Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

പാക് തെരഞ്ഞെടുപ്പില്‍ ജമാഅത്ത്-ഇന്‍സാഫ് ധാരണ

അശ്‌റഫ് കീഴുപറമ്പ് വിശകലനം

മൂന്ന് പട്ടാള അട്ടിമറികള്‍, നാല് സൈനിക സ്വേഛാധിപതികള്‍...... ഇങ്ങനെ പാകിസ്താന്റെ പിന്നിട്ട 66 വര്‍ഷത്തെ ചരിത്രത്തില്‍ സൈന്യത്തിന്റെ വിളയാട്ടമാണ് കാണാനുള്ളത്. ആ നിലക്ക് പീപ്പ്ള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സിവിലിയന്‍ ഭരണകൂടം അഞ്ച് വര്‍ഷം തികച്ചു എന്നത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. മറ്റൊരു ഭരണകൂടത്തിനും കാലാവധി തികക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 20-നാണ്, കാലാവധി പൂര്‍ത്തിയാക്കിയ ദേശീയ-പ്രവിശ്യാ അസംബ്ലികള്‍ പിരിച്ച്‌വിട്ടുകൊണ്ട് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉത്തരവിറക്കിയത്. മെയ് 11-നാണ് തെരഞ്ഞെടുപ്പ് നടക്കുക. മീര്‍ ഹസാര്‍ ഖാന്‍ ഖോസോയെ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടണ്ട്.
കാലാവധി പൂര്‍ത്തിയാക്കിയത് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പിന് നിശ്ചയിച്ച സമയം ശരിയായില്ല എന്ന വിമര്‍ശനമുണ്ട്. ദേശീയ-പ്രവിശ്യാ അസംബ്ലികള്‍ പിരിച്ച്‌വിട്ട് 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതിന്റെ അടിസ്ഥാനത്തിലാണ് മെയില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ ആവുമ്പോഴേക്കേ പുതിയ ഭരണകൂടം നിലവില്‍ വരൂ. ജൂണ്‍ 30 ന് മുമ്പ് ഈ പുതിയ ഭരണകൂടം ബജറ്റ് അവതരിപ്പിക്കുകയും വേണം. ഇത്ര കുറഞ്ഞ സമയത്തിനകം എങ്ങനെ ബജറ്റ് തയാറാക്കാനാവും? രണ്ട് മാസം നേരത്തെ പാര്‍ലമെന്റും അസംബ്ലികളും പിരിച്ച് വിട്ടിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാനാകുമായിരുന്നു. 'അഞ്ച് വര്‍ഷം തികച്ച ജനാധിപത്യ ഭരണകൂടം' എന്ന തെരഞ്ഞെടുപ്പ് ആയുധം നഷ്ടമാവാതിരിക്കാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി ഈ ആവശ്യത്തോട് മുഖം തിരിച്ചു എന്നേ പറയാനാവൂ.
അഞ്ച് വര്‍ഷം തികച്ച് ഭരിച്ചു എന്ന് വീമ്പിളക്കുന്ന പീപ്പ്ള്‍സ് പാര്‍ട്ടിക്ക് വല്ല ഭരണനേട്ടവും ഉയര്‍ത്തിക്കാട്ടാനുണ്ടോ? പാര്‍ട്ടിക്കാര്‍ക്ക് പോലും അങ്ങനെയൊന്ന് പറയാനുണ്ടാവില്ല. 2009-ലെ സൈനിക നടപടിയിലൂടെ ടൂറിസ്റ്റ് കേന്ദ്രമായ സ്വാത്ത് മേഖലയെ തീവ്രവാദികളില്‍ നിന്ന് മോചിപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. അത് പക്ഷേ മുഖ്യമായും സൈന്യത്തിന്റെ കണക്കില്‍ വരവ് വെക്കേണ്ട ഒന്നാണ്. സൈന്യം ഒരു വഴിക്കും ഭരണകൂടം വേറെ വഴിക്കും എന്നതാണല്ലോ പണ്ടേ അവിടത്തെ നടപ്പു രീതി. അഴിമതി ബീഭത്സരൂപം പ്രാപിച്ചു എന്ന് വേണമെങ്കില്‍ ഈ ഭരണകാല 'നേട്ടങ്ങളെ' ഒറ്റ വാക്കില്‍ സംഗ്രഹിക്കാം.
