Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 6

ബുദ്ധിയാണോ പരമാധികാരി?

ടി.കെ ഇബ്‌റാഹീം ടൊറണ്ടോ ലേഖനം

വിജ്ഞാനത്തിന്റെ സ്രോതസ്സ് എന്ന നിലയില്‍ ബുദ്ധിയും ദിവ്യബോധനവും (വഹ്‌യ്) തമ്മിലുള്ള സംഘട്ടനെത്തയും സഹകരണത്തെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇസ്‌ലാമില്‍ മാത്രമല്ല, മറ്റു ദര്‍ശനങ്ങളിലും മതങ്ങളിലും ഈ തര്‍ക്കം നിലനില്‍ക്കുന്നു. മുസ്‌ലിം യുവതയുടെ വ്യവഹാരങ്ങളില്‍ ഇതിപ്പോള്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായി മായിരിക്കുന്നു. മതത്തെയും മതബോധനത്തെയും അല്‍പം അരികിലാക്കി ബുദ്ധിക്കും മനുഷ്യ ചിന്തക്കും പ്രാമുഖ്യം നല്‍കുന്ന പ്രവണത ഒരു വിഭാഗം മുസ്‌ലിം യുവാക്കളില്‍ വളര്‍ന്നുവരുന്നു.
ശൈഖ് യൂസുഫുല്‍ ഖറദാവി ഈ വിഷയകമായി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. 'ബുദ്ധിയോടും വിജ്ഞാനത്തോടും ഇസ്‌ലാമിന്റെ നിലപാട്' (മൗഖിഫുല്‍ ഇസ്‌ലാമി മിനല്‍ അഖ്‌ലി വല്‍ ഇല്‍മ്) എന്ന പേരില്‍. ഈ പുസ്തകതമെഴുതിയതിന്റെ പശ്ചാത്തലം പ്രസ്താവ്യമാണ്. അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ സന്തതിയായ ശൈഖ് ഖറദാവി ആ സ്ഥാപനത്തിന്റെ പടിവാതില്‍ കടന്നിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. എന്തുകൊണ്ട്? 1960-ല്‍ സ്ഥാപിതമായ അല്‍ മജ്‌ലിസുല്‍ അഅ്‌ലാ ലിശ്ശൂനില്‍ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക കാര്യങ്ങളുടെ ഉന്നത കൗണ്‍സില്‍)യുടെ ഇപ്പോഴത്തെ ജനറല്‍ ഡയറക്ടര്‍ ഡോ. സ്വലാഹുദ്ദീന്‍ സുല്‍ത്താന്‍ പറയട്ടെ: ''...മുമ്പത്തെ ഭരണകൂടം മഹോന്നതരായ പലരെയും പാടെ അവഗണിച്ചു. വിജ്ഞാനവും പ്രവൃത്തിയും, ശ്രേഷ്ഠതയും നീതിയും, പ്രസ്ഥാനവും ജിഹാദും, ആത്മാര്‍പ്പണവും സേവനവും നിറഞ്ഞ പലരെയും. അങ്ങനെ എഴുപത് വര്‍ഷം കടന്നുപോയി. അതിനിടയില്‍ ശൈഖ് ഖറദാവിക്ക് അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരു ഖുത്വ്ബക്കും അവസരം ലഭിച്ചില്ല. ഇസ്‌ലാമിക ലോകത്ത് പ്രഗത്ഭ പണ്ഡിതനായിട്ടും ഖറദാവി അവഗണിക്കപ്പെട്ടു.
