മണ്ണാങ്കട്ടയും കരിയിലയും
അവരെ നമുക്ക് തല്‍ക്കാലം മേഴ്‌സി മാത്യു എന്ന് വിളിക്കാം. തൊണ്ണൂറുകളില്‍ ഭര്‍ത്താവിന്റെ വിസയിലാണ് ദുബൈയില്‍ എത്തിയത്. കാഞ്ഞിരപ്പള്ളിക്കടുത്തുള്ള സവര്‍ണ കത്തോലിക്കാ കുടുംബത്തിലെ ഒരംഗം. പുതിയ ഭാഷയില്‍ ഒരു തനി കോട്ടയം ഫീമെയില്‍. മെഡിക്കല്‍ ലാബില്‍ ഡിപ്ലോമയും ഏതാനും വര്‍ഷത്തെ തൊഴില്‍ പരിചയവും ഉള്ളതിനാല്‍ അധികം താമസിയാതെ 'ജോബ് ഹണ്ടിംഗ്' ആരംഭിച്ചു. സര്‍ക്കാര്‍ ജോലികള്‍ക്ക് വര്‍ത്തമാന ഗള്‍ഫിലെ സ്വദേശി മല്‍പിടുത്തം അന്ന് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് പരിജ്ഞാനം അവിഭാജ്യ ഘടകമായ സര്‍ക്കാര്‍ മേഖല വിദേശികള്‍ക്ക് പ്രത്യേകിച്ചും 'ലോ കോസ്റ്റ് ഇന്ത്യന്‍സി' നു വേണ്ടി സംവരണം ചെയ്യപ്പെട്ടതായിരുന്നു. ആതുര സേവന രംഗത്തിന്റെ കാര്യം പറയേണ്ടതില്ല. ഇന്നും ഈ മേഖലയിലെ കോട്ടയം ചങ്ങനാശ്ശേരി മേല്‍ക്കോയ്മക്ക് വല്ലാതെയൊന്നും കോട്ടം തട്ടിയിട്ടില്ല. വടക്കന്‍ എമിറേറ്റിലുള്ള കഥാനായികക്ക് ജോലിയുടെ വിളിയാളം വന്നത് തലസ്ഥാന നഗരിയായ അബൂദബിയില്‍ നിന്ന്. ആരോഗ്യ വകുപ്പില്‍ മെച്ചപ്പെട്ട ഒരു ജോലി തരപ്പെട്ടു. 'നല്ല പിടിപാടുള്ള' മറ്റൊരു മലയാളി തരപ്പെടുത്തിക്കൊടുത്തു എന്ന് പറയുന്നതാവും ശരി. മേഴ്‌സിയുടെ ഉദ്യോഗപര്‍വത്തില്‍ ജീവിതചര്യയുടെ മുന്‍ ഗണനാക്രമം പതുക്കെ താളം തെറ്റിത്തുടങ്ങി. തൊഴിലിനും ധന സമ്പാദനത്തിനും പിറകിലായി കുടുംബ ബന്ധത്തിന്റെ 'ക്രൊണോളൊജിക്കല്‍ ഓര്‍ഡര്‍.' ജോലിത്തിരക്കും യാത്രാദൂരവും അവരെ വാരാന്ത്യത്തില്‍ മാത്രം കണ്ടു മുട്ടുന്ന 'പ്രഫഷണല്‍ ദമ്പതികളാ'ക്കി മാറ്റുകയായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. കാല ചക്രത്തിന്റെ കറക്കത്തില്‍ ജോലി ശരിപ്പെടുത്തിക്കൊടുത്ത അഭ്യുദയ കാംക്ഷിയോടുള്ള സൗഹൃദം പ്രണയത്തിനു വഴി മാറുകയായിരുന്നുവത്രെ! കഥാന്ത്യത്തില്‍, പ്രണയപ്പൂവിന്റെ മുള്ളുകള്‍ പവിത്രമായ ദാമ്പത്യച്ചരടിന്റെ കണ്ണി അറുത്തു കളഞ്ഞു. ഭര്‍ത്താവ് മേഴ്‌സിയെ ഉപേക്ഷിച്ചു. ഇടവക ഭാഷയില്‍ പറഞ്ഞാല്‍ 'സ്വര്‍ഗത്തില്‍ കൂട്ടിച്ചേര്‍ത്തത് ഭൂമിയില്‍ വഴിപിരിഞ്ഞു.' ഇതൊരു സാങ്കല്‍പിക കഥയല്ല. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ പ്രണയ സാഫല്യങ്ങള്‍ ഗള്‍ഫില്‍ സാര്‍വത്രികമാണെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍, ഇക്കഥ ഒരു പക്ഷേ ആദ്യത്തേതുമാവാനും ഇടയില്ല. ഇമ്മട്ടിലുള്ള മണ്ണാങ്കട്ടകളുടെയും കരിയിലകളുടെയും കഥകള്‍ എത്രയെങ്കിലും പറയാനുണ്ടാവും ഓരോ പ്രവാസിക്കും. കദനപ്പൂക്കള്‍ നിറഞ്ഞ ഒരു പ്രണയ കഥയുടെ ആഖ്യാനമല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. കാല്‍പനികതയില്‍ മൊട്ടിട്ട് വളര്‍ന്ന ഒരു ഇശല്‍ വസന്തത്തിന്റെ ദുരന്തപര്യവസാനമാണിവിടെ വിഷയം. പണം തന്നെ ഇവിടെയും വില്ലന്‍.