ഒരൊറ്റ ഉദാഹരണം. പ്രസിഡന്റ് ആസിഫ് സര്‍ദാരി ആഴ്ചകള്‍ക്കുമുമ്പ് കൊട്ടാരത്തെ വെല്ലുന്ന ഒരു വീട്ടിലേക്ക് താമസം മാറ്റി. ലാഹോര്‍ നഗര മധ്യത്തില്‍, ഏക്കറുകളോളം പരന്ന് കിടക്കുന്ന പുല്‍ത്തകിടിയില്‍ വെടിയുണ്ട തുളച്ചു കയറാത്തവിധം അണിയിച്ചൊരുക്കിയ വസതി. ഹെലിപാഡും സ്വിമ്മിംഗ് പൂളും പാര്‍ട്ടി കൂടാന്‍ പറ്റിയ മറ്റു സൗകര്യങ്ങളും. സര്‍ദാരിയുടെ സ്വന്തക്കാരനായ ഒരു കോടീശ്വരന്റെ സമ്മാനമാണത്രെ. 'സര്‍ദാരി കുടുംബത്തില്‍നിന്ന് ലഭിച്ച പണം കൊണ്ട് നിര്‍മിച്ചത്' എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റു കണക്കും കാര്യങ്ങളുമൊന്നുമില്ല. ബേനസീറിന്റെ ഭരണകാലത്ത് 'മിസ്റ്റര്‍ ടെന്‍പെര്‍സന്റ്' എന്ന പേരില്‍ കുപ്രസിദ്ധനായിരുന്ന സര്‍ദാരി (എന്ത് ഇടപാട് നടന്നാലും പ്രധാനമന്ത്രിയുടെ ഭര്‍ത്താവായ തനിക്ക് പത്ത് ശതമാനം കമീഷന്‍ തന്നിരിക്കണം എന്ന അലിഖിത വ്യവസ്ഥ) പ്രസിഡന്റായ ഒരു രാഷ്ട്രത്തില്‍ അഴിമതിയില്ലാത്ത മറ്റെന്ത് വ്യവസായമാണ് തഴച്ചുവളരുക!
ഓരോ ദിവസവും നടക്കുന്ന അഴിമതി 10 മുതല്‍ 12 വരെ ബില്യന്‍ രൂപ (പാക്)യാണത്രെ. അതിന്റെ അര്‍ഥം, ദേശീയ ബജറ്റില്‍ വക കൊള്ളിച്ചതിനേക്കാള്‍ വലിയ തുക അഴിമതിയിലൂടെ അടിച്ചുമാറ്റുന്നുണ്ടെന്നാണ്. ഇതിന്റെയെല്ലാം കടുത്ത ഭാരം ചുമക്കേണ്ടത് സാധാരണക്കാരും. ഭീമമായ കടത്തിന്റെ രൂപത്തില്‍ ഇതവരുടെ തലയില്‍ വന്നുവീഴുകയാണ്. പാകിസ്താന്‍ രൂപവല്‍ക്കരിച്ചത് മുതല്‍ 2008 വരെയുള്ള സകല കടങ്ങളും ചേര്‍ത്ത് വെച്ചാല്‍ അത് ഏകദേശം ആറ് ട്രില്യന്‍ രൂപയുണ്ടാകും. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 14 ട്രില്യനായി വര്‍ധിച്ചു. ഇത് തൊഴില്‍ മേഖലയെയും വ്യവസായത്തെയും കാര്യമായി ബാധിച്ചു. തൊഴില്‍ രഹിതരുടെ എണ്ണം കണ്ടമാനം വര്‍ധിക്കുകയാണ്. ഊര്‍ജ്ജപ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തിന്റെയും ഉപജീവന മാര്‍ഗമായ കാര്‍ഷിക മേഖല തകര്‍ച്ചയുടെ വക്കിലാണ്. 'അഞ്ച് വര്‍ഷം തികച്ച ജനാധിപത്യ സര്‍ക്കാര്‍' എന്ന ബാനര്‍ പിടിച്ച് ഈ തിക്ത സത്യങ്ങളെയെല്ലാം മറച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷി.