അസ്ഹറിനോടും ഈജിപ്തിനോടും ഖറദാവിക്ക് വല്ലാത്ത സ്‌നേഹ വായ്പ്പുണ്ട്. അല്‍ മജ്‌ലിസുല്‍ അഅ്‌ലായുടെ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ ഖറദാവിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു. അസ്ഹറിലേക്ക് മടങ്ങാനും അല്‍ മജ്‌ലിസുല്‍ അഅ്‌ലായില്‍ പ്രഭാഷണം നടത്താനും ഞാനദ്ദേഹത്തോടാവശ്യപ്പെട്ടു. ഔഖാഫ് മന്ത്രിയും അല്‍ മജ്‌ലിസുല്‍ അഅ്‌ലായുടെ പ്രസിഡന്റുമായ ഡോ. ത്വല്‍അത്ത് അഫീഫിയോട് ശൈഖ് ഖറദാവിക്ക് മാസാന്തം അല്‍ അസ്ഹറില്‍ ഒരു ഖുത്വ്ബ നിര്‍വഹിക്കാന്‍ അവസരം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹം സസന്തോഷം സ്വീകരിച്ചു. അങ്ങനെ 1434 മുഹര്‍റം 2-ന് (16-11-2012) ശൈഖ് ഖറദാവി അല്‍ അസ്ഹറില്‍ ഗംഭീരമായ ഒരു ഖുത്വ്ബ ചെയ്തു. അല്‍ അസ്ഹര്‍ അന്ന് ജനനിബിഢമായിരുന്നു. അല്‍ അസ്ഹറിലെ ഹൈഅത്തു കിബാറില്‍ ഉലമാ - ഉന്നത പണ്ഡിത സഭ- അംഗമാണിപ്പോള്‍ ശൈഖ് ഖറദാവി. മുസ്‌ലിം ലോകത്തെ ഏറ്റവും വലിയ വിജ്ഞാന പീഠമായ അല്‍ അസ്ഹറിലെ ഉന്നത പണ്ഡിതന്മാര്‍ ശൈഖ് ഖറദാവിക്ക് കൊടുക്കുന്ന അംഗീകാരവും സ്‌നേഹബഹുമതിയും അദ്ദേഹത്തിന്റെ പദവി കുറച്ചൊന്നുമല്ല ഉയര്‍ത്തുന്നത്. ഇനി അദ്ദേഹത്തിന് മസ്ജിദുല്‍ ഹറാമില്‍ കൂടി ഖുത്വ്ബക്ക് അവസരം ലഭിക്കട്ടെ എന്ന് ഈ ലേഖകന്‍ ആഗ്രഹിച്ചുപോയി.
മജ്‌ലിസുല്‍ അഅ്‌ലക്ക് വേണ്ടി ഒരു ഗ്രന്ഥമെഴുതാന്‍ സന്ദര്‍ശനവേളയില്‍ ഞാന്‍ ഖറദാവിയോട് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെ അദ്ദേഹം എഴുതിയതാണ്; ''മൗഖിഫുല്‍ ഇസ്‌ലാം മിനല്‍ അഖ്‌ലി വല്‍ ഇല്‍മ്. ഈ ഗ്രന്ഥം വിഷയം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ല സ്രോതസ്സാണ്. പൗരാണിക പണ്ഡിതന്മാരുടെ ഉന്നത വൈജ്ഞാനിക ചര്‍ച്ചകള്‍ ലളിതമായ ആധുനിക അറബിയില്‍ അദ്ദേഹം സമാഹരിച്ചിരിക്കുന്നു.''
ബുദ്ധിയും ദിവ്യബോധനവും (അഖ്‌ലും നഖ്‌ലും) തമ്മിലുള്ള ബന്ധം ഇമാം ഗസ്സാലി ആധികാരികമായും ആഴത്തിലും കൈകാര്യം ചെയ്തിട്ടുണ്ട്. അല്ലാഹുവില്‍ നിന്നുള്ള വഹ്‌യ് സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ ബുദ്ധി അത് സ്വീകരിക്കണം നിര്‍ബന്ധമായും. അതിനെതിര് നില്‍ക്കരുത്. ''വിശ്വാസ കാര്യങ്ങളില്‍ ഞങ്ങള്‍ വിശ്വസിച്ചു, സത്യപ്പെടുത്തി, കര്‍മകാര്യങ്ങളില്‍ ഞങ്ങള്‍ കേട്ടു, അനുസരിച്ചു'' എന്നതാവണം ബുദ്ധിയുടെ നിലപാട്.
ഗ്രീക്ക് തത്ത്വചിന്തയെ ഉഗ്രമായി വിമര്‍ശിച്ചുകൊണ്ട് ഗസ്സാലി 'തഹാഫുത്തുല്‍ ഫലാസിഫ' എന്ന ഗ്രന്ഥമെഴുതി. ഗ്രീക്ക് തത്ത്വചിന്തക്കേറ്റ കനത്ത പ്രഹരമായിരുന്നു അത്. അതേയവസരം ബുദ്ധിയുടെ സ്ഥാനവും പ്രാധാന്യവും ഇമാം ഗസ്സാലി ഒരിക്കലും നിഷേധിച്ചില്ല.