ഒടുവില്‍ അവര്‍ വിവാഹിതരായി എന്നു മാത്രം പറഞ്ഞാല്‍ പോര; ശരീഅത്ത് കോടതിയില്‍ ഹാജരായി മര്‍യം ആയി മാറി എന്ന് കൂടി പൂരിപ്പിക്കുമ്പോഴാണ് കഥയുടെ ഇതിവൃത്തം പൂര്‍ത്തിയാവുക. സംഗതിവശാല്‍ പുതിയ പാതി മുസ്‌ലിം പേരുകാരനായിരുന്നു. സംഭവം നടന്നത് 'ലൗ ജിഹാദ്' പൂര്‍വ യുഗത്തിലും 'റൗണ്ട് അപ്പി'നു മുമ്പുള്ള ഗല്‍ഫിലും ആയതിനാല്‍ ഈ മിഥുനങ്ങള്‍ മാധ്യമ വിചാരണകള്‍ക്ക് വിധേയരായില്ലെന്ന് മാത്രം. നേരത്തെ പറഞ്ഞത് പോലെ ആരോഗ്യ വകുപ്പില്‍ സ്വാധീനമുള്ള കഥാ നായകന്റെ സഹായം ലഭിക്കാത്തവരായി ഒരുകാലത്ത് അബൂദബിയില്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് ശ്രുതി. സദാ സുസ്‌മേര വദനനായ ഇദ്ദേഹത്തിന്റെ ചര്‍മ സൗഭാഗ്യവും അപാരമാണത്രെ. ഈ തൊലിക്കരുത്ത് തന്നെയാണ് നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ടായിരിക്കെ 'ധീര'മായ പുതിയ പ്രണയ പരീക്ഷണത്തിനു ഊര്‍ജം പകര്‍ന്നതും. രണ്ട് കുടുംബങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ പ്രണയത്തിന്റെ കാല്‍പനിക ലോകത്ത് വലിയ പ്രകമ്പനങ്ങളൊന്നും സൃഷ്ടിച്ചില്ല. പാടെ തകര്‍ന്നതും പാതി മുറിഞ്ഞതുമായ രണ്ട് കുടുംബ ബന്ധങ്ങളുടെ കബന്ധങ്ങള്‍. എന്നാലെന്ത്? ഭൂമി പിന്നെയും സുന്ദരമായി കറങ്ങിക്കൊണ്ടേയിരുന്നു. വെയിലും നിലാവും പതിവ് തെറ്റാതെ കടന്നു പോയി. കഥാ നായകനു പുതിയ വേളിയിലും ഉണ്ടായി രണ്ട് ആണ്‍ കുട്ടികള്‍! കഥയുടെ പരിണാമ ഗുപ്തി ഇങ്ങനെ: ആരോഗ്യ വകുപ്പിലെ അക്കൗണ്ട് ഡിപ്പാര്‍ട്ടുമെന്റിലായിരുന്നു അദ്ദേഹത്തിനു ജോലി. കുഞ്ചിക സ്ഥാനം. വരവ് ചെലവു കണക്കുകളുടെ സൂക്ഷിപ്പുകാരന്‍. 'തദ്ഖീഖ്' എന്ന ഓഡിറ്റിംഗില്‍ പോലും കിറു കൃത്യതയില്‍ പ്രശംസിക്കപ്പെട്ടവന്‍. ആകെപ്പാടെ വാഴ്ത്തപ്പെട്ടവന്‍. വീഴ്ത്താന്‍ അസൂയാലുക്കള്‍ പലരും നോക്കിയതാണ് പോലും. ഒന്നും നടന്നില്ല. മേലധികാരികള്‍ക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു അയാളെ. കാര്യമായ വിഘ്‌നങ്ങളൊന്നും കൂടാതെ ജീവിത നദി ഒഴുകുന്നതിനിടയിലാണ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ല.