച് മനസ്സിലാക്കി വെച്ചിട്ടുള്ളത്. സ്വത്വബോധം ഒട്ടും ഇല്ലാത്തവരായിത്തീര്‍ന്നു ദീര്‍ഘകാലം നാം. ഒരു ഉദാഹരണം ഞാന്‍ പറയാം. ചെത്ത് ആണ് ഈഴവരുടെ കുലത്തൊഴില്‍ എന്നാണ് പൊതുവെ പറയാറുള്ളത്. ഈ വിഷയകമായി 1980-ല്‍ ഞാനൊരു പുസ്തകമെഴുതി; 'ഈഴവരുടെ കുലത്തൊഴിലുകള്‍.' ഈഴവരെക്കുറിച്ച് പറയുകയെന്നതു തന്നെ മോശം കാര്യമായിരുന്നു അന്നൊക്കെ. 'എ സ്റ്റഡി ഓഫ് നായേഴ്‌സ്' എന്നു പറഞ്ഞാല്‍ കുഴപ്പമില്ല. അപ്പോഴാണ് ഞാന്‍ ഈഴവരുടെ കുലത്തൊഴിലുകളെപറ്റി പുസ്തകമെഴുതുന്നത്. അതിന്റെ തലക്കെട്ടിലെ ബഹുവചന പ്രയോഗം-കുലത്തൊഴിലുകള്‍-പ്രത്യേകം ശ്രദ്ധിക്കണം. ഈഴവര്‍ക്ക് 'ചെത്ത്' എന്ന ഒറ്റ തൊഴിലേ ഉള്ളൂ എന്നാണ് അതുവരെ പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്? ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുന്ന ഈഴവരില്‍ ഏറ്റവും നല്ല കൃഷിക്കാരും വ്യാപാരികളും വൈദ്യവിദഗ്ധരുമുണ്ടായിരുന്നു. ചികിത്സാ രംഗത്ത് കഴിവു തെളിയിച്ച വൈദ്യന്മാര്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് ഈഴവരിലാണ്. ബുദ്ധമത പാരമ്പര്യത്തിലൂടെ വന്നതാണത്. വൈദ്യം എന്നതുതന്നെ ബുദ്ധിസ്റ്റ് പാരമ്പര്യമാണ്. നെയ്ത്ത് ഈഴവരുടെ മാത്രം തൊഴിലായിരുന്നു. അതുകൊണ്ട് അവരെ 'ചിലന്തികള്‍' എന്ന് സവര്‍ണര്‍ ആക്ഷേപിച്ചിരുന്നു. പ്രകൃതിയിലെ നല്ല നെയ്ത്തുകാരാണല്ലോ ചിലന്തികള്‍. മറ്റുള്ളവര്‍ നെയ്താല്‍ ചിലന്തിയായിപ്പോകും! ഈ നെയ്ത്തു പാരമ്പര്യമാണ് പിന്നീട് മുസ്‌ലിംകള്‍ക്ക് കിട്ടിയത്. ഈഴവര്‍ പരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളായതുവഴിയാണിത് സംഭവിച്ചത്. ആര്യന്മാര്‍ കടന്നുവന്ന് മഹത്തായ ബുദ്ധമത സംസ്‌കാരത്തെ തകര്‍ക്കുകയായിരുന്നു. ഇന്ത്യയിലെ മെഡിക്കല്‍ സയന്‍സിനെ ഏതാണ്ട് പൂര്‍ണമായും ആര്യാധിനിവേശം തകര്‍ത്തു കളഞ്ഞു. തുടര്‍ന്ന്, ബ്രാഹ്മണ ആധിപത്യം വന്നതോടെയാണ് ഈഴവരും മറ്റും തൊട്ടുകൂടാത്തവരായി മാറിയത്.
മധ്യകാലഘട്ടത്തില്‍ ക്രിസ്ത്യാനിറ്റി ചെയ്തതാണ് ഇന്ത്യയില്‍ ആര്യ-ബ്രാഹ്മണ ആധിപത്യവും ചെയ്തത്. ഗ്രീസിലും റോമിലും വളര്‍ന്നുവന്ന ശാസ്ത്ര-വൈജ്ഞാനിക-നാഗരികതകളെ ക്രൈസ്തവ സഭയുടെ തന്നെ ആഹ്വാനത്തോടെയും ആശീര്‍വാദത്തോടെയും ഒരു ഘട്ടത്തില്‍ തകര്‍ത്തുകളഞ്ഞു. അക്കാലത്ത് ആ വൈജ്ഞാനിക പാരമ്പര്യത്തിന്റെ സംരക്ഷകരായി രംഗത്തുവന്നത് അറബ്-മുസ്‌ലിംകളാണ്. പിന്നീട്, വിജ്ഞാനവും ശാസ്ത്രവും വളര്‍ന്നതും മുസ്‌ലിംകളുടെ കൈകളിലൂടെയാണ്. യൂറോപ്പില്‍ സഭ ചെയ്തതു തന്നെയാണ് ഇവിടെ സവര്‍ണര്‍ ചെയ്തത്. ഇന്ത്യയിലും കേരളത്തിലുമൊക്കെ ബുദ്ധപാരമ്പര്യത്തെ തകര്‍ത്തതിന്റെ സാമൂഹിക പ്രത്യാഘാതം വളരെ വലുതായിരുന്നു. ആ തകര്‍ച്ചക്കുമുമ്പ് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുണ്ടായിരുന്ന നമ്മുടെയൊക്കെ പൂര്‍വികര്‍ അതോടെ അസ്പൃശ്യരായി മാറ്റപ്പെടുകയായിരുന്നു. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അതില്‍നിന്ന് മോചനം നേടാനുള്ള മുന്നേറ്റങ്ങള്‍ ഉണ്ടായത്.
പില്‍ക്കാലത്ത് അധഃകൃതരായി മുദ്രകുത്തപ്പെട്ടവര്‍ അതിനുമുമ്പ് സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ കഴിഞ്ഞവരായിരുന്നുവെന്ന് താങ്കള്‍ പറഞ്ഞു. അത് വിശദീകരിക്കാമോ?

[email protected]
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