ഗസ്സാലി തന്റെ മരണത്തിന് രണ്ട് വര്‍ഷം മുമ്പ് രചിച്ച കര്‍മശാസ്ത്ര നിദാന ഗ്രന്ഥമായ 'അല്‍ മുസ്ഥസ്ഫ'യില്‍ പറയുന്നു: ''ഏറ്റവും നല്ല വിജ്ഞാനങ്ങള്‍ ബുദ്ധിയും (അഖ്ല്‍) ശ്രുതിയും(സംഅ്) മേളിച്ചതാണ്. ശര്‍ഉം അഭിപ്രായവും കൂടിച്ചേര്‍ന്നത്. ഫിഖ്ഹും ഉസ്വൂലും (നിദാന ശാസ്ത്രം) അതില്‍ പെട്ടതാണ്. കാരണം, അത് കറകളഞ്ഞ ശര്‍ഇല്‍ നിന്നും അഖ്‌ലില്‍ നിന്നും ഒരുപോലെ സമ്പാദിക്കുന്നു'' (സംഅ് അഥവാ ശ്രുതി കൊണ്ടുള്ള ഉദ്ദേശ്യം ദിവ്യബോധനമാണ്. കാരണം, അത് മനനത്തിലൂടെയല്ല, ശ്രുതിയിലൂടെയാണ് ലഭ്യമാവുന്നത്).
ആയതിനാല്‍ ബുദ്ധിക്കും വഹ്‌യിനും അര്‍ഹിക്കുന്ന സ്ഥാനം നല്‍കിക്കൊണ്ട് ഇസ്‌ലാമിക ചിന്തയെ അദ്ദേഹം സന്തുലിത്വത്തില്‍ നിര്‍ത്തി. ആവശ്യത്തിലധികം ബുദ്ധിയില്‍ ഭ്രമിച്ച് അതിനെ പരമാധികാരിയാക്കുന്ന നമ്മുടെ യുവാക്കള്‍ അദ്ദേഹത്തെ മാതൃകയാക്കട്ടെ. നവ മുസ്‌ലിം യുവത്വത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അജ്ഞതയല്ല, ഇരട്ട അജ്ഞതയാണ് (ജഹ്‌ല് മുറക്കബ്). അറിയില്ല, അറിയില്ലെന്നും അറിയില്ല.
നിങ്ങള്‍ക്ക് വിമര്‍ശിക്കണമോ? വിമര്‍ശിച്ചോളൂ. ഗസ്സാലിയടക്കം ആരെയും വിമര്‍ശിച്ചോളൂ. പക്ഷേ, പഠിച്ചുവേണം. ഇന്ന് നടക്കുന്ന ചര്‍ച്ചകളൊക്കെ മുന്‍കാല പണ്ഡിതന്മാര്‍ ചര്‍വിത ചര്‍വണം ചെയ്തതാണ്. പുതുതായൊന്നുമില്ല. പുതുതാണെന്ന് തോന്നുന്നത് ഇസ്‌ലാമിക ചിന്താ പാരമ്പര്യത്തെക്കുറിച്ച അജ്ഞത കൊണ്ടാണ്.
ഖുര്‍ആനിലെ 'വലിദാലിക ഖലഖഹും' എന്ന സൂക്ത ഭാഗം ബഹുസ്വരതക്ക് തെളിവായി ഉദ്ധരിക്കുകയും (ബഹുസ്വരതക്ക് വേറെ ഏറെ തെളിവുകള്‍ ഇസ്‌ലാമിലുണ്ട്; ഈ സൂക്തത്തെ വ്യാഖ്യാനിക്കാതെതന്നെ) 'വില്‍ദാനുന്‍ മുഖല്ലദൂന്‍' എന്ന സൂക്ത ഭാഗം കൊണ്ട് സ്വവര്‍ഗ സംഭോഗത്തെ ന്യായീകരിക്കുകയും ചെയ്യുന്നവര്‍ (അറബിഭാഷ പോലുമറിയാതെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ധൃഷ്ടനായ സിയാഉദ്ദീന്‍ സര്‍ദാര്‍. ഒട്ടേറെ യുവാക്കള്‍ക്ക് ആരാധ്യനാണ് ഇദ്ദേഹം) മുന്‍ സൂചിത അജ്ഞതയുടെ വാഹകരാണ്.