സ.ഗുകളിലും ഉ.സ.ഗുകളിലും മറിമായങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കണക്കു പുസ്തകത്തിന്റെ മാര്‍ജിനുകളില്‍ അദൃശ്യമായ ചുവന്ന വട്ടങ്ങളും ചോദ്യ ചിഹ്നങ്ങളും ചിതറി വീണുകൊണ്ടിരുന്നു. താന്‍ നിരീക്ഷണത്തിലായിരുന്ന കാര്യം അദ്ദേഹം അറിഞ്ഞത് പോലുമില്ല. സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോയവരും മരിച്ചു പോയവരുമായ ഉദ്യോഗസ്ഥരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റാതെ അവരുടെ ശമ്പളത്തുക കണക്കില്‍ പെടുത്തി എന്നതാണ് അദ്ദേഹത്തിനു പറ്റിയ 'അതി നിസ്സാര' കൈപ്പിഴ. എന്തായാലും ഈ അനധികൃത സമ്പത്തിന്റെ നേരൊഴുക്ക് സ്വന്തം അക്കൗണ്ടിലേക്കുമായിരുന്നില്ല. നവ വധുവിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങുകയും ഓരോ മാസവും പണം അങ്ങോട്ട് മാറ്റുകയും 'അക്കൗണ്ട് ഹോള്‍ഡറാ'യ ഭാര്യ പോലും അറിയാതെ എ.ടി.എം മെഷീനിലൂടെ പണം പിന്‍വലിക്കുകയുമായിരുന്നുവത്രെ. വെറുതെയല്ല ഭാര്യ!
ഒടുവില്‍, ഡിപ്പാര്‍ട്ട്‌മെന്റ് വിരിച്ച അദൃശ്യ വലയില്‍ അകപ്പെട്ടത് ദമ്പതികള്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു. കേസ് ശരീഅത്ത് കോടതിയിലെത്തി. പിടിക്കപ്പെട്ടപ്പോഴാണ് തന്റെ കള്ള ഒപ്പിട്ട് അക്കൗണ്ട് തുടങ്ങിയതും പണം പിന്‍ വലിച്ചതും താന്‍ അറിയുന്നതെന്ന് ഭാര്യയുടെ വിലാപം. ഭാര്യയുടെ മൊഴി ശരിയാണെന്ന് ഭര്‍ത്താവിന്റെ സത്യസാക്ഷ്യം. നീതിയുടെ തുലാസ് പക്ഷേ, ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞില്ല. ഭാര്യയെ രക്ഷിക്കാന്‍ ഭര്‍ത്താവ് നടത്തുന്ന പാഴ് മൊഴിയാണതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രണ്ട് പേര്‍ക്കും ഏഴ് വര്‍ഷം തടവ്. ഇതിനകം 'അടിച്ചു മാറ്റിയ' പണം തിരികെ നല്‍കുകയും വേണം. ജയില്‍ മതിലുകളില്‍ അവര്‍ അങ്ങനെ അര വ്യാഴ വട്ടക്കാലത്തേക്ക് വേര്‍തിരിക്കപ്പെട്ടു. രണ്ട് മക്കളും