ആഭ്യന്തര സുരക്ഷയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ജനങ്ങളുടെ ജീവനും ധനവും സുരക്ഷിതമാണ് എന്ന് പറയാവുന്ന ഒരിടവും ഇന്ന് പാകിസ്താനില്‍ ഇല്ല എന്നതാണ് സത്യം. ഖൈബര്‍-പക്തുന്‍ഖവാ, FATA എന്ന പേരില്‍ അറിയപ്പെടുന്ന ഗോത്രമേഖലകള്‍, ബലൂചിസ്താന്‍, വ്യാപാര തലസ്ഥാനമായ കറാച്ചി എന്നിവിടങ്ങളിലെല്ലാം അക്ഷരാര്‍ഥത്തില്‍ ചോരക്കളിയാണ് നടന്നത്. രാജ്യത്തിന്റെ ജീവനാഡിയെന്ന് പറയാവുന്ന കറാച്ചി തുറമുഖ നഗരത്തില്‍ നിന്ന് ചിതറിത്തെറിച്ച ഒട്ടേറെ മൃതദേഹങ്ങളാണ് ദിവസവും നീക്കം ചെയ്യേണ്ടിവരുന്നതെന്ന് ദി എക്കണോമിസ്റ്റിന്റെ ലേഖകന്‍ എഴുതുന്നു. കേന്ദ്രത്തില്‍ ഭരണം പങ്കിടുന്ന പി.പി.പിയും അവാമി നാഷണല്‍ പാര്‍ട്ടിയും മുത്തഹിദ ഖൗമി മൂവ്‌മെന്റും (എം.ക്യു.എം) തെരുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയും അപൂര്‍വമല്ല.
കോണ്ഫ്‌ളിക്റ്റ് മോണിറ്ററിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2012-ല്‍ മാത്രം, ഭീകരവാദികളുടേത് ഉള്‍പ്പെടെ രാജ്യത്ത് 1346 ആക്രമണങ്ങളാണ് ഉണ്ടായത്. അതില്‍ 2493 പേര്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 388. ഇതൊരു സത്യം വെളിപ്പെടുത്തുന്നു. ഭീകരവാദികളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും തേര്‍വാഴ്ചയാണ് പാകിസ്താനില്‍ നടക്കുന്നത്. ഇതിന് ചെറിയ തോതില്‍ തടയിടാന്‍ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഭരണകക്ഷിയായ പീപ്പ്ള്‍സ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗും തരംപോലെ ഇത്തരം ഭീകര ഗ്രൂപ്പുകളെ ഉപയോഗിക്കുന്നവരാണ്. അതിനാല്‍ അത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യതയും അവരില്‍ വന്നു ചേരുന്നു.
രാഷ്ട്രത്തിന്റെ പരമാധികാരവും വിദേശനയവുമെല്ലാം അമേരിക്കക്ക് തീറെഴുതിക്കൊടുത്തതിന് തെളിവാണ് യാതൊരു വകതിരിവുമില്ലാതെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍. മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫാണ് അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ പങ്കാളിയായിക്കൊണ്ട് പ്രത്യക്ഷമായ അമേരിക്കന്‍ ദാസ്യത്തിന് തുടക്കം കുറിച്ചത്. 2008 ല്‍ പുതിയ ഭരണകൂടം ഭീകരവിരുദ്ധ യുദ്ധത്തില്‍നിന്ന് പിന്മാറുമെന്നും സ്വതന്ത്ര വിദേശ നയം തിരിച്ചുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല, അമേരിക്കയോടുള്ള വിധേയത്വം നാള്‍ക്കുനാള്‍ കൂടിക്കൂടി വരികയുമാണ്. അമേരിക്കന്‍ അഴിഞ്ഞാട്ടത്തിന്റെ ഏകദേശ ചിത്രം ഇങ്ങനെയാണ്: 45,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷമാളുകള്‍ക്ക് മാരകമായ പരിക്കേറ്റു. 30 ലക്ഷം പേര്‍ ഭവനരഹിതരായി. നൂറ് ബില്യനിലധികം ഡോളര്‍ നഷ്ടം കണക്കാക്കുന്നു. ഇതൊക്കെ ചെയ്തു കൂട്ടിയിട്ടും അമേരിക്ക പാകിസ്താനെ കാണുന്നത് ഒരു 'പ്രശ്‌നം' ആയിട്ട് തന്നെയാണ്.