ഈ ലേഖനം അവസാനിപ്പിക്കും മുമ്പ് ദോഹയില്‍ നടന്ന ഒരു ഉന്നത ധൈഷണിക സമ്മേളനത്തെക്കുറിച്ചു കൂടി പറഞ്ഞുകൊള്ളട്ടെ. 'കലയും രാഷ്ട്രീയവും ധാര്‍മിക കാഴ്ചപ്പാടില്‍-ഒന്നാമത്തെ രാഷ്ട്രാന്തരീയ കോണ്‍ഫറന്‍സ്' എന്ന പേരില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള റിസര്‍ച്ച് സെന്ററാണ് അത് സംഘടിപ്പിച്ചത്. അതില്‍ മുഖ്യ പ്രഭാഷകനായിരുന്നു ശൈഖ് ഖറദാവി. വിഷയത്തെക്കുറിച്ച് ഉന്നത ബുദ്ധിജീവികള്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചു. താന്‍ ഒടുവിലാണ് സംസാരിക്കുന്നതെന്ന് ഖറദാവി പറഞ്ഞു. കാരണം, തന്റെ പേരിലെ ആദ്യത്തെ അക്ഷരം യാ ആണ്. അറബി അക്ഷരമാലയിലെ ഒടുവിലത്തെ അക്ഷരം. അത് കൊണ്ടാണ് ഞാന്‍ ഒടുവിലാവാന്‍ താല്‍പര്യപ്പെടുന്നത്. അദ്ദേഹം തമാശയായി പറഞ്ഞു. അദ്ദേഹത്തിന്റെ വിജ്ഞാനധാര കവിഞ്ഞൊഴുകിയ ആ പ്രഭാഷണം പ്രൗഢമായിരുന്നു.
ഖറദാവി പറഞ്ഞു: ഞാനീ സമ്മേളനത്തില്‍ ഒരു പ്രബന്ധം സമര്‍പ്പിച്ചിട്ടില്ല. കാരണമുണ്ട്. നാല്‍പതു വര്‍ഷമായി 'സദാചാരം ഖുര്‍ആനിലും സുന്നത്തിലും' എന്നൊരു ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കുന്നു. എന്തോ കാരണങ്ങളാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആയിരക്കണക്കിന് പേജുകള്‍ വരുന്ന ആ ഗ്രന്ഥം പൂര്‍ത്തിയാക്കി ഞാനീ സെന്ററിന് നല്‍കും. ഈ ലോകത്തോട് യാത്ര പറയും മുമ്പ് അത് സാധിക്കണെന്നാണെന്റെ ആഗ്രഹം. നിങ്ങള്‍ പ്രാര്‍ഥിക്കുക. സെന്‍ബോന്‍ യൂനിവേഴ്‌സിറ്റിയില്‍ 'ദസ്തൂറുല്‍ അഖ്‌ലാഖ് ഫില്‍ ഖുര്‍ആന്‍' എന്ന തിസീസ് സമര്‍പ്പിച്ചുകൊണ്ട് പാശ്ചാത്യ ചിന്തകരെ അമ്പരപ്പിച്ച ശൈഖ് അബ്ദുല്ല ദര്‍റാസ് തന്റെ ഉസ്താദായിരുന്നുവെന്ന് ശൈഖ് ഖറദാവി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ചുവടൊപ്പിച്ചാണ് തന്റെ ഗ്രന്ഥം രൂപപ്പെടുത്തുക. 'അല്‍ അഖ്‌ലാഖു ഫില്‍ ഇഖ്തിസാദില്‍ ഇസ്‌ലാമി' എന്ന നാനൂറ് പേജ് വരുന്ന ഗ്രന്ഥം മുപ്പത് വര്‍ഷം മുമ്പ് താന്‍ രചിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 26-28
എ.വൈ.ആര്‍