എംബസി നല്‍കിയ ഔട്ട് പാസില്‍ ഉദാരമതികളുടെ കനിവില്‍ നാട്ടിലേക്ക് തിരിച്ചു. സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്ന് കോടതി നിര്‍ദേശിച്ച പണം 'ഫാഇദ' എന്ന നിയമവത്കൃത പലിശ ചേര്‍ന്ന് അനുദിനം വളര്‍ന്ന് മില്യനുകളില്‍ എത്തി നിന്നു. പണം തിരിച്ചുനല്‍കാന്‍ കഴിയുമായിരുന്നില്ല. ഇതിനകം തന്നെ അത് നാട്ടില്‍ സിമെന്റും കല്ലും കുമ്മായവും ചേര്‍ന്ന് മഹാ സൗധങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. സ്വത്ത് വിറ്റ് കടം വീട്ടാനുള്ള ഉദ്യമം നാട്ടിലുള്ള ഭാര്യയും മുതിര്‍ന്ന മക്കളും തകര്‍ത്തു കളഞ്ഞു. വിതച്ചത് കൊയ്യട്ടെ എന്ന വൈരനിര്യാതനം. ഏഴു വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി മേഴ്‌സി മാത്രം പുറത്തിറങ്ങി. പണം അടക്കാതെ പക്ഷേ നാട് വിടാന്‍ കഴിയില്ല. അതാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുടെ രീതി. ഒരു കണക്കിനു ജയിലിനേക്കാള്‍ കടുപ്പമേറിയ ശിക്ഷ. കയറില്ലാതെ കെട്ടിയിടുക എന്ന് നാടന്‍ ഭാഷ്യം. അണ്ഡ കടാഹങ്ങള്‍ അനന്ത വിശാലമായി കണ്‍മുന്നില്‍ പരന്ന് കിടക്കുമ്പോഴും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ കഴിയാതെ ആകാശ ഭൂമികള്‍ ഇരുണ്ടിടുങ്ങിയ ഗഹ്വരങ്ങളായി അനുഭവപ്പെടുന്ന ഇത്തരം അവസ്ഥകള്‍ ചിലരുടെയെങ്കിലും ജീവിതത്തിലുണ്ടാകും. പാരതന്ത്ര്യം കൊതിക്കുകയും സ്വാതന്ത്ര്യമാണ് മൃതിയേക്കാള്‍ ഭയാനകം എന്ന് തോന്നുകയും ചെയ്യുന്ന വല്ലാത്ത അവസ്ഥ. 'മതിലുകളി'ലെ ബഷീറിനെ പോലെ Who wants freedom? എന്ന് അറിയാതെ ചോദിച്ചു പോകുന്ന നിമിഷങ്ങള്‍. കഥാ പുരുഷന്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പിന്നെയും മൂന്ന് വര്‍ഷത്തെ അധിക ശിക്ഷ അനുഭവിച്ച ശേഷമാണ് ജയില്‍മോചിതനായത്. അതിന്റെ പിന്നില്‍ മറ്റൊരു ഉപ കഥയുണ്ട്. ജയില്‍ ചാടാനും കള്ള പാസ്‌പോര്‍ട്ടുപയോഗിച്ച് നാടുവിടാനും ശ്രമിച്ചതിന് മൂന്ന് കൊല്ലത്തെ സമ്മാനത്തടവ് ആയിരുന്നുവത്രെ അത്.