ഹസാര ശീഈകള്‍ക്ക് നേരെ
പാക് ജനസംഖ്യയുടെ 95 ശതമാനം മുസ്‌ലിംകളാണ്. അവരില്‍ 20 ശതമാനം ശീഈ വിഭാഗമാണ്. ഏറ്റവും കൂടുതല്‍ ശീഈ വിശ്വാസികളുള്ള രണ്ടാമത്തെ രാജ്യമാണ് പാകിസ്താന്‍. സിപാഹെ സഹാബ, ലശ്കറെ ജംഗ്‌വി പോലുള്ള തീവ്രവാദി സംഘങ്ങള്‍ ശീഈ ന്യൂനപക്ഷത്തിനെതിരെ തിരിയുന്നതാണ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു സംഭവവികാസം. കഴിഞ്ഞ വര്‍ഷം മാത്രം 400 പേരാണ് ഇത്തരം വിഭാഗീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഏറ്റവുമധികം വധിക്കപ്പെട്ടത് ക്വറ്റ മേഖലയിലെ ഹസാര ശീഈകളാണ്. ഒരൊറ്റ ദിവസം വിവിധ ബോംബ് സ്‌ഫോടനങ്ങളിലായി നൂറിലേറെ പേര്‍ വധിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ അവ ദേശീയ പാതയില്‍ നിരത്തിവെച്ച് ഇരകളായ ഹസാര വിഭാഗം പ്രതിഷേധിച്ചപ്പോഴാണ് ചില സുരക്ഷാനടപടികളെങ്കിലും സ്വീകരിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായത്.
സിപാഹെ സഹാബക്കും ലശ്കറെ ജംഗ്‌വിക്കും സൈന്യത്തിന്റെ ആശീര്‍വാദമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പാക് താലിബാനും സൈന്യത്തോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. ആദ്യം പറഞ്ഞ രണ്ട് ഭീകര സംഘങ്ങളുടെയും ആസ്ഥാനം പഞ്ചാബാണ്. ആ പ്രവിശ്യ അടക്കിവാഴുന്ന നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ് അവയെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്ടെന്നതും രഹസ്യമല്ല. ഇങ്ങനെ പല കോണുകളിലും സംരക്ഷിക്കാന്‍ ആളുകളുള്ളത് കൊണ്ടാണ് ഹസാര ശീഈകള്‍ പോലുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്നത്. മതവംശീയ ന്യൂനപക്ഷങ്ങള്‍ ഉന്മൂലന ഭീഷണി നേരിടുന്നത് പാകിസ്താന്റെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജമാഅത്ത്- ഇന്‍സാഫ് ധാരണ
ഇങ്ങനെ അത്യന്തം സങ്കീര്‍ണമായ ഒരു സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ പീപ്പ്ള്‍സ് പാര്‍ട്ടി അവരുടെ തട്ടകമായ സിന്ധിലും മുഖ്യ പ്രതിപക്ഷമായ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ് പഞ്ചാബിലും മേധാവിത്വം തുടരാന്‍ തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടക്കുകയാണെങ്കില്‍ പീപ്പ്ള്‍സ് പാര്‍ട്ടിക്ക് കുറെ സീറ്റുകള്‍ നഷ്ടമാവും. നവാസ് ശരീഫിന്റെ പാര്‍ട്ടി നില മെച്ചപ്പെടുത്തുകയും ചെയ്യും. ദേശീയ തലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി മുസ്‌ലിം ലീഗ് (എന്‍) ആവാനാണ് സാധ്യത. മറ്റു പ്രവിശ്യകളില്‍ കൂട്ടാളികളെ കിട്ടിയെങ്കില്‍ മാത്രമേ അവര്‍ക്ക് ഗവണ്‍മെന്റ് രൂപവത്കരിക്കാനുള്ള ഭൂരിപക്ഷമുണ്ടാവൂ. മുന്‍ ഏകാധിപതി മുശര്‍റഫ് തിരിച്ചുവന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പേ വന്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നെങ്കിലും, പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവന്ന മുശര്‍റഫിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആയിരത്തില്‍ കുറഞ്ഞ ആളുകളേ ഉണ്ടായിരുന്നുള്ളൂ. ഏതാണ്ട് ഈ മട്ടിലാണ് മീഡിയയുടെ പ്രാഥമിക അവലോകനങ്ങള്‍.
മേല്‍ പറഞ്ഞ സംഘടനകളെല്ലാം ഏറിയോ കുറഞ്ഞോ അളവില്‍ അഴിമതിയില്‍ മുങ്ങിയവരാണ്. ഭീകര സംഘങ്ങളുമായി അവര്‍ ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. അതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന രണ്ട് മുഖ്യധാരാ സംഘടനകളേ പാകിസ്താനില്‍ ഉള്ളൂ. ജമാഅത്തെ ഇസ്‌ലാമിയും മുന്‍ ക്രിക്കറ്റര്‍ ഇംറാന്‍ ഖാന്‍ 1996-ല്‍ രൂപം നല്‍കിയ തഹ്‌രീകെ ഇന്‍സാഫും. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാക് രാഷ്ട്രീയത്തിലെ യഥാര്‍ഥ പ്രതിപക്ഷം ഈ രണ്ട് പാര്‍ട്ടികളായിരുന്നു.