സ്വന്തം കര തലങ്ങള്‍ തലയണയാക്കിയെങ്കിലും കൂട്ടുകാരുടെ കൂടെ അന്തിയുറങ്ങാന്‍ കുറ്റവാളികളായാല്‍ പോലും ആണ്‍ പ്രജകള്‍ക്ക് പ്രവാസ ലോകത്ത് വലിയ പ്രയാസമില്ല. എന്നാല്‍, നിരാശ്രയത്വം മാത്രം കൂട്ടിനുള്ള ഒരു സ്ത്രീയുടെ അവസ്ഥ എന്തു മാത്രം ഭീകരവും ഖാദുകവുമല്ല! അവരാകട്ടെ താനുമായി ജീവിതം പങ്കിട്ട ഒരാളുടെ 'മാല്‍ പ്രാക്ടീസുകളുടെ' പേരിലാണു പ്രതി ചേര്‍ക്കപ്പെട്ടത് താനും. മേഴ്‌സി മുട്ടാത്ത വാതിലുകളില്ല. പൊതുമാപ്പ് കാലയളവില്‍ വലിയ പ്രതീക്ഷയോടെ അധികൃതരെ സമീപിച്ചു. പൊതു ഖജനാവിന്റെ കടം അടച്ചുതീര്‍ക്കണമെന്ന കോടതി ഉത്തരവിന്റെ ചുവന്ന റിമാര്‍ക്കുകള്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പരമോന്നത കോടതി, ഇന്ത്യന്‍ നയതന്ത്ര കാര്യാലയം, പ്രവാസ കാര്യ വകുപ്പ്, മനുഷ്യാവകാശ സംഘടനകള്‍.... സങ്കട ഹരജികള്‍ നിരന്തരം ഒഴുകി. ഖബ്‌റിന്‍ പുറത്ത് ചൊല്ലിയ സലാം പോലെ മറുപടി ലഭിക്കാതെ അവയെല്ലാം അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പരിചിത വ്യത്തത്തിലൂടെ അഭിഭാഷകരെ സമീപിക്കാന്‍ മേഴ്‌സി ജയിലില്‍ വെച്ച് തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എല്ലാ മേഖലയിലെയും പോലെ 'അര്‍ബാബും' മലയാളി ഇടനിലക്കാരുമുള്ള ഒരിടമാണ് ഗള്‍ഫിലെ വക്കീല്‍ കൂടാരം. കാടടച്ചു വെടിവെക്കുകയല്ല. നിഷ്‌കാമകര്‍മികളായ അഭിഭാഷകരുടെ നിശ്ശബ്ദ സേവനങ്ങള്‍ നിയമക്കുരുക്കിന്റെ താളവട്ടങ്ങളില്‍ നിന്ന് നിരവധി ഹതഭാഗ്യരെ രക്ഷിച്ചിട്ടുണ്ട്. എന്നാല്‍, നിയമ വ്യവസ്ഥയുടെ ചിട്ട വട്ടങ്ങള്‍ അറിയാത്ത പാവങ്ങളെ പിടിക്കാന്‍ പ്രശ്‌നങ്ങളുടെ പാടവരമ്പത്ത് നാവും നീട്ടിയിരിക്കുന്ന വക്കീല്‍ തവളകളും ഇവിടെ കുറവല്ല. നമ്മുടെ നാടന്‍ വിസാ ഏജന്റുമാരുടെ തനിപ്പകര്‍പ്പുകള്‍. സ്വദേശികളായ അഭിഭാഷകരുടെ ലീഗല്‍ ഓഫീസിലെ 'ടീ മേക്കേഴ്‌സോ' ഏറിയാല്‍ കമീഷന്‍ അടിസ്ഥാനത്തില്‍ കേസ് പിടിക്കാന്‍ ഏല്‍പിക്കപ്പെട്ട ഗുമസ്തന്മാരോ ആണ് കൈ നനയാതെ മീന്‍ പിടിക്കാന്‍ കറുത്ത കോട്ടുമിട്ട് കോടതി വരാന്തകളിലും ലേബര്‍ കേമ്പുകളിലും അലഞ്ഞു തിരിയുന്നവരിലധിക പേരും. ഗള്‍ഫ് രാജ്യങ്ങളിലെ കോടതികളില്‍ കേസ് വാദിക്കാന്‍ ഇവര്‍ക്ക് അധികാരമില്ല എന്ന് അധികമാര്‍ക്കും അറിയില്ല. അഡ്വാന്‍സ് എന്ന പേരില്‍ വന്‍ തുക വാങ്ങി മുങ്ങുന്നവരാണിവരില്‍ അധിക പേരും. മേഴ്‌സിയും അത്തരം ഒന്നിലധികം കെണികളില്‍ വീണു. നഷ്ടപ്പെട്ടത് നാട്ടില്‍ നിന്ന് കേസ് നടത്തിപ്പിനായി ബന്ധുക്കള്‍ അയച്ച ഭീമമായ തുക. ബാക്കിയായത് ധന നഷ്ടം, മാനഹാനി. പിന്നെ, ആയുസ്സിന്റെ പുസ്തകത്തില്‍ കുറേ ഒഴിഞ്ഞ പേജുകളും കൂടെ നടക്കാന്‍ സ്വന്തം നിഴലും!
മേഴ്‌സി തടവറയില്‍ നിന്നിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ കിടന്നുറങ്ങാന്‍ തണലും വയറിന്റെ കത്തല്‍ അടക്കാന്‍ തെളിനീരും മരുഭൂമിയിലെ ഇനിയും വറ്റാത്ത നന്മയുടെ മരുപ്പച്ചകളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിരുന്നു. 'ഭര്‍ത്താവുദ്യോഗസ്ഥ'നും 'ബോണസ്' തടവ് കഴിഞ്ഞ് പുറത്തിറങ്ങി. പക്ഷേ, ജീവിതത്തിന്റെ പെരുവഴിയില്‍ ഒറ്റപ്പെട്ടുപോയ ജീവിത പങ്കാളിയെ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ എങ്ങോട്ടോ അയാള്‍ നടന്നു മറഞ്ഞു. നിസ്സഹായതയുടെ നിസ്സംഗതയോടെ. അല്ലെങ്കില്‍ രക്ഷപ്പെടുന്നെങ്കില്‍ സ്വന്തം വഴി കണ്ടു പിടിക്കൂ; താന്‍ രാജ്യാതിര്‍ത്തിയുടെ കാവലാളൊഴിഞ്ഞ പഴുതുകളിലൂടെ കര കയറുകയോ അല്ലെങ്കില്‍ അകലെ കാത്തിരിക്കാന്‍ ആരുമില്ലാത്തതിനാല്‍ ഈ മരുഭൂമിയില്‍ തന്നെ അലിഞ്ഞൊടുങ്ങുകയോ ചെയ്യാം എന്ന ഹതാശയമായ ഭാവത്തോടെ. മരുഭൂമിയുടെ അനന്ത വിശാലമായ അതിരുകള്‍ കടന്ന് നാട് വിട്ട ആടു ജീവിതങ്ങളുടെ മാതൃകകള്‍ അയാളുടെ മുന്നിലുണ്ടായിരുന്നു. അല്ലെങ്കില്‍ ആള്‍ മാറാട്ടത്തിന്റെയും 'തല മാറ്റലിന്റെയും' 'ടെക്‌നോളജിക്കല്‍ ഇന്നൊവേഷന്റെ സാധ്യതകളുമുണ്ട്. എന്നാല്‍ മേഴ്‌സിയുടെ അവസ്ഥ അതായിരുന്നില്ല. നാട് വിടാന്‍ നിയമവിരുദ്ധമായ വഴികളെ കുറിച്ചൊന്നും അവര്‍ ചിന്തിച്ചതേയില്ല. ദാനം ലഭിച്ച കിടപ്പാടത്തില്‍ അന്തിയുറങ്ങി ഒരു നല്ല നാളെയെ കിനാവ് കാണാനോ സ്വയം എരിഞ്ഞൊടുങ്ങാനോ അവരിലെ അമ്മക്ക് കഴിഞ്ഞതുമില്ല. വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണയിലും 'ഇടവക'യുടെ പരിപാലനത്തിലും കഴിയുമ്പോഴും പത്ത് ആണ്ടുകളായി അമ്മക്കിളിയെ കാത്തിരിക്കുന്ന നാലു കുഞ്ഞിക്കണ്ണുകളുണ്ട് അങ്ങ് കേരളത്തില്‍. അത്യാവശ്യക്കാരനു ഔചിത്യ ബോധമില്ലാത്തതിനാല്‍ മരീചികകള്‍ക്ക് പിന്നാലെ അവര്‍ ഓടിക്കൊണ്ടേയിരുന്നു. 'മുണ്ടേ സേ തൂങ് മുതല്‍ ഉപ്പ് മാങ്ങ ഭരണി' വരെ സകലരെയും സമീപിച്ചു. ആശ്വാസത്തിന്റെ ഒരിറ്റ് തെളിനീര്‍ കിട്ടുമെന്ന ആശയോടെ ജല മര്‍മരങ്ങള്‍ക്കായി കാതോര്‍ത്തു. എല്ലാം പാറപ്പുറത്ത് വിതച്ച വിത്തുകളായിരുന്നു.