ലാഹോറില്‍ വന്‍ റാലി സംഘടിപ്പിച്ചുകൊണ്ടാണ് ഇംറാന്‍ ഖാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ദേശീയ-പ്രവിശ്യ അഴിമതി ഭരണകൂടങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഏറെക്കുറെ സമാന ചിന്താഗതി പുലര്‍ത്തുന്ന ഇരു സംഘടനകളും യോജിപ്പിന്റെ മേഖലകള്‍ അന്വേഷിക്കുക സ്വാഭാവികം. അങ്ങനെയാണ് ഖൈബര്‍- പക്തൂന്‍ഖവാ പ്രവിശ്യയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റി ഉണ്ടാക്കിയത്.
പ്രവിശ്യാ തലത്തില്‍ നിലവില്‍ വന്ന ധാരണ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാനായി അടുത്ത ശ്രമം. പാക് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മുനവ്വര്‍ ഹസന്‍, ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് കമാല്‍, സെക്രട്ടറി ജനറല്‍ ലിയാഖത്ത് ബലൂച്, പഞ്ചാബ് അമീര്‍ ഡോ. സയ്യിദ് വസീം അക്തര്‍ തുടങ്ങിയവരുള്‍പ്പെട്ട ജമാഅത്ത് പ്രതിനിധി സംഘം ഇംറാന്‍ ഖാനെ അദ്ദേഹത്തിന്റെ ലാഹോറിലെ വസതിയില്‍ ചെന്ന് സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിരുന്നു. സീറ്റ് ധാരണയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇരു കക്ഷികളിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.
തദവസരത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു: ''പാക് രാഷ്ട്രീയത്തില്‍ വിശ്വസിക്കാവുന്ന ഏക സംഘടന ജമാഅത്തെ ഇസ്‌ലാമിയാണ്. സയ്യിദ് മുനവ്വര്‍ ഹസനും അദ്ദേഹത്തിനൊപ്പമുള്ള മതബോധമുള്ള ടീമുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യഥാര്‍ഥ പ്രതിപക്ഷമായി പ്രവര്‍ത്തിച്ചത്. ജമാഅത്തിന്റെ മുന്‍ അധ്യക്ഷന്‍ ഖാദി ഹുസൈന്‍ അഹ്മദും ഈ സമുന്നത ലക്ഷ്യത്തിനായി പോരാടിയ വ്യക്തിയായിരുന്നു.''
ജമാഅത്തും ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലുള്ള ഊഷ്മളമായ പഴയകാല ബന്ധങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സയ്യിദ് മുനവ്വര്‍ ഹസന്‍ പറഞ്ഞു: ''അഴിമതി മുക്ത രാഷ്ട്രമുണ്ടാവണമെങ്കില്‍ അഴിമതി മുക്തരായ ഭരണാധികാരികള്‍ വേണം. അതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇംറാന്‍ ഖാന്‍ പൊതുസമൂഹത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് അതിനെ കരകയറ്റാനാവുമോ എന്നാണ് ഇരു പാര്‍ട്ടികളും ചേര്‍ന്ന് ആലോചിക്കുന്നത്.''
ജമാഅത്തും ഇന്‍സാഫും തമ്മിലുള്ള ധാരണ തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടു തന്നെ അറിയണം. തെരഞ്ഞെടുപ്പ് സ്വതന്ത്രമാവുമോ എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. പീപ്പ്ള്‍സ് പാര്‍ട്ടി നേതാവ് കൂടിയായ സര്‍ദാരി പ്രസിഡന്റായി അധികാരത്തിലിരിക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ പാര്‍ട്ടി തോല്‍ക്കാതിരിക്കാന്‍ സകല അടവുകളും അദ്ദേഹം പയറ്റും എന്നു തന്നെയാണ് കരുതേണ്ടത്. അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയാക്കിയ വ്യക്തി നിഷ്പക്ഷനല്ല. പി.പി.പിയും മുസ്‌ലിം ലീഗും തമ്മിലുള്ള രഹസ്യ ധാരണകളിലൂടെയാണ് പ്രവിശ്യകളിലും താല്‍ക്കാലിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനെയെല്ലാം മറികടക്കാന്‍ ജമാഅത്ത്- ഇന്‍സാഫ് മുന്നണിക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