അലറി വിളികള്‍ക്കൊടുവിലാണ് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അഭയ കേന്ദ്രത്തിന്റെ വാതില്‍ തുറന്നത്. ചുവപ്പു നാടകളുടെ കുരുക്കഴിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലോ. കോടികളുടെ അട്ടിപ്പേറുമായി അടയിരിക്കുന്ന എംബസിയുടെ സാമൂഹിക ക്ഷേമ വകുപ്പ് കനിയുമെന്ന് വെറുതെ അവര്‍ ആശിച്ചു. എന്നാല്‍, പ്രസ്തുത ഫണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ളതായിരുന്നില്ല എന്നായിരുന്നു നയതന്ത്ര ഭാഷ്യം. അഥവാ അന്തിയുറങ്ങാനും സമയത്ത് അന്നം കഴിക്കാനും സുരക്ഷിതമായ ഒരിടം എന്നതിന്നപ്പുറം എംബസി ഷെല്‍ട്ടറും മോചനത്തിന്റെ വാതായനമായില്ല. ആരൊക്കെയോ തയാറാക്കിക്കൊടുക്കുന്ന ദയാ ഹരജികള്‍ യു.എ.ഇ അധികൃതര്‍ക്ക് അയച്ചു കൊടുക്കുക എന്ന തലത്തിനപ്പുറം മറ്റൊന്നും അവിടെയും സംഭവിച്ചില്ല. വീശുന്ന കൈ കൊണ്ട് ഒരു സലാം. അത്ര തന്നെ! അതിനിടയില്‍ മന്ത്രിമാര്‍ പലരും ഈ വഴി കടന്നുപോയി. ഭാരതത്തിന്റെ ആദ്യത്തെ വനിതാ രാഷ്ട്രപതി ഉലകം ചുറ്റുന്നതിന്റെ ഭാഗമായി ഈ ഉള്‍ക്കടല്‍ നാട്ടിലും പറന്നിറങ്ങി. മേഴ്‌സിയുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാ ഹരജി. രാജകീയ സന്ദര്‍ശനത്തിന്റെ നാലു രാപ്പകലുകള്‍ക്കൊടുവില്‍ പ്രസിഡന്റ് മാഡവും പരിവാരങ്ങളും രണ്ട് വിമാനങ്ങളിലായി നാടു നീങ്ങിയപ്പോഴും മേഴ്‌സിയുടെ മേഴ്‌സി പെറ്റീഷന്‍ ഒരിക്കല്‍ കൂടി അനന്തമജ്ഞാതമവര്‍ണനീയമായ ഗതികേടില്‍ ആപതിച്ചു.
ആറു മാസം പിന്നെയും അവര്‍ കാത്തിരുന്നു. ഇതിനിടയില്‍ മതിഭ്രമത്തിന്റെ ചില്ലറ അസ്‌കിതകള്‍ക്ക് ചികിത്സ തേടി. ശരീരം രക്തസമ്മര്‍ദത്തിന്റെയും പഞ്ചസാരയുടെയും അതിപ്രസരത്തിലൂടെ പ്രതിഷേധിച്ചു തുടങ്ങി. പിന്നെ മൗനത്തിന്റെ വാത്മീകത്തിലായിരുന്നു ഏറെ നാള്‍. പിന്നീട് ആരോടും ഒരു സഹായവും ചോദിച്ചില്ല. മൂടല്‍ മഞ്ഞ് നിറഞ്ഞ ഒരു പ്രഭാതത്തില്‍ ഷെല്‍ട്ടര്‍ ഹോമിന്റെ വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ട കാവല്‍ക്കാരനു മേഴ്‌സിയുടെ ആളൊഴിഞ്ഞ കട്ടിലില്‍ നിന്ന് കിട്ടിയത് ഒരു കുറിമാനമായിരുന്നു. 'ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് നന്ദി. എനിക്ക് വേണ്ടി ഇനി ആരും പ്രയാസപ്പെടണമെന്നില്ല.'
ബാക്കി വാക്യം: അബൂദബയില്‍ ഒരു കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പബ്ലിക്ക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ ഉറക്കെ വായിച്ച് ഒരു പ്രവാസി സംഘടന പരസ്യമായി സമര്‍പ്പിച്ച നിവേദനം അടുത്ത ദിവസം ചവറ്റു കൊട്ടയില്‍ നിന്ന് കിട്ടിയത് രണ്ട് മൂന്ന് ദിവസം ഗള്‍ഫിലെ അച്ചടി, ശ്രാവ്യ മാധ്യമങ്ങള്‍ക്ക് ചാകര വാര്‍ത്തയായിരുന്നു. കുളമെത്ര കുന്ന് കണ്ടിരിക്കുന്നു.
[email protected]
Comments